30.8.10

പെയിന്റിംഗ്

…തൊഴിലില്ലായ്മ കൊണ്ട് തേരാപാര നടക്കുന്നവരുടെ നാട്,,,
…തൊഴിലാളിക്ഷാമം കൊണ്ട് നട്ടം തിരിയുന്നവരുടെ നാട്,,,
…രണ്ടും നമ്മുടെ കേരളം തന്നെയാണ്, എന്ന,,, മഹാസത്യം
…പകൽ‌വെളിച്ചം‌പോലെ എല്ലാ മലയാളികൾക്കും അറിയാം.

                           ജീവിതകാലത്ത് കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ സ്വന്തംവീടിന് അത്യാവശ്യം ഒരു റിപ്പെയർ ആവശ്യമായിവന്ന് തൊഴിലാളിയെ അന്വേഷിച്ചാൽ പോയതുപോലെ കൈയുംവീശി അതേവഴി തിരിച്ചുവരാം. ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുന്ന റിസൽട്ടുപോലെ ആയിരക്കണക്കിന് തൊഴിലില്ലാത്തവരെ നാടിന്റെ മുക്കിനും മൂലയിലും കാണും. എന്നാൽ ഒരു തൊഴിലാളിയുടെ ആവശ്യം വരുമ്പോൾ ബന്ദ് ദിവസം വാഹനത്തെ കാത്തിരിക്കുന്ന പൊതുജനത്തിന്റെ അവസ്ഥയായിരിക്കും അനുഭവം.

                        അത്പിന്നെ അങ്ങനെയല്ലെ വരിക; മലയാളികൾ അന്യരാജ്യങ്ങളിൽ പോയി ‘പണം വാരി’ വരുമ്പോൾ ആ മലയാളിയുടെ വീട്ടിലെ തൊഴിലെടുക്കാൻ അന്യരാജ്യക്കാരെ കിട്ടിയില്ലെങ്കിൽ; അന്യസംസ്ഥാനക്കാരെയെങ്കിലും അനുവദിക്കേണ്ടതല്ലെ;
…‘വനിതാ ഗൈനക്കോളജിസ്റ്റ് പ്രസവിക്കുമ്പോൾ മറ്റൊരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തീർച്ചയായും വേണമല്ലൊ’.

                         മകൾക്ക് പ്രായപൂർത്തി ആയശേഷം ആദ്യമായി ഒരു തടിയൻ പെണ്ണുകാണാൻ വന്നദിവസം മുതൽ വീടൊന്ന് വെള്ളപൂശി പെയിന്റടിക്കാൻ ആളെ അന്വേഷിച്ചു തുടങ്ങിയതാണ്. അകത്തുകയറിയ തടിയന്റെ വണ്ണം കണ്ട് പേടിച്ച മകൾ രണ്ട് ദിവസം പനിച്ച് കിടന്നതിനാൽ ആദ്യമായി ആരവത്തോടെ കടന്നുവന്ന ആലോചനയുടെ ഫയൽ അപ്പൊത്തന്നെ അടച്ചുപൂട്ടി. എന്നാൽ മകളുടെ അച്ഛൻ തൊഴിലാളി അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു; കണ്ടാൽ പേടിക്കാത്ത സൈസ് പയ്യൻ എപ്പൊഴാ പടികടന്ന് വരുന്നതെന്നറിയില്ലല്ലൊ.

                         ജോലിയും കൂലിയുമില്ലാത്തതിനാൽ സ്വന്തം‌വീട്ടിലെ അടുപ്പിൽ പൂച്ചയെ കിടത്തിയുറക്കി, ആറ് മാസം പട്ടിണിയായവനോട് ‘നിനക്കൊരു ജോലി തരാം, കൂലി തരാം’ എന്ന് പറഞ്ഞാൽ സൂപ്പർഫാസ്റ്റായി ഉത്തരം വരും,
“അയ്യോ മാഷെ ഇപ്പൊ അടുത്തകാലത്തൊന്നും വരാൻപറ്റില്ല; ഭയങ്കര തിരക്കാ”
“എന്നാൽ‌പിന്നെ എപ്പോൾ വരാൻ പറ്റും”
ഉടൻ റെഡീമെയ്ഡ് ഉത്തരം റെഡിയാണ്.
“അത്‌പിന്നെ ഒരാറ് മാസത്തേക്ക് നോക്കണ്ട, വെറും പെയിന്റടി മാത്രമല്ലെ, ഒഴിവ് നോക്കി വരാം”
                          പെയിന്റിന്റെ കൂടെ പയിന്റ് കൊടുക്കാത്ത അദ്ധ്യാപകന്റെ വീട്ടിലെ പെയിന്റടി, ‘കൊമ്പും തുമ്പിക്കൈയുമായി കൈലാസം നിറഞ്ഞിരിക്കുന്ന, നമ്മുടെ സാക്ഷാൽ ഗണപതിയുടെ കല്ല്യാണം പോലെ’ നീണ്ടുപോകും.

