12.4.11

ഇലൿഷൻ സ്പെഷ്യൽ 2011

പോളിംഗ് ബൂത്തിലേക്ക് നടന്നുപോയ എല്ലാ മലയാളികൾക്കും മിനിയുടെ ആശംസകൾ. വോട്ട് ചെയ്തവർക്കും ചെയ്യിച്ചവർക്കും വോട്ടില്ലാത്തവർക്കും താഴെയുള്ള ബാലറ്റ് ബോക്സ് തുറന്ന് തെരഞ്ഞെടുപ്പ് സ്പെഷ്യൽ വായിക്കാം. ഇത്തിരി പഴയതും പുതിയതും ഉണ്ട്.


ഓപ്പണ്‍ വോട്ട് അഥവാ രാഘവീയം 

ഇലക്‍ഷന്‍ ഡ്യൂട്ടി

 കള്ളവോട്ടില്‍ കുരുങ്ങിയ സൂര്യരശ്മികള്‍

വിലയേറിയ ഒരു ‘വൊട്ട്’


1.4.11

മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ?

                   മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ ജനസംഖ്യാസ്ഫോടനം, ആയിരമായിരം ബോംബുകൾ ഒന്നിച്ച് പൊട്ടിച്ചിതറിയപോലെ നാട്ടിലെമ്പാടും ഉഗ്രൻ സ്ഫോടനം. കേട്ടവർ കേട്ടവർ കൂടുതൽ കേൾക്കാനായി ചെവികൾ തുറന്നുപിടിച്ചു. ഇങ്ങനെപോയാൽ എങ്ങനെയാവും എന്ന് പറഞ്ഞ് അയൽനാട്ടുകാർ മൂക്കിൻ‌തുമ്പത്ത് വിരൽ വെക്കാൻ തുടങ്ങിയ ആ നല്ല നേരത്തും, അവിടെ ജനസംഖ്യ വർദ്ധിച്ച്, വർദ്ധിച്ച്; പുരനിറഞ്ഞ് പറമ്പ്‌നിറഞ്ഞ്; നാട്‌നിറയാൻ തുടങ്ങി.
അങ്ങനെയങ്ങനെ,,, അങ്ങിനെ,,,

നമ്മുടെ മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ ആളുകൾ നിറഞ്ഞ്‌കവിഞ്ഞപ്പോൾ കഷ്ടപ്പെട്ടത് രണ്ട് പേരാണ്.
ഒന്ന്: വയറ്റാട്ടി ലീലാമ്മ,
രണ്ട്: അലക്കുകാരി ശ്രീദേവിയമ്മ,
                           ഗ്രാമത്തിന്റെ തെക്കും വടക്കും, കിഴക്കും പടിഞ്ഞാറുമായി ദിവസേന അഞ്ചും ആറും പെണ്ണുങ്ങൾ നിറവയറുമായി ലീലാമ്മയെ കാത്തിരിക്കുന്നുണ്ടാവും. ആശുപത്രികൾ രണ്ടെണ്ണം ഉണ്ടെങ്കിലും ലീലാമ്മ വന്നാലെ അവരുടെ വയറൊഴിഞ്ഞ് സ്ലോമോഷനായി കുഞ്ഞ് പുറത്തുവരികയുള്ളു. അതിനിടയിൽ സ്വന്തം കുഞ്ഞിനെ സ്വന്തം വീട്ടിൽ‌വെച്ച് പെറാൻപോലും ലീലാമ്മക്ക് സമയം കിട്ടിയില്ല.
അവരുടെ കന്നിപ്രസവം നടന്നത് പെരുന്തച്ചന്റെ വീട്ടിൽ‌നിന്ന്,,,
അതൊരു സംഭവമാ,,,
                            ഒരുദിവസം രാത്രി പെരുന്തച്ചന്റെയും മകന്റെയും ഭാര്യമാർ ഒരേവീട്ടിൽ‌നിന്ന് പ്രസവിച്ചപ്പോൾ, രണ്ട് പ്രസവത്തിന്റെയും ഇടവേളയിലാണ് ലീലാമ്മ, അമാവാസി പോലൊരു ആൺകുഞ്ഞിനു ജന്മം നൽകിയത്. ആ കുഞ്ഞിന്റെ പിതൃത്വം പെരുന്തച്ചനാണെന്നും മകനാണെന്നും ഉള്ള ചർച്ച പുരോഗമിക്കുമ്പോഴും ലീലാമ്മ മറ്റുള്ളവരുടെ പേറെടുത്തുകൊണ്ടേയിരുന്നു.

