24.11.13

കുട്ടിയമ്മയുടെ കടം                      ആ ദിവസം രാവിലെ ബസ്‌സ്റ്റോപ്പിൽ എത്തിയ കുട്ടിയമ്മ, സ്ക്കൂൾ‌വഴിയിലൂടെ ചുറ്റിക്കറങ്ങി പോകുന്ന ബസ്സിനെയും പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ്, ഒരാഴ്ചമുൻപ് ട്രാൻസ്ഫറായി വന്ന അന്നമ്മടീച്ചറെ കണ്ടത്. മറുനാട്ടുകാരിയായ മലയാളം വിദുഷിയുമായി നല്ല ബന്ധത്തിലാവുന്നത് എന്തുകൊണ്ടും ലാഭമുള്ള കാര്യമാണെന്ന് കുട്ടിയമ്മക്ക് അറിയുന്നതിനാൽ അവർ മലയാളത്തെ സമീപിച്ച് പതുക്കെ വിളിച്ചു,
“ടീച്ചറെ?”
വിളികേട്ട മലയാളം ആശങ്കയോടും ശങ്കയോടും കുട്ടിയമ്മയെ നോക്കി; ഈ നാട്ടിൽ ആരാണ്???
“ഇത് ഞാനാ ടീച്ചറെ, കുട്ടിയമ്മ; ടീച്ചർ ജോലി ചെയ്യുന്ന ഹൈസ്ക്കൂളിലല്ലെ ഞാനും വർക്ക് ചെയ്യുന്നത്, മറന്നുപോയോ?”
“ഓ കുട്ടിയമ്മ സ്ക്കൂളിലെ പ്യൂൺ”
“അയ്യോ പ്യൂണൊന്നുമല്ല, ഞാനവിടത്തെ എഫ്.ടീ.സി.എം ആണ്. പിന്നെ ടീച്ചറിവിടെ അടുത്താണോ താമസം?”
“നാട്ടിൽ‌നിന്ന് വന്ന ദിവസം തന്നെ പുള്ളിക്കാരൻ അന്വേഷിച്ചപ്പോൾ ഇവിടെ അടുത്തൊരു വീട് ലഭിച്ചതിനാൽ എന്നെ തനിച്ചിവിടെ വിട്ട് അങ്ങേര് നാട്ടിലേക്ക് പോയി. ഞാനടക്കം ആറ് പേർ ഒന്നിച്ച് ഇവിടെ താമസിക്കുന്നു. പിന്നെ, ഇവിടെത്തെ ചെലവൊക്കെ ഒത്തിരിയാ,, ജീവിക്കാൻ ഒക്കത്തില്ല”
“എന്നാലും ഈ കാട്ടുമൂലയിൽ ടീച്ചർക്കൊരു വീടൊത്തുകിട്ടിയത് വലിയ ഭാഗ്യമാണ്,,”
അവരുടെ സംഭാഷണം മനസ്സിലാവാതെ ടീച്ചർ  രണ്ടുകണ്ണും തുറന്ന് നോക്കുന്നതിനിടയിൽ ബസ് വന്നു.

                    നാട്ടിൻ‌പുറത്തുകൂടി ഓടുന്ന ബസ്സിൽ സ്ഥിരമായി പോകുന്ന കുട്ടിയമ്മ, രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ പരിചയക്കാരനായ കണ്ടക്റ്റർ ചോദിച്ചു,
“അതാരാപ്പാ രണ്ടാള്?”
മറുപടി പറയുന്നതിന് മുൻപായി നമ്മുടെ പുതുമുഖം മലയാളം ഇടയിൽ‌കയറി പറഞ്ഞു,
“അതേയ് കുട്ടിയമ്മയോടൊത്ത് ആദ്യമായി ഈ വണ്ടിയിൽ ഞാൻ കയറുന്നതല്ലെ, അതുകൊണ്ട് ഇത്തവണ ടിക്കറ്റിന്റെ കാശ് ഞാൻ കൊടുക്കാം”
                     കുട്ടിയമ്മക്ക് സന്തോഷം വന്നിട്ടങ്ങ് ഇരിക്കാനും നിൽക്കാനും വയ്യാതായി. സ്വന്തം വിദ്യാലയത്തിലുള്ള എത്രയോ അദ്ധ്യാപികമാരോടൊപ്പം യാത്രചെയ്യാനുള്ള അവസരം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ അവരാരുംതന്നെ തന്റെ ടിക്കറ്റിന് പണം കൊടുത്തിട്ടില്ല. ഇപ്പോഴിതാ മറുനാട്ടുകാരിയായ ഒരു അദ്ധ്യാപിക ചെറുതെങ്കിലും തനിക്കായി ഒരു ടിക്കറ്റ് വെച്ചുനീട്ടുന്നു. ടീച്ചർ പണം കോടുത്ത് ബാക്കി കൈയിൽവാങ്ങി ബാഗിലിടുന്നത് നോക്കിയിരിക്കെ ബസ്സ് മുന്നോട്ട് പോയി. സ്ക്കൂളിന് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്നതുവരെ അവരൊന്നും മിണ്ടിയില്ലെങ്കിലും ഇറങ്ങിയ നിമിഷം മുതൽ കുട്ടിയമ്മയും മലയാളവും മത്സരിച്ച് നാട്ടുവിശേഷങ്ങൾ കൈമാറി.

                    സ്ക്കൂൾ ജോലികൾ തിരക്കിട്ട് ചെയ്യുന്നതിനിടയിൽ കുട്ടിയമ്മ മലയാളത്തെ മറവിയിലേക്ക് തള്ളിവിട്ടു. മണിയടിയും മുറ്റമടിയും വെള്ളമടിയും കഴിഞ്ഞ് കുട്ടികളും അദ്ധ്യാപകരും ചേർന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയമ്മക്ക് ഡ്യൂട്ടി കിട്ടിയത്. അങ്ങനെ ഡ്യൂട്ടിയായി കിട്ടിയ മെമ്മോബുക്കുമായി ക്ലാസ്സുകൾ‌തോറും കയറിയിറങ്ങി ഒടുവിൽ പത്ത് ബീയിൽ എത്തിയപ്പോഴാണ് മലയാളം മിസ്സ് അന്നമ്മയെ കണ്ടത്,,
കുട്ടിയമ്മയുടെ കൈയിൽ നിന്ന് മെമ്മോബുക്ക് വാങ്ങിയശേഷം മലയാളം അവരെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു,
“കുട്ടിയമ്മെ ഒരു ചോക്കുപീസ് കൊണ്ടുവരാമോ?, എളുപ്പം വേണം”
                     ഒരുനിമിഷം ഞെട്ടി,,, ക്ലാസ്സിൽ ചോക്ക് എത്തിക്കുന്നത് ഓഫീസ് സ്റ്റാഫിന്റെ ജോലിയല്ല. ‘ഹെഡ്‌മാസ്റ്റർ ഒഴികെ മറ്റാരു പറഞ്ഞാലും ഒരു ഡ്യൂട്ടിയും ചെയ്യാൻ പാടില്ല’ എന്നാണ് ചട്ടം. അദ്ധ്യാപകർക്ക് അത്യാവശ്യമായ ചോക്ക്, പുസ്തകം ആദിയായ പഠനോപകരണങ്ങൾ ക്ലാസ്സിലെത്തിക്കുന്നത് തന്റെ ജോലിയല്ലെന്ന് അവർക്ക് നന്നായി അറിയാം. അങ്ങനെ ചെയ്തുപോകരുതെന്ന് റിട്ടയർ ചെയ്യുന്നതിന് മുൻപ് പ്യൂൺ ബാലേട്ടൻ പറഞ്ഞതാണ്. എന്നാലും രാവിലെതന്നെ പരിചയപ്പെട്ട് തന്റെ ബസ്‌കൂലി കൊടുത്ത അന്യജില്ലക്കാരി പറഞ്ഞാൽ എന്ത് ചെയ്യും? ബാലേട്ടനെ മറന്നുകൊണ്ട് ഒരു തവണ ചോക്ക് എത്തിച്ചുകൊടുക്കാം.
പാർട്ടിമാറി വോട്ടുചെയ്യുന്ന കാലുമാറ്റക്കാരിയെപോലെ കുട്ടിയമ്മ ചോക്ക് എടുക്കാനായി നടന്നു.

ഉച്ചസമയത്ത് സ്റ്റാഫ്‌റൂമിൽ വന്നപ്പോൾ കുട്ടിയമ്മയുടെ തലയിൽ കുരിശ് വീണു. അകത്തുകടന്ന ഉടനെ എല്ലാവരും കേൾക്കെ അന്നമ്മടീച്ചർ വിളിച്ചുപറഞ്ഞു,
“കുട്ടിയമ്മെ ഒരുഗ്ലാസ് ചൂടുവെള്ളം എത്തിച്ചുതരാമോ?”
“അയ്യോ, ചൂടുവെള്ളം ഇവിടെ കിട്ടാൻ പ്രയാസമാണ് ടീച്ചറെ”
മറുപടി പറഞ്ഞ ഉടനെ സ്റ്റാഫ്‌റൂമിൽ നിന്ന് കുട്ടിയമ്മ ഇറങ്ങിനടന്നു. അധികം നിന്നാൽ എച്ചിൽ‌പാത്രം കഴുകാനും കൂടി ടീച്ചർ പറഞ്ഞാലോ?

                     നാല് മണി നേരത്താണ് മണിയടിക്കേണ്ടത്; ആ മണിയടി കേട്ടാലാണ് ഉറുമ്പിൻ‌കൂട്ടം മണ്ണിനടിയിൽനിന്നും ഇളകിവന്ന് നാലുപാടും ചിതറിയോടുന്നതുപോലെ വിദ്യാർത്ഥികൾ കൂട്ടമായി വെളിയിൽ‌വന്ന് ഇറങ്ങിഓടുന്നത്. കുട്ടിയമ്മക്ക് തെരക്ക് കൂടുന്ന നേരമാണ്; സ്ക്കൂൾ ഓഫീസും പരിസരവും വൃത്തിയാക്കണം, ഓരോ ക്ലാസ്സിലും പോയിനോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയിട്ട് വാതിലടക്കണം, ഹാജർപട്ടികകൾ എല്ലാം പെറുക്കിയെടുത്ത് ഓഫീസിനകത്ത് മേശപ്പുറത്ത് അടുക്കിവെക്കണം. അങ്ങനെ പതിനഞ്ച് രജിസ്റ്ററുമായി ഒഫീസിലേക്ക് നടക്കുമ്പോഴാണ് സ്റ്റാഫ്‌റൂമിൽ നിന്ന് വിളികേട്ടത്. നോക്കിയപ്പോൾ നമ്മുടെ മലയാളം,
“കുട്ടിയമ്മ വീട്ടിലേക്ക് പോവാറായോ?”
“അയ്യോ ടീച്ചറെ, എന്റെ സമയം അഞ്ചുമണിവരെയാണ്, ടീച്ചർക്ക് വഴി പരിചയമില്ലെ? ബസ്‌സ്റ്റോപ്പിൽ നിന്നാൽ ഇപ്പോൾ നാട്ടിലേക്കുള്ള ബസ് കിട്ടും”
“വഴിയൊക്കെ അറിയാം എന്നാലും, ഒന്നിച്ച് പോവാമല്ലൊ”
“എന്നാലും ടീച്ചറെ ഇനിയും ധാരാളം സമയം വെറുതെയിരിക്കണമല്ലൊ”
“ഞാൻ കാത്തിരിക്കാം, ഇവിടെ ഒട്ടനവധി പത്രങ്ങളൊക്കെ വായിക്കാനുണ്ടല്ലൊ”

                   സമയം ഇഴഞ്ഞുനീങ്ങി, കുട്ടിയമ്മക്ക് ആകെയൊരസ്വസ്ഥത; കമ്പ്യൂട്ടർ‌ലാബ് അടിച്ചുവാരുന്നതിനിടയിൽ ഒളിഞ്ഞുനോക്കിയപ്പോൾ തന്നെയും കാത്ത് വരാന്തയിൽ നിൽക്കുന്ന അദ്ധ്യാപികയെകണ്ട് കുട്ടിയമ്മ ആശ്ചര്യപ്പെട്ടു. ഈ ടീച്ചറെന്തിനാ തന്നെയും കാത്ത് ഒറ്റയ്ക്ക് നിൽക്കുന്നത്, ഇതൊരു പതിവായാൽ ശല്യമാവുമല്ലൊ,,,
                   അഞ്ചുമണി ആയതോടെ ഡ്യൂട്ടി അവസാനിച്ച കുട്ടിയമ്മ ക്ലാസ്സ്‌റൂമുകളെല്ലാം അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തിയശേഷം ബാഗുമെടുത്ത് വെളിയിലേക്കിറങ്ങിയപ്പോൾ തൊട്ടുമുന്നിൽ വന്ന് മലയാളം ചിരിച്ചു,
“സമയം അഞ്ചുമണി, നമുക്കിനി പോവാമല്ലൊ”
“ടീച്ചറെന്തിനാ എന്നെ വെയിറ്റ് ചെയ്യുന്നത്? നാലുമണിക്ക് സ്ക്കൂൾ വിട്ടതല്ലെ,,,”
“ഇന്നേതായാലും ഞാൻ കുട്ടിയമ്മയുടെ ഒപ്പമാണ് വീട്ടിലേക്ക് പോവുന്നത്,,,,”
“അത്?”
“രാവിലെ തന്റെ ടിക്കറ്റിന്റെ പണം ഞാനല്ലെ കൊടുത്തത്, അതുകൊണ്ട് തിരിച്ചുപോവുമ്പോൾ താനല്ലെ എന്റെ ബസ്‌കൂലി കൊടുക്കേണ്ടത്. അതുകൊണ്ടാണ് ഇത്രയും‌നേരം ഞാൻ വെയിറ്റ് ചെയ്തത്”
                   തന്നെക്കാൾ ആയിരങ്ങൾ ശമ്പളമായി വാങ്ങുന്ന ഒരു അദ്ധ്യാപിക ബസ്‌കൂലിയായി കൊടുത്ത ചില്ലറ പണത്തിന് കണക്കുപറയുന്നത് കേട്ടപ്പോൾ വെറും തൂപ്പുകാരിയായ കുട്ടിയമ്മ ആശ്ചര്യപ്പെട്ടു. അവർക്ക് അതൊരു പുത്തൻ അനുഭവം ആയിരുന്നു.
********************************************

17.9.13

ഇത് അവരുടെ വീട്; നമ്മുടേതും!!!


