18.12.11

വലിയ അടുക്കളയും ചെറിയ ഞാനും


വർഷങ്ങൾക്ക് മുൻപ്,,, 
                                  പത്താം‌തരം വരെയുള്ള കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുള്ള അദ്ധ്യാപികയായി പരിശീലനം ലഭിച്ച ഞാൻ, സ്വന്തം വീടിനടുത്ത് മാനേജർ നിയമനം‌നടത്തുന്ന, എയിഡഡ് എൽ. പി. സ്ക്കൂളിൽ അദ്ധ്യാപികയായി ചേർന്ന്, ഒന്ന് മുതൽ അഞ്ച് വരെയുള്ള പിഞ്ചുകുഞ്ഞുങ്ങളെ മാത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, നമ്മുടെ സർക്കാറിന്റെ സ്വന്തം ‘പി.എസ്.സി.’ എന്നെ ഒരു ‘സർക്കാർ ഹൈസ്ക്കൂൾ അദ്ധ്യാപികയായിട്ട്’, കനിഞ്ഞനുഗ്രഹിച്ചത്. കണ്ണുർ ജില്ലയിലാണെങ്കിലും വളരെ അകലെയുള്ള ഒരു വിദ്യാലയത്തിലേക്ക് നിയമന ഉത്തരവായിട്ടാണ് അനുഗ്രഹം ചൊരിഞ്ഞത്.

                              നിയമന ഉത്തരവ് പോസ്റ്റലായി ഏറ്റുവാങ്ങിയതു മുതൽ വീട്ടുകാരും നാട്ടുകാരും സ്വന്തക്കാരും ബന്ധക്കാരും സഹപ്രവർത്തകരും പാരകളായി എന്റെ മുന്നിൽ അണിനിരന്നു,
പാരയുടെ രൂപത്തിൽ ആദ്യം വന്നത് അമ്മ, അതായത് എന്റെ സ്വന്തം പെറ്റമ്മ:
“മോളേ ഇത്ര ദൂരെ നീ ഒറ്റക്ക് താമസിച്ച് സ്ക്കൂളിലൊക്കെ എങ്ങനെയാ പോകുന്നത്? ഒരു ചായ വെക്കാനോ, ഒരു നേരത്തെ വെള്ളം ചൂടാക്കാനോ അറിയാത്ത നീയെങ്ങനെയാ ചോറും കറിയും വെച്ച് തിന്നുകയും തുണിയലക്കുകയും ചെയ്യുന്നത്?”
ഈ വക കാര്യങ്ങളൊന്നും ഇതുവരെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല, ഞാനൊട്ടു പഠിച്ചിട്ടുമില്ല. അപ്പോൾ ഞാനൊരു യുവതിയായെങ്കിലും വീട്ടിൽ‌തന്നെ കുടിയിരുത്താനുള്ള സൂത്രം തന്നെയാവണം,,
അടുത്തത് വരുന്നു, അച്ഛൻ പാര:
“നിനക്കിപ്പോൾ‌ത്തന്നെ കിട്ടുന്ന പണം മതിയല്ലൊ ഇവിടത്തെ ചെലവ് കഴിയാൻ,, നീയിവിടെ ഇല്ലാതായാൽ നിന്റെ ഇളയവരെയൊക്കെ മര്യാദക്ക് പഠിപ്പിക്കാൻ കഴിയുമോ? ശമ്പളം കൂടിയാലും ചെലവ് അധികമാവില്ലെ?”
അതും ഒരു സൂത്രം തന്നെ; ഇളയ മക്കൾ നാലെണ്ണത്തിനെയും നോക്കേണ്ട ചുമതല മൂത്ത മകൾക്കാണോ? അതോ തന്തപ്പടിക്കാണോ? എന്ന് ഞാൻ ചോദിച്ചതേയില്ല.
അടുത്തതായി വരുന്നു, ഇളയമ്മ പാര:
“അല്ല, നീയിങ്ങനെ ദൂരെയൊക്കെ പോയാൽ,,, അവിടെയൊക്കെ കൊറേ ആണുങ്ങളൊക്കെയുള്ള സ്ക്കൂളായിരിക്കുമല്ലൊ. അപ്പോഴ് ആ നാട്ടിലുള്ള ഏതെങ്കിലും ഒരുത്തനെ കല്ല്യാണം കഴിച്ചാൽ പിന്നെ സ്വന്തം വീട്ടുകാരെയൊക്കെ നീ മറക്കൂല്ലെ?”
ഇത് വെറും അസൂയയാണ്,, ഹൈസ്ക്കൂൾ അദ്ധ്യാപികയാവുമ്പോൾ നല്ല വിദ്യാഭ്യാസമുള്ള, കഴിവുള്ള പുരുഷനെ ഞാൻ കെട്ടുന്നത് സഹിക്കാനും ചിന്തിക്കാനും ആവാത്ത അസൂയ തന്നെ.
ഇത് അമ്മാവൻ പാര:
“എടി പെണ്ണെ, നീയങ്ങോട്ട് പോയാൽ അഞ്ചോ പത്തോ ചോദിക്കാൻ ബസ്സിന് പൈസ ചെലവാക്കിയിട്ട് എനിക്കങ്ങോട്ടൊക്കെ വരാൻ പറ്റുമോ?”
ഇത് വെറും സാമ്പത്തികം പാര.
അതാ വരുന്നു, അയൽ‌വാസികൾ പാര:
“അല്ല ടീച്ചറെ, നിങ്ങൾക്ക് ഇത്ര അടുത്തുള്ള സ്ക്കൂളിൽ പഠിപ്പിച്ചാൽ പോരെ? നമ്മളെ നാട്ടിലെ, നമ്മളെ സ്ക്കൂളിലെ, നമ്മളെ കുട്ടികളെ പഠിപ്പിച്ച് വീട്ടിലിരുന്നാൽ പോരെ?”
അവരുടെ മക്കളെ മാത്രം പഠിപ്പിച്ചാൽ മതിയെന്ന്, പാരകൾ പോയ് തുലയട്ടെ!
ഇനി സുഹൃത്തുക്കൾ പാര:
“ഇപ്പം കിട്ടുന്ന ശമ്പളം കുറവാണെങ്കിലും ഹൈസ്ക്കൂളാണെന്ന്‌വെച്ച് ഇത്ര ദൂരെ പോയിട്ട് പഠിപ്പിക്കണോ? അടുത്തുള്ള ഏതെങ്കിലും സ്ക്കൂളിൽ നിയമനം കിട്ടിയിട്ട് പോയാൽ പോരെ?”
പിന്നെ,,, വീട്ടിനടുത്തെ ഹൈസ്ക്കൂളിൽ നിയമനം കിട്ടാൻ പി.എസ്.സി. എന്നത്, ഈ പറയുന്നവളുടെ അമ്മാവവന്റെ ചായക്കടയാണെന്നാ വിചാരം,,,

                         പിറ്റേദിവസം അതിരാവിലെ ഞാനെന്റെ സ്ക്കൂളിൽ എത്തി, ഹൈസ്ക്കൂൾ അദ്ധ്യാപികയായി നിയമനം കിട്ടിയ കാര്യം സഹപ്രവർത്തകരെ അറിയിച്ചു. അപ്പോൾ,
അതാ വരുന്നു ഒരു സഹപ്രവർത്തകയുടെ പാര:
“അല്ല ടീച്ചറെ, നിങ്ങളൊക്കെ നന്നായി പഠിപ്പിക്കുന്നത് കണ്ടിട്ടല്ലെ നാട്ടുകാരൊക്കെ കുട്ടികളെ ഇവിടെ ചേർക്കുന്നത്? അപ്പോഴ് അതെങ്ങനെയാ ശരിയാവുക?”
സർവ്വീസ്‌കാലം മൊത്തത്തിൽ ‘തറ,പറ’ പാടിക്കൊണ്ടിരിക്കാൻ വിധിക്കപ്പെട്ട ഒന്നാം‌തരത്തിലെ ടീച്ചർക്ക് പത്താം‌തരത്തിൽ പഠിപ്പിക്കാൻ പോകുന്ന എന്നോടുള്ള അസൂയ തന്നെ,,
ഒടുവിൽ ആ വിവരം ഹെഡ്‌മാസ്റ്ററെ അറിയിച്ചപ്പോൾ അതാ വരുന്നു, സൂപ്പർ പാര:
“ടീച്ചറെന്തിനാ ഇവിടെന്ന് പോകുന്നത്? മറ്റുള്ളവരെല്ലാം ‘ടീ.ടീ.സി.’ ക്കാരായതുകൊണ്ട് ഞാൻ റിട്ടയർ ചെയ്താൽ ‘ബി.എഡ്.’ കഴിഞ്ഞ ടീച്ചറായിരിക്കും ഇവിടത്തെ ‘എച്ച്.എം.’,,,, അതല്ലെ നല്ലത്? പിന്നെ സർക്കാർ സർവ്വീസിൽ ഹൈസ്ക്കൂൾ ടീച്ചറായാൽ പ്രമോഷൻ ലഭിച്ച് ‘ഏ.ഇ.ഒ.’, ‘ഡി.ഒ.’, ഒക്കെയായി മാറിയാൽ ഞങ്ങളെപ്പോലുള്ള പാവങ്ങളുടെ സ്ക്കൂളിൽ വന്ന് പരിശോധിക്കാമെന്നൊരു നേട്ടമുണ്ട്” 
ഇത് പാര മാത്രമല്ല, അസ്സൽ കോം‌പ്ലക്സ് കൂടിയാണ്.
സർക്കാർ ഹൈസ്ക്കൂൾ അദ്ധ്യാപികയായി മാറിയ ഞാൻ, വർഷങ്ങൾ കഴിഞ്ഞപ്പോൾ പ്രമോഷൻ ലഭിച്ച് ഒരു ഓഫീസറായി മാറിയിട്ട് ഇതേ പ്രൈമറി സ്ക്കൂൾ പരിശോധിക്കാൻ വരുമ്പോൾ ഇതേ ഹെഡ്‌മാസ്റ്റർ എന്നെക്കാണുമ്പോൾ ‘മാഡം ഇവിടെയിരിക്കു’ എന്ന് പറഞ്ഞ്, എഴുന്നേറ്റ് ബഹുമാനിക്കുന്നതും പരക്കം പായുന്നതും മനസ്സിലോർത്തുകൊണ്ട് ഞാൻ മനസ്സിൽ ചിരിച്ചു.
എല്ലാം കേട്ടപ്പോഴും ചിന്തിച്ചപ്പോഴും എനിക്ക് തോന്നി, ഇനി പിന്നോട്ടില്ല,,, മുന്നോട്ട് തന്നെ,,
ഒരു ഹൈസ്ക്കൂൾ ടീച്ചറാവുക,, അതും ഒരു സർക്കാർ സ്ക്കൂളിലെ ടീച്ചറാവുക തന്നെ.

                          അങ്ങനെ ഒരു വ്യാഴാഴ്ച സ്വന്തം നാട്ടിലെ വീട്ടിനടുത്തുള്ള എൽ.പി. സ്ക്കൂളിൽ നിന്ന് ഞാൻ ‘വിടുതൽ സർട്ടിഫിക്കറ്റ്’ വാങ്ങിയിട്ട് പ്രൈമറി സ്ക്കൂൾ അദ്ധ്യാപനജോലി ഒഴിവാക്കി. ആ നേരത്ത് എന്റെ നാട്ടുകാരനായ ഒരാൾ‌മാത്രം വളരെ,, വളരെ,,, സന്തോഷിച്ചു. 
ആരാണെന്നോ?
എന്റെ സ്ക്കൂൾ മാനേജർ,,,
അവർ എന്നെനോക്കി, എന്നിട്ട് ഒരു ചോദ്യം,
“നീയെന്തിനാ,,, ഇവിടെന്ന് പോകുന്നത്? ഇനി നിന്നെപ്പോലെ നന്നായി പഠിപ്പിക്കുന്ന ഒരാളെ എവിടെന്ന് കിട്ടാനാണ്?”
എന്റെ ഒഴിവിലേക്ക് ചേർക്കാനായി പുതിയ ഇരയിൽ നിന്നും പണം വാങ്ങിയിട്ട്, സ്വന്തം വീടിന്റെ രണ്ടാം നില ഉയർത്താനായി സാധനങ്ങൾ ഇറക്കുന്നതിനിടയിലാണ് വെറുതെയൊരു ഡയലോഗ് പാര.

                        പിറ്റേന്ന് വെള്ളിയാഴ്ച കൃത്യം പതിമൂന്നാം തീയതി രാവിലെ ഞാനും എന്റെ പിതാശ്രിയും പുതിയ താവളം തേടി യാത്രയായി. പുതിയ വിദ്യാലയത്തിൽ ജോയിൻ ചെയ്യുമ്പോൾ അല്പം വൈകിയാലും പ്രശ്നമുണ്ടാവില്ലല്ലൊ? വീട്ടിൽ നിന്നും അര മണിക്കൂർ നടന്ന് ബസ്‌സ്റ്റോപ്പിൽ എത്തിയിട്ട്, ബസ്സിൽ കയറി, വീണ്ടും വീണ്ടും കയറി ഇറങ്ങി. അങ്ങനെ മൂന്നാമത്തെ ബസ്സിൽ നിന്നിറങ്ങി അല്പം നടന്ന് സ്ക്കൂളിലെത്തി.
ഹോ,,, സന്തോഷം വന്നിട്ടെനിക്ക് ഇരിക്കാൻ വയ്യ,, നടക്കാൻ വയ്യ,,, 
പിന്നെയോ?
എന്റെ ലക്ഷ്യമായ ഹൈസ്ക്കൂളിനെ മതിവരാതെ നോക്കി ഞാനങ്ങനെ നിന്നു,,,

സ്ക്കൂളിൽ ചേർന്ന് ഹാജർ പട്ടികയിൽ ഒപ്പ് വെച്ചപ്പോഴാണ് അടുത്ത പ്രശ്നം?
എവിടെ താമസിക്കും?
                       ഇതുവരെ വീട്ടിൽ‌നിന്ന് വിട്ടു നിന്നിട്ടില്ലെങ്കിലും ഓരോ ദിവസവും ആറ് ബസ്സുകളിൽ മാറിമാറി കയറിയിട്ട് 100 കിലോമീറ്ററിലധികം യാത്ര ചെയ്യുന്നത് പ്രയാസമാണെന്ന് ആ നേരത്ത് എനിക്ക് തോന്നി. മുതിർന്ന കുട്ടികളെ പഠിപ്പിക്കാനായി ഞാൻ ക്ലാസ്സിലേക്ക് പോയനേരത്ത് എനിക്ക് താമസസൌകര്യം അന്വേഷിക്കാനായി എന്റെ അച്ഛൻ വെളിയിലേക്കിറങ്ങി. അതിന്റെ ഫലമായി അന്ന് വൈകുന്നേരം തന്നെ തൊട്ടടുത്ത പട്ടണത്തിനടുത്ത്, ഓടിട്ട രണ്ടുനില മാളികയിൽ വാടകക്കാരിയായി താമസിക്കാൻ ഏർപ്പാടാക്കിയശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
പിറ്റേന്ന് ശനി, പിന്നെ ഞായർ; അപ്പോൾ ഇനി തിങ്കളാഴ്ച നല്ല ദിവസം വന്നാൽ മതിയല്ലൊ.