                            പിന്നെ ഏറ്റവും കഷ്ടപ്പെട്ട രണ്ടാം‌കക്ഷി ചിരുഅമ്മ എന്ന അലക്കുകാരി ശ്രീദേവിയമ്മയാണ്. തിരണ്ട്‌കല്ല്യാണമോ ആർത്തവമോ ഇല്ലാത്ത ആ ഗ്രാമത്തിൽ വണ്ണാത്തിക്ക് മാറ്റ് കൊടുക്കേണ്ടി വരാറില്ലെങ്കിലും പ്രസവിച്ച പെണ്ണുങ്ങളുടെ തുണികൾ ദിവസേന കെട്ട്കണക്കിന് അലക്കാനുണ്ടാവും. അവയെല്ലാം കെട്ടിയെടുത്ത് ചാരംമുക്കി, പുഴുങ്ങിയിട്ട്; വണ്ണാത്തിക്കുണ്ടിൽ ഇറങ്ങി; അലക്കി, ഉണക്കിയിട്ട്; വീടുകളിൽ എത്തിക്കുമ്പോഴേക്കും നേരം അന്തിയാവും. അതിനിടയിൽ ഗ്രാമീണ വായ്‌നോക്കികളായ പിള്ളേര് വരുന്നതും നനഞ്ഞൊട്ടിയ തുണിയുടുത്ത് അലക്കുന്ന അവളുടെ, വെളുത്ത മേനിയഴകിലെ ‘ഡാഷും ഡാഷും’ നോക്കിയിട്ട് പോവുന്നതും, അവൾ അറിഞ്ഞെങ്കിലും അറിഞ്ഞില്ലെന്ന് നടിച്ചു. കിടത്ത്‌കൂലിയും പിടിത്തക്കൂലിയും വാങ്ങാറുണ്ടെങ്കിലും നോക്കുകൂലി കണക്ക്പറഞ്ഞ് വാങ്ങാത്തത് പെരുത്ത് നഷ്ടമായെന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,,,
പോട്ടെ,, പിള്ളേർക്കത്ര മതി,,,

                           മുല്ലപ്പൂ ചൂടിയ ഗ്രാമത്തിലെ പെൺകുട്ടികൾ ആർത്തവമെന്തെന്നറിയും മുൻപെ പ്രസവിക്കാൻ സാദ്ധ്യതയുള്ളതിനാൽ രക്ഷിതാക്കൾ, അവരുടെ സ്ക്കൂളിൽ പോക്ക് നിർത്തിയിട്ട് കളിചിരി പ്രായത്തിലെ കെട്ടിച്ചയക്കും. പിന്നെയങ്ങോട്ട് പ്രസവമൊഴിഞ്ഞ നേരമില്ല;
എത്രവരെ???
നാല്പത്തഞ്ച് കഴിഞ്ഞ ആർത്തവവിരാമം നടക്കുന്നതുവരെ
അങ്ങനെയൊരു വിരാമം ഇല്ലെങ്കിൽ ആ ഗ്രാമത്തിലെ തൊണ്ണൂറ് കഴിഞ്ഞ് പടുകിഴവിയായ കുഞ്ഞിക്കുട്ടിയമ്മയും പെറാനിടയുണ്ട്!!!
ഭാഗ്യം,
ഗ്രാമീണ ചന്തകളിൽ കേർഫ്രീ മുതൽ സ്റ്റേഫ്രീ വരെ എക്സിബിറ്റ് ചെയ്തെങ്കിലും ആദ്യസ്റ്റോക്ക് വില്പനപോലും നടന്നില്ല.

                        അതിനിടയിൽ മുല്ലപൂവിന്റെ സുഗന്ധം‌പോലെ, ചിലരെ ആ ഗ്രാമം ആകർഷിച്ചു. കല്ല്യാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല്‌പോലും കാണാത്തവരെ,,,
                       മക്കളില്ലാത്ത ദുഃഖം പേറുന്ന മറുനാട്ടുകാർ സ്വന്തം ഭാര്യയോടൊപ്പം ഒരു വർഷം താമസിച്ചാൽ മതി; അവർക്ക് ഒന്നോ, രണ്ടോ കുഞ്ഞുമായി തിരിച്ച് നാട്ടിലേക്ക് പോകാമെന്ന് ഗ്രാമമുഖ്യൻ തന്നെ ഗാരണ്ടി കൊടുത്തിട്ടുണ്ട്. അങ്ങനെ കടന്നുവന്ന് താമസിക്കുന്നവർ അനേകരുണ്ട്.

