29.6.09

15. ബ്യൂട്ടിഫുള്‍ മിസ്സിന്റെ കല്ല്യാണംമോളി തോമസ് സ്ക്കൂള്‍ കോമ്പൌണ്ടില്‍ കടന്നപ്പോള്‍ ചുറ്റുപാടും നിശബ്ദമായി. സംസാരിക്കുന്നതും കളിക്കുന്നതും നടക്കുന്നതും എഴുതുന്നതും അങ്ങനെ എല്ലാം നിര്‍ത്തിവെച്ച്; എല്ലാവരും ആ രസതന്ത്രം ടീച്ചറെ തന്ത്രത്തില്‍ നിരീക്ഷിക്കുകയാണ്. ഒന്നിച്ച് ജനിച്ച് വളര്‍ന്നവരാണെങ്കിലും ജീവിതം കൊണ്ട് ജന്മശത്രുക്കളായ ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകരെല്ലാം മോളി തോമസിനെ കാണുമ്പോള്‍ സ്വയം മറക്കുന്നു. അവര്‍ പരിസരത്തുണ്ടെങ്കില്‍ ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍ അറിയാതെ ഹയര്‍സെക്കന്ററി അദ്ധ്യാപകന്റെ ചുമലില്‍ കൈ വെക്കും. ഹയര്‍ സെക്കന്ററി ടീച്ചര്‍ ഹൈ സ്ക്കൂള്‍ ടീച്ചറുടെ വാട്ടര്‍ ബോട്ടില്‍ തുറന്ന് വെള്ളം കുടിക്കും. ക്ലാസ്സില്‍ ഭീകരാന്തരീക്ഷം നിര്‍മ്മിച്ച് പഠിപ്പിക്കുന്ന ഹാജിയാര്‍ എന്ന് പേരുള്ള കണക്ക് മാഷ് പോലും ബോര്‍ഡിലെ കണക്ക് പൂര്‍ത്തിയാക്കാതെ മോളി തോമസിനെ നോക്കി നില്‍ക്കും.

ഇനി മോളീ തോമസിനെപറ്റി പറയാം. പി.എസ്.സി. വഴി നിയമനം ലഭിച്ച് ഈ വര്‍‌ഷം കണ്ണൂരിലുള്ള ഞങ്ങളുടെ സ്ക്കൂളില്‍ എത്തിച്ചേര്‍‌ന്ന കോട്ടയക്കാരി; സ്ക്കൂളിലെ അദ്ധ്യാപകര്‍ മിസ്സ് ബ്യൂട്ടിഫുള്‍ എന്നും വിദ്യാര്‍ത്ഥികള്‍ ബ്യൂട്ടിഫുള്‍ മിസ്സ് എന്നും വിളിക്കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗം കെമിസ്റ്റ്റി സീനിയര്‍ അദ്ധ്യാപികയാണ് അവര്‍. ‘എണ്ണ നിറഞ്ഞ് കത്തുന്ന നിലവിളക്ക് പോലെ’ ഒരു പ്രത്യേക സൌന്ദര്യമാണവര്‍. ഐശ്വര്യാറായിയെ പോലെ ആകര്‍‌ഷകം; എന്നാല്‍ വിദ്യാര്‍‌ത്ഥിനികളടക്കം എല്ലാ പെണ്‍‌വര്‍ഗ്ഗത്തെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകം മറ്റോന്നാണ്. മുടി; - ‘മോനിഷയെ പോലെ അഴകാര്‍ന്ന മുടിയഴക്‘. +1,+2, ക്ലാസ്സിനു മുന്നിലൂടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നടക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം; ക്ലാസ്സിനകത്ത് മോളീ ടീച്ചറാണ്. അവരുടെ മുടി ഒളിഞ്ഞ് നോക്കുന്നവരില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉണ്ട്; ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളും ഉണ്ട്. പെണ്‍‌വര്‍‌ഗ്ഗത്തെ അസൂയപ്പെടുത്താനായി അവര്‍ അത് ‘പനങ്കുല പോലെ ഒരു ക്ലിപ്പിന്റെ ഉറപ്പിന്മേല്‍ നീട്ടി താഴ്ത്തിയിടും’.

