29.4.09

6. ഓപ്പണ്‍ വോട്ട് അഥവാ രാഘവീയം






കണ്ണൂരെന്നു പറയുമ്പോള്‍ കലാപമെന്നു കേള്‍ക്കുന്നവരാണ് കണ്ണൂര്‍ക്കാരല്ലാത്ത മലയാളികള്‍. എന്നാല്‍ കണ്ണൂരിലാണെങ്കിലും കലാപമൊന്നും ഇല്ലാത്ത, പട്ടണമായി രൂപാന്തരപ്പെടുന്ന നാട്ടിന്‍പുറത്താണ് സംഭവം നടക്കുന്നത്.


അറിയപ്പെടുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും തുല്ല്യബലം ഉള്ളത് കൊണ്ടാവാം, ഇവിടെ പ്രശ്നങ്ങള്‍ ഇല്ലാത്തത്. ഒരടി കൊടുത്താല്‍ അത് ഒന്നിന് പത്ത്, പത്തിന് നൂറ്,….എന്നിങ്ങനെ പെരുകി; കൊണ്ടവനും കൊടുത്തവനും നഷ്ടങ്ങള്‍ മാത്രം അവശേഷിക്കും എന്ന് ഇവിടെയുള്ള എല്ലാ പാര്‍ട്ടിക്കാര്‍ക്കും അറിയാം. അമ്പലങ്ങളും പള്ളികളും പാര്‍ട്ടിയാപ്പീസും ഒറ്റ ഷോട്ടില്‍ കാണുന്ന സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അതു കൊണ്ട് എല്ലാ ഇന്ത്യക്കാരും സഹോദരീ- സഹോദരന്മാരായി വാഴുന്ന ഈ നാട്ടിലാണ് രാഘവചരിതം അവസാനഭാഗം ആരംഭിക്കുന്നത്.



രാഘവന്‍-ഇപ്പോള്‍ എണ്‍പത് വയസ്സ്- ജീവിതത്തിന്റെ നല്ല ഭാഗങ്ങള്‍ കമ്യൂണിസ്റ്റ് ആയും പിന്നെ രൂപാന്തരപ്പെട്ട് മാര്‍ക്സിസ്റ്റ് ആയും ജീവിച്ചവന്‍… ചുവപ്പ്…‘കണ്ടാലും കേട്ടാലും‘ രക്തം തിളക്കുന്നവന്‍, ചിലപ്പോള്‍ ആവേശം കൊണ്ട് ഒറ്റക്ക് ഇങ്ക്വിലാബ് വിളിക്കും. ഇടതുപക്ഷ ജാഥ ഉണ്ടെങ്കില്‍ കാര്യം അറിയണമെന്നില്ല, രാഘവന്‍ കൂട്ടത്തില്‍ കടന്ന് മുദ്രാവാക്ക്യം വിളിക്കും. ഞങ്ങളുടെ മണ്ഡലത്തില്‍ സ്ഥിരമായി ഇടത്പക്ഷം ജയിക്കാനുള്ള കാരണം രാഘവന്റെ പ്രവര്‍ത്തനങ്ങളാണെന്ന് രാഘവന്‍ ഉറച്ച് വിശ്വസിക്കുന്നു. അങ്ങനെയുള്ള ഈ രാഘവന്‍ പെട്ടെന്ന് ഒരു ദിവസം മാര്‍ക്സിസ്റ്റ് വിരോധി ആയി മാറി.

കാരണം???


...ഫ്ലാഷ് ബാക്ക്…


ഒരു ദിവസം….


ഉച്ചയൂണും കഴിഞ്ഞ് ഏമ്പക്കവും ഇട്ട് ചാരുകസാലയില്‍ ഇരുന്ന് ആദ്യമായി സ്വന്തം ജീവിതത്തെപറ്റി രാഘവന്‍ ചിന്തിക്കാന്‍ തുടങ്ങി. ആണ്‍മക്കള്‍ രണ്ടാള്‍ക്കും സര്‍ക്കാര്‍ ജോലിയുണ്ട്. പെണ്ണൊന്നിനെ കല്ല്യാണം കഴിച്ചത് സ്ക്കൂള്‍ മാസ്റ്റര്‍. നാലേക്കറോളം പറമ്പില്‍ നിന്നും തേങ്ങ, അടയ്ക്ക, കുരുമുളക്, കശുവണ്ടി…ആദിയായവ ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്. പക്ഷെ…നമ്മുടെ രാഘവേട്ടന്റെ കൈവശം ലഭിക്കുന്ന പണം….‘വട്ടപൂജ്യം ….കാരണം വീട്ടിലെ ക്യേഷ്യറും അക്കൌണ്ടന്റും അദ്ദേഹത്തിന്റെ ഭാര്യ മാധവി,യാണ്. മുന്‍പ് രാഘവേട്ടന്‍ കച്ചവടം നടത്തി നഷ്ടം വരുത്തിയത് ഓര്‍മ്മയുള്ളതിനാല്‍ പണം അദ്ദേഹത്തിന്റെ കൈയില്‍ കോടുക്കാന്‍ ഭാര്യക്കും മക്കള്‍ക്കും ധൈര്യം ഇല്ല.



