23.5.11

കുട്ടിയമ്മയുടെ ചൊറിച്ചിൽ

അന്ന് പതിവിലും നേരത്തെയാണ് കുട്ടിയമ്മ സ്ക്കൂളിലേക്ക് പുറപ്പെട്ടത് 
                         സ്വർണ്ണക്കസവ് ബോർഡറുള്ള നീല സാരിയാൽ ശരീരം പരമാവധി ആവരണം ചെയ്ത്, സ്റ്റെപ്പ് ബൈ സ്റ്റെപ്പ് നടന്ന് പഞ്ചായത്ത് ബസ്‌സ്റ്റോപ്പിലെ ‘ഏ.കെ.ജി. മെമ്മോറിയൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ’ പ്രവേശിച്ചു. പരിചയക്കാർക്ക് ഒരു പുഞ്ചിരി കൈമാറിയിട്ട് അവരിൽ ഒരാളായി, വരാനുള്ള ബസ്സിനെയും പ്രതീക്ഷിച്ച് അവർ നിന്നു. എല്ലാവരും തെക്കോട്ട് പോകേണ്ടവരായതിനാൽ വടക്കുനിന്നും വരുന്ന ബസ്സിനെയും പ്രതീക്ഷിച്ച്, എല്ലാവരുടെയും കണ്ണുകൾ വലത്തോട്ട് ചെരിഞ്ഞിരിക്കയാണ്. കുട്ടിയമ്മ അല്പം മാറിനിന്ന്, നിറഞ്ഞ ബാഗ് ഇടതുകൈയ്യാൽ മുറുകെപ്പിടിച്ച് ‘റ’ഷെയ്പ്പിൽ നല്ലപോലെ കുനിഞ്ഞ്, വലതുകൈകൊണ്ട് നീലസാരിയുടെ കസവ് നിലത്തുനിന്നും പതുക്കെഉയർത്തി വലതുകാൽ ചൊറിയാൻ തുടങ്ങി. കുട്ടിയമ്മയുടെ ചൊറിച്ചിൽ നോക്കിയിരിക്കുകയും നിൽക്കുകയും ചെയ്യുന്ന യാത്രക്കാർ, രസം‌പിടിച്ച് വരുമ്പോഴാണ് അകലെനിന്നും പച്ചനിറമുള്ള ‘സാബിറ’ പതുക്കെ വന്നത്. യാത്രക്കാരെ ഒളികണ്ണാൽ നോക്കിയിരിക്കെ വലതുകാൽ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയമ്മയെ അവഗണിച്ചുകൊണ്ട്, അവരെല്ലാം ഒന്നിച്ച് ചാടിയിറങ്ങി, അവൾ സ്റ്റോപ്പിലെത്തി നിൽക്കുന്നതിന് മുൻപ് തിക്കിത്തിരക്കാൻ തുടങ്ങി.

എല്ലാവരും പോയപ്പോൾ ഏ.കെ.ജി. സെന്ററിൽ, ഒരു വശത്തെ സിമന്റ്‌ബെഞ്ചിൽ കുട്ടിയമ്മ തനിച്ചിരുന്ന് ചിന്തിക്കാൻ തുടങ്ങി.
‘ഈ മനുഷ്യർക്കൊക്കെ എന്തൊരു തിരക്കാണ്?’
                            സാബിറയുടെ പിന്നാലെ അർജ്ജുൻ വരുന്നുണ്ട്,,, അതാണ് കുട്ടിയമ്മയുടെ കുട്ടിബസ്സ്. മുന്നിലുള്ള ലിമിറ്റഡ്‌സ്റ്റോപ്പിനെ ഓവർ‌ടെയ്ക്ക് ചെയ്യാനായി സൂപ്പർഫാസ്റ്റ് സ്പീഡിൽ ഓടിവന്ന അർജ്ജുൻ കുട്ടിയമ്മയെ കണ്ടനിമിഷം സഡൻ‌ബ്രെയ്ക്കിട്ടു. തുറന്ന മുൻവാതിലിലൂടെ നാലുപേർ കീഞ്ഞപ്പോൾ ഉരിയാടാത്ത കിളി, കുട്ടിയമ്മ വലതുകാൽ വെച്ചനിമിഷം ‘പെട്ടെന്ന് കേര്’ എന്നും പറഞ്ഞ് ഡബ്‌ൾ ബെല്ലടിച്ചു. നിത്യാഭ്യാസം കൊണ്ട് വീഴാതെ കയറിയശേഷം ബസ്സിന്റെ കമ്പിയിൽ പിടിച്ച് വലതുവശത്തെ ‘പുരുഷസംവരണ’ സീറ്റിന്റെ പള്ളക്ക് ചാരിനിന്നു. ചുറ്റുപാടും കൊറെ ആളുകളെക്കണ്ടപ്പോൾ ചൊറിയണമെന്ന് അവർക്ക് തോന്നിയെങ്കിലും ബസ്സിൽ അങ്ങനെയൊരു ശ്രമം നടത്തിയാൽ ‘ഉടലോടെ സ്റ്റിയറിംഗിന് മുകളിൽ എത്തും’ എന്ന് തോന്നിയതിനാൽ അങ്ങനെയൊരു പരാക്രമത്തിന് തയ്യാറായില്ല. ഏതാനും മിനുട്ടുകൾ വലതുകൈ കൊണ്ട്, കമ്പിയിൽപിടിച്ച് തൂങ്ങിയാടിയുള്ള ആ നില്പ്  തുടർന്നപ്പോൾ, സ്ക്കൂളിനു മുന്നിലെത്തിനിന്ന ആ ബസ്സിൽ‌നിന്നും മുൻ‌വാതിലിലൂടെ വെളിയിലേക്കിറങ്ങിയ കുട്ടിയമ്മയുടെ നേരെ മുന്നിൽ,,,
നമ്മുടെ പുതിയ ഇംഗ്ലീഷ് ടീച്ചർ,
“ഇന്ന് കുട്ടിയമ്മ വളരെ നേരത്തെ വന്നല്ലോ”
“അത്‌പിന്നെ ഇന്നുമുതൽ എന്റെ മകൻ ഉണ്ണിക്ക് അതിരാവിലെ അമ്പലത്തിൽ പോകണം, അവന് ജോലി കിട്ടി”
“അതേതായാലും നന്നായി, നമ്മുടെ സ്ക്കൂളിന്റെ ഭാഗ്യം”
“അതെന്താ ടീച്ചർ അങ്ങനെ പറേന്നത്?”
“എന്നും രാവിലെ ഉണ്ണി അമ്പലത്തിൽ പോകുന്നതുകൊണ്ട് കുട്ടിയമ്മ നേരത്തെ വന്ന് സ്ക്കൂളിന്റെ വാതിൽ തുറക്കുമല്ലോ”
കുട്ടിയമ്മ പച്ചമലയാളത്തിൽ ചിരിച്ചപ്പോൾ ഇംഗ്ലീഷ് ടീച്ചർ, മഗ്ലീഷിൽ ചിരിച്ചു;