                             എന്നാൽ ഞായറാഴ്ച ഉച്ചക്കുശേഷം പുതിയ താവളത്തിലേക്ക് താമസം മാറ്റാൻ തീരുമാനമായി; പുതിയ താമസസ്ഥലവുമായി ഒരു പൊരുത്തം വരണ്ടെ? പെട്ടിയും ബാഗും പുസ്തകക്കെട്ടുമായി തൊട്ടടുത്ത ടൌണിൽ ഇറങ്ങിയപ്പോഴാണ് അച്ഛൻ പറയുന്നത്,
“മോളെ അവിടെ താമസിക്കണമെങ്കിൽ മറ്റൊന്നും വാങ്ങിയില്ലെങ്കിലും ഒരു കൊതുവല വേണമെന്ന് പറഞ്ഞിരുന്നു”
“കൊതുവലയോ?”
“അതെ, സന്ധ്യയായാൽ കൂട്ടത്തോടെ കൊതുകുകൾ വീട്ടിനകത്ത് വന്ന് ചോരയെല്ലാം ഊറ്റിയെടുക്കുമെന്ന് ‘അവർ’ പറഞ്ഞു”
‘അവർ’ എന്ന്‌വെച്ചാൽ എനിക്ക് മുൻപെ അവിടെ താമസിക്കുന്നവർ,,,
                                നാലാം തരത്തിൽ കൊതുകുകളെക്കുറിച്ചുള്ള പാഠം ഉണ്ടായിരുന്നു. അത് പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കാനായി ഒരു കൊതുകിനെപോലും, എന്റെ ഗ്രാമീണഭവനം മൊത്തമായി വലവീശിയിട്ടും പിടിക്കാൻ കഴിഞ്ഞിട്ടില്ല. ശുദ്ധജലമൊഴുകുന്ന തോട്ടിലും വയലിലും വസിക്കുന്ന തവളകളും മത്സ്യങ്ങളും ഒത്ത്‌ചേർന്ന്‌ കൊതുകുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊതുക്‌രഹിതമായ ഗ്രാമമായിരുന്നൂ,, അക്കാലത്ത് എന്റേത്.
അപ്പോൾ ചോരയൂറ്റുന്ന കൊതുകൾക്കിടയിലാണ് ഇനിമുതൽ എന്റെ ഉറക്കം,,, അയ്യോ,,
ആ ദിവസം, ജീവിതത്തിൽ ആദ്യമായി ഒരു കൊതുകുവല എനിക്ക് സ്വന്തമായി വാങ്ങി, പിന്നെ രണ്ട് ബെഡ്‌ഷീറ്റും. വെറും നിലത്ത് എങ്ങനെയാ ഉറങ്ങുക? ബെഡ്‌ഷീറ്റ് വിരിച്ചാൽ മതി.  
                               ഏതാനും മാസം‌മാത്രം ഇതെല്ലാം സഹിച്ചാൽ മതിയെന്ന് അച്ഛൻ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
“നാല് മാസം കഴിഞ്ഞാൽ സ്ക്കൂൾ അടക്കും, പിന്നെ ജൂണിൽ സ്ക്കൂൾ തുറക്കുമ്പോഴേക്കും വീട്ടിനടുത്തേക്ക് ട്രാൻസ്‌ഫർ കിട്ടും”
പിന്നെന്ത് വിഷമം; എന്നെയവിടെ തനിച്ചാക്കിയിട്ട് അച്ഛൻ നേരത്തെ കാലത്തെ വീട്ടിലേക്ക് പോയി.

                               എന്റെ ഇരുനില കൊട്ടാരത്തിൽ എനിക്കുമുൻ‌പെ, ഉദ്യോഗസ്ഥികളായ പതിനാല് പേരുണ്ട്, ഇപ്പോൾ ഞാനടക്കം പതിനഞ്ച്. വീട്ടുവാടക പങ്ക് വെക്കും,, പിന്നെ പൊതുപാചകമായതിനാൽ എല്ലാവരും ചേർന്ന് അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങിയിട്ട് മാസാവസാനം ചെലവിന്റെ കണക്കെഴുതിയിട്ട് തുല്ല്യമായി വീതിക്കും. ഞായറാഴച മാത്രം മത്സ്യം, അതാണ് പതിവ്,,
അപ്പോൾ പാചകം ചെയ്യുന്നതോ? അതും എല്ലാവരും ചേർന്ന് തന്നെ,,,
   അപ്പോൾ പതിനഞ്ച് പേരും ഒന്നിച്ച് അടുക്കളയിൽ കയറിയാലോ? അടുക്കള കൊളമായി മാറും,,, കൊക്കൊളമാവും,,
അതിനൊരു പരിഹാരം ചെയ്തിട്ടുണ്ട്, ഒരു ദിവസം അടുക്കളയിൽ രണ്ടാൾ മാത്രം,, അങ്ങനെ ആഴ്ചയിൽ ഒരു ദിവസം അടുക്കളപ്പണി, ബാക്കി ആറ് ദിവസം വല്ലവരും വെച്ചത് തിന്നുന്ന പണി,, 
ആനന്ദലബ്ദിക്ക് പെണ്ണുങ്ങൾക്കിനിയെന്ത് വേണം?
                               രണ്ട്‌പേർ വീതം ആഴ്ചയിൽ ഏഴ് ദിവസം ജോലി ചെയ്യാൻ പതിനാല് സ്ത്രീരത്നങ്ങൾ മതിയാവും. അപ്പോൾ പതിനഞ്ചാം കാരിയോ? പതിനഞ്ചാമത് വന്നത് ഞാനാണെങ്കിലും എനിക്കും ഡ്യൂട്ടി കിട്ടി, വെള്ളിയാഴ്ച. അതോടെ ക്യാഷറും അക്കൌണ്ടന്റും ക്ലാർക്കും ആയി പ്രവർത്തിക്കുന്ന ‘സീനിയർ’ അടുക്കളഡ്യൂട്ടിയിൽ നിന്ന് സ്വയം ഒഴിവായി.

                               ആദ്യം ദിവസം അവസാനിക്കുമ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി, ‘അവിടെയുള്ളവരെല്ലാം ചുറ്റുപാടുമുള്ള സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥികൾ ആണെങ്കിലും കൂട്ടത്തിൽ ഒരേ ഒരു ടീച്ചർ ഞാനാണെന്ന്’. അതുകൊണ്ട് വന്നനാൾ തൊട്ട് എല്ലാവരും എന്നെ ‘ടീച്ചറെ’ എന്ന് വിളിക്കാൻ തുടങ്ങി. കണ്ണൂർ ജില്ലയുടെ പലയിടങ്ങളിൽ നിന്നും വന്ന, പലജാതിയിലും മതത്തിലും വിശ്വസിക്കുന്ന ഞങ്ങൾ എല്ലാവരും അന്യോന്യം പരിചയപ്പെട്ടു. വൈകുന്നേരം പല നേരത്തായി കടന്നുവരുന്നവർ പിന്നീട് തിരക്കിട്ട് കുളിക്കുകയും അലക്കുകയും തിന്നുകയും കൊതുകുവലക്കുള്ളിൽ നുഴഞ്ഞുകയറിയിട്ട് ഉറങ്ങുകയും ചെയ്ത് നേരം പുലർത്തുന്നു. നേരം പുലർന്നാൽ തിരക്കിട്ട് സ്വന്തം കാര്യങ്ങൾ നോക്കിയിട്ട് ഭക്ഷണം കഴിച്ച് ഉച്ചഭക്ഷണം നിറച്ച ലഞ്ച്‌ബോക്സ് ബാഗിലാക്കിയിട്ട് അവരവരുടെ സ്ഥാപനത്തിലേക്ക് യാത്രയാവുന്നു. ഒടുവിൽ പോകുന്നയാൾ വീട് പൂട്ടിയിട്ട് താക്കോൽ തൊട്ടടുത്ത് തന്നെ താമസിക്കുന്ന വീട്ടുടമസ്ഥയെ ഏല്പിക്കുന്നു.

ഞാൻ വന്നതിന്റെ പിറ്റേദിവസം,,,
                               പുതിയ താമസക്കാരിയായ ഞാൻ  മറ്റുള്ളവരെ കാണാനും പരിചയപ്പെടാനുമായി ഓരോ മുറികളിലും കയറി ഇറങ്ങുന്ന നേരം. സന്ധ്യയായാൽ അടുക്കള ഡ്യൂട്ടി ഉള്ളവർക്കൊഴികെ മറ്റുള്ളവർക്ക് വലിയ ജോലിയൊന്നും ഇല്ല, കൂടാതെ ഉദ്യോഗം ലഭിച്ചനാൾ തൊട്ട് എല്ലാവരുടെയും പഠനം നിലച്ചതുകൊണ്ട് വീട്ടുകാര്യങ്ങളും ഓഫീസ്‌കാര്യങ്ങളും പറഞ്ഞ് നേരം പോക്കുന്ന നേരത്താണ് തൊട്ടടുത്ത മുറിയിലേക്ക് ഞാൻ കടന്നെത്തിയത്. അവിടെയിരിക്കുന്ന നാലുപേരുമായി പരിചയപ്പെട്ട ശേഷം അഞ്ചാമതായി അല്പം മാറി, സാരിയുടെ അറ്റം‌കൊണ്ട് തലമൂടിയിട്ട് നിലത്ത് കുനിഞ്ഞിരിക്കുന്ന ഒരുത്തിയെ പിടിച്ചുവലിച്ചു,
“ഈയാളെന്താ ഒന്നും പറയാതെ ഇവിടെ കുനിഞ്ഞിരിക്കുന്നത്?”
അവൾ അനങ്ങിയില്ല, മിണ്ടാട്ടമില്ല. അതോടെ അവളെ ഉരുട്ടിയിട്ടു. ഉരുണ്ടുവീണവൾ എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ പൂർവ്വസ്ഥാനത്ത് കുനിഞ്ഞിരുന്ന് അതേനില തുടരുമ്പോൾ പെട്ടെന്ന് മറ്റുള്ളവരിൽ ഒരാൾ എന്റെ കൈ ബലമായിപിടിച്ച് വെളിയിലേക്ക് ആനയിച്ചശേഷം പറഞ്ഞുതന്നു,
“എന്തൊരു ദ്രോഹമാ ചെയ്തത്? അവർ നിസ്ക്കരിക്കുകയാ,, ശല്യം ചെയ്യേണ്ട”
ഇങ്ങനെയൊരു സംഭവം ആദ്യമായി കാണുന്ന ഞാൻ ആശ്ചര്യപ്പെട്ടുകൊണ്ട് പറഞ്ഞു,
“അയ്യോ, ഞാനറിഞ്ഞില്ല, അവർക്ക് വിഷമമായിട്ടുണ്ടാവും”
“അതൊന്നും സാരമില്ല, ദൈവത്തെ പ്രാർത്ഥിക്കുന്നനേരത്ത് എല്ലാവരോടും അവർ പൊറുക്കും”
“അറിയാതെ പിടിച്ചുവലിച്ചതാണെന്ന് അവരുടെ നിസ്ക്കാരം കഴിഞ്ഞാൽ പറയണം”
“അതൊന്നും അവർ ഓർക്കില്ല, ഇനി ഇങ്ങനെയൊരു മണ്ടത്തരം കാണിക്കരുത്”
“ശരി”
ഒരുവിധത്തിൽ ഞാനവിടെനിന്ന് രക്ഷപ്പെട്ടു. പിന്നെ അവിടത്തെ താമസം മാറുന്നതുവരെ ആ മുറിയിൽ കാല്‌കുത്തിയിട്ടില്ല.

                              അങ്ങനെ നാല് ദിവസം കഴിയാറായി, വ്യാഴാഴ്ച രാത്രി; പിറ്റേദിവസം എന്റെയും സഹ പാചകക്കാരിയായ രാഗിണിയുടെയും ഊഴമാണ്. രാത്രിതന്നെ രാവിലെ ചെയ്യേണ്ട ഡ്യൂട്ടികളെല്ലാം തീരുമാനിച്ച് പാചകം ചെയ്യേണ്ട ഐറ്റങ്ങളെല്ലാം എടുത്ത് വെക്കണം. പിറ്റേദിവസം പതിനഞ്ച് വനിതകൾക്ക് കഴിക്കേണ്ട ചപ്പാത്തിക്ക് വേണ്ട മാവും, ചോറിന് വേണ്ട അരിയും, കറിവെക്കാൻ വേണ്ട പച്ചക്കറികളും എല്ലാം എടുത്തുവെച്ച് പാത്രങ്ങളൊക്കെ നിരത്തിയിട്ട് ഉറങ്ങാൻ കിടന്നു.

                                 ഉറങ്ങാൻ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നതേയില്ല, ജീവിതത്തിൽ ആദ്യമായാണ് അടുക്കളപ്പണി ചെയ്യുന്നത്. അതുവരെ ‘അച്ഛൻ കൊണ്ടുവരും, അമ്മ വെച്ച്‌വിളമ്പിത്തരും, ഞാൻ തിന്നും’ എന്ന ശീലമായിരുന്നു. ഇപ്പോഴിതാ പതിനഞ്ച്‌പേർക്ക് ഭക്ഷണം ഉണ്ടാക്കാനായി എന്റെ മുന്നിലിപ്പോൾ കാണാൻ ചെറുതെങ്കിലും വലിയൊരു അടുക്കള തുറന്ന്‌വന്നിരിക്കുന്നു. ‘അരി കഴുകിയിട്ടുണ്ട്, പച്ചക്കറി മുറിച്ചിട്ടുണ്ട്, ചപ്പാത്തി തിന്നിട്ടുണ്ട്’, തുടങ്ങിയ കാര്യങ്ങൾ മാത്രം അറിയാവുന്ന ഞാനാണ് ഒരു വലിയ ഊരാക്കുടുക്കിൽ പെട്ടത്. എന്ത് ചെയ്യാം? അമ്മ പറഞ്ഞത് ശരിയാണെന്ന് അപ്പോൾ ശരിക്കും തോന്നി. ‘ചോറും കറിയും വെക്കാനറിയാത്ത നീയെന്തിനാ മോളെ ദൂരെ ഒറ്റക്ക് പോയി താമസിക്കുന്നത്?’
ഇതുവരെ വെള്ളത്തിലിറങ്ങാത്ത ഞാൻ ഏതായാലും കുളത്തിലിറങ്ങി, ഇനി കൈയും കാലുമിട്ടടിച്ച് നീന്താൻ പഠിക്കുക തന്നെ,,,

