27.12.09

കലക്ട്രേറ്റും ഡിഡി ഓഫീസും




                                പഠിക്കാനും പഠിപ്പിക്കാനുമായി ഏറ്റവും കൂടുതൽ സമയം(കാലം) ബസ്‌യാത്ര ചെയ്തതിന്റെ ക്രഡിറ്റ് ‘എനിക്ക്’ ആയിരിക്കും എന്ന് ‘എനിക്ക്’ തോന്നുന്നു. ആകെ കൂട്ടിയപ്പോൾ കിട്ടിയത്, ഏതാണ്ട് ‘15000 മണിക്കൂർ’; അതിന്റെ കൂടെ എന്റെ സ്വകാര്യ കുടുംബയാത്രകളുടെ കണക്ക് വേറെയുണ്ട്. ഈ ബസ്‌യാത്രകൾ ഒരിക്കലും എനിക്ക് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. മിക്കവാറും ബസ്‌യാത്രകൾ ഞാൻ ആസ്വദിക്കാറുണ്ട്.

                                  എന്റെ നാട്ടിൽ‌നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സിൽ നല്ല തിരക്ക് ഉണ്ടാവും. കണ്ണൂർ വരെ എത്രയോ ദിവസം നിന്നുകൊണ്ട് 45 മിനിട്ട് യാത്ര ചെയ്തിട്ടുണ്ട്. (ഒരിക്കൽ കോഴിക്കോട് മുതൽ കണ്ണൂർ വരെ നിന്ന്‌കൊണ്ടുള്ള യാത്രയും ചെയ്തിട്ടുണ്ട്). എങ്കിലും, ബസ് നിർത്തിയ ഉടനെ ഞാൻ മറ്റുള്ളവരെ തള്ളിമാറ്റി മുന്നിലെത്തി, ഇടിച്ചുകയറി ഒഴിഞ്ഞ സീറ്റുണ്ടെങ്കിൽ പെട്ടെന്ന് ഇരിക്കും. സീറ്റ് കിട്ടിയില്ലെങ്കിൽ ലേഡീസ്‌സീറ്റിൽ ഇരിക്കുന്നതെല്ലാം ‘പെണ്ണ്’ തന്നെയാണോ എന്ന് നോക്കും. ആണിന്റെ തല ലേഡീസ്‌സീറ്റിൽ കണ്ടാൽ പിന്നെ മുഖം‌നോക്കാതെ അവനെ പുറത്താക്കിയ ശേഷം അവിടെ കയറിയിരിക്കും. ചിലപ്പോൾ മധുവിധുവിന്റെ മണം മാറാത്ത ദമ്പതിമാർ ലേഡീസ്‌സീറ്റിലിരുന്ന് പരിസരം മറന്ന് സൊള്ളുന്നതോടൊപ്പം അമ്മായിയമ്മയെപറ്റി പുതുപുത്തൻ നുണ പറയുന്നുണ്ടാവും. അപ്പോഴായിരിക്കും ഒരു കട്ടുറുമ്പായി  എന്റെ അരങ്ങേറ്റം. അവനെ സീറ്റിൽ നിന്നും പുറത്താക്കി ആ സ്ഥാനത്ത് ഞാൻ കയറിയിരിക്കുമ്പോൾ അവളുടെ മുഖത്ത് ശരിക്കും കട്ടുറുമ്പ് കുത്തിയിരിക്കും.

                                ധാരാളം സ്ത്രീകൾ കമ്പിയിൽ‌തൂങ്ങിയാടി നിൽക്കുമ്പോഴും ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ സ്ത്രീകളുടെ സീറ്റിൽ ഇരിക്കുന്ന പുരുഷന്മാരെ ഒഴിപ്പിക്കാൻ എളുപ്പമാണ്. ഇരിപ്പിടത്തിനടുത്ത് പോയി അവരെ ദയനീയമായി നോക്കി അവരുടെ ചുമലിൽ വീഴാൻ‌പാകത്തിൽ നിൽക്കുകയല്ല വേണ്ടത്. നാലാൾ കേൾക്കെ ധൈര്യമായി പറയണം (ചോദിക്കരുത്),
“സ്ത്രീകളുടെ സീറ്റൊന്ന് ഒഴിവാക്കി തരണം”.
                              ഇങ്ങനെ പറയുന്നതിന് മുൻപും പിൻപും ഇരിക്കുന്നവന്റെ മുഖത്ത് നോക്കരുത്. പറയുന്നത് കേൾക്കാത്ത മട്ടിൽ ‘ആ ഇരിക്കുന്നവൻ’ ഉറക്കം പിടിക്കുകയാണെങ്കിൽ ഒരിക്കൽ‌കൂടി അല്പം ശബ്ദം ഉയർത്തി പറയണം. എന്നിട്ടും അതേപടിയാണെങ്കിൽ കണ്ടക്റ്റർ റൌണ്ട്സ് കഴിഞ്ഞ് വരുന്നതുവരെ കാത്തിരിക്കണം. കണ്ടക്റ്റർ പ്രത്യക്ഷപ്പെട്ടാൽ പറയണം,
“ഹലോ ലേഡീസ്‌സീറ്റ് ഒഴിവാക്കി തരണം”
അങ്ങനെ രണ്ട് തവണ പറയുക. കണ്ടക്റ്റർ ശരിക്കും അവരെ കുടിയൊഴിപ്പിക്കും; അല്ലെങ്കിൽ ചിലപ്പോൾ അത് കേട്ട് ഒരു ഡയലോഗ് കാച്ചും,
“അവരൊക്കെ ദൂരയാത്രക്കാരാ, അതൊന്നും പറ്റില്ല”.
                               അത് കേട്ടാലും കേട്ടില്ലെങ്കിലും ഇരിപ്പിടം ലഭിച്ചില്ലെങ്കിൽ താഴെപറയുന്ന രണ്ടിൽ ഏതെങ്കിലും ഒരു കാര്യം കൂടി  ചെയ്യാം.
  1. വായിൽ തോന്നിയത് പറയുക. ചില സേമ്പിൾ:
“അവിടെ സ്ത്രീകൾ എന്ന് എഴുതി വെച്ചത് വായിക്കാനറിയില്ലെ? ആ എഴുതിയത് മായിച്ച ശേഷം സീറ്റിൽ ഇരുന്നാൽ മതി”
അല്ലെങ്കിൽ ഡയലോഗ് ഇങ്ങിനെയാവാം.
“ആണുങ്ങളുടെ വേഷം കെട്ടി പെണ്ണുങ്ങളുടെ സ്ഥലത്ത് വന്നിരിക്കാൻ നിനക്കൊന്നും നാണമില്ലെ? സാറേ എഴുന്നേറ്റ് മാറിയാട്ടെ”
  1. ബാഗിൽ നിന്നും മൊബൈൽ പുറത്തെടുക്കുക. ഡയൽ ചെയ്യുക; ഒന്നുകിൽ 100, അല്ലെങ്കിൽ 1091.
ബാക്കി പോലീസ് വന്ന് നോക്കികോളും.

                                 ഇതൊക്കെ ചെയ്യുമ്പോൾ നട്ടെല്ല് വളക്കരുത്. പിന്നെ ദൈവം‌തമ്പുരാൻ തന്ന രണ്ട് ചെവികളില്ലെ; അത് രണ്ടും തുറന്നിട്ടാൽ അതിൽ ഒന്നിലൂടെ വല്ലതും കേട്ടാൽ മറ്റതിലൂടെ പുറത്ത് പോയിക്കൊള്ളും.

                                  ഞാൻ കണ്ണൂരിലെ ഒരു സർക്കാർ ഹൈസ്ക്കൂളിൽ ഹെഡ്‌ടീച്ചർ ആയിരിക്കുന്ന കാലം. സ്കൂൾ‌വിട്ട് വൈകുന്നേരം നേരെ കണ്ണൂർ ബസ്‌സ്റ്റാന്റിൽ വരും. പിന്നെ നാട്ടിലേക്ക് പോകാനായി എനിക്കിറങ്ങേണ്ട സ്ഥലം വഴി പോകുന്ന ബസിൽ കയറി ഏറ്റവും‌നല്ല സീറ്റ്‌ പിടിച്ച് പുറത്ത് നോക്കി ഇരിക്കും. ബസ്‌സ്റ്റാന്റിൽ പോയി ബസ് കയറുമ്പോൾ ധനനഷ്ടം പൂജ്യം, എന്നാൽ സമയനഷ്ടം പതിനഞ്ച് മിന്ട്ട്. ലാഭം സുഖകരമായ അർദ്ധനിദ്രയിൽ സ്വപ്നം കണ്ടുള്ള യാത്ര. ഒപ്പം ബസ്സിൽ എഫ്.എം. റേഡിയോ സംഗീതം കൂടി ഉണ്ടെങ്കിൽ യാത്ര കുശാലായി.

                                   ഒരു ദിവസം വൈകുന്നേരം അഞ്ച് മണി കഴിഞ്ഞ് മുപ്പത് മിനുട്ട് ആയപ്പോൾ എന്നെയും വഹിച്ച ബസ്, സ്റ്റാന്റിൽ നിന്നും സ്റ്റാർട്ട് ചെയ്ത്, കണ്ണൂർ കലൿട്രേറ്റിനു സമീപം  കാൽട്ടെക്സ് സ്റ്റോപ്പിൽ എത്തി. അഞ്ചരക്കണ്ടി വേങ്ങാട് കൂത്തുപറമ്പ് ബസാണ്. ഡ്രൈവറുടെ പിന്നിൽ മൂന്നാം നമ്പർ ലേഡീസ് സീറ്റിന്റെ ജനാലക്ക് സമീപം ഒറ്റക്ക് ഇരുന്ന് മോഹൻലാലിന്റെ പരസ്യം നോക്കി ആസ്വദിക്കുന്ന എന്റെ സമീപം ഒരു സ്ത്രീ വന്നിരുന്നു.  

                                ഞാൻ അടുത്തിരിക്കുന്നവളെ ഒന്നു നോക്കി. ഒരു നാല്പത്തി അഞ്ചിനും അൻപതിനും ഇടയിൽ പ്രായം, വളരെ ഡീസന്റ് വേഷം. കാഞ്ചീപുരം മോഡൽ പട്ടുസാരി സൂപ്പർ‌മോഡേൺ ആയി ഉടുത്തിരിക്കുന്നു. സിന്ദൂരപ്പൊട്ട് മൂന്നെണ്ണം, ഫസ്റ്റ് സീമന്തരേഖയിൽ, സെക്കന്റ് നെറ്റിയിൽ, തേർഡ് കഴുത്തിൽ. ‘ആ മൂന്നിന്റെയും സൂചന എനിക്ക് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല’.  കഴുത്തിൽ  താലിചെയിനും ഇടതുകൈയിൽ നാല് വളകളും വലതുകൈയിൽ പുത്തൻ വാച്ചും; പിന്നെ ഐഡിയ കൈയിൽ പിടിച്ചിട്ടുണ്ട്. മുഖത്ത് കൂളിഗ് കണ്ണട വെച്ച് വളരെ ഗൌരവത്തിൽ അവർ അങ്ങനെ ഇരിക്കുകയാണ്. ഏതോ ഒരു ഓഫീസർ തന്നെയാവും; അതാണ് ഇത്രയും ഗൌരവം.

                                ബസ്സ് ട്രെയിനിംഗ് സ്ക്കൂളിനടുത്ത് എത്തിയപ്പോൾ അതേ മോഡൽ മറ്റൊരു സ്ത്രീ കൂടി ബസ്സിൽ കയറി. അവൾ നേരേ എന്റെ സീറ്റിനു സമീപം വന്ന്, എന്റെ അടുത്തിരിക്കുന്നവളോട് ചോദിച്ചു,
“നീയെവിടെന്നാ വരുന്നത്?”  
“എനിക്ക് കലൿട്രേറ്റിലാ പണി, അല്ല നീയെവിടെന്നാ”
ഇരിക്കുന്നവൾ ചോദിച്ചു.
“ഞാനിപ്പൊ ഡീഡി ഓഫീസിലാ, ട്രെയിനിംഗ് സ്ക്കൂളിനടുത്ത്”

                                 എനിക്ക് അവരോട് വളരെ ബഹുമാനം തോന്നി; ഒപ്പം സംശയവും. അപ്പോൾ എന്റെ അടുത്തിരിക്കുന്നത് കലൿട്രേറ്റിലെ ഓഫീസർ തന്നെയാവും. അതാണ് കലക്റ്ററെപോലെ ഇത്ര ഗൌരവം. നിൽക്കുന്നത് ഡീഡി ഓഫീസിലെ ഒരു സെൿഷൻ‌സുപ്രണ്ട് ആയിരിക്കണം. ആഴ്ചയിൽ ആറ് തവണയെങ്കിലും ഡീഡിഓഫീസിൽ പോകുന്ന എനിക്ക് അവിടെയുള്ള ഉപവിദ്യാഭ്യാസ ഓഫീസർ മുതൽ എല്ലാ ജീവനക്കരെയും മാത്രമല്ല, അവിടെ ബ്രിട്ടീഷ്‌കാർ പണിത ഇരുണ്ട ഇടനാഴികളിലെ ചുമരുകളെയും തൂണുകളെയും കൂടി പരിചയം ഉണ്ട്. എന്നാൽ ഇങ്ങനെയൊരു കഥാപാത്രത്തെ, ഇതുവരെ ഞാൻ പരിചയപ്പെട്ടിട്ടില്ല. അവിടെ അടുത്തകാലത്ത് പ്രമോഷനോടൊപ്പം ട്രാൻ‌സ്ഫർ ആയി വന്ന ഏതെങ്കിലും ഒരു സെൿഷൻ സുപ്രണ്ട് തന്നെയാവണം. ഞാൻ അല്പം ഒതുങ്ങി അവർക്കുംകൂടി അർദ്ധാസനം നൽകി.

                                 ബസ്സിൽ നിറയെ ആളുകൾ ഉണ്ടെങ്കിലും ആർത്തി മൂത്ത പിശുക്കനെപ്പോലെ വീണ്ടും‌വീണ്ടും ആളേ കയറ്റുകയാണ്. അതോടെ രണ്ട് തടിച്ചികളും ചേർന്ന് എന്നെ ഞക്കിപിഴിയുകയാണ്.

‘ചൊവ്വ’ എത്താറായപ്പോൾ നമ്മുടെ ഡീഡി ഓഫീസ്, കലൿട്രേറ്റിനോട് ചോദിച്ചു,
“അവിടെ പണിയൊക്കെ എങ്ങനെയാ?”

“എന്റെണേ,, ആ മെഷിൻ‌കല്ലിനെന്ത് കനാണ്, അതും എട്‌ത്തോണ്ട് കലക്ട്രാപ്പീസിന്റെ രണ്ടാം‌നെലേക്കേരി അന്റെ നടൂന്റാപ്പീസ് പൂട്ടി, നിനിക്കോ? ”

“ആട സ്ലാബിടാൻ ഓന്റെ ഒട്‌ക്കത്തെ സിമന്റ് കൊയക്കലാണ്. ഒരി മൊശകോടൻ മേസ്ത്രിയാ. അയാള് പണിയെട്ക്ക്ന്ന പള്ളക്ക്ന്ന് തെറ്റ്ന്നില്ല. ഏതോഒരി തുക്കടാ ഓട്ടലിന്ന് കൊണ്ടേന്ന ചോറ്, വെശപ്പിന് രണ്ട്‌വറ്റ് വാരിത്തിന്നിറ്റിപ്പം കൊടല്ന്ന് കാള്ന്ന്. വൈയീന്നേരം ഒപ്പരൊള്ള ആണ്ങ്ങക്ക് ദേശ്യം‌ബന്നിറ്റ്, ഓൻ‌കാണാതെ സ്ക്കൂളിന്റെ ബാക്കിലെ കെണറ്റില്, രണ്ട്, ചാക്ക്, സിമന്റ്, മറിച്ചി”

തുടർന്ന് സൈഡ്‌സീറ്റിൽ അമർന്നിരിക്കുന്ന എന്നെ ഒന്ന്‌കൂടി ഞെക്കിയശേഷം എന്നോടായി പറഞ്ഞു,
“ഇബറേ ഒന്നെണീറ്റ് നിന്നാട്ടെ,,,നമ്മക്ക് കൊറേദൂരം പോണ്ടതാ,,, ഞാമ്പറഞ്ഞിറ്റ്,, ഈ പെണ്ണ്‌ങ്ങക്ക് ചെവി കേക്കൂല്ലെ?”
യാത്രയിൽ കേട്ടത് ഇപ്പോൾ ഇത്രമാത്രം പോരേ?