                                 എല്ലാ ദിവസവും എന്നെക്കാൾ മുന്നിൽ തിരക്കിട്ട് ഓടിപ്പോവുന്ന നാണിയമ്മ, നേരാം‌വണ്ണം വർത്താനം പറഞ്ഞത് ഇന്നു വൈകിട്ടാണ്. സ്ക്കൂളിൽനിന്നും വീട്ടിലേക്ക് വരുന്നവഴി ബസ്സിറങ്ങിയപ്പോൾ എന്റെ പിന്നാലെ ഇറങ്ങിവന്ന നാണിയമ്മ ആനേരത്ത് ഒരു തിരക്കും കാണിച്ചില്ല. ഒപ്പം നടന്നെത്തിയ അവർ ചോദിച്ചു,
“ടീച്ചറ് ഈനേരത്താണോ എപ്പളും വെരുന്നത്?”
“ഓ, നാണിയമ്മയോ; ഇന്നെങ്ങോട്ടാ ബസ്സിൽ പോയത്?”
“അന്റെ മൂത്തമോളെ പുരുവന്റെ എളേ പെങ്ങള് ആസ്പത്രീലാ,, ഓളെക്കാണാൻ പോയതാ”
“ഓൾക്കെന്ത് പറ്റി?”
“ഓക്കൊന്നും പറ്റീട്ടില്ല, നിർത്താൻ പോയതാ”
“നിർത്താനോ?”
“നിർത്താൻ തന്നെ, നാല് ആണിനെ പെറ്റ്‌കയിഞ്ഞപ്പം ഓള് നിർത്തി. ഒരു പെണ്ണിനെ കിട്ടൂന്ന് വിചാരിച്ച് ഇത്രേം കാത്തിരുന്നു”
“അത് നന്നായി, ഇനി അടുത്തതും ആണാണെങ്കിലോ?”
“അങ്ങനെത്തന്നെയാ ഞാമ്പറഞ്ഞത്; പിന്നെ,, ടീച്ചറെക്കാണുമ്പം ഞാനെപ്പളും ചോയിക്കണോന്ന് വിചാരിച്ചതാ, നിങ്ങക്കാടന്ന് കൊറച്ച് നേരത്തെ എറങ്ങിക്കൂടെ?”
“അതെങ്ങനാ നാണിയമ്മെ; നാല്‌മണിക്ക് ബെല്ലടിച്ച് സ്ക്കൂൾ വിട്ടാലല്ലാതെ അനക്ക് എറങ്ങാൻ‌കയിയോ?”
“ന്നാലും ‘വീട്ടിലാരും ഇല്ല, കൊറേ ദൂരേന്നാ വരുന്നൂന്ന്’ പറഞ്ഞാല് ഓറ് നിങ്ങളെ നേരത്തെ വ്‌ടൂല്ലെ”
“അതിപ്പം എന്റെ പണിയൊക്കെ ഞാന്തന്നെ ചെയ്യണ്ടെ, പിന്നെ വീട്ടിലാണെങ്കിൽ നിങ്ങളെപോലെ ഒരാളെ സഹായത്തിന് കിട്ടിയാൽ മതിയായിരുന്നു”

                     അവരുമായിട്ടുള്ള സംഭാഷണം നീണ്ടുപോകാൻ ഞാനാഗ്രഹിച്ചു. രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പലപ്പോഴും കണികാണുന്നത് നാണിയമ്മയെ ആയിരിക്കും. എന്റെ പിന്നിലാണെങ്കിൽ വേഗത്തിൽ നടന്ന് മുന്നിലെത്തിയിട്ട് രണ്ട് വീട് അകലെയുള്ള വില്ലേജ് ഓഫീസറുടെ വീടിന്റെ ഗെയിറ്റ് തുറക്കുമ്പോൾ പറയും, ‘ടീച്ചറെ നേരം വയീപ്പോയ്, ഞാമ്പരുന്നേ’ എന്ന്‌. ഒപ്പം ഗെയിറ്റടച്ച് കൊളുത്തിട്ടശേഷം മന്ത്രിമന്ദിരങ്ങളിൽ സരിത കയറിപോവുന്നതുപോലെ നേരെ അവരങ്ങോട്ട് നടക്കുന്നത് കാണാം. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന ഒരു വീട്ടുവേലക്കാരി നാണിയമ്മ മാത്രമായിരിക്കും. ഇതുപോലുള്ള ഒരു വേലക്കാരി എന്റെ വീട്ടിൽ ഉണ്ടായാൽ എത്ര നന്നായിരിക്കും! പറ്റുമെങ്കിൽ അവരെയൊന്ന് സോപ്പിട്ട് എന്റെ വീട്ടിൽ ജോലിക്ക് നിർത്തിയാൽ പ്രായമായ അമ്മക്ക് ഒരു സഹായവും ആവും. പെൻഷൻ‌പറ്റി വീട്ടിലിരിക്കാൻ പോകുന്ന വില്ലേജ് ഓഫീസറുടെ വീട്ടിൽ നിന്ന് കൊടുക്കുന്നതിലും കൂടുതൽ കൂലി കൊടുത്താലും നഷ്ടംവരില്ല.

ഇപ്പോഴാണെങ്കിൽ നാണിയമ്മക്ക് തിരക്കില്ല, നല്ല സമയം; ഞാൻ പതുക്കെ ചോദിച്ചു,
“നാണിയമ്മക്ക് വൈകുന്നേരം വരെ വില്ലേജ് ഓഫീസറുടെ വീട്ടിൽ ജോലിയുണ്ടോ?”
“ഓ ആട‌യെനക്ക് അഞ്ച് മണിവരെ പണീണ്ടാകും, ചെലപ്പം ആറുമണിയാകും. അന്റെ വീട്ടില് എളേമോളുള്ളതുകൊണ്ട് നേരംവൈയ്യാലും കൊയപ്പൊല്ല”
“അവിടെന്ന് ശമ്പളമായിട്ട് കൊറേ പൈസ തരാറുണ്ടോ?”
                  എനിക്ക് അതാണ് അറിയേണ്ടത്, എന്റെവീട്ടിൽ ജോലിക്ക് വന്നാൽ അതിൽ കൂടുതൽ തരാമെന്ന് പറയണം. എന്നിട്ട് പതുക്കെ, പതുക്കെ അവരെ ആ വില്ലേജ് ഓഫീസറുടെ വീട്ടിൽ‌നിന്ന്, അടർത്തിയെടുക്കണം. അവർ‌പറഞ്ഞ മറുപടി കേട്ട് എനിക്ക് സന്തോഷം വന്നു.
“അനക്ക് ശമ്പളായിട്ട് ആപ്പീസർ ആയിരംരൂപ തെരും”
“വെറും ആയിരം രൂപയോ? ഇക്കാലത്ത് ദിവസക്കൂലിയായിട്ട് ഒരാൾക്ക് അഞ്ഞൂറ് രൂപ കൊടുക്കേണ്ടി വരാറുണ്ടല്ലൊ”
“മൂന്നാല് കൊല്ലം മുൻപെ തീരുമാനിച്ച ആയിരം തന്നെയാ ഇപ്പൊം അവറ് തെരുന്നത്, പക്ഷെ,,,”
“അടുക്കളപണിക്ക് മാസത്തിൽ അയ്യായിരമൊക്കെ വാങ്ങുന്നവരുണ്ടല്ലൊ, അങ്ങനാണെങ്കിൽ നാണിയമ്മക്ക് എന്റെ വീട്ടില് വരാമോ? ഇതിന്റെ ഇരട്ടി പണംതരാം”
“ദൈവം തമ്പുരാൻ എറങ്ങിവന്ന് സ്വർണ്ണം തരാന്ന്‌പറഞ്ഞാലും ഞാനാടത്തെ പണി ബിടൂല്ല”
“അതെന്താ അങ്ങനെ പറയുന്നത്? നിങ്ങൾക്ക് ഇപ്പോൾ ഒരുദിവസം കിട്ടുന്നത് വെറും 33 രൂപയായിരിക്കും. എന്റെ വീട്ടിൽ വരികയാണെങ്കിൽ ദിവസം നൂറ് രൂപവെച്ച് തരാം”
“അയ്യോ ടീച്ചറെ അത് ശമ്പളം ആയിരമാണെങ്കിലും അനക്ക് അഞ്ചാറായിരത്തിനടുത്ത് ഒരു മാസം കിട്ടും. ചെലപ്പൊ പത്തായിരം വരെകിട്ടും?”

                      അതൊരു പുതിയ അറിവാണല്ലൊ, ആയിരം രൂപ ശമ്പളം വാങ്ങുന്ന അടുക്കളക്കാരിക്ക് കിമ്പളം ചേർത്ത് പത്തായിരം. അതും എല്ലാ ചെലവും കഴിച്ച്; പ്രായമൊത്തിരി ആയെങ്കിലും!!!
വെറുതെയല്ല എന്നുംരാവിലെ ഓഫീസറുടെ വീട്ടിലേക്ക് ഓടിപ്പോവുന്നത്.

എനിക്ക് സംശയം കൂടിവന്നു,
“അത് നാണിയമ്മെ പത്തായിരം ആരാണ് തരുന്നത്?”
“എന്റെ ടീച്ചറെ, ആപ്പീസറുടെ ഭാര്യ ലീല ഒന്നാം തീയതി എല്ലാരും‌കാണെ തെരുന്നത് അയാള്‌കൊടുത്ത ആയിരം, പിന്നെ മറ്റാരും കാണാതെ നൂറും ഇരുന്നൂറും എടക്കിടെ തെരും”
“അപ്പൊ അതെങ്ങനെ പത്തായിരമാവും?”
“അത് അനക്ക് പണം തെരുന്നത് അവര് മാത്രമല്ല, ചെലപ്പൊ വെഷമം പറഞ്ഞാല് ആപ്പീസറ് തന്നെ ആയിരമോ അഞ്ഞൂറോ കീശേന്നെടുത്ത് മറ്റാരും അറിയാതെ തെരും. പിന്നെ കുപ്പായം അലക്കി ഇസ്ത്രിയിട്ട് കൊടുക്കുന്നതുകൊണ്ട് എഞ്ചിനീയറായ മോൻ ആ ദിവസംതെരും അയിമ്പതും നൂറും. കുട്ട്യോളെ നോക്കുന്നകൊണ്ട് ഓന്റോള് ഡോക്റ്ററ് ആരും‌കാണാതെ രണ്ടായിരം തെരും, മാസത്തിൽ. പിന്നെ ഓറെ മോള് പുരുവന്റൊപ്പരം വന്നാല് അനക്ക് കോളാണ്, ഇഷ്ടം‌പോലെ പണോം തുണീം തെരും”
“അതൊക്കെ ലീലേച്ചി അറിയാറുണ്ടോ?”
“ആ‍രറിയാനാണ് ടീച്ചറേ,, അവറ് അന്യോന്യം മിണ്ടിയിട്ട്‌വേണ്ടെ അറിയാൻ!! അനക്കാട പോയാല് പണിയൊന്നും ഇല്ല; അന്നാലും ഞാമ്പോകാതെ ആടയൊന്നും നടക്കൂല്ല. രാവിലെത്തന്നെ ചായെം ദോശേം കൂട്ടാനുമൊക്കെ അവരുണ്ടാക്കും. എന്നിട്ടെന്താ,, ഞാമ്പന്നാലെ നേരാം‌വണ്ണം മറ്റുള്ളാൾക്ക് തിന്നാൻ‌കിട്ടൂള്ളു”
“അതെന്താ നാണിയമ്മക്കാണോ വിളമ്പാനുള്ള ചാർജ്ജ്?”
“ഓ, വിളമ്പുന്നതൊക്കെ അവറ് തന്നെയാ,, ചോറ്റുങ്കലമൊന്നും അന്നെക്കൊണ്ട് തൊടീക്കില്ല”
“പിന്നെ നിങ്ങളുടെ ഡ്യൂട്ടി?”
“അന്റെ പണിയോ? ആപ്പീസർ കുപ്പായമൊക്കെ ഇട്ട് പൊറപ്പെട്ടാൽ അടുക്കളെ നോക്കി പറയും, ‘ചായ ആയിനെങ്കിൽ കൊണ്ടാ’ എന്ന്. അന്നേരം അയാളെ ഓള് ചായെം‌കടിയും എട്‌ത്ത് മേശപ്പൊറത്ത് വെച്ചിട്ട് അന്നോട് പറയും, ‘ചായയായിന്‌ന്ന് ഓറോട് പറ’ എന്ന്”
“അതെന്ത,, അങ്ങിനെ?”
“ഓറ് നേരിട്ട് മിണ്ടാറില്ല, അതുകൊണ്ട് ഞാമ്പറയും, ‘സാറിന് കഴിക്കാനുള്ള ചായയും ദോശയും കറിം മേശപ്പൊറത്ത് വെച്ചിട്ട്‌ണ്ട്’ന്ന്. സാറ് ചായകുടിക്കുന്നേരം എന്തെങ്കിലും വേണെങ്കിൽ അന്നോട് പറയും”
“പിന്നെ?”
“പിന്നെ ഓപ്പീസിൽ പൊറപ്പെടാൻ‌നേരത്ത് അയാള് ചോയിക്കും ‘വീട്ടിലെക്കെന്തെങ്കിലും വാങ്ങാനുണ്ടോ?’ന്ന്. അപ്പൊ ഞാനത് ഓളോട് പറഞ്ഞാൽ ഓള് അടുക്കളേൽ വാങ്ങണ്ട സാധനത്തിന്റെ ലിസ്റ്റ് തരും. അത്‌ഞാൻ സാറിന് കൊടുക്കും, അങ്ങനെയാ ആ വിട്ടിലെക്കാര്യം”
“അപ്പോൾ അവരുടെ മക്കൾ; അവരും മിണ്ടാറില്ലെ?”
“മോനും മോന്റോളും ആണെങ്കിൽ ഈച്ചേം വെല്ലോം പോലെയാ, എപ്പളും ഒന്നിച്ചെ കാണൂ; അവരെ ഒരു മോളുണ്ട്, ഒരു സുന്ദരിക്കുട്ടി,, അയിനെ അക്കൂട്ടറ് രണ്ടാളും നെലത്ത് വെക്കൂല,,”
“അവരൊന്നും അച്ഛനോടും അമ്മയോടും മിണ്ടാറില്ലെ?”
“ഓറ് മിണ്ടാൻ‌പോയിട്ട് അവരെ നോക്കാൻ‌പോലും കിട്ടാറില്ല. പണികയിഞ്ഞ് വന്നാല് എപ്പളും മുറിയടച്ച് രണ്ടാളും ആത്തിരിക്കും. എടക്ക് മുറിതൊറന്ന് ഓളോ ഓനോ അന്നെ വിളിക്കും, ‘നാണിയമ്മെ ചായയായോ, ചോറായോ എന്ന് ചോയിക്ക്’ന്ന്. ഞാനത് അടുക്കളെ ചോയിച്ചിട്ട് അവരോട് തിന്നാനും കുടിക്കാനും പറയും. രണ്ടാളും വന്നിരുന്ന് തിന്നുമ്പം എന്തെങ്കിലും അധികം മേണെങ്കിൽ അന്നോട് പറയും, ‘ചായക്ക് മധുരം പോരാ’, കൂട്ടാനിൽ ഉപ്പ് അധികം’ എന്നൊക്കെ. അതാണ് ആടത്തെക്കാര്യം”

അല്പസമയം നടന്നുകഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ചോദിച്ചു,
“അപ്പോൾ ലീലേച്ചിയുടെ മകൾ വന്നാലോ? അവൾ മറ്റുള്ളവരോട് മിണ്ടൂല്ലെ?”
“ഓളെ മോളോ? ഓളാണാടത്തെ കൊയപ്പം അധികാക്ക്ന്ന്; ഓള് വന്നാൽ തൊടങ്ങും കുറ്റം പറച്ചില്. ‘അമ്മക്ക് വൃത്തിയില്ല, അച്ചന് ഡീസെന്റില്ല, എണങ്ങത്തി അഹങ്കാരിയാണ്’ എന്നൊക്കെ പറഞ്ഞിട്ട് വന്ന്‌പോകുന്നത്‌വരെ ആട കലമ്പും കൂട്ടോം ആയിരിക്കും. പിന്നെ ഓളെ പുരുവനുണ്ട് ഒരുത്തൻ; അയാള് വന്നാല്,,,”
“അയാളും കുഴപ്പക്കാരനാണോ?”
“അയാള് പാവം, അക്കൂട്ടറെ കുടുംബത്തിലുള്ളോനല്ലെങ്കിലും കേരിവന്ന ഓനൊരുത്തൻ മാത്രാ നല്ലോനായിട്ട് ആടെഒള്ളത്. എല്ലാറോടും ചിരിക്കേം കളിക്കേം വർത്താനംപറേം ഒക്കെചെയ്യും. പക്ഷെ ഇതൊന്നും ഓന്റോക്ക് ഇഷ്ടെല്ല. ഓന് അന്നെ ബെല്ല്യകാര്യാണ്”
“അയാള് വിചാരിച്ചാൽ അവരെയെല്ലാം യോജിപ്പിച്ച് നന്നാക്കിക്കൂടെ?”

