15.9.09

22. നാരായണീയം ഹരിശ്രീ

ഒന്നാം തരത്തിലെ ഒന്നാം പാഠം
                        ഡി. പി. ഇ. പി. നമ്മുടെ നാട്ടില്‍ കാലെടുത്ത് കുത്തുന്നതിനു മുന്‍പാണ് സംഭവം നടക്കുന്നത്. നമ്മുടെ പഞ്ചായത്തിലെ മാതൃകാ അദ്ധ്യാപക ദമ്പതികളാണ് ‘ശ്രീമാന്‍ നാരായണന്‍ മാസ്റ്റരും‘,  ‘ശ്രീമതി നാരായണി ടീച്ചറും‘. അവരുടെ മാതൃകാ ഭവനമാണ് നാരായണീയം. നാരായണന്‍ മാസ്റ്റര്‍ പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള എല്‍. പി. സ്ക്കൂളില്‍ ജോലി ചെയ്യുമ്പോള്‍; നാരായണി ടീച്ചര്‍ പഞ്ചായത്തിന്റെ വടക്കെ അറ്റത്തുള്ള എല്‍. പി. സ്ക്കൂളില്‍ ജോലി ചെയ്യുന്നു. രണ്ടുപേരും പഠിപ്പിക്കുന്നത് ഒന്നാം ക്ലാസ്സില്‍.

                     നമ്മുടെ പഞ്ചായത്തിലെ; കള്ളനും പോലീസും, ഡോക്റ്ററും രോഗിയും, പണക്കാരനും പാവപ്പെട്ടവനും, മുതലാളിയും തൊഴിലാളിയും, സ്ത്രീയും പുരുഷനും, ആയി ജീവിക്കുന്ന വലിയൊരു വിഭാഗത്തിന്റെ വിരല്‍ പിടിച്ച് ആദ്യാക്ഷരം എഴുതിച്ചത് ഈ നാരായണീയ ദമ്പതികള്‍ ആയിരിക്കും. നാട്ടിലെ എല്ലാകുട്ടികളും നാരായണന്‍ മാസ്റ്ററുടെയും നാരായണി ടീച്ചറുടെയും സ്വന്തം മക്കളായതിനാല്‍ അവര്‍ക്ക് വേറെ മക്കളില്ല. അന്‍പതാം പിറന്നാള്‍ പൂര്‍ത്തിയാക്കി റിട്ടയര്‍മെന്റ് യാത്രയയപ്പ് പ്രതീക്ഷിച്ചിരിക്കുന്ന അവര്‍ക്ക്, ജീവിതത്തില്‍ ഇനിയൊരു വസന്തം വന്ന്, തളിര്‍ക്കുമെന്നോ പൂക്കുമെന്നോ കായ്ക്കുമെന്നോ പ്രതീക്ഷയില്ല.

 ...
                              അഞ്ച് വയസ്സായ കുട്ടികള്‍ അക്ഷരം കുറിക്കുന്നത് ഹരിശ്രീ പഠിച്ചിട്ടാണ്. സ്ക്കൂളിന്റെ ചാണകം മെഴുകിയ തറയില്‍ വെളുത്ത പൂഴി നിരത്തിയ ശേഷം ഒന്നാം തരക്കാരന്റെ ഓമനവിരല്‍ പിടിച്ച് അവര്‍ ആദ്യമായി എഴുതിക്കും ‘ഹരി’. രണ്ടാമത് എഴുതിക്കും ‘ശ്രീ’. അങ്ങനെ അതിവിശാലമായ ഒരു കൊല്ലം കഴിയുമ്പോള്‍ കുട്ടികള്‍ എല്ലാ അക്ഷരങ്ങളും വെള്ളം‌പോലെ പഠിച്ചിരിക്കും.