അങ്ങനെ ചിന്തിച്ചിരിക്കെ പോസ്റ്റ്മാന്‍ ടെലിഫോണ്‍ ബില്ലുമായി വന്നു. കുറേ വീടുകളില്‍ പെന്‍ഷന്‍ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് ടെലിഫോന്‍ ബില്‍ നീട്ടിയെറിഞ്ഞ് സ്ഥലം വിട്ടു. പെട്ടെന്ന് രാഘവേട്ടന്റെ തലയില്‍ ഒരു വെളിച്ചം മിന്നി. ‘പെന്‍ഷന്‍’…തനിക്കും മാത്രം പെന്‍ഷനില്ല… മാധവന്‍ മാഷിന് സര്‍വീസ് പെന്‍ഷന്‍, ഗോപാലന് മിലിറ്ററീ പെന്‍ഷന്‍, മുടന്തനായ മജീദിന് വികലാംഗ പെന്‍ഷന്‍, കുമാരന് വാര്‍ധ്യക്ക്യകാല പെന്‍ഷന്‍, ജോസഫിന് കര്‍ഷക പെന്‍ഷന്‍, നാരായണിക്ക് ഫാമിലി പെന്‍ഷന്‍, സുമംഗലക്ക് വിധവാപെന്‍ഷന്‍, ശാരദക്ക് കല്ല്യാണം കഴിയാത്തതിനാല്‍ പെന്‍ഷന്‍, സുശീലക്ക് തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ...എല്ലാ അയല്‍ വാസികളും പെന്‍ഷന്‍ വാങ്ങുന്നു. തനിക്ക് മാത്രം പെന്‍ഷന്‍ ഇല്ല.…


അങ്ങനെ ചിന്തിച്ച് നേരെ സ്വന്തം പാര്‍ട്ടിയാപ്പീസിലേക്ക് വെച്ചടിച്ചു. കാര്യം പറയുമ്പോള്‍ എല്ലാവരും ചിരിച്ചു; പിന്നെ കൂട്ടചിരിയായി. സ്വന്തമായി വരുമാനം ഉള്ളവര്‍ക്ക് പെന്‍ഷന്‍ ഇല്ല പോലും. സ്വന്തം പേരില്‍ സ്ഥലവും, കല്ല്യാണം കഴിയാത്ത രണ്ട് ആണ്‍ മക്കളും ഉണ്ടായത് തന്റെ കുറ്റമാണോ?


ഒടുവില്‍ സഖാവ് രാമചന്ദ്രന്‍ സൂത്രം പറഞ്ഞുകൊടുത്തു. സ്വത്ത് മക്കള്‍ക്കും ഭാര്യക്കും എഴുതി കൊടുക്കുക, പിന്നെ ആണ്‍ മക്കളെ കല്ല്യാണം കഴിപ്പിക്കുക. ശേഷം പെന്‍ഷന്‍ റഡി. എത്ര നല്ല നടക്കാ‍ത്ത കാര്യം.

തിരിച്ചു വരുമ്പോള്‍ തന്റെ സങ്കടങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസ്സ്കാരനായ വാര്‍ഡ് മെംബറോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണം കിട്ടിയാല്‍ പെന്‍ഷന്‍ ശരിയാക്കാം എന്ന് മെംബര്‍ ഉറപ്പ് നല്‍കി.



അങ്ങനെ തിരിച്ചു വന്നത് പുതിയ രാഘവനാണ്. ചുവപ്പ് കണ്ടാല്‍ കാളയേപോലെ പോരെടുക്കുന്ന രാഘവന്‍. പാര്‍ട്ടിയെ തോല്പിക്കുക എന്ന ലക്ഷ്യവുമായി പിന്നീട് രാഘവന്‍ ജീവിച്ചു. എന്നാല്‍ പരസ്യമായി പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്താന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നായി അറിയുന്ന രാഘവന് ധൈര്യം വന്നില്ല.