“ആർക്ക് നന്നാവണം ടീച്ചറെ,,, ഓർക്കെല്ലാം അന്യോന്യം കലമ്പാനല്ലാതെ മറ്റെന്തിനാ നേരം? കലമ്പാനില്ലാത്ത നേരത്ത് ഓറെല്ലാം മിണ്ടാതിരിക്ക്ന്ന്”
“അപ്പോൾ ആ വീട്ടിൽ‌പോയാൽ നാണിയമ്മക്ക്  പണിയൊന്നും എടുക്കേണ്ട, അല്ലെ?”
“ഇപ്പൊ ആടപ്പോയാല് അനക്ക് പണിയൊന്നും എട്‌ക്കേണ്ട, ആടെന്ന് ഞാനേടിയും പോകൂല്ല; അനക്ക് ഇഷ്ടം‌പോലെ പണം കിട്ടും”
"എന്നാലും അവരിങ്ങനെ വല്യ ഓഫീസറും ഡോക്റ്ററും എഞ്ചിനീയറും ഒക്കെ ആയിട്ട്”
“അതാണ് അവരുടെ വീട്, അങ്ങനെയാണ് അവരുടെ കാര്യങ്ങൾ”
നാണിയമ്മ സന്തോഷത്തോടെ നടന്നുനീങ്ങിയപ്പോൾ ഞാൻ സ്വയം പറഞ്ഞു,
‘ഇത് അവരുടെ വീട് മാത്രമല്ല; നമ്മുടേതും കൂടിയാണ്’

24.8.13

കുത്തും കൊമയും ചേർന്ന മൌണ്ട് എവറസ്റ്റ്                         അനിക്കുട്ടൻ ജി.കെ. എന്നറിയപ്പെടുന്ന ജെനറൽ നോളിഡ്ജ് പഠിക്കുകയാണ്. ഒന്നാം തരത്തിലെ ജികെ. മിസ്സ് എഴുതിക്കൊടുത്ത നോട്ട് അതേപടി പറഞ്ഞ് പഠിക്കുന്നതാണ് അവന്റെ ശീലം. മൂന്നാം തവണയും അവൻ ഒരേ വാക്ക് ആവർത്തിച്ചു,
“ടോളസ്റ്റ് മൌണ്ടൻ ഇൻ ദ വേൾഡ് ഈസ് എവറസ്റ്റ്; ഇറ്റ്സ് ഹൈറ്റ് ഈസ്, എയിറ്റ് പോയിന്റ് എയിറ്റ് ഫോർ റ്റു മീറ്റർ”
                            അനിക്കുട്ടൻ പറയുന്ന എവറസ്റ്റിന്റെ ഉയരം കേട്ട് മുത്തച്ഛൻ ആശ്ചര്യപ്പെട്ടു. അദ്ദേഹം ഒന്നുകൂടി ശ്രദ്ധിച്ചു, പിന്നെ വീണ്ടും ആശ്ചര്യപ്പെട്ടു, ‘കാലം പോയ പോക്കെ,, ഭൂമിയിൽ ഏറ്റവും ഉയരം‌കൂടിയത് എന്ന് അഹങ്കരിച്ച എവറസ്റ്റിന് ഇങ്ങനെയൊരു ഗതി വന്നല്ലൊ, മൊത്തത്തിൽ ഇടിച്ചുനിരത്തി കരിങ്കൽ പീസുകളാക്കി ക്രഷർ,,,ക്വാറി മൊതലാളിമാർ അപ്പാടെ വിറ്റു കാശാക്കിയിരിക്കും!!!’, അദ്ദേഹം ചോദിച്ചു,
“മോനെ അനിക്കുട്ടാ എവറസ്റ്റ് എങ്ങനെയാ ചെറുതായിപോയത്”
“എവറസ്റ്റ് ചെറുതല്ല,, ഇമ്മിണി ബല്യ മൌണ്ടനാ,, നമ്മുടെ തൊട്ടപ്രത്തെ എയർ‌ടെൽ ടവറിനെക്കാൾ ആയിരം ഇരട്ടി ഹൈറ്റാണ്”
മുത്തച്ഛന്റെ സംശയം എയർ‌ടെലും ബി.എസ്.എൻ.എല്ലും ഐഡിയയും കടന്ന് വീണ്ടും ഉയരാൻ തുടങ്ങി, ‘ഈ ടവറൊക്കെ എട്ട് മീറ്ററിനെക്കാളും എത്രയോ അധികമാണല്ലൊ!’, അദ്ദേഹം വീണ്ടും ചോദിച്ചു,
“അനിക്കുട്ടാ നീ പുസ്തകത്തിൽ എഴുതിയതാണോ വായിക്കുന്നത്?”
“ഗ്രാന്റ്പാ,, ഇത് ടെൿസ്റ്റ് ബുക്കിലുള്ളത് ജികെ. മിസ്സ് നോട്ടിൽ എഴുതിതന്നതാ,,, അതെന്താ മുത്തച്ഛനൊരു ഡൌട്ട്?”
“മോനാ പുസ്തകം ഒന്ന് തുറന്ന് കാണിച്ചെ?”
അനിക്കുട്ടന്റെ വായിക്കുന്ന പുസ്തകം നോക്കിയ മുത്തച്ഛൻ വീണ്ടും ഒന്ന് ഞെട്ടി,,
അനിക്കുട്ടൻ പറഞ്ഞത് അപ്പടി ശരിയാണ്; 8.842 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയതാ അവന്റെ നോട്ടുബുക്കിൽ; അക്കത്തിൽ എഴുതിയത് അനിക്കുട്ടൻ വായിക്കുന്നതാണ് ഇത്രനേരവും മുത്തച്ഛൻ കേട്ടത്. അപ്പോൾ നോട്ട് പകർത്തി എഴുതിയത് തെറ്റിയതാവാം,
“മോനേ എവറസ്റ്റ് എന്ന് പറഞ്ഞാൽ വളരെ വലുതാണ്, എന്നാൽ നിന്റെ നോട്ടിൽ എഴുതിയത് വെറും എട്ട് മീറ്റർ എന്നാണ്. ഇതിപ്പം നമ്മുടെ വീടിനെക്കാളും ഉയരം കുറവാണല്ലൊ. നോട്ട് പകർത്തി എഴുതുമ്പം തെറ്റിയതായിരിക്കും”
“അത് മുത്തച്ഛാ മിസ്സ് ബോർഡിലെഴുതിയത് അതേപടി ഞാൻ പകർത്തിയതാണ്. അന്റെ മിസ്സിനെല്ലാം അറിയാം“
“എന്നാലും ഈ തെറ്റ് മോനെന്തിനാ പഠിക്കുന്നത്? മുത്തച്ഛൻ തിരുത്തിത്തരാം”
പുസ്തകത്തിലെ പോയിന്റ് തടഞ്ഞ് എഴുതിയിട്ട് പറഞ്ഞുകൊടുത്തു,
“ടോളസ്റ്റ് മൌണ്ടൻ ഇൻ ദ വേൾഡ് ഈസ് ദി എവറസ്റ്റ്; ഇറ്റ്സ് ഹൈറ്റ് ഈസ്, എയിറ്റ് തൌസന്റ് എയിറ്റ് ഹൺ‌ട്രഡ് ആന്റ് ഫോർട്ടിറ്റു മീറ്റേർസ്”
മുത്തച്ഛന്റെ ഇടപെടൽ കാരണം പെട്ടെന്ന് എവറസ്റ്റിന്റെ ഉയരം കൂടി; അനിക്കുട്ടൻ ബൈഹാർട്ട് പഠിക്കാൻ തുടങ്ങി. ആറാമത്തെ തവണയും ഉരുവിട്ടപ്പോൾ അവന്റെ മനസ്സിലെ എവറസ്റ്റ് ശരിയായ ഉയരത്തിൽ നിവർന്നുനിന്നു.

                      പിറ്റേദിവസം സ്ക്കൂൾ വിട്ട് വന്ന നിമിഷം അനിക്കുട്ടൻ മുത്തച്ഛന്റെ മുന്നിലെത്തി പരാതി പറയാൻ തുടങ്ങി,
“മുത്തച്ഛാ മിസ്സ് പറഞ്ഞു മുത്തച്ഛനൊന്നും അറിയില്ലാന്ന്, മുത്തച്ഛനെഴുതിയത് തിരുത്തിയിട്ട് മിസ്സ് ശരിയാക്കി തന്നു, നോക്കിയാട്ടെ”
അനിക്കുട്ടന്റെ നോട്ട് നോക്കിയ മുത്തച്ഛന് ദേഷ്യം വന്നു, അവന്റെ നോട്ടിലെ എവറസ്റ്റ് വീണ്ടും ചെറുതായിരിക്കുന്നു. ഇപ്പോഴെത്തെ ടീച്ചറുമാർക്കൊന്നും വിവരം ഇല്ലെ? ഇവളൊക്കെ ജോലി വാങ്ങാൻ മാത്രമല്ല പരീക്ഷ പാസ്സാവാനും കൈക്കൂലി കൊടുത്തിരിക്കും. അദ്ദേഹം അനിക്കുട്ടനോട് പറഞ്ഞു,
“മോന്റെ ടീച്ചർക്ക് അറിയാഞ്ഞിട്ടാണ്, മോൻ ചോദിക്കണം എവറസ്റ്റ് എങ്ങനെയാ എട്ട് മീറ്ററാവുന്നതെന്ന്?”
അദ്ദേഹം അനിക്കുട്ടന്റെ നോട്ട് വാങ്ങിയിട്ട് വീണ്ടും തിരുത്തൽ നടത്തി. എട്ട് മീറ്ററുള്ള എവറസ്റ്റിനെ എണ്ണായിരത്തി എണ്ണൂറ്റി നാല്പത്തിരണ്ട് മീറ്ററാക്കി മാറ്റി എഴുതിയിട്ട് പറഞ്ഞു,
“മുത്തച്ഛൻ പണ്ട് പട്ടാളത്തിലായപ്പം എവറസ്റ്റൊക്കെ കണ്ടിട്ടുണ്ടെന്ന് മിസ്സിനോട് പറയണം”
അനിക്കുട്ടൻ ആകെ കൺഫ്യൂഷനിലായി; സ്ക്കൂളിലെത്തിയാൽ എവറസ്റ്റ് ചെറുതാവുന്നു, വീട്ടിലെത്തിയാൽ എവറസ്റ്റ് വലുതാവുന്നു! ഏതായാലും മിസ്സിനോട് ഒന്നുകൂടി പറഞ്ഞുനോക്കാം.

                പിറ്റേന്ന് സ്ക്കൂൾ വിട്ട്‌വന്നപ്പോൾ അനിക്കുട്ടൻ മുത്തച്ഛനെ സമീപിച്ചത് നോട്ട്ബുക്കും ജി.കെ. ടെക്സ്റ്റ്ബുക്കും കൊണ്ടാണ്. വന്നപാടെ അവൻ പറഞ്ഞു,
“ഈ മുത്തച്ഛനൊന്നും അറിയില്ല, സില്ലി ഓൾഡ് മാൻ. മിസ്സ് പറഞ്ഞു ജി.കെ ടെൿസ്റ്റ് ബുക്കിൽ നോക്കാൻ. അതിലുണ്ട് മൌണ്ട് എവറസ്റ്റിന്റെ ഹൈറ്റ്, എയിറ്റ് പോയിന്റ് എയിറ്റ് ഫോർ റ്റൂ മീറ്റർ എന്ന്”
അനിക്കുട്ടൻ ടെൿസ്റ്റ് ബുക്ക് തുറന്ന് മുത്തച്ഛന്റെ കാണിച്ചു,
എവറസ്റ്റ് കൊടുമുടി 8.842 മീറ്റർ എന്ന് അച്ചടിച്ചത് കണ്ടപ്പോൾ മുത്തശ്ശൻ ആ അക്കങ്ങളെ തുറിച്ചുനോക്കി. അദ്ദേഹത്തിന് സംഗതി പിടികിട്ടി; എട്ട് കഴിഞ്ഞ് ഒരു കൊമയിട്ടത്ത് ‘8,842’ അല്പം ചെറുതായപ്പോൾ ജീ.കെ മിസ്സ് കുത്ത്‌ആക്കിമാറ്റി കുട്ടികളെ പഠിപ്പിച്ചതാണ്,,, 8.842,,,

22.6.13

അണ്ടർ…വെയർ?

മുൻ‌കുറിപ്പ്:
‘ശമ്പള പരിഷ്ക്കരണം, വിദ്യാലയ പരിഷ്ക്കരണം, സിലബസ് പരിഷ്ക്കരണം, പെൻഷൻ പ്രായപരിഷ്ക്കരണം’ തുടങ്ങിയ ആഘോഷങ്ങൾ ഘോഷമായി നടത്തിയിട്ട്, നമ്മുടെ വിദ്യാലയങ്ങളെ കൊളം‌കോരി കൊക്കൊളമാക്കിയശേഷം ചെളി നിറച്ച് താമര വിരിയിക്കാൻ പരിശ്രമിച്ച് പരാജയം അടയുന്നതിന് മുൻപുള്ള സുന്ദരമായ കാലത്ത് അരങ്ങേറിയ മഹാത്തായ സംഭവം ഇവിടെ വായിക്കാം.
>>>>>>>>>>>>>>>> 

ഈ കഥ(സംഭവം) നടക്കുന്നത് നാട്ടുകാരനായ മാനേജർ നിയമനം നടത്തുന്നതും സർക്കാർ ശമ്പളം കൊടുക്കുന്നതുമായ നാട്ടിൻ‌പുറത്തെ സാധാ അപ്പർ പ്രൈമറി സ്ക്കൂളിൽ വെച്ചാണ്.
                     ഒന്നു മുതൽ ഏഴാം തരം വരെ നാട്ടുകാരായ നാനാതരം വിദ്യാർത്ഥികളെ അക്ഷരം പഠിപ്പിച്ച് തലയിൽ വെളിച്ചം കടത്തുന്ന മഹത്തായ വിദ്യാലയത്തിൽ എട്ട് പത്ത് അദ്ധ്യാപികമാരുണ്ടെങ്കിലും അവർക്ക് തുണയായി ആകെമൊത്തം നാല് പുരുഷകേസരങ്ങളായ അദ്ധ്യാപകർ മാത്രമാണുള്ളത്; അതിലൊന്നാണ് ഹെഡ്‌മാസ്റ്ററായ കുഞ്ഞബ്ദുള്ള എന്ന ഉറുമ്പിനെപോലും ചൂരൽകാട്ടി പേടിപ്പിക്കുന്ന മഹാൻ. ഇവർക്കെല്ലാം മാസാമാസം മാസപ്പടി സർക്കാർ ഖജനാവിൽ നിന്ന് കിട്ടുമെങ്കിലും അവരെ സ്ക്കൂളിൽ ചേർത്ത് ഹാജർപട്ടികയിൽ ഒപ്പിടാൻ അനുവദിച്ചത് മാനേജർ എന്ന മഹാനാണ്. സ്വന്തമായൊരു സ്ക്കൂൾ ഉണ്ടെങ്കിലും അദ്ധ്യാപകരെ ചേർത്തവകയിൽ മാനേജർക്ക് കാര്യമായൊന്നും കൈയിൽ തടയാത്ത കാലമാണ് അന്നത്തെ കാലം. വർഷാവർഷം കുട്ടികളുടെ തലയെണ്ണിയിട്ട് സർക്കാർ പണമായി നൽകുന്ന മെന്റെയിനൻസ് ഗ്രാന്റാണെങ്കിൽ ക്ലാസ്സ് മുറികൾ കെട്ടിമേയാനുള്ള തെങ്ങോല വാങ്ങാൻ‌പോലും തെകയില്ല.  

പെരുമഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം
                      ഓലമേഞ്ഞ ക്ലാസ്മുറികളിൽ ചോർച്ചയില്ലാത്ത ഇടത്ത് കസേരനീക്കി അതിലിരുന്ന് പഠിപ്പിച്ച് ഒരു ദിവസത്തെ കഠിനാദ്ധ്വാനത്തിന് ശേഷം ജയഹേ കേട്ടുകൊണ്ട് അദ്ധ്യാപികമാരായ മൂന്ന് മഹിളാമണികൾ വീട്ടിലേക്ക് പോവുകയാണ്. സ്ക്കൂളിന്റെ നടകയറിയിട്ട് തൊട്ടടുത്ത കുട്ടിരാമേട്ടന്റെ ചായക്കടയിൽ ഒന്നെത്തിനോക്കുകപോലും ചെയ്യാതെ നേരെ നടക്കുമ്പോൾ പതിവുപോലെ ചായക്കടയുടെ അട്ടത്തിന്റെ വരാന്തയിലിരുന്ന് പണിയെടുക്കുന്ന ബീഡിക്കാരിൽ ഏതോ ഒരുത്തൻ പറയുന്നത് കേട്ടു,
‘എടാ രാഘവാ ഇന്നെന്താ നിറം?’
‘കുമാരേട്ടാ രണ്ടെണ്ണം വെള്ള ഒന്ന് വെള്ളയിൽ പച്ചപ്പുള്ളികൾ’
അണ്ടർർ‌ർ,,, ഓവർർ‌ർ‌ർ?’
‘അണ്ടർ തന്നെയാ’

                    അദ്ധ്യാപികമാരെ കാണുമ്പോൾ ‘തലക്കുമുകളിൽ ഇരിക്കുന്നവർ’ അണ്ടറും ഓവറും നിറങ്ങളും വിളിച്ചുപറയുന്നത് കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറേയേറെയായെങ്കിലും കൂട്ടത്തിലാരും അങ്ങോട്ട് കടന്നുകയറി ചോദ്യം ചെയ്യാൻ ധൈര്യം കാട്ടിയിട്ടില്ല. അത് വെറും ബീഡിക്കാരല്ലെ, പത്ത് പതിനഞ്ച് ആണുങ്ങൾ ഇരുന്ന് ബീഡി തെരക്കുകയും കെട്ടുകയും ചെയ്യുന്നതിനിടയിൽ വല്ല തമാശ പറഞ്ഞാലും അതൊക്കെ കേൾക്കുന്നവർ ‘ഞാനൊന്നും കേട്ടില്ലേ, ഞാൻ മാവിലായിക്കാരനാണേ’ എന്ന് മനസ്സിൽ പറഞ്ഞ് നടക്കുന്നത്, ആരോഗ്യത്തിന് മാത്രമല്ല അദ്ധ്യാപികമാരുടെ മാന്യതക്കും നല്ലതാണ്, എന്ന് അവരവർ വിശ്വസിച്ചുപോരുന്ന കാലമാണ്.