.
 വീട്ടുമുറ്റത്തും പറമ്പിലും ഓടിക്കളിക്കാന്‍ ഒരു ‘കുഞ്ഞിക്കാല് കാണാന്‍ ‘ ഭാഗ്യം ഇല്ലെങ്കിലും ആ വിഷമം അവര്‍ ഒരിക്കലും കാണിച്ചില്ല. ഇക്കാര്യം പറഞ്ഞ് അവര്‍ അന്യോന്യം കുറ്റപ്പെടുത്തിയില്ല.  മാഷിന്റെ കുട്ടി ടീച്ചര്‍, ടീച്ചറുടെ കുട്ടി മാസ്റ്റര്‍.

                     വീട്ടുജോലികളെല്ലാം ടീച്ചറുടെ മാത്രം കുത്തകയാണ്. ചിലപ്പോള്‍ അടുക്കളയില്‍ വന്ന് മാസ്റ്റര്‍ സഹായിച്ചു എന്ന് വരാം. തേങ്ങ ചിരണ്ടുക, കറിക്ക് മുറിക്കുക, കിണറ്റില്‍ നിന്നും വെള്ളം വലിക്കുക ആദിയായ ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്നതോടൊപ്പം സ്വന്തം സ്ക്കൂളുകളിലെ പ്രാദേശികവും ദേശീയവും അന്തര്‍‌ദേശീയവുമായ നുണകളെല്ലാം അന്യോന്യം കൈമാറും.  സോഷ്യലിസവും ഫെമിനിസവും എന്താണെന്ന് അവര്‍ക്ക് രണ്ടാള്‍ക്കും അറിയില്ല.

.
 സ്ക്കൂള്‍‌വിട്ട് ആദ്യം വരുന്ന ആള്‍ വീട് തുറക്കും. അത് ടീച്ചറാണെങ്കില്‍ വാതില്‍ തുറന്ന് അടുക്കളയില്‍ പോകും. ഒരു ഗ്ലാസ്സ് ചൂട് ചായയുമായി, പിന്നീട് വരുന്ന കണവനെ, വിടര്‍ന്ന പുഞ്ചിരിയുമായി  എതിരേല്‍ക്കും.

                             ആദ്യം വരുന്നത് മാസ്റ്ററാണെങ്കിലോ? വാതില്‍ തുറന്ന ശേഷം രാവിലെ പകുതി വായിച്ച് മടക്കി വെച്ച പത്രവും എടുത്ത്, ചാരുകസാലയില്‍ കാലും നീട്ടിയിരുന്ന് പത്രം വായിക്കും. രണ്ടാമതു വരുന്ന ടീച്ചര്‍ അടുക്കളയില്‍ പോയി, ഏതാനും മിനുട്ട് കഴിഞ്ഞ് ആവി പറക്കുന്ന ചായയുമായി വരുന്നതുവരെ അദ്ദേഹത്തിന്റെ പത്രപാരായണം തുടരും. ഈ പതിവിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റങ്ങള്‍ വന്നില്ല. അങ്ങനെ വരാനുള്ള ഘടകങ്ങളൊന്നും അവര്‍ക്കിടയില്‍ ഉണ്ടായില്ല.

.
                     അങ്ങനെയിരിക്കെ ഒരു അക്കാദമിക്ക് വര്‍ഷാവസാനം ആവാറായപ്പോള്‍, ഏതാനും ദിവസമായി നാരായണി ടീച്ചര്‍ക്ക് ഒരു മൌനം. അവരുടെ ഒന്നാം ക്ലാസ്സിലെ തലയില്‍ പലതരം ചിന്തകള്‍ കടന്നു പുകയാന്‍ തുടങ്ങി. ‘ഈ ലോകത്തെപറ്റി ഒന്നും അറിയാത്ത ഞാന്‍ എത്ര വിഡ്ഡിയാണ്?’. താനും ഒരു മനുഷ്യനാണെന്ന്, ഇപ്പോഴാണ് അവര്‍ക്ക് തോന്നാന്‍ തുടങ്ങിയത്. അപ്പോള്‍ മാഷും ടീച്ചറും തുല്ല്യരല്ലെ. സ്ക്കൂളില്‍ എത്തിയാല്‍ റജിസ്റ്ററില്‍ രണ്ട്‌പേരും ടീച്ചര്‍ തന്നെയാണല്ലോ. പിന്നെ സ്ത്രീകളുടെ മാത്രം കുത്തകയാണ് പ്രസവം. അക്കാര്യം അവര്‍ക്ക് രണ്ടാള്‍ക്കും ഒരുപോലെ കഴിഞ്ഞിട്ടില്ല. 