അങ്ങനെയിരിക്കെ വിഷു, തെരഞ്ഞെടുപ്പ് എന്നീ‍ ആഘോഷങ്ങള്‍ ഒന്നിച്ച് വന്നു. രണ്ടും ‘പടക്കം‘ (ബോംബ്) പൊട്ടിക്കാനുള്ള അവസരം. ഭാരതത്തിന്റെ ഭാവി ഭരണം തീരുമാനിക്കാനുള്ള വോട്ട് രേഖപ്പെടുത്താനുള്ള ദിവസം പുലര്‍ന്നു. പോളിങ്ങ് ബൂത്തില്‍ എത്താന്‍ അഞ്ച് മിനുട്ട് ബസ്സിലും പിന്നെ പത്ത് മിനുട്ട് നടക്കുകയും വേണം. സാധരണയായി രാഘവനെ പോലെ പ്രായമായവരെല്ലാം ബൂത്തിനു സമീപം ഇരുന്നൂറ് മീറ്റര്‍ പരിധിയില്‍ വാഹനത്തിലാണ് യാത്ര. ‘കത്തി മാറ്റി കൈ പിടിച്ച’ കാര്യം കമ്മിറ്റി കൂടി ചര്‍ച്ച ചെയ്തതിനാല്‍ മാ‍ര്‍ക്സിസ്റ്റ്കാര്‍ ആരും ആ വീട്ടിനു മുന്നില്‍ വന്നില്ല.


ഉച്ച ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിലയേറിയ വോട്ടിനായി രാഘവേട്ടനെ ബൂത്തിലെത്തിക്കാന്‍ കാറുമായി വന്നത്. മഴക്കാ‍റ് കണ്ട കുടവില്പനക്കാരനെപോലെ ഉള്ളിലുള്ള സന്തോഷം ഉള്ളില്‍ തന്നെ ഒതുക്കി കാറില്‍ കയറി. ബൂത്തിലെത്തിയപ്പോഴാണ് നീണ്ട ക്യൂ കാണുന്നത്. എല്ലാ പഹയന്മാരും ഉച്ചഭക്ഷണം കഴിഞ്ഞായിരിക്കാം വോട്ട് ചെയ്യാന്‍ വന്നത്. കൂടെ വന്ന ബാബുരാജ് ‘കൈ’ കാണിച്ച് കൊടുത്തശേഷം നമ്മുടെ രാഘവേട്ടനെ ക്യൂവിന്റെ പിന്നില്‍ നിര്‍ത്തി ഉടനെ വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. ഇരയേ കണ്ട പരുന്തിനെ പോലെ നടക്കുന്ന മാര്‍ക്സിസ്റ്റുകാരെ അവഗണിച്ച് അദ്ദേഹം തലയുയര്‍ത്തി നിന്നു.


പക്ഷേ പത്ത് മിനുട്ട് കഴിഞ്ഞിട്ടും ‘ക്യൂ‘ മുന്നോട്ട് നീങ്ങുന്നില്ല. ഇങ്ങനെ പോയാല്‍ വോട്ട് ചെയ്യാന്‍ ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ വേണ്ടി വരും. കഴിച്ച ഭക്ഷണത്തിലെ ഊര്‍ജ്ജം മുഴുവന്‍ തീരാറായി; ഇനി ബോധക്കേടായി വീണാല്‍ പുതിയ പാര്‍ട്ടിക്കാര്‍ ഉണ്ടല്ലോ,,. വീണ്ടും പത്ത് മിനുട്ട് കഴിഞ്ഞു, അപ്പോഴാണ് പിന്നില്‍ നിന്നും ഒരു വിളി


“രാഘവേട്ടാ,“ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പരിചയവും ഇല്ലാത്ത ഒരു ചെറുപ്പക്കാരന്‍.



“എത്ര സമയമാ ഇങ്ങനെ ക്യൂ നില്‍ക്കേണ്ടത്, ഇനിയും രണ്ട് മണിക്കൂര്‍ നിന്നാല്‍ ബോധംകെട്ട് വീഴുമല്ലൊ”.പയ്യന്‍ വിടുന്ന മട്ടില്ല.


“എന്റെ കൂടെ വന്നാല്‍ പെട്ടെന്ന് വോട്ട് ചെയ്യാം”. അവന്‍ ചെവിയില്‍ പറഞ്ഞു.


നമ്മുടെ രാഘവേട്ടനെ ക്യൂവില്‍ നിന്നും കൈ പിടിച്ചു മാറ്റി സ്ക്കൂളിന്റെ മറുവശത്ത് കൂടെ ചെറുപ്പക്കാരന്‍ കൊണ്ടുപോയി….നേരെ ബൂത്തിനകത്തേക്ക് ….


“പിന്നെ ആരെങ്കിലും ചോദിച്ചാല്‍ കണ്ണ് കാണില്ല എന്ന് പറഞ്ഞാല്‍ മതി“ (അവന്‍ രഹസ്യമായി പറഞ്ഞു). ഓ കാര്യം പിടി കിട്ടി. ‘ഓപ്പണ്‍ വോട്ട്’ നല്ല സൂത്രം.