                        മുല്ലപ്പൂ ചൂടിയ ഗ്രാമത്തിന്റെ സവിശേഷതയായ ജനസംഖ്യാസ്ഫോടനം ഒരു വലിയ പ്രശ്നമായി മാറിയിരിക്കയാണ്. ഇങ്ങനെ തുടർന്നാൽ നമ്മുടെ രാജ്യത്തിലെ മറ്റുള്ള എല്ലാ ഗ്രാമീണരുടെയും എണ്ണത്തെക്കാൾ ആളുകൾ ഈ മുല്ലപ്പൂവ് ഗ്രാമത്തിൽ ഉണ്ടാവാനിടയുണ്ട്. അതറിഞ്ഞ നിമിഷം മന്ത്രിസഭ ഇടപെട്ട് ജനസംഖ്യാ സ്ഫോടനപരമ്പര അവസാനിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് ആഘോളതലത്തിൽ ചിന്തിക്കാൻ തുടങ്ങി.
                          അങ്ങനെയാണ് ഒരുനല്ലദിവസം നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രിയും പരിവാരങ്ങളും മുല്ലപ്പൂ ഗ്രാമത്തിൽ എത്തിയത്. നമ്മുടെ ഗ്രാമമുഖ്യനും ഒപ്പം ആറ് ഭാര്യമാരും, അറുപത്തിഏഴ് മക്കളും, ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. മന്ത്രി നാട്ടുകൂട്ടത്തെ വിളിച്ച് ഉപദേശിക്കാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട സ്ത്രീ പുരുഷന്മാരെ നിങ്ങളിങ്ങനെ ജനസംഖ്യ വർദ്ധിപ്പിച്ചു കൊണ്ടിരുന്നാൽ അതിവിദൂരമല്ലാത്ത ഭാവിയിൽ കഞ്ഞി കുടിക്കാനുള്ള വക കിട്ടാതെ ഈ ഗ്രാമത്തിലുള്ളവർ പട്ടിണികിടന്ന് മരിക്കേണ്ടിവരും,,,
അതുകൊണ്ട്,,,
അതുകൊണ്ട്, നിങ്ങളിങ്ങനെ പ്രസവിച്ചും പ്രസവിപ്പിച്ചും കൂട്ടുന്നത് നിർത്തണം”
അത് കേട്ട ഗ്രാമീണർ അരിശംവന്ന് പല്ലുകൾ കടിച്ചപ്പോൾ അവരുടെ കൂട്ടത്തിലെ വിപ്ലവകാരി എഴുന്നേറ്റ് പറയാൻ തുടങ്ങി,
“അല്ലയോ ആരോഗ്യമന്ത്രിയേ നിങ്ങൾക്ക് നാല് ഭാര്യമാരിൽ പതിനെട്ട് മക്കളില്ലെ, അപ്പോൾ നിങ്ങൾക്ക് ഞങ്ങളെ ഉപദേശിക്കാൻ എന്തവകാശം?”
                         വിവരമില്ലാത്ത നാട്ടുകാരെ ഉപദേശിച്ചിട്ട് കാര്യമില്ലെന്നും ഇനിയും ഉപദേശിച്ചാൽ അടി ഇന്റർനെറ്റായി വരുമെന്നും മനസ്സിലാക്കിയ മന്ത്രി പെട്ടെന്ന് മീറ്റിംഗ് പിരിച്ച്‌വിട്ട് തൊട്ടടുത്തുള്ള മൂന്നാം ഭാര്യവീട്ടിലേക്ക് അന്തിയുറങ്ങാൻ പോയി.

                        അതിപുരാതന കാലത്ത് നമ്മുടെ മുല്ലപ്പൂ ചൂടിയ ഗ്രാമത്തിൽ, ജനങ്ങൾ വളരെ കുറവ് ആയിരുന്നു. വിതക്കാനും കൊയ്യാനും തിന്നാനും ആളുകൾ വളരെ വളരെക്കുറഞ്ഞ നേരത്താണ് അവർ മുല്ലപ്പൂവ് കൃഷി തുടങ്ങിയത്. അങ്ങനെ മുല്ലപ്പൂവിന്റെ സുഗന്ധം നാട്ടിൽ പരക്കാൻ തുടങ്ങിയതോടെയാണ് ജനങ്ങളുടെ എണ്ണം കൂടിയത് എന്ന കാര്യം, ശുദ്ധമായ പകൽ‌വെളിച്ചം പോലെ പൊതുജനത്തിനറിയാം. ആളുകളുടെ എണ്ണം കൂടുന്നത് ഗ്രാമീണർക്ക് ഇഷ്ടമാണ്, കാരണം അവർക്ക് പൂവ് പറിക്കാനും മാലകെട്ടാനും കൂടുതൽ ആളുകളെ ലഭിക്കുമല്ലൊ. എന്നാൽ മുല്ലപൂവും ജനസംഖ്യയും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ചത് ഈ അടുത്ത കാലത്താണ്.