                           അതിരാവിലെ ഉണർന്നെഴുന്നേറ്റ്, തലേദിവസം അളന്നുവെച്ച ചപ്പാത്തിയുടെ മാവിൽ ഉപ്പ്‌ചേർത്ത് കുഴക്കാൻ ആരംഭിച്ചു. എത്ര വെള്ളം ചേർത്തിട്ടും മാവ് കുഴയുന്നില്ല, എന്ന് മനസ്സിലായപ്പോൾ രാഗിണിയോട് പതുക്കെ പറഞ്ഞു,
“എന്റെ ചപ്പാത്തി ഒരിക്കലും വട്ടത്തിലാവാറില്ല, അതുകൊണ്ട് അക്കാര്യം രാഗിണി ചെയ്യുമെങ്കിൽ ഞാൻ ചപ്പാത്തി ചുട്ടെടുക്കാം”
“അത് ടീച്ചറെ ചപ്പാത്തി പരത്തുന്നവർ തന്നെ അത് ചുടുന്നതാണ് എളുപ്പം, നിങ്ങൾക്കത് വയ്യെങ്കിൽ ചോറിന് വെള്ളം അടുപ്പത്ത് വെച്ച് അരി കഴുകിയിട്ടശേഷം പച്ചക്കറി നുറുക്കിയാട്ടെ”
പത്താം തരത്തിലെ പിള്ളേരെ പഠിപ്പിക്കുന്നുണ്ടെങ്കിലും അടുക്കളക്കാര്യത്തിൽ എന്നെ മറ്റുള്ളവർ പഠിപ്പിക്കേണ്ടി വരുന്നതോർത്ത് അല്പം അസ്വസ്ഥത തോന്നാതിരുന്നില്ല, എന്ത് ചെയ്യാം?
                      അരി കഴുകിയിട്ട് വലിയ അലൂമിനിയപാത്രത്തിലെ വെള്ളത്തിലിട്ടശേഷം അടുപ്പത്ത്‌വെച്ച് വിറക് നന്നായി കത്തിച്ചു. പിന്നീട് വെണ്ട, വെള്ളരി, മത്തൻ, പാവക്ക, തുടങ്ങിയവ ഒരു കൂട്ടമായെടുത്ത് ഓരോന്നും തൊലികളഞ്ഞ് മുറിക്കാൻ ആരംഭിച്ചു. ആദ്യമായി തൊലികളഞ്ഞ ഐറ്റം കണ്ണൂരിലുള്ളവർ കൈപ്പക്ക എന്ന് വിളിക്കുന്ന പാവക്കയായിരുന്നു. ‘പാവക്കയുടെ തൊലി’, നല്ല കട്ടിയിൽ ചെത്തിമാറ്റിയത് കണ്ടപ്പോൾ രാഗിണിവന്ന് എന്റെ കൈ പിടിച്ചു,
“ടിച്ചറേ പാവക്കയുടെ തൊലി കളയേണ്ടതില്ല; നിങ്ങൾ തൽക്കാലം തോരൻ വെക്കാനായി ചീര കൊത്തിയരിഞ്ഞാൽ മതി”
                          തൊലിയുരിഞ്ഞതുപൊലെ തോന്നിയെങ്കിലും തൊലിക്കട്ടിയുള്ള ഞാൻ ഒരുകെട്ട് ചീര ചേർത്ത്‌വെച്ച് മുറിക്കുന്നതിനിടയിൽ കൈ മുറിഞ്ഞ് ചോരയൊഴുകിയ കാര്യം അവളെ അറിയിച്ചില്ല. അവളടക്കം അവിടെയുള്ള നാല് വനിതകൾ ശുദ്ധ വെജിറ്റേറിയനാണല്ലൊ,,,

                           ഏല്പിച്ച ജോലികളൊന്നും ശരിയാവുന്നില്ലെന്ന് കണ്ടപ്പോൾ രാഗിണിക്ക് എന്ത് തോന്നിയോ, ആവോ? ഈ ടീച്ചർമാർക്കൊന്നും വിവരമില്ലെന്ന് പറയുമായിരിക്കും; വലിയൊരു അടുക്കളയിൽ ഞാൻ ചെറുതാവുകയാണ്. ഒടുവിൽ പപ്പടം കാച്ചുന്ന ജോലി ഏറ്റെടുത്തു. ചീനച്ചട്ടിയിൽ അമ്മ പപ്പടം കാച്ചുന്നത് എത്രയോതവണ കണ്ടിട്ടുണ്ടല്ലൊ,,
                            പപ്പടം കാച്ചാനായി ചീനച്ചട്ടി അടുപ്പത്ത് വെച്ച് ഏതാണ്ട് അരഗ്ലാസ്സ് വെള്ളം അതിലൊഴിച്ചു. വെള്ളം തിളക്കാൻ തുടങ്ങിയപ്പോൾ ആദ്യ പപ്പടം അതിൽ നിവർത്തിയിട്ടശേഷം പൊങ്ങിവരുമ്പോൾ കുത്തിയെടുക്കാനായി ഈർക്കിലുമായി ഞാൻ കാത്തിരുന്നു. പപ്പടം പൊങ്ങിയില്ല താഴുകയാണ്, ഞാൻ അടുത്ത പപ്പടവും ചീനച്ചട്ടിയിലിട്ടു, അതും അപ്രത്യക്ഷമായി. ഈ പപ്പടത്തിനെന്തെങ്കിലും തകരാറുണ്ടായിരിക്കും അങ്ങനെ കാച്ചിയെടുക്കാനായി നിക്ഷേപിച്ച പതിനഞ്ച് പപ്പടത്തിൽ ഒന്ന്‌പോലും പൊങ്ങിവന്നില്ല.
കുമുകുമാ പൊങ്ങിവന്ന് കറുമുറാ പൊട്ടുന്ന പപ്പടത്തിന് പകരം ചീനച്ചട്ടിയിൽ ഉണ്ടായത് പുത്തൽ ഐറ്റമാണ്,,,
‘പപ്പടപായസം’

20.11.11

നിത്യഗർഭിണി


                            നാട്ടിലെ സീനിയർ‌മോസ്റ്റ് പൌരി ആയ മാധവിയമ്മ ഇന്ന് പുലർച്ചെ അന്തരിച്ചു. മരിക്കാൻ നേരത്ത് അവർക്ക് പ്രായം നൂറാണെന്നും നൂറ്റിഒന്നാണെന്നും പൊതുജനങ്ങൾക്കിടയിലുള്ള തർക്കം രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കഴിഞ്ഞില്ല. മൂന്ന് മക്കൾ ഉള്ളവരിൽ രണ്ട് ആൺ‌മക്കളും പറഞ്ഞു, അമ്മക്ക് നൂറ് തികഞ്ഞെന്ന്. എന്നാൽ ഒരേഒരു പെൺ‌മണി കൺ‌മണി പറയുന്നു, അമ്മക്ക് നൂറ്റിഒന്ന് തികഞ്ഞെന്ന്. ഏതായാലും സെഞ്ച്വറി തികച്ചു എന്ന കാര്യം ഉറപ്പാണ്.

                          മരിക്കുന്നതിന് ഏതാനും ദിവസം മുൻപ്‌വരെ മാധവിയമ്മ അയൽ‌പക്കത്ത് പോയി വിശേഷങ്ങൾ ചോദിച്ചതും പറഞ്ഞതുമാണ്. കൂലിപ്പണിയെടുത്ത് മക്കളെ വളർത്തി ഉന്നതനിലയിലെത്തിച്ച അവർക്ക് പറയാനുള്ളത് രസമുള്ള കാര്യങ്ങൾ മാത്രമായിരുന്നു. അദ്ധ്വാനിച്ച് ജീവിക്കുമ്പോഴുള്ള പീഡനത്തിന്റെതും വേദനകളുടെതുമായ കഥകളൊന്നും അവർ പറയാറില്ല; മറിച്ച് തൊഴിലിടങ്ങളിൽ വീണുകിട്ടുന്ന ഇടവേളകളിലെ തമാശകളായിരുന്നു പറഞ്ഞത്.  എന്നും പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മാധവിയമ്മയോട് സംസാരിക്കുമ്പോൾ സമയം പോകുന്നത് നമ്മൾ അറിയാറേ ഇല്ല. ഒരിക്കൽ നമ്മുടെ കടൽ‌തീരഗ്രാമത്തിൽ പുതിയതായി വന്ന പൊസ്റ്റ്‌മാൻ മാധവിയമ്മയോട് സംശയം ചോദിച്ചു,
“മാധവിയമ്മെ, നിങ്ങളെ ഈ നാട്ടിൽ ഒരുപാട് വയസ്സന്മാരും വയസ്സികളും ഉണ്ടല്ലൊ; ഇവിടെയുള്ളവരുടെ ദീർഘായുസിന്റെ രഹസ്യമൊന്ന് പറയാമോ?”
മാധവിയമ്മ പെട്ടെന്ന് ഉത്തരം നൽകി,
“അത്‌മോനേ ഈ നാട്ടിന്റെ തൊട്ടപ്പുറത്ത് പടിഞ്ഞാറ് അറബിക്കടലാണ്. അതുകൊണ്ട് മണ്ണിലും മരത്തിലും കാറ്റിലും വെള്ളത്തിലും ഒക്കെ ഉപ്പാണ്. അങ്ങനെ ഉപ്പിലിട്ട മനുഷ്യന്മാരാണ് ഈ നാട്ടില്, കേടാവാതെ കൊറേക്കാലം ജീവിക്കുന്നത്”

                        രാവിലെ മുതൽ മാധവിയമ്മയുടെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ അനേകം ആളുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. എന്നും വെള്ളവസ്ത്രം മാത്രം അണിയുന്ന മാധവിയമ്മയെ ബന്ധുക്കൾ ചേർന്ന് കുളിപ്പിച്ചശേഷം വെള്ളവസ്ത്രംതന്നെ അണിയിച്ച് വീടിന്റെ നടുമുറിയിൽ കിടത്തിയിരിക്കയാണ്. അവരെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്ന ബന്ധുക്കളും നാട്ടുകാരും മുറിയിൽ നിറഞ്ഞു കവിഞ്ഞിരിക്കയാണ്.

                         ആ നേരത്താണ് എന്റെ ഇളയമ്മയുടെ മൂത്തസന്താനം; രണ്ട് മക്കളെ പ്രസവിച്ചശേഷം നാല്പത്തിഅഞ്ച് കഴിഞ്ഞിട്ടും ‘നിത്യഗർഭിണി’ ആയ ‘ലച്ചി’ ശരീരഭാരവുമായി ആ മുറിയിലെക്ക് കടന്നുവന്നത്. അവൾ‌വന്ന് മാധവിയമ്മയെ ഒരു തവണനോക്കിയതേയുള്ളു; കരയാൻ തുടങ്ങി. കോമഡിഷോകൾ കണ്ടാൽ‌പോലും കരയുന്ന സ്വഭാവം അവൾക്ക് പണ്ടേയുള്ളതാണ്. അപ്പോൾ‌പിന്നെ അയൽ‌വാസിയായ അകന്നബന്ധുവിന്റെ (അ)കാല ചരമത്തിൽ കരയാതിരിക്കുമോ?
                          ഒഴുകിവന്ന കണ്ണുനീർ തുവാലയിൽ ഒതുക്കിയിട്ട് അവൾ ഏതാനും സ്ത്രീകൾ ഇരിക്കുന്ന ഇടത്തേക്ക്  പോയി. അവിടെ പഴയ മരം‌കൊണ്ടുള്ള ബെഞ്ചിൽ ഇരിക്കുന്ന പരിചയമില്ലാത്ത സ്ത്രീകളുടെ സമീപം നിന്നപ്പോൾ കൂട്ടത്തിൽ പ്രായം‌ചെന്ന സ്ത്രീ അവളെ തൊട്ടുകൊണ്ട് പറഞ്ഞു,
“മോളേ, നീയിവിടെ ഇരുന്നോ?”
അവൾ തിരിഞ്ഞുനോക്കിയപ്പോൾ ആ സ്ത്രീ വീണ്ടും പറയാൻ തുടങ്ങി,
“മാസം തികഞ്ഞിരിക്കുന്ന നിനക്ക്, അധികനേരം നിന്നിട്ട് ക്ഷീണം വന്നാലോ?”
അവർ എഴുന്നേറ്റശേഷം ലച്ചിയെ മരബെഞ്ചിൽ ‘സഹതടിച്ചികളുടെ’ കൂട്ടത്തിൽ പിടിച്ചിരുത്തി.

ഒരുനിമിഷം,,
ബെഞ്ചൊന്ന് ഇളകി,
“ഠിം, ഠ്രിട്രിഡ്രിം, ഢിം”
പിന്നെ പൊട്ടിവീണു,,,
ഒപ്പം അതിലിരുന്ന അഞ്ച്‌പേരും,,
ഇരിക്കുന്നു, കിടക്കുന്നു,, തറയിൽ,,,
ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്നവർ മരണവീടാണെന്നോർക്കാതെ ചിരിക്കാൻ തുടങ്ങി. കൂട്ടത്തിൽ ഒരാളുടെ പൊട്ടിച്ചിരി ഉച്ചത്തിൽകേട്ടപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി.
അപ്പോൾ അതാ,,,
മാധവിയമ്മയും പൊട്ടിച്ചിരിക്കുന്നു,,,
കുളിപ്പിച്ച് കിടത്തിയ മാധവിയമ്മ തന്നെ പുതപ്പിച്ച തുണിമാറ്റി എഴുന്നേറ്റിരിക്കുന്നു. ആരോ മൂക്കി‌ൽ തിരുകികയറ്റിയ പഞ്ഞികൾ എടുത്തുമാറ്റിയശേഷം പരിസരം മറന്ന് അവർ പൊട്ടിച്ചിരിക്കുകയാണ്. അതിനുശേഷം ഇരുകൈയിലും‌ ഉള്ള പഞ്ഞി അതേമൂക്കിൽ‌തന്നെ തിരുകിയിട്ട്, അതേസ്ഥാനത്ത് കിടന്ന് അവർ കണ്ണടച്ചു!!! 

പിൻ‌കുറിപ്പ്: 
എന്റെ നാട്ടിൽ നടന്ന സംഭവം, ‘ലച്ചി’ തന്നെയാണ് എന്നോട് പറഞ്ഞത്, ലച്ചി കഥാപാത്രമായ ഒറിജിനൽ അനുഭവം കാണാൻ തുറക്കുക,
എട്ട് സുന്ദരികളും ഒരു സിനിമയും

27.10.11

മരുമകൻ ചന്തു

                                 കോമപ്പൻ കാരണവരുടെയും രതി അമ്മായിയുടെയും ഒരേഒരു മരുമകനാണ് ചന്തു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുരയിടവും നടന്നെത്താ ദൂരത്തോളം വളർന്നിരിക്കുന്ന നാലുകെട്ടും മാനേജ് ചെയ്യാൻ കാരണവർക്ക് സ്വന്തമായുള്ള രണ്ട് കണ്ണുകളും ഒരു തലയും പോരാതെ വന്നപ്പോൾ ചന്തുവിന്റെ  തലയും  കണ്ണുകളും സഹായത്തിന് എത്തി. അതായത് കാരണവർക്ക് എല്ലാകാര്യത്തിനും ഒരു അസിസ്റ്റന്റായി ചന്തു വേണം. 
                   അതുപോലെ രതി അമ്മായിക്കും ചന്തുമോൻ വേണം; കുളിക്കുമ്പോൾ പുറത്ത് സോപ്പിടാൻ, മുടിയിൽ ഇഞ്ചയും താളിയും തേക്കാൻ, ഇടയ്ക്കിടെ പേനുണ്ടെന്ന വ്യാജേന തലയിൽ തപ്പാൻ, സ്വന്തം മേനിയഴകിലെ കൈയെത്താദൂരത്ത് ചൊറിയാൻ, അങ്ങനെയങ്ങനെ,,,അങ്ങിനെ,, 
ന്തുമോനാണെങ്കിൽ നാട്ടിലുള്ള എല്ലാ പെണ്ണിനെയും ഇഷ്ടമാണ്; എന്നാൽ ഇമ്മിണി ബല്യഇഷ്ടം അമ്മായിയോട് മാത്രം.