അങ്ങനെ ജീവിതത്തില്‍ ആദ്യമായി കണ്ണ് നന്നായി കാണുന്ന രാഘവേട്ടന്‍ ഓപ്പണ്‍ വോട്ട് ചെയ്തു. നല്ല പയ്യന്‍ നല്ല സൂത്രം. ക്യൂ നില്‍ക്കുന്ന നാട്ടുകാരെ പറ്റിച്ച സന്തോഷത്തോടെ ബൂത്തില്‍ നിന്നും പുറത്തിറങ്ങി ആ ചെറുപ്പക്കാരനോട് നന്ദി പറയാനായി തിരിഞ്ഞ് നിന്നു. എന്നാല്‍ അവന്‍ അപ്രത്യക്ഷനായിരിക്കുന്നു. തന്നെ നോക്കി അടക്കം പറയുന്ന നാട്ടുകാരെ ശ്രദ്ധിക്കാതെ നേരെ കാറിനടുത്തേക്ക് നടന്നു.


ഡോര്‍ തുറക്കാന്‍ ശ്രമിക്കുമ്പോഴേക്കും ബാബുരാജ് ഓടിവന്നു.



“രാഘവേട്ടാ ഇനി ഈ കാറില്‍ നിങ്ങളെ കയറ്റില്ല. നന്നായി കണ്ണ് കാണുന്ന നിങ്ങളെന്തിനാ മാര്‍ക്സിസ്റ്റ്കാരന്റെ കൂടെ പോയി ഓപ്പണ്‍ വോട്ട് ചെയ്തത്?”.


രാഘവന്‍ ഞെട്ടി, ‘അപ്പോള്‍ ആ ചെറുപ്പക്കാരന്‍ മാര്‍ക്സിസ്റ്റ്കാരനായിരുന്നോ, അവന്‍ കുത്തിയത് കൈയിലല്ല, കത്തിയില്‍ തന്നെയാവും!!!‘


തന്റെ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞെന്ന് തിരിച്ചറിഞ്ഞ രാഘവന്‍ ആകെ വിയര്‍ത്ത്കൊണ്ട് വീട്ടിലേക്ക് തിരിച്ചു നടന്നു.

20.4.09

5. അങ്ങനെ ഒരു കോടതി ബിരിയാണി.........?


