10.5.15

പട്ടിയും ആധാരവും പിന്നെ ഞാനും


പട്ടിയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്റ്റർ ചോദിച്ചു,
“ബി.പി.എൽ. ആണോ?”
“അത്,, പട്ടിയുടെപേര് റേഷൻ‌കാർഡിലില്ല ഡോക്റ്ററേ”
“പട്ടിയുടെ കാര്യമല്ല, നിങ്ങളുടെ കാർഡ് ബി.പി.എൽ. ആണെങ്കിൽ അതുമായിട്ട് വരണം”
“എന്റെ അയല്പക്കത്തെ മൊതലാളിക്ക് ബി.പി.എൽ. കാർഡാണ്, അതുമതിയോ ഡോക്റ്ററെ?”
“എടോ, കടിച്ചത് പേപ്പട്ടി ആണെങ്കിൽ സ്വന്തമായി ബി.പി.എൽ. കാർഡുള്ളവർക്ക് മാത്രമേ ഇവിടെ മരുന്നുള്ളൂ”
“ഇനിമുതൽ റേഷൻ കാർഡ് നോക്കിയിട്ട് കടിക്കാൻ പട്ടിയോട് പറയാം. ഡോക്റ്ററെ,,, ഇത് പേപ്പട്ടിയൊന്നുമല്ല. അഥവാ എനിക്ക് പേയുണ്ടായാൽ”
“പേയുണ്ടായാൽ താനെന്ത് ചെയ്യും?”
“പകരം ചോദിക്കണമെന്ന് തോന്നുന്നവരുടെ പേരുകൾ ഞാനിപ്പൊഴെ തയ്യാറാക്കുന്നുണ്ട്,, ആനേരത്ത് അവരെയൊക്കെ ഞാൻ കടിക്കും. അതിൽ ഒന്നാം നമ്പരായിട്ട് ഡോക്റ്ററുടെ പേര് ഏതായാലും ചേർക്കുന്നില്ല”
“അതൊക്കെ ആനേരത്ത്,,, താങ്കളെ കടിച്ചത് പേപ്പട്ടിയല്ലെന്ന് പറയാൻ കാരണം?”
“എന്റെവീട്ടിൽ ഞാൻ സ്വന്തമായി വളർത്തുന്ന എന്റെപട്ടി എന്നെ കടിച്ചതാണ്. ഡോക്റ്റർ കേട്ടിട്ടില്ലെ,,, ‘പാലുകൊടുത്ത കൈയിൽ കടിക്കുക’ എന്ന്; ഇന്നുരാവിലെയും ഞാനവന് പാലുകൊടുത്തതാണ്”
“തന്റെ പട്ടിയെന്തിനാടൊ തന്റെ കൈയിൽ കടിച്ചത്?”
“അതൊരു സംഭവമാ ഡോക്റ്റർ,,, എന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതും കളിപ്പിക്കുന്നതും ഫുഡ് കൊടുക്കുന്നതും അപ്പിയിടീക്കുന്നതും ഞാൻ തന്നെയാണ്. എന്നും രാവിലെ കൂടുതുറന്നാൽ അവൻ നേരെയങ്ങോട്ട് ഓടും, അടുത്ത വീടിന്റെ അടുക്കളപ്പുറത്ത്”
“അതെന്തിനാണ്?”
“അപ്പിയിടാൻ,, അവന്റെ സ്ഥിരംസെന്റർ അവിടെയാണ്, എന്നിട്ട്,,”
“എന്നിട്ട്,,,”
“അടുത്ത വീട്ടുകാരുമായി ഇക്കാര്യം പറഞ്ഞ് എന്നും വഴക്കാണ്. ഇന്നുരാവിലെ അയാളെന്നോട് പറഞ്ഞു, ‘ഇനിയിങ്ങോട്ട് വന്നാൽ ആറ്കാലും തല്ലിയൊടിക്കുമെന്ന്’, എന്റേതും പട്ടിയുടെതും ടോട്ടൽ ഫോർ പ്ലസ് ടൂ”
“അയ്യൊ പാവം, അതിന് തന്നെയെന്തിനാ പട്ടികടിച്ചത്?”
“ഞാനവനോട് പറഞ്ഞു, ‘പട്ടിക്ക് പുരയിടത്തിന്റെ അതിരൊന്നും അറിയില്ലല്ലൊ, വേലിയും മതിലുമൊക്കെ മനുഷ്യർക്കല്ലെ’, എന്ന്. അപ്പോൾ അയാൾ പറഞ്ഞു, പട്ടിക്ക് സ്ഥലം മനസ്സിലായില്ലെങ്കിൽ താൻ വീട്ടുപറമ്പിന്റെ ആധാരമെടുത്ത് പട്ടിയെ കാണിച്ചുകൊടുക്ക്’, എന്ന്”
“എന്നിട്ട് താനെന്ത് ചെയ്തു?”
“ഞാൻ നേരെ അകത്തേക്കുപോയി പത്തായത്തിലെ പെട്ടിതുറന്ന് ആധാരം പൊടിതട്ടിയെടുത്തു”
“ആധാർ”
“ആധാറല്ല സാർ, ആധാരം,,, രം. അതു കാണിച്ചുകൊടുത്തിട്ട് പട്ടിയോട് ഞാൻപറഞ്ഞു, ‘നോക്കെടാ പട്ടി ആധാരത്തിൽ പറയുന്നതിനപ്പുറം ഇനിയങ്ങോട്ട് പോവാൻ പാടില്ല,,,’ എന്ന്, അപ്പോൾ അവൻ”
“അവനെന്ത് ചെയ്തു?,,”
“അവന് വല്ലാതങ്ങ് ദേഷ്യംവന്നിട്ട് എനിക്കിട്ടൊരു കടിതന്നു, എന്നിട്ട് പറയാ,,,”
“പറയാനോ,,?”
“അതെ സാർ, എന്റെ പട്ടി എന്നോട് പറയാണ്,,, എടാ മരമണ്ടാ,,, രണ്ടക്ഷരം പഠിക്കേണ്ട കാലത്ത് സ്ക്കൂളിലൊന്നും അയക്കാതെ വീടുകാവലിന് നിർത്തി ബാലവേല ചെയ്യിപ്പിച്ചിട്ട് ഇപ്പോൾ എന്നോട് വായിക്കാൻ പറയുന്നോ? തന്നെ ഞാൻ വെറുതെ വിടില്ല,,,”