...
എന്നാല്‍ മോളീ തോമസിന്റെ വരവോടെ +2 വിജയ ശതമാനം കുറയും എന്ന് ചില കുശുമ്പികള്‍ പറയുന്നുണ്ട്. അവര്‍ പഠിപ്പിക്കുന്ന, അവരെ നോക്കി പഠിക്കുന്ന ക്ലാസ്സിലെ വിദ്യാര്‍‌ത്ഥികള്‍ ഉത്തരക്കടലാസില്‍ ‘രസതന്ത്രത്തിലെ ഫോര്‍‌മുലയ്ക്കു പകരം ടീച്ചറുടെ ഫോര്‍‌മുലയെപറ്റി എഴുതാനാണ് സാധ്യത’ എന്നും അസൂയാലുക്കള്‍ പറയുന്നുണ്ട്. എന്നാല്‍ എല്ലാ‍വരെയും അവഗണിച്ച് അവിവാഹിതയായ അവര്‍ അങ്ങനെ തിളങ്ങുന്ന സൌന്ദര്യവുമായി സ്ക്കൂളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

അധികമാരോടും സംസാരിക്കാത്ത മോളി ഞങ്ങളുടെ ‘ഫിസിക്കല്‍ എഡുക്കേഷന്‍ ടീച്ചര്‍’ ചാക്കോ മാഷുമായി കൂടുതല്‍ സംസാരിക്കും. അത് പിന്നെ ‘പള്ളിലെക്കാര്യം കര്‍‌ത്താവിനും അള്ളായ്ക്കും മാത്രം അറിയാവുന്നതായതിനാല്‍’ മറ്റുള്ളവര്‍ ശ്രദ്ധിക്കാറില്ല. സ്ക്കൂളിന്റെ എല്ലാ മുക്കിലും മൂലയിലും യഥേഷ്ടം കടന്നു ചെല്ലാന്‍ അനുവാദം അന്‍പത് കഴിഞ്ഞ ചാക്കോ മാഷിന് മാത്രം ഉള്ളതിനാല്‍ ‘ഹയര്‍ സെക്കന്ററി വിഭാഗവും ഹൈസ്ക്കൂള്‍ വിഭാഗവും തമ്മില്‍ വാര്‍ത്താവിതരണം’ നടക്കുന്നത് അദ്ദേഹത്തിലൂടെയാണ്. അതിനാല്‍ മോളിയുടെ വിശേഷങ്ങള്‍ ‘ഹൈസ്ക്കൂള്‍ സ്റ്റാഫ് റൂമിലെത്തുന്നത്‘ ചാക്കോ വഴിയാണ്.