 .
                        ഒരു ചൊവ്വാഴ്ച വൈകുന്നേരം, അല്പം വൈകിയിട്ടാണ് മാസ്റ്റര്‍ വരുന്നത്. വീടിന്റെ നട കയറി നാരായണിയുടെ ചൂട് ചായയുടെ ഓര്‍മ്മയില്‍ ഒരു മൂളിപ്പാട്ടും പാടി മുറ്റത്ത് കാലെടുത്ത് വെച്ച മാഷ്, ജീവിതത്തില്‍ ആദ്യമായി ഒരു കാഴ്ചകണ്ട് ഞെട്ടി. വീട് മാറിപ്പോയോ; ഇല്ല, തന്റെ സ്വന്തം വീട് തന്നെ ‘നാരായണീയം’. അദ്ദേഹം കണ്ണട മാറ്റി കണ്ണ് തുടച്ച്, ഒന്ന് കൂടി ആ കാഴ്ച നോക്കി.

‘വീടിന്റെ വരാന്തയില്‍, താന്‍ ഇത്രയും ദിവസം ഇരുന്ന ചാരുകസാലയില്‍, നാരായണിടീച്ചര്‍ രണ്ടുകാലും നീട്ടിയിരുന്ന് പത്രം വായിക്കുന്നു’.

തന്നെകാണുമ്പോള്‍ എഴുന്നേറ്റ് ബഹുമാനിക്കന്ന തന്റെ മുന്നില്‍ ഒന്നിരിക്കാന്‍‌പോലും മടികാണിക്കുന്ന അവളാണ്, ഒന്നും അറിയാത്ത മട്ടില്‍ നിവര്‍ന്നിരിക്കുന്നത്!

 .
 മാസ്റ്റര്‍ പതുക്കെ വരാന്തയില്‍ കയറി. അവള്‍ക്ക് ഒരു മാറ്റവും ഇല്ല; പത്രത്തില്‍ തലതാഴ്ത്തി വായിക്കുകയാണ്.

“അല്ല, ഇന്നെന്തുപറ്റി; ചായയൊന്നും ഇല്ലെ?” മാസ്റ്റര്‍ ചോദിച്ചു.

“എന്താ എല്ലാ ദിവസവും ഞാനല്ലെ ചായ വെക്കുന്നത്, ഇന്ന് നിങ്ങള്‍ ചായ വെച്ചാല്‍ മതി” പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ, പെട്ടെന്ന് തന്നെ ടീച്ചറുടെ മറുപടി വന്നു.

 “അതെങ്ങനെയാ പെണ്ണായ നീ ഉള്ളപ്പോള്‍ ആണായ ഞാന്‍ ചായ വെക്കുന്നത്?” മാസ്റ്റര്‍ അല്പം ദേഷ്യത്തോടെ ചോദിച്ചു.

“നിങ്ങള്‍ ആണും ഞാന്‍ പെണ്ണും ആയിരിക്കാം. എന്നാല്‍ ഒരേ ജോലി ചെയ്ത് ഒരേ ശമ്പളമല്ലെ വാങ്ങുന്നത്. പിന്നെ വീട്ടില്‍ മാത്രം എന്തിനീ വിവേചനം” ടീച്ചര്‍ ദേഷ്യത്തോടെ പറഞ്ഞു.

 അപ്പോള്‍ ഇവളുടെ തലയില്‍ ഏതോ ഒരു പിശാചിന്റെ ഉപദേശം കയറിയിട്ടുണ്ട്. അതാണ് ശബ്ദത്തിനും സംസാരരീതിക്കും സ്വഭാവത്തിനും ഒരു മാറ്റം വന്നത്. ജീവിതത്തിന്റെ താളം തെറ്റുകയാണോ?