                              കാരണവർ പടക്കുറുപ്പായി മാറി, പടക്കും പടയോട്ടത്തിനും ഇറങ്ങിത്തിരിക്കുമ്പോൾ വീട്ടിന് കാവലായി അമ്മായിക്ക് കാവലാളായി ചന്തുമോനെയാണ് പോസ്റ്റ് ചെയ്യാറുള്ളത്. കാരണവർ പട്ടുപുടവ നൽകി രതി അമ്മായിയെ നാലുകെട്ടിലേക്ക് ആനയിച്ചതിന്റെ നാലാം‌നാൾ തൊട്ട് ഈ പതിവ് തുടങ്ങിയതാണ്. അവരുടെ മേനിയഴക്, കാരണവരെക്കാൾ രോമാഞ്ചമണിയിച്ചത് മരുമകൻ ചന്തുവിന്റെ മനസ്സിലാണ്. മുല്ലപ്പൂമൊട്ട് പോലുള്ള പല്ലുകൾ ഇത്തിരി വെളിയിലാക്കിക്കൊണ്ടുള്ള ചിരിയും നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന മയിൽ‌പീലിക്കണ്ണുകളും ആ വെളുത്ത മേനിയിലെ പ്രത്യേക അലങ്കാരങ്ങളാണ്. ആ കണ്ണുകളിൽ നോക്കിയിരിക്കെ പലപ്പോഴും നേരം ഇരുട്ടിയതും കാരണവർ പടകഴിഞ്ഞ് വന്നതും അറിയാറില്ല. അമ്മായിയെയും അമ്മാവനെയും ഒന്നിച്ച് കാണുമ്പോൾ ചന്തുമോൻ മനസ്സിൽ പറയും, ‘അസ്സൽ ആഫ്രിക്കൻ ഗോറില്ലയുടെ കൈയിൽ പൂമാല കിട്ടിയതുപോലെ’.

                             ദിവസങ്ങൾ, മാസങ്ങൾ ഒന്നൊന്നായി കഴിഞ്ഞു; രതിഅമ്മായിയും ഗോറില്ല അമ്മാവനും ഒന്നിച്ച്, ഇരു മെയ്യും ഒരു മനസ്സുമായി കഴിഞ്ഞിട്ടും അവരുടെ ഇടയിൽ ഒരു സന്താനവല്ലി വന്നില്ല. അക്കാര്യത്തിൽ അമ്മാവന് ഒരു പ്രശ്നവും ഇല്ലെങ്കിലും അമ്മായിക്ക് അതൊരു വലിയ പ്രശ്നം തന്നെയായിരുന്നു. ഒരു കുഞ്ഞിക്കാല് കാണാനുള്ള കൊതി, അവർ ഒളിഞ്ഞും തെളിഞ്ഞും മറ്റുള്ളവരോട് പറയാൻ തുടങ്ങി. നാട്ടിലുള്ള ചെറുപ്പക്കാരുടെ രോമാഞ്ചമായ അവരെ, ഈ വാർത്ത അറിഞ്ഞവർ ഒളിഞ്ഞും തെളിഞ്ഞു ഒളിക്യാമറവെച്ചും നോക്കാൻ തുടങ്ങി. ഇക്കാര്യം അറിഞ്ഞ കാരണവർ ചന്തുവിനെ അദ്ദേഹത്തിന് സ്വന്തമായ തറവാട് വീട്ടിലേക്ക് ഫുൾ‌ടൈം പോസ്റ്റ് ചെയ്തു. ഒളിഞ്ഞുനോക്കുന്നവരെ, നേരെനോക്കിനിന്ന് രണ്ട് വാക്ക് പറയാൻ മരുമകൻ കൂടിയേ കഴിയൂ,,,

                            എന്നും സന്തോഷകുമാരിയായ അമ്മായി ആവശ്യത്തിനും അനാവശ്യത്തിനും ചന്തുവിനെ വിളിക്കുന്നത് ഒരു പതിവാക്കി. അവരുടെ നിത്യക്രീയകൾ നടക്കാൻ ചന്തു കൂടിയേ കഴിയൂ എന്ന അവസ്ഥയാണ്.
അതായത് നീരാട്ട്കുളിയുടെ ആദ്യകർമ്മമായ എണ്ണതേക്കാൻ നേരത്ത് ചന്തുവിനെ അമ്മായി വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”
കുളി തുടങ്ങി സോപ്പിടാൻ നേരത്ത് അടുത്ത വിളിവരും,
“ചന്തു ഒന്നിങ്ങ് വാ”
കച്ച മുറുക്കുമ്പോൾ മുടിച്ചുരുളിനടിയിൽ കൈയ്യെത്താ ദൂരത്ത് കൊളുത്തിടാൻ നേരത്ത് വീണ്ടും വരും വിളി,
“ചന്തു ഒന്നിങ്ങ് വാ”
അമ്മിയിൽ മുളകരച്ചുകൊണ്ടിരിക്കെ തലയിൽ പേൻ‌കടിയേറ്റാൽ പെട്ടെന്ന് വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”
തയ്യൽ മെഷിനിൽ പാവാട തയ്ച്ചുകൊണ്ടിരിക്കെ കാലിൽ കൊതുകുകടിച്ചാൽ ഉടനെ വിളിക്കും, 
“ചന്തു ഒന്നിങ്ങ് വാ”
സാരിയുടുക്കുമ്പോൾ ചുളിവ് നിവർത്താൻ അവർ ഉച്ചത്തിൽ വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”

                              സുന്ദരിയും സുശീലയും സുഭാഷിണിയും ആയ അമ്മായി നാലുകെട്ടിൽ ഉണ്ടെങ്കിലും, കാരണവർ പുതിയ മേച്ചിൽ‌പ്പുറങ്ങൾ തേടി കുടിലുകൾ‌തോറും കയറിയിറങ്ങാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അദ്ദേഹം പള്ളിനായാട്ടിന് ഇറങ്ങുമ്പോൾ നാട്ടുകാർ രഹസ്യമായി പറയും,
“വീട്ടിൽ സുന്ദരിയെ വെച്ചിട്ടെന്തിന്???
നാട്ടിൽ തേടി നടപ്പൂ,,,,”

                              ആ നേരത്തെല്ലാം അദ്ദേഹത്തിന്റെ വീട്ടിലും മണിയറയിലും മേഞ്ഞുനടന്നത് മരുമകൻ ചന്തു ആയിരുന്നു. മച്ചിനിയൻ ചന്തു ചതിയൻ ചന്തു ആണെങ്കിലും മരുമകൻ ചന്തു ചതിയൻ ആയിരുന്നില്ല. ചന്തുമോന് അമ്മായിയെ ഇഷ്ടമാണ്,,  അമ്മായിക്ക് ചന്തുമോനെയും ഇഷ്ടമാണ്.

അങ്ങനെ ദിനങ്ങളോരോന്നായി കടന്നുപോയ്‌ക്കൊണ്ടിരിക്കെ, ഒരു ഞായറാഴ്ച, നല്ല ദിവസം അവൾ വന്നു,,,
‘ചക്കി’
കാരണവരുടെ ഒരേഒരു ഭാര്യയായ രതിയുടെ ഒരേഒരു പൊന്നനുജത്തി, ചക്കി. ചന്ദന നിറമാർന്ന അമ്മായിയുടെ കരിവീട്ടി നിറമാർന്ന പൊന്നനുജത്തി.

ചക്കിയുടെ വരവ് ചന്തുവിന് തീരെ ഇഷ്ടപ്പെട്ടില്ല.
കാരണം അമ്മായി ചന്തുവിനെ വിളിച്ചാൽ അവനെ ഓവർ‌ടെയ്ക്ക് ചെയ്ത് ഓടിയെത്തും,,, ചക്കി.
ചന്തു അമ്മായിയെ സോപ്പിടാൻ തുടങ്ങുമ്പോഴേക്കും ചക്കി സ്വന്തം ചേച്ചിയെ സോപ്പിട്ട് കൈകൾ കഴുകിയിരിക്കും.
അമ്മായിക്ക് ചൊറിച്ചിൽ വരുന്നതിന് മുൻപ് ചക്കി ചൊറിഞ്ഞിരിക്കും.
                              ഇക്കാര്യത്തിലെല്ലാം അമ്മായിക്കും മരുമകനും ഇത്തിരി ചൊറിച്ചിൽ ഉണ്ടായെങ്കിലും അവർ അതെല്ലാം അമർത്തപ്പെട്ട വേദനകളാക്കി മനസ്സിന്റെ ഉള്ളറകളിൽ അടക്കിവെക്കും. എന്നിട്ടോ?,,, 
‘അമ്മാവൻ പടക്ക് പോകുന്ന രാത്രികളിൽ അമ്മായിയുടെ മാറിൽ തലചായ്ച്ച് ഉറങ്ങുമ്പോൾ ചന്തു പലതും പറഞ്ഞ് പൊട്ടിക്കരയും’. ആ നേരത്തെല്ലാം അമ്മായി ഒരു കാര്യം അവനെ ഓർമ്മിപ്പിക്കും,,, തറവാട്ടിലെ അളവറ്റ സ്വത്തിന് അവകാശി ആയി ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹം.

                             ദിനങ്ങൾ ഓരോന്നായി കടന്നുപോകവേ ചക്കിക്ക് ഒരു ഏനക്കേട്. അവൾ ചേച്ചിയുടെ വീട്ടിൽ കാലെടുത്ത് കുത്തിയ നിമിഷം‌തന്നെ ചന്തുവിനെ വളച്ചൊടിക്കാനുള്ള തീവ്രയത്ന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. 
പുളിയിലക്കര മുണ്ടും നേര്യതും അണിഞ്ഞ ചക്കി, അരമണിയും പാദസരവും കിലുക്കിയിട്ട് പലവട്ടം ചന്തുവിന്റെ മുന്നിലൂടെ പോയി; അവന്റെ മനസ്സ് ഇളകിയില്ല. 
പാടിപ്പതിഞ്ഞ പാട്ടുകൾ പൊടിതട്ടിയെടുത്ത് കണ്ഠനാളം ഉരച്ച് പതം വരുത്തിയിട്ട് ചന്തുകേൾക്കെ പലവട്ടം അവൾ പാടി; അവന്റെ മനസ്സ് ഇളകിയില്ല. 
കുളപ്പുരയുടെ വാതിൽ മലർക്കെ തുറന്ന് പലതവണ അവൾ കുളിച്ചു നോക്കി,,, ജലദോഷം വന്നത് മിച്ചം. 
നിരാശയിൽ മുങ്ങിയ ചക്കി നാളുകളോളം ചിന്താമഗ്നയായി.

ഒരു ദിവസം’
കാരണവർ പടക്കുറുപ്പായി മാറിയിട്ട് സന്ധ്യക്ക് മുൻപ് കാടൻ‌മലയിലേക്ക് പടനയിക്കാൻ പോകുന്ന വിവരം നാലുകെട്ടിൽ ചെണ്ടകൊട്ടി അറിയിച്ചതോടെ അമ്മായിയുടെയും ചന്തുവിന്റെയും മനസ്സിൽ മഴക്കാർ കണ്ട മയിലുകൾ രാപ്പാർക്കാൻ തുടങ്ങി. ഈ സൂര്യനൊന്ന് വേഗം കടലിൽ മുങ്ങിയെങ്കിൽ!!!

അന്ന് രാത്രി,
നാടും നാട്ടാരും ഉറങ്ങിയ നേരത്ത് കാരണവരുടെ മണിയറയിൽ ഒളിച്ചിരുന്ന ചന്തു, അമ്മായിയുടെ ‘ബി’ നിലവറ തുറന്നതിനുശേഷം ‘ഏ’ നിലവറ തുറക്കാനുള്ള തീവ്രയത്ന പരിശ്രമത്തിൽ മുഴുകിയിരിക്കുന്ന നേരത്ത്,,,
“ഠ്ണിം, ഠ്ണിം, ഠ്ണിം”
ഉറക്കറവാതിലിൽ പള്ളിവാൾകൊണ്ട് താളം പിടിക്കുന്ന മണിമുഴക്കം,,,
ചന്തു ഞെട്ടി,,, അമ്മായി ഞെട്ടി,,,
വാതിൽ തുറന്ന രതിഅമ്മായിയുടെ മുന്നിൽ പടക്കുറുപ്പ് ആയ സ്വന്തം ഭർത്താവ് പള്ളിവാളുയർത്തി നിൽക്കുന്നു!!! പിന്നിലൊരു നിഴലായി ചക്കിയും;
അമ്മായി രണ്ടാമത് ഞെട്ടാനൊരുങ്ങിയില്ല. പകരം അവരുടെ പിന്നിൽ പനങ്കുല പോലുള്ള തിരുമുടിക്കുള്ളിൽ ഒളിച്ചിരുന്ന ചന്തുവിനെ കഴുത്ത് പിടിച്ച് മുന്നിൽ നിർത്തിയിട്ട് നാലുകെട്ട് ഞെട്ടിച്ചുകൊണ്ട് അലറി,
“ദുഷ്ടൻ,,, ഈ അറയിൽ ചക്കിയാണെന്ന് വിചാരിച്ചതു കൊണ്ടായിരിക്കും കടന്നുവന്നത് ,,, എടാ ദുഷ്ടാ,,, സ്വന്തം ഭർത്താവിന്റെ നാമം ജപിച്ച് ഉറങ്ങുന്ന എന്നെ പീഡിപ്പിക്കുന്നോ? ചക്കി ഇവിടെ വന്നതുമുതൽ നീ അവളെ നോക്കുന്നത് ഞാൻ കാണാറുണ്ട്. എന്നെയും ചക്കിയെയും തിരിച്ചറിയാത്ത നീചൻ,,,”
അമ്മായി നെഞ്ഞത്തടിച്ച് നിലവിളിക്കുകയാണ്,
“ഇനി ഞാൻ ജീവിച്ചിരിക്കില്ല, എനിക്കൊന്നും കാണാൻ വയ്യേ”
രതി അമ്മായി കരച്ചിലിന്റെ വോളിയം കൂട്ടുകയാണ്; ഒപ്പം മരുമകൻ ചന്തുവിന് അടിയും ഇടിയും തൊഴിയും. എല്ലാം നോക്കിയും കണ്ടും നിന്ന അമ്മാവൻ, പള്ളിവാൾ ഉറയിൽ താഴ്ത്തിയിട്ട്, സ്വന്തം ഉത്തരീയം എടുത്ത് മരുമകന് നൽകിയിട്ട് കല്പിച്ചു,
“ചന്തുമോനേ ഈ പുടവ ചക്കിക്ക് കൊട്”

                          പുടമുറി കഴിഞ്ഞ ചക്കിയുടെ വലതുകൈ പിടിച്ച് അവർക്കായി അഡ്‌ജസ്റ്റ് ചെയ്ത മണിയറയിലേക്ക് നടക്കുമ്പോൾ മരുമകൻ ചന്തു ചിന്തിക്കുകയാണ്, 
‘തന്നെ ചതിച്ചതാരാണ്? അമ്മാവനാണോ? 
തഞ്ചത്തിൽ കാലുമാറിയ അമ്മായിയാണോ? 
കരക്റ്റ് ടൈമിൽ കരക്റ്റ് സ്പോട്ടിൽ കാരണവരെ അവിടെ എത്തിച്ച ചക്കിയാണോ?’