                            നടക്കേണ്ട സമയത്ത് നടക്കേണ്ട മകളുടെ വിവാഹത്തെക്കാൾ വേവലാതി ഇപ്പോൾ വീടിന്റെ ചുമരുകൾ കാണുമ്പോഴാണ്. പെണ്ണുകാണാൻ വരുന്നവർ ഇപ്പോൾ പെണ്ണിനെക്കാൾ ശ്രദ്ധിക്കുന്നത് വീടിന്റെ ചുമരുകളാണെന്ന് മനസ്സിൽ ഒരു ചിന്ന സംശയം. പണ്ടൊരുകാലത്ത് സ്വന്തം പിതാവ് നീറ്റുകക്ക വെള്ളത്തിലിട്ട് നീറ്റി ചുണ്ണാമ്പാക്കി മാറ്റി, സ്വന്തം വീട്ടിൽ വെള്ളപൂശാറുള്ള കാര്യം മാസ്റ്ററുടെ തലയിൽ ക്ലിക്കി. എന്നാൽ ഇപ്പോൾ അങ്ങനെയാണോ? ഒരു പെയിന്റിങ്ങ് തൊഴിലാളിയുടെ വീട് വെള്ള പൂശാൻ പോലും അതിന്റെ കോമ്പിനേഷനും കോമ്പസിഷനും അറിയുന്ന മറ്റൊരു തൊഴിലാളിതന്നെ വേണം.

                            അപ്പോഴാണ് അഭിനവ ദൈവദൂതൻ മോഡലായി ഒരു പൂർവ്വശിഷ്യന്റെ വരവ്. പ്രൈവറ്റ് ബസ്സിലെ കിളിയായി പറക്കുന്ന, നാട്ടുകാർ‌ക്കിടയിൽ ‘മാക്രി’ നാമധേയത്താൽ അറിയപ്പെടുന്ന അവൻ വീട്ടിൽ‌വന്ന് നാലുപാടും നടന്നുനോക്കിയശേഷം മാഷോട് പറഞ്ഞു,
“ഇത് ഞാൻ ഇപ്പശരിയാക്കാം; മാഷ് പേടിക്കേണ്ട, ഒരാഴ്ചക്കുള്ളിൽ വൈറ്റ്‌വാഷ് ചെയ്യാൻ ആള് റെഡി”

                       പറഞ്ഞതിന്റെ മൂന്നാം‌നാൾ പറഞ്ഞതുപോലെ പെയിന്റിംഗ് തൊഴിലാളിയതാ വീട്ടിനു മുന്നിൽ; രാവിലെതന്നെ വീട്ടിൽ‌വന്ന് വിളിച്ച് ചോദിക്കുകയാണ്,
“ഈ വീട്ടിലാണോ പെയിന്റടിക്കേണ്ടത്?”
പുതുമഴ നേരത്തെപെയ്തപ്പോൾ മനം‌കുളിർത്ത കുടവില്പനക്കാരനെപ്പോലെ അടുക്കളയിൽ ആകെയുള്ള ഒരു ഗ്യാസ് ഓഫാക്കി പുറത്തേക്കോടിയ ഞാൻ കണ്ടു,,,;
ചെത്ത് വേഷത്തിൽ ചെത്ത് കണ്ണടവെച്ച ഒരു അടിപൊളി ചെറുപ്പക്കാരൻ മുന്നിൽ.

                        എന്റെ ഓട്ടം കണ്ടിട്ടാവണം ദോശചുടാൻ മിക്സിയിൽ മാവരക്കുന്ന മാഷും എന്റെ പിന്നാലെ ഓടി.
വന്നവൻ വന്ന കാലിൽ നിന്ന് ചോദിക്കുകയാണ്,
“ടീച്ചറെ ഞാൻ വീട് വൈറ്റ്‌വാഷ് ചെയ്യാൻ വന്നതാ; എപ്പൊഴാ മകളുടെ കല്ല്യാണം ഫിക്സ് ചെയ്തത്?”
ഞാനൊന്ന് ഞെട്ടി,,,;
...‘അച്ഛനും അമ്മയും അറിയാതെ മകൾക്ക് കല്ല്യാണമോ?’
...പുരനിറഞ്ഞതാണെങ്കിലും പൂച്ചമോഡൽ ഇരിക്കുന്ന ഈ ഏകമകൾ ഇങ്ങനെയൊരു പരിപാടി എങ്ങനെ ഒപ്പിച്ചു?
“അത്പിന്നെ ഇപ്പോൾ ശരിയായില്ലെങ്കിലും പെട്ടെന്ന് കല്ല്യാണം നടക്കും, ധാരാളം അന്വേഷണങ്ങൾ വരുന്നുണ്ട്”
മറുപടി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളക്കാൻ തുടങ്ങി.
“എന്നിട്ട് എന്നോട് അവൻ പറഞ്ഞത് ഒരാഴ്ചക്കുള്ളിൽ ഈ മാഷ് മകളുടെ കല്ല്യാണം ഒറപ്പിച്ചു എന്നാണല്ലൊ?”
                        
