22.7.14

അത്യുന്നതങ്ങളിൽ

                        സർക്കാർജീവനക്കാർ ഓഫീസുകളിലിരുന്ന് ജോലി ചെയ്യുന്ന നേരത്ത്, രാവിലെതന്നെ നഗരത്തെ ഉണർത്തിയത് അവിചാരിതമായ ഒരു പ്രകടനമാണ്. തലയിൽ തോർത്തുചുറ്റിക്കെട്ടി മറ്റൊരുതോർത്ത് ഉടുത്തുകൊണ്ട്, കഴുത്തിൽ തളയിട്ട് വലതുകൈയിൽ ഉയർത്തിപ്പിടിച്ച കത്തിവാൾവീശി മുദ്രാവാക്യം വിളിച്ചുകൊണ്ട്, ഏതാണ്ട് അറുപതുപേർ റോഡിലൂടെ വരിവരിയായി നടക്കുകയാണ്. ഏറ്റവും മുന്നിലായി രണ്ടുപേർ ഉയർത്തിയ ഏണിയിൽ ഫക്സ് ബോർഡിൽ എഴുതിയിരിക്കുന്നു,,, ‘അഖിലലോക തെങ്ങ്‌കയറ്റ തൊഴിലാളികളുടെ അവകാശസമരം’.
             ഉയരത്തിൽ കയറുകയും ഉയർന്ന കൂലിവാങ്ങുകയും ഉന്നതനിലവാരത്തിൽ ജീവിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് ഇനിയെന്ത് അവകാശമാണ് നേടിയെടുക്കാനുള്ളത് എന്നറിയാതെ പൊതുജനം മൂക്കത്ത് വിരൽ‌വെച്ചു. പ്രകടനം ആരംഭിച്ച് അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ പെട്ടെന്ന് തോക്കും ലാത്തിയുമായി നാലുവണ്ടി പോലീസുകാർ പറന്നുവന്നു. ചെറിയൊരു ലാത്തിച്ചാർജ്ജ് പോലും നടത്താതെ നേതാവിനെയടക്കം തൂക്കിയേടുത്ത് വണ്ടിയിൽ കയറ്റി, നേരെ പോയത്,,, പോലീസ്‌സ്റ്റേഷനിൽ.

              നേതാവിനെ കണ്ടപ്പോൾ എസ്.ഐ എഴുന്നേറ്റ് ബഹുമാനിച്ചശേഷം സമീപത്തെ ഇരിപ്പിടം ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു, “സർ ഇതാ ഇവിടെയിരുന്നാട്ടെ, വിഷമിപ്പിച്ചതിന് ക്ഷമചോദിക്കുന്നു. സാറിനെന്താ വേണ്ടത്? ചായയോ കാപ്പിയോ? ഒപ്പം ഭക്ഷണത്തിനും ഏർപ്പാടാക്കുന്നുണ്ട്”
നേതാവൊന്ന് ഞെട്ടി; പറയുന്നത് തന്നോട് തന്നെയാണെന്ന് വിശ്വസിക്കാനാവാതെ ചുറ്റുംനോക്കി. അയാളുടെ പരവേശം കണ്ടപ്പോൾ എസ്.ഐ. പറഞ്ഞു,
“സാറ് ഭയപ്പെടെണ്ട, ഇരുന്നാട്ടെ; ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. പോലീസ്‌സ്റ്റേഷനിൽ വരുന്നവരെ ഞങ്ങൾ വളരെ ബഹുമാനത്തോടെയാണ് സ്വീകരിക്കുന്നത്. പൊതുജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറക്കേണ്ടത് അത്യാവശ്യമാണ്. പിന്നെ സാറിനെപ്പോലെ ഉയർന്ന നേതാവിന് മെച്ചപ്പെട്ട സ്വീകരണം തരേണ്ടതല്ലെ. ഇനി ചായകുടിച്ചിട്ട് സംസാരിക്കാം; ഇരിക്കു”

              പൂച്ചകൾ ചേർന്ന് എലികൾക്ക് സ്വീകരണം നൽകുന്നകാര്യം ഓർത്തുകൊണ്ട് നേതാവ് കസാരയിലിരുന്നപ്പോൾ അനുയായികൾ നിലത്തിരുന്നു. പോലീസുകാർ കൊണ്ടുവന്ന ചായയും പരിപ്പുവടയും കഴിക്കുന്നതിനിടയിൽ എല്ലാവരും വെളിയിലേക്കുള്ള വാതിലിനുനേരെ നോക്കി; അപകടം വന്നാൽ ഓടിപ്പോകാനൊരു വഴി കാണണമല്ലൊ. അങ്ങനെ വിശപ്പും ദാഹവും മാറ്റുന്നതിനിടയിൽ നേതാവിന്റെ കൈ പിടിച്ചുകൊണ്ട് എസ്.ഐ. പറഞ്ഞു,
“ഇത് വളരെനല്ല കൈകളാണല്ലൊ; ഉച്ചവരെ ഇവിടെ ഇരിക്കുകയാണെങ്കിൽ സാറിനുമാത്രം ബിരിയാണി ഏർപ്പാടാക്കാം. പിന്നെ സാറെനിക്കൊരു ഉപകാരം ചെയ്യണം,,, അത്”
“എന്താണ് സർ? എന്ത് വേണമെങ്കിലും ചെയ്യാം”
അതുവരെ ചലനമറ്റ നേതാവിന്റെ നാവ് പ്രവർത്തനമാരംഭിച്ചു.
“എന്റെ പുരയിടം ഏകദേശം ആറേക്കർ വരും, നിറയെ തെങ്ങുകളാണ്. തേങ്ങ വീഴുന്നത് പേടിച്ച് പറമ്പിലാരും ഇറങ്ങാറില്ല. അതുപോലെ ഭാര്യവീട്ടുകാർക്ക് പത്ത്‌പതിനഞ്ച് ഏക്കർ ഉണ്ട്. അതുകൊണ്ട് ഇവരിൽ കുറച്ചുപേരെ അങ്ങോട്ട് അയച്ചാൽ പറയുന്ന കൂലി കൊടുക്കാം”
“അത്, സർ,,,”
“ഒന്നും പറയേണ്ട,, പിന്നെ ഇവിടെയുള്ള പലരുടേയും വീട്ടിൽ തേങ്ങകൾ ഉണങ്ങിക്കിടക്കുകയാണ്; സാറൊന്ന് മനസ്സുവെക്കണം”
“അതെല്ലാം ശരിയാണ് സർ പക്ഷെ,,”
“എന്തോന്ന് പക്ഷെ?”
“സാറിവിടെ അറസ്റ്റ് ചെയ്തവരിൽ ഞാനടക്കം ആർക്കും തെങ്ങിന്മേൽ മാത്രമല്ല ഒരു മരത്തേലും കയറാൻ അറിയില്ല. ഈനാട്ടിൽ ഉള്ള ജോലിയൊക്കെ അന്യസംസ്ഥാനക്കാർ ചെയ്യുമ്പോൾ മലയാളികളായ ഞങ്ങൾക്ക് പണിയൊന്നും ഇല്ല. അതുകൊണ്ട് ബോറടിച്ചപ്പോൾ ജാഥനടത്തുന്നു എന്നുമാത്രം. പരിചയമില്ലാത്തവൻ തെങ്ങിന്മേൽ കയറിയിട്ട് അപകടം വരുത്തണോ സർ?”   

*******************************************