പിൻ‌കുറിപ്പ്:

  1. ലേഡീസ്‌സീറ്റ് അവകാശപ്പെടുമ്പോൾ വശങ്ങളിൽ ലേഡീസ് എന്ന് എഴുതിയിട്ടുണ്ടോ എന്ന് ശരിക്കും നോക്കി ഉറപ്പ് വരുത്തണം.
  2.  ഡയൽ ചെയ്യാൻ പറഞ്ഞ നമ്പർ ആർക്കും വിളിക്കാം. പിന്നെ പോലീസ് വന്നാൽ ബ്ലോഗ് കാണിച്ചേക്കരുത്. എനിക്ക് പേടിയാ.
  3.  ബസ്‌യാത്രാ മണിക്കൂർ ഏകദേശം ഇപ്പോൾ കൂട്ടിയതാണ്
ഹൈസ്ക്കൂൾ പഠനം : 2 മണിക്കൂർ വീതം 3 കൊല്ലം.
കോളേജ് പഠനം : 1 മണിക്കൂർ വീതം 5 കൊല്ലം.
ട്രെയിനിങ് കോളേജ് : 2 മണിക്കൂർ വീതം 1 കൊല്ലം.
ജോലി ലഭിച്ചപ്പോൾ
സ്ക്കൂൾ1 : പത്ത് മിനിട്ട് നടത്തം 5 കൊല്ലം. (ബസ്‌യാത്ര :0)
സ്ക്കൂൾ2 : 4 മണിക്കൂർ വീതം 7 കൊല്ലം.
സ്ക്കൂൾ3 : 3 മണിക്കൂർ വീതം 3 കൊല്ലം.
സ്ക്കൂൾ4 : 1 മണിക്കൂർ വീതം16 കൊല്ലം.
സ്ക്കൂൾ5 : 3 മണിക്കൂർ വീതം 1 കൊല്ലം.
പിന്നെ ഒരു വർഷത്തിൽ സ്ക്കൂൾ 2,5 ഒഴികെ എല്ലാം 200 പ്രവൃത്തിദിനങ്ങളാണ്. സ്ക്കൂൾ 2,5 എന്നിവ 250 പ്രവൃത്തി ദിനം.
            കണക്കിൽ ഞാൻ വളരെ മോശമാണ്. അതുകൊണ്ട് കണക്കു കൂട്ടിയതിൽ തെറ്റ് ഉണ്ടാവാം.
   4.  ഒടുവിലുള്ള ആ ഡയലോഗ് മനസ്സിലാക്കാൻ അഞ്ചരക്കണ്ടി വഴി പോകുന്ന ഏതെങ്കിലും ബസ്സിൽ അഞ്ച് മണിക്ക് ശേഷം കയറി ലേഡീസ് സീറ്റിനു സ്മീപം നിൽക്കുക.
   5.  ഹെഡ്‌മിസ്റ്റ്ട്രസ് ആയ എന്നെ കണ്ടാൽ, സ്ക്കൂളിൽ പുതിയതായി വരുന്നവർ, അവിടെയുള്ള പ്യൂൺ ആയിരിക്കും എന്ന് വിശ്വസിക്കാറുണ്ട്. ബസ് യാത്രക്കാർ എന്നെകാണുമ്പോൾ എന്തായിരിക്കും ‘ധരിച്ചതെന്ന്’, എനിക്ക് ശരിക്കും അറിയില്ല.
   6.  ചൊവ്വ ആകാശത്തുള്ളതല്ല. ഈ ഭൂമിയിൽ‌തന്നെയുള്ളതാ. ചൊവ്വയെ കാണാൻ കണ്ണൂരിൽ വരിക; ഇവിടെ താഴെചൊവ്വയും മേലേചൊവ്വയും ഉണ്ട്.

19.12.09

കല്ല്യാണ വിശേഷം


         
               അവർ വിവാഹിതരായാ
                        സർക്കാർ ജീവനക്കാരുടെ യാത്രയയപ്പ് യോഗങ്ങളിൽ സഹപ്രവർത്തകർ പറയുന്ന ഒരു പൊതുവാചകം ഉണ്ട്; “നമ്മുടെ ഇടയിൽ‌നിന്നും പിരിഞ്ഞ്‌പോകുന്ന ഈ ഇരിക്കുന്ന വ്യക്തിക്ക് ഇനിയങ്ങോട്ട് ഒരു നല്ല വിശ്രമജീവിതം ആശംസിക്കുന്നു”. ഇത് കേട്ടാൽ തോന്നുക ‘ഇത്രയും കാലം ആ ഇരിക്കുന്നവൻ സർക്കാറിനെ സേവിക്കാൻ ഓടിയോടി ഫ്യൂസ് അടിച്ചുപോകുന്ന അവസ്ഥയിൽ ആയിരിക്കും’ എന്നാണ്. മര്യാദക്ക് ഒരു ജോലിയും ചെയ്യാത്ത, ആ ഇരിക്കുന്നവന്റെ(അവളുടെ) ഉപദ്രവംകൊണ്ട്, എത്രയും‌പെട്ടെന്ന് ഓടിച്ചാൽമതി എന്ന് ഉള്ളിൽ തോന്നാം. എങ്കിലും പുറത്ത് പറയുന്നത് മറ്റൊരു തരത്തിലായിരിക്കും; “അദ്ദേഹം പിരിഞ്ഞുപോകുന്നത് നമ്മുടെ സ്ഥാപനത്തിന് ഒരു തീരാനഷ്ടം തന്നെയാണ്”.

                       എന്നാൽ ഇന്ന് കാലം മാറി, കഥ മാറി. ഇപ്പോൾ യാത്രയയപ്പ് യോഗങ്ങളിലെ പ്രസംഗം മറ്റൊരു രീതിയിലാണ്. “നമ്മുടെയിടയിൽ നിന്നും വിരമിക്കുന്ന ഈ മഹാന്, ഇനിയങ്ങോട്ട് ഒരിക്കലും വിശ്രമമില്ലാത്ത ജീവിതം ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു”. ഇത് കേട്ടാൽ‌തോന്നുക, വിരമിക്കുന്നവനോട് സഹപ്രവർത്തകർ  വ്യക്തിവിരോധം തീർക്കുന്നു എന്നായിരിക്കും. എന്നാൽ വിരമിക്കുന്ന ആളോടുള്ള സ്നേഹം‌കൊണ്ട്, സർക്കാർ ജീവനക്കാർ സ്വയം അറിഞ്ഞാണ് പ്രസംഗശൈലിയിൽ ഇങ്ങനെയൊരു മാറ്റം വരുത്തിയത്.


                         മാസാമാസം പെൻഷൻ വാങ്ങി ഒരു ജോലിയും ചെയ്യാതെ വിശ്രമിക്കുന്ന ആൾ, കാലനെ പെട്ടെന്ന് വിളിച്ചുവരുത്തുകയാണെന്ന് മനുഷ്യന് മനസ്സിലായിതുടങ്ങി.. അത് കൊണ്ടാണ് ‘പ്രായം കൂടുംതോറും വിശ്രമം കുറയ്ക്കണം’ എന്ന് യാത്രയയപ്പ് സമയത്ത് മുന്നറിയിപ്പ് നൽകുന്നത് 
                     
                        സ്ത്രീകൾ റിട്ടയർ ചെയ്യുന്നതും കാത്ത്, അടുക്കളയുടെ ലോകം അവർക്കായി തുറന്നു‌കിടപ്പുണ്ട്; എന്നാൽ ആണുങ്ങൾ എന്ത് ചെയ്യും? ജീവിതത്തിൽ ഒരിക്കലും അടുക്കള കാണാത്ത കേരള സർക്കാർ ജീവനക്കാരൻ ‘ഏപ്രിൽ ഒന്ന്’ മുതൽ അടുക്കളയിൽ കടന്നാൽ പലതും സംഭവിക്കാം. വേലക്കാരിയുള്ള അടുക്കളയാണെങ്കിൽ പ്രശ്നം ഗുരുതരം ആയിരിക്കും.  ഒരു ഡൈവോർസ് വക്കീലിനെ മുൻ‌കൂട്ടി കണ്ടതിനു ശേഷം പെൻ‌ഷൻ പറ്റിയ ഗൃഹനാഥൻ ആദ്യമായി അടുക്കളയിൽ കടന്നാൽ മതി.


                        നമ്മുടെ നാട്ടിലെ ‘രാമചന്ദ്രൻ മാസ്റ്റർ’ നാടിനെയും നാട്ടുകാരെയും മാത്രമല്ല; വീടിനെയും വീട്ടുകാരെയും നേരാംവണ്ണം കാണുന്നതും അറിയുന്നതും പെൻഷൻ ആയതിനു ശേഷമാണ്. ഇപ്പോൾ അദ്ദേഹം സാധാരണക്കാരായ ജനങ്ങളോടൊപ്പമാണ്. അയൽ‌വാസികളായ ചെറുപ്പക്കാരുടെ പേരുകൾ ആദ്യമായി അദ്ദേഹം പഠിക്കാൻ തുടങ്ങി. രാഷ്ട്രീയം ഉണ്ടെങ്കിലും ന്യൂട്രൽ നിലപാട് ആയതിനാൽ പഞ്ചായത്ത് യോഗങ്ങളിലും നാട്ടിലുള്ള കലാസാംസ്കാരിക പരിപാടികളിലും മാസ്റ്ററുടെ സ്ഥാനം സ്റ്റേജിലാണ്. ഇപ്പോൾ കല്ല്യാണവീടുകളിലും മരണവീടുകളിലും സ്ഥിരസന്ദർശകനായിത്തീർന്ന രാമചന്ദ്രൻ മാസ്റ്റർ സ്ഥലത്തെ പ്രധാന മാന്യനായി വളർന്ന് പന്തലിച്ചിരിക്കയാണ്.

                         ശമ്പളക്കാലത്ത് ഇല്ലാത്ത ആരോഗ്യവും സൌന്ദര്യവും പെൻഷൻ‌കാലത്ത് അദ്ദേഹത്തെ വലയം‌ചെയ്തിരിക്കയാണ്. തലമുടി കുറഞ്ഞെങ്കിലും കുടവയർ കൂടിയിരിക്കുന്നു. മുടിക്ക് കറുപ്പ്നിറം കുറഞ്ഞെങ്കിലും വെളുപ്പ്നിറം കൂടിയിട്ടുണ്ട്. കല്ല്യാണ സീസൺ ആയതോടെ ശരീരഭാരം സ്വർണ്ണവിലപോലെ മേലോട്ട് ഉയരുകയാണ്.


                        കല്ല്യാണത്തിന് ക്ഷണിക്കുന്നത് ബന്ധുക്കളായാലും നാട്ടുകാരായാലും സുഹൃത്തുക്കളായാലും രാമചന്ദ്രൻ മാസ്റ്റർ പങ്കെടുക്കും. അങ്ങനെ പോകുന്നതും ഭക്ഷണംകഴിക്കുന്നതും വരുന്നതും ഒറ്റയ്ക്ക് ആയിരിക്കും. താലികെട്ട് പൂർണ്ണമാവുന്നതിന് മുൻപ് ഇലവെക്കുന്നിടത്ത് മാസ്റ്റർ ഹാജരായിരിക്കും. പിന്നെ കല്ല്യാണചെക്കനെയും പെണ്ണിനെയും നേരാംവണ്ണം നോക്കിയില്ലെങ്കിലും കല്ല്യാണസദ്യ നന്നായി ആസ്വദിക്കും.

                          അങ്ങനെ ഒരു ഞായറാഴ്ച നല്ല ദിവസം രാമചന്ദ്രൻ മാസ്റ്റർ നാട്ടുകാരനായ കൃഷ്ണകുമാറിന്റെ മകളുടെ കല്ല്യാണത്തിനായി വീട്ടിൽനിന്നും ഒരുങ്ങിയിറങ്ങി. കല്ല്യാണം നടക്കുന്നത് ടൌണിലെ ഓഡിറ്റോറിയത്തിൽ വെച്ചായതിനാൽ മുഹൂർത്തസമയത്ത് അവിടെ എത്തിച്ചേരാനാണ് ക്ഷണിച്ചത്. അര മണിക്കൂർ ബസ്‌യാത്ര ചെയ്തശേഷം അഞ്ച്മിനുട്ട് നടന്ന് ഓഡിറ്റോറിയത്തിൽ എത്താം.

                           ബസ്സിൽ നല്ല തിരക്കുണ്ടെങ്കിലും പരിചയക്കാരനായ രമേശൻ ഉള്ളതുകൊണ്ട് ഇരിപ്പിടം കിട്ടി. സർക്കാർ ഓഫീസ് ജീവനക്കാരനായ അവനെ, സർവീസിലിരിക്കുന്ന സുവർണ്ണകാലത്ത്‌തന്നെ പരിചയം ഉള്ളതാണ്. വളരെനാളുകൾക്ക് ശേഷം അവനെ ഇപ്പോഴാണ് കാണുന്നത്. റിട്ടയേർഡ് ജീവിതത്തെപറ്റി തിരക്കിയശേഷം രമേശൻ ചോദിച്ചു,
“മാഷ് എങ്ങോട്ടാണ് യാത്ര?”
“ഇപ്പോഴാണ് നാട്ടിലെ കല്ല്യാണത്തിനൊക്കെ മനസമാധാനത്തോടെ ഒന്ന് പങ്കെടുക്കാൻ കഴിയുന്നത്. ഒരു പരിചയക്കാരന്റെ മകളുടെ കല്ല്യാണമാ; ദിനേശ് ഓഡിറ്റോറിയത്തിൽ, നീയെങ്ങോട്ടാ?”
“ഞാനും കല്ല്യാണത്തിനാ ദിനേശ് ഓഡിറ്റോറിയത്തിൽ; എന്റെ ഓഫീസിലെ സഹപ്രവർത്തകൻ ജോഷി ഫ്രാൻസിസ്‌ന്റെ കല്ല്യാണമാ”
“അപ്പോൾ നമ്മൾ രണ്ടാളും ഒരേ കല്ല്യാണത്തിനാണല്ലൊ; അല്ല,, അത് ശരിയാവില്ലല്ലൊ, ഞാൻ പോകുന്നത് കൃഷ്ണകുമാറിന്റെ മകളുടെ കല്ല്യാണമാ. അപ്പൊഴെങ്ങനയാ ഒരു കൃസ്ത്യാനിയുടെ വിവാഹം കൂടി നടക്കുന്നത്? അത് പള്ളിയിൽ വെച്ചല്ലെ നടക്കുക”
;അദ്ധ്യാപകരുടെ ജന്മസ്വഭാവമായ സംശയം രാമചന്ദ്രൻ മാസ്റ്ററുടെ തലയിൽ കയറി.
“അത് അവരുടെ പള്ളിയിലെ ചടങ്ങ് ഇന്നലെ കഴിഞ്ഞിരിക്കാം. ഇന്ന് ഓഡിറ്റോറിയത്തിലാണ് എല്ലാവരെയും ക്ഷണിച്ചത്”
“അപ്പോൾ അതെങ്ങനാ? ചിലപ്പോൾ തിരക്ക് കാരണം, രണ്ട് കല്ല്യാണം ഒരേ ദിവസം ഒരേ മണ്ഡപത്തിൽ വെച്ചായിരിക്കും”
മാസ്റ്ററുടെ പരിഹാസം രമേശന് അത്ര പിടിച്ചില്ല.

                           ബസിൽനിന്നും ഇറങ്ങി നടക്കുമ്പോൾ മാസ്റ്ററുടെ ഉള്ളിൽ ചിരി വന്നു; ‘ഇവനൊരു മണ്ടൻ‌തന്നെ, കൃസ്ത്യാനികൾക്ക് പള്ളിയിലല്ലാതെ കല്ല്യാണം നടക്കുമോ? ഏത് ജാതിയിലെ കല്ല്യാണമായാലും ഒരു നേരത്തെ ചോറ് കിട്ടുമല്ലൊ, അതിനിങ്ങനെ കള്ളം പറയണോ?’.
                           രമേശൻ ചിന്തിച്ചത് മറ്റൊന്നാണ്; ഈ മാഷന്മാരുടെ ചിന്ത ഇപ്പോഴും പഴഞ്ചനാ, നാടും നാട്ടാരും മാറിയത് അങ്ങേർക്കറിയാമോ? റിട്ടയർ ചെയ്താൽ പിന്നെ ഉള്ള വിവരവും ഇല്ലാതാകും. കല്ല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പേര് നേരാം‌വണ്ണം കേട്ടിരിക്കില്ല. കൃസ്ത്യാനിക്കെന്താ ഓഡിറ്റോറിയത്ത്ല്‌ കല്ല്യാണം നടത്തിക്കൂടെ?’.

                           എന്നാൽ ഓഡിറ്റോറിയത്തിന്റെ ഗെയ്റ്റ് കടന്നപ്പോൾ രണ്ട്‌പേർക്കും ഒരേ സംശയമാണ് തോന്നിയത്; ‘അവിടെ രണ്ട് കല്ല്യാണം നടക്കുന്നുണ്ടോ?’ അകത്തും പുറത്തും റോഡിലുമായി നിറഞ്ഞുകവിഞ്ഞ ജനസമുദ്രത്തിനിടയിൽ കുടുങ്ങിയ വാഹനവ്യൂഹങ്ങൾ.