                        വെറുമൊരു പെയിന്ററാണെങ്കിലും അവന്റെ വാക്കുകൾ കേട്ടതോടെ, എന്റെ തല ചൂട് പിടിച്ച് പുകയാൻ തുടങ്ങി, ഞാൻ തലയിൽ കൈവെച്ച് ‘ബിന്ദു പണിക്കർ മോഡൽ’ വിളിച്ചു കൂവി,
“ഞാനറിയാത്ത ഏത് മോളുടെ കല്ല്യാണമാ നിങ്ങള് നടത്തുന്നത്? ഇൻ‌സർവീസ് കോഴ്‌സെന്നും പറഞ്ഞ് ഇടയ്ക്കിടെ പലസ്ഥലത്തും പോയത് എന്നെ പറ്റിക്കാനാണോ?”
“നീയെന്താടി പറയുന്നത്? രാവിലെതന്നെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ?”
“അല്ലാതെപിന്നെ മകളുടെ കല്ല്യാണം ഒറപ്പിച്ചു എന്ന്, ഇവൻ പറയാൻ നിങ്ങൾക്ക് വേറെ എവിടെയോ മകളുണ്ടായിരിക്കുമല്ലൊ; അതാണെനിക്കറിയേണ്ടത്”
“മിണ്ടാതിരിക്ക്, നാട്ടുകാർ കേൾക്കും”
“എപ്പൊഴും ഒരു നാട്ടുകാർ; അവരെല്ലാം അറിയട്ടെ, ഈ മാഷ് ഇങ്ങനെയാണെന്ന്”
“നീ അകത്തുപോകുന്നോ അതോ,,,?”
“,,,,,,,,,,,”

                             ശബ്ദം കൂടിക്കൂടി വന്നതോടെ അയൽ‌വാസികൾ ഓരോരുത്തരായി റിയാലിറ്റിഷോ ലൈവ് ആയി കാണാൻ കൊതിച്ച് ഒളിഞ്ഞുനോക്കാൻ തുടങ്ങിയനേരം തൊഴിലാളിയെ കൊണ്ടുവരാമെന്നേറ്റ ശിഷ്യൻ ‘സാക്ഷാൽ ശ്രീമാൻ മാക്രി’ തുറന്ന ഗെയിറ്റ്‌വഴി ചാടിച്ചാടി മുന്നിലെത്തി.
അവനെ കണ്ടതോടെ എന്റെ ദേഷ്യം വർദ്ധിച്ച് 110 ഡിഗ്രി സെൽ‌ഷ്യസിൽ എത്തി,
“അടുത്ത ആഴ്ച ഇങ്ങേരുടെ ഏത് മകളുടെ കല്ല്യാണാമാ നീയൊക്കെച്ചേർന്ന് നടത്തുന്നത്?”
“അയ്യോ ടീച്ചറേ, അത്,,, ഈ വീട് വൈറ്റ്‌വാഷ് ചെയ്യാൻ ഒരുത്തനെ പെട്ടെന്ന് ഒപ്പിക്കാൻ‌ എന്തൊരു പാടാണ്. ഞാനൊരു കളവു പറഞ്ഞതാ‍; അല്ലാതെ മാഷൊന്നും അറിയില്ല. അങ്ങനെയൊരു കളവു പറഞ്ഞില്ലെങ്കിൽ ഇവനെപ്പോലുള്ളവനൊന്നും പണിക്ക് വരില്ല. ഏതായാലും ഇവനിവിടെ വന്നതുകൊണ്ട് ഇനി പണി പൂർത്തിയാക്കിയിട്ട് പോയാൽ മതി”

                    അതുവരെ കുടുംബവഴക്ക് നോക്കി രസം പിടിച്ചിരുന്ന തൊഴിലാളി സട കുടഞ്ഞെഴുന്നേറ്റു,
“അപ്പോൾ നീ എന്നോട് കളവ് പറഞ്ഞതാണോ? മാഷിന്റെ മകളുടെ കല്ല്യാണം അടുത്ത ആഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് ഇവനാ എന്നോട് പറഞ്ഞത്. ഈ നാശം‌പിടിച്ചവന്റെ വാക്ക് കേട്ട് ഒരു വീട്ടിന്റെ പണി പാതിക്ക് നിർത്തിയിട്ടാ ഞാനോടി വന്നത്”
“ഈ വീട് ഇങ്ങനെ വൃത്തികേടായി കിടക്കുന്നതുകൊണ്ടായിരിക്കും മകൾക്ക് വരുന്ന ആലോചനകളൊന്നും ശരിയാവുന്നില്ല. ഇതൊന്ന് പെയിന്റടിച്ച് വൃത്തിയാക്കി തന്നാൽ വളരെ ഉപകാരമായിരിക്കും”,
രംഗം ശാന്തമാകാൻ‌വേണ്ടി മാസ്റ്റർ പറഞ്ഞു.
അത് കേട്ട്, അതേ ചൂടിൽ നിൽക്കുന്ന തൊഴിലാളി പറഞ്ഞു,
“ഏതായാലും ഇനി ഈ വീട് പെയിന്റടിച്ചിട്ടെ മറ്റു ജോലിക്ക് പോകുന്നുള്ളു; ഏതായാലും ഈ കള്ളനെ ഞാൻ വിടില്ല;
എടാ മരമാക്രീ, നീയിനി നിന്റെ അച്ഛൻ മരിച്ചെന്ന് പറഞ്ഞാൽ‌പോലും ഞാനത് വിശ്വസിക്കില്ലെടാ”