അങ്ങനെ ഓണം വന്നു. പതിവു പോലെ അവധിക്ക് അന്യ ജില്ലക്കാര്‍ എല്ലാവരും നേരത്തെ വീട്ടിലേക്ക് യാത്രയായി; ഒപ്പം മോളി തോമസും. എന്നാല്‍ അവധി കഴിഞ്ഞ് പിന്നെയും മൂന്ന് ദിവസം കൂടി കഴിഞ്ഞാണ് അവര്‍ ഒരു ചെറുപ്പക്കാരന്റെ കൂടെ സ്ക്കൂളില്‍ പ്രവേശിക്കുന്നത്. അല്ലാ, ഇതിനിടയില്‍ സ്ക്കൂളില്‍ ആരെയും അറിയിക്കാതെ കക്ഷിയുടെ കല്ല്യാണവും കഴിഞ്ഞുവോ? ,, വിവരം അറിയാനുള്ള ആകാംക്ഷ കാരണം ഇരിപ്പുറക്കാത്ത ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ ചാക്കോമാസ്റ്ററെ ഹയര്‍ സെക്കന്ററി സ്റ്റാഫ് റൂമിലേക്ക് തള്ളിയിറക്കി. ചാക്കോമാസ്റ്റര്‍ അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നു. അത്‌ വരെ ക്ലാസ്സില്‍ പോകാതെ കാത്തിരുന്നവരെല്ലാം ചുറ്റും കൂടി. കാര്യം ഊഹിച്ചത് പോലെതന്നെ; എന്നാല്‍ വിവാഹം കഴിഞ്ഞിട്ടില്ല എന്നു മാത്രം. കൂടെ വന്ന സുന്ദരനായ പയ്യന്റെ പേര് ‘ആന്റണി’; ടീച്ചറുടെ ബന്ധുവാണ്, കളികൂട്ടുകാരനാണ്, കല്ല്യാണം തീരുമാനിച്ചതാണ്, പിന്നെ അങ്ങനെയുള്ള കൂട്ടത്തില്‍ ഒരു വിവരം കൂടി ഡ്രില്‍‌മാസ്റ്റര്‍ അറിഞ്ഞു. വിദ്യാഭ്യാസം കുറഞ്ഞ പണക്കാരനായ ആ ചെറുപ്പക്കാരനാണ് മോളി തോമസിനെ പഠിപ്പിച്ച് ടീച്ചറാക്കിയത്. ആ നല്ല ചെറുപ്പക്കാരന്‍ എല്ലാവരും നോക്കിനില്‍‌ക്കെ തിരിച്ചു പോകുമ്പോഴാണ് സ്ക്കൂളില്‍ ഒരു മുന്‍‌പരിചയക്കാരനെ കണ്ടത്; ഹൈസ്ക്കൂള്‍ ഇം‌ഗ്ലീഷ് അദ്ധ്യാപകനായ ആലപ്പുഴക്കാരന്‍ എണ്ണക്കറുപ്പ് നിറമുള്ള രാമചന്ദ്രന്‍ നായര്‍. രാമചന്ദ്രനെ പ്രതിശ്രുത വധുവിന് പരിചയപ്പെടുത്തിയിട്ടാണ് ആന്റണി തിരിച്ച് പോയത്.

അങ്ങനെ കൃസ്ത്‌മസ് പരീക്ഷയും അവധിയും അടുക്കാറായി. ഇതിനിടയില്‍ നമ്മുടെ രാമചന്ദ്രന്‍ നാലു തവണ സ്ക്കൂള്‍ ചെലവില്‍ സ്വന്തം വീട്ടില്‍ പോയി. അതായത് സ്ക്കൂളിലെ ചില കാര്യങ്ങളുടെ കുരുക്കഴിച്ച് ശരിയാക്കാന്‍ തലസ്ഥാനത്ത് പോകുന്ന വ്യക്തി രാമചന്ദ്രനാണ്. അയാള്‍ ഫയലുകളുമായി സെക്രറ്റേറിയറ്റ്, ഏജീസ് ഓഫീസ്, ഡിപിഐ ഓഫീസ്, അദിയായവ കറങ്ങി, മടക്കം ഫയലുമായി വരുമ്പോള്‍ സ്വന്തം വീട്ടിലും കയറിയിറങ്ങും. എന്നാല്‍ അടുത്ത കാലത്തായി മോളിയുടെ നിര്‍‌ദ്ദേശപ്രകാരം കോട്ടയത്തുള്ള ആന്റണിയുടെ വീട്ടിലും ഒന്ന് കയറും. അങ്ങനെ ടീച്ചര്‍‌ക്ക് ഭാവിവരന്റെ സമ്മാനങ്ങളുമായാണ് രാമചന്ദ്രന്റെ തിരിച്ചു വരവ്. അങ്ങനെ അവരുടെ അനുരാഗത്തിന് മൊബൈല്‍ ഫോണ്‍ കൂടാതെ രാമചന്ദ്രന്‍ എന്ന ഹംസം കൂടി കടന്നു വന്നു. ഈ ഇടപാടില്‍ ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ക്ക് അമര്‍‌ഷം ഉണ്ടെങ്കിലും മോളിയുടെ കാര്യമായതിനാല്‍ മൌനം വിദ്വാന്മാര്‍ ഭൂഷണമാക്കി. കൃസ്ത്‌മസ് പരീക്ഷ കഴിഞ്ഞു; എല്ലാവരും അവധി ആഘോഷിക്കാന്‍ വീട്ടിലേക്ക് യാത്രതിരിച്ചു.