3.10.11

കുട്ടിയമ്മയുടെ സ്വർഗ്ഗം


                                      ദേഹമാസകലം പലവിധ രോഗങ്ങൾ കയറിയിറങ്ങിയിട്ട്, അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കെ; അനങ്ങാതെ മാസങ്ങളോളം കിടപ്പിലായിരുന്ന കുട്ടിയമ്മക്ക്, പെട്ടെന്ന് ഒരു ദിവസം എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞപ്പോൾ വളരെയധികം ആശ്ചര്യം തോന്നി. ഇപ്പോൾ കൈകാലുകൾ അനായാസം ചലിപ്പിച്ച് സഞ്ചരിക്കാം, ശരീരത്തിന്റെ ഉള്ളിലും പുറത്തുമായി ഒരു വേദനയും തോന്നുന്നില്ല. എന്തൊരു സന്തോഷം!!!! 
എന്തൊരു സന്തോഷം!!!!

                           കൺ‌പോളകൾ ഉയർത്തിയിട്ട്, ശ്രദ്ധിച്ച് നോക്കിയപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി; താൻ സ്വയം ചലിക്കുന്നതല്ല, തന്നെയാരോ ചലിപ്പിക്കുകയാണ്. ആരോ ഒരാൾ കുട്ടിയമ്മയെ അദൃശ്യമായ കയറുകൊണ്ട് കെട്ടിയിരിക്കയാണ്; അതിന്റെ അറ്റം ആ ആളുടെ കൈയിലാണ്!!
അപ്പോൾ അതാണ് കാര്യം,,,,
അയാൾ കെട്ടിയ കയറിന്റെ താളത്തിനനുസരിച്ച് കുട്ടിയമ്മ മുന്നോട്ടുള്ള ഗമനം തുടരുകയാണ്. മാസങ്ങളും വർഷങ്ങളുമായി അനുഭവിച്ച വേദനകളും യാതനകളും മാറിയിട്ട് അവർക്കിപ്പോൾ നടക്കാം, ഓടാം, ചാടാം, പറക്കാം,,, എന്തൊരു സുഖം,
എന്തൊരു സുഖം,
അവർ നടക്കുകയല്ല ഒഴുകുകയാണ്.

                           അങ്ങനെ യാത്ര തുടർന്നുകൊണ്ടിരിക്കെ കുട്ടിയമ്മക്ക് എന്തോ ഒരു പന്തികേട് മണത്തു; ഇങ്ങനെ പോയാലെങ്ങനെയാ? അവർ മുന്നിൽ നടക്കുന്ന ആളെ വിളിച്ചു,
“ഹോയ്, ഒന്നവിടെ നിൽക്ക്, എന്നെയും കെട്ടിവലിച്ച് ഇയാളെങ്ങോട്ടാ പോകുന്നത്?”
മുന്നിൽ പോകുന്ന ആൾ കേൾക്കാത്ത മട്ടിൽ യാത്ര തുടരുകയാണ്, കുട്ടിയമ്മ വീണ്ടും വിളിച്ചു,
“ഇയാള് ആരാണെന്ന് പറഞ്ഞിട്ട് നടന്നാൽ മതി; അല്ലെങ്കിൽ ഞാനീ കയറ് പൊട്ടിക്കും”
“ഹ ഹ, ഹ ഹ ഹ, ഹ ഹ ഹ ഹ,”
ഉത്തരമായി കേട്ടത് ഉഗ്രൻ പൊട്ടിച്ചിരി ആയിരുന്നു, ചിരിയുടെ ഒടുവിൽ തിരിഞ്ഞുനോക്കാതെ തന്നെ അയാൾ പറഞ്ഞു,
“ഹേ സ്ത്രീയേ, അതൊന്നും അങ്ങനെ പൊട്ടുന്നതല്ല, കർമ്മബന്ധങ്ങളുടെ ബന്ധനമായ പാശമാണത്”
“എന്നാല് ഇയ്യാള് ആരാണെന്ന് പറഞ്ഞിട്ട് നടന്നൂടെ?”

“ഞാൻ കാലൻ,, കുട്ടിയമ്മ എന്ന സ്ത്രീ അല്പസമയം മുൻപ് മരിച്ചു കഴിഞ്ഞു, ഇപ്പോഴുള്ളത് വെറും ആത്മാവാണ്. ആ ആത്മാവിനെ സ്വർഗ്ഗത്തിൽ എത്തിക്കേണ്ട ഡ്യൂട്ടി എനിക്കാണ്”
“എന്റെ കാലാ ഞാനെത്ര കാലമായി മരിക്കാൻ കാത്തിരിക്കുന്ന്; ഇപ്പഴെങ്കിലും നീ വന്നല്ലൊ മോനേ”
                         കുട്ടിയമ്മക്ക് സന്തോഷംകൊണ്ടങ്ങിരിക്കാൻ വയ്യാതായി; ഇപ്പോൾ‌തന്നെ വേദനകളെല്ലാം പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കയാണ്. ഇനി എങ്ങനെയെങ്കിലും സ്വർഗ്ഗത്തിൽ എത്തിയാൽ മതിയായിരുന്നു. സ്വർഗ്ഗമല്ലെ മുന്നിൽ!!! ഹൊ, എന്തൊക്കെ സുഖങ്ങളായിരിക്കും അവിടെ തന്നെ തന്നെയും കാത്തിരിക്കുന്നത്?
‘ദിവസേന ചിക്കൻ ബിരിയാണി തിന്നാം,
പാല് കുടിക്കാം,
ഐസ്‌ക്രീം നുണയാം,
മസാല ദോശ തിന്നാം,
അങ്ങനെയങ്ങനെ,,,,’

                         നടന്ന് നടന്ന് അവർ ഭൂമിയുടെ അറ്റത്ത് എത്തിയപ്പോൾ ഒരു വലിയ മതിൽ. അപ്പുറം പ്രവേശിക്കാനായി ആകെയുള്ള ഒരു ഇരുമ്പ്‌വാതിൽ അവരെ കണ്ടപ്പോൾ തനിയെ തുറന്നു.
അപ്പോൾ കുട്ടിയമ്മ മുന്നിലുള്ള ബോർഡ് വായിച്ചു,
“സ്വർഗ്ഗം”
                         വാതിലിന്റെ ഇടത്തും വലത്തുമായി അനേകം അറിയിപ്പുകൾ, ഒപ്പം ചിലരുടെ പേരുകളും ഉണ്ട്. അതെല്ലാം ഓരോന്നായി കുട്ടിയമ്മ വായിച്ചുകൊണ്ടിരിക്കുമ്പോൾ കാലൻ അവരെ അകത്തേക്ക് വലിച്ചു.
എന്നാൽ,
എത്രതന്നെ ബലം പ്രയോഗിച്ച് വലിച്ചിട്ടും കുട്ടിയമ്മ ഒരിഞ്ച്‌പോലും അകത്തേക്ക് കടന്നില്ല. കാലൻ അകത്തേക്ക് വലിക്കുമ്പോൾ കുട്ടിയമ്മ പുറത്തേക്ക് വലിക്കുന്നു.
അകത്തേക്ക് വലി,,,, പുറത്തേക്ക് വലി,,,
അകത്തേക്ക് വലി,,,, പുറത്തേക്ക് വലി,,,
അകത്തേക്ക് വലി,,,, പുറത്തേക്ക് വലി,,,
ഒടുവിൽ,,,
ദേഷ്യം‌കൊണ്ട് കണ്ണ് കാണാതായ കാലൻ കാര്യമറിയാനായി വാതിലിനടുത്ത് വന്ന് കുട്ടിയമ്മയോട് പറഞ്ഞു,
“അല്ല തള്ളെ,, നാട്ടിലെല്ലാരും സ്വർഗ്ഗത്തിൽ കടക്കാനായിട്ട് കൈക്കൂലിപോലും തരാൻ തയ്യാറാണ്. ഈ തള്ളക്ക് ഫ്രീആയി സ്വർഗ്ഗത്തിലേക്ക് ഒരു വിസ തന്നിട്ടും അകത്ത് കടക്കാതെ എന്നെയും‌കൂടി പൊറത്തേക്ക് വലിക്കുന്നോ?”
“ഏത് സ്വർഗ്ഗമായാലും ഞാനങ്ങോട്ടേക്കില്ല”
“അതെന്താ? തള്ളക്ക് നരകത്തിലെ എരിതീയിൽ കിടന്ന് ഫ്രൈ ആവണോ? ”
“താനെന്നെ ഏത് നരകത്തിലാക്കിയാലും, ഞാനിതിനകത്തേക്കില്ല”
“കാരണം?”
“എന്റെ കാലാ നീയൊന്ന് നോക്കിയാട്ടെ, ഇവിടെ സ്വർഗ്ഗത്തിൽ പ്രവേശനം ലഭിച്ചവരുടെ ലീസ്റ്റ് കാണുന്നില്ലെ?”
“ഉണ്ടല്ലൊ”
“അതിൽ അറുപത്തി ഏഴായിരത്തി മുന്നൂറ്റി എൺപത്തി ഒന്നാമതായി എഴുതിയ പേര് കണ്ടോ?”
“കണ്ടു”
“അതൊന്ന് വായിച്ചെ?”
“സോമശേഖരരാമവർമ്മകുഞ്ഞുമോൻചെട്ടിയാർ,,,”
“അതിയാനെ അറിയുമോ? എന്റെ കെട്ടിയോനാണ്; അഞ്ച് കൊല്ലം മുൻപ് മരിച്ച ആ മനുഷ്യൻ അയാളിവിടെയുണ്ടെങ്കിൽ ഏത് നരകത്തിൽ പോയാലും ഈ സ്വർഗ്ഗത്തിലേക്ക് ഞാനില്ലേ”

18.9.11

സീനിയർമോസ്റ്റ് സിറ്റിസൻ

                                        ബസ്‌യാത്ര ഒരു ദുരിതമായി മറ്റുള്ളവർക്ക് തോന്നാറുണ്ടെങ്കിലും, എന്റെ ബസ് യാത്രകളെല്ലാം എനിക്ക് സന്തോഷകരങ്ങളായ നിമിഷങ്ങളാണ്. ‘ഇരുന്നാലും നിന്നാലും’ ബസ്സിന്റെ അകത്തും പുറത്തുമുള്ള ചുറ്റുപാടുകൾ നിരീക്ഷിച്ച്, മറ്റുള്ളവരുടെ നുണപറച്ചിലിൽ ശ്രദ്ധിച്ച് കൊണ്ട് സമയം പോക്കുന്നതിനാൽ, ‘കീയേണ്ടിടത്ത് എത്തിയിട്ട് കീയാൻ’ മറന്നുപോകുന്ന എന്നോട് ‘ഈട കീഞ്ഞോളീ’ എന്ന് കണ്ടക്റ്റർ പറയുന്നത് കേട്ടാണ് പലപ്പോഴും ഞാൻ കരക്റ്റ് സ്പോട്ടിൽ എത്തിച്ചേരാറുള്ളത്.
പിന്നെ ഒരു പ്രധാന കാര്യം, ബസ്സിൽ കയറിയാൽ മിക്കവാറും ദിവസങ്ങളിൽ ഇരിക്കാനുള്ള ഇരിപ്പിടം എനിക്ക് കിട്ടും,

അതെങ്ങനെയെന്നോ?
ബസ്സിൽ കേരിയ ഉടനെ ‘ഏതെങ്കിലും സീറ്റ് ഒഴിഞ്ഞിട്ടുണ്ടോ’ എന്ന് നോക്കും. അങ്ങനെ ഒഴിഞ്ഞ സീറ്റ്‌കണ്ടാൽ ‘ഏടിയായാലും ഞാങ്കേരി’ ഇരിക്കും.
എന്നാൽ,
ഡ്രൈവറുടെ സീറ്റ് ഒഴിഞ്ഞ്‌, ഇരുന്നാലും, കിടന്നാലും ഞാനൊരിക്കലും അവിടെ കേരിയിരിക്കില്ല. അവിടെ ഇരിക്കുമ്പോൾ എനിക്ക് ‘ബസ്സ്’ ഓടിക്കാൻ തോന്നിയാലോ? ലൈസൻസ് ഇല്ലാത്ത ഞാൻ ബസ്സോടിച്ചാൽ റോഡിലൂടെ ഓടുന്നതിനു പകരം, ബസ് പറമ്പിലൂടെ ഓടിയാലോ?,
പിന്നെ,
വനിതാസംവരണ സീറ്റിലിരിക്കുന്നവരെല്ലാം ‘ശരിക്കും വനിത’ തന്നെയാണോ എന്ന് നോക്കും.
അങ്ങനെ നോക്കുമ്പോൾ,
അവിടെ ഇരിക്കുന്നവരിൽ ഏതെങ്കിലും പുരുഷന്റെ തല ഉണ്ടെങ്കിൽ ‘ആ തലയുടെ ഉടമയെ ബോഡീസഹിതം’ ഒഴിപ്പിച്ച് ആ സീറ്റിൽ ഞാങ്കേരിയിരിക്കും.

എന്നാൽ,
അടുത്ത കാലത്തായി ഞാനൊരു മുതിർന്ന പൌരി ആയി മാറിയതോടെ എനിക്ക് സംവരണസീറ്റുകൾ രണ്ടെണ്ണം വർദ്ധിച്ചു,
അതാണ് ‘സീനിയർ സിറ്റിസൺ സീറ്റ് അഥവാ മുതിർന്ന പൌരർക്കുള്ള ഇരിപ്പിടം’.
സ്ത്രീസംവരണ ഇരിപ്പിടങ്ങൾക്ക് തൊട്ടുപിറകിലായ ഈ ഇരിപ്പിടം കിഴവന്മാർ ആരും ചോദിച്ചില്ലെങ്കിലും കിഴവി ആയഞാൻ ചോദിച്ച് വാങ്ങും.
പലപ്പോഴും,
മൂന്ന് കാലിൽ നടക്കുന്ന പടുകിഴവന്മാർ വനിതാസംവരണ സീറ്റിന് സമീപം വന്ന് മുന്നിലിരിക്കുന്ന അവളുമാരെ നോക്കി നിൽക്കുകയല്ലാതെ തൊട്ടു പിന്നിലുള്ള അവർക്ക് അവകാശപ്പെട്ട സീറ്റിലിരിക്കുന്ന പഞ്ചാരപയ്യന്മാരെ കുടിയൊഴിപ്പിച്ച് അവിടെ കേരിയിരിക്കാൻ ഒരിക്കലും മെനക്കെടാറില്ല.
എന്നാൽ ഞാനെന്റെ ‘ശതമാനം’ ചോദിച്ച് വാങ്ങും.
പക്ഷെ ഒരു കുഴപ്പം ഉണ്ട്, എന്നെക്കണ്ടാൽ ഒരു മുതിർന്ന പൌരി ആയി ആർക്കും തോന്നുകയില്ല. അതുകൊണ്ട് സ്വന്തം ഐഡന്റിറ്റി കാർഡ് എപ്പോഴും ഞാനെന്റെ,,, കൈയിൽ കരുതും.