                    അങ്ങനെ പെയിന്ററുമായിചേർന്ന് നമ്മുടെ വീടിന്റെ മൊഞ്ച് കൂട്ടാനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ, ഒച്ചവെക്കാതെ നടന്ന് അകത്തേക്ക് പോകുന്ന എന്ന നോക്കി; മാസ്റ്റർ പതുക്കെ പറഞ്ഞു,
“നീയിപ്പോൾ അകത്തേക്ക് പോയിക്കോ; ഇവനോട് കാര്യങ്ങളൊക്കെ പറഞ്ഞശേഷം ഞാനകത്ത് വരുന്നുണ്ട്,
… നിനക്കുള്ള ഓഹരി തരാൻ”

13.8.10

സെൻസസ് ഡ്യൂട്ടി, ഒരു തുറന്ന സമീപനം


            മദ്ധ്യവേനൽ അവധി സസുഖം ആഘോഷിക്കാനായി കാത്തിരിക്കും‌നേരം, ഒരു വില്ലനെപ്പോലെ സെൻസസ് ഡ്യൂട്ടി കിട്ടിയതിൽ സന്തോഷിച്ച ഒരേയൊരു അദ്ധ്യാപകൻ മാത്രമേ നമ്മുടെ വിദ്യാലയത്തിൽ കാണുകയുള്ളു;

… നമ്മുടെ കുട്ടപ്പൻ‌ മാസ്റ്റർ മാത്രം.

                  സർക്കാർ തീരുമാനിക്കുന്ന പാഠ്യേതര ഡ്യൂട്ടികളെല്ലാം മാസ്റ്ററെ തേടിയെത്തും; അഥവാ എത്തിയില്ലെങ്കിൽ അദ്ദേഹം ഏണിവെച്ച് കയറി, എത്തിപ്പിടിച്ച് വാങ്ങും. അങ്ങനെ, പത്ത് വർഷം കൂടുമ്പോൾ ജനസംഖ്യ കണ്ടെത്തി ജനങ്ങളെ ഞെട്ടിക്കുന്ന, കാനേഷുമാരി എന്ന സെൻസസ്ഡ്യൂട്ടിയും മാസ്റ്ററെ തേടിയെത്തിയതിൽ ആരും ആശ്ചര്യപ്പെട്ടില്ല.

                  അദ്ധ്യാപന അദ്ധ്യാപനേതര ഡ്യൂട്ടികളെല്ലാം വളരെ സന്തോഷത്തോടെ ചെയ്യുന്ന, ഈ മാതൃകാ അദ്ധ്യാപകന് ഇതുവരെ അവാർഡൊന്നും ലഭിച്ചിട്ടില്ല എന്ന കാര്യം ഒരു ദുഖഭാരമായി ഇന്നും അവശേഷിക്കുന്നു.

                    അദ്ദേഹം പഠിപ്പിക്കുന്ന വിഷയങ്ങളിൽ ഇതുവരെ ഒരൊറ്റ വിദ്യാർത്ഥിപോലും തോറ്റിട്ടില്ല, ‘തോറ്റ ചരിത്രം കേട്ടിട്ടില്ല’. ആ മഹത്തായ അദ്ധ്യാപനം ആസ്വദിക്കാൻ സഹപ്രവർത്തകർ ഒരുചെവി സ്വന്തം ക്ലാസ്സിലും മറുചെവി തൊട്ടടുത്ത കുട്ടപ്പൻ‌മാസ്റ്ററുടെ ക്ലാസ്സിലേക്കും നീട്ടിവെക്കാറുണ്ട്.

                           സാധാരണ അദ്ധ്യാപകർക്കുള്ള ചില ദു(നല്ല)സ്വഭാവങ്ങളൊന്നും കുട്ടപ്പൻ മാസ്റ്റർക്കില്ലാത്തതിനാൽ അദ്ധ്യാപക സമൂഹം പലപ്പോഴും അദ്ദേഹത്തെ ഒറ്റപ്പെടുത്താറാണ് പതിവ്. മദ്യപാനം, പുകവലി, ലഹരിവസ്തുക്കൾ, എന്നിവക്കെതിരായി സ്ക്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബോധവൽക്കരിക്കാനുള്ള ഡ്യൂട്ടി അദ്ദേഹത്തിനാണ്. സ്വന്തം ജീവിതത്തെ മാതൃകയാക്കി കുട്ടപ്പൻ മാസ്റ്റർ കുട്ടികൾക്കായി നടത്തുന്ന ബോധവൽക്കരണക്ലാസ്സിൽ മറ്റുള്ള അദ്ധ്യാപകർക്കും സൌജന്യപ്രവേശനം ലഭിക്കും. അങ്ങനെയൊരു മദ്യവിരുദ്ധക്ലാസ്സിൽ ഒരിക്കൽ ഇരുന്നവൻ; പിന്നീട് അവന്റെ ജീവിതത്തിലൊരിക്കലും മദ്യം കൈകൊണ്ട് തൊടുകയില്ല എന്നകാര്യം ഉറപ്പാണ്. അതുകൊണ്ട് വിദ്യാർത്ഥികളെ കൂടാതെ ആ ക്ലാസ്സുകളിൽ ഇരിക്കുന്നത്; ജീവിതത്തിൽ മദ്യപാനം, പുകവലി, കറുപ്പ്, കഞ്ചാവ്, തുടങ്ങിയ മഹത്തായ മാന്യ മഹാസുഖങ്ങളെല്ലാം ഉപേക്ഷിക്കാൻ തയ്യാറായ മഹാത്യാഗികൾ മാത്രമായിരിക്കും.