എന്നാൽ അന്ന്,
കൂട്ടത്തിൽ കുട്ടിയായ മുപ്പത്തിയെട്ടുകാരി കന്യകാരത്നം സുശീലടീച്ചർക്ക് സർവ്വരാജ്യ തൊഴിലാളികളുടെ പറച്ചിൽ ഒട്ടും സഹിച്ചില്ല. അവർ മറ്റുള്ളവരോട് പറഞ്ഞു,
“അവന്മാരുടെ പറച്ചിൽ ഞാനിപ്പം നിർത്തും”
അതുകേട്ട് ഞെട്ടിയ ജാനകിടീച്ചറും ജയശ്രിടീച്ചറും ഒന്നിച്ച് പറഞ്ഞു
“വേണ്ട മോളേ വേണ്ടമോളേ; വേണ്ടാത്തതിന് പോണ്ടമോളേ”
                     അതോടെ വായാടച്ച് രണ്ടുകാലും‌നീട്ടി നടന്നുകൊണ്ട് വീട്ടിലെത്തിയ നമ്മുടെ സുശീലടീച്ചർ അമ്മ കൊടുത്ത കാപ്പിയും കിഴങ്ങും കഴിച്ചതിനുശേഷം അടുക്കള കടന്ന് ചായ്പ്പിലെത്തി സാരി മാറ്റി അയലിൽ ഇട്ട്, അടുക്കള യൂനിഫോമായ വെള്ളമുണ്ട് ഉടുക്കാൻ തൊടങ്ങിയപ്പോഴാണ്, അവർ ആദ്യമേ അഴിച്ചിട്ട അടിവസ്ത്രം കണ്ടത്,,,, 
വെള്ളയിൽ പച്ചപ്പുള്ളികൾ??????
അപ്പോൾ ഇത്?????

പിറ്റേദിവസം കൃത്യം പതിനൊന്നര,,,
                      ഇന്റർവെൽ നേരത്ത് അദ്ധ്യാപികമാരായ ഏതാനും മഹിളാമണികൾ മൂത്രമൊഴിക്കാനായി ബാത്ത്‌റൂമിലേക്ക് നടന്നു. ഏഴാം ക്ലാസ്സിന്റെ വരാന്തയിലൂടെ നടന്ന് മുറ്റത്തിറങ്ങി പീറ്റത്തെങ്ങിൽ‌നിന്ന് ഒണങ്ങിയ ഓലവീഴില്ലെന്ന് ഉറപ്പുവരുത്തിയിട്ട് തൈക്കുണ്ടിൽ വീഴാതെ, മാവിൻ‌ചോട്ടിലായിട്ട് നാലുവശത്തും ഓലകെട്ടിമറച്ച പരിസ്ഥിതി സൌഹൃത മൂത്രപ്പുരയിലേക്ക് നടന്ന്, ആദ്യം കയറിയത് സുശീലടീച്ചർ തന്നെ. തെരക്ക് കാരണം പെട്ടെന്ന് കർമ്മം നിർവ്വഹിച്ചിട്ട് വസ്ത്രളെളെല്ലാം നേരെയാക്കിയശേഷം നാല്‌ഭാഗത്തും നോക്കിയിട്ട് പിന്നെ അഞ്ചാം ഭാഗമായി മേലോട്ട് നോക്കി,,,
അപ്പോഴാണ് ടീച്ചർ ഞെട്ടിയത്,,
അവിടെ അതാ,,, കടയുടെ രണ്ടാം നിലയിലെ വരാന്തയിലിരുന്ന്.
തുറിച്ചുനോക്കുന്ന പത്ത് പതിനാറ് കണ്ണുകൾ!!!!!!!!
നിറങ്ങൾ കാണാൻ കൊതിക്കുന്ന കണ്ണുകൾ
നാട്ടുകാർക്ക് വലിക്കാനുള്ള ബീഡികൾ തെരക്കുന്നതിനും കെട്ടുന്നതിനു ഇന്റർ‌വെൽ കൊടുത്തിട്ട് അവർ ഒളിഞ്ഞുനോക്കുകയാണ്
അല്ല, തുറിച്ചുനോക്കുകയാണ്.

                     പെട്ടെന്ന് വെളിയിലിറങ്ങിയ സുശീലടീച്ചർ സംഗതി പറഞ്ഞതുകേട്ടപ്പോൾ മറ്റുള്ളവരുടെ മൂത്രശങ്കയൊക്കെ പെട്ടെന്ന് ബാഷ്പീകരിച്ചു. അവരെല്ലാം ഒന്നിച്ച് ഹെഡ്‌മാസ്റ്ററുടെ മുറിയിൽ പാഞ്ഞുകയറിയപ്പോൾ ആ വിദ്യാലയത്തിൽ ആകെയുള്ള ഓടിട്ട മുറിയായ ഓഫീസ്‌റൂമൊന്ന് വിറച്ചു; ഒപ്പം കുഞ്ഞബ്ദുള്ള എന്ന ഹെഡ്‌മാസ്റ്ററും,
“അയ്യോ എന്ത് പറ്റി? ടിച്ചർ‌മാർക്കെന്താ,,, ഈ സമയത്ത് ഓഫീസിൽ കാര്യം?”
“മാഷേ ഞങ്ങൾക്ക് മൂത്രമൊഴിക്കണം”
“അതിന് ഇങ്ങോട്ടെന്തിനാ എല്ലാരും വന്നത്? മൂത്രപ്പൊരയില്ലെ?”
“അതാണ് കൊഴപ്പം, അവിടെയുള്ള ആകാശം കാണുന്ന മൂത്രപ്പൊരേല് ഇനി നമ്മള് ഒഴിക്കൂല”
                    സംഗതിയുടെ കെടപ്പുവശം അറിഞ്ഞപ്പോൾ ഹെഡ്‌മാസ്റ്റർ കം മാനേജർ ബന്ധുവായ കുഞ്ഞബ്ദുള്ള മാഷിന് ആകെമൊത്തം ടോട്ടൽ 4 പേടികുടുങ്ങി. അടച്ചുമൂടിയ മൂത്രപ്പൊര ആക്കിയില്ലെങ്കിൽ ഇവളുമാരെല്ലാം സ്ക്കൂളിൽ ആകെയുള്ള ഒരേഒരു ഓഫീസ്‌റുമിൽ മൂത്രമൊഴിച്ച് കൊളമാക്കിയാലോ,,,

                    നാട്ടിൻ‌പുറത്തുള്ള യൂ.പി. സ്ക്കൂളിൽ പിറ്റേദിവസംതന്നെ പുതിയൊരു മൂത്രപ്പൊരയുടെ പണി തുടങ്ങി. കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ അദ്ധ്യാപികമാർ അടച്ചുറപ്പുള്ള വെളിയിലോട്ട് നിറങ്ങൾകാണാത്ത മുറിക്കകത്ത് കടന്ന് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ തുടങ്ങി.
അന്നുതൊട്ട് ആ വിദ്യാലയത്തിലുള്ള അദ്ധ്യാപികമാരുടെ നിറങ്ങൾ പബ്ലിഷ് ചെയ്യപ്പെട്ടില്ല. എന്നാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രകൃതിയെ കണ്ടറിഞ്ഞ് പഴയ പരിപാടി തന്നെ തുടർന്നു.
*******************888888

ക്ലാസ്സിൽ മൂത്രമൊഴിച്ച സംഭവം വായിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്താൽ മതി. 

8.5.13

ഒന്നര ലക്ഷവും ബൈക്ക് യാത്രയും


                 
               അദ്ധ്യാപന ജീവിതത്തിന്റെ അന്ത്യനാളുകളിലെ ഒരു വർഷം പ്രധാന‌അദ്ധ്യാപികയായി പ്രമോഷൻ ലഭിച്ച ഞാൻ, പുതിയ വിദ്യാലയത്തിൽ ‘ഏക്ക് വർഷ് കാ സുൽത്താന’ ആയി വാഴുന്ന,,, അഞ്ച്‌കൊല്ലം മുൻപുള്ള സുവർണ്ണ കാലം. കണ്ണൂർ ജില്ലയിൽ തരികിടക്ക് ഒന്നാം സ്ഥാനവും എസ്.എസ്.എൽ.സി. വിജയശതമാനത്തിൽ ലാസ്റ്റാം സ്ഥാനവും മുൻ‌വർഷങ്ങളിൽ നേടിയെടുത്ത സർക്കാർ ഹയർസെക്കന്ററി വിദ്യാലയത്തിലെ ഹെഡ്‌മിസ്ട്രസ്സ് പോസ്റ്റിൽ, എന്നെ നിയമിച്ചത് സർക്കാറിന് എന്നോടുള്ള സ്നേഹംകൊണ്ടാണോ വിരോധംകൊണ്ടാണോ എന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

അങ്ങനെ ഹൈ‌സ്ക്കൂൾ ഹെഡ്‌മിസ്ട്രസിന്റെ കസാരയിലിരുന്ന്  ഹെഡ് ആയി വാണരുളുമ്പോൾ,
ഒരു ദിവസം,,,,
                       സ്ക്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി ചെലവാക്കേണ്ട ഒന്നരലക്ഷം രൂപ ട്രഷറിയിൽ നിന്ന് വാങ്ങിയത് മുറുകെപിടിച്ചുകൊണ്ട് ഒരു നട്ടുച്ചനേരത്ത്, ഞാനെന്റെ സ്ക്കൂളിൽ എത്തിചേർന്നു. അന്യന്റെ പണമായാലും ലക്ഷങ്ങൾ കൈയിൽകിട്ടിയ സന്തോഷം ഉള്ളിലൊളിപ്പിച്ച് ഏതാനും മിനുട്ടുകൾ അങ്ങനെ ഇരുന്നു. ഹോ,,, മറ്റുള്ളവരുടെ പണം കൈയിൽ വെക്കുന്നതിന്റെ സുഖമൊന്നു വേറേയാണ്. അടുത്ത നിമിഷം,,, ഈ പണം മൊത്തമായി തൊട്ടടുത്ത ബാങ്കിൽ നിക്ഷേപിക്കണമെന്ന നിയമവശം, എന്റെ കാണാപ്പുറത്തിരുന്ന് കണക്കുബുക്കിൽ കണക്കെഴുതിക്കൊണ്ടിരിക്കുന്ന ക്ലാർക്ക് വീണാകുമാരി ഓർമ്മിപ്പിച്ചു.

                       ക്ലാർക്ക് പറഞ്ഞതിൽ ഒത്തിരി കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ ഞാൻ, ഏറ്റവും അടുത്തുള്ള സഹകരണബാങ്കിന്റെ സായാഹ്നശാഖയിലെ സ്ക്കൂൾ അക്കൌണ്ടിൽ പണം നിക്ഷേപിക്കാൻ തീരുമാനിച്ചപ്പോഴേക്കും സമയം മൂന്ന് മണിയായി. സായാഹ്നമായതിനാൽ ആറുമണി ആയാലും പ്രശ്നമില്ലല്ലൊ. പണമിടപാടുകളെല്ലാം സ്വന്തമായി ചെയ്യുന്ന ഞാൻ ഒറ്റയ്ക്ക് ബാങ്കിലേക്ക് പോവാൻ തയ്യാറായപ്പോഴാണ് മനസ്സിന്റെ ഉള്ളിൽനിന്നും ഇത്തിരി ഭയം പൊങ്ങിവന്നത്. അന്യന്റെ മുതലായാലും ആദ്യമായാണ് കൈയിൽ ഒന്നരലക്ഷം വരുന്നത്. അതുംകൊണ്ട് ഒറ്റയ്ക്ക് നടന്നുപോയാലെങ്ങനെയാ??? ബാങ്കിലെത്താൻ പത്ത് മിനിട്ട് നടക്കണം അല്ലെങ്കിൽ ഓട്ടോപിടിച്ച് പോവണം, അവിടെന്ന് തിരിച്ച് സ്ക്കൂളിൽ വന്ന് ബാക്കി പണി പൂർത്തിയാക്കാനും ഉണ്ട്.

                       സാധാരണ സ്ക്കൂൾ ഹെഡ്ഡിനെ സഹായിക്കാനും സോപ്പിടാനും അതാത് സ്ക്കൂളിലെ സീനിയർ അദ്ധ്യാപകനോ അദ്ധ്യാപികയോ ഉണ്ടാവും. ഇവിടെയാണെങ്കിൽ ഉണ്ടചോറിൽ കള്ളം പറഞ്ഞ് ക്ലാസ്സിൽ പോവാതെ മുങ്ങുന്ന സീനിയറിനേയോ മറ്റുള്ള അദ്ധ്യാപകരെയോ വിശ്വസിക്കരുതെന്നാണ് അനുഭവം ഗുരു. പരിചയമില്ലാത്ത ഗ്രാമപ്രദേശമാണ്; ‘ടീച്ചർക്ക് ആരെയും അറിയില്ല’ എന്ന് നാട്ടുകാരനായ പി.ടി.എ പ്രസിഡണ്ട് പലപ്പോഴും  പറയാറുണ്ട്. അതുപോലെ അടിപിടി കേസുമായി വന്ന പത്താം‌തരത്തിലെ തരികിടപയ്യൻ ഒരിക്കൽ പറഞ്ഞു,
“എനിക്ക് മൂന്ന് വർഷത്തെ പരിചയം ഈ സ്ക്കൂളിലുണ്ട്; എന്നാൽ ഹെഡ്‌ടീച്ചർക്ക് വെറും മൂന്ന് മാസത്തെ പരിചയം മാത്രമേയുള്ളൂ”
ഇങ്ങനെയുള്ള അവസ്ഥയിൽ ഒന്നരയുമായി ഒറ്റക്ക് നടന്ന് എങ്ങനെ ബാങ്കിലെത്തും?
എങ്ങനെ തിരിച്ചെത്തും? ഒപ്പം വിളിക്കാവുന്ന ക്ലാർക്കാണെങ്കിൽ ഒരുപാവം ‘വീണ’.

ചിന്തിച്ച് ചിന്തിച്ച് ഓഫീസിന്റെ വെളിയിലിറങ്ങി മുറ്റത്ത് നെല്ലിമരച്ചുവട്ടിൽ നോക്കിയപ്പോൾ അതാ,,,
എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി!???
അവിടെ ഇരിക്കുന്നു,, ഓഫീസ് അസിസ്റ്റന്റ് എന്ന് വിളിക്കുന്ന പ്യൂൺ ശശീന്ദ്രന്റെ ഇരുചക്രവാഹനം!!!
ശശി,, എന്റെ മക്കളെക്കാൾ പ്രായം കുറഞ്ഞവൻ!!!
എനിക്കെന്താ അവന്റെ വണ്ടിയിൽ അവന്റെ പിന്നിലിരുന്ന് ബാങ്കിൽ പോയാൽ?
പണവുമായി പോവുമ്പോൾ കളരിയും കരാത്തെയും പഠിച്ച അന്നാട്ടുകാരൻ ശശിയെ എസ്ക്കോർട്ട് ആയി താൽക്കാലിക നിയമനം നടത്തുന്നത് എന്തുകൊണ്ടും എന്റെ ആരോഗ്യത്തിന് നല്ലതാണ്. 