ഒരു ദിവസം,
കണ്ണൂരിലേക്ക് പോകാനായി ഞാൻ കണ്ണൂരിലേക്ക് പോന്ന ബസ്സിൽ കേരി.
നോക്കിയപ്പോൾ,
ഭാഗ്യം, ബസ്സിൽ ആകെ ഒരു സീറ്റ് മാത്രം ഒഴിഞ്ഞിരിക്കുന്നു. അതാവട്ടെ മുതിർന്ന പൌരന്മാരുടേത്; പെട്ടെന്ന് ഞാനതിൽ ഇരുന്നു.
ഇരുന്നപ്പോൾ,
ഞാനെന്റെ അടുത്തിരിക്കുന്ന ആളെ നോക്കി, ചെക്ക് യൂനിഫോം ധരിച്ച ഒരു പെൺകുട്ടി, +2 ആയിരിക്കണം. ബസ്സിൽ എല്ലാവരും ഇരിക്കുന്നതിനാലും മുതിർന്ന പൌരന്മാർ ആരും മൂന്ന് കാലിൽ നിൽക്കാഞ്ഞതുകൊണ്ടും, ഈ പെൺകുട്ടി ഈ ഇരിപ്പിടത്തിൽ ഇരിക്കുന്നതിൽ ഒരു തെറ്റും ഇല്ലല്ലൊ.
എന്നാൽ,
ഏതെങ്കിലും സീനിയർ സിറ്റിസൺ ബസ്സിൽ കേരിവന്നാൽ എഴുന്നേൽക്കണമെന്ന് ഈ പെൺകുട്ടിക്ക് അറിയോ?
അതെന്താ?
മുകളിൽ പച്ചമലയാളത്തിൽ എഴുതിയിട്ടുണ്ടല്ലൊ; ‘മുതിർന്ന പൌരന്മാരുടെ ഇരിപ്പിടം’.
എങ്കിലും,
അല്പം ഉച്ചത്തിൽ ഞാനൊരു ആത്മഗതം ചെയ്തു, “ഓ, ഇത് സീനിയർ സിറ്റിസണിന്റെ സീറ്റാണല്ലൊ”
എന്നിട്ട്,
അവളെയൊന്ന് ഒളികണ്ണാൽ നോക്കി,
കേട്ടഭാവമില്ല.

അതിനിടയിൽ,
ബസ് ഓടിക്കൊണ്ടേയിരുന്നു, ആളുകൾ കേരുകയും കീയുകയും ചെയ്തുകൊണ്ടേയിരുന്നു.

അങ്ങനെ,
ബസ്സ് നിറഞ്ഞ് കവിയാൻ തുടങ്ങി. ഇടക്ക് ബസ് നിർത്തിയപ്പോഴതാ,
തലയിൽ വെള്ളിക്കമ്പികൾ പാവിയ ഒരു വലിയമ്മൂമ്മ പതുക്കെ ആളുകൾക്കിടയിലൂടെ നുഴഞ്ഞുകയറി ഞാനിരിക്കുന്നതിന് സമീപം മന്ദംമന്ദം വന്ന്‌കൊണ്ടിരിക്കുകയാണ്;
പാവം,
എന്റെ സമീപം വന്നണഞ്ഞപ്പോൾ അവരുടെ നുഴഞ്ഞുകയറ്റം പൂർത്തിയാക്കിയതിനാൽ, മുൻസീറ്റിലെ കമ്പിയിൽ പിടിച്ച് സ്ട്രെയിറ്റ് ഫോർവേഡായി മാറിയിട്ട്, ചുറ്റും വിഹഗവീക്ഷണം നടത്തുകയാണ്.
ഇത് തന്നെ അവസരം,
ഞാനെന്റെ സഹയാത്രികയെ നോക്കിയിട്ട് പറഞ്ഞു,
“ഇത് സീനിയർ സിറ്റിസണിന് റിസേർവ്വ് ചെയ്ത സീറ്റാണ്. പ്രായമുള്ള ആ സ്ത്രീ നിൽക്കുന്നത് നോക്കിയാട്ടെ, കുട്ടി എഴുന്നേറ്റ് അവർക്ക് ഇരിപ്പിടം കൊടുക്ക്”
അവൾ എന്നെ മൈന്റ് ചെയ്തില്ല. ഞാൻ വീണ്ടും ഉച്ചതിൽ പറഞ്ഞു,
നിനക്ക് ചെവി കേൾക്കില്ലെ? പ്രായമായ മുത്തശ്ശിക്ക് ഇരിക്കാൻ സീറ്റ് ഒഴിവാക്കിക്കൊടുക്ക്
അവൾ,
മുഖം ചീനച്ചട്ടിപോലെ കറുപ്പിച്ച്, കണ്ണ് പഴുത്ത കാന്താരിമുളക് പോലെ ചുവപ്പിച്ച്, സിമന്റ്ചാക്ക് പോലുള്ള ബാഗ് നെഞ്ചോടമർത്തി, പതുക്കെ എഴുന്നേറ്റു.
“ങുഹും”,

അവൾ എഴുന്നേറ്റപ്പോൾ എന്റെ തൊട്ടടുത്ത് അവശേഷിച്ച അർദ്ധാസനത്തിൽ ഉപവിഷ്ടയാകാൻ ആ വലിയമ്മൂമ്മയെ ഞാൻ ക്ഷണിച്ചു.
അന്നേരം,
ബസ്സിന്റെ ചാഞ്ചാട്ടത്തിനൊത്ത് ആടിയാടി ഇളകുന്ന ആ ‘സീനിയർമോസ്റ്റ്’ പൌരി എന്നെ മൈന്റ് ചെയ്യാതെ വിളികേൾക്കാത്തമട്ടിൽ അതേ നില തുടരുകയാണ്.
ഞാനവരെ വിളിച്ചു;
അവരെ ഞാൻ തോണ്ടി, തോണ്ടി,,
പിന്നെയും തോണ്ടി,,, വിളിച്ചു,
“ഹെയ്, ഇത് പ്രായമായവർക്ക് ഇരിക്കാനുള്ള സീറ്റാണ്, ഇവിടെയിരിക്ക്”
അവർ എന്നെയൊന്ന് നോക്കിയശേഷം മുഖം തിരിച്ചു, പിന്നെ മൊത്തം യാത്രക്കാർക്ക് കേൾക്കാനായി മൂക്ക് വിടർത്തി പറഞ്ഞു,
“ശ്ശുശ്ഹും,,,, ആര് പറഞ്ഞു എനിക്ക് പ്രായമായെന്ന്? പണ്ടൊക്കെ കണ്ണൂര്‌വരെ ഞാനൊറ്റക്ക് നടന്ന്‌പോയതാ, വേണേങ്കിൽ ഇനിയും ഞാൻ നടക്കും. ബസ്സിൽ പിടിച്ച്‌ ഈടെ നിക്കുന്നതുകൊണ്ട് അനക്ക് കാല്‌കടച്ചലും കൂച്ചലുമൊന്നും ബരൂല്ല, കേട്ടോ,,,”

പിന്നീട്,
ഏതാനും നിമിഷം‌മുൻപ് കുടിയൊഴിപ്പിക്കപ്പെട്ടവളുടെ നോട്ടം കണ്ട് പേടിച്ച്, ഞാനെന്റെ തല,,,
സീറ്റിനടിയിൽ ഒളിപ്പിച്ചു.

20.8.11

പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ

                             പാട്ട് പാടാൻ എനിക്ക് തീരെ അറിയില്ലെങ്കിലും പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. നല്ല നല്ല പാട്ടുകൾ കേട്ടപ്പോൾ ഉണ്ടായ ആവേശം‌മൂത്തപ്പോൾ,,, പാട്ട് പാടാനായി, ഒരിക്കൽ ഞാനൊരു ശ്രമം നടത്തിയിരുന്നതാണ്.
അതൊരു സംഭവം തന്നെ ആയിരുന്നു,,,,,
ടീവിയിലെ റിയാലിറ്റി ഷോകൾ ജനിക്കുന്നതിനു മുൻപ്,,,,,

                            നമ്മുടെ വിദ്യാലയങ്ങളിൽ ‘യുവജനോത്സവം’ (ഇപ്പൊഴെത്തെ പോലെ കലോത്സവമല്ല, ശരിക്കും ‘യുവജന ഉത്സവം’) നടന്നുകൊണ്ടിരിക്കുന്ന കാലം. വിദ്യാർത്ഥികൾ സ്റ്റേജിൽ കയറിയിട്ട് പാടാനും ആടാനും സമ്മാനം വാങ്ങാനും പ്രാപ്തരാക്കുന്നത് ആ വക കാര്യങ്ങളെക്കുറിച്ച്, ‘ഒരു വിവരവും ഇല്ലാത്ത’ ടീച്ചറായ, ഞാനും കൂടിയാണ്. പലപ്പോഴായി കുട്ടികളുടെ ആട്ടവും പാട്ടും, കണ്ടും കേട്ടും ഇരിക്കെ, എന്റെ മനസ്സിൽ പലതരം മോഹങ്ങൾ വളർന്നു. അങ്ങനെ ഒരു ദിവസം,,,
ഞാനൊരു പാട്ട് പാടാൻ തുടങ്ങി.

ഒരു ഞായറാഴ്ച……….
വീട്ടിലെ മറ്റുള്ളവരെല്ലാം അകലെയുള്ള ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയിരിക്കുന്ന നേരം;
വീട്ടിനകത്ത് ഞാൻ മാത്രം;
ഇത്‌തന്നെ പറ്റിയ സമയം;
അകത്ത് കടന്ന ഞാൻ, ജനാലകളും വാതിലുകളും നന്നായി അടച്ചുപൂട്ടി പിന്നീട്, കട്ടിലിൽ‌നിന്നും ഒരു കിടക്കയെടുത്ത് നിലത്ത് വിരിച്ച്, അതിൽ കയറിയിരുന്ന്, കിഴക്കോട്ട് നോക്കി, ഇരു കൈകളും കൂപ്പി,,,
എന്നിട്ട് ഉച്ചത്തിൽ പാടാൻ തുടങ്ങി,
‘പ്രവാഹമേ,,,,,,,, ,,,, ,,, ,, , ഗംഗാ പ്രവാഹമേ,,,,,,,,,,,,,,,’
അവിടെ അല്പനേരം നിർത്തി,,, അടുത്ത വരി ഒഴുകാനായി വായ തുറക്കുമ്പോഴേക്കും വീടിനു വെളിയിൽ എന്തൊക്കെയോ ശബ്ദം,,,
ഞാൻ പാട്ട് നിർത്തിയിട്ട് ശ്രദ്ധിക്കാൻ തുടങ്ങി,
ശബ്ദം കൂടി വരികയാണ്,,, മുറ്റത്തുകൂടി ആരൊക്കെയോ ഓടുന്ന ശബ്ദം,
                           തൽക്കാലം പ്രവാഹം അവിടെ നിർത്തിയിട്ട്, വീട്ടിനകത്ത് ചുറ്റിനടന്ന്, ജനാലയുടെ ഒരു പാളി തുറന്ന് വെളിയിലേക്ക് നോക്കി. ശബ്ദം ഉണ്ടെങ്കിലും പരിസരത്തൊന്നും ആരും ഇല്ലാത്തതിനാൽ ജനാല നന്നായി അടച്ചിട്ട് തിരികെ നടന്നു.

                           വീണ്ടും പ്രവാഹം ഒഴുകിവരാനായി കിടക്കയിൽ ഇരുന്ന്, കൈ രണ്ടും കൂപ്പിയിട്ട് വായ തുറന്നു,
“ഠക്ക്, ഠക്ക്,,, ഠക്ക്, ഠക്ക്, ഠക്ക്,,,,,, ”
വാതിലിൽ ആരൊ മുട്ടുന്ന ശബ്ദം, 
പേടിച്ചു വിറച്ചുകൊണ്ട് എഴുന്നേറ്റ ഞാൻ, മുൻ‌വാതിൽ പതുക്കെ തുറന്നു,
അപ്പോൾ കണ്ട കാഴ്ച!!!!!!!! ,,,
                         ചുവന്ന്‌പഴുത്ത കാന്താരിമുളക് പോലുള്ള കണ്ണുകളുമായി, ഒരു കൈയിൽ പൊട്ടിയ കയർ ഉയർത്തിപിടിച്ച്‌കൊണ്ട്, അതാ,,, അയൽ‌പക്കത്തെ ഭാർഗ്ഗവിയമ്മ; അസ്സൽ ഭദ്രകാളിയുടെ പോസിൽ മുന്നിൽ നിൽക്കുന്നു.
??????
അവർ സ്വന്തം വായ തുറന്ന്, നാക്ക് വെളിയിലേക്ക് നീട്ടി, എനിക്കുനേരെ വെടിവെച്ചു,
“ടീച്ചറെ,,, നിർത്തണം”
“എന്ത്?”
“പാട്ട് നിർത്തണം”
“അത് ഞാൻ,,,”
“ഒന്നും പറയണ്ട, ഈ നിമിഷം മുതൽ നിങ്ങൾ പാട്ട് നിർത്തണം. ഇപ്പോൾ എന്റെ പശു മാത്രമെ കയറ് പൊട്ടിച്ച് ഓടിയിട്ടുള്ളു. പശുക്കളെ വളർത്തുന്ന അനേകം ആളുകൾ നമ്മുടെ നാട്ടിലുണ്ട്”
“അതിന്?”
“അതിനൊന്നും പറയണ്ട, അവരുടെയെല്ലാം പശുക്കൾ കയറു പൊട്ടിച്ചാൽ??? എല്ലാവരുടെയും സ്വഭാവം എന്നെപ്പോലെ നല്ലതായിരിക്കില്ല,,, കേട്ടോ”
പൊട്ടിയ കയറുമായി, അവർ തിരിച്ചു പോയ നിമിഷം‌മുതൽ ഞാനെന്റെ പാട്ട്,,,, നിർത്തി.

31.7.11

മച്ചുനൻ

                  കല്ല്യാണനേരത്ത് കഴുത്തിൽ താലി ചാർത്തിയശേഷം പേരിനൊരു സദ്യയും കഴിച്ച്, അതുവരെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് പൂങ്കണ്ണീര് പൊഴിച്ച്‌കൊണ്ടിരിക്കുന്ന പെണ്ണിന്റെ കൈയുംപിടിച്ച്, മുറ്റത്ത്‌നിന്നും ഇടവഴിയിലേക്ക് കാലെടുത്ത് കുത്തുന്ന നിമിഷം കൂട്ടുകാരോടൊപ്പം അവൻ വരും;
‘മച്ചുനൻ’.
പിന്നെ അവകാശം ചോദിക്കലാണ്,
“എവിടെ, മച്ചുനൻ പണം?”           
                         പെണ്ണിന്റെ കൈയിൽ നിന്നും പിടിവിട്ട വരൻ, പോക്കറ്റ് തപ്പിയിട്ട് ആദ്യമെ കരുതിവെച്ച ഓഹരി അവന് നൽകും. തുടർന്ന് അവർ കൈ പിടിച്ച് കുലുക്കി, നല്ല സുഹൃത്തുക്കളായിട്ട് ‘മച്ചുനിച്ചിയെ’ നന്നായി നോക്കാമെന്നേറ്റ് യാത്രയാവും. ഇങ്ങനെ കൊടുക്കുന്ന പണം, പണ്ട് കാലത്ത് ഒറ്റ നാണയമാണെങ്കിൽ; ഈ ആചാരം ഇന്നും അവശേഷിക്കുന്ന ഇടങ്ങളിൽ നൂറിനു മുകളിൽ കടന്നിരിക്കുന്നു. അതിനാൽ വിവാഹനേരത്ത് ഇത്തരം ആചാരങ്ങളും പണമിടപാടുകളും വേണ്ടായെന്ന് മുൻ‌കൂട്ടി തീരുമാനിക്കാറുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ച് ചില വ്യാജ മച്ചുനന്മാർ വന്ന് ചെക്കനെയും പെണ്ണിനെയും തടഞ്ഞുനിർത്തിയിട്ട് ഇന്നും അവകാശം ചോദിക്കാറുണ്ട്.