… കുട്ടപ്പൻ???
… അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആഘോഷപൂർവ്വം ഗുരുദക്ഷിണയായി അദ്ധ്യാപകന് നൽകിയ പേരാണ് ‘കുട്ടപ്പൻ മാസ്റ്റർ’
… പുന്നാരം‌പറമ്പൻ മാളികവീട്ടിൽ ഇട്ടിച്ചൻ മകൻ മത്തായി ഇട്ടിച്ചന്റെ ഇളയമകനെ, പുന്നാരം‌പറമ്പൻ തോമസ് മത്തായി എന്ന് ഇടവകപള്ളിയിൽവെച്ച്, അച്ചൻ വെഞ്ചരിച്ച വെള്ളം‌ തലയിൽതളിച്ച് നാമകരണം നടത്തിയത്, ചുരുക്കി ‘പി.ടി.മത്തായി’ എന്ന് അറിയപ്പെട്ടെങ്കിലും; അദ്ധ്യാപകനായി ആദ്യത്തെ സ്ക്കൂളിൽ ആദ്യ ദിവസത്തെ ആദ്യത്തെ ക്ലാസ്സിൽ‌വെച്ച്, ഇരുപത്തിനാല് പെൺകുട്ടികളിൽ ഒന്നിനെപ്പോലും അടിക്കാതെ, ഇരുപത്തിഒന്ന് ആൺ‌കുട്ടികളേയും ഒരേ ചൂരൽ‌കൊണ്ട് അടിച്ച് പുറത്തുകടക്കവേ, അതേ ആൺ‌കുട്ടികൾ ആഘോഷപൂർവ്വം അതേ ചൂരൽ രണ്ടായിപ്പൊട്ടിച്ച്‌കൊണ്ട്, അതേ അദ്ധ്യാപകന് അതേ നിമിഷം ഒരു പേരിട്ടു,,,
… പഞ്ചാരകുട്ടപ്പൻ,,,
… അത് ചുരുങ്ങി വെറും കുട്ടപ്പനായി,
… സ്ക്കൂളുകളും കുട്ടികളും മാറി,
… എന്നിട്ടും കുട്ടപ്പൻ കുട്ടപ്പൻ തന്നെ.

                     മാതൃകാ അദ്ധ്യാപകനായ കുട്ടപ്പന് ദുശ്ശിലങ്ങൾ ഒന്നുമില്ലെങ്കിലും ഒരു ശീലം മാത്രം ഉണ്ട്;
… ടീവി കാണുക.
... മാർക്സിസ്റ്റുകാർ കൈരളി ചാനൽ മാത്രം കാണുന്നതുപോലെ അദ്ദേഹവും ടീവി യിൽ ഒരേയൊരു ചാനൽ മാത്രമേ തുറക്കാറുള്ളു, കാണാറുള്ളു;,,,
… ഫാഷൻ ടീവി മാത്രം,,,
                          ഇക്കാര്യത്തിൽ വീട്ടുകാരുമായി ഒടക്കിയപ്പോൾ പ്രത്യേകമായി ഒരു ടീവി വിലകൊടുത്ത് വാങ്ങി സ്വന്തം ബഡ്‌റൂമിൽ ഫിറ്റ് ചെയ്തു. അങ്ങനെ കുട്ടപ്പൻ ഓക്കെ, സീരിയൽ കാണുന്ന മിസ്സിസ്സ് കുട്ടപ്പൻ ഓക്കെ, റിയാലിറ്റി ഷോ കാണുന്ന അരുമസന്താനങ്ങൾ മൂന്നും ഓക്കെ.

                       ഫാഷൻ ടീവിയിൽ കാണുന്ന രംഗങ്ങൾ ഓർത്തുകൊണ്ട് സ്വയം മറന്ന് നടക്കുമ്പോൾ മറ്റു സ്ത്രീകളെ കണ്ടാൽ അദ്ദേഹത്തിന്റെ ചിന്തകൾ ‘ലാസ് വെഗാസ് ബീച്ചുകളിൽ’ ഓടിക്കളിക്കും,
… ‘ഇവർക്കൊക്കെ അതുപോലെ വസ്ത്രം ധരിച്ച് നടന്നു പോയാലെന്താ? തന്നെപോലുള്ള പുരുഷന്മാർക്ക് നയനസുഖം തരുന്ന രംഗങ്ങൾ ചുറ്റുപാടും ഉണ്ടാകുന്നതിൽ അവർക്കെന്താണ് നഷ്ടം?’