                         അങ്ങനെ ചിരിച്ചും മിണ്ടിയും അവർ വിദ്യാലയവരാന്തയിൽ പ്രവേശിച്ചു. അതോടെ വലിയ ബാഗ് നിലത്ത്‌വെച്ച് അതിന്റെ ഉള്ളറയിൽ നിന്നും താക്കോൽക്കൂട്ടമെടുത്ത്, അതിലൊന്ന് പൂട്ടിനകത്ത് കയറ്റി ബലം പ്രയോഗിച്ച് തുറന്ന് മാറ്റിയശേഷം ഓഫീസിന്റെ വാതിൽ വലിച്ചു തുറന്നു. എന്നാൽ അകത്ത് കാലെടുത്ത് കുത്തുന്നതിന് മുൻപ് വരാന്തയിൽ നിന്നുകൊണ്ട് കുട്ടിയമ്മ കുനിഞ്ഞ് കാല് ചൊറിയാൻ തുടങ്ങി, ഇത്തവണ ഇടതുകാൽ ആയിരുന്നു. എന്നാൽ കുട്ടിയമ്മ ചൊറിയുന്നത് ശ്രദ്ധിക്കാതെ ‘ഇംഗ്ലീഷ്’ ഓഫീസിനകത്ത് കടന്ന് റജിസ്റ്ററിൽ ഒപ്പ് ചാർത്തിയശേഷം രണ്ട് പീസ് ചോക്കും ചൂരലുമെടുത്ത്, നേരെ കുട്ടികൾ കലപില കൂട്ടുന്ന ‘10B’ സ്പെഷ്യൽ ക്ലാസ്സിലേക്ക് പോയി.
                         കുട്ടിയമ്മ ചൊറിയുന്നത് ഇംഗ്ലീഷ് അവഗണിച്ചെങ്കിലും ഒരാൾ ഇതെല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു,, നമ്മുടെ ഓഫീസിലെ ഒരേയൊരു ക്ലാർക്ക്,
“ഓ രാവിലെതന്നെ ഇതിനെ കെട്ടിയെടുത്തത് ഇവിടെവന്ന് ചൊറിയാനാണോ? വീട്ടിന്ന് ചൊറിഞ്ഞതിന്റെ ബാക്കിയാണോ?”
ചൊറിച്ചിൽ നിർത്തി നിവർന്ന്‌നിന്ന കുട്ടിയമ്മ ക്ലാർക്കിനെ തുറിച്ചുനോക്കിയിട്ട് പറഞ്ഞു,
“ഓ ഇന്ന് നേരത്തെതന്നെ വീട്ടിന്ന് അമ്മ ചവിട്ടിപൊറത്താക്കിയിരിക്കും; എങ്കിലി സ്ക്കൂളിന്റെ താക്കോലൊന്ന് എടുത്തുകൂടായിരുന്നോ?”
“എന്നിട്ട്‌വേണം കുട്ടിയമ്മക്ക് പത്തരക്ക് വരാൻ”
കുട്ടിയമ്മയുടെ മകളെക്കാൾ പ്രായം കുറഞ്ഞവനാണ് അവിവാഹിതനും സുന്ദരനുമായ ക്ലാർക്ക്,,, അത്‌കൊണ്ട്‌തന്നെ അന്യോന്യം എന്തും പറയാനുള്ള ലൈസൻസ് ആദ്യമേതന്നെ അവർ രണ്ട്‌പേരും നേടിയെടുത്തിട്ടുണ്ട്.

                          പിന്നെ പതിവുപോലെ മണികൾ ഓരോന്നായി അടിച്ച്‌കൊണ്ടിരിക്കെ, കൃത്യം പത്ത് മണിയായപ്പോൾ ഹെഡ്‌മാസ്റ്റർ വന്നുചേർന്നു. അതിനു മുൻപ് തന്നെ ഓഫീസും പരിസരവും അടിച്ചുവാരിയ കുട്ടിയമ്മ ഹെഡ്‌മാസ്റ്റർ‌റൂമിലെ ടേബിളും വി.ഐ.പി. ചെയറും വൃത്തിയാക്കി ഷീറ്റുകൾ വിരിച്ച്, കുടിക്കാനുള്ള വെള്ളം മൺപാത്രത്തിൽ നിറച്ചുവെച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഹെഡ്‌മാസ്റ്ററുടെ മുന്നിൽ അറ്റ‌ന്റൻസ് രജിസ്റ്ററുമായി പ്രത്യക്ഷപ്പെട്ട അവർ, കുനിഞ്ഞ് കാല് ചൊറിയാൻ തുടങ്ങിയെങ്കിലും തൊട്ടടുത്ത് നിൽക്കുന്ന പ്യൂണിന്റെ ഷൂസിട്ട കാലുകൾ കണ്ടപ്പോൾ പരിസരബോധം വന്ന്, പെട്ടെന്ന് തിരിച്ചു നടന്നു.

                          ക്ലാസ്സ് തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ സീനിയർ അസിസ്റ്റന്റ് നൽകിയ എക്സ്ട്രാ വർക്കുമായി സ്റ്റാഫ്‌റൂമിന്റെ പടികൾ ആയാസപ്പെട്ട് കയറിവരുന്ന കുട്ടിയമ്മയെ കണ്ടപ്പോൾ അവിടെയിരുന്ന് നുണ പറഞ്ഞുകൊണ്ടിരുന്ന നമ്മുടെ ഫിസിക്സ് ടീച്ചർ, ജൂനിയർ മലയാളത്തിന്റെ ചെവിയിൽ പറഞ്ഞു,
“ഡ്യൂട്ടി എനിക്ക് തന്നെയായിരിക്കും, നമ്മളിവിടെ ഇരുന്ന് സംസാരിക്കുന്നത് ആ സീനിയറിന് അത്ര സഹിക്കില്ല”
പറഞ്ഞതുപോലെ അല്ലെങ്കിലും ഫസ്റ്റ് പിരീഡ് എക്സ്ട്രാവർക്ക് മലയാളത്തിന് കിട്ടി. അവരെ ബുക്കിൽ ഒപ്പിടീച്ച കുട്ടിയമ്മ, ഒഴിഞ്ഞ ഒരു കസേരയിൽ ഇരുന്നശേഷം, സ്റ്റാഫ്‌റൂമിൽ ഇരുന്ന് വായിക്കുന്നതും എഴുതുന്നതുമായ എല്ലാ ടീച്ചേഴ്‌സിനെയും ഒന്ന് നോക്കിയിട്ട് വിശാലമായി കാല് ചൊറിയാൻ തുടങ്ങി. സാരിയുടെ തുമ്പ് ഉയർത്തിയിട്ട് ആദ്യം ഇടതുകാൽ ചൊറിഞ്ഞു,,, തുടർന്ന് വലതുകാലും നന്നായി ചൊറിഞ്ഞു. എന്നാൽ എത്ര ചൊറിഞ്ഞിട്ടും അവിടെയിരുന്ന ആരും കുട്ടിയമ്മയെ ലേശം‌പോലും മൈന്റ് ചെയ്തില്ല.

