21.2.10

ഒരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ ?


                അറിയപ്പെടുന്ന ഒരു ഐ സ്പെഷ്യലിസ്റ്റ് ആരെന്ന് ചോദിച്ചാൽ  ആ നാട്ടിൽ എല്ലാവർക്കും പറയാനുള്ളത് ഒരേയൊരു ഉത്തരം ആയിരിക്കും- ‘ഡോക്റ്റർ ശശാങ്കൻ നമ്പൂതിരി’. ആയിരങ്ങളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച നമ്മുടെ നമ്പൂതിരിക്ക് ആയിരം ജന്മങ്ങളിലെ പുണ്യം ലഭിക്കുമെന്നാണ് എല്ലാവരും പറയുന്നത്.

              പുണ്യം ലഭിക്കുമോ എന്നറിയില്ലെങ്കിലും നമ്പൂതിരിക്ക് പണവും സമ്പത്തും ധാരാളമായി ലഭിച്ചു. സ്വന്തമായി ഉള്ള ആശുപത്രി കൂടാതെ വീട്ടിനടുത്ത് ഒരു ഐ ക്ലിനിക്ക് കൂടി അദ്ദേഹത്തിനുണ്ട്. ആരുടെയെങ്കിലും കണ്ണിനകത്ത് വല്ലതും കയറിയാൽ ഉടനെ ഡോക്റ്ററുടെ ആശുപത്രിയിലോ ക്ലിനിക്കിലോ പോയാൽ പ്രശ്നം റിമൂവ് ചെയ്ത് ക്ലീയറാക്കി തരും.

                  മനുഷ്യശരീരത്തിൽ മറ്റനേകം അവയവങ്ങൾ ഉണ്ടെങ്കിലും കണ്ണ് മാത്രം പരിശോധിക്കുന്ന ഡോക്റ്റർ ശശാങ്കൻ ശരീരത്തിലെ മറ്റൊരു അവയവവും കാണാറില്ല. കണ്ണ് മാത്രം നോക്കിയാൽ മതി, അദ്ദേഹത്തിന് പരിചയക്കാരെ തിരിച്ചറിയാം. കണ്ണിന്റെയും പണത്തിന്റെയും കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്ന നമ്പൂതിരിക്ക് സുഹൃത്തുക്കൾ വളരെ കുറവാണ്. അക്കൂട്ടത്തിൽ ക്ലോസ് ആയ ഒരു സ്നേഹിതനാണ് രമേശൻ നമ്പ്യാർ എന്ന സ്ഥലത്തെ പ്രധാന അഡ്വക്കേറ്റ്.

                 രമേശൻ നമ്പ്യാർ, നമ്മുടെ കുഞ്ചൻ നമ്പ്യാരുടെയും ചന്തുമേനോന്റെയും ഒരു അകന്ന  ബന്ധുവാണെന്ന് അദ്ദേഹം തന്നെ അവകാശപ്പെടാറുണ്ട്. കോടതിയിൽ ഇരിക്കുന്ന ജഡ്ജിയും കൂട്ടിൽ കയറിയ പ്രതിയും ഒപ്പം വാദിയും സാക്ഷികളും സഹവക്കീലന്മാരും അദ്ദേഹം പറയുന്ന കോമഡികേട്ട് പലപ്പോഴും പൊട്ടിച്ചിരിച്ച് പോയിട്ടുണ്ട്.

                  അങ്ങനെയുള്ള നമ്പ്യാറും നമ്പൂതിരിയും ചില സായാഹ്നങ്ങളിൽ ഒരു കുപ്പിയും രണ്ട് ഗ്ലാസ്സിമായി ഒന്നിച്ച് ചേർന്നാൽ ഫലിതത്തിന്റെ മാലപ്പടക്കങ്ങൾ ഒന്നിച്ച് പൊട്ടും. അങ്ങനെ ഒത്ത്ചേരാൻ സ്ഥലകാല നിയന്ത്രണങ്ങൾ ഒന്നും അവർക്കിടയിൽ ഇല്ല.