ഗ്രാമീണർക്ക് ഒരു തൊഴിൽ മാത്രമേ അറിയത്തുള്ളു,,, മുല്ലപ്പൂവ് കൃഷി,
ഗ്രാമീണർക്ക് ഒരു പൂവേ ഇഷ്ടമുള്ളു,,, മുല്ലപ്പൂവ്,
ഗ്രാമീണർ ഒരു പൂവേ അണിയാറുള്ളു,,, മുല്ലപ്പൂവ്,
                          അതിരാവിലെ ഗ്രാമിണരെല്ലാം എഴുന്നേറ്റ് മുല്ലപ്പൂവ് പറിക്കാനായി വയലിലേക്കിറങ്ങും. സുഗന്ധം പരത്തുന്ന വിടരാറായ മുല്ലപ്പൂവിന്റെ മൊട്ടുകൾ പറിച്ചെടുത്ത് നിറച്ച, ചൂരൽക്കുട്ടകൾ തലയിലേറ്റി അവർ വീട്ടിലെത്തും. അതുകഴിഞ്ഞ് വീട്ടുകാർ വട്ടത്തിലിരുന്ന് അവയെല്ലാം മാലകളാക്കി മാറ്റി ഗ്രാമീണചന്തയിൽ വില്പനക്ക് വെക്കും. മുല്ലപ്പൂവ് വിറ്റ പണവുമായി വീട്ടിൽ വന്ന് കഞ്ഞികുടിച്ച നാട്ടുകാർ ഉറങ്ങാൻ തുടങ്ങും. ശുദ്ധമായ സൂര്യരശ്മികൾ സമൃദ്ധമായി ഗ്രാമത്തിൽ പതിക്കുന്നതിനാൽ ഉച്ചനേരത്ത് മാത്രമല്ല, ഉച്ചക്ക് മുൻപും പിൻപും ആളുകൾ പുറത്തിറങ്ങാതെ വീട്ടിനകത്ത് കൂർക്കം വലിച്ച് കിടന്നുറങ്ങും. അതായിരുന്നു പതിവ്,
എന്നാൽ രാത്രിയോ?
                          കുളിച്ച് സുന്ദരികളായി മുടിയിൽ മുല്ലപ്പൂവ് ചൂടി മദാലസകളായി വരുന്ന മഹിളാമണികളെ കാണുന്ന പുരുഷപ്രജകൾ കാമദേവനെ ആരാധിക്കാൻ തുടങ്ങും. മുല്ലപ്പൂവിന്റെ രൂക്ഷഗന്ധം പ്രായപൂർത്തിയായ നാട്ടുകാരുടെ ഉറക്കം അകറ്റും.
അതിന്റെ പരിണിതഫലമായി മുല്ലപ്പൂ ചൂടിയ ഗ്രാമത്തിലെ ജനനനിരക്കിന്റെ ഗ്രാഫ് റോക്കറ്റ്‌പോലെ കുതിച്ചുയർന്നു.

                          അങ്ങനെ ഉയർന്ന് ജനസംഖ്യാസ്ഫോടനം നടന്നുകൊണ്ടിരിക്കെ നാട്ടുകാർക്ക് ബോറടിക്കാൻ തുടങ്ങി. കൂടാതെ ഏത് നേരത്തും മുതിർന്നവരെ ചോദ്യം ചെയ്യുന്ന, അനുസരണയില്ലാതെ വളർന്നു വരുന്ന ചെറുപ്പക്കാരെ അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും പേടിയാവാൻ തുടങ്ങി. ആദ്യകാലത്ത് തനിക്ക് പതിനെട്ട് മക്കളുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന മുത്തിയമ്മ ഇപ്പോൾ എണ്ണം കുറച്ച് ‘എട്ട് മക്കൾ’ എന്ന് പറയാൻ തുടങ്ങി.
.. അപ്പോഴാണ് ഗ്രാമീണർക്ക് ബോധോദയം വന്നത്,,,
                           അരിമണിയൊന്ന് കൊറിക്കാനില്ലാത്ത വീടുകളിലും കണ്മണികളുടെ എണ്ണം കൂടിവരുന്നത് നിയന്ത്രിക്കണം എന്ന് തോന്നിയപ്പോൾ, ചിന്തിച്ച് ചിന്തിച്ച് തലപുകഞ്ഞ ഗ്രാമമുഖ്യന്റെ മുന്നിൽ മഹാരാജ്യത്തിലെ ആരോഗ്യകുടുംബക്ഷേമവകുപ്പ് തലവന്മാരും തലൈവികളും പ്രത്യക്ഷപ്പെട്ടു. അവരെ മുല്ലപ്പൂ മാലയണിയിച്ച് സ്വീകരിച്ച ഗ്രാമമുഖ്യൻ നാട്ടുകാരെയെല്ലാം ആൽത്തറ സ്റ്റേഡിയത്തിൽ കോൺഫ്രൻസിന് വിളിച്ചു.