                        ചിന്തകൾ ഫോറസ്റ്റുകൾ പലതും കയറിയിറങ്ങിയതിനെ തുടർന്ന്, സ്വന്തം ഭാര്യയെയും മകളെയും ഒഴിച്ച് മറ്റെല്ലാ സ്ത്രീകളെയും അദ്ദേഹം ഒളിഞ്ഞുനോക്കാൻ തുടങ്ങി. സ്ത്രീകളുടെ ശരീരസൌന്ദര്യം കരകവിഞ്ഞൊഴുകി, ഏത്‌നേരത്താണ് കർട്ടൻ നീക്കി പുറത്തുവരുന്നതെന്ന് ആർക്കും അറിയില്ലല്ലൊ,,,

                       ഈ ഒളിഞ്ഞുനോട്ടക്കാര്യം എല്ലാവരെക്കാളും വേഗത്തിൽ തിരിച്ചറിഞ്ഞത് നമ്മുടെ വിദ്യാർത്ഥിനികളാണ്. അടുത്ത പിരീഡ് കുട്ടപ്പൻ മാസ്റ്റരുടെതാണെങ്കിൽ ക്ലാസ്സിലെ വിദ്യാർത്ഥിനികൾ ഉടൻ തയ്യാറെടുക്കും. ബ്ലൌസിന്റെ കൈയും കഴുത്തും നേരെയാക്കി കൊളത്ത് ഇളകിയിട്ടുണ്ടെങ്കിൽ പിന്ന് കുത്തി ഉറപ്പിക്കും. തട്ടമിട്ടവർ മൂക്കും വായയും ഒഴികെ മറ്റുഭാഗങ്ങളൊക്കെ നന്നായി മറച്ച്, പാവാട താഴ്ത്തുന്നതോടൊപ്പം പാദസരത്താൽ തിളങ്ങുന്ന അവരുടെ പാദങ്ങൾ ഉൾ‌വലിയും.

                          അതുപോലെ കുട്ടപ്പന്റെ വരവറിഞ്ഞ് സ്റ്റാഫ്‌റൂമിലെ സ്ത്രീജനങ്ങൾക്കിടയിൽ അല്പം ഇളക്കം ഉണ്ടാവും. അതായത് എല്ലാവരും തിരക്കിട്ട് സാരി നേരെയാക്കും. അതുവരെ ശരീരത്തിന്റെ 66% പ്രദർശ്ശിപ്പിക്കാൻ സഹായിച്ച അതേ സാരി നേരെയാക്കി; അവർ, അതേ ശരീരത്തിന്റെ 99% മറക്കും.
                         കഥ ഇങ്ങനെയൊക്കെ തന്നെയായതിനാൽ മാസ്റ്ററെ അറിയാവുന്ന സ്ത്രീജനങ്ങളെല്ലാം സ്വന്തം ശരീരം പുറത്ത് കാണിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. അപ്പോൾ പിന്നെ പ്രശ്നമില്ലല്ലൊ.
,,,
                            സെൻസസ് ഡ്യൂട്ടി എന്ന മഹായജ്ഞത്തിൽ പങ്കാളിയായ കുട്ടപ്പൻ മാസ്റ്റർ ആദ്യഘട്ടമായ ക്ലാസ്സുകളിൽ പങ്കെടുത്തു. അവിടെനിന്ന് അവശ്യവസ്തുക്കളെല്ലാം സ്വീകരിച്ച ബാഗുമായി വിട്ടിലെത്തിയശേഷം അതേപടി അടച്ചുവെച്ചു. ആദ്യഘട്ടത്തിൽ വീടും വീട്ടുനമ്പറും ആളുകളുടെ എണ്ണവും കണക്കെടുത്തു; ഒരു പ്രശ്നവും ഇല്ല. ആകെ 145 വീടുകളിലാണ് പോകാനുള്ളത്; അതൊക്കെ പെട്ടന്ന് തീർക്കാവുന്നതെയുള്ളു.
                           നല്ലദിവസം നോക്കി കുട്ടപ്പൻ മാസ്റ്റർ സെൻസസ് യാത്ര ആരംഭിച്ചു. ആവശ്യമായ ബുക്ക്, റസീറ്റ്, ഫയൽ, ഫോറം, പെന്ന്, പെൻസിൽ ആദിയായവ സഞ്ചിയിലാക്കി അടുത്ത പഞ്ചായത്തിലെ അപരിചിതമായ മേഖലകൾ തേടി അദ്ദേഹം ഡീസന്റ് പയ്യനായി നടക്കാൻ തുടങ്ങി.