പുതുവര്‍ഷം പിറക്കുന്ന ഒന്നാം തീയതി ഉത്തരക്കടലാസ് കെട്ടുമായി സ്ക്കൂളിലെത്തിയവരെ വരവേറ്റത് മോളി തോമസിന്റെ കല്ല്യാണ വാര്‍‌ത്തയാണ്. ഇതില്‍ അത്ഭുതപ്പെടുത്തിയത് സ്ക്കൂളില്‍ ആരെയും, ‘പ്രത്യേകിച്ച് കൃസ്ത്യാനിയായ ചാക്കോമാസ്റ്ററെ പോലും’ കല്ല്യാണത്തിന് ക്ഷണിച്ചില്ല, എന്നതാണ്. കല്ല്യാണം കഴിഞ്ഞതു കൊണ്ട് അവധിയായിരിക്കാം, ടീച്ചര്‍ എത്തിയിട്ടില്ല. കൂടുതല്‍ വിവരം അറിയാന്‍ മോളിയും ആന്റണിയുമായി അടുപ്പമുള്ള രാമചന്ദ്രന്റെ വരവിനായി എല്ലാവരും കാത്തുനിന്നു.

അപ്പോഴാണ് രാമചന്ദ്രന്‍ ഗേറ്റ് കടന്ന് വരുന്നത്; പിന്നാലെ പൂര്‍‌ണ്ണചന്ദ്രനെപ്പോലെ കസവുസാരിയും ആഭരണങ്ങളും ധരിച്ച മോളി തോമസിനെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സംശയവും ആശ്ചര്യവും ഇരട്ടിച്ചു. രാമചന്ദ്രനും മോളിയും നേരെ സ്ക്കൂള്‍ വരാന്തയിലേക്ക് വന്നു. തന്നെ നോക്കി നില്‍ക്കുന്ന സഹപ്രവര്‍‌ത്തകരോടായി രാമചന്ദ്രന്‍ പറഞ്ഞു, “ഒരാഴ്ച മുന്‍പ് എന്റെയും മോളിയുടെയും കല്ല്യാണം കഴിഞ്ഞു. കൃസ്ത്‌മസ് അവധിക്ക് ഒന്നിച്ചു പോയ ഞങ്ങള്‍ രജിസ്റ്റ്രാപ്പീസില്‍ വെച്ച് വിവാഹിതരായി. പിന്നെ ഞങ്ങള്‍ രണ്ട് പേരും ചേര്‍‌ന്ന് സ്ക്കൂളിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഒരു പാര്‍ട്ടി തരുന്നുണ്ട്“. ഇത്രയും പറഞ്ഞ്‌കൊണ്ട് മോളി തോമസ് ഹയര്‍‌സെക്കന്ററി ക്ലാസ്സിലേക്കും രാമചന്ദ്രന്‍ നായര്‍ ഹൈസ്ക്കൂള്‍ ക്ലാസ്സിലേക്കും പഠിപ്പിക്കാന്‍ പോയി.