                        നമ്മുടെ കണ്ണൂരിലും പരിസരത്തും വിവാഹസമയത്ത് വധുവിന്റെ അവകാശവും പറഞ്ഞ് വരുന്ന മച്ചുനൻ (മച്ചിനിയൻ എന്നും പറയാറുണ്ട്) ഒരുകാലത്ത് വിവാഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു.
ആരാണ് മച്ചുനൻ?
                          ഒരു വ്യക്തിക്ക് അയാളുടെ അമ്മയുടെ സഹോദരന്റെ സന്താനങ്ങളെല്ലാം മച്ചുനനും മച്ചുനത്തിയുമാണ് (മച്ചിനിയൻ, മച്ചിനിച്ചി). അതുപോലെ അച്ഛന്റെ സഹോദരി സന്താനങ്ങളും അയാൾക്ക് മച്ചുനനും മച്ചുനത്തിയും ആണ്;
അതായത് മുറപ്പെണ്ണും മുറചെക്കനും തന്നെ.
                          കണ്ണൂരിൽ അവരെല്ലാം മച്ചുനന്മാർ എന്ന് അറിയപ്പെടുന്നു. നാട്ടിൻ‌പുറത്തെ ചെറുപ്പക്കാർ തമ്മിൽ ‘മച്ചുനാ’ എന്ന് അന്യോന്യം വിളിക്കാറുണ്ടെങ്കിലും ആ വിളിയുടെ പേരിൽ, ‘നിന്റച്ചന്റെ പെങ്ങളാണോ എന്റെ അമ്മ’ എന്നും, എന്റെ പെങ്ങളെ നിനക്ക് കെട്ടിച്ചു തരണോ?’ എന്നും ചോദിച്ച് തല്ലുകൂടാറില്ല.
അതുപോലെ ‘അളിയാ’ എന്ന് വിളിച്ചാലും പ്രശ്നങ്ങളൊന്നും ഉണ്ടാവാറില്ല. (അളിയൻ=Brother-in-Law)

***ഉണ്ണിയാർച്ചയെ അറിയുമോ? നമ്മുടെ ആദ്യത്തെ ഫെമിനിസ്റ്റ്;
സ്വന്തം മച്ചുനൻ ചന്തുവിന്റെ കൂടെ അങ്കംവെട്ടി കളിച്ചിട്ട്, ഒടുവിൽ പണക്കാരനായ കുഞ്ഞിരാമനെ കണ്ടപ്പോൾ കാലുമാറിയ മൂപ്പത്തിയാര്;
കുഞ്ഞിരാമൻ ഉണ്ണിയാർച്ചക്ക് പുടവ കൊടുത്തശേഷം ചുരികത്തഴമ്പാർന്ന ഉണ്ണിക്കൈ പിടിച്ച് വെളിയിലിറങ്ങാൻ നേരത്ത് മച്ചുനന്റെ അവകാശവും ചോദിച്ച് ചന്തു അങ്കം വെട്ടാൻ വന്നു.
‘അവൾ ചന്തുവിന് ഉള്ളതാണ്’ പോലും;
അപ്പോഴേക്കും കുഞ്ഞിരാമൻ എറിഞ്ഞുകൊടുത്ത പണക്കിഴി, രണ്ട് കൈയുംനീട്ടി വാങ്ങിയ ചന്തു,,,, ചതിയൻ ചന്തു ആയി. കിട്ടിയ പണം എണ്ണിനോക്കാതെ ചന്തു തിരിഞ്ഞൊരു നടത്തം,
‘പൊ പുല്ലെ, ഇതുപോലെ എത്രയെണ്ണത്തിനെ പണം കൊടുത്താൽ എനിക്ക് കിട്ടും’
അതായിരിക്കണം മച്ചുനൻ പണത്തിന്റെ ആരംഭം.

                          പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പാതിരാത്രിയിൽ പുഴ നീന്തിക്കടന്ന ചന്തു, കുഞ്ഞിരാമനില്ലാത്ത നേരത്ത് ഉണ്ണിയാർച്ചയുടെ ഉറക്കറയിൽ കടന്നുവന്ന് അവളെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള കഥയും പാണന്മാർചേർന്ന്, ബ്ലോഗിലൂടെയും ട്വിറ്ററിലൂടെയും ഫെയ്സ്‌ബുക്കിലൂടെയും പാടി അനൌൺസ് ചെയ്യാറുണ്ട്.
അത്‌, കേട്ടും കണ്ടും കൊണ്ടും കൊടുത്തും വളരുന്ന കണ്ണുർക്കാർക്കിടയിൽ മച്ചുനന്മാർ, ‘ചതിയൻ ചന്തു’ ആയി ഇപ്പോഴും എപ്പോഴും വാഴുന്നു.

***ഇനി നമുക്ക് സംഭവത്തിലേക്ക് കടക്കാം
                              ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാന സംഭവമാണ് വിവാഹം. അതുവരെ ഒരു പെണ്ണിന്റെയും മുഖത്ത് നോക്കാതെ നാണിച്ച് തലതാഴ്ത്തി നടക്കുന്നവൻ പിന്നീടങ്ങോട്ട് പെണ്ണിനെ മാത്രം നോക്കിയിട്ട് രൂപവും ഭാവവും മാറുന്നത് വിവാഹശേഷമാണല്ലൊ. നമ്മുടെ ഗ്രാമത്തിൽ അങ്ങനെയുള്ള ഒരേഒരു നാണം‌കുണുങ്ങി പയ്യനാണ് ‘കുഞ്ചു’. അച്ചനും അമ്മയും ചേർന്ന് ഇരുപത്തെട്ടാം നാൾ സ്വർണ്ണനൂൽ അരയിൽ‌കെട്ടി അവനെ വിളിച്ച ഒറിജിനൽ പേര് റേഷൻ കാർഡിലും വോട്ടിംഗ് കാർഡിലും പാസ്‌പോർട്ടിലും ആയി പതിഞ്ഞു കിടപ്പുണ്ടെങ്കിലും പത്താം തരം പാസ്സാവാത്ത അവൻ മാത്രമല്ല, നാട്ടുകാരും വീട്ടുകാരും അവന്റെ പേര് മറന്നുപോയി. നാട്ടുകാർക്ക് അവൻ പഞ്ചാരക്കുഞ്ചുവാണ്; അത് ചുരുങ്ങിയിട്ട് ഇപ്പോൾ വെറും ‘കുഞ്ചു’.

                          കുഞ്ചു, നാണിയാണെങ്കിലും ഗൾഫിൽ പോയി പത്ത് പുത്തൻ പണവും ഇത്തിരിപൊന്നും ആയതോടെ അവനോടൊപ്പം അവന്റെ വീടും പച്ചപിടിച്ചു. പുരനിറഞ്ഞ പെങ്ങമ്മാരെയെല്ലാം പുര പൊളിച്ച് പുറത്താക്കിയശേഷം അതേ പുര പുതുക്കിപണിതു. നാടൻ കള്ളിൽ മാത്രം ഒതുങ്ങിക്കൂടിയ പിതാശ്രി വീര്യം കൂട്ടാനായി ബിവറേജസിനു മുന്നിൽ ക്യൂ നിന്ന് നേരം‌കൊല്ലാൻ തുടങ്ങി. മുഷിഞ്ഞ സാരിയും എക്സ്ട്രാസും അണിഞ്ഞ് ഏത്‌നേരത്തും വീട്ടിനകത്ത് ചടഞ്ഞ്‌കൂടിയിരിക്കാറുള്ള മാതാജി പട്ട്സാരിയണിഞ്ഞ് വെളിയിലിറങ്ങി നടക്കാൻ തുടങ്ങി. അങ്ങനെ ഇനിയങ്ങോട്ട് പച്ചപിടിക്കാനായി ഒന്നും ബാക്കിയില്ലെന്ന് തിരിച്ചറിഞ്ഞ കുഞ്ചുവിന്റെ അമ്മയും അച്ഛനും അനിയനും അനിയത്തികൾസും അളിയൻന്മാർസും ചേർന്ന് മൂത്തവനെ കല്ല്യാണം കഴിപ്പിച്ചാലോ എന്ന് ചിന്തിക്കാൻ തുടങ്ങി.

                          അങ്ങനെ ഗൾഫിൽനിന്നും കുഞ്ചുവിന്റെ മഹത്തായ നാലാം വരവിൽ വിവാഹാലോചനകൾക്ക് തുടക്കമിട്ടു. എയർ‌പോർട്ടിൽ നിന്ന് മണ്ണിലേക്ക് കാലെടുത്ത് കുത്തിയ നിമിഷം കുഞ്ചുവിന്റെ മാതാജി പ്രഖ്യാപനം നടത്തി,
“ഇനി പെണ്ണ്‌കെട്ടിയിട്ട് മാത്രം തിരിച്ചു പോയാൽ മതി”
                         വീട്ടിലെത്തിയതിന്റെ മൂന്നാം നാൾ കുഞ്ചു പെണ്ണ്‌കാണൽ യാത്ര ആരംഭിച്ചു. അച്ഛനും അമ്മയും‌ചേർന്ന് ആദ്യമേ കണ്ടുവെച്ച പെണ്ണിൽ പലതിനെയും അവൻ ഇഷ്ടപ്പെട്ടില്ല. ചിലത് അവന് നന്നായി ഇഷ്ടപ്പെട്ടെങ്കിലും ആ പെണ്ണിനൊന്നും അവനെ പിടിച്ചില്ല. പലപല പെണ്ണ്‌കാണൽ ചടങ്ങുകൾ കഴിഞ്ഞപ്പോൾ കൂടെ പോയവരുടെ ആരോഗ്യം വർദ്ധിച്ച് കൊണ്ടേയിരുന്നതല്ലാതെ പെണ്ണിന്റെ കാര്യത്തിൽ തീരുമാനമൊന്നും ആയില്ല.                            
                         പിന്നീടങ്ങോട്ട് കുഞ്ചു കാണുന്ന പെണ്ണിൽ ചിലരെ അവൻ ഇഷ്ടപ്പെടും, എന്നാലോ? പെങ്ങൾക്ക് ഇഷ്ടപ്പെടില്ല. അടുത്തത് പെങ്ങൾ ഇഷ്ടപ്പെടും; എന്നാൽ ആ പെണ്ണിനെ അനുജൻ ഇഷ്ടപ്പെടില്ല. പിന്നെ അനിയനും പെങ്ങളും ഇഷ്ടപ്പെട്ട പെണ്ണായിരിക്കും; അപ്പോൾ അളിയൻ ഇഷ്ടപ്പെട്ടില്ലെന്ന് വരാം. അങ്ങനെ കുഞ്ചു പെണ്ണ് കെട്ടാൻ കൊതിച്ചുകൊണ്ട്, വധുവിനു വേണ്ടിയുള്ള അന്വേഷണം തുടർന്നു. ബ്യൂറോയും ബ്രോക്കറും ഒത്ത്‌വന്നാലും ആരെങ്കിലും തരികിട ആവും. ഒടുവിൽ ബന്ധുക്കളെയും കൂട്ടി പെണ്ണിനെ കാണാൻ പോയാൽ തനിക്ക് വിലകൂടിയ കെട്ടാചരക്കായി ജീവിതം തള്ളിനീക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെ പെണ്ണുകാണാൻ പോകുമ്പോൾ ബന്ധുക്കളെ ഒഴിവാക്കാൻ തുടങ്ങി. പകരം സുഹൃത്തുക്കളെ റിക്രൂട്ട് ചെയ്തു.

ഒരു ഞായറാഴ്ച,
                         കുഞ്ചുവും നാല് സുഹൃത്തുക്കളും അല്പം അകലെയുള്ള ഗ്രാമപ്രദേശത്ത് കൂട്ടത്തിൽ ഒരാളായ അജിത്തിന്റെ സ്വന്തം ടാക്സിയിൽ പെണ്ണ് കാണാൻ യാത്ര ആരംഭിച്ചു. പാസ്‌പോർട്ട് എടുത്ത് വെച്ച് വിസ വരാനായി കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ കുത്തകയാണ് ഇത്തരം പെണ്ണ് കാണൽ യാത്രകൾ. പഠിപ്പും ഉദ്യോഗവും നിർബന്ധം ഇല്ലെങ്കിലും സുന്ദരിയായ സുശീലയായ പണക്കാരിയായ ഒരു പെണ്ണിനെ കണ്ടുപിടിക്കുന്നത് വരെ അവരുടെ പെണ്ണ്‌കാണൽ യാത്രകൾ തുടരും. അതുപോലുള്ള ഇത്തിരി ആഗ്രഹങ്ങൾ മനസ്സിലൊളിപ്പിച്ചാണ് നമ്മുടെ കുഞ്ചു വിവാഹത്തെപറ്റി ചിന്തിച്ചത്. കല്ല്യാണപ്രായമായ യുവതികളുടെ അഡ്രസ് കണ്ടെത്തിയിട്ടാണ് യാത്രകൾ.