നമ്മുടെ ‘തലശ്ശേരിക്കാരന്‍’ ആദ്യ മലയാള നോവലിസ്റ്റിനെ ഓര്‍മ്മയുണ്ടോ?
...
‘ഇന്ദുലേഖയുടെ’ കര്‍ത്താവ് ‘ചന്തുമേനോന്‍’ ,
...
അദ്ദേഹം സായിപ്പന്മാരായ ജഡ്ജിമാരും വക്കീലന്മാരും നിറഞ്ഞ കോടതിയില്‍ വെച്ച് മാരാരെ കൊണ്ട് ചെണ്ടകൊട്ടിച്ച സംഭവം ഓര്‍ത്തുകൊണ്ട് ഞാന്‍ ഈ പോസ്റ്റ് ആരംഭിക്കുന്നു.
....
....
....ജഡ്ജി‌‌....
....
അതിനു മുകളില്‍ ആരെങ്കിലും ഉണ്ടോ?
???
മാളിക മുകളേറിയ മന്ത്രിയെ പീഠനകേസില്‍ പ്രതിയാക്കാനും പീഠനകേസിലെ പ്രതിയേ സാമൂഹ്യസേവകനാക്കാനും ഒരു ജഡ്ജി വിചാരിച്ചാല്‍ കഴിയും.
....
....
ഏറണാകുളത്തുള്ള ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്താക്കണമെന്ന് പറയുന്നു.
‘എന്റെ അഭിപ്രായം മറിച്ചാണ്. തിരുവനന്തപുരത്തുള്ള ആ ‘നിയമസഭാമന്ദിരം, സെക്രട്ടേറിയറ്റ്, പരീക്ഷാഭവന്‍, പീ.എസ്.സി. ഓഫീസ്‘ ആദിയായവ മാറ്റി ഏറണാകുളത്താക്കിയാല്‍ വളരെ നന്നായിരിക്കും‘.
കേരളത്തിന്റെ തലസ്ഥാനം തെക്കെ അറ്റത്തും ഇന്ത്യയുടെ തലസ്ഥാനം വടക്കെ അറ്റത്തും ആയത് കൊണ്ട് കഷ്ടപ്പെടുന്ന കണ്ണൂര്കാര്‍ക്ക് ഈ മാറ്റം കൊണ്ട് ആശ്വാസം ലഭിക്കും. ചിലപ്പോള്‍ ഇവിടെയുള്ള കൊലപാതക പരമ്പര അവസാനിക്കും.
.....
.....
.....
ഇവിടെ കഥാനായകനായ നമ്മുടെ ജഡ്ജിക്ക് മാത്രമായ ചില പ്രത്യേകതകള്‍ ഉണ്ട്. വലിയ കറുത്ത ശരീരം. കറുത്ത കോട്ടിട്ട് വെളുത്ത ടൈ കെട്ടി അല്പം ഇരുട്ടുള്ള തൊണ്ടിസാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ നമ്മുടെ ജഡ്ജി കടന്നാല്‍ ടൈയുടെ തിളങ്ങുന്ന വെളുപ്പ് കണ്ട് വേണം ആളെ തിരിച്ചറിയാന്‍. ചേംബറില്‍ നിന്ന് പുറത്തിറങ്ങുന്നത്, കാലടിശബ്ദം കേട്ടാല്‍ തിരിച്ചറിയാം.(ജുറാസിക് പാര്‍ക്കിനെ ഓര്‍ക്കുക). ജഡ്ജി ഓരോ കാലടി അമര്‍ത്തി ചവിട്ടുന്നുണ്ടെങ്കിലും ഓഫീസിലുള്ളവരെല്ലാം അദ്ദേഹത്തിന്റെ മുന്നില്‍ ....‘കാറ്റ് വാക്കിങ്ങ്‘..... നടത്താറാണ് പതിവ്.
...
...
പിന്നെ അദ്ദേഹത്തിന്റെ ഒച്ച കേട്ട് പേടിക്കാത്ത ഒരു ജൂനിയര്‍ ഉദ്യോഗസ്ഥനും ആ കോടതിയിലില്ല. ഫയല്‍ എത്തിക്കാനൊ, ചൊദ്യത്തിന് മറുപടി പറയാനൊ അല്പം വൈകിയാല്‍ …പിന്നെ അവിടെ നില്‍ക്കേണ്ട. ചിലപ്പോള്‍ തൂക്കിക്കൊല്ലുമോ എന്ന് തോന്നും. ….ഓര്‍ഡര്‍,,ഓര്‍ഡര്‍…
...
...
ഓഫീസിലുള്ളവരെല്ലാം വെപ്രാളപ്പെട്ട് ഓടുന്നുണ്ടെങ്കില്‍ മനസ്സിലാക്കാം —‘ജഡ്ജി ഇറങ്ങിയിട്ടുണ്ട്‘-- വളരെ രഹസ്യമായി അദ്ദേഹത്തിന് ഒരു ഓമനപ്പേരുണ്ട്.
...
...
—കരിംഭൂതം--…
...
അങ്ങനെയിരിക്കെ ഒരു പ്രത്യേക ദിവസം വന്നു. അന്നാണ് 27 വര്‍ഷത്തെ സേവനത്തിനു ശേഷം കോടതി ഓഫീസിലെ ശിപായി (പ്യൂണ്‍) റിട്ടയര്‍ ചെയ്യുന്നത്. ഇത്രയും കാലം ഏഷണിയുടെയും ഭീഷണിയുടെയും തണലില്‍ ജീവിച്ച പാവം ഇന്ന് മുതല്‍ സ്വാതന്ത്ര്യം നേടുകയാണ്. ഇത്രയും കാലം സേവിച്ച ആള്‍ക്ക് അനുയോജ്യമായ യാത്രയയപ്പ് നല്‍കാന്‍ തീരുമാനിച്ചു. അതിലെ ഒരിനമാണ് ഉച്ചഭക്ഷണം. ജഡ്ജിയും വക്കീലും മജിസ്രേട്ടും ആമീനും ക്ലാര്‍ക്കും പ്യൂണും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന അസുലഭ അവസരമാണ്, ഇത്തരം യാത്രയയപ്പുകള്‍,.
...
...