മാസ്റ്റര്‍ ചോദിച്ചു “ഞാന്‍ ചെയ്യുന്നതെല്ലാം നിനക്ക് ചെയ്യാന്‍ കഴിയുമോ?”.

 “എന്താ, നിങ്ങള്‍ പഠിപ്പിക്കുന്നതു പോലെതന്നെ ഞാനും ഹരിശ്രീ പഠിപ്പിക്കുന്നുണ്ടല്ലോ” ടീച്ചര്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ല.

“എന്നാല്‍ ഞാന്‍ എഴുതുന്നതു പോലെ ‘ഹരിശ്രീ‘ എന്ന് നീയും എഴുതിയാല്‍ ഇനി മുതല്‍ വീട്ടിലെ എല്ലാ ജോലികളും നമുക്ക് തുല്ല്യമായി ചെയ്യാം” ഇതും പറഞ്ഞ് നാരായണന്‍ മാസ്റ്റര്‍ വീടിന്റെ മുറ്റത്ത് ‘ഹരി’ എന്ന ആദ്യാക്ഷര ആകൃതിയില്‍ മൂത്രമൊഴിച്ചു.

തുടര്‍ന്ന് ഭാര്യയെ നോക്കി പറഞ്ഞു, “ഹരി എന്ന് ഞാന്‍ എഴുതി, അതിന്റെ ബാക്കി ‘ശ്രീ’ എന്ന് ഞാന്‍ എഴുതിയതുപോലെ നീയും എഴുതി പൂരിപ്പിച്ചാട്ടെ”. 

നാരായണിയത്തിന്റെ മുറ്റത്ത് നാരായണന്‍ മാസ്റ്റര്‍ എഴുതിയ ‘ഹരി’ നാരായണി ടീച്ചറെ നോക്കി ചിരിക്കാന്‍ തുടങ്ങി.
.
പിന്‍‌കുറിപ്പ്: 
  1. ഈ ഒന്നാംതരക്കാര്‍ എങ്ങനെ ദമ്പതികളായി എന്ന് ഗവേഷണം നടത്തിയതിന് എനിക്ക് ഡോക്റ്ററേറ്റ് തരാനായി പഞ്ചായത്ത് തല ചര്‍ച്ച നടക്കുന്നുണ്ട്.   
  2. നമ്മുടെ പഞ്ചായത്തില്‍ മാസ്റ്റര്‍ പുല്ലിംഗവും ടീച്ചര്‍ സ്ത്രീലിംഗവും ആയി ചരിത്രാതീത കാലം മുതല്‍ അറിയപ്പെടുന്നുണ്ടെങ്കിലും ആ ചരിത്രം തിരുത്താന്‍ പഞ്ചായത്ത്‌ തലത്തില്‍ ഊര്‍ജ്ജിത പരിശ്രമം നടക്കുന്നുണ്ട്.

 .
പ്രത്യേക മുന്നറിയിപ്പ്: 
                   നാരായണീയത്തില്‍ നടന്ന ഈ സംഭവം ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. വീണ്ടും വീണ്ടും ഓര്‍ത്തോര്‍ത്ത് ചിരിച്ചു. എന്നാല്‍ അടുത്ത ദിവസം മുതല്‍ ‘അത്’ എനിക്കുതന്നെ ഒരു ‘പാര’ ആയി മാറി. അതുകൊണ്ട് ഈ ബ്ലോഗ് വായിച്ച് ഭര്‍ത്താക്കന്മാരോട് കഥ പറയുന്ന എന്റെ സഹോദരിമാര്‍ സ്വന്തം കാലില്‍ പാര വീഴാതെ സൂക്ഷിക്കണം.