                          പിന്നീട് കുട്ടിയമ്മ ചൊറിഞ്ഞത് ഇന്റർ‌വെൽ സമയത്തായിരുന്നു, മെമ്മോ ബുക്കുമായി ക്ലാസ്സിലേക്ക് പോയി തിരിച്ചു വരുമ്പോൾ സ്റ്റേയർ‌കെയ്സിനു താഴെ നിൽക്കുന്ന, ഒൻപതാം ക്ലാസ്സിലെ കുട്ടികളുടെ മുന്നിൽ‌വെച്ച്,,, അതുകണ്ടപ്പോൾ കൂട്ടത്തിൽ തലതിരിഞ്ഞ മൂന്നാം കൊല്ലക്കാരൻ അഖിൽ വിളിച്ചുകൂവി, 
“കുട്ടിയമ്മ സാരി പൊക്കുന്നേ,,,”
പെട്ടെന്ന് സാരി നേരെയാക്കി നിവർന്ന്‌നിന്ന് നോക്കുമ്പോഴേക്കും അനൌൺസ് ചെയ്ത പയ്യൻ സ്ഥലം വിട്ടിരുന്നു. അതോടെ അവർ നേരെ ഓഫീസിലേക്ക് നടന്നു.

                          സ്ക്കൂളിലെ ഉച്ചഭക്ഷണം ഒരു സമൂഹസദ്യയാണ്. പല നാട്ടിൽ നിന്നും പല വിട്ടിൽ നിന്നും വരുന്ന പത്ത്‌പതിനാറ് പേർ കൊണ്ടുവന്ന സാമ്പാറും ഓലനും കാളനും എരിശ്ശേരിയും പുളിശ്ശേരിയും മത്സ്യക്കറിയും ഉപ്പേരിയും അച്ചാറും കൈമാറ്റം ചെയ്യുന്ന സുവർണ്ണാവസരമാണ്. ആ, നല്ല നേരം‌നോക്കി കുട്ടിയമ്മ എന്നും സ്റ്റാഫ്‌റൂമിൽ വരും. മത്സ്യമാംസം സ്വന്തംവീട്ടിൽ പാകം ചെയ്യാറില്ലെങ്കിലും മറ്റുള്ളവർ പാകംചെയ്തത് കഴിക്കാൻ അവർക്ക് പെരുത്ത് ഇഷ്ടമാണ്. പതിവുപോലെ ചോറുണ്ണാൻ നേരത്ത് വന്ന കുട്ടിയമ്മ, ലഞ്ച്‌ബോക്സ് മേശപ്പുറത്ത് വെച്ച് സ്റ്റാഫ്‌റൂമിന്റെ നടുസെൻ‌ട്രൽ‌മധ്യത്തിൽ നിന്ന് കുനിഞ്ഞ്‌കൊണ്ട്, വലതുകാൽ ചൊറിയാൻ തുടങ്ങി.
ഇതുകണ്ടപ്പോൽ നമ്മുടെ കായിക അദ്ധ്യാപികക്ക് കലികയറി,
“ഹേയ്, ഇതെന്താ പരിസരബോധമൊന്നും ഇല്ലെ? മാഷന്മാരൊക്കെയിരുന്ന് ചോറുതിന്നാൻ നേരത്ത്‌വന്ന് സാരിപൊക്കി ചൊറിയുന്നത്?”
എരിതീയിൽ എണ്ണയിഴിച്ച് നമ്മുടെ സംഗീതം പിന്താങ്ങി,
“ഇന്ന് രാവിലെതന്നെ ഞാൻ കണ്ടതാ, ഉളുപ്പില്ലാതെ; ഇവൾക്കെന്തോ തകരാറുണ്ട്”
കുട്ടിയമ്മ ദയനീയമായി മറ്റുള്ളവരെ നോക്കിയിട്ട് പുറത്തിറങ്ങാൻ നേരത്ത് ഊർജ്ജതന്ത്രംമാസ്റ്റർ തന്ത്രത്തിൽ അവരെ വിളിച്ചു,
“കുട്ടിയമ്മെ, ഇന്ന് നല്ല ചെമ്മീൻ‌കറിയുണ്ട്; കൊറച്ച് എടുത്തൊ”
മാസ്റ്റർ നീട്ടിയ ബോട്ടിലിൽ നിന്ന് സ്വന്തം ലഞ്ച്‌ബോക്സിലെ ചോറിനകത്ത് കറി ഒഴിച്ചശേഷം കുട്ടിയമ്മ വെളിയിലേക്ക് നടന്നു. അപ്പോൾ തൊട്ടടുത്തിരുന്ന സാമൂഹ്യംമാസ്റ്റർ എല്ലാവരും കേൾക്കെ കമന്റിട്ടു,
“നല്ലൊരു കാഴ്ചയായിരുന്നു, ചൊറിയാൻ തുടങ്ങിയപ്പോഴേക്കും ഓടിച്ചു, ഈ പെണ്ണുങ്ങളുടേ ഒരോ അസൂയ”
“എന്നാല് നമ്മൾക്കൊരു കാര്യം ചെയ്യാം; ചോറ് തിന്നുകഴിഞ്ഞാൽ അവരെ വിളിച്ച് വരുത്തി കൊറേനേരം ചൊറിയിക്കാം”
വിദ്യാർത്ഥികളെ അറ്റൻഷൻ പറഞ്ഞ്, വരച്ച വരയിൽ നിർത്തിക്കുന്ന കായികത്തിന്റെ വാക്ക് കേട്ടപ്പോൾ മറ്റുള്ളവർ വായതുറക്കുന്നത് ഫുഡ് കഴിക്കാൻ മാത്രമായി മാറി.