ഒന്നാമതായി കയറിയ വീട്ടിൽ ആറു പേർ...
                   ഗൃഹനാഥൻ എല്ലാം കൃത്യമായി പറഞ്ഞുതന്നതിനാൽ സംശയലേശമന്യേ പൂരിപ്പിച്ച് ഫോറം നൽകി. പത്ത് മിനിട്ട് സംസാരിച്ചിട്ടും മറ്റൊരംഗത്തെയും കാണാൻ കഴിഞ്ഞില്ല. ഒരു ചായപോലും ഓഫർചെയ്യാത്ത ആ പിശുക്കന്റെ വിട്ടിൽനിന്നും പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് വരാന്തയുടെ മൂലയിൽ കുനിഞ്ഞിരിക്കുന്ന ഒരു വൃദ്ധയെ കണ്ടത്,
“ഇതാരാണ്? ഇങ്ങനെ പ്രായമുള്ള ഒരാളെ സെൻസസിൽ ഉൾപ്പെടുത്തിയിട്ടില്ലെല്ലൊ?”
“അത് എന്റെ ഭാര്യയുടെ അമ്മയാ; അവരെ ഞങ്ങൾ ഒരു കണക്കിലും കൂട്ടാറില്ല”
“ഈ വീട്ടിൽ സ്ഥിരമായി താമസിക്കുന്നവരാണെങ്കിൽ ചേർക്കെണ്ടതാണല്ലൊ”
“മാഷെ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്താൽ മതി; വലിഞ്ഞ് കയറിയവരെയൊന്നും ഞങ്ങൾ കൂട്ടത്തിൽ കൂട്ടാറില്ല”
                    ഗൃഹനാഥൻ ദേഷ്യപ്പെട്ട് പറഞ്ഞപ്പോൾ അവരുടെ സ്വന്തം അമ്മായിഅമ്മയായ ആ വയസിത്തള്ളക്ക് വേണ്ടി വെറുതേയൊരു തർക്കം നടത്തുന്നത് ആരോഗ്യത്തിന് ഹാനികരമായി തോന്നി.
… അപ്പോൾ കണക്കിൽ‌പെടാത്ത, ‘1’ കൂട്ടിച്ചേർത്ത് ഇന്ത്യൻ ജനസംഖ്യ കണക്കാക്കണം; പുറത്തിറങ്ങുമ്പോൾ മനസ്സിലോർത്തു.

അടുത്ത വീട്ടിലുണ്ട് പതിനാല് അംഗങ്ങൾ!
                 കോളിംഗ് ബെൽ അടിച്ച് കിളിചിലച്ചപ്പോൾ വരാന്തയിൽ കയറി പുത്തൻ സോഫയിൽ ഇരുന്ന കുട്ടപ്പന് വളരെ സന്തോഷമായി. പൂരിപ്പിക്കാനുള്ള കടലാസും പുസ്തകവും പുറത്തെടുത്ത് ഫയൽ‌ബോർഡിൽ വെച്ച് വീട്ടുകാരെ കാത്തിരുന്നപ്പോൾ ആരൊക്കെയോ ചേർന്ന്, കരയാമ മോഡലിൽ എത്തിനോക്കിയ ഉടനെ തല ഉള്ളിലേക്ക് വലിച്ചതല്ലാതെ പുറത്തുവന്നില്ല. വീണ്ടും കിളിയെ ചിലപ്പിച്ച് പൂർവ്വസ്ഥാനത്തിരുന്നപ്പോൾ പ്രായമുള്ള ഒരു സ്ത്രീ പുറത്തിറങ്ങി; പിന്നാലെ ട്രേയിൽ ചായയും കെയ്ക്കുമായി ഒരു പെൺ‌കുട്ടിയും.

                  വെറും ചായ ആയാലും വെറുതെകിട്ടിയാൽ കുട്ടപ്പൻ കുടിക്കാതെ വിടില്ല. ചായ പകുതി കുടിച്ചശേഷം കെയ്ക്ക് എടുക്കാൻ കൈനീട്ടിയപ്പോഴാണ് തന്നെ ആപാതചൂടം നിരീക്ഷിച്ച് ഗവേഷണത്തിലേർപ്പെട്ട പെൺ‌കുട്ടിയെയും പ്രായമുള്ള സ്ത്രീയെയും ശ്രദ്ധിച്ചത്, എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റെയ്ക്ക്; പെട്ടെന്ന് ആ സ്ത്രീ ചോദിച്ചു,
“മോൻ ഒറ്റക്കാണോ വന്നത്?”
അത്‌പിന്നെ കണക്കെടുക്കാൻ ആണുങ്ങളായ ഞാൻ‌മാത്രം മതിയല്ലൊ, ഇവിടെ പതിനാല് അംഗങ്ങളാണല്ലെ?”
പെൺകുട്ടി പെട്ടെന്ന് അകത്തേക്കൊടിയപ്പോൾ മുതിർന്നവർ ചോദിച്ചു,
“അപ്പോൾ വന്നത്?”
“ഞാൻ ജനസംഖ്യാ കണക്കെടുപ്പിന് വന്നതാ; ഇവിടെ അഞ്ച് മുതിർന്നവരും ഒൻപത് കുട്ടികളും ഉണ്ടല്ലൊ”
                         പെട്ടെന്ന് അവരുടെ മുഖം ഇരുണ്ട്, പകൽ‌വെളിച്ചത്ത് ചെകുത്താനെ കണ്ടതുപോലായി. ദേഷ്യപ്പെട്ട് ‘ബാക്ക് ഓക്കെ സ്റ്റൈലിൽ’ അകത്തുപോകുമ്പോൾ പറഞ്ഞു,
“നമ്മള് വിചാരിച്ച് ഇവിടത്തെ കുട്ടിയെ പെണ്ണ്കാണാൻ വന്നതാണെന്ന്,,,”
                        കല്ല്യാണപ്രായമായ പെണ്ണ് വീട്ടിലുണ്ടെങ്കിൽ അവിടെ വരുന്ന ചെറുപ്പക്കാരെല്ലാം അവളെ കെട്ടാൻ വരുന്നതാണെന്നാ ഈ തള്ളയുടെ ഭാവം.