4.9.09

21. പാഠം 3. പ്രത്യുല്പാദനം


   കേരളത്തിലെ ഏതെങ്കിലും ഒരു വിദ്യാലയത്തില്‍… മലയാളഭാഷയില്‍… കേരളാ സിലബസ്സില്‍… പത്താം തരംവരെ… പഠനം പൂര്‍ത്തിയാക്കിയ … പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്ന, രസകരമായ ഒരു പാഠം ഉണ്ട്...‘അതാണ് പ്രത്യുല്പാദനം’. ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ ബയോളജി പഠിക്കുമ്പോള്‍ രക്തപര്യയനവും ദഹനവും പഠിക്കുന്ന കൂട്ടത്തില്‍ അതുപോലുള്ള ഒരു അദ്ധ്യായം. പാഠ്യപദ്ധതി മാറുന്ന ക്രമത്തില്‍ ഈ അദ്ധ്യായം എട്ടിലോ ഒന്‍പതിലോ പത്തിലോ ആയിരിക്കും.


മലയാളിയുടെ അവ്യക്തമായ ഏതോ ധാരണാപിശക്, സ്ത്രീപുരുഷബന്ധം പോലെ ഈ അദ്ധ്യായത്തെയും പിന്‍‌തുടരുന്നുണ്ട്. ഏതോ ഒരു രഹസ്യം ക്ലാസ്സില്‍ പബ്ലിക്ക് ആയി പറയുന്നു, എന്ന തോന്നലാണ് വിദ്യാര്‍ത്ഥികള്‍ക്കും ചിലപ്പോള്‍ മറ്റ് അദ്ധ്യാപകര്‍ക്കും ഉണ്ടാകുന്നത്. പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട പദങ്ങള്‍ ഇംഗ്ലീഷിലും സംസ്കൃതത്തിലും പറഞ്ഞാല്‍ അതില്‍ ഒരു അപാകതയും കാണില്ല. എന്നാല്‍ നല്ല പച്ചമലയാളത്തില്‍ പറയാന്‍ ഒരു മടി, തെറ്റാണെന്ന തോന്നല്‍. ഈ അദ്ധ്യായം പഠിപ്പിക്കുന്ന ബയോളജി അദ്ധ്യാപകര്‍ക്ക് ചിലപ്പോള്‍ രസകരമായ അനുഭവങ്ങള്‍ കാണും. അത്തരം അനുഭവങ്ങളിലൂടെ യാത്ര നടത്താന്‍ ഒരു ശ്രമം ഇവിടെ ഞാന്‍ നടത്തുകയാണ്.


കുട്ടികള്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍, ലൈംഗികതയെ കുറിച്ച് വീട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിച്ച അറിവുകള്‍ ചേര്‍ത്ത്‌വെക്കുന്നു. ഇവിടെ മറ്റുള്ളവര്‍ക്ക് അറിയാത്ത രഹസ്യഅറിവ് തനിക്കുണ്ടെന്ന് വിദ്യാര്‍ത്ഥി വിശ്വസിക്കുന്നു. അതുകൊണ്ട്തന്നെ മറ്റു പാഠം പഠിക്കുന്നതിനെക്കാള്‍ താല്പര്യം ഇവിടെ അവന്‍ (അവള്‍) കാണിക്കുന്നു. ക്ലാസ്സില്‍ ഒരിക്കലും ഉത്തരം പറയാത്തവന്‍ പോലും അന്ന് ചോദ്യങ്ങള്‍ (സംശയങ്ങള്‍) ചോദിക്കാം.