ആരോഗ്യ വകുപ്പിന്റെ തലൈവി ജ്വാലാമണി ആൽത്തറവേദിയിൽ നിന്ന് ഓഡിയൻസിനെ നോക്കി പറയാൻ തുടങ്ങി,
“എന്റെ പ്രീയപ്പെട്ട മുല്ലപ്പൂ ഗ്രാമീണരെ, മറുനാട്ടിലൊന്നും സംഭവിക്കാത്ത ഒരു ദുരന്തം ഇവിടെ സംഭവിച്ചിരിക്കുന്നു,,, ജനപ്പെരുപ്പം. നിങ്ങളിങ്ങനെ തുടർന്നാൽ?,,,”
“തുടർന്നാൽ”
“നമ്മൾക്കൊന്നും ചെയ്യാനാവില്ല, അതുകൊണ്ട് കുഞ്ഞുങ്ങളുടെ എണ്ണം കുറക്കുക”
“കുറക്കാനോ? അതെങ്ങനെ? അധികമുള്ളവരെ കൊല്ലാനോ?”
ഗ്രാമമുഖ്യന്റെ ചോദ്യം കേട്ട് ഞെട്ടിയ തലൈവി ഉത്തരം അരുളിച്ചെയ്തു,
“ഇപ്പോൾ ഉള്ളവരെ നിങ്ങൾ കൊല്ലുകയും തിന്നുകയും ഒന്നും ചെയ്യെണ്ട, ഇനി കുഞ്ഞുങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി,, ഒരാൾക്ക് ഒരുകുട്ടി മാത്രം”
“അതിന് നമ്മളെന്ത് ചെയ്യണം?”
നാട്ടുകാർ ഒന്നിച്ച് ചോദിച്ചു,
“അതിന് നിങ്ങൾ ഒന്നും ചെയ്യാതിരുന്നാൽ മതി,,, ഫുൾ‌സ്റ്റോപ്പ്”
“അതെങ്ങനെയാ പെണ്ണുങ്ങളുടെ തലയിലെ മുല്ലപ്പൂവിന്റെ മണമടിച്ചാൽ എനിക്കെന്തെങ്കിലും ചെയ്യാൻ തോന്നും. അങ്ങനെയാ ഇരുപത്തിആറ് മക്കളുണ്ടായത്”
അക്കാര്യം വിളിച്ചുപറഞ്ഞയാളെ തലൈവി കനപ്പിച്ചൊന്ന് നോക്കി. വാക്കിംഗ് സ്റ്റിക്ക് ഉൾപ്പെടെ മൂന്ന് കാലിൽ നടന്ന് തൊണ്ണുറ്റി‌എട്ടിൽ കടന്നുനിൽക്കുന്ന തലമണ്ടയാശാനാണ്. തുടർന്ന് ഗ്രാമത്തിലെ സീനിയർ‌മോസ്റ്റ് സിറ്റിസണെ അവഗണിച്ച് എല്ലാവരോടുമായി അവർ പറഞ്ഞു,
“ഇവിടെയുള്ള ജനപ്പെരുപ്പത്തിന് ഇടക്കലാശ്വാസം ലഭിക്കാനായി നമ്മുടെ തക്കിടിസായിപ്പ് ഒരു സൂത്രം കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം സ്വന്തമായി കണ്ടുപിടിച്ച സൂത്രം,,, ഉറ,,”
“ഉറയോ?,,,”
“അതെ ഉറതന്നെ, ഉറകൾ,,, ഗർഭനിരോധന ഉറകൾ, കോണ്‌ഡം”
ജ്വാലാമണി തലൈവി പറയുന്നത് കേട്ട് നാട്ടുകാർ അത്ഭുതപ്പെട്ട് വായ പൊളിച്ചു. ആ നേരത്ത് വീഴാൻ പോയതും വീണുകൊണ്ടിരിക്കുന്നതുമായ ആലിലകൾ, ഉറയെന്ന് കേട്ടപ്പോൾ തിരികെ മേലോട്ട്‌പോയി ആലിൻ‌കൊമ്പിൽ‌തന്നെ റിഫിക്സ് ചെയ്ത് കാതോർത്തിരിപ്പായി.