                           അകത്തേക്ക് പ്രവേശിക്കുന്ന രാമചന്ദ്രൻ മാസ്റ്ററെ പെണ്ണിന്റെ അച്ഛനായ കൃഷ്ണകുമാർ വന്ന് സ്വീകരിച്ചു. അതുവരെ കൂടെവന്ന് കള്ളം പറഞ്ഞവനെഒന്ന് കാണണമല്ലൊ; തിരിഞ്ഞുനോക്കിയപ്പോൾ ചുമരിലെ ഫ്ലക്സ് ഷീറ്റിൽ തിളങ്ങുന്ന വധൂവരന്മാരുടെ ഫോട്ടോ നോക്കി രമേശൻ വായപൊളിച്ച് നിൽ‌പ്പാണ്.

രമേശന്റെ ചുമലിൽ കൈവെച്ച് മാസ്റ്റർ പറഞ്ഞു,
“നീ പറയുന്ന സഹപ്രവർത്തകന്റെ കല്ല്യാണം മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലായിരിക്കും ; ഏതായാലും ഇവിടെ വന്നത്‌കൊണ്ട് ഭക്ഷണം കഴിച്ച് സ്ഥലം വിടാം. ആരും അറിയില്ല”
                           രമേശൻ ഒന്നും പറയാതെ ഫ്ലക്സിൽ പതിഞ്ഞ ഫോട്ടോ ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ മാസ്റ്റർ ഫോട്ടോ നോക്കിയ ശേഷം കൂടെയുള്ള അക്ഷരങ്ങൾ വായിച്ചു, “Wedding, ആതിര കൃഷ്ണകുമാർ & ജോഷി ഫ്രാൻസിസ്”
                           അങ്ങനെ രാമചന്ദ്രൻ മാസ്റ്ററും രമേശനും ഒന്നിച്ച് ആ വലിയ ഹാളിനകത്തേക്ക് കടന്നു. 

1.12.09

അനിയന്‍ ബാബു ചേട്ടന്‍ ബാബു


                        
                       ‘പി എസ്‌ സി’ എന്ന മഹാസംഭവത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക്‍മുന്‍പ് സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ടീച്ചറായി എനിക്ക് ‘സേവന അനുമതി’ ലഭിച്ചത്. അങ്ങനെ സര്‍ക്കാര്‍ ജീവനക്കാരിയായി ചേര്‍ന്നതിന്റെ പിറ്റേദിവസം മുതല്‍ അടുത്ത മഹാസംഭവങ്ങള്‍ വീട്ടില്‍  അരങ്ങേറാന്‍ തുടങ്ങി; ‘കല്ല്യാണാലോചനകള്‍’.

                       അതുവരെ ഒരു കോന്തനും എന്നെ ‘പെണ്ണ് കാണാനായി’ എന്റെ വീട്ടില്‍ വന്നിട്ടില്ല. ഇപ്പോള്‍ ഇതാ സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന മഹാസംഭവം നാട്ടില്‍ പ്രഖ്യാപിച്ചത് മുതല്‍, പെണ്ണ് കാണാനുള്ളവരുടെ വരവായി, കൂടെ ധാരാളം ഡിമാന്റുകള്‍ ഉണ്ട്. ‘പൊന്ന് വേണ്ട, പണം വേണ്ട, വീട് വേണ്ട, സ്വത്ത് വേണ്ട’; (ഇതൊന്നും എന്റെ വീട്ടിലില്ല, പിന്നെ സ്ത്രീധനം, അത് എന്റെ നാട്ടില്‍ ‘ആ പഴയകാലത്ത്’ കടന്നു വന്നിട്ടില്ല,, ‘ഇപ്പോഴും,’)

“പിന്നെയോ???”
                        പെണ്ണിനെ മാത്രം മതി, ജോലിയുള്ള പെണ്ണിനെ, അതും ടീച്ചറായി നാട്ടില്‍ ജോലിയുള്ള പെണ്ണിനെ.

                         ഒരു ടീച്ചറെ ഭാര്യയായി കിട്ടിയാല്‍ അത് ഒരു ‘പുളിം‌കൊമ്പായി’ കാണുന്ന പുരുഷകേസരികള്‍ എന്റെ നാട്ടിലുണ്ട്. ‘ചെലവ് തുച്ഛം, ഗുണം മെച്ചം’.  രാവിലെ വീട്ടുജോലിയെല്ലാം ചെയ്ത ശേഷം തിരക്കിട്ട് മുടി ചീകി അതിന്റെ നടുക്കൊരു കെട്ടിട്ട്, സാരിയും ചുറ്റി (ഇപ്പോള്‍ ചൂരിദാര്‍ ആയതിനാല്‍ അതിലും എളുപ്പമാണ്) പെട്ടെന്ന് ഓടി ബസ്‌പിടിച്ച് പത്ത് മണിയാകുമ്പോഴേക്കും സ്ക്കൂളില്‍ ഓടിക്കയറി പഠിപ്പിക്കാം. പിന്നെ നാല് മണിയാവാറായാല്‍ തിരിച്ച് വീട്ടിലേക്ക് ഓടി വന്ന് രാവിലെ ചെയ്തതിന്റെ ബാക്കി ജോലി ചെയ്യും. ശമ്പളം കൃത്യമായി എണ്ണി വാങ്ങാം. പിന്നെ 200 പ്രവര്‍ത്തി ദിനങ്ങളെന്ന് സര്‍ക്കാര്‍ കണക്കിലുണ്ടെങ്കിലും ‘മേളകള്‍, സമരം, പരീക്ഷ, സ്റ്റഡീ ലീവ്’ എന്നിവ കൂടാതെ ക്വാഷ്വല്‍ ലീവ്, കമ്മ്യൂട്ടഡ് ലീവ് എന്നിവയും പിന്നെ ഓണം, ക്രിസ്ത്‌മസ് അവധികളും ഒപ്പം രണ്ട് മാസം മധ്യവേനല്‍ അവധിയും. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം!

                          പിന്നെ സ്വന്തമായി കുട്ടികളെ പ്രസവിച്ചാല്‍  കിടക്കുന്നു ശമ്പളത്തോടെ (ഇപ്പോള്‍) ആറ് മാസം ലീവ്; അഥവാ അബോര്‍ഷനാക്കണമെന്ന് തോന്നിയാല്‍ ലീവ് വേറെയുണ്ട്. ചുരുക്കത്തില്‍ വീട്ടില്‍ മറ്റൊരു വേലക്കാരി ആവശ്യമില്ലാത്ത ഉദ്യോഗസ്ഥയാണ് ഒരു അദ്ധ്യാപിക.


                          മൂന്ന് മാസംകൊണ്ട് എന്റെ വീട്ടില്‍ ഏതാണ്ട് ഇരുപത് പെണ്ണ്കാണല്‍ ചടങ്ങുകള്‍ നടന്നു. സിനിമയിലും സീരിയലിലും കാണുന്നതു പോലെ ഇരുപത് തവണ ‘ട്രേയില്‍, തിളച്ച് കൊണ്ടിരിക്കുന്ന ചായയും കൈയിലേന്തി, നമ്രമുഖിയായി നടന്ന്, കാല്‍‌വിരല്‍ കൊണ്ട് നിലത്ത് കളം വരച്ച്, ഒളികണ്ണിട്ടു നോക്കി, ഞാന്‍ നാണിച്ചുനില്‍ക്കും’ എന്ന്  വിചാരിച്ചെങ്കില്‍ ആ വിചാരം ഡിലീറ്റ് ചെയ്യാം. കാണാന്‍ വരുന്നവര്‍ വീട്ടില്‍ വരുന്നു, സംസാരിക്കുന്നു, പോകുന്നു. അതിനിടയില്‍ ചിലര്‍ അമ്മ കൊണ്ടുവെച്ച ചായ കുടിക്കുന്നു; ചിലര്‍ തിരക്കിട്ട് വേഗം പോകുന്നു.
 (ചായ ഇന്നത്തെപോലെ ഇന്‍സ്റ്റന്റ് ആയി അന്ന് ഉണ്ടാക്കാന്‍ ആവില്ല. വിറകടുപ്പ് കത്തിച്ച് ചായ ആവാന്‍ ചുരുങ്ങിയത് പത്ത്മിനുട്ട് എങ്കിലും വേണം. കല്ല്യാണത്തിനിടയില്‍ ബ്രോക്കറോ, ബ്യൂറോയോ, അമ്പലമൊ, പള്ളിയോ അക്കാലത്ത് എന്റെ നാട്ടില്‍ ഇടപെടാറില്ല)
                            അങ്ങനെ കാണാന്‍ വന്നവരില്‍ അഞ്ച് പേര് എന്നെ ഒഴിവാക്കി, ബാക്കി പതിനഞ്ച് പേരെ ഞാനും ഒഴിവാക്കി. സ്വന്തമായി വരുമാനം ഉള്ളതുകൊണ്ട് എന്റെ കാര്യം ഞാന്‍ തന്നെ തീരുമാനിക്കും. അതാണ് എന്റെ വീട്ടിലെ പതിവ്.


                          ഒരിക്കല്‍ ഒരു കെ.എസ്.ആര്‍.ടീ.സി. കണ്ടക്റ്റര്‍ ഏതാണ്ട് ഡബ്‌ള്‍ ബല്ലടിക്കാന്‍ പോയതാണ്. ആദ്യത്തെ ദിവസം കണ്ടക്റ്ററും അനുജനും കൂടെ സുഹൃത്ത് ഡ്രൈവറും വന്നു-കണ്ടു-പോയി. പിറ്റേദിവസം കണ്ടക്റ്ററുടെ അഛനും അമ്മയും കാരണവരും വന്നു-കണ്ടു-പോയി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും അതാ വരുന്നു; കണ്ടക്റ്ററുടെ മൂത്ത കാരണവര്‍, അളിയന്‍, പെങ്ങള്‍, വലിയമ്മ, അയല്‍‌വാസി എന്നിവരടങ്ങിയ ഒരു വലിയ സംഘം. അവര്‍ അമ്മയോട് കാര്യങ്ങള്‍ സം‌സാരിച്ചു. അവര്‍ക്ക് ഏതാണ്ട് പെണ്ണിനെ പിടിച്ച മട്ടാണ്, ഇനി നമ്മുടെ തീരുമാനം അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. അമ്മ അച്ഛനെ വിളിക്കാന്‍ ആളയച്ചു. അങ്ങനെ അവര്‍ ചായ കുടിച്ചു കൊണ്ടിരിക്കവേയാണ് വീട്ടിനു മുന്നിലെ വയലില്‍ നിന്നും അച്ഛന്‍ വന്നത്.
                            കൃഷിപ്പണി നടന്നുകൊണ്ടിരിക്കുന്ന വയലില്‍‌നിന്നും യൂനിഫോം മാറ്റാതെയാണ് അച്ഛന്‍ വന്നത്. വെളുത്ത തോര്‍ത്ത്‌മുണ്ട് ഉടുത്തിരിക്കുന്നു, അതേപോലെ മറ്റൊന്ന് തലയില്‍ കെട്ടിയിരിക്കുന്നു. കോണ്‍ക്രീറ്റ് ചെയ്യാത്ത വയലായതുകൊണ്ട് അച്ഛന്റെ യൂനിഫോമില്‍ കൂടാതെ കാലിലും കൈയിലും നിറയെ ചെളിയുടെ നിറവും മണവും. വന്നവര്‍ കൂടുതലൊന്നും പറയാതെ പോയി. ആ തിരിച്ച്‌പോക്കില്‍ മറ്റൊരാള്‍ മുഖാന്തരം അറിയിച്ചു, “പെണ്ണിനെ നന്നായി ഇഷ്ടപ്പെട്ടു, എന്നാല്‍ പെണ്ണിന്റെ അച്ഛനെ തീരേ ഇഷ്ടപ്പെട്ടില്ല” അവര്‍ ഒഴിവായതില്‍ എനിക്ക് വളരെ സന്തോഷം തോന്നി. ‘രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും മസാലദോശ’.

                          സ്ക്കൂളില്‍ ചേര്‍ന്നതിനു ശേഷം എന്റെ ആദ്യത്തെ ക്ലാസ്സ് ഒരു സമരത്തോടെയാണ് ആരംഭിച്ചത്. എട്ടാം ക്ലാസ്സില്‍ കെമിസ്ട്രി. ഒരു പരീക്ഷണത്തിലൂടെ തുടങ്ങാന്‍ തീരുമാനിച്ച്; ‘ആസിഡുകളും ബെയ്സുകളും ട്സ്റ്റ്‌ട്യൂബുകളും ബീക്കറും സ്പിരിറ്റ് ലാമ്പും വാട്ടര്‍‌ബോട്ടിലും നിറച്ച ട്രേ’ മേശപ്പുറത്ത് നിരത്തി. അപ്പോഴേക്കും അതാവരുന്നു സമരക്കാരായി പത്താം ക്ലാസ്സിലെ തലമൂത്ത പത്തിലധികം നേതാക്കള്‍. സ്ക്കൂളുകളില്‍ സമരം കൊടിപിടിച്ച് വാഴുന്ന കാലമാണ്. ഞാന്‍ പഠിപ്പിക്കുന്നത് അവരുടെ സ്വന്തം ക്ലാസ്സില്‍ അല്ലെങ്കിലും പുതിയ ചെറുപ്പക്കാരിയായ പരിചയക്കുറവുള്ള അദ്ധ്യാപികയെ റേഗിംങ്ങ് നടത്താന്‍ കിട്ടിയ സുവര്‍ണ്ണാവസരം പാഴാക്കിയില്ല. അവര്‍ അനുവാദം ചോദിക്കാതെ ക്ലാസ്സിനകത്ത് കടന്ന ഉടനെ ഒരുത്തന്‍ ആസിഡിന്റെയും ബെയ്സിന്റെയും, ഓരോ കുപ്പികള്‍ വീതം എടുത്ത് മറ്റ് രണ്ട്പേരുടെ കൈയില്‍ കൊടുത്ത് കല്പിച്ചു
 “ഒഴിക്കെടാ എല്ലാറ്റിന്റെയും തലയില്‍
                         അത് കേട്ടതോടെ അതുവരെ ഞാന്‍ പഠിച്ച കെമിസ്ട്രിയെല്ലാം പെട്ടെന്ന് മറന്നുപോയി. കുട്ടികളെല്ലാം പേടിച്ച് വിറക്കുന്നു. അപ്പോഴേക്കും തൊട്ടടുത്ത ക്ലാസ്സിലെ അദ്ധ്യാപകന്‍ ഓടിവന്ന് നേതാക്കളുടെ മുന്നില്‍ നിന്നു,
“ധൈര്യം ഉണ്ടെങ്കില്‍ നീ ഒഴിക്കെടാ
                          അദ്ദേഹത്തിന്റെ ശ്ബ്ദം കേട്ട് സ്ക്കൂള്‍ കെട്ടിടം മുഴുവന്‍ ഞെട്ടി. അതോടെ പുലിപോലെ വന്ന സമരക്കാര്‍ പൂച്ചപോലെ നടന്ന് ഓഫീസിനു മുന്നില്‍‌പോയി കുത്തിയിരിപ്പ് തുടങ്ങി. എല്ലാം ശാന്തമായപ്പോള്‍ ഞങ്ങള്‍ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പേരിന്റെ അവസാനം ഒരു ‘ബാബു’,  വിഷയം കണക്ക്, അറിയപ്പെടുന്ന അദ്ധ്യാപക സംഘടനാ നേതാവായ  ബാബുമാസ്റ്റര്‍.

                         അദ്ധ്യാപനത്തിലുള്ള എന്റെ പരിചയക്കുറവ് പരിഹരിക്കാന്‍ സഹപ്രവര്‍ത്തകര്‍ വളരെയധികം സഹായിച്ചു. ഏത് പ്രശ്നം വന്നലും ഞാന്‍ ബാബുമാസ്റ്ററെ സമീപിക്കും. വില്ലന്മാരെയും വില്ലത്തികളെയും അവിടെ പിടിച്ചുകൊടുത്താല്‍ നേരെയാക്കിത്തരും. സ്ക്കൂളിന്റെ എല്ലാ കാര്യത്തിലും ബാബുമാസ്റ്റര്‍ മുന്നിലുണ്ടാവും. വിദ്യാര്‍ത്ഥികളെല്ലാം അദ്ദേഹത്തെ ഭയപ്പെടുകയും അതോടൊപ്പം സ്നേഹിക്കുകയും ചെയ്തു. എന്റെ ക്ലാസ്സില്‍ ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത പ്രശ്നക്കാരന്‍ മാസ്റ്റരുടെ ക്ലാസ്സില്‍ വളരെ നല്ല കുട്ടിയായി ഇരിക്കും. ഞാന്‍ പഠിപ്പിച്ച കെമിസ്ട്രിയില്‍ വെറും മൂന്ന് മാര്‍ക്ക് വാങ്ങിയവന്‍ ബാബുമാസ്റ്റര്‍ കണക്ക് പഠിപ്പിച്ചപ്പോള്‍ ‘അന്‍പതില്‍, നാല്‍പ്പത്തി മൂന്ന്’ മാര്‍ക്ക്. അദ്ദേഹം കണക്ക് പഠിപ്പിച്ച ക്ലാസ്സില്‍  ആരും  തോല്‍ക്കാറില്ല. 
                          വളരെ നന്നായി സംസാരിക്കുന്ന, മറ്റുള്ളവരെക്കാള്‍ കഴിവുള്ള, സുന്ദരനായ, സുശീലനായ, അവിവാഹിതനായ ആ ചെറുപ്പക്കാരനോട് എനിക്ക് അസൂയയും ആരാധനയും തോന്നി. എന്നാല്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ് കൂടുതലായി ഒന്നും തോന്നിയില്ല; ശരിക്കും,,,.
 