 ഞങ്ങള്‍, ജീവശാസ്ത്രം അദ്ധ്യാപകര്‍ മനുഷ്യശരീരം പഠിപ്പിക്കുമ്പോള്‍, മറ്റുള്ള അവയവ ഘടനയും പ്രവര്‍ത്തനവും പോലെതന്നെയാണ് പ്രത്യുല്പാദനവും പഠിപ്പിക്കുന്നത്. കുട്ടികള്‍ക്ക് പ്രത്യുല്പാദനത്തെപറ്റി ശാസ്ത്രീയമായ അറിവ് ലഭിക്കുന്നത് ബയോളജി ക്ലാസ്സില്‍‌വെച്ച് മാത്രമാണ്. ശരിയായ അറിവ് ലഭിക്കാന്‍ ശരിയായ രീതിയില്‍ പഠിപ്പിച്ചില്ലെങ്കില്‍ അത് പുത്തന്‍‌തലമുറയോട് ചെയ്യുന്ന ദ്രോഹമായിരിക്കും. ഇക്കാര്യത്തില്‍ പലതരത്തില്‍‌പ്പെട്ട കുട്ടികള്‍ ചേര്‍ന്ന ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ഒരു ബയോളജി ടീച്ചറായ എനിക്ക് വന്നുചേര്‍ന്നിട്ടുണ്ട്. ബോയ്‌സ്, ഗേള്‍‌സ്, മിക്സഡ് ക്ലാസ്സുകളില് പഠിപ്പിച്ചിട്ടുണ്ട്. സ്വന്തം മകളെയും ബന്ധുക്കളെയും അയല്‍‌വാസികളെയും സഹപ്രവര്‍‌ത്തകരുടെ മക്കളെയും ക്ലാസ്സിലിരുത്തി പ്രത്യുല്പാദനം പഠിപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് ഞാന്‍ പഠിപ്പിക്കുന്ന കൂട്ടത്തില്‍ കല്ല്യാണം കഴിഞ്ഞ പെണ്‍‌കുട്ടികളും ക്ലാസ്സില്‍ ഉണ്ടായിരുന്നു. ഇങ്ങനെ പഠിപ്പിക്കുമ്പോള്‍ സംശയങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്, മറ്റു വിഷയക്കാരായ സഹപ്രവര്‍ത്തകര്‍ക്കാണ്.


ഇനി ക്ലാസ്സുകളില്‍ വീണുകിട്ടിയ കൊച്ചു കൊച്ചു സംഭവങ്ങള്‍ പറയാം. ആണ്‍കുട്ടികള്‍ മാത്രമുള്ള ഒന്‍പതാം ക്ലാസ്സ്. പ്രത്യുല്പാദനം പഠിപ്പിച്ച് തിരിച്ചുപോരാന്‍‌ നേരത്ത്, അതുവരെ നിശബ്ദമായി വളരെ ശ്രദ്ധിച്ചിരുന്ന കൂട്ടത്തില്‍ നിന്നും ഒരു വില്ലന്‍ എഴുന്നേറ്റ് നില്‍ക്കുന്നു.
അവന്‍ ഒരു കാര്യം എന്നെ അറിയിക്കുകയാണ്; “ടീച്ചറേ; ടീച്ചറ് പഠിപ്പിച്ച കാര്യങ്ങളെല്ലാം നമ്മള് ആദ്യമേ പഠിച്ചിട്ടുണ്ട്”.
ഞാന്‍ അവനോട് പറഞ്ഞു“വളരെ നല്ലത്; ഇതുപോലെ എല്ലാപാഠവും ആദ്യമേ പഠിച്ചാല്‍ നന്നായിരുന്നു”.


ഒരു ക്ലാസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ധ്യാപകര്‍ തിരിച്ചറിയുന്നത്, ആ ക്ലാസ്സില് പഠിക്കുന്ന ബന്ധുക്കള്‍ (മക്കള്‍) വഴിയും സഹപ്രവര്‍ത്തകരുടെ മക്കള്‍ വഴിയും ആയിരിക്കും. ഒരിക്കല്‍ എന്റെ ക്ലാസ്സ് കഴിഞ്ഞശേഷം സഹപ്രവര്‍ത്തകയുടെ മകനോട് അടുത്തിരിക്കുന്നവന്‍ പറഞ്ഞു;
“ഒറ്റമുറി വീടായതുകൊണ്ട് എന്റെ വീട്ടിലെ പ്രത്യുല്പാദനപ്രക്രീയ ഞാന്‍ ഒളിച്ച് കാണാറുണ്ട്, നിന്റെ അച്ഛനും അമ്മയും ടീച്ചേര്‍സ് ആയതുകൊണ്ട് അങ്ങനെയൊന്നും ആയിരിക്കില്ല, കേട്ടോ”.