21.6.09

14. അയാള്‍ കണക്ക് എഴുതുകയാണ്
നളിനി ഒന്നു ഞെട്ടി. കല്ല്യാണത്തിനു ശേഷം നളിനി ആദ്യമായി ഞെട്ടിയത് ആദ്യരാത്രി തന്നെയാണ്. വര്‍ഷങ്ങള്‍ അനേകം കഴിഞ്ഞിട്ടും ആ ഞെട്ടലിന്റെ ക്ഷീണം ഇപ്പോഴും നളിനിയെ പിന്തുടരുകയാണ്. ആദ്യരാത്രി മണിയറയിലേക്ക് മന്ദം മന്ദം കാലെടുത്തു വെച്ച നളിനി കാണുന്നത്; തന്നെ ശ്രദ്ധിക്കാതെ കണക്ക് എഴുതുന്ന ഭര്‍ത്താവിനെയാണ്.
മുറിയില്‍ കടന്ന് പരുങ്ങി നില്‍ക്കുന്ന അവളോട് കണക്ക് ബുക്കില്‍ നിന്ന് തല ഉയര്‍ത്താതെ അയാള്‍ പറഞ്ഞു,“നീയാ വാതിലടച്ച് ഇവിടെ വന്നിരിക്ക്, ഇന്നത്തെ കണക്കൊന്നെഴുതട്ടെ, അതിനു ശേഷം ഡയറി കൂടി എഴുതിയിട്ട് വേണം ഉറങ്ങാന്‍”.


അല്പ സമയം കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് വാതിലില്‍ മുട്ടി; അമ്മായിഅമ്മ ഒരു ഗ്ലാസ്സ് പാലുമായി നില്‍ക്കുന്നു. ഈ മുറിയിലേക്ക് കടത്തി വിടുമ്പോള്‍ പാലിന്റെ കാര്യം പറയാത്ത അമ്മ ഇപ്പോള്‍ പാല്‍-പുഞ്ചിരിയുമായി മുന്നില്‍ നില്‍ക്കുന്നു.
എഴുന്നേറ്റ് മുന്നില്‍ വന്ന മരുമകളെ കാണാത്ത ഭാവത്തില്‍ മകനു നേരെ ഗ്ലാസ്സ് നീട്ടി അവര്‍ പറഞ്ഞു,“മോനേ നീയെപ്പോഴും പാല് കുടിക്കുന്നതല്ലെ, കുടിച്ചിട്ട് ഗ്ലാസ്സ് താ..”
“ഓ അമ്മ പാലവിടെ വെക്ക്, ഞാനത് പിന്നെ കുടിച്ചോളാം“ മകന്‍ പറഞ്ഞു.
“അത് പറ്റില്ല; പാലിന്റെ ഗ്ലാസ്സ് കഴുകിയിട്ടു വേണം എനിക്ക് ഉറങ്ങാന്‍” അമ്മ വിടുന്ന മട്ടില്ല.
അവരുടെ പത്ത് മക്കളില്‍ മൂത്തവന്റെ -പാല് കുടിച്ച ഗ്ലാസ്സ്- കഴുകാതെ ജീവിതത്തില്‍ ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് മരുമകള്‍ മനസ്സിലാക്കണം. മകനെ പാല് കുടിപ്പിച്ച ശേഷം ഗ്ലാസ്സുമായി അമ്മായിഅമ്മ പുറത്ത് കടക്കുമ്പോള്‍ നളിനി ഒരു ഉഗ്രശപഥം ചെയ്തു,
… ‘തനിക്കു അവകാശമായി കിട്ടേണ്ട പകുതി പാലിനു പകരം അമ്മായിഅമ്മയെ വെള്ളം മാത്രമല്ല, കണ്ണീര്‍ കൂടി കുടിപ്പിക്കും’.