ഉച്ച ഭക്ഷണം നഗരത്തിലെ മികച്ച ഹോട്ടലില്‍ നിന്നും കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി. ജഡ്ജിയുടെ ചേംബറിനു തൊട്ടടുത്ത മുറിയാണ് ഭക്ഷണത്തിനു വേണ്ടി ഒരുക്കിയത്. എല്ലാവര്‍ക്കും ഇരിപ്പിടം ഒരുക്കിയപ്പോള്‍ ജഡ്ജിക്കു ഒരു വീ‍ഐപീ ഇരിപ്പിടം തയ്യാറാക്കി. ഇന്നത്തെ താരം ജഡ്ജി തന്നെ, അല്ലാതെ പെന്‍ഷനാവുന്ന പ്യൂണ്‍ അല്ല. ഹോട്ടലില്‍ നിന്നും ബിരിയാണി പാര്‍സല്‍ വന്നതോടെ എല്ലാവരും ഭക്ഷണത്തിനു തയ്യാറായി. ചേംബറില്‍ ഇരിക്കുന്ന ജഡ്ജിയെ ഭക്ഷണ കാര്യം അറിയിച്ചു.
...
...
അദ്ദേഹം പുറത്ത് വന്നതോടെ സദസ്സ് നിശബ്ദമായി. പരിപാടിയുടെ ചുമതലയുള്ള സീനിയറായ ക്ലാര്‍ക്ക് വീഐപീ ഇരിപ്പിടം കാണിച്ചു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ‘നമ്മുടെ വിഐപി, ഭക്ഷണ പായ്ക്കറ്റ് വെച്ച ഭാഗത്തേക്ക് പോയി നല്ലത് നോക്കി രണ്ട് ബിരിയാണി പായ്ക്കറ്റ് എടുത്ത് നേരെ അകത്തേക്ക് കടന്ന് വാതിലടച്ചു. അല്പം വിഷമം തോന്നിയെങ്കിലും എല്ലാവരും ആശ്വസിച്ചു. ‘നേരാംവണ്ണം ഒച്ചവെച്ച് കഴിക്കാമല്ലൊ’.
..
സദസ്സിലുള്ള എല്ലാവരുടെയും മുന്നില്‍ ബിരിയാണി പായ്ക്കറ്റുകള്‍ നിരന്നു. അധികമുള്ള പായ്ക്കറ്റ് ഇടയ്ക്കിടെ കോടതിയില്‍ വരുന്ന പോലിസുകാര്‍ക്കു കൊടുത്തു.
ചിരിച്ചും തമാശ പറഞ്ഞും ബിരിയാണി പൊതിഞ്ഞ മനോരമ തുറന്നു, പിന്നെ പതുക്കെ, ചൂടുകൊണ്ട് വാടിയ വാഴയില തുറന്നു. ‘ഹായ്, ചൂടുള്ള ബിരിയാണിയുടെ മണം’.... അതില്‍ അല്പം പതുക്കെ വലത് കൈയില്‍ എടുത്ത് വായിലിടുന്നതിനു മുന്‍പ്… ‘എല്ലാവരും ഞെട്ടി.!!!!
....
....
അതാ ജഡ്ജി വാതില്‍ തുറന്ന് ചേംബറില്‍ നിന്നും പുറത്ത് വരുന്നു. ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളുമായി മന്ദം മന്ദം ഓരോ കാലടി വെച്ച് നടന്ന് നടന്ന് വരുന്ന ജഡ്ജിയുടെ രണ്ട് കൈകളിലും ഓരോ കോഴിയെ കഴുത്ത് ഞെരിച്ച് തൂക്കിപിടിച്ചിരിക്കുന്നു,.
....
.…വലത് കൈയില്‍ നാടന്‍ കോഴി (ചുവപ്പ് നിറം)…..ഇടത് കൈയില്‍ ലഗോണ്‍ കോഴി (വെള്ള നിറം) . അങ്ങനെ നടന്ന് രണ്ട് കൈയിലുള്ളതും ഒഴിഞ്ഞ മേശമേല്‍ എറിഞ്ഞ്, ചുറ്റുപാടും നിരീക്ഷിച്ച് അമര്‍ത്തി ഒന്നു മൂളി വന്നത് പോലെ തിരിച്ചുപോയി.
...
ആദ്യത്തെ ഞട്ടല്‍ മാറി എല്ലാവരും ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്…. വലതു കൈയില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലെ അച്ചാറും, ഇടതു കൈയില്‍ തൈരുമാണെന്ന് ….അപ്പോള്‍ നമ്മുടെ വിഐപി എടുത്ത പായ്ക്ക്റ്റുകള്‍ എല്ലാവര്‍ക്കും വേണ്ട അച്ചാറും തൈരുമാണ്!!!
....
....
അച്ചാറും തൈരും ജഡ്ജിക്ക്…ബിരിയാണി...???
???
പിന്നെ സംഭവിച്ചത്...???
???
ഹോട്ടലില്‍ പോയി പുതിയ ബിരിയാണി വരുത്തി ജഡ്ജിക്കു നല്‍കുന്നതു വരെ മറ്റുള്ളവര്‍, തുറന്ന ബിരിയാണി അടച്ച് വെച്ചു. ബിരിയാണിയുടെ കൂടെ ‘തൊട്ട്കൂട്ടാന്‍ അച്ചാറും തൈരും വേണമെന്ന്‘ ആരും പറഞ്ഞില്ല. മേശമേലുള്ള അച്ചാറും തൈരും ‘ഒന്ന് തൊടാന്‍‘ കൂട്ടത്തിലാര്‍ക്കും ധൈര്യം വന്നില്ല. കഴുത്ത് ഞെരിച്ച് കൊന്ന ലഗോണ്‍ കോഴിയും നാടന്‍ കോഴിയും തോല് പൊളിക്കാതെ മേശപ്പുറത്ത് തന്നെ കിടക്കുകയാണ്.