ബയോളജി ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്ന എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാറുണ്ട്. എന്നാല്‍ സ്വന്തം മകള്‍ക്ക് ഒരിക്കല്‍ സംശയം; വിഷയം പ്രത്യുല്പാദനം തന്നെ. നൂറ്കണക്കിന് കുട്ടികളുടെ സംശയം തീര്‍ത്ത എനിക്ക് വീട്ടില്‍‌വെച്ച് സംശയം തീര്‍ക്കാനായില്ല.
ഞാന് പറഞ്ഞു,“നാളെ നീ ക്ലാസ്സില്‍‌വെച്ച് ചോദിച്ചാല്‍ കൃത്യമായി പറഞ്ഞുതരാം”.
ഉടനെ അവള്‍ പറഞ്ഞു,“ഈ അമ്മക്ക് ഒന്നും അറിയില്ല”.

സംഭവിക്കുന്നത് അതാണ്; വിഷയം പ്രത്യുല്പാദനമാകുമ്പോള്‍ രക്ഷിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയാത്തത്, അദ്ധ്യാപകര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയും.


ഒരു ദിവസം സ്റ്റാഫ്‌റൂമില് ഇരുന്ന് എല്ലാ ടീച്ചര്‍‌മാരും ഉച്ചഭക്ഷണം കഴിക്കുന്ന സമയം.
മലയാളം ടീച്ചര്‍ക്ക് എന്നെപറ്റി ഒരു പരാതി; “ഈ ബയോളജി ടീച്ചറ് ഓരോന്ന് പഠിപ്പിച്ചിട്ട് ഇന്നലെ എന്റെ ചെക്കന്‍ ചെയ്തതറിയോ?”

എല്ലാവരും ഭക്ഷണം നിര്‍ത്തി ശ്രദ്ധിച്ചു; ഈ ചെക്കന്‍ എന്ന് പറയുന്നത് ടീച്ചറുടെ മകനാണ്, പത്താം തരത്തില്‍ പഠിക്കുന്ന സമര്‍ത്ഥനായ എന്റെ ശിഷ്യന്‍.

“ടീച്ചര്‍ ഇന്നലെ ക്ലാസ്സില് പ്രത്യുല്പാദനം പഠിപ്പിച്ചു. ഇതും പഠിച്ചിട്ട് എന്റെ മോന്‍ നേരെ അടുത്ത വീട്ടില് പോയി കോളേജില് പഠിക്കുന്ന പെണ്ണിനോട് ചോദിച്ചു; ‘ചേച്ചിക്ക് ആര്‍ത്തവം ഉണ്ടോ’ എന്ന്. അവളുടെ അമ്മ ചോദിക്കാന്‍ വന്നു, ആകെ കുഴപ്പമായി”

“അത്‌പിന്നെ ടീച്ചര്‍ക്ക് പെണ്‍‌മക്കള്‍ ഇല്ലാത്തതുകൊണ്ടല്ലെ അടുത്ത വീട്ടില് പോയി ചോദിച്ചത്” സ്റ്റാഫ്‌റൂമിലെ കൂട്ടചിരിക്കിടയില്‍ ഞാന്‍ അഭിപ്രായം പറഞ്ഞു.

അങ്ങനെ പ്രത്യുല്പാദനവിശേഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
.
 പിന്‍‌കുറിപ്പ്:
  1. ഒരുദിവസം രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ഇളയ മകള്‍ നാലില്‍ പഠിക്കുന്ന മൂത്തവളോട് പറയുന്നു, “എടി ഏച്ചീ നമ്മളെ രണ്ടാളേം അമ്മ പെറ്റിട്ടില്ല”
       “നീയെന്നാടീ പറയുന്നത്?”
       “അതെടീ നമ്മള് രണ്ടാളും അമ്മയെ ഓപ്പറേഷന്‍ ചെയ്തപ്പൊ   പുറത്ത് വന്നതാ,,”