ആ ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനാണ് നളിനിയുടെ ഭര്‍ത്താവ്. പത്തു മക്കളില്‍ മൂത്തവന്‍. ഇപ്പോള്‍ നളിനി ഗ്രാമത്തിലെ ഒരേയൊരു ടീച്ചര്‍. ‘രണ്ടു പേരും ശമ്പളം വാങ്ങിയാല്‍ അത് സൂക്ഷിക്കാന്‍ അവര്‍ക്ക് എത്ര വലിയ പെട്ടി വേണ്ടി വരും’ എന്ന് ചിന്തിച്ച് ഉറങ്ങാതിരുന്ന നാട്ടുകാര്‍ അനവധിയുണ്ട്. ടീ.ടീ.സീ. കഴിഞ്ഞ് ജോലി കിട്ടിയ മുതല്‍ അദ്ദേഹം ഡയറി എഴുത്തും കണക്കെഴുത്തും ആരംഭിച്ചു. ഇക്കാര്യത്തില്‍ ആദര്‍ശപുരുഷന്‍ നമ്മുടെ മഹാത്മാഗാന്ധിയാണ്. ഈ കണക്കെഴുത്ത് ഒരു സ്ഥിരം ശീലമാക്കാന്‍ ഒരു കാരണം കൂടി ഉണ്ട്.

.
- നാട്ടിലുള്ള സ്ക്കൂളില്‍ ജോലി കിട്ടി ശമ്പളം വാങ്ങുന്ന കാലം. ചില ദിവസം വീട്ടില്‍ നിന്ന് പേഴ്സിലെ പണം കുറയുന്നതായി കണ്ടെത്തി. കുറയുന്നതാവട്ടെ ചെറിയ തുക മാത്രം; ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെ ആവാം. അന്ന് അഞ്ഞൂറ് രൂപ ശമ്പളം വാങ്ങുന്ന അദ്ധ്യാപകന് ഒരു രൂപക്ക് വലിയ വിലയാണ്. ഒരു ദിവസം കള്ളനെ കൈയ്യോടെ പിടികൂടി. സ്വന്തം പെങ്ങള്‍ തന്നെ; ഏട്ടന്‍ രാവിലെ കുളിക്കാന്‍ പോകുന്ന തക്കം നോക്കി അനിയത്തി പോക്കറ്റടിക്കുന്നു. അന്നു തൊട്ട് തുടങ്ങിയതാണ് വരവു ചിലവുകള്‍ അടങ്ങിയ ഈ കണക്കെഴുത്ത്.


പിന്നെ ‘ഡയറി’ - പഠിക്കുന്ന കാലത്ത് തന്നെ ഏതോ ഒരു അദ്ധ്യാപകന്‍ പറഞ്ഞത് കൃത്യമായി അനുസരിച്ചതാണ്. ഡയറി കൊണ്ട് ആ നാട്ടുകാര്‍ക്ക് ഒരു പാട് നേട്ടം ഉണ്ടായിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ആ നാട്ടിലുള്ള ജനനം, മരണം, കല്ല്യാണം എന്നിവയുടെ തീയ്യതികള്‍ കൃത്യമായി അറിയാന്‍ അദ്ദേഹത്തിന്റെ ഡയറി സഹായിച്ചിട്ടുണ്ട്.