                          ദിവസങ്ങള്‍ സൂപ്പര്‍ഫാസ്റ്റ് ആയി കഴിഞ്ഞു; ആറ് തവണ ശമ്പളം വാങ്ങി അച്ഛന്റെ കൈയില്‍ കൊടുത്തു. സാമ്പത്തിക നില പച്ചപിടിക്കാന്‍ തുടങ്ങിയതോടെ മൂത്ത് മകളായ എന്നെ ഏത് സമയത്തും കെട്ടിച്ചയക്കാന്‍ അച്ഛന്‍ തയ്യാറാണ്.
                           മഴക്കാലം കഴിഞ്ഞതോടെ പെണ്ണ് കാണാന്‍ വരുന്നവരുടെ എണ്ണം ഒന്ന്‌കൂടി വര്‍ദ്ധിച്ചു. കല്ല്യാണത്തിന് ഒടക്ക് വെക്കുന്നത് ഞാന്‍ തന്നെയാണ്; കാണാന്‍ വരുന്നവന്‍ ഗള്‍ഫില്‍ ഉന്നതനിലയിലാണെന്ന് പറയും. എന്നാല്‍ പത്താം ക്ലാസ്സ് പാസായോ എന്ന് അവര്‍ക്ക് തന്നെ അറിയില്ല. മരുഭൂമിയായ ഗള്‍ഫ്‌നാടുകളിലേക്കുള്ള മലയാളികളുടെ ഒഴുക്ക് കൂടുംതോറും അവരുടെ വീട്ടുകാര്‍ പച്ചപിടിക്കുന്ന കാലമാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ കുടുബസദസ്സ് ചേര്‍ന്ന് അമ്മ തീരുമാനം പറഞ്ഞിരുന്നു. ‘ഗള്‍ഫ്, പോലീസ്, മിലിറ്ററി ആദിയായ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഒരുത്തന്റെ കൂടെയും മകളെ അയക്കില്ല’. അത്കൊണ്ട് ആ ഗ്രൂപ്പില്‍‌പെട്ടവര്‍ വന്നാല്‍ ഒഴിവാക്കാറാണ് പതിവ്. അതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.

ഒരു ദിവസം എന്റ്റെ ഇളയമ്മ (അമ്മയുടെ അനുജത്തി) പറയുന്നു,
“നമ്മുടെ ചുറ്റുപാടും എത്ര പേരാണ് ഗള്‍ഫുകാരെ കല്ല്യാണം കഴിച്ച് വളരെ സുഖമായി ജീവിക്കുന്നത്. ലീവ് കഴിഞ്ഞ് അവനങ്ങ് പോകും. പിന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ സ്ഥിരമായി താമസിക്കാതെ, നിനക്ക് സ്വന്തം വീട്ടില്‍തന്നെ താമസിച്ച് ജോലിക്ക് പോകാം. അങ്ങനെയായാല്‍  അടുക്കളപ്പണിയൊന്നും അറിയാത്ത നിനക്ക് നല്ലതാണ്. അനുജന്മാരെയും അനുജത്തിയെയും പഠിപ്പിക്കാം.  ഇഷ്ടംപോലെ പണം. വരുന്ന പണക്കാരനായ ചെക്കന് പഠിപ്പ് കുറഞ്ഞാലും നീ പഠിച്ചതാണെല്ലൊ. അച്ഛന്‍  പണമില്ലാതെ എത്ര കഷ്ടപ്പെട്ടതാ. കുടുംബത്തില്‍ ഒരാള്‍ക്ക് പഠിപ്പും ഒരാള്‍ക്ക് പണവും; അതല്ലെ നല്ലത്?”

                          എന്നാലും മിനിമം ഒരു ‘ഡിഗ്രിയെങ്കിലും പാസ്സായ ഒരുത്തനും എന്നെക്കെട്ടാന്‍ വന്നില്ലല്ലോ‘ എന്ന് ഞാന്‍  ഓര്‍ത്തുപോയി. പയ്യനെ പെണ്‍വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് കല്ല്യാണം മുടങ്ങുന്നത് നാട്ടുകാരുടെ ഇടയില്‍ ഒരു അപ്രധാനവാര്‍ത്ത ആയിമാറി. ‘ടീച്ചറല്ലെ, പുരനിറഞ്ഞാലും മൂലക്ക് ആയിപോവില്ല. പ്രായം കൂടിയാലും മാസശമ്പളത്തില്‍ കണ്ണു‌വെച്ച് ആരെങ്കിലും കെട്ടും’ എന്ന് നാട്ടുകാര്‍ ആശ്വസിച്ചു.

                            അന്ന് ഒരു ഞായറാഴ്ച. പതിവുപോലെ എന്നെക്കാണാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍, ഞാന്‍  രാവിലെതന്നെ കുളിച്ച്, സ്ക്കൂള്‍ യൂനിഫോമില്‍ ഒരുങ്ങി. അടുത്ത ബന്ധുവീടുകളില്‍ കയറിയിറങ്ങി തൊട്ടടുത്ത ലൈബ്രറിയിലും കടല്‍ക്കരയിലും ചുറ്റിയടിച്ച്, ശേഷം വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ച് മനോരമ ആഴ്ചപ്പതിപ്പിലെ നീണ്ടകഥ വായിക്കുമ്പോഴാണ് അവര്‍ വന്നത്. നാല് പുരുഷന്മാര്‍ വീട്ടില്‍ വരുന്നത് കണ്ടപ്പോള്‍, ഞാന്‍ വീട്ടിനകത്തേക്ക് കടന്ന് അവരെ ഒളിഞ്ഞ്നോക്കി. ‘ഇവര്‍ എന്നെ പെണ്ണ് കാണാന്‍ വരുന്നവരാണോ? എന്റെ ഈശ്വരാ,,,  ഞാനെന്താണ് കാണുന്നത്! വന്നതില്‍ ഒരാള്‍ എന്റെ സ്ക്കൂളിലെ ബാബുമാസ്റ്റര്‍

                         എന്റെ തലയില്‍ പതിച്ച ഒരു മിന്നല്‍, ശരീരം മുഴുവന്‍ സഞ്ചരിച്ച് കാലിന്റെ പെരുവിരലില്‍ അവസാനിച്ചു. ഈ മനുഷ്യന് ഇങ്ങനെയൊരു ചിന്ത മനസ്സിലുണ്ടായിരുന്നോ? ഞാന്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. ഒടുവില്‍ മുന്‍‌തീരുമാനം പോലെ, വിദ്യാഭ്യാസം നേടിയ സര്‍ക്കാര്‍ ജോലിയുള്ള ഒരുത്തന്‍ എന്നെക്കാണാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
                          അച്ഛന്‍ മുന്‍‌വശത്തെ വരാന്തയില്‍ ഇരുന്ന്, വന്നവരുമായി സംസാരിക്കുന്നത് എത്ര പരിശ്രമിച്ചിട്ടും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. അടുക്കളയില്‍ പോയി അമ്മയോട് ചായ ഉണ്ടാക്കാന്‍ പറഞ്ഞു. എന്റെ ഇളക്കം കണ്ട് ഇളയ സഹോദരന്‍ പുറത്തിറങ്ങി വന്നവരെ നിരീക്ഷിച്ച ശേഷം അകത്ത്‌വന്ന് എന്നോട് പറഞ്ഞു,
“ഇത് മുന്‍പ് വന്നവരെപോലെയൊന്നും അല്ല. കാണാന്‍ സ്മാര്‍ട്ട് ചെക്കന്‍ ”
“നീ പോടാ” എന്ന് പറഞ്ഞെങ്കിലും അത് ശരിയാണല്ലൊ എന്ന് ഓര്‍ത്തു.
സംഭാഷണത്തിനൊടുവില്‍ അച്ഛന്‍ എന്നെ വിളിച്ചു.
“മോളേ പൊറത്ത് വാ.. നിന്നെയൊന്ന് കാണാനാ ഇവര്‍ വന്നത്”

                          ഞാന്‍ സാരിയൊക്കെ ശരിയാക്കിയ ശേഷം കണ്ണാടിയില്‍ ഒന്ന്‌കൂടി നോക്കി പുറത്തേക്ക് നടന്നു. ശരീരം ആകെ വിറയല്‍. ഓരോ അടി വെക്കുമ്പോഴും കാലിന്റെ ഭാരം ഇരട്ടിച്ചുകൊണ്ടിരിക്കുന്നു. എത്രയോ തവണ പെണ്ണുകാണാന്‍ വന്നവരുടെ മുന്നില്‍ പോയി ‘ഇരുന്ന്’  നേരിട്ട് സംസാരിച്ചതാണ്. അറിയേണ്ട കാര്യങ്ങള്‍ നേരിട്ട് ചോദിച്ചതാണ്. എന്നിട്ടെന്തേ? ഇപ്പോള്‍,,, ഇങ്ങനെ?,,,

                         എല്ലാ കണ്ണുകളും എന്നിലായിരിക്കും എന്ന ചിന്തയോടെ ഞാന്‍ അവരുടെ മുന്നിലെത്തി.  സ്ക്കൂളില്‍‌വെച്ച് കാണാറുണ്ടെങ്കിലും എന്റെ വീട്ടില്‍‌വന്ന അയാളെ ഒന്ന് നോക്കി. അപ്പോഴേക്കും കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ എന്നോട് പറഞ്ഞു,
“ടീച്ചര്‍ക്ക് ഇയാളെ അറിയില്ലെ? നിങ്ങളുടെ കൂടെ സ്ക്കൂളില്‍ ജോലിചെയ്യുന്ന ബാബുവിനെ? ഈ ബാബുമാഷാണ് കല്ല്യാണം കഴിയാത്ത ഒരു ടീച്ചര്‍ സ്ക്കൂളിലുണ്ടെന്ന് പറഞ്ഞത്. ടീച്ചറുടെ പേര്?”

                        ഞാന്‍ എന്റെ പേര് പറഞ്ഞു. മറ്റുള്ളവരെ പറയാന്‍ അനുവദിക്കാതെ അയാള്‍തന്നെ വീണ്ടും റണ്ണിങ്ങ്കമന്ററി നടത്തുകയാണ്.
“ഇവന്‍ നന്നായി പഠിച്ചത്കൊണ്ട് സ്ക്കൂള്‍മാഷായി. എന്നാല്‍ ഇവന്റെ ഏട്ടന്‍ ഒരു ബാബു ഉണ്ട്; പത്തില്‍ തോറ്റവനാ. അത്കൊണ്ട്  ഗള്‍ഫില്‍ പോയപ്പോള്‍ അവന് ഉയര്‍ന്ന ജോലി കിട്ടി. ഇപ്പോള്‍ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാണ്. ആ ഗള്‍ഫുകാരന്‍ ബാബുവിനു വേണ്ടി ടീച്ചറെ ആലോചിക്കാനാ നമ്മള്‍ വന്നത്. അവന്‍ അടുത്ത മാസം ഗള്‍ഫ്‌ന്ന് വന്നാല്‍ കല്ല്യാണം നടത്താനാണ് പ്ലാന്‍ . ഞാന്‍ അവരുടെ കാരണവരാ. അവന്റെ ഫോട്ടോ കൊണ്ട്‌വന്നിട്ടുണ്ട്”
                          കാരണവര്‍ കൈയിലെ ചുവന്ന പേഴ്സ് തുറന്ന്, ചെറിയ കവറില്‍ നിന്നും പാസ്‌പോര്‍ട്ട്‌ സൈസ് ഫോട്ടോ പുറത്തെടുത്ത്, എന്റെ നേരെ നീട്ടി.


16.11.09

സീനിയര്‍...ജൂനിയര്‍.




                                     വീട്ടില്‍ എല്‍‌.പി. ജി. ഗ്യാസ് ഇല്ലാത്ത അവസ്ഥ, ഇന്നത്തെ കാലത്ത് അത് ഓര്‍ക്കാനേ വയ്യ. അടുക്കളയില്‍ ഗ്യാസ് കടന്നുവരുന്ന കാലത്ത്; ‘വീട്ടില്‍ ഗ്യാസ് തീര്‍ന്നു’ എന്ന് പറയുന്നത് ഒരു മഹാ സംഭവമായിട്ടാണ് കണക്കാക്കിയത്. ഗ്യാസിനെ കുറിച്ചുള്ള പൊങ്ങച്ചം കേട്ടാല്‍ തോന്നുക, ‘ഹൌസ്‌വൈഫ്‘ എന്നറിയപ്പെടുന്നവരെല്ലാം ഗ്യാസോടു കൂടി ജനിച്ചിരിക്കും എന്നാണ്. 


                                     ഈ പാചകവാതകം കൊണ്ടുള്ള ഗുണം ഒരിക്കല്‍ അറിഞ്ഞ വീട്ടമ്മ (അടുക്കളക്കാരി) പിന്നെ അതില്ലാതെ ജീവിക്കാന്‍ (പാചകം ചെയ്യാന്‍ ) പറ്റാത്ത അവസ്ഥയില്‍ ആയിരിക്കും. പുകയും കരിയും നിറഞ്ഞ അടുക്കളയില്‍ നിന്നും ഒരു മോചനമാണിത്. കരിപിടിച്ച പാത്രങ്ങള്‍ ഉരച്ചു കഴുകി സ്വന്തം നഖവും കൈയും വൃത്തികേടാക്കേണ്ടതില്ല. വളരെ വേഗത്തിലും എളുപ്പത്തിലും പാചകം പൊടിപൊടിക്കാം. പിന്നെ വളരെ പ്രധാനപ്പെട്ടത്; പാചകത്തിന് ഒരു അടുക്കളതന്നെ വേണമെന്നില്ല. ഒറ്റമുറി വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ബഡ്‌റൂമിന്റെ ഒരു മൂലക്ക് ഗ്യാസ്കുറ്റിയും സ്റ്റൌവും സംഘടിപ്പിച്ച് പാചകമൂല ആക്കിമാറ്റാം. വിറക് ശേഖരിക്കല്‍, ചാരം പുറത്തുകളയല്‍ എന്നിവയെകുറിച്ച് ആലോചിച്ച് തലപുകക്കേണ്ടതില്ല.

                               അടുക്കളയില്‍ വന്ന ഗ്യാസ് പതുക്കെ മനുഷ്യന്റെ ശരീരത്തിനകത്തും പ്രവേശിക്കാന്‍ തുടങ്ങി. വെറും വീട്ടമ്മയായി ജീവിക്കുന്നവരുടെ പ്രധാന ഹോബി വിറക് പെറുക്കലായിരുന്നു. പുതുമഴ പെയ്യുന്നതിനു മുന്‍പ്, മഴക്കാലം കഴിയുന്നത് വരെയുള്ള ആവശ്യത്തിനുള്ള വിറക് ശേഖരിച്ച്, വിറക്‍പുരയിലും അടുക്കളയുടെ മുകളിലുള്ള തട്ടിന്‍‌പുറത്തും നിറച്ചിരിക്കും. മുറ്റത്തും പറമ്പിലും കാണുന്ന ‘ചപ്പ്ചവറുകളും വിറകും’ ഒന്നൊഴിയാതെ ഇന്ധനം ആക്കി മാറ്റുന്നതിനാല്‍ മലിനീകരണവും കൊതുകുവളര്‍ത്തലും നമ്മുടെ നാട്ടിന്‍‌പുറത്ത് ഉണ്ടായിരുന്നില്ല. വീട്ടിലെ സ്ത്രീജനങ്ങള്‍ എല്ലാവരും ഒന്നിച്ച്‌ചേര്‍ന്ന് പാചകകല കൈകാര്യം ചെയുന്നതിനാല്‍ ശാരീരികമായ അവശതകളും പ്രഷര്‍, ഷുഗര്‍, കോളസ്ട്രോള്‍, ഗ്യാസ്‌ട്രബിള്‍ ആദിയായവയെല്ലാം അകലെയായിരുന്നു.