7.4.09

4. ഒരു മിസ്സ്ഡ് കോള്‍


ആധുനിക ജീവിതത്തിന്റെ ഒരു അടയാളമായി ഇന്ന് മൊബൈല്‍ ഫോണ്‍ മാറിയിരിക്കയാണ്. ജനിച്ച കുട്ടിക്ക് നല്‍കുന്ന സമ്മാനങ്ങളുടെ കൂട്ടത്തില്‍ ഒരു മൊബൈല്‍ കൂടി ഉള്‍പ്പെടുന്ന കാലമാണിത്.
തുടക്കത്തില്‍ മൊബൈല്‍ പുരുഷന്മാരുടെ കുത്തക ആയിരുന്നു. ഇന്ന് സ്ത്രീകള്‍ക്കും വാനിറ്റി ബാഗ് പോലെ ശരീരത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കയാണ് മൊബൈല്‍. ഇക്കാര്യത്തില്‍ ഞാനും ഒട്ടും പിന്നിലല്ല. പറമ്പില്‍ ചെടികള്‍ക്ക് വെള്ളം നനക്കുമ്പോഴും ടെറസ്സില്‍ കൊപ്ര ഉണക്കുമ്പോഴും എന്റെ ഐഡിയ കൂടെ കാണും.

ടെലിഫോണ്‍ ആദ്യമായി ജീവനോടെ കണ്ടത് എപ്പോഴാണ്?
ടെലിഫോണില്‍ ആദ്യമായി സംസാരിച്ചത് എപ്പോഴാണ്?
ഒരു കൊച്ചു കുട്ടിയോട് പോലും ചോദിക്കാന്‍ പാടില്ലാത്ത ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിക്കയാണ്,,.

ചൊവ്വ ഹൈ സ്ക്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹെഡ് മാസ്റ്റര്‍ ടെലിഫോണ്‍ ചെയ്യുന്നത് കാണാനും കേള്‍ക്കാനും ഓഫീസിലെ ജനല്‍കര്‍ട്ടന്റെ ഇടയിലൂടെ ഞങ്ങള്‍ തിക്കിതിരക്കി ഒളിഞ്ഞ് നോക്കും.
...
ആദ്യമായി ഫോണ്‍ ചെയ്തത്,,,,,അത് ഓര്‍മ്മയുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നില്ല. ഇന്ന് എന്റെ ശരീരത്തിന്റെ ഭാഗമായ ഈ മൊബൈലിന്റെ ചില സംഭവകഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
....
ജൂണ്‍ ഒന്നാം തീയതി പുതിയ സ്ക്കൂളില്‍ ഹെഡ് മിസ്ട്രസ് ആയി ഞാന്‍ ചാര്‍ജ്ജ് എടുത്തു. കുട്ടികള്‍ക്ക് അന്ന് ക്ലാസ്സില്ല. പകരം രക്ഷിതാക്കള്‍ക്ക് കൌണ്‍സിലിങ്ങ്. ഞാന്‍ അതില്‍ ‘പങ്കെടുക്കേണ്ടതില്ല‘ . എന്നാല്‍ പരിപാടി പകുതിയായപ്പോള്‍ പുതിയ ഹെഡ്ടീച്ചറായ എന്നെ, പി.ടി.എ.പ്രസിഡണ്ട്(അവിടെ ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മേലെയാണെന്ന് ഭാവം)സ്വീകരിച്ച് വേദിയില്‍ ഇരുത്തി എല്ലാവര്‍ക്കും പരിചയപ്പെടുത്തി.
...
പി.ടി.എ.പ്രസിഡണ്ട് ആശുപത്രി ജീവനക്കാരനായതിനാല്‍ കൌണ്‍സിലിങ്ങിന് വന്നത് ഡോക്റ്റര്‍മാരാണ്. കൌമാരപ്രായക്കാരുടെ പ്രശ്നങ്ങളാണ് കൌന്‍സിലിങ്ങ് വിഷയം. ആര്‍ത്തവം, സ്വയംഭോഗം, സ്വപ്നസ്ഖലനം ആദിയായവ ചേര്‍ത്ത് ഡോക്റ്റര്‍ മലയാളത്തിലും ഇംഗ്ലീഷിലും പൊടിപൊടിക്കുകയാണ്. സദസ്യരെല്ലാം വളരെ ശ്രദ്ധിച്ച് ആസ്വദിക്കുന്നു. ഞാന്‍ ബോറടിച്ച് ചാവാറായി.
രക്ഷപ്പെടാന്‍ ഐഡിയ കൈയിലുണ്ടല്ലോ;---റിങ്ങ് ടോണ്‍ ഞെക്കി. അതാ…‘ആറ്റിന്‍ കരയോരത്ത് ചാറ്റല്‍ മഴ പെയ്യുമ്പോഴേക്കും,‘…ഒരു മിനുട്ട്‘ എന്ന് പറഞ്ഞ് പുറത്തിറങ്ങി സൂപ്പര്‍ ഫാസ്റ്റ് സ്പീഡില്‍ ഞാന്‍ നേരെ ഓഫീസിലേക്കു നടന്നു. !!!കൂട്ടത്തില്‍ നിന്നും പുറത്ത് ചാടാനായി പല തവണ ഞാന്‍ ഈ സൂത്രം പ്രയോഗിച്ചിട്ടുണ്ട്.
...
സ്ക്കൂളില്‍ മൊബൈല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും സമീപമുള്ള തട്ടുകടകളില്‍ മൊബൈല്‍ മാത്രമല്ല, നിരോധിക്കപ്പെട്ട എല്ലാ വസ്തുക്കളും സൂക്ഷിക്കാനുള്ള ലോക്കറുകളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
...
....ഒരു കല്ല്യാണക്കാര്യം,....