                         ഉച്ചഭക്ഷണത്തിനുശേഷം കുട്ടിയമ്മ നേരെ ഹയർ സെക്കന്ററി സ്റ്റാഫ് റൂമിലേക്ക് പോയി. ഡൈവോഴ്സ് കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കെ ഒരേ കൂരക്ക് താഴെ ജീവിക്കുന്ന ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് നമ്മുടെ വിദ്യാലയത്തിലെ ‘ഹൈസ്ക്കൂൾ : ഹയർ സെക്കന്ററി’ അദ്ധ്യാപകർ. രണ്ട് വർഷം കൂടുതൽ പഠിച്ചതിന്റെ തണ്ടും കൊണ്ട് നടക്കുന്ന ഹയർ സെക്കന്ററിക്കാരുടെ അഹങ്കാരം ഒരിക്കലും വെച്ച്‌പൊറുപ്പിക്കാത്തവരാണ് സീനിയോറിറ്റിയിൽ മുതിർന്ന ഹൈസ്ക്കൂൾ അദ്ധ്യാപകർ.വരുടെയിടയിൽ വാർത്താവിതരണവും ഒപ്പം പാരവിതരണവും സൈഡ്‌ബിസിനസ് ആയി ചെയ്യുന്നവളാണ് നമ്മുടെ കുട്ടിയമ്മ. ഉലയിൽവെച്ച് ചുട്ടുപഴുപ്പിച്ച പാരകൾ ചൂടാറും മുൻപെ രണ്ട് സ്റ്റാഫ് റൂമിലും അവർ വിതരണം ചെയ്യാറുണ്ട്.

                         ഹയർ‌സെക്കന്ററി സ്റ്റാഫ്‌റൂമിൽ കടന്ന ഉടനെ ഡോറിനു എതിർ‌വശത്തിരിക്കുന്ന ഗസ്റ്റ് അദ്ധ്യാപികയെ നോക്കി ‘ഒരു പുഞ്ചിരി’ നൽകിയശേഷം കുട്ടിയമ്മ ഒഴിഞ്ഞ കസേരയിൽ പോയിരുന്ന് എല്ലാവരെയും നോക്കി.
എന്നാൽ ആരും അവരെ നോക്കിയില്ല,,,
ആരും അവരോട് മിണ്ടിയില്ല.
അവരെല്ലാം തിരക്കിട്ട ജോലിയിലാണെന്ന് അറിഞ്ഞിട്ടും, അവർ അതിലൊന്നും ശ്രദ്ധിക്കാതെ സാരിയുടെ തുമ്പ് പൊക്കി സ്വയം‌മറന്നുകൊണ്ട് ചൊറിയാൻ തുടങ്ങി. ഇടതുകാൽ ചൊറിഞ്ഞ് മടുത്തശേഷം അദ്ധ്യാപകരെ ഒളികണ്ണാൽ നോക്കിയിട്ട്, വലതുകാലും ചൊറിയാൻ തുടങ്ങിയപ്പോഴാണ്,,
അത് കണ്ടത്;
കൂട്ടത്തിൽ മൂത്ത ‘രസതന്ത്രംലക്ച്ചറർ’ ക്യാമറയുള്ള പുത്തൻ മോഡൽ മൊബൈൽ ഓൺ ചെയ്യുന്നു! പെട്ടെന്ന് ഞെട്ടിയ കുട്ടിയമ്മ ചൊറിച്ചിൽ മതിയാക്കിയിട്ട് സാരിനേരെയാക്കി എഴുന്നേറ്റു,
‘കാലുകളുടെ ഫോട്ടോ അവനെങ്ങാനും മൊബൈലിൽ പിടിച്ചാലോ? ഇപ്പോൾ എന്തൊക്കെയാ കേൾക്കുന്നത്?’

                          ഉച്ചക്ക്‌ശേഷമുള്ള ഇന്റർവെൽ നേരത്ത് ഹെഡ്‌മാസ്റ്റർക്ക് ചായ പതിവാണ്, അത് അനീഷിന്റെ ചായക്കടയിൽ നിന്ന് കൊണ്ടുവരുന്നത് കുട്ടിയമ്മയുടെ ഡ്യൂട്ടിയാണ്. ഫ്ലാസ്ക്കുമെടുത്ത് ചായക്കടയിൽ പോയ കുട്ടിയമ്മ അവിടെയുള്ള ബെഞ്ചിലിരുന്ന് ഇടതുകാൽ ചൊറിയാൻ തുടങ്ങി. അപ്പോഴേക്കും അനീഷിന്റെ അനൌൺസ്‌മെന്റ് വന്നു, “കുട്ടിയമ്മെ സ്ഥലം വിട്, ചൂടാറും‌മുൻപെ ഹെഡ്‌മാഷിന് ചായ കൊടുത്താട്ടെ” അതോടെ ചൊറിച്ചിൽ മതിയാക്കിയിട്ട് ഫ്ലാസ്ക്കിൽ ചായയും വാങ്ങി അവർ സ്ക്കൂളിലേക്ക് നടന്നു.

                          അന്ന് വൈകുന്നേരം പത്താം ക്ലാസ്സുകാർക്ക് ക്ലാസ് പരീക്ഷ നടക്കുകയാണ്,,, അന്ന് മാത്രമല്ല എന്നും ഇവിടെ പരീക്ഷകളാണ്. അതിനായി ഹാളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ, കുട്ടിയമ്മയെ കണ്ട് കുശലം പറയാൻ തുടങ്ങി. അങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ കുട്ടിയമ്മ സാരിയുടെ കസവ് നീക്കി രണ്ട് കാലുകളും വെളിയിൽ കാണിച്ച് ചൊറിയാൻ തുടങ്ങിയപ്പോൾ കുട്ടികളെല്ലാം പെട്ടെന്ന് ഞെട്ടിയോടാൻ തുടങ്ങി. അതുകണ്ട് അമ്പരന്ന കുട്ടിയമ്മ നിവർന്ന്‌നിന്ന് നോക്കുമ്പോൾ,,,
നേരെ മുന്നിൽ നമ്മുടെ ‘ജൂനിയർ കണക്ൿമാഷ്’,,,
വിദ്യാർത്ഥികളും അദ്ധ്യാപകരും ഹെഡ്‌മാസ്റ്ററും രക്ഷിതാക്കളും ഒരുപോലെ ഭയപ്പെടുന്ന നമ്മുടെ കണക്ക് അദ്ധ്യാപകൻ,,,!!!
“ഉം, എന്താ പിള്ളേരുടെ കാലുവാരാൻ വല്ല പരിപാടിയും ഒപ്പിച്ചിട്ടുണ്ടോ?”
ചോദ്യം പൂർണ്ണമായി കേൾക്കുന്നതിനു മുൻപ് കുട്ടിയമ്മ കൈയും വീശിക്കൊണ്ട് നേരെ ഓഫീസ് വരാന്തയിലേക്ക് പോയി.
     