                               എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവനും, അടുക്കളയില്‍ പാചകം ചെയ്യാന്‍ അരിയില്ലാത്തവനും പാചകവാതകം കിട്ടാന്‍ കൊതിയേറി. ഗ്യാസ് ലഭിക്കാന്‍ അപേക്ഷ കൊടുക്കാനായി ക്യൂ നില്‍ക്കുന്നവരുടെ എണ്ണം കൂടി വരാന്‍ തുടങ്ങി. വീട്ടില്‍ ഒരു ഗ്യാസ്‌സിലിണ്ടര്‍ എന്നത് സ്റ്റാറ്റസ് സിംബല്‍ ആയി മാറി. പണ്ടുകാലത്ത് പെണ്ണുകാണാന്‍ വരുമ്പോള്‍ വീട്ടില്‍ കൃഷിയുണ്ടെന്ന് അറിയിക്കാന്‍ മുറ്റത്തെ മൂലയില്‍ ഒരു വൈക്കോല്‍‌കൂന പ്രദര്‍ശിപ്പിക്കുന്നതു പോലെ ‘പുരനിറഞ്ഞ പെണ്‍’‌വീട്ടുകാര്‍ കാലിയായ ഗ്യാസ് സിലിണ്ടര്‍ എടുത്ത് എല്ലാവരും കാണ്‍കെ വീട്ടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. തപാല്‍‌പെട്ടി പോലെ ചുവന്ന സിലിണ്ടര്‍ വീടിനു മുന്നില്‍ കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോവും. ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് പെട്ടെന്നുള്ള പാചകത്തിന് LPG Gas ഒഴിവാക്കാന്‍ പറ്റാത്ത ഘടകമായി മാറി. ടീവി കാണാനും വിശ്രമവേളകള്‍ ഭക്ഷണവേളകളാക്കി മാറ്റാനും വീട്ടമ്മമാര്‍ക്ക് കൂടുതല്‍ സമയം ലഭിച്ചു. അങ്ങനെ തടിച്ചികളെയും മടിച്ചികളെയും കൊണ്ട് നമ്മുടെ നാട് നിറയാന്‍ തുടങ്ങി.

                             അങ്ങനെ അടുക്കളയില്‍ വിറകിനെ പുറം‌തള്ളി ഗാസ് സിലിണ്ടര്‍ കയറി വരുന്ന കാലത്താണ് സംഭവം നടക്കുന്നത്. വീട്ടില്‍ ഗാസ് അടുപ്പ് ആയാലുള്ള മെച്ചം അത് ലഭിച്ച അദ്ധ്യാപകര്‍ പറയുന്നത് കേട്ട് നമ്മുടെ സ്ക്കൂളിലെ  സഹപ്രവര്‍ത്തകര്‍ക്ക് കൊതിയായി. സ്ക്കൂളിലെ സംഗീതം അദ്ധ്യാപകനാണ് സീനിയര്‍. അദ്ദേഹം എല്ലാവരെക്കാളും ജൂനിയര്‍ ആണ്. എങ്കിലും ഒരേ സ്ഥാപനത്തില്‍ വളരെക്കാലം പഠിപ്പിച്ചതിനാല്‍ മറ്റുള്ളവരോട് പറയ്ന്നത് ‘ഞാന്‍ സീനിയര്‍’ എന്നാണ്. നാട്ടില് പുത്തനായി വരുന്നതെല്ലാം പെട്ടെന്ന് സ്വന്തമാക്കുന്ന സ്വഭാവം നമ്മുടെ  സീനിയറിനുണ്ട്. അത്കൊണ്ട് ഇപ്പോള്‍ എങ്ങനെയെങ്കിലും ഒരു എല്‍.പി.ജി. ഗാസ് ലഭിക്കാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സംഗീതം. എന്നാല്‍ എല്ലാ പുരോഗതിയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്ന പഴയ തറവാട്ട് കാരണവരെ പോലുള്ള, ഒരു മൂരാച്ചി  ഹെഡ്മാസ്റ്റരാണ് നമ്മുടെ സ്ക്കൂള്‍ ഭരിക്കുന്നത്. അദ്ദേഹത്തിന് ഇത്തരം സംഭാഷണങ്ങളോന്നും ഇഷ്ടമല്ല.

                                സമീപത്തുള്ള സഹകരണ ബാങ്കിന്റെ വകയായി ഗ്യാസ് പെര്‍മിറ്റ് കൊടുക്കുന്നുണ്ട്, എന്ന് അറിഞ്ഞ ആദ്യ ദിവസം തന്നെ നമ്മുടെ സീനിയറിന്റെ ഭാര്യ പത്ത് മണി മുതല്‍ നാല് മണി വരെ ക്യൂ നിന്നെങ്കിലും സമയം വൈകിയതിനാല്‍ നിരാശയോടെ തിരിച്ചുപോന്നു. അന്ന് രാത്രി സീനിയര്‍ അവളോട് പറഞ്ഞു,
“നാളെ രാവിലെ ഞാന്‍ ക്യൂ നില്‍ക്കാം. നീ നോക്കിക്കോ, ഗ്യാസ് പെര്‍മിറ്റ് ശരിയാക്കിയ ശേഷം അല്പം വൈകി മാത്രമെ സ്ക്കൂളിലേക്കുള്ളു”

                          അതിരാവിലെ ബേങ്കിനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ പോയ സീനിയര്‍ ഞെട്ടി, നാട്ടിന്‍പുറത്തെ പോളിംഗ്‌ബൂത്തില്‍പോലും ഇത്രേം വലിയ ക്യൂ കാണില്ല. ഏതായാലും ആധുനിക മനുഷ്യന്റെ ജീവിതത്തില്‍ വലിയൊരു സമയം ക്യൂവിലാണല്ലൊ.
                            പത്ത്മണി ആയപ്പോള്‍ ആളുകള്‍ ഓരോന്നായി അകത്ത് കടക്കാന്‍ തുടങ്ങി. അകത്ത് കടന്നവന്‍ ഓണംബംബര്‍ ലോട്ടറി അടിച്ചവനെപോലെ മറ്റുള്ളവരെ നോക്കി ചിരിച്ച് പുറത്ത് വരാന്‍ തുടങ്ങി. സമയം പതിനൊന്ന് മണി ആയി. സീനിയറിന്റെ മുന്നില്‍ ഇനിയും നൂറുപേര്‍ നില്‍പ്പുണ്ട്. ഒരു വര്‍ഷം എടുക്കാവുന്ന എല്ലായിനം ലീവുകളും എടുത്ത്‌തീര്‍ന്നതിനാല്‍ സ്ക്കൂളില്‍ പോകാതെ രക്ഷയില്ല. ഇനിയും ഇവിടെ നിന്നാല്‍ ഇന്നത്തെ ശമ്പളം നഷ്ടപ്പെടും. നാളെ പുലര്‍ച്ചക്ക് വന്ന് ഒന്നാം നമ്പര്‍ ആയി നില്‍ക്കാം എന്ന് മനസ്സില്‍ പറഞ്ഞ് സീനിയര്‍ ക്യൂ വിട്ട് സ്ക്കൂളിലേക്ക് നടന്നു.
സ്ക്കൂളില്‍ എത്തി റജിസ്റ്ററില്‍ ഒപ്പിടാന്‍ നോക്കിയപ്പോള്‍ ഹെഡ്‌മാസ്റ്റര്‍ മുന്നില്‍.
“ഏതെങ്കിലും സമയത്ത് ഒപ്പിടാന്‍ ഇതൊന്നും ഇവിടെ ശരിയാവില്ല. സമയം എത്രയായെന്ന് അറിയാമോ?”
പിന്നെ എവിടെയാണ് ശരിയെന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല.
“അത് സാര്‍ ഞാന്‍ രാവിലെ മുതല്‍ ഗ്യാസ് കിട്ടാന്‍ വേണ്ടി ബേങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുകയാ”
“തന്റെയൊരു ഗ്യാസ്; എടോ വീട്ടില്‍ ജോലിയൊന്നും ഇല്ലാത്ത ഭാര്യമാര്‍ക്ക് എന്തിനാ ഗ്യാസ്? വിറക് കത്തിച്ചാല്‍ പോരേ?”
                               ‘ഈ മൂരാച്ചിയായ കാലത്തിനൊത്ത് കോലം കെട്ടാനറിയാത്ത ഹെഡ്‌മാസ്റ്റരോട് കൂടൂതല്‍ പറയാതിരിക്കുന്നതാണ് നല്ലത്. പറഞ്ഞാല്‍ ഒപ്പ് ചാര്‍ത്തല്‍ നടക്കില്ല’. ഗ്യാസ് കാര്യം പറഞ്ഞ് നാട്ടുകാരനായ ഹെഡ്‌മാസ്റ്ററെ പിണക്കിയാല്‍ നഷ്ടം തനിക്ക് തന്നെയാണ്.
                               അന്ന്‌രാത്രി ഉറങ്ങാന്‍ കിടന്ന സീനിയര്‍ ആലോചിച്ചു ‘നാളെ നാല് മണിക്ക് എഴുന്നേറ്റ ഉടനെ ബേങ്കിന്റെ വാതിലിനു മുന്നില്‍ പോയി കിടന്നാലോ? അങ്ങനെ ചെയ്താല്‍ ഒന്നാം നമ്പറായി അപേക്ഷ കൊടുക്കാമല്ലോ’. തന്റെ പുത്തന്‍ പദ്ധതി ഭാര്യയോട് പറഞ്ഞു. 
                           നാല് മണിക്ക് അലാറം കേട്ട് ഉണര്‍ന്ന നമ്മുടെ സീനിയര്‍ രണ്ട് ബെഡ്ഷീറ്റും തലയിണയും ടോര്‍ച്ചും എടുത്ത് നടന്നു; നേരെ  സഹകരണ ബേങ്കിലേക്ക്. ഇനി  ബാക്കി ഉറക്കം അവിടെ.

                             അവിടെ നേരം പുലരുന്നതുവരെ കിടക്കാന്‍ ഒരു നല്ല സ്ഥലം ടോര്‍ച്ചടിച്ച് നോക്കുമ്പോള്‍ കണ്ടു; ‘ഏതോ ഒരുത്തന്‍ വാതിലിന്റെ തൊട്ടുമുന്നില്‍ കിടന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു’. ഈ പഹയന്‍ ഇന്നലെ രാത്രിതന്നെ വന്ന് ഇവിടെ കിടന്ന് ഉറങ്ങിയതായിരിക്കാം.
                            
                           ഉറങ്ങുന്നവനെ ശല്യപ്പെടുത്താതെ ടോര്‍ച്ചടിച്ച് ഒന്ന് നോക്കി. വിശ്വാസം വരാതെ വീണ്ടും നോക്കിയപ്പോള്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നന്നായി കണ്ടു. അത് അദ്ദേഹത്തിന്റെ സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ഹെഡ്‌മാസ്റ്റര്‍ തന്നെയാണ് സീനിയര്‍ എന്ന് നമ്മുടെ സംഗീതത്തിന് അപ്പോഴാണ് മനസ്സിലായത്.

30.10.09

25. കലാലയ ജീവിതത്തിലെ ഒരു മലയാളം ക്ലാസ്സ്




   ഒരുവട്ടം കൂടിയ പ്രീഡിഗ്രി ക്ലാസ്സില്‍
   ഒരുമിച്ചിരിക്കുവാന്‍ ...   മോഹം.
   വെറുതെയാ മോഹമെന്നറിയുന്ന നേരത്ത്
   വെറുതെ ഓര്‍ത്തിരിക്കുവാന്‍ ...   മോഹം.

                     അതെ സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ, ചിരിയും കണ്ണീരും കൊണ്ട് നിറഞ്ഞ; ആ പ്രീ ഡിഗ്രി ക്ലാസ്സ്. - നമ്മുടെ കോളേജുകളില്‍ നിന്ന് മുറിച്ചുമാറ്റിയത്  ‘പ്രീ ഡിഗ്രിയല്ല’; കലാലയ സ്വപ്നങ്ങളുടെ ‘ചിറകുകളാണ്’. പഠനത്തിന്റെ വിരസതയില്ലാത്ത കുസൃതികളും തമാശകളും പ്രേമവും സ്വപ്നവും ചേര്‍ന്ന് അലയടിക്കുന്ന ആ ലോകം. ഒടുവില്‍ വിരഹം പേറുന്ന മാര്‍ച്ച് മാസത്തില്‍ നമുക്ക് കാണാന്‍ കഴിയും;


   എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും
   അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം.
   ആമരത്തണലില്‍ പൂക്കള്‍ക്കൊപ്പം
   കണ്ണീര് പെയ്യുന്നു, പ്രണയജോഡികള്‍.

                       എന്നാല്‍ പ്രേമിക്കുക എന്നത് അത്ര എളുപ്പമായിരിന്നില്ല. മനസ്സില്‍ തോന്നുന്നത് ഒന്ന് പറയാന്‍ (പരസ്പരം ഒന്ന് സ്നേഹിക്കാന്‍ ) മരച്ചുവട്ടിലോ, കോളേജ്‌കേന്റീനിലോ, മതിലിന്റെ പിന്നിലൊ, ജോഡികളായി ഇരിക്കുന്നത് പിടിച്ചാല്‍ (പിടിക്കുന്നത് അദ്ധ്യാപകരൊ മറ്റു ജീവനക്കാരോ ആവാം) കിട്ടുന്നത് സസ്പെന്‍‌ഷന്‍ ആയിരിക്കും. ആ വിവരം നോട്ടീസ്‌ബോര്‍ഡില്‍ പതിക്കുക മാത്രമല്ല, എല്ലാ ക്ലാസ്സുകളിലും മെമ്മൊ ആ‍യും അറിയിക്കും. അത്കൊണ്ട് ആരെങ്കിലും പ്രേമിക്കാതിരിക്കുമോ?
                        ന്യൂട്ടന്റെ മൂന്നാം ചലന നിയമം പഠിക്കുന്നത് പ്രീഡിഗ്രി കാലത്താണ്; ‘For every action there is an equal and opposite reaction’ . അതുപോലെ സസ്പെന്‍ഷന്‍ ഡിസ്മിസ്സല്‍ ആയാലും കൌമാരപ്രായക്കാരുടെ പ്രണയത്തിന്റെ തീവ്രത വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
.
                       എന്നാല്‍ എന്താണെന്നറിയില്ല, കൂടെപഠിക്കുന്ന ഒരുത്തനോടും എനിക്ക്  പ്രേമം തോന്നിയില്ല; അതായത് എനിക്ക് പ്രേമിക്കാന്‍ യോഗ്യതയുള്ള ആരെയും ഞാന്‍ കണ്ടില്ല. പിന്നെ പ്രേമിച്ചത് മുഴുവന്‍ അദ്ധ്യാപകരെയാണ്. അത്കൊണ്ട് എന്റെ പ്രേമം പുറത്തുവിടാതെ മനസ്സില്‍ ഒളിപ്പിച്ചു. എന്റെ പ്രീ ഡിഗ്രി കാലത്ത് ചെറുപ്പക്കാരായ അവിവാഹിതരായ ‘പുരുഷ ലക്ച്ചര്‍മാരുടെ’ ഒരു പടതന്നെ ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ അവരെ ആരാധിക്കുകയും പിന്നെ ആരാധന മൂത്ത് പ്രേമിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരാളായതിനാല്‍ എന്റെ പ്രേമവും പൂക്കാതെ കായ്ക്കാതെ കരിഞ്ഞുപോയി.
 .
                        എന്റെ ജീവിതത്തിലെ ഏറ്റവും വലുത് എന്ന് ഞാന്‍ വിശ്വസിച്ച, ‘ചെറിയ അപകടം’ നടന്നത് പ്രീ ഡിഗ്രി പഠനകാലത്താണ്. ഇതുവരെ ആരോടും പറയാത്ത ആ അപകടം ഇപ്പോഴും ഞാന്‍ പറയത്തില്ല. വളരെ നിസ്സാരമായ അപകടത്തെ ഒരു ആനക്കാര്യമായി ഞാന്‍ കണക്കാക്കുകയും അതില്‍ നിന്നുള്ള പാഠങ്ങള്‍  ഉള്‍ക്കൊണ്ട്, ഭാവി ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തി ആനപ്പുറത്ത് കയറാനും എനിക്ക് കഴിഞ്ഞു. (ഒരിക്കല്‍ ശരിക്കും ആനപ്പുറത്ത് ‘ഈ ഞാന്‍ ’ കയറിയിട്ടുണ്ട്; നാല് കാലും ഒരു വാലും ഒരു തുമ്പിക്കൈയും ഉള്ള, ജീവനുള്ള ഒറിജിനല്‍ ആനയുടെ പുറത്ത് തന്നെ. എന്നെയുംകൊണ്ട് ആന പത്ത് മിനുട്ട് നടന്നു)
.
                          ഈ പോസ്റ്റ് വായിക്കുന്നവരില്‍ പലരും ഞാന്‍ പറയുന്ന സംഭവം നടക്കുന്ന കാലത്ത് ജനിച്ചവരായിരിക്കില്ല. നാല്പത് വര്‍ഷം മുന്‍പുള്ള കണ്ണൂര്‍ എസ്. എന്‍ . കോളേജാണ് ഞാന്‍ ഇവിടെ വിവരിച്ചത്. കോളേജില്‍ ചേര്‍ന്നതിനു ശേഷം ഒരു വര്‍ഷം (ഫസ്റ്റ് പീഡീസി) പലരും പലതും പഠിപ്പിച്ചു; എന്നാല്‍ ഒന്നും മനസ്സിലായില്ല. കാരണം എല്ലാം ഇംഗ്ലീഷ് തന്നെ. ചോദിക്കുന്നതും പറയുന്നതും ഇംഗ്ലീഷില്‍ മാത്രം.  ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും വന്ന ചില വിദ്യാര്‍ത്ഥികള്‍ ഓരോ ബാച്ചിലും കാണും. അവര്‍ മലയാളികളെക്കാള്‍ ഉന്നതസ്ഥാനീയരാണ് എന്ന് അറിയിക്കാന്‍ പരമാവധി പൊങ്ങച്ചം കാട്ടും. 