                         അങ്ങനെയാണ് അവർ അഞ്ചംഗസംഘം ഒരു വീട്ടിൽ കയറിയത്; അവിടെ ആരുടെയോ വധു ആവേണ്ട ഒരുത്തി ഉണ്ട്. ഗൃഹനാഥൻ അവരെ സ്വീകരിച്ചിരുത്തിയിട്ട് കാര്യങ്ങൾ സംസാരിച്ച് പരിചയപ്പെട്ടശേഷം അകത്തേക്ക് ഒറ്റ പോക്ക്. ഇതുകണ്ട് കൂടെയുള്ള പാച്ചുവിന് ഒരു സംശയം,
“എടാ അയാളുടെ പോക്കത്ര ശരിയല്ലല്ലൊ,,, തോക്കെടുക്കാൻ ഓടിയതാണോ?”
“മിണ്ടാതിരിയെടാ, അതാ പെണ്ണ് ചായയും കൊണ്ട് വരുന്നുണ്ട്”
                          അപ്പൊഴെക്കും പൂക്കളാൽ അലങ്കരിച്ച് ഒരു ട്രെയിൽ ചായ നിറച്ച ഗ്ലാസ്സ് അടുക്കിവെച്ച് ഒരു സർക്കസ് കാരിയെപോലെ അവൾ മന്ദംമന്ദം നടന്ന് വരാന്തയിലേക്ക് പ്രവേശിച്ചു. പത്ത് കണ്ണുകൾ തന്നെ നോക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അവൾ ആരെയും ശ്രദ്ധിച്ചില്ല. മേശപ്പുറത്ത് വെച്ച ട്രെയിൽ നിന്നും ഒരു ഗ്ലാസ് ചായ വലതുകൈകൊണ്ട് എടുത്ത്, അഞ്ചുപേരുടെ ഇടയിൽ ഇരിക്കുന്ന ‘രണ്ട് മക്കളുടെ തന്തയാണെങ്കിലും’ കൂട്ടത്തിൽ സുന്ദരനും ചെറുപ്പക്കാരനും ആയ, ഡ്രൈവർ അജിത്തിന് നൽകിയപ്പോൾ എല്ലാവരും ഞെട്ടി. ആ ഞെട്ടൽ വിട്ടുമാറുന്നതിന്‌മുൻപ് അവൾ അപ്രത്യക്ഷമായി.
മകൾ അകത്ത് പോയനിമിഷം വെളിയിൽ വന്ന അച്ഛനെ, ചായഗ്ലാസ്‌ഏന്തിയ അജിത്ത് ദയനീയമായി ഒന്ന് നോക്കി. അപ്പോൾ അച്ഛന്റെ ചോദ്യം,
“എന്റെ മകളെങ്ങനെയുണ്ട്? നിങ്ങളെന്താ അവളോടൊന്നും പറയാഞ്ഞത്?”
“അത് കല്ല്യാണം വേണ്ടത് എനിക്കല്ല, ഈ ഇരിക്കുന്ന കുഞ്ചുവിനാണ്”
കുഞ്ചുവിനെ ചൂണ്ടിയിട്ട് അജിത്ത് പറഞ്ഞപ്പോൾ ആ മനുഷ്യന്റെ മുഖം അസ്സൽ ഇഞ്ചി കടിച്ചതുപോലായി,
“നിങ്ങൾ കുറേപ്പേര് ഒരുമിച്ച് ഇവിടെ വന്നാൽ എന്റെ മോൾക്ക് ആകെ സംശയമാവില്ലെ? ആർക്കാണ് വിവാഹം വേണ്ടതെന്ന് ആദ്യമേ പറയണ്ടെ?”
മകൾക്ക് മാത്രമല്ല, മകളുടെ അച്ഛനും സംശയം തീർന്നിട്ടില്ല. എല്ലാവരെയും പരിചയപ്പെട്ടു എന്നല്ലാതെ ആർക്കാണ് കല്ല്യാണം എന്ന് ചോദിക്കാൻ വിട്ടുപോയി.
“അതിന് പറഞ്ഞുകൊടുക്കാൻ അവളെ നേരാംവണ്ണം ഒന്ന് കാണണ്ടെ?”
പാച്ചുവിന്റെ പരാതി കേട്ട പിതാവ് മകളെ വിളിച്ചെങ്കിലും പിന്നീട് അവൾ വെളിയിലേക്ക് വന്നില്ല. ആദ്യം അമളി പറ്റി, ഇനിയങ്ങോട്ട് അമളി പിണയാതിരിക്കാനായി അവൾ തല വെളിയിൽ കാണിച്ചില്ല.
ചായകുടിച്ച് ജാതക കുറിപ്പിന്റെ ഫോട്ടൊസ്റ്റാറ്റും വാങ്ങിയിയിട്ട് ‘പിന്നെ കാണാം’ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് തിരിച്ച് കാറിൽ കയറിയപ്പോൾ കുഞ്ചു പ്രഖ്യാപിച്ചു,
“ഇനി പെണ്ണ്‌കാണാൻ പോകുന്ന വീട്ടിൽ അജിത്തിനെ കയറ്റില്ല, കാറിൽ ഇരുന്നാൽ മതി”

                              പിന്നിട് പോയത് അമ്മയും രണ്ട് മക്കളും മാത്രമുള്ള ഒരു വീട്ടിലാണ്, ചെറിയ കുടുംബം സന്തുഷ്ട കുടുംബം. ഭർത്താവിന്റെ മരണത്തോടെ ഗൃഹഭരണം പൂർണ്ണമായി ഏറ്റെടുത്ത ആ അമ്മയുടെ മൂത്തമകളെയാണ് കുഞ്ചു രണ്ടാമതായി കാണാൻ പോയത്. കൊച്ചുവീടാണെങ്കിലും അതിന്റെ അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും ചേർന്ന്, പെണ്ണ് കാണാൻ വന്നവരെ ആശ്ചര്യപ്പെടുത്തി. അവർ പതുക്കെ വരാന്തയിൽ കയറിയിട്ട് കോളിംഗ് ബെൽ ക്ലിക്ക് ചെയ്തപ്പോൾ ഉള്ളിലെവിടെയോ നിന്ന് ഒരു കിളി ചിലച്ചു. ഒപ്പം പ്രായമുള്ള ഒരു സ്ത്രീ വെളിയിൽ വന്ന് അവരോട് ചോദിച്ചു, “നിങ്ങൾ ആ രാഗിണിയമ്മ പറഞ്ഞ ആളാണോ?”
“രാഗിണിയമ്മയോ? അതാരാ?”
“അത് ഇന്നൊരു കൂട്ടർ മോളെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. അപ്പോൾ നിങ്ങൾ?”
“ഞങ്ങൾ വന്നത് ഈ കുഞ്ചുവിന്‌വേണ്ടി പെണ്ണ് കാണാനാണ്. ഇവിടെ ഒരു കുട്ടിയുണ്ടെന്ന് അറിയാൻ കഴിഞ്ഞു, മകളിവിടെ ഇല്ലെ?”
പെണ്ണിന്റെ അഡ്രസ്സ് പറഞ്ഞത് ആരാണെന്ന്, അവരോട് പറഞ്ഞില്ല.
“ഒരു മാസം‌മുൻപ് അവൾക്ക് വില്ലേജാപ്പീസിൽ ക്ലാർക്കായി ജോലികിട്ടി, ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ഇവിടെയുണ്ട്. ഞാൻ വിളിക്കാം”
അവർ മകളെ വിളിക്കാൻ അകത്തേക്ക് പോയി. അഞ്ചാമൻ അജിത്തിനെ വണ്ടിയിൽ തന്നെ ഇരുത്തിയതിനാൽ കുഞ്ചു ഒഴികെയുള്ള മൂന്ന്‌പേർ പരിസരനിരീക്ഷണത്തിനായി മുറ്റത്തും തൊട്ടടുത്ത കിണറ്റിൻ കരയിലും കറങ്ങാൻ തുടങ്ങി. ഭാവിയിൽ ഈ വീടും വീട്ടുകാരും തന്റെ ഭരണത്തിൻ കീഴിൽ വരുമല്ലൊ എന്നോർത്ത് പെണ്ണിനെ കാണേണ്ടവൻ വരാന്തയിൽ തന്നെ ഇരിപ്പാണ്. അകത്ത് തട്ടലും മുട്ടലും കേൾക്കാം, പെട്ടെന്ന് ചായ ഉണ്ടാക്കിയിട്ട് അണിഞ്ഞൊരുങ്ങാൻസമയം വേണമല്ലൊ.

അപ്പോൾ ഉള്ളിൽ നിന്നൊരു കിളിമൊഴി,
“അമ്മെ ആരാണ്? ആരായാലും ഈ വേഷത്തിൽതന്നെ ഞാൻ പുറത്തിറങ്ങും”
പെണ്ണിന്റെ ശബ്ദമാവാം. അപ്പോൾ അമ്മയുടെ ഡയലോഗ്,
“നീ മാക്സിയിൽ‌തന്നെ വെളിയിലിറങ്ങിയാലും എനിക്കൊന്നുമില്ല, ഇത്രേം കാലം ഇവനൊക്കെ എവിടായിരുന്നു? ഇപ്പം ഒരു ജോലിയായി ശമ്പളം വാങ്ങുന്നു എന്നറിയുമ്പോൾ എത്രയെണ്ണത്തിനെയാ കെട്ടിയെടുക്കുന്നത്”
കൂടുതൽ കേൾക്കുന്നതിന് മുൻപ് കുഞ്ചു ഇറങ്ങി നടക്കുന്നത് കണ്ട് പിന്നാലെ മറ്റുള്ളവരും ഒപ്പമെത്തി,
“അല്ല നീയെങ്ങോട്ടാ? പെണ്ണിനെ കാണണ്ടെ?”
“ഇതൊന്നും ശരിയാവില്ല, കല്ല്യാണം കഴിക്കുന്നതിന് മുൻപെ ഈ ഭദ്രകാളിത്തള്ള ഇങ്ങനെയാണെങ്കിൽ കഴിഞ്ഞാൽ എങ്ങനെയായിരിക്കും? നിങ്ങള് വാടാ”
ഇടവഴിയിൽ നിർത്തിയ കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും ആ വീട്ടിനകത്തുനിന്ന് ആ‍രും വെളിയിൽ വന്നില്ല.

നേരെ പോയത് അല്പം അകലെയുള്ള മൂന്നാമത്തെ വീട്ടിൽ.
                          വണ്ടി തുറന്ന ഗെയ്റ്റ്‌കടന്ന് വീട്ടുമുറ്റത്ത് എത്തിയപ്പോൾ കണ്ടു, വരാന്തയിലിരുന്ന് ഒരു പത്താം ക്ലാസ്സുകാരൻ പയ്യൻ പത്രം വായിക്കുന്നു. നാല് യുവാക്കൾ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോൾ അവൻ പതുക്കെ എഴുന്നേറ്റ് അവരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു,
“അങ്കിളും മാമിയും ഇവിടെയില്ല, ഞാൻ ചേച്ചീനെ വിളിക്കാം”
വീടും അന്തരീക്ഷവും കണ്ടപ്പോൾ കുഞ്ചുവിന്റെ മുഖം തെളിഞ്ഞു, വലിയ ബിസിനസ് കാരാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.    
                       നിമിഷങ്ങൾ ഓരോന്നായി കഴിഞ്ഞു. ചേച്ചിയും ഇല്ല, വിളിക്കാൻ പോയവനെയും കാണാനില്ല. അങ്ങനെ ചിന്തിച്ച് നിൽക്കെ അകത്തുനിന്നും ഒരു ചൂരീദാർ അണിഞ്ഞ സുന്ദരിയായ പെൺ‌കുട്ടി രംഗപ്രവേശനം ചെയ്തു, ഒപ്പം ആ പയ്യനും ഉണ്ട്.
“അച്ഛനും അമ്മയും ഇവിടെയില്ല”
“അതൊന്നും സാരമില്ല, നമ്മൾ കുസുമശ്രീയെ പെണ്ണ്‌കാണാൻ വന്നതാണ്; ഇയാളാണ് വരൻ”
“കുസുമശ്രീ ഞാൻ തന്നെയാ, എല്ലാവരും ഇരിക്ക്, കാപ്പി എടുക്കട്ടെ”
                         അവൾ അകത്തേക്ക് പോയപ്പോൾ കൂടെയുള്ള പയ്യൻ എല്ലാവരെയും സ്വീകരണമുറിയിലേക്ക് ആനയിച്ചു. വളരെ നല്ല വലിയൊരു വീട്, നല്ല ചുറ്റുപാടുകൾ; ഇതോടുകൂടി കുഞ്ചുവിന്റെ പെണ്ണന്വേഷണം ലക്ഷ്യത്തിലെത്തിയതായി എല്ലാവർക്കും തോന്നി. മുറിയിലെ അലങ്കാരങ്ങൾ ഓരോന്നായി നോക്കിയിരിക്കെ കൂടെയുള്ളവനോട് വീട്ടുകാര്യങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി. അമ്മാവനെ കാണാനായി അവൻ രാവിലെതന്നെ വന്നപ്പോഴേക്കും അവർ ബാങ്കിലേക്ക് പോയതുകൊണ്ട് ഇവിടെയിരിക്കുകയാണ്. വീട്ടിലെ രഹസ്യങ്ങൾ പരമാവധി ചോർത്തിയെടുക്കാൻ പരിശ്രമിച്ചെങ്കിലും കുഞ്ചുവിന് കാര്യമായി ഒന്നും ലഭിച്ചില്ല.
                         പെണ്ണ് ചായയുമായി എത്തിചേർന്നപ്പോൾ മറ്റുള്ളവർ ചായകുടിച്ച് വെളിയിലേക്കിറങ്ങി. ആ നേരത്ത് കുഞ്ചുവിന് പലതും സംസാരിക്കാൻ കാണുമല്ലൊ; അങ്ങനെ കാര്യങ്ങളെല്ലാം പറഞ്ഞ്, തിരിച്ചുപോകാൻ നേരത്താണ് പെണ്ണിന്റെ അച്ഛനും അമ്മയും കാറിൽ വന്നിറങ്ങിയത്. അതോടെ അവരുമായി പരിചയപ്പെട്ട് ജാതകക്കുറിപ്പുകളൊക്കെ വാങ്ങി, ‘ഇനിയും വിളിക്കാം കാണാം’ എന്ന് ഉറപ്പ് നൽകിയിട്ട് പിരിഞ്ഞു.

                         തിരികെ കാറിൽ കയറിയപ്പോൾ എല്ലാവർക്കും പതിവിൽ കവിഞ്ഞ ആഹ്ലാദം; ഇത് ഏതാണ്ട് ഉറച്ച മട്ടാണ്. കുഞ്ചുവിന് പെണ്ണിനെയും പെണ്ണിന് കുഞ്ചുവിനെയും ഇഷ്ടപ്പെട്ടിരിക്കുന്നു. അങ്ങനെ വീട്ടിലേക്ക യാത്ര ചെയ്യവെ പെട്ടെന്ന് അവൻ പറയാൻ തുടങ്ങി,
“നിർത്ത്, നിർത്ത്; ഇത് ശരിയാവില്ല, ഈ പെണ്ണ് വേണ്ട”
“മിണ്ടാതിരുന്നോളണം, അവിടെപോയി അവർക്ക് ഉറപ്പും കൊടുത്തിട്ട്; നീയെന്നാടാ കുറ്റം കണ്ടുപിടിച്ചത്?”
“അത് ആ പയ്യനില്ലെ അവളുടെ മച്ചുനൻ,,,”
“നമ്മൾ ആ വീട്ടിൽ എത്തുമ്പോൾ ആ മച്ചുനനും പെണ്ണും മാത്രമല്ലെ ആ വീട്ടിലുണ്ടായത്”
 “അവൻ പത്താം‌തരം പഠിക്കുന്നവനല്ലെ?”
“എന്നാലും അവൾ അവന്റെ മുറപ്പെണ്ണല്ലെ?”
“എന്റെ ദൈവമേ,,, നീയെന്താടാ ഉദ്ദേശിക്കുന്നത്?
“ഈ പെണ്ണിനെ എനിക്ക് വേണ്ട, പകലാണെങ്കിലും മച്ചുനന്റെ കൂടെ വീട്ടിൽ ഒറ്റക്ക് ഒരു പെണ്ണ്”
“അത്,,,,,”
കുഞ്ചുവിനെ വീട്ടിലിറക്കി തിരിച്ചുപോരുമ്പോൾ മറ്റുള്ളവർ പറഞ്ഞു,
“എടാ നീ ഒരു കാലത്തും പെണ്ണ് കെട്ടില്ല; അതുകൊണ്ട്, ഇനി പെണ്ണ് കാണാൻ പോകണ്ട”