                         നാല് മണി ആയതോടെ കുട്ടിയമ്മ ബെല്ലടിച്ചു; പിന്നീട് ചൂലുമെടുത്ത് സ്ക്കൂളിന്റെ തെക്ക് ഭാഗത്തുള്ള എട്ടാം ക്ലാസ്സുകളുടെ സമീപത്തേക്ക് നടന്നു. സ്ക്കൂൾ വിട്ടപ്പോഴുണ്ടായ ആഹ്ലാദം പങ്ക് വെച്ചുകൊണ്ട് കുട്ടികൾ കൂട്ടമായി പുറത്തേക്ക് പ്രവഹിക്കുകയാണ്. അവിടെനിന്നും വരാന്ത അടിച്ചുവാരിക്കൊണ്ടിരിക്കുന്ന കുട്ടിയമ്മയുടെ ചുറ്റും‌നിന്ന് എട്ടാം‌തരക്കാർ പതിവുപോലെ വിശേഷങ്ങൾ പറയാൻ തുടങ്ങി. അങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ അവർ വരാന്തയിൽ നിന്ന് താഴേക്കിറങ്ങുന്ന നടയിൽ ഇരുന്നപ്പോൾ കുട്ടികളുടെ എണ്ണം കൂടി,,, ആണും പെണ്ണുമായി പത്ത് പന്ത്രണ്ട് പേർ. അവർ നോക്കിയിരിക്കെ കുട്ടിയമ്മ നീലസാരിയുടെ കീഴറ്റം ഉയർത്തിയിട്ട് ഇടതുകാൽ ചൊറിയാ‍നാരംഭിച്ചു.
പെട്ടെന്ന്,,
പെട്ടെന്ന്,,,
കൂട്ടത്തിൽ കുട്ടിയായ നീലിന വിളിച്ചുപറഞ്ഞു,
“എടി, നോക്കെടീ,,, നമ്മുടെ കുട്ടിയമ്മക്ക് സ്വർണ്ണപാദസരം,,,”
അതോടെ കുട്ടിയമ്മ സന്തോഷം‌കൊണ്ട് മതിമറന്നു,,,
അവർ കരച്ചിലിന്റെ വക്കിൽ എത്തി,,, സന്തോഷക്കണ്ണീർ,,
“എന്റെ മക്കളെ,,, നിങ്ങളെങ്കിലും പറഞ്ഞല്ലൊ; രാവിലെമുതൽ എത്രയാളെ ഞാനിത് കാണിച്ചതാ, ഒരുത്തനും ഇത്‌കണ്ടിട്ട് ഒരക്ഷരവും പറഞ്ഞില്ല”
“കുട്ടിയമ്മെ, ഇത് സ്വർണ്ണം തന്നെയാണോ?”
“സ്വർണ്ണം തന്നെയാണ് മക്കളെ, ഞാൻ പണംകൊടുത്ത് ‘ഭീമയിൽനിന്ന്’ വാങ്ങിയ തനിസ്വർണ്ണം”

1.5.11

ഏപ്രിൽഫൂൾ മാഡം

                       കേരളത്തിലെ സർക്കാർ ജീവനക്കാരെല്ലാം വർഷത്തിൽ 'ഒരേഒരു ദിവസം വിരമിക്കുക' എന്നത് 2011ൽ നടന്ന ഒരു മഹാസംഭവമാണ്. പലകാലങ്ങളിലായി പലയിടങ്ങളിൽ വെച്ച് ജോലിയിൽ പ്രവേശിച്ച, കേരളസർക്കാർ സേവകർ ഇനിമുതൽ അൻപത്തി അഞ്ച് കഴിഞ്ഞാൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് വിരമിക്കുന്നത്. അങ്ങനെയുള്ള ആ സുദിനമാണ് മാർച്ച് 31.

                       ഇക്കാര്യത്തിൽ ആനന്ദലഹരിയിൽ ആറാടിയത് നമ്മുടെ വിദ്യാലയങ്ങളിലെ പാഠ്യേതര ജീവനക്കാരാണ്. എല്ലാവരുടെയും ‘ശമ്പളം’എഴുതുന്ന ക്ലാർക്കും മണിയടിക്കുന്ന ശിപായിയും ‘എഫ്.ടി.സി.എം’ ആയ കുട്ടിയമ്മയെ പോലുള്ളവരും, വിരമിക്കാറുള്ളത് കരക്റ്റ് 55 തികയുന്ന മാസത്തിലാണ്. എന്നാൽ ഈ വർഷം മുതൽ 55 കഴിഞ്ഞാൽ അവരും,,, മറ്റ് അദ്ധ്യാപകരുടെ കൂടെ,, ‘ഒത്തൊരുമിച്ചൊരു ഗാനം‌പാടിയിട്ട് ചിരിച്ചും കരഞ്ഞും’ വിരമിക്കുക,,,
എന്നത് കാണുമ്പോൾ,,,,,,
‘എന്തതിശയമെ കേരളസർക്കാൻ, ഇനിയും വാഴണമേ നമ്മുടെ സർക്കാർ’ എന്ന് ഉച്ചത്തിൽ വിളിച്ചുകൂവാൻ തോന്നും.
                       അങ്ങനെ അതിവിശാലമായ കേരളത്തിൽ ഏപ്രീൽ രണ്ട് മുതൽ ജനിച്ച, 55 തികഞ്ഞ സർക്കാർ ജീവനക്കാർ ഈ വർഷത്തെ മാർച്ച് 31ന് ഒരു കൂട്ടവിരമിക്കൽ മാമാങ്കം നടത്തി. ആ ദിവസം സഹപ്രവർത്തകർ ചേർന്ന് വിരമിക്കുന്നവരെ സ്വന്തം ഓഫീസിൽ‌ ഇരുത്തി, ‘അവസാനത്തെ ഊണ്’ കൊടുത്ത് യാത്രയയപ്പ് മാമാങ്കം നടത്തുന്ന വേളയിൽ,,,
*വർഷങ്ങൾക്ക് മുൻപ്,,,
ഞങ്ങളുടെ സർക്കാർ ഹൈസ്ക്കൂളിൽ മാർച്ച് 31ന് നടന്ന ഒരു മഹാസംഭവം ഓർക്കുകയാണ്.  
          