                     അവര്‍ സംസാരിക്കുന്നതും നടക്കുന്നതും കുടിക്കുന്നതും തിന്നുന്നതും എല്ലാം ഇംഗ്ലീഷില്‍; അതങ്ങനെയാണ്. നമ്മള്‍ കേന്റീനില്‍ ചായക്കും കാപ്പിക്കും വേണ്ടി തിക്കിതിരക്കി മുന്നിലെത്തി ‘ഒരു കാപ്പി’ എന്ന് പറയുമ്പോള്‍ സമീപത്തു നിന്നും ചിലപ്പോള്‍ കേള്‍ക്കാം ഒരു കിളിനാദം ‘ഒണ്‍ കോഫീ പ്ലീസ്
 .
                      പിന്നെ കോളേജില്‍ ചേര്‍ന്നാല്‍ വേഷം സാരി ആയിരിക്കണം എന്ന ചിന്ത പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്നു. പ്രീ ഡിഗ്രി ഒന്നാം വര്‍ഷം പാവാടക്കാരിയായി വന്ന അവളുമാരെല്ലാം വെക്കേഷന്‍ കഴിഞ്ഞ് തിരിച്ച് രണ്ടാം വര്‍ഷത്തിലേക്ക് വരുന്നത് സാരിയിലായിരിക്കും. ഈ പാവാട ഒന്നുകില്‍ മുട്ടിനു മുകളില്‍, അല്ലെങ്കില്‍ നിലത്തിഴയുന്നത് ആയിരിക്കും. ചില മിടുക്കികള്‍ അമ്മയുടെ പഴയ ഇരുമ്പുപെട്ടി തുറന്ന്, അവരുടെ മധുവിധു കാലത്ത് വാങ്ങിയ, പഴമയുടെ ഗന്ധമുള്ള പട്ടുസാരികള്‍ അമ്മ അറിയാതെ പുറത്തെടുക്കുന്നത് അപ്പോഴായിരിക്കും. 


                       ഡിഗ്രി വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ്ണമായി സാരിയിലേക്ക് കടക്കും. ഇതിനിടയില്‍ ‘ഹാഫ്‌സാരി എന്ന് പറയുന്ന ധാവണി’ ധരിച്ച് ചിലര്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ആദ്യമായി കാണുന്നവര്‍ വാ പൊളിച്ച് നോക്കിനില്‍ക്കുന്ന ഒരു വേഷത്തില്‍ അപൂര്‍വ്വം ചിലരെ കാണാം. മുട്ടോളമെത്താന്‍ മടികാണിക്കുന്ന ഉടുപ്പിട്ട്, മുടിയൊക്കെ മുറിച്ച് ഉയര്‍ത്തി, നിര്‍ത്താതെ ചറപറാ ഇംഗ്ലീഷ് പറഞ്ഞ്, ആണിവെച്ച് ഉയര്‍ത്തിയ ചെരിപ്പുമിട്ട് അവര്‍ നടന്നുപോകുമ്പോള്‍ ചുറ്റും കാണും ഒരു പട നാടന്‍ മലയാളികള്‍. അതാണ് ആഗ്ലോഇന്ത്യന്‍‌ . (ഇന്ന് ഈ വേഷക്കാര്‍ കേരളത്തിലെ  എല്ലാവിട്ടിലും കാണും)
 .
                         നമ്മുടെ മാതൃഭാഷക്ക് –മലയാളത്തിന്‍- എന്തോ ഒരു അയിത്തം കല്പിച്ച ഒരു കാലമായിരുന്നു അത്. സെക്കന്റ് ലേഗ്വേജ് ആയി മലയാളവും ഹിന്ദിയും കോളേജില്‍ വെച്ച് പഠിപ്പിക്കുന്നുണ്ട്. പ്രീ ഡിഗ്രി ക്ലാസ്സിലെ മൂന്നില്‍ രണ്ട് ഭാഗം വിദ്യാര്‍ത്ഥികളും മലയാളം ഒഴിവാക്കി ഹിന്ദി പഠിക്കുന്നു. മലയാളത്തെ സ്നേഹിക്കുന്ന ഒരു ചെറിയ വിഭാഗം മാത്രം സ്വന്തം മലയാളഭാഷ പഠിക്കുന്നു. മലയാളത്തില്‍ ആരും തോല്‍ക്കാറില്ല. എന്നാല്‍ തോറ്റാലും ചിലര്‍ക്ക് ഹിന്ദി തന്നെ പഠിക്കണം.
.
                        നമ്മുടെ മലയാളം ക്ലാസ്സ് വളരെ രസകരമായിരുന്നു. അന്യജില്ലക്കാരായ ലക്ച്ചര്‍മാരുടെ രസകരമായ  ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഒരു മണിക്കൂര്‍ കടന്നുപോകുന്നത് അറിയത്തില്ല. പിന്നെ മലയാളം ക്ലാസ്സില്‍ എന്റെ സ്ഥാനം പിന്‍ബെഞ്ചിലാണ്. സ്വന്തം ക്ലാസ്സില്‍ നിന്നും മലയാളത്തിനു വേണ്ടി മറ്റൊരു ക്ലാസ്സില്‍ വന്നിരിക്കുമ്പോള്‍ ഒരിക്കലും മുന്നില്‍ സ്ഥാനം ലഭിക്കാറില്ല.
.
                        ‘മലയാളം അധ്യാപകരില്‍ ഒരാള്‍‘ അല്പം അശ്ലീലവും തമാശയും പറയുന്ന ആളാണ്. ശിഷ്യഗണങ്ങള്‍ക്ക് പ്രീയപ്പെട്ട അദ്ദേഹം ചിലപ്പോള്‍ പരിധി വിട്ട് പുറത്ത് കടക്കാറും ഉണ്ട്. ക്ലാസ്സില്‍ ലെയിറ്റായി വരുന്ന ശിഷ്യനോട് ചോദിക്കും,
 “എവിടെ നിന്നാ വരുന്നത്? ഭാര്യാഗൃഹത്തില്‍ നിന്നാണോ?”
                            അത് കേള്‍ക്കുന്ന ചിലര്‍ പ്രതികരിച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നു. ടെക്‍സ്റ്റ് പുസ്തകവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളായിരിക്കും പഠിപ്പിക്കുന്നത്. ഒരു ദിവസം മുഴുവന്‍ മലയാളം ക്ലാസ്സില്‍ അദ്ദേഹം ലക്ച്ചര്‍ നടത്തിയത് സ്ത്രീ സൌന്ദര്യത്തെപറ്റിയായിരുന്നു. ഞങ്ങള്‍ മുഴുവന്‍ കേട്ടിരുന്നു എന്ന് പറയുന്നത് ശരിയല്ല. പലരും പ്രോബ്ലം സോള്‍വ് ചെയ്യുന്നു. ചിലര്‍ റെക്കാഡ് എഴുതുന്നു. മറ്റു ചിലര്‍ ഉറങ്ങുന്നു. ഞാന്‍ പിന്നിലിരുന്ന് ലൈബ്രറി പുസ്തകം വായിക്കുന്നു.

                         നമ്മുടെ അദ്ധ്യാപകന്‍ സൌന്ദര്യ വര്‍ണ്ണനയുമായി ഒരാഴ്ച കഴിഞ്ഞു. ആദ്യ ക്ലാസ്സില്‍ വിവരിച്ചത് കേശസൌന്ദര്യത്തെയാണ്. അത് കഴിഞ്ഞപ്പോള്‍ മുഖസൌന്ദര്യമായി. കണ്ണ്, മൂക്ക്, വായ, ചെവി, എല്ലാം ചേര്‍ന്ന സൌന്ദര്യ വര്‍ണ്ണന തന്നെ. ഒരു ദിവസം ‘ഞാന്‍ ഒരു സുന്ദരിയുടെ മുഖം വരക്കാം’ എന്ന് പറഞ്ഞ്, വെളുത്ത ചോക്കുകൊണ്ട് കറുത്ത ബോര്‍ഡില്‍ ഒരു ദീര്‍ഘവൃത്തം വരച്ചു. ശേഷം ശിഷ്യഗണങ്ങളെ നോക്കി പറഞ്ഞു,
 “ലോകത്തിലെ ഒന്നാം നമ്പര്‍ സുന്ദരിയുടെ മുഖത്തിന്റെ ചിത്രമാണ് ഇവിടെ വരച്ചത്”. ഇത് കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ഒരുത്തന്‍ ചോദിച്ചു,
“സാര്‍ ഈ സുന്ദരിക്ക് കണ്ണും മൂക്കും വായൊന്നും ഇല്ലെ?”
  അധ്യാപകന്റെ മറുപടി ഉടനെ വന്നു,
 “അതൊക്കെ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ സാധ്യമല്ല. ആ സൌന്ദര്യത്തിന്റെ തിളക്കത്തില്‍ മറ്റൊന്നും നിങ്ങള്‍ കാണുകയില്ല”

                        ഇത് കേട്ടപ്പോള്‍ വിദ്യാര്‍ത്ഥികളെല്ലാം പൊട്ടിചിരിക്കാന്‍ തുടങ്ങി. അങ്ങനെ നമ്മുടെ മലയാളം ക്ലാസ്സില്‍ പൊടിപൊടിച്ച് സൌന്ദര്യം നിറഞ്ഞൊഴുകുകയാണ്. അങ്ങനെ ഒരാഴ്ചകൂടി കഴിഞ്ഞ ഒരു ദിവസം; മലയാളം ക്ലാസ്സില്‍ ശരീരസൌന്ദര്യം തല കഴിഞ്ഞ് താഴോട്ടൊഴുകാന്‍ തുടങ്ങി. 
                           അന്ന് നമ്മുടെ മലയാളം ലക്ച്ചര്‍ വളരെ ഗൌരവത്തിലാണ്. വന്ന ഉടനെ ബോഡീ ഷെയ്പ്പ് എന്ന് പറഞ്ഞുള്ള വര്‍ണ്ണനയാണ്. മലയാളം ക്ലാസ്സാണെങ്കിലും ഇംഗ്ലീഷും മലയാളവും ചേര്‍ത്തായിരിക്കും ലക്ച്ചറിങ്ങ്. പെട്ടെന്ന് അദ്ദേഹം ചുമരിലെ ബ്ലാക്ക്ബോര്‍ഡില്‍ രണ്ട് ചിഹ്നങ്ങള്‍ വരച്ചു; 
                 ) , >
 ; ശേഷം കുമാരികുമാരന്മാരോടായി പറഞ്ഞു, 
“ഇതാണ്‍ സ്ത്രീ സൌന്ദര്യത്തിന്റെ പ്രധാന ഘടകം, ഇതില്‍ ഏതാണ് ഏറ്റവും നല്ല ഷെയ്പ്പ്?”

                            ക്ലാസ്സ് മൊത്തത്തില്‍ ശ്വാസം‌പോലും വിടാതെയിരിപ്പാണ്. ഉറങ്ങാന്‍ തുടങ്ങിയവര്‍ ഉറക്കം ഒഴിവാക്കി. നോട്ട് എഴുതുന്നവര്‍ അത് അടച്ചുവെച്ചു. ഞാന്‍ വായിക്കാനെടുത്ത ചെറുകഥാ പുസ്തകം കമഴ്ത്തിവെച്ചു. നമ്മുടെ അദ്ധ്യാപകന്‍ ചോദ്യം തുടരുകയാണ്,
“എന്താ നിങ്ങളാരും ഉത്തരം പറയത്തില്ലെ? Which one is the best? I think the second shape is more beautiful than the first”
                                   
                           കാര്യം മനസ്സിലായിട്ടും മനസ്സിലാവാത്ത മട്ടില്‍ എല്ലാ വിദ്യാര്‍ത്ഥികളും ആകാംക്ഷയോടെ അമര്‍ന്നിരിപ്പാണ്. അപ്പോള്‍ പിന്നിലിരിക്കുന്ന ഒരുത്തന്‍ എല്ലാവരും കേള്‍ക്കെ വിളിച്ചുപറഞ്ഞു, “എടാ സാറ് ബോര്‍ഡില്‍ വരച്ചിരിക്കുന്ന ചിത്രം പെണ്ണുങ്ങളുടെ …….”
                            ആ ക്ലാസ്സിലിരിക്കുന്നവരാരും അന്ന് അവന്‍  പറഞ്ഞത് മുഴുവനായി കേട്ടില്ല; അപ്പോഴേക്കും ... തുടങ്ങിയിരുന്നു –‘ചിരിയുടെ വെടിക്കെട്ട്’.
                           മധുരപതിനേഴില്‍ കടന്ന ഏതാണ്ട് എണ്‍പതോളം കുട്ടികള്‍  ഒന്നിച്ചിരുന്ന് പരമാവധി ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുക. ഡെസ്ക്കിലും ബഞ്ചിലും അടിച്ച് നിര്‍ത്താതെ പൊട്ടിച്ചിരി. കൂട്ടുകാരോടൊപ്പം ചിരിക്കില്ല എന്ന് തീരുമാനമെടുത്ത ഞാനും അന്ന് മതിമറന്ന് പൊട്ടിചിരിച്ചു. പുതിയതായി നിര്‍മ്മിച്ച കോണ്‍‌ക്രീറ്റ് കൊണ്ടുള്ള മേല്‍ക്കുരയുള്ളതിനാല്‍  കെട്ടിടത്തിനൊന്നും പരിക്കേറ്റില്ല.

                         അന്ന് കണ്ണൂര്‍ എസ്. എന്‍ . കോളേജിലെ മലയാളം ക്ലാസ്സിലുണ്ടായതു പോലെ കൂട്ടച്ചിരി പിന്നീട് എന്റെ ജീവിതത്തില്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അതാണ് നമ്മുടെ പ്രീ ഡിഗ്രി; അതാണ് നമ്മുടെ മലയാളം.  

പിന്‍‌കുറിപ്പ് : 

  1. ഞാന്‍ നര്‍മ്മം എഴുതിയത് ആരെയും പരിഹസിക്കാനായിട്ടല്ല. ചിരിക്കാന്‍ മാത്രമാണ്. ഒരു അധ്യാപികയായിരുന്ന ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവങ്ങള്‍ ഓര്‍മ്മിച്ച് ഈ ബ്ലോഗിലൂടെ മാത്രമാണ് ചിരി പങ്കുവെക്കുന്നത്.  
  2. പിന്നീട് ഒരിക്കല്‍ ഡിഗ്രി ക്ലാസ്സില്‌വെച്ച് ഇതെ അദ്ധ്യാപകന്റെ അശ്ലീലം പറച്ചിലിനെതിരായി പ്രതികരിച്ചു. മലയാളം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് ബഹിഷ്ക്കരിച്ചു. പെണ്‍‌കുട്ടികളുടെ കൂട്ടത്തില്‍ ആദ്യം പുറത്തിറങ്ങിയത് ഞാനായിരുന്നു. ക്ലാസ്സിനു വെളിയില്‍ വന്ന്, കൊ ഓപ്പറേറ്റീവ് സ്റ്റോറിനു സമീപം എത്തിയപ്പോള്‍ ഉണ്ടായ ഉഗ്രന്‍ വീഴ്ചയില്‍ എന്റെ കാലും കൈയും മുറിഞ്ഞു. 
  3. ക്ലാസ്സില്‍ ശല്യം ചെയ്യുന്ന മിടുക്കരായ ശിഷ്യരെ അധ്യാപകന്‍ ഇപ്രകാരം ശപിക്കാറുണ്ട്, ‘ഭാവിയില്‍ നീ എന്നെപ്പോലെ ഒരു അധ്യാപകന്‍ ആയി മാറട്ടെ’. എന്നാല്‍ ഇപ്പോള്‍ ആരും അങ്ങനെ ശപിക്കാറില്ല; അതുകൊണ്ട് ഈ പണി അത്ര എളുപ്പത്തില്‍ അടിച്ചെടുക്കാമെന്ന് ആരും കൊതിക്കണ്ട.

17.10.09

24. അച്ഛനും അമ്മയും സിനിമ കാണുകയാ...