                    ഒരു ഞായറാഴ്ച ക്ലിനിക്കിലേക്ക് പോകുന്ന വഴിയിൽവെച്ച് സുഹൃത്തായ നമ്പ്യാർ, ഡോക്റ്റർ ശശാങ്കന്റെ വണ്ടിയിൽ കയറി. ക്ലിനിക്കിലെത്തിയപ്പോൾ കൺസൽട്ടിങ്ങ് റൂമിൽ കടന്ന് സുഹൃത്തിനോട് ഇരിക്കാൻ പറഞ്ഞ ശേഷം ഡോക്റ്റർ അകത്തെ മുറിയിൽ പോയി. ആ സമയത്ത് ആ മുറിയിലെ സെറ്റിങ്ങ്സ് ഓരോന്നായി ഒരു അഡ്വക്കേറ്റിന്റെ ശ്രദ്ധയോടെ അദ്ദേഹം നിരീക്ഷിക്കാൻ തുടങ്ങി.


          ‘എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും,
            അവിടെല്ലാം തിളങ്ങുന്ന കണ്ണുകൾ മാത്രം.’

                  അങ്ങനെ അദ്ദേഹം നിരീക്ഷണങ്ങളിൽ മുഴുകിയിരിക്കെ ഒരു ഐ സ്പെഷ്യലിസ്റ്റിന്റെ യൂനിഫോമിൽ ഡോക്റ്റർ പുറത്ത് വന്നു. വന്ന ഉടനെ ഒരു വശത്തെ ചുമരിൽ തൂക്കിയിട്ട ഭംഗിയുള്ള ഫോട്ടൊയുടെ മുന്നിൽ ഫിറ്റ് ചെയ്ത കൊച്ചു നിലവിളക്കിൽ എണ്ണ പകർന്ന ശേഷം തീപ്പെട്ടിയുരച്ച് മൂന്ന് തിരികൾ കത്തിച്ച്‌വെച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. ഇത് കാണാനിടയായ വക്കിലിന് ചിരിവന്നു. ‘ഒരു വലിയ ഡോക്റ്ററായിട്ടും ഇവന്റെ പ്രാർത്ഥനയൊന്നും മതിയാക്കാനായിട്ടില്ലെ’ എന്ന് ചിന്തിച്ചുപോയി. ഡോക്റ്റർ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന ഫോട്ടോ കണ്ടപ്പോൾ അദ്ദേഹം ആശ്ചര്യപ്പെട്ടു.

‘അതൊരു കണ്ണിന്റെ ഫോട്ടോ ആയിരുന്നു’.

               പ്രാർത്ഥന കഴിഞ്ഞ ശേഷം സ്വന്തം ചേയറിൽ വന്നിരുന്ന് ഡോക്റ്റർ പറയാൻ തുടങ്ങി,
“എടാ നീ വിചാരിക്കും ഞാനൊരു മണ്ടനാണെന്ന്. എന്റെ എല്ലാ ഉയർച്ചയുടെയും ഐശ്വര്യത്തിന്റെയും പിന്നിലുള്ള അവയവം മനുഷ്യന്റെ നേത്രമാണ്. ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്  കണ്ണ്. ഒരു ഐ സ്പെഷ്യലിസ്റ്റ് ആയതിനാൽ, ഞാൻ എനിക്ക്തന്നെ അറിയാത്ത ദൈവത്തിനു പകരം ഒരു കണ്ണിന്റെ മുന്നിലാണ് വിളക്ക് വെച്ച് കൈകൂപ്പുന്നത്. എന്റെ ദൈവമാണ് കണ്ണ്.”

               ഇത് കേട്ടതോടെ അഡ്വക്കേറ്റ് രമേശൻ നമ്പ്യാർ പൊട്ടിചിരിക്കാൻ തുടങ്ങി. നിർത്താതെ ചിരിക്കുന്ന നമ്പ്യാറെ കണ്ട് ഡോക്റ്റർ ചോദിച്ചു,
“നിനക്കെന്താടാ ഇത്ര ചിരിക്കാൻ? തലയുടെ പിരി ഇളകിയോ?”
“അല്ല, ഞാനൊരു കാര്യം ചിന്തിച്ചുപോയതാ,,, താനൊരു ഗൈനക്കോളജിസ്റ്റ് ആയിരുന്നെങ്കിൽ???”
“ആയിരുന്നെങ്കിൽ?”
“സ്പെഷ്യലൈസ് ചെയ്ത അവയവത്തിന്റെ ഫോട്ടോ വെച്ച് പ്രാർത്ഥിക്കുന്ന നിന്നെ ഒരു നിമിഷം മനസ്സിൽ ഓർത്തുപോയി”