                       കഠിനപരിശ്രമത്തിലൂടെ കണക്കെടുത്ത് ആ വീട്ടിൽ‌നിന്ന് ഒരു തരത്തിൽ പുറത്തുചാടി; നേരെ അടുത്ത വീട്ടിൽ.
അവിടെ വെറും മൂന്ന് അംഗങ്ങൾ മാത്രം,
                         വീട്ടമ്മയും അവരുടെ രണ്ട് കുട്ടികളും മാത്രം; എളുപ്പത്തിൽ പൂർത്തിയാക്കാം, നേരെ വീടിന്റെ വരാന്തയിൽ കയറി. വാതിൽ അടഞ്ഞിരിക്കുന്നുണ്ടെങ്കിലും ഒരു വശത്തുള്ള ജനാലയുടെ മേൽ‌പകുതി തുറന്നിരിക്കയാണ്. കോളിംഗ്‌ബെൽ കാണാനായി ചുമരിൽ മൊത്തമായൊന്ന് തപ്പിയിട്ടും കണ്ടില്ല.

                         തുറന്നിട്ട ജനാലയുടെ മേലെ എഴുതിയ വീട്ടുനമ്പർ വായിക്കാൻ ശ്രമിച്ചപ്പോൾ അകത്ത് ഒരു ആളനക്കം. പാതിതുറന്ന ജനാലയിലൂടെ പതുക്കെ ഒളിഞ്ഞുനോക്കിയപ്പോൾ കുട്ടപ്പൻ കണ്ടത്,,,;
… പകൽ‌വെളിച്ചത്തിൽ ഇതുവരെ കാണാത്ത ഒരു അപൂർവ്വ ദൃശ്യം…
... ഒരു സ്ത്രീ വസ്ത്രം മാറുകയാണ്; പാവാട ഉടുത്തശേഷം കൈരണ്ടും പിന്നിലേക്ക് വളച്ച് അടിവസ്ത്രത്തിന്റെ കൊളുത്തിടാനുള്ള തീവ്രപരിശ്രം നടത്തുകയാണവർ. ഉടുക്കാനുള്ളതാവണം, സാരി സമീപമുള്ള കിടക്കയിൽ വിശ്രമിക്കുന്നുണ്ട്. മേൽത്തട്ടിന്റെ പിൻ‌വശം മാത്രമായി കാണുന്ന കുട്ടപ്പൻ കൂടുതൽ ദൃശ്യങ്ങൾ കാണാൻ മൌനം വിദ്വാനു ഭൂഷണമാക്കി അല്പനേരം അനങ്ങാതെ നിന്നു.
... പെട്ടെന്ന് ആ മാതൃകാ അദ്ധ്യാപകന്റെ തലയിൽ ഒന്ന് മിന്നി. താൻ സെൻസസിനാണ് വന്നത്; അപ്പോൾ ഇങ്ങനെ നോക്കുന്നത് ആരെങ്കിലും കണ്ടാലോ?

അദ്ദേഹം മുൻ‌വാതിലിനു സമീപം വന്ന് ഉച്ചത്തിൽ വിളിച്ചു,
“ഹലോ, ഇവിടെ ആരും ഇല്ലേ?”
                         കുട്ടപ്പൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ പെട്ടെന്ന് മുൻ‌വാതിൽ തുറക്കപ്പെട്ടു; തുറന്ന വാതിലിനു മുന്നിലതാ പാവാടമാത്രം ധരിച്ച വീട്ടമ്മ അതേപടി ഓപ്പൺ‌ആയി നിൽക്കുന്നു! അതുവരെ പരിശ്രമിച്ചിട്ടും കണൿഷൻ ‘ഓക്കെ’യാവാത്ത ദിവ്യവസ്ത്രം അഴിച്ച്‌ചുരുട്ടി ഇടതുകൈയിൽ പിടിച്ചിട്ടുണ്ട്.
                      കുട്ടപ്പൻ മാസ്റ്ററും വീട്ടമ്മയും ഒന്നിച്ചു ഞെട്ടി. ഞെട്ടിയ വീട്ടമ്മ ‘അയ്യോ’ എന്നും പറഞ്ഞ് അകത്തേക്കോടിയപ്പോൾ മാസ്റ്റർ പുറത്തേക്കും ഓടി.

ശേഷം,,,
പകൽ‌വെളിച്ചത്തിൽ ദിവ്യദർശ്ശനം ലഭിച്ചതിനാൽ ഊണും ഉറക്കവും നഷ്ടപ്പെട്ട കുട്ടപ്പൻ; പിന്നിടൊരിക്കലും ഫാഷൻ ടീവി തുറക്കുകയോ, സ്ത്രീകളെ ഒളിഞ്ഞുനോക്കുകയോ ചെയ്തില്ല.