                             സിനിമ കാണാന്‍ ഒരു കാലത്ത് വലിപ്പച്ചെറുപ്പം നോക്കാതെ, ‘മാനുഷരെല്ലാരും ഒന്നുപോലെ’ സിനിമാ തിയറ്ററില്‍ (സിനിമാകൊട്ടക അല്ലെങ്കില്‍ സിനിമാടാക്കിസ് എന്നും പറയാം) പോയിരുന്നു. അങ്ങനെ സിനിമ കാണാന്‍ മുതലാളി ഉയര്‍ന്ന   ‘ബാല്‍ക്കണി ടിക്കറ്റെടുക്കുമ്പോള്‍’ തൊഴിലാളികള്‍ ‘തറ ടിക്കറ്റ്’ എടുത്തും സിനിമ കാണുന്ന കാലം ഉണ്ടായിരുന്നു. മൂട്ടകടി കൊണ്ടാലും പൂവാല ശല്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സിനിമയെല്ലാം വീട്ടിനകത്ത് ടീവിയില്‍ കാണുന്നു. പോരാതെ വന്നാല്‍ ‘സീഡി പ്ലെയെര്‍, ഡീവീഡി പ്ലെയെര്‍’, എന്നിവ കൂടാതെ കൈയില്‍ കൊണ്ടുനടക്കാവുന്ന അനേകം ഉപകരണങ്ങള്‍ വേറെയും കാണും.
.
                             നമ്മുടെ സീഡി പ്ലെയര്‍ കണ്ടുപിടിക്കുന്നതിനു മുന്‍പ് ഒരു പ്രത്യേക ഉപകരണം ഉണ്ടായിരുന്നു – ‘വീസിപി’ – (വീസീആര്‍- എന്നും പറയാറുണ്ട്) . അക്കാലത്ത് പൊങ്ങച്ചംകാട്ടാനായി വാങ്ങിയ  വീസീപിയും അതില്‍ ഇട്ട് സിനിമ കാണിക്കുന്ന വീഡിയോ-കാസറ്റുകളും ഇന്ന് പല വീടുകളിലെയും പുരാവസ്തുക്കളുടെ കൂട്ടത്തില്‍ ഉണ്ടാവും. (എന്റെ വീട്ടിലും ഉണ്ട്) അക്കാലത്ത് സ്വന്തമായി വീസീപി ഇല്ലാത്തവര്‍ വീഡിയോ കാസറ്റ് മാത്രമല്ല, അത് കാണാനുള്ള വീസീപിയും വാടകക്ക് വീട്ടില്‍ കൊണ്ടുവരാറുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയുന്ന കാര്യം ഇപ്പോള്‍ പറയാന്‍ കാരണം നമ്മുടെ കഥ നടക്കുന്നത് ഒരു വീസീപി കാലഘട്ടത്തിലാണ്.

                              നിലാവില്ലാത്ത ഒരു വേനല്‍ക്കാല രാത്രി. സമയം 11 മണി കഴിഞ്ഞപ്പോഴാണ് അയല്‍‌പക്കത്തെ കൊച്ചു വീട്ടില്‍‌നിന്ന് അടിയും കരച്ചിലും ബഹളവും ഒന്നിച്ചു കേട്ടത്. നാട്ടില്‍ ഏറ്റവും വൈകി ഉറങ്ങുന്നതും അതുപോലെ ഉണരുന്നതും എന്റെ വീടാണ്. അതുകൊണ്ട് വീട്ടിലുള്ളവരെല്ലാം പുറത്തിറങ്ങി സംഭവം എന്താണെന്ന് ശ്രദ്ധിച്ചു. സംഭവം നടക്കുന്നത് ‘നാട്ടിന്‍പുറത്തായതിനാല്‍’ ആരൊക്കെയോ കരച്ചില്‍ കേട്ട വീട്ടിലേക്ക് ഓടിപോകുന്നുണ്ട്. കൂടാതെ ടോര്‍ച്ച് തെളിയിച്ച് വയല്‍‌വരമ്പിലൂടെയും ഇടവഴിയിലൂടെയും ആളുകള്‍ എന്തോ അന്വേഷിച്ച് ഓടുന്നുണ്ട്.

               ഞാന്‍ വീട്ടുകാരനായ ഭര്‍ത്താവിനോട് പറഞ്ഞു, “ഒന്ന് പോയി നോക്കരുതോ; കള്ളന്‍ കയറിയതാവാനാണ് സാദ്ധ്യത”
“പിന്നെ കള്ളന്റെ അടി എനിക്ക് കിട്ടാന്‍ വേണ്ടിയാണോ? എനിക്ക് വയ്യ” അദ്ദേഹം തീര്‍ത്തു പറഞ്ഞു.
    എങ്കിലും തൊട്ടയല്‍‌പക്കത്തു നടക്കുന്ന സംഭവം അറിയാന്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷ അദ്ദേഹത്തിനു തന്നെയാണ്.  അത്കൊണ്ട് അദ്ദേഹംതന്നെ മുറ്റത്തിറങ്ങി ടോര്‍ച്ചുമായി വരുന്ന ആദ്യംകണ്ടവനെ വിളിച്ച് ചോദിച്ചു, 
“എന്താ പറ്റിയത്; കള്ളനെ പിടിച്ചോ?”
“ഏതു കള്ളന്‍” മുറ്റത്തു വന്ന മനുഷ്യന്‍ ചോദിച്ചു.
“നിങ്ങളൊക്കെ ഓടുന്നത് കണ്ട് ചോദിച്ചതാ; എന്താണ് സംഭവം?”
“മാഷ് ഇങ്ങനെ വീട്ടില്‍ നിന്നാലെങ്ങനെയാ; അവിടെത്തെ വാസുവിന്റെ മകള്‍ രാത്രി  വീട്ടില്‍‌നിന്നും ഇറങ്ങി എങ്ങോട്ടോ പോയി. ഇപ്പോള്‍ അവളെ കാണാനില്ല.” അയാള്‍ അതു പറയുമ്പോഴേക്കും കൂടുതല്‍ ചെറുപ്പക്കാര്‍ ഞങ്ങളുടെ വീടിന്റെ മുറ്റത്തെത്തി.
 .
                            സംഭവിച്ചത് ചെറുതെങ്കിലും വലിയ സംഭവം തന്നെയാണ്. അയല്‍‌വാസിയായ വാസുവിന് രണ്ട് മക്കള്‍; മൂത്തവള്‍ പ്രീ ഡിഗ്രി രണ്ടാം വര്‍ഷം, ഇളയവന്‍ പത്താം തരം. കൂലിപ്പണിക്കാരനായ വാസു ദിവസേന കൂലിയും വാങ്ങി ലഹരിയും അടിച്ച് വീട്ടില്‍ വരും. എന്നാല്‍ മക്കളെയും ഭാര്യയെയും പൊന്നുപോലെ നോക്കുന്ന വാസു അവര്‍ക്ക് വേണ്ടുന്നതെല്ലാം മുടക്കം കൂടാതെ ചെയ്തുകൊടുക്കും. നാട്ടിലെല്ലാവരും ടീവി എന്ന ‘ടെലിവിഷം’ വാങ്ങി വീട്ടില്‍‌വെച്ച് പാട്ടും കൂത്തും കാണാന്‍ തുടങ്ങിയപ്പോള്‍ വാസുവിന് ഇരിപ്പുറക്കാതായി. അങ്ങനെ അടുത്തുള്ള സഹകരണബേങ്കില്‍ നിന്നും ലോണ്‍ ശരിയാക്കി വാസുവിന്റെ വീട്ടിലും ടീവി വാങ്ങി.
 .
                         പുരപ്പുറത്തു കുറ്റിനാട്ടിയ ആന്റിനയിലൂടെ വരുന്ന ഹിന്ദി, ഇംഗ്ലീഷ്, മലയാളം പരിപാടികള്‍ക്കിടയില്‍ അപൂര്‍വ്വം ചില മലയാളസിനിമകള്‍ മാത്രമായിരുന്നു ദൃശ്യമായത്. ഒരു ദിവസം കള്ള്‌ഷാപ്പില്‍‌വെച്ച് രണ്ട് കുപ്പി അകത്താക്കിയ ശേഷം അച്ചുവേട്ടനാണ് ‘വീസീയാറിനെ പറ്റി’ ഒരു ലഘുവിവരണം നല്‍കിയത്. മുതലാളിയുടെ വീട്ടിലെ വീസീയാറിന്റെ മുന്നിലിരുന്ന് സിനിമ കാണാനും കല്ല്യാണകാസറ്റ് കാണാനും അച്ചുവേട്ടന് ഒരു ദിവസം ഭാഗ്യം ലഭിച്ചിട്ടിണ്ട്. ഇതൊന്നും കാണാന്‍ ഭാഗ്യമില്ലാതെ പഠിപ്പില്‍‌മാത്രം ശ്രദ്ധിച്ച് എപ്പോഴും കുത്തിയിരുന്ന് പുസ്തകം വായിക്കുന്ന മക്കളെപറ്റി ഒരുനിമിഷം വാസുവിന് ഓര്‍മ്മ വന്നു.
 .
                        മാസങ്ങള്‍ കൊഴിഞ്ഞുപോകവെ ഒരു ദിവസം കെട്ടിയവന്റെ നല്ല മൂഡ്‌നോക്കി വാസുവിന്റെ ഭാര്യ ചെവിയില്‍ പറഞ്ഞു,
“നമ്മുടെ പലചരക്ക് പീടികയുടെ എതിര്‍വശത്തായി ഒരു കാസറ്റ് പീടിക തൊറന്നിട്ടുണ്ട്. അവിടെന്ന് വീസീയാര്‍ വാടകക്ക് തരും. അതൊന്ന് വാങ്ങിയാല്‍ നമ്മക്ക് ഒരാഴ്ച സിനിമ കാണാം; പിന്നെ നമ്മളെ നാണുവിന്റെ മോന്റെ കല്ല്യാണകാസറ്റും കൂടി അതിലിട്ട് കാണാം”
                       അങ്ങനെ വാസുവിന്റെ കൊച്ചുവീട്ടിലും വീസീയാര്‍ (വാടക വിസിപി) വന്നു. വാസുവിന്റെ വീട് സിനിമാടാക്കിസായി മാറി; കാണികളായി വാസു&ഫേമലി കൂടാതെ ചിലപ്പോള്‍ അയല്‍‌വാസികളും കാണും.
.
                              വാസുവും വാടകവീസിയാറും തമ്മിലുള്ള ബന്ധം ഇങ്ങനെ പല തവണ ആവര്‍ത്തിച്ചു. ചില ദിവസം പണിക്ക് പോകാതെയും വാസു സിനിമ കാണല്‍ തുടര്‍ന്നു. എന്നാല്‍ വാസുവിന്റെ മക്കള്‍ ഇതിലൊന്നും വലിയ താല്പര്യം കാ‍ണിച്ചില്ല.
                            ഒരു ദിവസം എന്റെ വീട്ടില്‍ വന്നപ്പോള്‍ വാസുവിന്റെ മകള്‍‌തന്നെ അക്കാര്യം എന്നോട് പറഞ്ഞു.“ടീച്ചറെ ഇപ്പോള്‍ വീട്ടില്‍ അച്ഛന്‍ വീസിയാര്‍ കൊണ്ടുവരുന്നതുകൊണ്ട് പഠിക്കാന്‍ കഴിയുന്നില്ല. എപ്പോഴും കാസറ്റിട്ട് സിനിമ കാണല്‍ തന്നെ”
   “അതൊന്നും നീ നോക്കേണ്ട; പിന്നെ നിനക്ക് രാത്രി ഇരുന്ന് പഠിക്കാമല്ലൊ” ഞാന്‍ പറഞ്ഞു.
   “അയ്യോ ടീച്ചറെ രാത്രി എപ്പോഴും സിനിമയാ; ചിലപ്പോള്‍ ഒരുമണിവരെ” അവള്‍ക്ക് പഠിപ്പിലാണ് താല്പര്യം മുഴുവന്‍ .
   “നിങ്ങള്‍ രണ്ടുപേരും സിനിമയൊന്നും കാണാതെ പഠിച്ചാല്‍ നിങ്ങള്‍ക്ക് തന്നെയാ നല്ലത്” ഞാന്‍ അവളെ ഉപദേശിച്ചു.
   “ഞാന്‍ മുറിയടച്ചിരുന്ന് പഠിക്കും, എന്നാല്‍ അനിയന്‍ പത്തുമണിക്ക് തന്നെ ഉറങ്ങും”
    ഇങ്ങനെ പറഞ്ഞ കുട്ടിയാണ് രാത്രി വീട്ടില്‍‌നിന്നും ഒറ്റക്ക് ഇറങ്ങി എങ്ങോ പോയത്.
.
                            വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ അരമണിക്കൂറിനു ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി ആഘോഷപൂര്‍വ്വം സ്വന്തം വീട്ടില്‍തന്നെ എത്തിച്ചു. അപ്പോള്‍ വാസുവും ഭാര്യയും, കലിതുള്ളി നില്‍ക്കുകയാണ്.
                              ‘അന്നും വാസു പതിവ് പോലെ പുതിയ സിനിമയുടെ പുതിയ കാസറ്റ് വാങ്ങി വീട്ടില്‍ വന്നതാണ്. വീട്ടിലെത്തി വീസിയാര്‍ തുറന്നപ്പോള്‍ അത് പണിമുടക്കിയിരിക്കുന്നു. വാടക വീസീയാര്‍ ഇങ്ങനെയായാല്‍ തിരിച്ച് കൊടുക്കുമ്പോള്‍ അവര്‍ തന്നെ കുറ്റം പറഞ്ഞ് റിപ്പെയറിങ്ങ് ചാര്‍ജ്ജ് വാങ്ങിയാലോ; അത് തിരിച്ചും മറിച്ചും നോക്കി. അപ്പോള്‍ വാസു ആ കാഴ്ച കണ്ട് ഞെട്ടി; വീസീപിയുടെ പിന്നിലെ വയറുകള്‍ മുറിച്ചിരിക്കുന്നു’. വാസുവിന്റെ മനസ്സില്‍ തീയെരിയാന്‍ തുടങ്ങി. ‘ഇത് മകള്‍‌തന്നെ ചെയ്തതാവണം; സിനിമ ഇഷ്ടപ്പെടാത്തവള്‍’. അമ്മയുടെ വക നാവുകൊണ്ടും അച്ഛന്റെ വക കൈകൊണ്ടും മകള്‍ക്ക് വേണ്ടത്ര കൊടുത്തു. അവള്‍ കരഞ്ഞ് ഇറങ്ങിയോടി.
                             ഇത്രയേ സംഭവിച്ചുള്ളു, അതിന് ഒരു പെണ്‍‌കുട്ടി രാത്രിസമയത്ത് വീട്ടില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി ഓടണോ?
 .
                             മകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയും അച്ഛനും പറഞ്ഞത് കേട്ട് നാട്ടുകാര്‍ മകളെ ഉപദേശിച്ചു. പ്രായമേറെയുള്ള രക്ഷിതാക്കള്‍ സിനിമ കാണുന്നത് ഒരിക്കലും കുറ്റമല്ല എന്നും അതിന് എതിര്‍പ്പ് കാണിക്കരുത് എന്നും അവളോട് പറഞ്ഞു. ഇനിയും ഓടിപ്പോയാല്‍ ആരും തിരഞ്ഞു വരില്ല എന്ന് ഭീഷണിപ്പെടുത്തിയ ശേഷം എല്ലാവരും ചേര്‍ന്ന സഭ പിരിച്ച്‌വിട്ടു.
 .
                           ‘അവള്‍ അടികൊണ്ട് ഓടിപോവാന്‍ കാരണം? വീസീപിയുടെ കേബിള്‍ മുറിക്കാന്‍ കാരണം?’
                             പിറ്റേ ദിവസം ഞായറാഴ്ച ഞാന്‍ തനിച്ചാണെന്ന് അറിഞ്ഞ് വാസുവിന്റെ മകള്‍ വീട്ടില്‍ വന്നു. ഞാന്‍ അവളോട് ചോദിച്ചു,
    “നീയാണോ വീസിപിയുടെ കേബിള്‍ മുറിച്ചത്?”
    “അതെ. ആ നാശം കൊണ്ടുവന്നതു മുതല്‍ അച്ഛന്‍ മര്യാദക്ക് പണിക്ക്പോവാതായി” വെറുപ്പോടെ അവള്‍ പറഞ്ഞു.
   “നിനക്ക് മുറിയടച്ചിരുന്ന് പഠിച്ചാല്‍ പോരെ? വെറുതെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കണോ?”
.
അവള്‍ അല്പസമയം കരഞ്ഞു; പിന്നെ സംഭവങ്ങള്‍ പറഞ്ഞു.
                             രാത്രി മാതാപിതാക്കള്‍ ഉറക്കമിളച്ച് സിനിമ കാണുമ്പോള്‍ അവള്‍ക്ക് വളരെ സന്തോഷമായിരുന്നു; ഒറ്റയ്ക്കിരുന്ന് രാത്രി പഠിക്കുമ്പോള്‍ ഒരു ധൈര്യം. എന്നാല്‍ കഴിഞ്ഞ ഒരു ദിവസം വാതില്‍ പതുക്കെ തുറന്നപ്പോള്‍ അവള്‍‌കണ്ട ടീവിയിലെ ചിത്രങ്ങളില്‍ ഒരാള്‍ക്കും ഉടുതുണി കാണാനില്ല. അതുംകണ്ട് പരിസരം മറന്ന് രസിച്ചിരിക്കുകയാണ്, അവളുടെ അച്ഛനും അമ്മയും. അന്നേരം ഒന്നും പറയാതെ മകള്‍ വാതിലടച്ച് ഉറങ്ങി. പിന്നെ കിട്ടിയ അടുത്ത ചാന്‍സില്‍; മറ്റൊന്നും ആലോചിക്കാതെ, ആരും കാണാതെ വീസിപിയുടെ കേബിള്‍ മുറിച്ചു.
.
   “അപ്പോള്‍ ഇന്നലെ രാത്രി നാട്ടുകാര്‍ നിന്നെ കുറ്റപ്പെടുത്തുമ്പോള്‍ ഇക്കാര്യം നിനക്ക് പറയാമായിരുന്നില്ലെ?” ചോദ്യം മണ്ടത്തര മാണെങ്കിലും ഞാന്‍ അവളോട് ചോദിച്ചു.