നടക്കേണ്ട,
സമയം പാഴാക്കേണ്ട,
കള്ളന്മാരെ പേടിക്കേണ്ട,
ഓട്ടോ വിളിക്കേണ്ട,,,
വെറുതെ പണം നഷ്ടപ്പെടുത്തേണ്ട,,,
ബാങ്കിൽ പോവാം; അതെ വണ്ടിയിൽ തിരികെവരാം.
നാലാൾ‌കാൺകെ സ്ത്രീകൾ ബൈക്ക് ഓടിച്ച് പോവാനും അന്യന്റെ പിന്നിലിരുന്ന് യാത്രചെയ്യാനും മടിക്കുന്ന പഴയ കാലമാണെങ്കിലും ശശിയെ വിളിച്ച് കാര്യം പറഞ്ഞു,,,,
ഞാനൊരു പ്രധാന‌ അദ്ധ്യാപികയല്ലെ,,,?
                        സ്ക്കൂൾ ഹെഡ്‌മിസ്ട്രസ്സിനെ പിറകിലിരുത്തിക്കൊണ്ട് ശശീന്ദ്രൻ സ്വന്തം വണ്ടി സ്റ്റാർട്ട് ചെയ്തു. ബാങ്കിൽ എത്തിയപ്പോൾ ബാഗിലുള്ള പണം ഒന്നുകൂടി എണ്ണിനോക്കിയശേഷം സുരക്ഷിതമായി ക്യാഷ്യറെ ഏല്പിച്ച് അക്കൌണ്ടിൽ ചേർത്ത് പാസ്ബുക്കിൽ ഒപ്പിട്ട് വാങ്ങിയപ്പോഴേക്കും സമയം അഞ്ചുമണി ആവാറായി.

ഇനി മടക്കയാത്ര, സ്ക്കൂളിലേക്ക്,,,
                      ബാങ്കിൽ വന്ന അതേ ഇരുചക്രവാഹനത്തിൽ ശശിയെ മുന്നിലിരുത്തിയശേഷം ഞാൻ പിറകിൽ കയറിയിരുന്ന് സ്റ്റാർട്ട് പറഞ്ഞു. യാത്രയുടെ അടുത്ത മിനിട്ടിൽ സ്ക്കൂൾ വിട്ട് വെളിയിലേക്ക് ഇറങ്ങുന്ന വിദ്യാർത്ഥികളുടെ ഇടയിലൂടെ ഗയിറ്റ് കടന്ന് സ്ക്കൂൾ ഗ്രൌണ്ടിലൂടെ ഓഫീസിന് മുന്നിലെത്തി വണ്ടി നിർത്തിയത്. ചിരിച്ചും കളിച്ചുംകൊണ്ട് ഒന്നിച്ച് വെളിയിലേക്ക് പോവുന്ന ചെറുപ്പക്കാരികളായ ഏതാനും ഹയർ‌സെക്കന്ററി അദ്ധ്യാപികമാരുടെ മുന്നിൽ,,,
അവർക്ക് അവിടെ വരാൻ കണ്ടൊരു നേരം...
അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ,,,
എന്റെ അമ്മയുടെ ഇളയ സന്താനത്തിന്റെ പ്രീയപ്പെട്ട ഭാര്യ,,,
എന്റെ ആങ്ങളയുടെ ഭാര്യ,,, നാത്തൂൻ.
അതെ വിദ്യാലയത്തിൽ ഹയർ സെക്കന്ററി ജന്തുശാസ്ത്രം അദ്ധ്യാപികയുടെ രൂപത്തിൽ ജോലിചെയ്യുന്ന... അവളാണ് മുന്നിൽ നിൽക്കുന്നത്.
                       കഴുതപ്പുറത്തു നിന്നിറങ്ങുന്ന മഞ്ചുവാരിയർ സ്റ്റൈലിൽ, സ്ലോമോഷനായി വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ കാണികളായവർ ഒന്നുംതന്നെ ചോദിച്ചില്ലെങ്കിലും അമളിപറ്റിയമട്ടിൽ ചിരിച്ചുകൊണ്ട് ഞാനങ്ങോട്ട് പറഞ്ഞു,
“അതെയ് ബാങ്കിൽ പണമടക്കാൻ പോയതാണ്”
എന്നെനോക്കി ചിരിച്ച് അവരെല്ലാം പോയിക്കഴിഞ്ഞപ്പോൾ ബാഗ് തോളിൽ കയറ്റി കൈവീശിയിട്ട് ഓഫീസ്‌റൂമിലെക്ക് നടക്കുന്ന ഞാൻ അടുത്തനിമിഷം പ്രധാന‌അദ്ധ്യാപികയുടെ മുഖം‌മൂടി അണിഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞു,,,
നാത്തൂൻ‌പോര് ഒട്ടും കാണിക്കാതെ ഞാനും സഹോദരപത്നിയും അതെ വിദ്യാലയത്തിൽ തുടരുകയാണ്,
അവൾ ഹയർ സെക്കന്ററി ജന്തുശാസ്ത്രം,
ഞാൻ ഹൈസ്ക്കൂൾ ഹെഡ്,
ഒരു ദിവസം,,, ഞാൻ ചോദിച്ചു,
“അന്ന്,, ശശിയുടെകൂടെ വണ്ടിയിൽ വന്നിട്ട് ഞാനിറങ്ങുന്നത് കണ്ടപ്പോൾ കൂടെയുള്ള ടീച്ചേർസ് എന്തെങ്കിലും പറഞ്ഞിരുന്നോ?”
“അയ്യോ, അവരൊന്നും പറഞ്ഞിട്ടില്ല,, പക്ഷെ?”
“പക്ഷെ?”
“ഒരാൾ പറഞ്ഞു”
“ഒരാളോ? അതാര്?”
“നിങ്ങളെ സ്വന്തം ആങ്ങള,,, ഓഫീസ്‌സ്റ്റാഫിന്റെ കൂടെ ബൈക്കിൽ വന്നിറങ്ങിയ ഏടത്തിയെകുറിച്ച് ഓറോട് ഞാൻ പറഞ്ഞു, അപ്പോൾ,,,”
“അപ്പോൾ അവനെന്ത് പറഞ്ഞു?”
“അതെന്റെ ഏടത്തിയല്ലെ; ബൈക്കിലും കയറും, മരത്തിലും കയറും,,, അത് കണ്ടിട്ട് നീ കയറാതിരുന്നാൽ മതിയെന്ന് എന്നോട് പറഞ്ഞു”

19.3.13

ഡിലീറ്റ് ചെയ്തുപോയ കുളിസീൻ വീഡിയോ


അങ്ങ് വടക്ക്, തലസ്ഥാന നഗരിയിലെ, കേരളാഹൌസിന്റെ, കുളിമുറിയിൽ,,,
                     ഒളിക്യാമറ വെച്ച് കുളിസീനുകൾ പകർത്തിയത് ചില പിള്ളേർ ഇടപെട്ട് കൈയോടെ പിടിക്കപ്പെട്ടപ്പോൾ അത്രയും‌കാലം അവിടെ ജോലിചെയ്ത പലരുടെയും കുളിതെറ്റി. ആരുടെയൊക്കെ കുളിസീനുകളാണ് ആ ക്യാമറയിലുള്ളതെന്ന് ദുഷ്ടന്മാർ പറഞ്ഞുതന്നതുമില്ല.
                     കേരളാഹൌസിൽ ഒളിക്യാമറ വെക്കാമെങ്കിൽ എനിക്കെന്താ എന്റെ സ്വന്തം ഹൌസിൽ സ്വന്തം ഡിജിറ്റൽ ക്യാമറവെച്ച് കുളിസീൻ ഷൂട്ട് ചെയ്താൽ? പിടിക്കപ്പെടാതിരുന്നാൽ പോരെ,, പിന്നെ കുളിസീൻ വീഡിയോ പകർത്തുന്നത് എന്റെയോ, എന്റെ വീട്ടുകാരുടേയോ, എന്റെ ബന്ധുക്കളുടേയോ അല്ലല്ലൊ. പരിചയമില്ലാത്ത ആരൊക്കെയോ കുളിക്കുന്നത്, എന്റെ വീട്ടുപരിസരത്തായാൽ അത് ക്യാമറയിൽ പിടിക്കുന്നതിലെന്താണ് തെറ്റ്? കുളിക്കാൻ വരുന്നവരുടെ കൂട്ടത്തിലാരും അറിയാതിരുന്നാൽ നല്ലത്. പിന്നെ കുളിസീനിന്റെ വീഡിയോ യൂട്യൂബിൽ ഇട്ടാലും വലിയ കുഴപ്പമില്ല; കാരണം കമ്പ്യൂട്ടർ തുറക്കുന്നവരും നെറ്റ് സേർച്ച് ചെയ്യുന്നവരും ആയി അവരുടെ കൂട്ടത്തിൽ ആരും ഇല്ലന്ന് ഉറപ്പാണ്.

ഇന്നലെയാണ് അത് സംഭവിച്ചത്,,,
                   നല്ലൊരു കുളിസീൻ ഞാനെന്റെ ക്യാമറയിൽ പകർത്തി; അത് ശരിക്കൊന്ന് നോക്കി ആസ്വദിക്കുന്നതിന് മുൻപെ കുളിസീനിന്റെ വീഡിയോഫയൽ നഷ്ടപ്പെട്ടു. ആ നഷ്ടത്തിന്റെ ആഘാതം താങ്ങാനാവാതെ കൊറേനേരം ഞാൻ പൊട്ടിക്കരഞ്ഞു. നഷ്ടം ഓർത്തുകൊണ്ട് രാത്രി ഉറങ്ങാൻ കിടന്നതിനാൽ ഉറക്കത്തിൽ എന്തൊക്കെയോ സംസാരിച്ചെന്ന് വീട്ടുകാർ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. അതിൽ കുളിസീൻ, ക്യാമറ, വീഡിയോ, യൂട്യൂബ്, ഡിലീറ്റ് എന്നീ വാക്കുകൾ അവർ തിരിച്ചറിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്ന്‌രാവിലെ ഞാൻ വിവരിച്ചതുകേട്ട് അവരെല്ലാം എന്റെകൂടെ കരഞ്ഞപ്പോൾ, നിർമ്മാണത്തിനുശേഷം ഒരുതുള്ളി വെള്ളം പോലും ഇതുവരെ ഒഴുകാത്ത പഴശ്ശി പ്രോജക്റ്റ് കനാലുകളിലൂടെ ഇന്ന് രാവിലെ വെള്ളം കുതിച്ചൊഴുകി. ഒടുവിൽ എന്റെ ഭർത്താവ് പറഞ്ഞു, ‘ഇന്ന് വൈകുന്നേരവും അതേ സ്ഥലത്ത് ക്യാമറവെച്ച് കുളിസീൻ ഷൂട്ട് ചെയ്യാൻ’. 
                    2007 ഡിസംബർ 27ന് ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയതിനുശേഷം ആദ്യമായാണ് ഇത്രയും നല്ലൊരു രംഗം വീഡിയോയിൽ പിടിച്ചത്; അതും ഒരു കുളിസീൻ. എന്റെ അശ്രദ്ധ കാരണം ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ കമ്പ്യൂട്ടറിൽ പകർത്തുന്നതിന് മുൻപെ എന്റെ വലം‌കൈയാൽ അത് ഡിലീറ്റ് ചെയ്യപ്പെട്ടു.
ഞാനെങ്ങനെ ഇത് സഹിക്കും?

                    രണ്ട് വർഷം മുൻപ് നർമവേദി നടക്കുന്ന പോലീസ്‌ക്ലബിലെ സ്റ്റേജിൽ‌വെച്ച് ഞാൻ പാട്ട് പാടുമ്പോൾ ക്യാമറയിൽ വീഡിയോ പിടിക്കാൻ എന്റെ കെട്ടിയവനെ ഏല്പിച്ചെങ്കിലും അദ്ദേഹം അതാകെ കൊളമാക്കി. എന്താണെന്നോ? വീഡിയോയിൽ ക്ലിക്ക് ചെയ്ത് പാട്ട് തീരുന്നതുവരെ മുറുകെ പിടിച്ചപ്പോൾ ക്യാമറയിൽ ഒന്നും പതിഞ്ഞില്ല. ഏതാനും മാസം കഴിഞ്ഞപ്പോൾ ഞാൻ കഥ പറയുന്നത് വീഡിയോ പിടിക്കാൻ ക്യാമറസൂത്രങ്ങൾ പഠിപ്പിച്ചശേഷം അതേ കെട്ടിയവനെതന്നെ ഞാനേല്പിച്ചു. അന്ന് കഥ പറഞ്ഞുതീരുന്നതുവരെ സ്വിച്ച് ഓൺ ചെയ്യാതെ ക്യാമറയിലെ സ്ക്രീനിലൂടെ എന്നെ നോക്കിയങ്ങനെ,,, അദ്ദേഹം ഇരുന്നുപോയി. അതിനുശേഷം എന്റെ ക്യാമറ ഞാൻ‌തന്നെ ഉപയോഗിച്ചാൽ മതിയെന്ന് ഞാനങ്ങട്ട് തീരുമാനിച്ചു.

ഓ,, നമ്മുടെ കുളിസീൻ കാര്യം,,,
                   ഒരാഴ്ച മുൻപാണ് സംഗതി എന്റെ ശ്രദ്ധയിൽ പെട്ടത്. മറ്റാരും കാണാത്ത മറ്റുള്ളവർ ശ്രദ്ധിക്കാനിടയില്ലാത്ത ഒരിടത്ത് ആളില്ലാത്ത നേരത്ത് ചിലർ കുളിക്കാൻ വരുന്നുണ്ട്. അറിഞ്ഞത് എങ്ങനെയെന്നോ? കുളികഴിഞ്ഞ് നനഞ്ഞ മേനിയഴകുമായി എന്റെ വീടിന്റെ പരിസരത്ത് കൂടി ഒറ്റക്കും കുട്ടായും ചിലർ കറങ്ങുന്നത് എന്റെ കണ്ണിൽപെട്ടു. അപ്പോൾ ഒരു കുളിസീൻ വീഡിയോ പിടിച്ചാലോ? പറ്റിയാൽ യൂട്യൂബിലിട്ട്, എന്റെ വീട്ടുപരിസരത്ത് നടക്കുന്ന കുളിസിൻ എല്ലാവരെയും കാണിക്കാമല്ലൊ. ധാരാളം ഫോട്ടോ എടുക്കുന്ന കൂട്ടത്തിൽ വീഡിയോ പിടിക്കുന്നത് വളരെ പ്രധാനപ്പെട്ട സംഭവങ്ങൾക്ക് മാത്രമായിരുന്നു. കുളിസീൻ ലൈവ് ആയി ഷൂട്ട് ചെയ്യുക എന്നത് ഒരു പ്രധാന സംഗതിയാണല്ലൊ,,,

                    ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകൾ ഇന്നലെ വൈകുന്നേരം ആരംഭിച്ചു. സംഗതി വീട്ടിലാരോടും പറയാതിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരെ അറിയിച്ചാൽ ഞാൻ ക്യാമറയിലാക്കുന്നതിനിടയിൽ കുളി കാണാനായി ആരെങ്കിലും കയറിവന്നാലോ? കുളിക്കാൻ വരുന്നവരെ എനിക്ക് തീരെ പരിചയം ഇല്ല. പിന്നെ ആരുടെയൊക്കെ കുളിയാണ് വീഡിയോയിൽ പതിയുന്നത് എന്ന കാര്യത്തിലും ഉറപ്പില്ല. അതിനിടയിൽ പരിസരത്ത് ആരെങ്കിലും ഉണ്ടെന്ന് സംശയം തോന്നിയാൽ കുളിക്കാൻ വരുന്നവരെല്ലാം പെട്ടെന്ന് തിരിച്ചുപോയാലോ,,,

                     നാല്‌മണി കഴിഞ്ഞപ്പോൾ ശബ്ദം കേൾപ്പിക്കാതെ പതുക്കെ കോണികയറി ടെറസ്സിലെത്തിയിട്ട് നോക്കിയപ്പോൾ, ഞാൻ‌കണ്ടത് മഴക്കാർ മൂടിയിട്ട് പ്രകാശം കുറഞ്ഞ അന്തരീക്ഷമാണ്. കുളിസീൻ നന്നായി കാണുന്നത് എന്റെ വീടിന്റെ ടെറസ്സിൽ നിന്നാണെങ്കിലും ഒളിച്ചിരുന്ന് നോക്കിയാൽ അവർക്ക് സംശയം തോന്നിയാലോ! അതുകൊണ്ട് മറ്റാരും കാണാത്തതും ശ്രദ്ധിക്കാനിടയില്ലാത്തതുമായ ഒരു മൂലയിൽ വീഡിയോ അഡ്‌ജസ്റ്റ് ചെയ്ത ക്യാമറ അനക്കാതെ വെച്ചശേഷം ഓൺ ചെയ്തു. വീഡിയോ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം കയറിയതുപോലെ പതിഞ്ഞ കാലടികളോടെ ഞാൻ താഴേക്ക് ഇറങ്ങി. ക്യാമറയിലെ ബാറ്ററി ഫുൾ‌ ചാർജ്ജ് ചെയ്തതാണ്; ഇനി അരമണിക്കൂർ കഴിഞ്ഞ് ക്യാമറ ഓഫാക്കിയിട്ട് നോക്കിയാൽ മതി. ഭാഗ്യമുണ്ടെങ്കിൽ ആരെങ്കിലും കുളിക്കാൻ വരും,,, അതുവരെ വീട്ടിലെ മറ്റു ജോലികൾ ചെയ്യാം.