                       ഇവിടെ, കഥാനായികയായ നമ്മുടെ ഹെഡ്‌മിസ്ട്രസ് മേഡത്തിന് മാത്രമായ ചില പ്രത്യേകതകൾ ഉണ്ട്. വെള്ളനിറത്തിൽ ആറടിപൊക്കത്തിൽ തടിച്ച ശരീരഭാരം. കറുത്ത മുടി കുളിച്ചീറനോടെ അതേപടി പുറകിലിട്ട്, ബേക്ൿഗ്രൌണ്ട് പകുതി മൂടിയിരിക്കും. സാരി വെള്ള മാത്രം, ചിലപ്പോൾ അതിൽ ചില പൂക്കൾ ഒളിഞ്ഞിരിക്കും. കണ്മഷി എഴുതിയ കണ്ണുകളും, കരിവണ്ടിൻ നിറമാർന്ന മുടിയും, പുരികം ലൈനാക്കിയതും കണ്ടാൽ രണ്ടിൽ ഒരു കാര്യം ഉറപ്പ്; ഒന്നുകിൽ കക്ഷി എന്നും ബ്യൂട്ടീ പാർലറിൽ പോകും, അല്ലെങ്കിൽ ബ്യൂട്ടീഷൻ വീട്ടിലുണ്ടാവും. 
                       രണ്ട് വർഷം മുൻപ് പ്രമോഷൻ ഏറ്റുവാങ്ങി നമ്മുടെ വിദ്യാലയത്തിന്റെ നടയിൽ കാല്‌കുത്തിയ അന്നുമുതൽ ഈ മാഡം നടക്കാറില്ല, ഒഴുകിവരികയാണ് പതിവ്,,,
അതുകൊണ്ടായിരിക്കണം സഹപ്രവർത്തകരെല്ലാം അവരുടെ മുന്നിൽ ....
‘കാറ്റ് വാക്കിങ്ങ്’..... നടത്താറാണ് പതിവ്. 
                       വെള്ളസാരിചുറ്റി കാർകൂന്തൽ വിടർത്തിയിട്ട് മന്ദം മന്ദം നിശ്ബ്ദമായി ഒഴുകിവരുന്ന നമ്മുടെ മേഡത്തിന് വിദ്യാർത്ഥികൾ നൽകിയ് പേരാണ് ‘യക്ഷി’. അവരറിയാതെ കേൾക്കാതെ വിദ്യാർത്ഥികളും ഏതാനുംചില സഹപ്രവർത്തകരും മാത്രം വിളിക്കുന്നതിനാൽ, മേഡത്തിനൊഴികെ മറ്റെല്ലാവർക്കും ഈ പേര് ബൈഹാർട്ടാണ്. പേര് വന്നത് അവരുടെ വിശ്വരൂപം കാരണമല്ല, വിശിഷ്ടസ്വാഭാവം കാരണമാണ് എന്ന് മാത്രം,
ഏതാനും വർഷം മുൻപ് നമ്മുടെ മേഡം ഒരു സാധാ ജീവശാസ്ത്രം അദ്ധ്യാപിക ആയിരുന്നു.

സർവ്വീസിൽ പ്രവേശിച്ച് അന്നൊരു നാൾ,,,
                        നാട്ടിൻ‌പുറത്തെ തലതെറിച്ച പിള്ളേരെ നന്നാക്കണമെന്ന വാശി ടീച്ചർക്കും ഒരിക്കലും നന്നാവില്ല എന്ന വാശി പിള്ളേർക്കും. അവരെ നന്നാക്കാനുള്ള ഷോട്ട്കട്ട് നല്ല ചുട്ട അടിയാണെന്ന് ടീച്ചർ തിരിച്ചറിഞ്ഞു. തലതിരിഞ്ഞ മക്കളായാലും അടികിട്ടിയെന്നറിയുന്ന നിമിഷം മറ്റൊന്നും ചിന്തിക്കാതെ കോടതിയിൽ പോവുന്ന രക്ഷിതാവും, അവർക്കായി നിലകൊള്ളുന്ന കോടതിയും പിറവിയെടുക്കുന്നതിന് മുൻപുള്ള നല്ല കാലമായിരുന്നതിനാൽ; വിദ്യാർത്ഥിവൃന്ദം പേടിച്ച്‌വിറച്ച് അനുസരണക്കുട്ടപ്പന്മാരായി രൂപാന്തരപ്പെട്ടു. ക്ലാസ്സിൽ ശ്രദ്ധിക്കാത്തവരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് ചോദ്യങ്ങൾ ചോദിക്കുന്നത്, പുതിയ ജീവശാസ്ത്രത്തിന്റെ പതിവാണ്.

എന്നിട്ടും,,, ഒരിക്കലും നന്നാവില്ല എന്ന് വാശിപിടിച്ച്, പിൻബെഞ്ചിലിരുന്ന് തരികിട കളിക്കുന്ന ഒരുത്തനെ ഒരുദിവസം ടീച്ചർ കണ്ടെത്തിയപ്പോൾ പൊക്കിനിർത്തി പെട്ടെന്നൊരു ചോദ്യം,
“തന്നെയൊക്കെ ഏത് നേരത്താ ഉണ്ടാക്കിയത്?”
അതിവേഗം പ്രീയശിഷ്യനിൽ‌നിന്ന് കരക്റ്റ് ഉത്തരം വന്നു,
“രാത്രീയിൽ”
ടീച്ചർ ഞെട്ടി,
ഒരു ബയോളജി ടീച്ചർക്ക് എന്തും ചോദിക്കാം, എന്നാൽ ശിഷ്യന്മാർ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ പാടുണ്ടോ? അതും, ഇതുവരെ ഒരു ചോദ്യത്തിനും ഉത്തരം പറയാത്ത തിരുമണ്ടൻ!
പിന്നെ മറ്റൊന്നും ഓർത്തില്ല, അടിയുടെ പൊടിപൂരം അരങ്ങേറി. അടി ഒന്നും രണ്ടുമല്ല, ഇരുപത്തി ഏഴ്. എണ്ണിയവന് എണ്ണം തെറ്റിയതാണെന്നും കൃത്യം മുപ്പത്തിഅഞ്ചാണെന്നും പെൺകുട്ടികൾ പറയുന്നു.
പിന്നെയുണ്ടായ പ്രശ്നങ്ങൾക്കും പരിഹാരങ്ങൾക്കും ഇടയിൽ ആ ക്ലാസ്സിലെ വിദ്യാർത്ഥികൾ ആനിമിഷം അദ്ധ്യാപികക്ക് നല്ലൊരു പേരിട്ടു,
‘യക്ഷി’
ആ പേര് തലമുറകൾ കൈമാറി, അദ്ധ്യാപികയുടെ ട്രാൻസ്ഫറിനോടൊപ്പം സ്ക്കൂളുകൾ കൈമാറി സർവീസിനൊപ്പം സഞ്ചരിച്ച് നമ്മുടെ വിദ്യാലയത്തിലും എത്തിച്ചേർന്നതാണ്.