   “ അയ്യോ ടീച്ചര്‍, എന്റെ അച്ഛനും അമ്മയും, ഇത്രയും വൃത്തികെട്ടവരാണെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയാലോ? അതുകൊണ്ടാണ് എനിക്കൊന്നും പറയാന്‍ കഴിയാഞ്ഞത്” 
 അവളുടെ മറുപടി കേട്ട് ഞാന്‍ അല്പനേരം ചിന്തിച്ചിരുന്നു.

3.10.09

23. വിശ്വവിഖ്യാതമായ പിന്‍‌വശം.


ഗവേഷണവും നാമകരണവും
                 ‘മലയാളം പഠിപ്പിക്കാന്‍ പുതിയ ടീച്ചര്‍ വരും’ എന്ന് പറയാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. ഒടുവില്‍ ആ ആണ്‍‌പള്ളിക്കൂടത്തില്‍ വന്നുചേര്‍ന്ന പുതിയ ടീച്ചറെ കണ്ടപ്പോള്‍ കുട്ടികള്‍ മാത്രമല്ല, ആ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും കൂടി ഒന്നിച്ച് ഞെട്ടിയിരിക്കണം. ഇത്രയും വലിയ വനിതാരത്നത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് പലരും കാണുന്നത്. നീളത്തെക്കാള്‍ വീതി എന്ന് പറയുന്നതുപോലെ; ഉയരത്തെക്കാള്‍ വണ്ണം. എന്നാല്‍ ടീച്ചറുടെ ഭര്‍ത്താവിന്റെ ഷെയ്പ്പ്&സൈസ് നേരെ എതിരാണ്. സ്ക്കൂളില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ദമ്പതികളെ കണ്ടപ്പോള്‍ ഇതുവരെ ഒരു കോമഡി പോലും പറയാത്ത പ്യൂണ്‍ സ്റ്റാഫ് റൂമില്‍ ഓടിവന്ന് പറഞ്ഞു; 
“10 കാണാത്തവര്‍ ഉണ്ടെങ്കില്‍ ഉടനെ ഓഫീസില്‍ പോയാല്‍ കാണാം”
 പിന്നെ ഇവരുടെ കുഞ്ഞന്‍സ് ഏതു സൈസാണെന്ന് കണ്ടെത്താനുള്ള ശ്രമം അദ്ധ്യാപകര്‍ തന്നെ ഏറ്റെടുത്തു.


 .
                             ടീച്ചറുടെ വണ്ണം കണക്കിലെടുത്ത് സ്ക്കൂളിനടുത്ത്‌തന്നെ താമസിക്കാന്‍ ഒരു വീട് കണ്ടുപിടിച്ചു. ഈ ശരീരഭാരവും വഹിച്ച് നിത്യേനയുള്ള ബസ്‌യാത്ര അപ്രാപ്യമാണ്. അഥവാ ടീച്ചര്‍ ബസ്‌യാത്രക്ക് തയ്യാറാവുകയാണെങ്കില്‍, സ്ക്കൂള്‍ ബസ്‌സ്റ്റോപ്പില്‍ ‘നിര്‍ത്താന്‍ തുടങ്ങിയ ബസ്’ പോലും പെട്ടെന്ന് നിര്‍ത്താതെ പോകും. അങ്ങനെ നിത്യയാത്രക്കാരായ അദ്ധ്യാപകരുടെ കാര്യം കഷ്ടത്തിലാവും.


 .
           വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിന് ഒരു നിര്‍വ്വചനം ഉണ്ട്- ‘പെണ്‍കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് :വളരെ അച്ചടക്കം, മിക്സഡ് ക്ലാസ്സ് :മിനിമം അച്ചടക്കം, ആണ്‍കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് :അച്ചടക്കരഹിതം’.
 അപ്പോള്‍പിന്നെ നമ്മുടെ ബോയ്സ് ഹൈ സ്ക്കൂള്‍ അച്ചടക്കത്തിന്റെ കാര്യത്തില്‍ കൊടുങ്കാറ്റടിക്കുന്ന കടല്‍ പോലെയാണ്. എങ്ങും എന്നും ബഹളമയം.
ഒരു വിദ്യാര്‍ത്ഥിയെ ‘ഇങ്ങോട്ടു വാ’ എന്നു വിളിച്ചാല്‍ നേരെ എതിരായി ‘അങ്ങോട്ടു പോകും’. പിന്നെ ഒരു വശത്ത് റോഡ്, മറുവശത്ത് റെയില്‍പ്പാളം. ഒരു വശത്ത് സൈറണ്‍ മുഴക്കി വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ മറുവശത്ത് തീവണ്ടി കൂകിപ്പായുന്നു. പറയുന്നതല്ല കേള്‍ക്കുന്നത്, കേള്‍ക്കുന്നതല്ല എഴുതുന്നത്. അതിനിടയില്‍ നമ്മുടെ മലയാളം കാലുകള്‍ അമര്‍ത്തിചവിട്ടി ഉരുണ്ടുരുണ്ട് ഓരോ ക്ലാസ്സിലും കയറി ആശാനെയും വള്ളത്തോളിനെയും എടുത്ത് അമ്മാനമാടാന്‍ തുടങ്ങി.


.
               പുതിയ അദ്ധ്യാപകര്‍ സ്ക്കൂളില്‍ വന്നാല്‍, നമ്മുടെ ആണ്‍പിള്ളേര്‍ ചെറുതും വലുതുമായ ‘റേഗിങ്ങ്’ നടത്താറുണ്ട്. ആ റേഗിങ്ങ് കാരണം ചില പാവം ടീച്ചര്‍മാര്‍ക്ക് ‘ടീച്ചര്‍ജോലി’യോടുതന്നെ വെറുപ്പ് തോന്നും. 
        ആ പതിവ് തെറ്റിച്ചത് നമ്മുടെ പുതിയ മലയാളം ടീച്ചറാണ്. ആദ്യദിവസംതന്നെ പ്രീയശിഷ്യന്മാരെപറ്റി വളരെ നല്ല കമന്റ് പാസ്സാക്കി;
 “എത്ര നല്ല അച്ചടക്കമുള്ള ആണ്‍കുട്ടികള്‍, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”. 

“കുട്ടികളെല്ലാം ടീച്ചറെ കണ്ടപാടെ പേടിച്ച് പതുങ്ങിയിരിപ്പാവും” ഇതുകേട്ട സഹപ്രവര്‍ത്തകര്‍ ടീച്ചര്‍ കേള്‍ക്കാതെ പറഞ്ഞു.


 .
                  ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഏതോ ഒരു വിരുതന്‍ പുതിയ ടീച്ചര്‍ക്ക് നാമകരണം നടത്തി; ‘റബ്ബര്‍’. മലയാളം ടീച്ചറല്ലെ; കുട്ടികളുടെ നോട്ട് നോക്കാനായി ക്ലാസ്സില്‍ ചുറ്റിനടക്കുന്ന ടീച്ചറുടെ പിന്‍‌വശമാണ് അവരുടെ ശ്രദ്ധയാകര്‍ഷിച്ചത്. (മുന്‍‌വശം നേരെ നോക്കാന്‍ ഒരു പയ്യനും ധൈര്യം കാണില്ല) അത്ര വലിയ ബേക്കപ്പ് –പിന്‍‌വശം- അവര്‍ ആദ്യമായാണ് കാണുന്നത്. അത് ഒറിജിനലല്ല, റബ്ബര്‍ഷീറ്റ് വെച്ച് കെട്ടിയതായിരിക്കും എന്ന് വിശ്വസിച്ച പാവം ഏതോ ഒരു പയ്യന്‍ ടീച്ചര്‍ക്ക് പേരിട്ടു; ‘റബ്ബര്‍ചന്തി’. അത് പറയാനുള്ള എളുപ്പത്തിന് ‘റബ്ബര്‍’ എന്ന് ചുരുക്കി.


.
                    നാല് വിദ്യാര്‍ത്ഥി സമരങ്ങളും രണ്ട് അദ്ധ്യാപക സമരങ്ങളും അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും കൂടാതെ ഒരു മാസം കൂടി കഴിഞ്ഞു. മലയാളം ടീച്ചറുടെ വണ്ണം ഒന്നുകൂടി വര്‍ദ്ധിച്ചുവെങ്കിലും അവര്‍ക്ക് അതൊരു പ്രശ്നമേയല്ല.
                 അങ്ങനെയിരിക്കെ ഏതാനും ദിവസമായി പുതിയ ടീച്ചര്‍ പഠിപ്പിക്കുന്ന 10A ക്ലാസ്സില്‍ ചെറിയ ഇളക്കം. ക്ലാസ്സിലെ കുട്ടികള്‍ക്കിടയിലൂടെ ടീച്ചര്‍ മുന്നോട്ടു നടക്കുമ്പോള്‍ കേള്‍ക്കാം, പിന്നില്‍നിന്നും ശബ്ദം. അവനെ കണ്ടുപിടിക്കാനായി ടീച്ചര്‍ അരവട്ടം കറങ്ങുമ്പോള്‍ ക്ലാസ്സ് മൊത്തത്തില്‍ നിശബ്ദം. ഇത് പലവട്ടം ആവര്‍ത്തിക്കും.



                മലയാളം ടീച്ചറുടെ കാര്യത്തില്‍ ക്ലാസ്സില്‍ പ്രശ്നം ഉണ്ടാക്കിയത് ക്ലാസ്സ് ലീഡര്‍ തന്നെയാണ്. ചെക്കന് ഒരു ചിന്ന സംശയം; അവന്‍ പ്രഖ്യാപിച്ചു,
 “എല്ലാരും ചൊല്ലണപോലെ ടീച്ചര്‍ വണ്ണം കൂട്ടാന്‍ റബര്‍ഷീറ്റൊന്നും വെച്ച്കെട്ടിയതല്ല; സംഗതി ഒറിജിനല്‍ തന്നെയാ”

“സിനിമയിലും ഡാന്‍സിലും കഥകളിയിലും ഒക്കെ എല്ലാം വെച്ചുകെട്ടാ. ഇതും അതുപോലെ വെച്ചുകെട്ടിയതാണ്” ലീഡറെ അനുയായികള്‍ വെല്ലുവിളിച്ചു.


          നോക്കണേ പൊല്ലാപ്പ്, കൌമാരത്തിലേക്ക് കാല് കുത്തിയ കുമാരന്മാരുടെ ലോകമല്ലെ. പിള്ളേര്‍ ബെറ്റ്കെട്ടാന്‍ തുടങ്ങി; ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം.


 .
                    ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നാമത്തെ പിരിയേഡ്; സമയം 2.30. നമ്മുടെ മലയാളം അദ്ധ്യാപിക സ്റ്റാഫ്‌റൂമില്‍ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞശേഷം ഉറക്കച്ചടവില്‍ ഇറങ്ങി, പതുക്കെ നടന്ന്  ‘10A’ ക്ലാസ്സില്‍ പ്രവേശിച്ചു. ‘സംസ്കൃതം, അറബിക്ക്’ ആദിയായവ ‘ഒന്നാം ഭാഷ’ ആയി പഠിക്കുന്ന കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് ആയതിനാല്‍; മലയാളം സെക്കന്റ് പേപ്പറിനു വേണ്ട വകയാണ് അവര്‍ക്ക് ഇവിടെ വിഷയം. ഉപപാഠം ആയി പഠിക്കേണ്ടത് വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ നോവല്‍ ‘പാത്തുമ്മയുടെ ആട്’.



                      ടീച്ചര്‍ ക്ലാസിനകത്ത് പ്രവേശിച്ച് പഠിപ്പിക്കാന്‍ തുടങ്ങി. ഡെസ്ക്കിനുമുകളില്‍ എല്ലാവരുടെയും ‘പാത്തുമ്മയുടെ ആട്’ തുറന്നുമലര്‍ന്ന് അങ്ങനെ കിടക്കുകയാണ്. കഥകളും ഉപകഥകളും പറഞ്ഞ് രസം പിടിച്ച പഠനം. ‘ആട്’ പതുക്കെ ‘ബാല്യകാലസഖിയും മതിലുകളും’ ഓരോ പേജുകളായി തിന്നുകൊണ്ടിരിക്കുമ്പോഴാണ്, ടീച്ചര്‍ക്ക് വിദ്യാര്‍ത്ഥികളെ ശ്രദ്ധിച്ചുകൊണ്ട് ക്ലാസ്സില്‍ ചുറ്റിനടക്കാന്‍ തോന്നിയത്. ടീച്ചര്‍ ചുറ്റിനടക്കുന്നതു കണ്ടപ്പോള്‍, ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന എല്ലാ വീരന്മാരും കൈയുടെ അറ്റം ഡസ്ക്കിന്റെ അറ്റത്തുവെച്ചു. ‘പിന്‍‌വശം ഒന്നു തൊട്ടു നോക്കിയിട്ടു വേണം അവിടെയുള്ള എക്‍സ്ട്രാഫിറ്റിങ്ങ്സ് തിരിച്ചറിയാന്‍ ’. ഒടുവില്‍ സ്പര്‍ശനം ലഭിച്ചത് ഏറ്റവും പിന്നിലെ ബഞ്ചില്‍ ഏറ്റവും പിന്നിലിരിക്കുന്നവനാണ്. പെട്ടെന്ന് പരിസരം മറന്ന് അവന്‍ വിളിച്ചുകൂവി;
“എടാ ഇത് ഒറിജിനലാ”


ശബ്ദം കേട്ടപ്പോള്‍ മുന്നോട്ട് പോയ ടീച്ചര്‍ തിരിഞ്ഞുനോക്കി ചോദിച്ചു,
“ആരെടാ ഒച്ചയാക്കിയത്?”


ആളെ തിരിച്ചറിഞ്ഞില്ലെന്ന്, തിരിച്ചറിഞ്ഞ പിന്‍‌ബഞ്ചുകാര്‍ ഓരോരുത്തരും പറഞ്ഞു;
 “ഞാനല്ല”


 “അപ്പോള്‍‌പിന്നെ ശബ്ദം കേട്ടത്?” ടീച്ചര്‍ ആദ്യമായിട്ടാണ് ഇത്രയും ദേഷ്യപ്പെടുന്നത്.


“ഞങ്ങളാരും ഒരു ശബ്ദവും കേട്ടില്ല ടീച്ചര്‍” എല്ലാവരും ഒന്നിച്ച് വിളിച്ചുപറഞ്ഞു.


പിറ്റേ ദിവസം ഒരു ശുഭമുഹൂര്‍ത്തത്തില്‍ അദ്ധ്യാപികയുടെ പേര്‍ ‘റബര്‍’ എന്നത് മാറ്റി ‘ഡബ്ള്‍’ എന്ന് നാമകരണം ചെയ്തു.


. പിന്‍‌കുറിപ്പ്: 

  1. പയ്യന്മാര്‍ ക്ലാസ്സില്‍ മൊബൈല്‍ ക്യേമറ കൊണ്ടുവരാഞ്ഞത്; അത് സ്ക്കൂളില്‍ നിരോധിച്ചതു കൊണ്ടല്ല,  കണ്ടുപിടിക്കാന്‍ ഐഡിയ ഇല്ലാത്തതു കൊണ്ടാണ്.
  2.  ആദ്യമായി ക്ലാസ്സില്‍ വരുന്ന അദ്ധ്യാപകര്‍ സ്വന്തം പേര് പറഞ്ഞാലും ഇല്ലെങ്കിലും ആളും തരവും നോക്കി പേരിടുന്നത് വിദ്യാര്‍ത്ഥികളുടെ ജന്മാവകാശമാണ്.(നാമകരണം കൂടുതല്‍ അറിയാന്‍ മിനിനര്‍മ്മത്തില്‍ നമ്പര്‍10 പോസ്റ്റ് കാണുക)