                          തക്കിടി സായിപ്പ് കറുത്ത പെട്ടി തുറന്ന് ആയിരക്കണക്കിന് ഉറകൾ ആൽത്തറയിലിട്ടു. പല നിറത്തിലുള്ള ഉറകൾ ചുവപ്പ് മഞ്ഞ, നീല, പച്ച, പ്ങ്ക്, വയലറ്റ് അങ്ങനെ പല നിറങ്ങളിൽ ഉറകളുടെ ഒരു കൂമ്പാരം മുന്നിൽ കണ്ട മുല്ലപ്പൂ ഗ്രാമീണർ അന്തംവിട്ടങ്ങിനെ നിലത്തിരുന്നു.
ഏതാനും നിമിഷങ്ങൾക്ക് ശേഷം തലൈവി വലതുകൈ കൊണ്ട് അക്കൂട്ടത്തിൽ നിന്നും ഒരു ചുവന്ന ഉറയെടുത്ത് ഉയർത്തിക്കാട്ടി ഗ്രാമീണരെ നോക്കി പറയാൻ തുടങ്ങി,
“പ്രീയപ്പെട്ട ഗ്രാമീണരെ ഇതാണ് ആ സൂത്രം, നല്ലവരായ പുരുഷന്മാർ ഈ ഉറകൾ ഉപയോഗിച്ചാൽ, നിങ്ങളുടെ സ്ത്രീകൾ ഗർഭിണികളാവില്ല”
ആ കൂട്ടത്തിലുള്ള ഗ്രാമീണ വിപ്ലവകാരിക്കൊരു സംശയം,
“ഇങ്ങനെയൊരു സൂത്രം നമ്മളെ കാണിച്ചതിന് ജ്വാലാമേഡത്തിനോടും നമുക്കായി അത് കണ്ട്പിടിച്ച തക്കിടിസായിപ്പിനോടും ഒത്തിരി നന്ദിയുണ്ട്. എന്നാൽ ഇതിന്റെ ഉപയോഗക്രമം പറഞ്ഞുതന്നാൽ നന്നായിരിക്കും”
“അതിപ്പം കാണിക്കാം,,,”
                             ജ്വാലാമേഡം ഉറക്കൂമ്പാരത്തിൽ നിന്ന് തന്റെ വലതുകൈയാൽ എടുത്ത ചുവന്ന ഉറ നിവർത്താൻ തുടങ്ങി. അങ്ങനെ നിവർത്തിക്കൊണ്ടിരിക്കെ നാണം‌വന്ന ജ്വാലയുടെ മുഖം ചുവന്ന്, കൈകൾ വിറച്ചതോടെ അവർ അത് തൊട്ടടുത്തിരിക്കുന്ന അസിസ്റ്റന്റ് സണ്ണിച്ചന് കൈമാറിയിട്ട് കണ്ണുകൾ‌കൊണ്ട് സംസാരിച്ചു. സണ്ണിച്ചൻ ‘വിജയീ ഭവഃ’ ഭാവത്തിൽ നാട്ടുകാരെ നോക്കി വലതുകൈയിലെ ചുവന്ന ഉറനിവർത്തി ഇടതുകൈയിലെ പെരുവിരലിൽ കടത്തിയത് ഉയർത്തിക്കാണിച്ച് അവരോട് പറഞ്ഞു,
“നിങ്ങൾക്ക്മാത്രമായി പ്രത്യേകം നിർമ്മിച്ചതാണ് ഈ ഉറകളെല്ലാം. മുല്ലപ്പൂവിനെ ഇഷ്ടപ്പെടുന്ന ഗ്രാമീണർക്കായി മുല്ലപ്പൂവിന്റെ ഗന്ധമുള്ള ഉറകൾ!!! നിങ്ങൾ പുരുഷന്മാർ ഇതുപോലെ ഉറയിട്ടശേഷമായിരിക്കണം ഭാര്യയുമായി ബന്ധപ്പെടേണ്ടത്, അങ്ങനെ ജനനം തടയുക, ജനപ്പെരുപ്പം തടയുക”
“സണ്ണിയേ ഒരു സംശയം, ഒരിക്കൽ ഉപയോഗിച്ച് ഈ ഉറ വീണ്ടും യൂസ് ചെയ്യാമോ?”
“അത് പറ്റില്ല, ഉപയോഗിച്ച് കഴിഞ്ഞ ഉറയെല്ലാം വീടിന്റെ തെക്ക്ഭാഗത്ത് ആറടി താഴ്ചയുള്ള കുഴിയെടുത്ത് അതിലിട്ട് മൂടിയിട്ട് മുകളിൽ വാഴവെക്കണം”
അപ്പോൾ ഗ്രാമത്തിന്റെ രോമാഞ്ചകുഞ്ചുറാണിയായ ആസ്ഥാന ഗ്രാമീണവേശ്യ ഷക്കിച്ചേച്ചി ആലിലവയർ ദർശ്ശനം നൽകിക്കൊണ്ട് ആൽത്തറയുടെ നേരെമുന്നിൽ വന്ന് സ്റ്റിൽചെയ്തു,
“മോനേ സണ്ണി ഞാനെന്താ ചെയ്യേണ്ടതെന്ന് നീതന്നെ പറ”
“ഓ നമ്മുടെ ഷക്കിച്ചേച്ചിയല്ലെ,, ഉറ യൂസ് ചെയ്യാത്ത ഒരുത്തനെയും വീട്ടിൽ കയറ്റരുത്. പിന്നെ നാട്ടുകാരെ നിങ്ങൾക്ക് ഞങ്ങൾ ഇഷ്ടം‌പോലെ ഉറകൾ ഫ്രീആയി തരികയാണ്, നമ്മുടെ അമ്മമാരും പെങ്ങമ്മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഉറയുമായി വരാത്ത ഒരുത്തനെയും ഉറക്കറയിൽ കയറ്റരുത്”
അത് കേട്ടതോടെ ഷക്കിച്ചേച്ചി സന്തോഷപൂർവ്വം പറഞ്ഞു,
“എന്റെ വീട്ടിൽ വരുന്നവർക്ക് ഓരോ ഉറകൾ ഫ്രീ‍; ഒരു പെട്ടിനിറയെ ഉറ എനിക്ക് വേണം”
“ഷക്കിച്ചേച്ചിക്ക് മാത്രമല്ല നല്ലവരായ എല്ലാ നാട്ടുകാർക്കും കെട്ട് കണക്കിന് ഉറകൾ വീടുകൾ‌തോറും സപ്ലൈ ചെയ്യാം. കുട്ടികൾ വേണമെന്ന് ആർക്കെങ്കിലും എപ്പോഴെങ്കിലും തോന്നിയാൽ ഉറ ഉപയോഗിക്കാതിരുന്നാൽ മതി”
അതുവരെ നാട്ടാരെ നോക്കിക്കൊണ്ടിരുന്ന ജ്വാലാമണി എഴുന്നേറ്റ് സണ്ണിച്ചനെ ഔട്ടാക്കിയിട്ട് പറയാൻ തുടങ്ങി,
“അഞ്ച് കൊല്ലം കഴിഞ്ഞ് നമ്മൾ ഈ വഴിക്ക് വരും. അപ്പോഴേക്കും ജനപ്പെരുപ്പം കുറഞ്ഞിരിക്കണം,,,, അല്ല കുറയും”

                           മുല്ലപ്പൂ ചൂടിയ ഗ്രാമത്തിലെ വീടുകൾ‌തോറും ഉറകൾ വന്നു,,, മുപ്പപ്പൂ മണമുള്ള, നിറമുള്ള, ചന്തമുള്ള, ഉറകൾ,,, ഗർഭനിരോധന ഉറകൾ,,,
കാലം ആരെയും കാത്തുനിൽക്കാതെ പ്രയാണം ആരംഭിച്ചു,
അങ്ങനെ,
ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ അഞ്ച് കഴിഞ്ഞു,