                    ആള് കാണാൻ ശാലീനസുന്ദരിയാണെങ്കിലും മേഡത്തിന്റെ ഒച്ച കേട്ട് പേടിക്കാത്ത ഒരൊറ്റ വിദ്യാർത്ഥിയോ അദ്ധ്യാപകരോ ആ വിദ്യാലയത്തിലില്ല. ഫയൽ എത്തിക്കാനൊ, ടീച്ചിങ്ങ് നോട്ട് കാണിക്കാനോ, ചോദ്യത്തിന് മറുപടി പറയാനൊ അല്പം വൈകിയാൽ പിന്നെ അവർ ആരായാലും അവിടെ നിൽക്കേണ്ട. ചിലപ്പോൾ തല്ലുമോ എന്ന് തോന്നും. എല്ലാം വരച്ച വരയിൽ നടക്കുന്ന ഒരു നല്ല കാലം
ചിലപ്പോൾ അദ്ധ്യാപകരെല്ലാം വെപ്രാളപ്പെട്ട് ഓടി ക്ലാസ്സെടുക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം,,,
‘യക്ഷി ഇറങ്ങിയിട്ടുണ്ട്’
അതുപോലെ തല ക്ലാസ്സിനു വെളിയിൽ കാണിച്ച വിദ്യാർത്ഥി അതിവേഗം; മനുഷ്യനെ കാണുന്ന ആമയെപ്പോലെ തല ഉള്ളിലേക്ക് വലിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം,,,
‘യക്ഷി ഇറങ്ങിയിട്ടുണ്ട്’

ഇത്രയൊക്കെ യക്ഷിപുരാണം അവതരിപ്പിച്ചപ്പോൾ ‘മാർച്ച് 31ന് വിരമിക്കുന്നത് യക്ഷിമേഡം ആണെന്ന് ചിന്തിച്ചവർക്ക് തെറ്റി’. അന്ന് വിരമിക്കുന്നത് നമ്മുടെ പ്യൂൺ ശങ്കരേട്ടനാണ്.
                         27 വര്‍ഷത്തെ സേവനത്തിനു ശേഷം ഏഷണിയും ഭീഷണിയും കണ്ടും കേട്ടും ജീവിച്ച പാവം ജനിച്ചത് മാർച്ച് 21ന് ആയതിനാൽ അന്ന് മുതൽ സ്വാതന്ത്ര്യം നേടുകയാണ്. ഇത്രയും കാലം നമ്മുടെ വിദ്യാലയത്തെ സേവിച്ച നമ്മുടെ പ്രീയപ്പെട്ട ശങ്കരേട്ടന് അനുയോജ്യമായ യാത്രയയപ്പ് നല്‍കാൻ തീരുമാനിച്ചു. അതിലെ ഒരിനമാണ് ഉച്ചഭക്ഷണം. പ്രധാന അദ്ധ്യാപകനും സാധാ അദ്ധ്യാപകരും ക്ലാര്‍ക്കും പ്യൂണും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന അസുലഭ അവസരമാണ്, ഇത്തരം യാത്രയയപ്പുകൾ,
ഉച്ചഭക്ഷണത്തിൽ പ്രധാനാഐറ്റം ചിക്കൻബിരിയാണി തന്നെ, നോൺ അല്ലാത്തവർക്ക് പകരംവെക്കാൻ വേറേ ഐറ്റംസ് കൂടിയുണ്ട്.
          ഇങ്ങനെയുള്ള പാർട്ടികളിൽ നമ്മുടെ പ്രധാനഅദ്ധ്യാപിക എപ്പോഴും രണ്ട് പേക്കറ്റ് ആവശ്യപ്പെടാറുണ്ട്. അതുകേട്ട് നമ്മുടെ മലയാളംവിദ്വാൻ പിള്ളമാസ്റ്റർ അഭിപ്രായം പറഞ്ഞു,
“മറ്റുള്ളവരൊക്കെ ഓരോ ബിരിയാണി കഴിക്കുമ്പോൾ അവരെ ഭരിക്കുന്നവർ അതിന്റെ ഇരട്ടി കഴിക്കണമല്ലൊ!”

                       എന്നാൽ ഈ രണ്ട് പാക്കറ്റിന്റെ രഹസ്യം അനാവരണം ചെയ്തത് പരസ്യമായി നോൺ കഴിക്കാത്ത, രഹസ്യമായി നോൺ വീട്ടിലേക്ക് കടത്തുന്ന, നമ്മുടെ ‘എഫ്.ടി.സി.എം’ ‘കുട്ടിയമ്മ’യാണ്. ഇംഗ്ലീഷ് മിസ്സ് ദിവ്യലക്ഷ്മിയുടെ ഇളയമകന്റെ ഒന്നാം പിറന്നാൾ ദിവസം നടന്ന പാർട്ടിയിൽ കൊണ്ടുവന്ന ബിരിയാണികളിൽ രണ്ട് പേക്കറ്റ് സ്വീകരിച്ച ഹെഡ്‌മിസ്ട്രസ് അതിലൊന്ന് കഴിച്ചപ്പോൾ സെക്കന്റ് ബിരിയാണി ബാഗിൽ തിരുകി വീട്ടിലേക്ക് കടത്തിയത് കുട്ടിയമ്മ ഗവേഷണം നടത്തി കണ്ടുപിടിച്ചു.

                        ശങ്കരേട്ടന്റെ യാത്രയയപ്പ് ദിനത്തിൽ നഗരത്തിലെ മികച്ച ഹോട്ടലിലാണ് ഉച്ചഭക്ഷണത്തിന് കൊട്ടേഷൻ നൽകിയത്. ഹെഡ്‌മിസ്ട്രസ്സിന്റെ റൂമിന് തൊട്ടടുത്ത സ്റ്റാഫ്‌റൂം ഭക്ഷണഹാൾ ആയി തൽക്കാലം രൂപാന്തരപ്പെട്ടു. ഇരിപ്പിടം ഒരുക്കിയപ്പോൾ നമ്മുടെ ഹെഡ്‌മിസ്ട്രസ്സിന് സുപ്രധാനപോയന്റിൽ ഒരു വി‍ഐപി ഇരിപ്പിടം തയ്യാറാക്കി, തൊട്ടടുത്തായി വിരമിക്കുന്ന ശങ്കരേട്ടന് ഒരു സാധാചെയറും ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ താരവും മാഡം തന്നെ, അല്ലാതെ പെന്‍ഷനാവുന്ന പ്യൂൺ അല്ല. ഹോട്ടലിൽ നിന്നും ബിരിയാണി പാർസൽ വന്നതോടെ എല്ലാ അദ്ധ്യാപകരും ‘പണിക്ക് പിന്നിൽ ഫുഡിനു മുന്നിൽ’ തയ്യാറായി. ഓഫീസിലുള്ളവരെയും അരമുറി അടച്ചിരിക്കുന്ന ഹെഡ്‌ടീച്ചറേയും പിള്ളമാസ്റ്ററും സീനിയർ അസിസ്റ്റന്റും ചേർന്ന് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.