കല്ല്യാണം കഴിഞ്ഞ് വരനും വധുവും ഒന്നിച്ച് കാറില്‍ വരുന്നു. കൂടെ വരന്റെ പെങ്ങളും ഉണ്ട്. പകുതി വഴിയായപ്പോള്‍ വരന്റെ കമ്പനിയിലെ ഹെഡാഫീസില്‍ നിന്നും വരന്റെ മൊബൈലില്‍ ഒരു വിളി.
കേരളത്തിലെ പതിവ് ചോദ്യം “നിങ്ങള്‍ എവിടെയാ ഉള്ളത്“?
സ്ഥലപ്പേര്‍ പറഞ്ഞപ്പോള്‍ ഉടനെ അറിയിപ്പ്; “ഓ ഇവിടെ അടുത്താണല്ലോ പെട്ടന്ന് ഇവിടെ എത്തണം. ഓഡിറ്റ് നടക്കുകയാ…”.
“അത് പിന്നേ ഇപ്പോള്‍ പറ്റില്ല.…” കല്ല്യാണക്കാര്യാം എല്ലാവരെയും അറിയിക്കാത്തതിനാല്‍ ആകെ പരുങ്ങലായി.
ഉടനെ പെങ്ങള്‍ മൊബൈല്‍ പിടിച്ചു വാങ്ങി അറിയിച്ചു “നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ പരിധിക്കു പുറത്താണ്”.
...

ജീവനും സ്വത്തിനും സുരക്ഷ നല്‍കാനും മൊബൈല്‍ സഹായിക്കാറുണ്ട്. 100ല്‍ വിളിച്ചാല്‍ പണചെലവില്ലെന്ന് അഞ്ച് തവണ വിളിച്ചപ്പോള്‍ എനിക്കു മനസ്സിലായി.
...
മക്കളെ ഇടയ്ക്കിടെ വിളിക്കുമ്പോള്‍ ടെന്‍ഷന്‍ കുറക്കാന്‍ കഴിയുന്നു. അത് പോലെ മക്കള്‍ പരിധിക്ക് പുറത്താണെന്ന് അറിയുമ്പോള്‍ ടെന്‍ഷന്‍ കൂട്ടാനും മൊബൈല്‍ സഹായിക്കുന്നുണ്ട്.
...

ഇനി ഒരു കല്ല്യാണക്കാര്യം കൂടി.
പയ്യന്‍ ഗള്‍ഫിലായതിനാല്‍ ബന്ധുക്കള്‍ വന്ന് പെണ്ണിനെ കണ്ടു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. നല്ല ജോലി, നല്ല കടുംബം, നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഫോട്ടൊ കണ്ടപ്പോള്‍ ഡീസന്റ് ഫലോ. കല്ല്യാണം ഏതാണ്ട് ഉറപ്പായപ്പോള്‍ ചെക്കനൊരു പൂതി, പെണ്ണിനെ ഒന്ന് മൊബൈലില്‍ വിളിച്ചാലോ,,. വീട്ടുകാരുടെ സമ്മതപ്രകാരം രാത്രി പെണ്ണിനെ വിളിച്ചു.
...
പിറ്റേ ദിവസം രാവിലെ ഉറക്കമുണര്‍ന്ന പെണ്ണ് പറയുന്നു. ”എനിക്ക് അവനെ വേണ്ട”. കാരണം ഒരു മൊബൈല്‍ വിളി തന്നെ.
...
അങ്ങനെ പുതിയ പുതിയ വേഷത്തിലും ഭാവത്തിലും അവന്‍ വരുന്നു.
നിര്‍ത്തട്ടെ...ഇതാ എന്റെ മൊബൈല്‍ വിളിക്കുന്നു.
...