                                മുല്ലപ്പൂ ചൂടിയ ഗ്രാമത്തിലെ ആൽത്തറ സ്റ്റേഡിയത്തിൽ ഗ്രാമീണർ ഒത്തുകൂടിയിരിക്കയാണ്. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം അവർക്ക് മുന്നിൽ ആരോഗ്യവകുപ്പ് വണ്ടി കിതച്ചുകൊണ്ട് ഓടിവന്ന് ബ്രെയ്ക്കിട്ടു. നാട്ടാരെല്ലാം നോക്കിയിരിക്കെ വണ്ടിയുടെ വാതിൽ തുറന്ന് ഓരോരുത്തരായി പുറത്ത് വന്ന് മുല്ലപ്പൂവിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ചുകയറ്റി, അതെ അവർ തന്നെ, അഞ്ച് വർഷം മുൻപ് ഗ്രാമീണർക്ക് ജനപ്പെരുപ്പം നിയന്ത്രിക്കാനുള്ള സൂത്രം പറഞ്ഞ് കൊടുത്ത് ഉറമാഹാത്മ്യം അവതരിപ്പിച്ചവർ, സണ്ണിച്ചൻ, ജ്വാലാമണി, തക്കിടി സായിപ്പ്, പിന്നെ പരിവാരങ്ങൾ,,,

അവർ ആൽത്തറയിൽ കയറി നല്ലവരായ നാട്ടുകാരെ
ഒന്ന് നോക്കി,
രണ്ട് നോക്കി,,
മൂന്ന് നോക്കി,,,
നോക്കിയവരെല്ലാം ഞെട്ടി,
പിന്നെയും ഞെട്ടി,,
പിന്നെയും പിന്നെയും ഞെട്ടി,,,
ജനസംഖ്യ വർദ്ധിച്ചിരിക്കുന്നു,, അല്ല അനേകമായി ഇരട്ടിച്ചിരിക്കുന്നു,
കുഞ്ഞുങ്ങൾ,
എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും കുട്ടികൾ, അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ,
ചിലർ രക്ഷിതാക്കളുടെ കൈ പിടിച്ചിരിക്കുന്നു, ചിലർ ചുമലിൽ കയറിയിരിക്കുന്നു, ചിലർ തലയിൽ കയറിയിരിക്കുന്നു,
പിന്നെയും ചിലർ അമ്മയുടെ വയറ്റിനുള്ളിൽ; അവിടെക്കിടന്ന് പുറത്ത് വരാനുള്ള നേരം‌നോക്കിയിരിപ്പാണ്.
കുട്ടികളുടെ കരച്ചിലും ചിരിയുമായി ബഹളമയം.
അപ്പോൾ ഉറ??? ഗർഭനിരോധന ഉറകൾ??? ആയിരക്കണക്കിന് ഉറകൾ???

                              രോഷാകുലരായ നാട്ടുകാർ ആരോഗ്യവകുപ്പിനെ നോക്കി കൂവിയപ്പോൾ അവർ ഇരുചെവികളും അടച്ചുപൂട്ടി.
അങ്ങനെ ചെവിയടച്ചുകൊണ്ട് നാട്ടുകാരെ നോക്കി കൈവീശിയശേഷം സണ്ണിച്ചൻ പറഞ്ഞു,
“പ്രീയപ്പെട്ട ജനങ്ങളെ നിങ്ങൾ ആവശ്യപ്പെട്ടതുപ്രകാരം ജനനം നിയന്ത്രിക്കാനുള്ള ഉത്തമസൂത്രം,,, ‘ഉറ’ നിങ്ങൾക്കിടയിൽ വിതരണം ചെയ്തിട്ട് ഇന്നേക്ക് അഞ്ച് വർഷമായി. എന്നിട്ടിപ്പോൾ ജനനം കുറയാതെ കൂടൂകയാണ് ചെയ്തത്. ഇത് സൂചിപ്പിക്കുന്നത് നിങ്ങളാരും ഉറ ഉപയോഗിച്ചില്ല എന്നാണ്,,,”
“ഞങ്ങളെല്ലാവരും ഉറ ഉപയോഗിച്ചു, ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇതൊരു തട്ടിപ്പാണെന്ന് നമുക്ക് മനസ്സിലായി.”
“ഉറകൾ ചതിക്കില്ല, നിങ്ങളാരും ഉറ ഉപയോഗിച്ചിരിക്കില്ല”
പെട്ടെന്ന് ഗ്രാമമുഖ്യൻ മുന്നിൽ വന്നു,
“സാറ് പറഞ്ഞതിനുശേഷം എന്റെ ആറ് ഭാര്യമാരുമായി ബന്ധപ്പെടുമ്പോഴെല്ലാം ഞാൻ ഉറ ഉപയോഗിച്ചതാണ്, ഇന്നലെ രാത്രിവരെ, എന്നിട്ടും എനിക്ക് അഞ്ച് കൊല്ലത്തിനിടയിൽ പതിനാല് കുട്ടികളുണ്ടായി”
മുഖ്യനെ പിന്നിലേക്ക് തള്ളിമാറ്റി ഗ്രാമത്തിന്റെ രോമാഞ്ചകുഞ്ചുറാണിയായ ആസ്ഥാന ഗ്രാമീണവേശ്യ ഷക്കിചേച്ചി മുന്നിൽ വന്നു,
“ഉറ ഫ്രീ ആയി കൊടുക്കേണ്ടതുകൊണ്ട് ഞാനെന്റെ റെയ്റ്റ് കൂട്ടിയതാണ് സാറെ, എന്നിട്ടും എനിക്ക് അഞ്ച് കൊല്ലത്തിനിടയിൽ ലീലാമ്മ തരുന്ന പച്ചമരുന്ന് കഴിച്ച് പതിനൊന്ന് തവണ കലക്കി പൊട്ടിക്കേണ്ടി വന്നു, വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ഓരോന്നും കൊണ്ട് ഇറങ്ങിയിരിക്കുന്നു”