                      വെളിയിൽ മുറ്റത്തിറങ്ങി ചെടികൾക്ക് വെള്ളം നനക്കുമ്പോഴും അടുക്കളയിൽ കയറി ചായ നിർമ്മിക്കുമ്പോഴും എന്റെ ചിന്തമുഴുവൻ ക്യാമറയുടെചുറ്റും ആയിരുന്നു. ഏതാനും വർഷം കൊണ്ട് എത്രയെത്ര ഫോട്ടോകളാണ് എടുത്തത്. കൊച്ചുമകളുടെ കളികളും വീട്ടിലെ പ്രധാന ചടങ്ങുകളും വീഡിയോയിൽ ഷൂട്ട് ചെയ്ത് കമ്പ്യൂട്ടറിൽ നിറച്ചിരിക്കയാണ്. എന്നാൽ ഒരു കുളിസീൻ ആദ്യമായാണ് എന്റെ ക്യാമറയിൽ കടന്നുവരുന്നത്, അതും ഇത്രയും അടുത്തുനിന്നുള്ള കുളി!!! ക്യാമറ ഒളിപ്പിച്ചത് മറ്റുള്ളവർക്ക് കണ്ടുപിടിക്കാനാവില്ലെങ്കിലും അതിൽ വെള്ളം തെറിക്കാതിരുന്നാൽ മതിയായിരുന്നു. കുളിസീൻ ഉണ്ടെങ്കിൽ രാത്രിയിൽ തന്നെ കമ്പ്യൂട്ടറിൽ കയറ്റിയിട്ട് യൂട്യൂബിൽ ആഡ് ചെയ്യണം.

                       അങ്ങനെ അരമണിക്കൂർ പോയതറിഞ്ഞില്ല; ചായ കുടിച്ചതിനുശേഷം ടെറസ്സിലേക്ക് കയറാനുള്ള കോണിയുടെ ചുവട്ടിൽ നിന്ന് പരിസരം വീക്ഷിച്ചു. കുളിക്കുന്ന ശബ്ദം കേൾക്കുന്നില്ലെങ്കിലും സമീപത്ത് വീട്ടുപറമ്പിലാകെ ശബ്ദകോലാഹലങ്ങളാണ്. മരംകൊത്തികൾ താളം‌പിടിച്ച് മരംകൊത്തുമ്പോൾ ബുൾബുളും ഒലേഞ്ഞാലിയും മഞ്ഞക്കിളികളും പരസ്പരം മത്സരിച്ച് ഗാനമേള നടത്തുകയാണ്. അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ടെറസ്സിൽ കയറിയ ഞാൻ പതുക്കെ അങ്ങോട്ട് എത്തിനോക്കി. വെള്ളം ചുറ്റുപാടും ചിതറി തെറിച്ചിട്ടുണ്ടെങ്കിലും ആ നേരത്ത് കുളിക്കുന്ന ആരെയും കണ്ടില്ല. അര മണിക്കൂറിനിടയിൽ ആരൊക്കെയോ വന്ന് കുളിച്ചശേഷം സ്ഥലം വിട്ടിരിക്കും. വീഡിയോ ഓഫാക്കിയിട്ട് ക്യാമറ കൈയിലെടുത്തപ്പോൽ നല്ല ചൂട്, കുറേനേരം ഓൺ ചെയ്തതുകൊണ്ടാവാം. അവിടെവെച്ചുതന്നെ സെയ്‌വ് ചെയ്ത ഫയൽ തുറന്ന് നോക്കി. ആദ്യരംഗങ്ങളിൽ പരിസരത്ത് ആരെയും കണ്ടില്ല. വീഡിയോ സ്പീഡിൽ കടന്നുപോയ്ക്കൊണ്ടിരിക്കെ അവസാന ഭാഗത്ത് അതാ അവൾ വരുന്നു,,,, കറുപ്പും വെളുപ്പും കലർന്ന അഴകോടെ,,, ഒരു തോർത്തുമുണ്ട് പോലും ചുറ്റാതെ രംഗത്തുവന്ന അവൾ പരിസരമാകെ നിരീക്ഷിച്ചശേഷം മുങ്ങിക്കുളിക്കുകയാണ്. കുളി കഴിഞ്ഞശേഷം തലപോലും തോർത്താതെ പെട്ടെന്നുതന്നെ സ്ഥലം‌വിട്ടു.
ഹോ,, എനിക്ക് വന്ന സന്തോഷം,,, ഇത്രയും നല്ലൊരു കുളിസീൻ ഷൂട്ട് ചെയ്യാൻ എന്നെക്കൊണ്ടല്ലാതെ ആർക്ക് പറ്റും!

                     ടെറസ്സിൽ നിന്ന് ഞാൻ താഴെയിറങ്ങി. ‘നേരം സന്ധ്യ ആയല്ലൊ, ഇനി രാത്രി ഭക്ഷണത്തിനുശേഷം വീഡിയൊ നോക്കാം’ എന്ന് ചിന്തിച്ച ഞാൻ, ഓഫ് ചെയ്ത ക്യാമറ കമ്പ്യൂട്ടർ ടേബിളിൽ വെച്ചശേഷം വീട്ടുജോലികളിൽ മുഴുകി. എല്ലാവർക്കും ഭക്ഷണം കൊടുത്തശേഷം ഞാനും കഴിച്ചെന്ന് വരുത്തിയിട്ട് കമ്പ്യൂട്ടർ തുറന്നു. സാധാരണ ചിത്രങ്ങൾ നിറയുമ്പോഴാണ് ക്യാമറയിൽ‌നിന്നും കമ്പ്യൂട്ടറിലേക്ക് ഫയലുകൾ മാറ്റുന്നതെങ്കിലും ഇന്ന് കുളിസീൻ കാണാനുള്ള തിരക്കാണല്ലൊ. ക്യാമറ കമ്പ്യൂട്ടറിൽ ഘടിപ്പിച്ചപ്പോൾ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഫയലിന്റെ ഐക്കണുകൾ മോണിറ്ററിൽ നിരന്നു. ക്യാമറയിലെ അനാവശ്യ ഫയലുകളും ഏതാനും ചിത്രങ്ങളും ഡിലീറ്റ് ചെയ്തതിനുശേഷം മറ്റുള്ളവ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്യാൻ ആരംഭിച്ചു. എല്ലാ ഫയലുകലും കമ്പ്യൂട്ടറിൽ കയറിയെന്ന് ഉറപ്പുവരുത്തിയിട്ട് ക്യാമറ ഓഫാക്കിയശേഷം കുളിസീൻ വീഡിയോ തുറക്കാൻ നോക്കിയപ്പോൾ വീഡിയോ ഫയൽ മാത്രം കാണാനില്ല. അരമണിക്കൂർ സമയദൈർഘ്യമുള്ള വീഡിയോ കാണാതെ പരിഭ്രമിച്ച ഞാൻ ക്യാമറയിലും കമ്പ്യൂട്ടറിലുമായി അരമണിക്കൂർ നേരം സേർച്ച് ചെയ്തു.
                 എത്ര പരിശ്രമിച്ചിട്ടും ഞാനെടുത്ത കുളിസീൻ വീഡിയോ മാത്രം കാണാനില്ല,, എന്ത് പറ്റിയെന്നോ,,, അനാവശ്യ ഫയലുകൾ ക്യാമറയിൽ നിന്ന് ഡിലീറ്റ് ചെയ്ത കൂട്ടത്തിൽ എന്റെ കുളിസീൻ വീഡിയോ കൂടി ഡിലീറ്റ് ചെയ്തിരിക്കാം. കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ റിസൈക്കിൾ ബിന്നിൽ കാണും,, ആവശ്യമാണെങ്കിൽ തിരികെയെടുക്കാം. ഇവിടെ ക്യാമറയിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫയൽ തിരികെ കൊണ്ടുവരാനുള്ള സൂത്രങ്ങളൊന്നും എനിക്കറിയില്ല. പിന്നെ ക്യാമറ ഓപ്പറേറ്റമാരെ ഏല്പിക്കാൻ എനിക്കൊട്ടും ധൈര്യം പോര,,,

                 എന്റെ പ്രതീക്ഷകളെല്ലാം തകർന്നു,,, ഇനിയെന്ത് ചെയ്യും? ഇത്രയും നല്ലൊരു കുളിസീൻ വലിയൊരു നഷ്ടം തന്നെ. സത്യം പറഞ്ഞാൽ രാത്രി എനിക്ക് ഉറക്കം വന്നതേയില്ല. ഇന്ന് രാവിലെ ഭർത്താവിനോടും മക്കളോടും‘കുളിസീൻ വീഡിയോ സംഭവം’ പറഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ വിഷമം അവർക്കായിരുന്നു. ഒടുവിൽ ‘ഇന്ന് വൈകുന്നേരവും അതെ സമയത്ത് അതെ സ്ഥലത്ത് ക്യാമറ ഓൺ ചെയ്ത് വെക്കാൻ’ അവരെല്ലാം‌ചേർന്ന് എന്നോട് പറഞ്ഞു.
സംഗതി ശരിയാണല്ലൊ,, ഇന്നും അതേ സ്ഥലത്ത് അവർ കുളിക്കാൻ വരും,, ആ നേരത്ത് ഒളിക്യാമറ തുറന്നുവെച്ച് വീഡിയോ ഷൂട്ട് ചെയ്യാൻ ഞാനൊന്ന് ശ്രമിക്കട്ടെ,,,

ഇനി ഞാനെന്തിന് വിഷമിക്കണം? 
                 ‘ടെറസ്സിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാൻ ഇന്നലെ വന്നത്, ആകെയൊരു മണ്ണാത്തിപുള്ള് മാത്രമായിരുന്നു,, ഇന്ന് കുളിക്കാൻ വരുന്നത് ഓലേഞ്ഞാലിയോ, മൈനയോ, മഞ്ഞക്കിളിയോ, ബുൾബുൾ പക്ഷികളോ ആയിരിക്കാം. അപ്പോൾ അവരുടെ കുളിസീൻ ക്യാമറയിൽ പിടിച്ച് യൂട്യൂബിൽ ഇടാമല്ലൊ’

28.2.13

ഒരു ചെരിപ്പും രണ്ട് കാലുകളും

മുൻ‌കുറിപ്പ്:

കൂടുതൽ സമയം ഇന്റർനെറ്റിൽ ചുറ്റിയടിച്ച് ഇടയ്ക്കിടെ ഫെയ്സ്ബുക്കിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ ബ്ലോഗിൽ കയറാതെ പോവുന്ന എന്റെ ഒരു സുഹൃത്തിന്, ഏതാനും വർഷം മുൻപ് ബസ്‌യാത്രക്കിടയിൽ ഉണ്ടായ അനുഭവം അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാതെ ഇവിടെ പകർത്തുകയാണ്.

അന്നൊരു നാൾ നട്ടുച്ചയ്ക്ക്...
                      സുന്ദരനും സാധാശീലനും ആരോഗ്യവാനും സർവ്വോപരി അവിവാഹിതനുമായ നമ്മുടെ ഹൈസ്ക്കൂൾ ക്ലാർക്ക്, പഠിപ്പിക്കുന്നവരും പഠിപ്പിക്കാത്തവരുമായ സ്ക്കൂൾ‌ജീവനക്കാരുടെ ശമ്പളം കണ്ണൂർ ട്രഷറിയിൽനിന്നും വാങ്ങിയിട്ട് എണ്ണിനോക്കാതെ സ്വന്തം ബാഗിലിട്ടു. പണം വാങ്ങുമ്പോൾ എണ്ണിനോക്കുന്ന സ്വഭാവമൊക്കെ സംശയാലുക്കളായ അദ്ധ്യാപകർക്ക് മാത്രം ഉള്ളതാണ്. അദ്ധ്യാപകരല്ലാത്തവർ ട്രഷറിയിലെ ഇരുമ്പ്‌വലക്കുള്ളിൽ ഇരുന്ന് കേഷ്യർ പണം എണ്ണുമ്പോൾ അവരോടൊപ്പം എണ്ണുന്നതിനാൽ, കൈയിൽ കിട്ടിയ പണം അവിടെനിന്ന് രണ്ടാമതൊന്ന് എണ്ണിനോക്കുന്ന സ്വഭാവമില്ല. അതിനാൽ ബാഗിലെ പണം മുറുകെപിടിച്ചുകൊണ്ട് ഒരു ചായപോലും കുടിക്കാതെ നേരെ ബസ്‌സ്റ്റോപ്പിലേക്ക് നടന്ന് സ്ക്കൂളിൽ എത്തിചേരാനുള്ള ബസ്സിൽ അദ്ദേഹം കയറി. സ്ക്കൂളിലാണെങ്കിൽ,,, ക്ലാർക്കിന്റെ വരവും‌നോക്കിയിട്ട് പഠിപ്പിക്കാതെ ഇരിക്കുന്ന അദ്ധ്യാപകർ ഒട്ടനവധി ഉണ്ട്.

                      ബസ്സിൽ കയറിയപ്പോൾ നമ്മുടെ ക്ലാർക്കിന് ഇരിക്കാൻ ഇടം കിട്ടിയത് ലേഡീസ് സീറ്റിന്റെ തൊട്ടുപിന്നിലുള്ള ഇരിപ്പിടത്തിൽ. അവിടെ ഇരിക്കാൻ‌നേരത്ത് തൊട്ടടുത്തിരിക്കുന്നവനെ ഒന്നുനോക്കി, യൂനിഫോം അണിഞ്ഞിരിക്കുന്ന ഒരു സ്ക്കൂൾ‌കുട്ടി. പത്താം തരത്തിലായിരിക്കും; ഇവനെന്തിനാണ് അസമയത്ത് ബസ്സിൽ യാത്ര ചെയ്യുന്നത്? എന്തെങ്കിലുമാവട്ടെ,,, ബാഗിന്റെ കനം മടിയിൽ സ്ഥാപിച്ച് രണ്ട് കണ്ണുകൊണ്ടും അതിനെ ഇടയ്ക്കിടെ ശ്രദ്ധിച്ച് അങ്ങനെ ഇരിക്കുമ്പോൾ ബസ് സ്റ്റാർട്ട് ചെയ്ത് ഫുൾസ്പീഡിൽ ഓടാൻ തുടങ്ങി. ഇനി അരമണിക്കൂർ യാത്ര ചെയ്താൽ ബസ്സിൽനിന്ന് ഇറങ്ങിയശേഷം പത്ത് മിനിട്ട് നടന്നാൽ നമ്മുടെ സർക്കാർ ഹൈസ്ക്കൂളിൽ എത്താം.

                      ബസ് ഓടിക്കൊണ്ടിരിക്കെ എന്തോ ഒരു പന്തികേട്; മുന്നിലുള്ള വനിതാസംവരണ സീറ്റുകളിലിരിക്കുന്നത് ഒരു യുവതിയും പ്രായമേറെയുള്ള ഒരു സ്ത്രീയുമാണ്. സുന്ദരിയായ ആ യുവതി ഒരു തവണ പിന്നിലേക്ക് തിരിഞ്ഞ് നോക്കി പുഞ്ചിരിച്ചു. രണ്ടാം തവണയും പുഞ്ചിരിച്ചശേഷം തൊട്ടടുത്തിരിക്കുന്ന സ്ത്രീയോട് –അവളുടെ തള്ളയായിരിക്കാം- എന്തോ അടക്കം പറയുകയാണ്. അവൾ വീണ്ടും വീണ്ടും തലതിരിച്ച് നോക്കുകയാണ്. സുന്ദരിയായ ഒരു പെണ്ണ് അവിവാഹിതനായ യുവാവിനെ നോക്കി ഇടയ്ക്കിടെ പുഞ്ചിരിച്ചാൽ കാര്യം മനസ്സിലാക്കാം; എന്നാൽ ഇവിടെ നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നവളുടെ നെറ്റിയുടെ മുകളിൽ,,, സീമന്തരേഖയിൽ,,, സിന്ദൂരം വിതരി ചോരയൊലിപ്പിച്ചത് പോലെ ആക്കിയിട്ടുണ്ട്. പോരാത്തതിന് ആനച്ചങ്ങല പോലത്തെ താലിചെയിനും. ഇതെല്ലാം പൊതുജനത്തെ കാണിക്കുന്ന ഇവൾ മറ്റൊരുത്തനെ നോക്കുന്നത് എന്തിനായിരിക്കും? മതിലും വേലിയും ഉള്ള വീട്ടിലെ കൊച്ചെന്തിന് വെളിയിലേക്ക് നോക്കുന്നു?