                  മേഡം പുറത്ത്‌വന്നതോടെ അതുവരെ കലപിലയായ സദസ്സ് നിശബ്ദമായി. പരിപാടിയുടെ ചുമതലയുള്ള സീനിയർ അസിസ്റ്റന്റ് അവരെ വിഐപി ഇരിപ്പിടം കാണിച്ചു. എന്നാൽ അത് ശ്രദ്ധിക്കാതെ ‘നമ്മുടെ മാഡം, നേരെ ബിരിയാണി പായ്ക്കറ്റ് വെച്ച ഭാഗത്തേക്ക് പോയി, കൂട്ടത്തിൽ നല്ലത് നോക്കി രണ്ട് പായ്ക്കറ്റ് എടുത്ത് നേരെ മുറിയിലേക്ക് കടന്ന് അരവാതിൽ അടച്ചു. ഇക്കാര്യത്തിൽ എല്ലാവർക്കും പ്രയാസം തോന്നി. ഒരു സഹപ്രവർത്തകൻ വിരമിക്കുന്ന ദിവസം ആ വ്യക്തിയോട് കാണിക്കുന്ന അവഗണനയിൽ ചിലർ രോഷം പ്രകടിപ്പിച്ചു.
ആ നേരത്ത് സഹപ്രവർത്തകരുടെ ടെൻഷൻ റിലീസ് ചെയ്യാനായി പിള്ളമാസ്റ്റർ പറഞ്ഞു,
“ഇനി നമുക്ക് നേരാംവണ്ണം ഒച്ചവെച്ച് കഴിക്കാമല്ലൊ”

തുടർന്ന് അതിവേഗം ഇരിക്കുന്നവരുടെ മുന്നിൽ ബിരിയാണി പായ്ക്കറ്റുകൾ നിരന്നു. അവിചാരിതമായി രണ്ട് മുൻ അദ്ധ്യാപകർ എത്തിച്ചേർന്നതിനാൽ കൊണ്ടുവന്ന ഭക്ഷണം എല്ലാവർക്കും കൃത്യം എണ്ണം.   
എല്ലാവരും ചേർന്ന് ചിരിച്ചും തമാശ പറഞ്ഞും ചിക്കൻബിരിയാണി പൊതിഞ്ഞ മനോരമ തുറന്നു, പിന്നെ പതുക്കെ, ചൂടുകൊണ്ട് വാടിയ വാഴയില തുറന്നു.
‘ഹായ്, ചൂടുള്ള ബിരിയാണിയുടെ, ചിക്കൻ പീസിന്റെ മണം’....
അതിൽ അല്പം പതുക്കെ വലത് കൈയിൽ എടുത്ത് വായിലിടുന്നതിനു മുന്‍പ്,,,
എല്ലാവരും ഞെട്ടി.!!!!
അതാ മാഡം വാതിൽ തുറന്ന് മുറിയിൽനിന്നും പുറത്ത് വരുന്നു. ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളുമായി മന്ദം മന്ദം ഓരോ കാലടി വെച്ച് ഒഴുകിയൊഴുകി വരുന്ന യക്ഷിയുടെ രണ്ട് കൈകളിലും ഓരോ കോഴിയെ കഴുത്ത് ഞെരിച്ച് തൂക്കിപിടിച്ചിരിക്കുന്നു,.
വലത് കൈയിൽ നാടൻ കോഴി (ചുവപ്പ് നിറം),
ഇടത് കൈയിൽ ലഗോൺ കോഴി (തൂവെള്ള നിറം) . 
അങ്ങനെ ഒഴുകിനടന്ന് രണ്ട് കൈയിലുള്ളതും മുന്നിലുള്ള കാലിയായ മേശമേൽഎറിഞ്ഞ്, ശേഷം ചുറ്റുപാടുകൾ നിരീക്ഷിച്ച് അമര്‍ത്തി ഒന്നു മൂളി വന്നത് പോലെ അവർ തിരിച്ചുപോയി. അവർക്ക് പിന്നിൽ വാതിലടഞ്ഞു,,,

                ആദ്യത്തെ ഞട്ടൽ മാറിയ നേരത്ത്, ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്, വലതു കൈയിൽ പ്ലാസ്റ്റിക്ക് സഞ്ചിയിലെ അച്ചാറും, ഇടതു കൈയിൽ തൈരും.
          അപ്പോൾ നമ്മുടെമേഡം കൂട്ടത്തിൽനിന്നും സെലക്റ്റ് ചെയ്ത് എടുത്ത, വലിയ പായ്ക്കറ്റുകൾ ബിരിയാണിക്ക് തൊട്ടുകൂട്ടേണ്ട അച്ചാറും തൈരുമാണ്!!!
പെട്ടെന്ന് പിള്ളമാസ്റ്റർ കമന്റിട്ടു,
“അച്ചാറും തൈരും മേഡത്തിന്,,, ബിരിയാണി... മറ്റുള്ളവർക്ക്,,,”

പിന്നെ സംഭവിച്ചത്...???
വണ്ടിയെടുത്ത് ഹോട്ടലിൽ പോയി പുതിയ ബിരിയാണി കൊണ്ടുവന്ന് ഹെഡ്മിസ്ട്രസ്സിന് നല്‍കുന്നതു വരെ, തുറന്ന ബിരിയാണി അതേപടി അടച്ച്‌വെച്ചു. പിന്നീട് ബിരിയാണി കഴിക്കുമ്പോൾ ‘തൊട്ട്കൂട്ടാൻ അച്ചാറും തൈരും വേണമെന്ന്’, ആ ദിവസം ആരും പറഞ്ഞില്ല. മേശപ്പുറത്തുള്ള അച്ചാറും തൈരും ‘ഒന്ന് തൊടാൻ’ കൂട്ടത്തിലാര്‍ക്കും ധൈര്യം വന്നില്ല. 
                 കഴുത്ത് ഞെരിച്ച് കൊന്ന ലഗോൺ കോഴിയും നാടൻ കോഴിയും തോല് പൊളിക്കാതെ മേശപ്പുറത്ത് തന്നെ കിടന്നു.

ഒടുവിൽ കൈ കഴുകാൻ‌നേരത്ത് മേഡം കേൾക്കെ, പിള്ളമാസ്റ്ററുടെ കമന്റ് വീണ്ടും വന്നു,
“മാർച്ച്31 ആയതേയുള്ളു, നമ്മുടെ മേഡം ഏപ്രീൽഫൂൾ ആയി”