                             ഇതെല്ലാം കേട്ട ആരോഗ്യകുടുംബക്ഷേമ വകുപ്പ് അന്തം വിട്ടിരുന്നു, അവർ അന്യോന്യം മുഖം നോക്കിയതല്ലാതെ ആരും ഒന്നും ഉരിയാടിയില്ല. ഒടുവിൽ സണ്ണിച്ചൻ തന്നെ അനൌൺസ് ചെയ്തു,
“ഇതെല്ലാം ഉറയുടെ തകരാറാണ്”
അത്‌കേട്ട തക്കിടിസായിപ്പ് മലങ്ക്ലീഷിൽ അലറി,
“നോ, നോ,,, മൈ ഉര ഈസ് സൂപ്പർ, നോ പ്രശ്നം ഫോർ ഉര ഇൻ മറ്റ് കണ്ട്രീസ്. പ്രശ്നം ഈസ് ഇവിടെയുള്ള കണ്ട്രീസ്,,,”
അത് കേട്ട പുരുഷന്മാർക്കെല്ലാം ദേഷ്യം വന്ന് അവർ സായിപ്പിനെതിരെ തിരിഞ്ഞു,
“പിന്നെങ്ങനാ സായിപ്പെ, ഈ നാട്ടാരെല്ലാം ഉറ യൂസ് ചെയ്തിട്ടും ഇത്രയും മക്കൾസ് ഉണ്ടായത്?”
സായിപ്പും വിട്ടില്ല, അദ്ദേഹം വെല്ലുവിളിച്ചു,
“യൂ തെണ്ടീസ്, നോ വിവരം”
പെട്ടെന്ന് തൊണ്ണൂറ്റി എട്ട് കഴിഞ്ഞ തലമണ്ടയാശാൻ മൂന്നുകാലിൽ നടന്ന്,,, ആൽത്തറക്കു മുന്നിൽ വന്ന്,,, അവരെ നോക്കി പറയാൻ തുടങ്ങി,
“സാറന്മാരെ ഈ നാട്ടിലെ ആണുങ്ങളെല്ലാം,,, അവരുടെ ഭാര്യമാരുമായി ഓരോതവണ ബന്ധപ്പെടുമ്പോഴും,,, നിങ്ങൾ വിതരണം ചെയ്യുന്ന ഉറകൾ ഉപയോഗിച്ചവരാണ്. പ്രായം ഇത്തിരി കൂടിയ ആളാ‍യതിനാൽ,,, ഈ ഞാൻ,,, ഓരോ തവണയും രണ്ട് ഉറകൾ‌വീതം ഉപയോഗിച്ചിരുന്നു; എന്നിട്ടും,,,?”
“എന്നിട്ടും,,,?”
“എന്നിട്ടും,,, അഞ്ച് കൊല്ലംകൊണ്ട് രണ്ട് ഭാര്യയിലുമായി അഞ്ച് മക്കളുണ്ടായി,,, ആറാമത്തെത് വയറ്റിലും,,,”
അപ്പോൾ സണ്ണിച്ചനൊരു സംശയം ശരിക്കും സംശയം,,,
“അതെങ്ങനെയാ നിങ്ങൾ ഒന്നിച്ച് രണ്ട് ഉറകൾ ഉപയോഗിച്ചത്?”
“നിങ്ങള് കാണിച്ച് തന്നത് ഇടത്ത്‌കൈയുടെ പെരുവിരലിൽ ഉറയിടാനല്ലെ,,, ഞാനെന്ത് ചെയ്തെന്നോ? ഇടതുകൈയിലെയും വലതുകൈയിലെയും പെരുവിരലിൽ ഓരോ ഉറവീതം ഇട്ടുകൊണ്ടാണ് ഓരോരുത്തിയുമായും ബന്ധപ്പെട്ടത്. ഇനി പത്ത് വിരലിലും ഉറയിടണോ സാർ?,,,,,”
തലമണ്ടയാശാൻ വാക്കിംഗ്‌സ്റ്റിക്ക് ഒഴിവാക്കി പത്ത് വിരലുകളും ഉയർത്തി.