പെട്ടെന്ന് ആ യുവതി ഉച്ചത്തിൽ വിളിച്ചുകൂവി,
“ചെരിപ്പ്,, ചെരിപ്പ്”
അതോടൊപ്പം തൊട്ടടുത്തിരിക്കുന്ന അമ്മച്ചിയുടെ ഒച്ച ഉയർന്നു,
“ബസ് നിർത്ത്, നിർത്തിയാട്ടെ”
പെട്ടെന്ന് ബസ് നിന്നു, ഒച്ചകേട്ട ഭാഗത്ത് എല്ലാവരും എത്തിനോക്കി. അവിടെ അവൾ എഴുന്നേറ്റ്‌നിന്ന് എല്ലാവരും കാൺകെ ഒരു ചെരിപ്പ് ഉയർത്തിപിടിച്ച് കൂവുകയാണ്,
“ചെരിപ്പ് കിട്ടിയേ,, എന്നെ ചവിട്ടിയവന്റെ ചെരിപ്പ് കിട്ടി,, ഇതാ ഒരു ചെരിപ്പ്”
തുടർന്ന് അവളുടെ അമ്മയോട് പറയാൻ തുടങ്ങി,
“ഇത്രയും നേരം എന്റെ കാല് ചൊറിഞ്ഞവന്റെ ചെരിപ്പാണ് ഇത്”

                           തൊട്ടുമുന്നിലെ ടാങ്കർ ലോറിയെ ഓവർ‌ടെയ്ക്ക് ചെയ്യാൻ പരിശ്രമിക്കുന്ന ബസ്‌ഡ്രൈവർ ഇതിനിടയിൽ ആ പരിശ്രമം മതിയാക്കി ആളുകൾ ഒഴിഞ്ഞ, കടകളൊന്നും ഇല്ലാത്ത ഇടത്ത് ഇടതുവശത്തായി പതുക്കെ ബസ് നിർത്തി. അപ്പോഴേക്കും യാത്രക്കാരായ പൊതുജനങ്ങൾക്കിടയിലെ പുരുഷസഹോദരങ്ങൾ ഒന്നിച്ച് ഒച്ചകേട്ട ഭാഗത്ത് തടിച്ചുകൂടിയപ്പോൾ അവൾ പൊടിപ്പും തൊങ്ങൽ‌സും വെച്ച് ചെരിപ്പ് വിശേഷം നമ്മുടെ ക്ലാർക്കിനെ ചൂണ്ടിക്കാട്ടിയിട്ട് വിളമ്പുകയാണ്.
“ഇതാ ഇവനാണ് എന്നെ കാലുകൊണ്ട് ചൊറിഞ്ഞത്, കണ്ണൂരിൽ നിന്നേ ഇയാൾ തൊടങ്ങിയതാ”
അതുവരെ കേരളത്തിലെ എല്ലാ ബസ്സുകളിലും ഉണ്ടായ പീഡനകഥകൾ പറഞ്ഞ് അതിനെല്ലാം കാരണം നമ്മുടെ സ്ക്കൂളിലെ ക്ലാർക്കിന്റെ തലയിൽ വന്നുവീഴാൻ തുടങ്ങി. അഭിപ്രായങ്ങൽ പെരുമഴയായി വന്നു,,,
“നമുക്കുവനെ പോലീസ് സ്റ്റേഷനിൽ എത്തിക്കാം”
“വേണ്ട, ഇവനെ ഇവിടെവെച്ച് തന്നെ കൈകാര്യം ചെയ്യാം”
“അതൊന്നും വേണ്ട പെങ്ങള് ആ ചെരിപ്പുകൊണ്ട് ഇവന്റെ മുഖത്ത് അടിച്ചാൽ മതി”
                         ആ നേരത്ത് സ്ത്രീകളുടെ ചുറ്റും നിന്നവരെ വകഞ്ഞുമാറ്റിയിട്ട് പിന്നിലിരുന്ന രണ്ടുപേർ മുന്നിൽ‌വന്നു. അവരെ കണ്ടപ്പോൾ അവളുടെ ആവേശം വീണ്ടും ഉയർന്നു,
“ഏട്ടാ ഇയാളെ വെറുതെ വിടരുത്”
അയാൾ മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു,
“ഇക്കാര്യം നമ്മൾ കൈകാര്യം ചെയ്തുകൊള്ളും. ഞാനിവളുടെ ഏട്ടനാണ്, പിന്നെ ഇത് ഇവളുടെ ഭർത്താവാണ്”
                     
                     യാത്രക്കാരിക്ക് ഭർത്താവും സഹോദരനും ഉണ്ടെന്നറിഞ്ഞതോടെ മറ്റുള്ളവർ ഡയലോഗ് നിർത്തിയിട്ട്, ലൈവായി ഒരു സ്റ്റണ്ട് കാണാനുള്ള കൊതിയോടെ അനുസരണ കുട്ടപ്പന്മാനും കുട്ടപ്പിമാരുമായി മാറി. മറ്റുള്ളവരുടെ ബഹളത്തിനിടയിലും കൈയിലുള്ള പണം ശ്രദ്ധിച്ചുകൊണ്ട് മിണ്ടാതിരിക്കുന്ന ക്ലാർക്കിനോട് കൂട്ടത്തിൽ തടിയൻ ചോദിച്ചു,
“മാന്യന്മാരുടെ വേഷം ധരിച്ച നീയെന്തിനാടാ ചെരിപ്പുകൊണ്ട് എന്റെ ഭാര്യയെ തോണ്ടാൻ പോയത്?”
അതുവരെ ഒരക്ഷരവും മിണ്ടാതിരുന്ന അദ്ദേഹം പെട്ടെന്നെഴുന്നേറ്റ് എല്ലാവരും കേൾക്കെ പറഞ്ഞു,
“താനെന്താടോ പറഞ്ഞത്,,, ഈ ചെരിപ്പ് എന്റേതോ? കാലിൽ ആയിരത്തി ഇരുന്നൂറിന്റെ ഷൂ ഇട്ട് മാത്രം ഓഫീസിൽ പോവുന്ന എന്റെ കാലിലെങ്ങനെയാടാ ചെരിപ്പ്?”
                     എല്ലാവരുടേയും നോട്ടം താഴോട്ടിറങ്ങിയിട്ട് അദ്ദേഹത്തിന്റെ കാലിലേക്കായി, അവിടെ രണ്ട് കാലിലും കറുത്ത് മിന്നുന്ന ഷൂസ് കണ്ടപ്പോൾ അതുവരെ അലറിവിളിച്ച യുവതിയടക്കം നിശബ്ദമായി. അപ്പോൾ ഏട്ടൻ പറഞ്ഞു,
“അളിയാ ഒരു ചെരിപ്പ് ഉള്ളത് ഇയാളുടേതല്ലല്ലൊ. പിന്നെ ഇതിന്റെ ജോഡി ആരുടെ കാലിലാണ്?”
അതുവരെ അങ്കം നോക്കി രസിച്ചങ്ങനെ തൊട്ടടുത്ത് ഇരിക്കുന്ന സ്ക്കൂൾ വിദ്യാർത്ഥിയുടെ കാലിലേക്ക് അവരുടെ ശ്രദ്ധ പതിഞ്ഞു. അവന് രണ്ട് കാലുകളും ഉണ്ട്; എന്നാൽ ചെരിപ്പ് ഒന്നുമാത്രം.
“ചൊറിഞ്ഞത് ഇവൻ തന്നെ ഇനി ഇവന്റെ ചൊറിച്ചിൽ നമ്മൾ മാറ്റിക്കൊള്ളം. ഇവനെ ഞങ്ങൾ കൊണ്ടുപോവുകയാ,, ബസ്  വിട്ടോ?”
                      അതുവരെ പ്രതിയാക്കപ്പെട്ട നമ്മുടെ ക്ലാർക്കിനോട് രണ്ടുപേരും മാപ്പ് പറഞ്ഞശേഷം സ്ക്കൂൾ വിദ്യാർത്ഥിയായ ആ ചെറുപ്പക്കാരന്റെ ഓരോ കൈയും പിടിച്ച് ബസ്സിന്റെ ഏറ്റവും പിന്നിലുള്ള സീറ്റിൽ ഇരുത്തിയിട്ട്, അവന്റെ ഇരുവശത്തും ചെരിപ്പ് കിട്ടിയ യുവതിയുടെ ഏട്ടനും കെട്ടിയവനും ഇരുന്നു. അതിൽ ഒരാൾ അവനോട് ചോദിച്ചു,
“മോനേ നിന്റെ പേരെന്താ?”
……..
“അളിയാ ഇവൻ മിണ്ടില്ല, അതൊക്കെ നമുക്ക് നോക്കാം” അയാൾ പയ്യന്റെ എല്ലാ പുസ്തകവും പിടിച്ചുവാങ്ങിയിട്ട് അതിലൊന്ന് തുറന്ന് വായിച്ചു,
“ശ്രീകുമാർ,, മോനേ ശ്രീ കുമാരാ നീയെന്തിനാ,, പഠിക്കാൻ പോന്നത്?”
അതോടൊപ്പം പേജുകൾ ഒരോന്നായി കീറി എറിയാൻ തുടങ്ങി.
അങ്ങനെ ഓരോ പുസ്തകവും തുറന്ന് ഓരോ പേജുകളായി കീറി എറിയുമ്പോഴെല്ലാം അവർ കോറസ്സായി പറഞ്ഞു,
“മോനേ നീ എന്തിനാടാ,,, പഠിക്കാ‍ൻ പോന്നത്?”
             പണം മുറുകെപിടിച്ചുകൊണ്ട് നമ്മുടെക്ലാർക്ക് ഹൈസ്ക്കൂൾ സ്റ്റോപ്പിൽ  ഇറങ്ങുമ്പോഴും ബസ്സിന്റെ പിൻ‌സീറ്റിലിരുന്ന് അളിയന്മാർ പേജുകൾ ഒരോന്നായി കീറി എറിയുന്നുണ്ടായിരുന്നു. ഒപ്പം വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു,
“മോനേ ശ്രീ കുമാരാ,,, നീ, എന്തിനാ,,,, പഠിക്കാൻ പോന്നത്?”

5.1.13

അമ്മയാരെന്നറിയാതെ,,,


                            സന്ധ്യാനേരത്ത് അടുക്കളയിൽ ഗ്യാസ്‌സ്റ്റൌ ജ്വലിച്ചുകൊണ്ടിരിക്കെ അതിനുമുകളിലിരിക്കുന്ന ചട്ടിയിൽ‌നിന്നും കറിയുടെ കരിഞ്ഞമണം ഡൈനിംഗ് റൂമിലൂടെ ലിവിംഗ് റൂമിലൂടെ സ്വീകരണമുറിയിലിരിക്കുന്ന ശ്രീകുമാരിയമ്മയുടെ ഇടത്തെ മൂക്കിൽ കടന്നുകയറിയത് തുണിയഴിക്കുന്ന പരസ്യത്തിന്റെ ക്ലൈമാക്സ് വേളയിലാണ്. മണം‌കേട്ട ശ്രീയമ്മ ‘ഊയെന്റപ്പാ അന്റെ കൂട്ടാൻ പോയി’ എന്ന് നിലവിളിച്ച് അടുക്കളയിലേക്ക് ഓടിയ നേരത്താണ് ചാനലുകളിൽ മാറിയും മറിഞ്ഞും ചാടിക്കളിക്കുന്ന ജാനുമോൾ, ടീവിയിൽ നിന്ന് പതുക്കെ നിലത്തേക്കിറങ്ങിയത്. തിളങ്ങുന്ന മാർബിൾ തറയിൽ കാലുകുത്തിയപ്പോൾ ആദ്യം അല്പം വശപശ തോന്നിയെങ്കിലും അടുത്തനിമിഷം കൈയും കാലും വീശിക്കുടഞ്ഞ് അവൾ ഓക്കെയായി. ഒന്നുരണ്ടടി വെച്ചപ്പോൾ പ്രയാസം തോന്നിയെങ്കിലും ശ്രീയമ്മ തിരിച്ചുവരുന്നുണ്ടെന്ന് തോന്നിയതുകൊണ്ടാവാം പെട്ടെന്ന് സ്വീകരണമുറിയിൽ നിന്ന് സിറ്റൌട്ടിലേക്ക് കടന്ന് ഗ്രാനൈറ്റ് പതിച്ച മുറ്റത്തിറങ്ങി പോർച്ചിൽ കിടക്കുന്ന മാരുതിയുടെയും ഇന്നോവയുടെയും ഇടയിലൂടെ ഒരു നിഴലുപോലെ ഓടിയിട്ട് തുറന്ന ഗെയിറ്റിലൂടെ അവൾ റോഡിലേക്കിറങ്ങി.

                വഴിയിൽ സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ പരിചിതമുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ജാനുമോൾ പതുക്കെ നടക്കാൻ തുടങ്ങി. മറ്റുള്ളവർക്ക് മുഖംകൊടുക്കാതെ നടക്കുന്ന അവളെ, പാതയുടെ ഇരുവശത്തുനിന്ന് കണ്ണും വായും തുറന്നപിടിച്ച് നിരീക്ഷിക്കുന്ന പുരുഷമൃഗങ്ങൾ മുഖം‌മാത്രം നോക്കിയില്ല, നോക്കാനൊട്ട് അവർ ആഗ്രഹിച്ചില്ല. ഇനി അഥവാ അവരാരെങ്കിലും നോക്കിയാലോ? ജാനുമോൾ കുടുക്കിലായേനെ,,, വർഷങ്ങളായി രാത്രിനേരത്ത് നാട്ടുകാരുടെ സ്വീകരണമുറിയിൽ ഓടിത്തകർക്കുന്ന കാക്കകറുമ്പിയായ ജാനുമോളെ നേരിട്ട്‌കണ്ടാൽ ആരെങ്കിലും വെറുതെ വിടുമോ?

                       ജാനുമോൾക്ക് വിശക്കാൻ തുടങ്ങി; സാധാരണ സോഫ്റ്റ്‌ഫുഡ് കഴിക്കുന്ന മൂന്നാം‌സീരീസ് പരസ്യത്തിന്റെ ഇടവേളയിലാണ് ടീവിയിൽ നിന്ന് ഇറങ്ങിയത്. അവൾ ചിന്തിക്കാൻ തുടങ്ങി, ‘ഇപ്പോൾ വീട്ടമ്മമാർ എന്ത് ചെയ്യുന്നുണ്ടാവും’? പരസ്യത്തിന്റെ ഇടവേള കഴിഞ്ഞ ഈ നേരത്ത് ‘ജാനുമോളെ കാണുന്നില്ല’ എന്നറിയുന്ന അവരെല്ലാം ഒന്നിച്ച് കണ്ണീർ‌പുഴ ഒഴുക്കുകയില്ലെ? ഏതായാലും ഇനി ടീവിയിലേക്കില്ല, ഏതെങ്കിലും വല്യവീട്ടിൽ വേലക്കാരിയായോ ചുമടെടുത്തോ ഇനി ജീവിക്കണം’. ‘ഒ അത് നടക്കുമോ? പത്ത് വയസുകാരി ചുമടെടുത്താൽ അത് ‘ബാലവേലചെയ്യിച്ചു’, എന്ന വയ്യാവേലി ആവുകയില്ലെ? എന്തെല്ലാം നിയമങ്ങളാണ് ഈ നാട്ടിൽ!

                      പെട്ടെന്ന് നാടാകെ ഇരുട്ടിലായി, ലോഡ്‌ഷെഡ്ഡിംഗ് ആയിരിക്കാം. കുടും‌ബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് മുഖം‌നോക്കാതെയാണെങ്കിലും നേരിട്ട് വർത്തമാനം‌പറയുന്ന ഒരെയൊരു അവസരം. ‘ഇനിയൊരു മൂന്ന്‌വർഷം കൂടി ഇതുപോലുള്ള കുടുംബസംഗമം നിത്യേന നടക്കും; അതുകഴിഞ്ഞാൽ ലോഡ്‌ഷെഡ്ഡിംഗ് പിൻ‌വലിക്കുന്നതോടെ വീട്ടുകാർ തമ്മിൽ സംസാരിക്കാതാവും’. ചുറ്റും പരക്കുന്ന ഇരുട്ടിനെ ജാനുമോൾ ഭയപ്പെടാൻ തുടങ്ങി. വെള്ളിവെളിച്ചത്തിൽ മാത്രം ജീവിച്ച അവൾ ആദ്യമായാണ് ഇരുട്ടിനെ മുഖാമുഖം കാണുന്നത്. മുന്നിൽ കാണുന്ന പാതയിലൂടെ ദിക്കറിയാതെ അവൾ നടക്കാൻ തുടങ്ങിയപ്പോൾ അകലെ വെളിച്ചം ചിതറുന്നത് കണ്ട് നേരെ അങ്ങോട്ട് നടന്നു.

                     ത്രീജിയും ടൂജിയും നോജിയും വിൽക്കുന്ന മൊബൈൽ ഷോപ്പിൽ നിന്നാണ് ഇരുട്ടിനെ കീറിമുറിച്ച് പാട്ടും വെളിച്ചവും പുറത്തുചാടിയത്. അങ്ങോട്ട് നടന്നുനീങ്ങിയ ജാനുമോളെ ആദ്യം കണ്ടത് തൊട്ടടുത്ത് അടച്ചുപൂട്ടിയ കടവരാന്തയിലിരുന്ന് കൊലവെറി കേൾക്കുന്ന പൊന്നൂട്ടനാണ്. അവൻ കൂട്ടുകാർ കേൾക്കാനായി വിളിച്ചുകൂവി,
“എടാ നോക്ക്, ഒരു ചരക്ക്”
“ചരക്കൊ? അത് വെറും ഞാഞ്ഞൂല്,,, കുഞ്ഞ്”
“ഞാഞ്ഞൂലായാലും പെണ്ണാടാ,, വാ”
ഇരകിട്ടിയ സന്തോഷത്തോടെ ചെന്നായ്‌കൂട്ടം ഞാഞ്ഞൂലിനു നേരെ തിരിഞ്ഞു.
അവർ അടുത്തെത്തിയപ്പോൾ ജാനുക്കുഞ്ഞ് നേരെ നിന്ന് അവരെയൊന്ന് നിരീക്ഷിച്ചു, പിന്നെ ചോദിച്ചു,
“ചേട്ടന്മാരെ നിങ്ങളെന്താ ചെയ്യാമ്പോന്നത്?”
അവരൊന്നും മിണ്ടിയില്ല, മുന്നിലുള്ള തടിയൻ രാജുമോൻ സ്റ്റാർട്ട് പറഞ്ഞ,
“ടാ പിടിക്കെടാ”
“എന്റെ ചെട്ടന്മാരെ നിങ്ങൾക്കാർക്കും എന്നെ പിടിക്കാനാവില്ല”
“ടാ, തടിയാ ആ പെണ്ണ് പറേന്ന കേട്ടൊ,, ഓള പിടിക്കാമ്പറ്റില്ല പോലും”
“ചേട്ടന്മാരെ,, എന്തിനാ മെനക്കെടുന്നത്? ആ നേരത്ത് മൊബൈൽ ഓൺ‌ചെയ്ത് അടിപൊളി സിനിമ കാണ്”
“തർക്കുത്തരം പറയുന്നോ? എന്നാ പിന്നെ ഇവളെ പിടിച്ചിട്ട് തന്നെ കാര്യം”
“ഓട്ടത്തിൽ എന്നെയാർക്കും തോല്പിക്കാനാവില്ല; പിന്നെ എങ്ങനെ എന്നെ പിടിക്കാനാവും!”
ജാനുക്കുഞ്ഞ് പെട്ടെന്ന് ഓടാൻ തുടങ്ങി. കാറ്റിന്റെ വേഗത്തിൽ ഓടുന്ന അവളോടൊപ്പം എത്താൻ തടിയന്മാർ ഒത്തിരി ഊർജ്ജം ചെലവാക്കി.
എന്നിട്ടോ?
ഇരുട്ടിന്റെ മറവ്‌പറ്റി ഓടിയ ജാനുക്കുഞ്ഞ് ചെന്നായ്ക്കൂട്ടത്തെ പിന്നിലാക്കി വളരെയേറെ മുന്നിലെത്തി. ഓട്ടം അവസാനിപ്പിച്ചനേരത്ത് അതുവരെ അവളെ വിട്ടുപോയ വിശപ്പും ദാഹവും വീണ്ടും കയറിവന്നപ്പോൾ, ദ,, മുന്നിലൊരു തട്ടുകട,,,

പക്ഷെ???
                      അത് അടച്ചുപൂട്ടിയിരിക്കയാണ്, എങ്കിലും അതിന്റെ അടിവശത്തുകൂടി നുഴഞ്ഞുകയറിയ ജാനുമോൾ സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ചില്ലലമാരയിൽ അടുക്കിവെച്ച പൊറോട്ടയും തൊട്ടടുത്തായി തൂങ്ങിക്കിടക്കുന്ന റോബസ്റ്റകുലയും കൺ‌കുളിർക്കെ കണ്ടു. അപ്പോൾ അവളുടെ കുഞ്ഞുമനസ്സിൽ ഒരു ചിന്ത കടന്നുകയറി, ‘അന്യന്റെ മുതൽ എടുക്കരുത്’. നല്ല മനസ്സുള്ള ജാനുമോൾ പിന്നീട് ഒരുഗ്ലാസ് കലക്കുവെള്ളം കുടിച്ചശേഷം ഒരുകാൽ ഇളക്കമുള്ള ബെഞ്ചിൽ കിടന്ന് ഉറങ്ങാൻ തുടങ്ങി.
                        ഉറക്കത്തിൽ ജാനുമോൾ പലതരം സ്വപ്നങ്ങൾ കണ്ടു; സ്വപ്നത്തിന്റെ ഒടുവിൽ അവളുടെ അമ്മ ഒരു വെളുത്ത സുന്ദരിക്കുട്ടിയെ കളിപ്പിക്കുകയാണ്. വെളുത്ത കുഞ്ഞിനെ ലഭിച്ചപ്പോൾ സന്തോഷം‌കൊണ്ട് മതിമറന്ന് മറ്റൊരമ്മ നൃത്തം ചെയ്യുകയാണ്. കറുത്ത കുഞ്ഞിന് വെളുത്ത കുഞ്ഞുങ്ങളെ സ്വപ്നം കണ്ടുകൂടെ?

                        പരിസരം മറന്ന് ഉറങ്ങുന്ന ജാനുമോൾ കാക്കകളുടെ കലപില കേട്ടാണ് ഉണർന്നു. നേരം പുലർന്നെന്ന് തിരിച്ചരിഞ്ഞപ്പോൾ അവൾ കണ്ണും‌തിരുമ്മി എഴുന്നേറ്റു; ശരീരമാകെ വേദന,,, ഹോ,, ഇന്നലെ ഉറങ്ങിയത് ഈ മരത്തിന്റെ പുറത്താണോ? അതുവരെ പതുപതുത്ത മെത്തയിൽ മാത്രം കിടന്നുശിലിച്ച അവൾക്ക് ആകെ പ്രയാസമായി. തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തപ്പോൾ അവൾക്ക് പരിസരബോധം വന്നു, ഇനിയെന്ത് ചെയ്യും? താനില്ലാതെ വീട്ടമ്മമാർ എങ്ങനെ കഥയറിയും? സ്വീകരണമുറിയിൽ ടീവിയുടെ മുന്നിലിരിക്കുന്ന അവർ ജാനുമോളെ കാണാതായാൽ എങ്ങനെ നേരം കൂട്ടും?

                     തട്ടുകടയിൽ നിന്ന് വെളിയിലിറങ്ങി മറ്റാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ട് എങ്ങോട്ടെന്നില്ലാതെ നടക്കാൻ തുടങ്ങിയ നേരത്താണ് അവളുടെ ഇടത്തെ ചുമലിൽ ആരുടെയോ കൈ വന്നു പതിച്ചത്. നോക്കിയപ്പോൾ അവൾ കണ്ടത് ഐഷാമ്മയെയാണ്. ഏറെക്കാലം തന്റെ സ്വന്തം അമ്മായായവർ!
“മോളേ,, നിന്നെതേടി രാത്രിമുഴുവൻ ഉറക്കമിളച്ച് ഞാനെത്ര അലഞ്ഞു? ഇപ്പോഴെങ്കിലും കണ്ടെത്തിയല്ലൊ. വാ നമുക്ക് വീട്ടിൽ പോകാം”
എവിടെനിന്നെന്നറിയില്ല, പെട്ടെന്ന് മൂന്ന് സ്ത്രീകൾ കൂടി അവിടെയെത്തി. അവരിൽ ചന്ദനക്കുറിയിട്ട അമ്മു അവളെ കെട്ടിപ്പിടിച്ച് പറയാൻ തുടങ്ങി,
“എന്റെ പൊന്നുമോളേ, നീയില്ലാതെ ഞാനെങ്ങനെ ജീവിക്കും? നീ എന്റെ ഒപ്പം വരണം”
അമ്മുഅമ്മയെ തള്ളിമാറ്റി മുന്നിൽ വന്നത് ക്ലാരമ്മയാണ്,
“ഇതെന്റെ സ്വന്തം ജാനുമോളാണ്, ഇവളെ പെറ്റതും പേറ്റ്‌നോവറിഞ്ഞതും ഞാനാണ്”
ആ നിമിഷം ക്ലാരമ്മയെ പിന്നിലേക്ക് തള്ളിയിട്ട് അവൾ വന്നു, സുമതിക്കുട്ടിയമ്മ,,,
“ഹ, നീയാരാടി ഇവളെ പെറാൻ; ഇത് ഞാൻ പ്രസവിച്ച കുഞ്ഞാണ് എന്റെ ജാനുമോൾ”
എല്ലാവരും ചേർന്ന് ജാനുമോളെ കൈയും‌കാലും പിടിച്ചുവലിക്കുമ്പോൾ അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി,
“അയ്യോ എന്നെ കൊല്ലുന്നേ,, ഈ അമ്മമാരെന്നെ കൊല്ലുന്നേ”

                    ഒരു പെൺ‌കുട്ടിയുടെ ദയനീയമായ കരച്ചിൽ അതിരാവിലെ കേട്ട പൊതുജനം നല്ലവർ സ്വന്തം‌കാര്യം മറന്ന് ഓടിയെത്തി. വന്നവർ വന്നവർ മൂക്കത്ത് വിരൽ‌വെച്ച് പറഞ്ഞു,
“അയ്യോ ഇത് നമ്മുടെ ജാനുമോളല്ലെ,, ഇന്നലെ രാത്രി ഇവളെ ടീവീന്ന് പെട്ടെന്ന് കാണാതായതല്ലെ; ജാനുമോൾ വന്നേയ്”
ആളുകൾ ഒത്തുകൂടി ജയ് വിളിച്ചു,
“ജാനുമോൾ വന്നേയ്, ജെയ്, ജെയ്”
                      നാട്ടുകാർ റോഡുകളിലൂടെ ഒഴുകാൻ തുടങ്ങിയപ്പോൾ വാഹനഗതാഗതം തകർന്ന് ഭരണം അറബിക്കടലിൽ താഴാൻ തുടങ്ങി. അങ്ങനെ താഴുന്നതിന് മുൻപ് പോലീസ് വകുപ്പ് നടപടി തുടങ്ങി,
ഉണ്ടയില്ലാ വെടി, പുകവെടി, ജലവെടി ഒടുവിൽ ഉണ്ട നിറച്ച് വെടി‌വെച്ചപ്പോൾ  നാലുപേർ പരലോകത്തും പതിനാലുപേർ ലോക്കപ്പുകളിലും എത്തിച്ചേർന്നു. അതിനിടയിൽ വനിതാപോലീസ്‌ വണ്ടിവന്ന് ജാനുമോളെയും അമ്മമാരെയും നിലം തൊടീക്കാതെ വനിതാ കോടതിയിൽ എത്തിച്ചു. ആ നേരത്തും അമ്മമാർ അടി തുടർന്നുകൊണ്ടേയിരുന്നു.

                     കോടതിയിൽ എത്തിയപ്പോൾ അവിടെയിരിക്കുന്നു, ജഡ്ജി ബാലയമ്മ, അമ്മമാർ പറയുന്നതെല്ലാം അവർ ശ്രദ്ധിച്ച് കേട്ടു. എല്ലാവർക്കും ജാനുമോളെ വേണം. ഒടുവിൽ ജാനുമോളോട് ജഡ്ജി ചോദിച്ചു,
“ജാനുക്കുഞ്ഞെ, നിനക്കാരെയാ ഇഷ്ടം? മോളുടെ അമ്മ ആരാണ്?”
ജാനുക്കുഞ്ഞിന് ആകെയൊരു കൺഫ്യൂഷൻ, അവളെങ്ങനെ അമ്മയെ ചൂണ്ടിക്കാണിക്കും? എല്ലാവരും അവളുടെ അമ്മയാണെന്ന് അവൾ വിശ്വസിക്കുന്നു. അതിൽ ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടിയാൽ അവർ തന്റെ പ്രീയപ്പെട്ട അമ്മയാവും. അപ്പോൾ സ്വന്തം അമ്മ ജാനുമോളെന്ന കറുത്തകുഞ്ഞിന്റെ അമ്മയാവുന്നത് അവരോട് ചെയ്യുന്ന ദ്രോഹമല്ലെ.
അവൾ പറയാൻ തുടങ്ങി,
“എനിക്കറിയില്ല; ഇവരെല്ലാം എന്റെ അമ്മമാരാണ്”
ബാലയമ്മ അമ്മമാരെ നോക്കി പറഞ്ഞു, ഒരു കുഞ്ഞിന് ഒരമ്മ മാത്രമായിരിക്കും, നിങ്ങളിൽ ഒരാൾ മാത്രമായിരിക്കും അവളുടെ അമ്മ”
“അത് ഞാനാണ്” ഐഷാമ്മ,
“അത് ഞാനാണ്” സുമതിക്കുട്ടിയമ്മ,
“അത് ഞാനാണ്” ക്ലാരമ്മ,
“അത് ഞാനാണ്” അമ്മുഅമ്മ,
ബാലയമ്മ അന്തം‌വിട്ടു, ഇക്കാലത്ത് ഒരു കുഞ്ഞിന്റെ അമ്മയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ വരുന്നത്‌പോലും അപൂർവ്വമാണ്. എന്നാൽ ഇപ്പോൾ ഇവിടെ നാല് സ്ത്രീകളാണ് ഒരു കുഞ്ഞിനുവേണ്ടി അവകാശവാദം ഉന്നയിക്കുന്നത്. കാലം പോയ പോക്കേ,,, അവർ ചോദിച്ചു,
“അപ്പോൾ ജാനുമോളുടെ അച്ഛൻ?”
“അവളെന്റെ മകളായാൽ അച്ഛനെ കാണിച്ചുകൊടുക്കാം, അമ്മ പറയുന്ന ആളാണല്ലൊ അച്ഛൻ”
ബാലയമ്മ പെണ്ണുങ്ങളെക്കൊണ്ട് തോറ്റ് അടിയറവ് പറഞ്ഞു. വിധി പറഞ്ഞ് രണ്ടിലൊന്ന് തീരുമാനിക്കാം,
“നാലുപേരും വിട്ടുതരാത്തതുകൊണ്ട് ഇനി ഡി.എൻ.എ. ടെസ്റ്റ് നടത്തിയിട്ട് യഥാർത്ഥ അമ്മയെ കണ്ടെത്തുക”
“ഡി എൻ എ ടെസ്റ്റ് വേണ്ടേ വേണ്ട” നാല് അമ്മമാരും ഒന്നിച്ച് പറഞ്ഞു.
“അപ്പോൾ പിന്നെ ഒരു വഴി മാത്രം, അത്,,,”
“അതെന്താണ്?”
“ജാനുമോളെ നാലായി മുറിച്ച് ഒരോ അമ്മക്കും നൽകുക”
ബാലയമ്മയുടെ വിധികേട്ട് അമ്മമാർ ഒരുനിമിഷം ചിന്തിച്ചു, ‘ഡി.എൻ.എ. ടെസ്റ്റ് നടത്തിയാൽ അവൾ എന്റെ മകളായില്ലെങ്കിലോ? അങ്ങനെ മറ്റുള്ളവർക്ക് ജാനുമോളെ വിട്ടുകൊടുത്തുകൂട’,,
“ജാനുമോളെ നാലായി പിളർന്നിട്ട്, തുല്യമായി പങ്ക്‌വെച്ച് എന്റെ ഓഹരി തന്നാൽ മതി,,,”
നാല് അമ്മമാരും ഒന്നിച്ച് പറയുന്നത് കേൾക്കുന്നതിന് മുൻപ് ജാനുമോളുടെ ബോധം നഷ്ടപ്പെട്ടിരുന്നു.