നളിനി ജനവരി ഒന്നാം തീയ്യതി ഭര്‍ത്താവ് കൊടുത്ത പുതിയ ഡയറിയില്‍ പേരും അഡ്രസ്സും ശമ്പള സ്കെയിലും എഴുതി ചേര്‍ക്കും. പിന്നെ ഡിസമ്പര്‍ മുപ്പത്തി ഒന്ന് വരെ ആ ഡയറി സ്വന്തം ബാഗില്‍ വിശ്രമിക്കും. അതിനിടയില്‍ ചിലപ്പോള്‍ കുട്ടികളുടെ പേരും മാര്‍ക്കും എഴുതി ചേര്‍ക്കും. പണത്തിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലാത്ത നളിനിയുടെ ശമ്പളത്തിന്റെ കണക്ക് കൂടി ഭര്‍ത്താവ് എഴുതും. അതായത് ഒപ്പിട്ടു വാങ്ങിയ പണം നളിനി കൃത്യമായി ഭര്‍ത്താവിനെ ഏല്പിക്കും. അയാള്‍ അത് എണ്ണി നോക്കി കണക്ക് ബുക്കില്‍ ചേര്‍ക്കും. നളിനിക്ക് പണം ആവശ്യമായി വന്നാല്‍ ഭര്‍ത്താവ് കൊടുക്കും. സ്വന്തമായി വീടുവെച്ച് താമസിക്കുകയും മക്കള്‍ വലുതാവുകയും ചെയ്തപ്പോള്‍ ഭര്‍ത്താവിന് ചെറിയ മാറ്റം വന്നു. നളിനിക്ക് ഇഷ്ടം പോലെ പണം പേഴ്സില്‍ നിന്നോ മേശയില്‍ നിന്നോ എടുക്കാം. –‘ATM അക്കൌണ്ട് മോഡല്‍’-എന്നാല്‍ രാത്രി കണക്ക് എഴുതുമ്പോള്‍ ചെലവുകള്‍ കൃത്യമായി പറഞ്ഞ് ബാക്കി പണം തിരിച്ചു കൊടുക്കണം. ഇങ്ങനെ വരവു ചെലവുകള്‍ കൃത്യമായി എഴുതുന്നത് കൊണ്ട് അനേകം നേട്ടങ്ങള്‍ അവര്‍ക്ക് ഉണ്ടായിട്ടുണ്ട്. കണക്കിലൂടെ മുന്നോട്ടു പോകുന്ന മാതൃകാ കുടുംബം.


മാസശമ്പളം അഞ്ഞൂറില്‍ നിന്ന് അനേകം തവണ ഇരട്ടിച്ചു. എന്നിട്ടും മാഷിന്റെ കണക്കെഴുത്തിന് മാറ്റമൊന്നും വന്നില്ല. ആ കണക്കുകളില്‍ ആയിരങ്ങളും ലക്ഷങ്ങളും കടന്നുകൂടി. സിനിമയിലെ ബാലചന്ദ്രമേനോനെ പോലെ ഒരു രൂപയുടെ കണക്ക് കിട്ടാതെ ഉറങ്ങാതിരിക്കുമ്പോള്‍ നളിനി പറയും, ‘അത് ഞാന്‍ എടുത്തതാ, എന്റെ കണക്കില്‍ എഴുതിക്കോ’.


അതെ അയാള്‍ ഇന്നും പതിവു പോലെ കണക്ക് എഴുതാന്‍ തുടങ്ങി, ചെലവുകള്‍ ഓര്‍ക്കുകയാണ്, ‘ഇന്ന് ഒന്നാം തീയ്യതി രാവിലെ വീട്ടില്‍ വന്ന പ്രസീതക്ക് മാസക്കുറിയുടെ നൂറ് രൂപ നല്‍കി. പിന്നെ സ്ക്കൂളില്‍ പോയി വന്നു, ബസ് ചാര്‍ജ്ജ് എട്ട് രൂപ; പിന്നീട് മാര്‍ക്കറ്റില്‍ പോയി സുബൈറിന്റെ പലചരക്ക് കടയില്‍ നിന്ന് പച്ചക്കറി വാങ്ങി, എഴുപത്തിഅഞ്ച് രൂപ; കരീമിന്റെ പഴക്കടയില്‍ നിന്ന് നാരങ്ങയും പൂവന്‍ പഴവും വാങ്ങി, അറുപത്തി മൂന്ന് രൂപ; ഇന്ത്യന്‍ ബേക്കറിയില്‍ നിന്ന് കേയ്ക്ക് വാങ്ങി, നാല്പത്തി രണ്ട് രൂപ; പിന്നെ സഹീറിന്റെ മൊബൈല്‍ ഷോപ്പില്‍ നിന്ന് നളിനിയുടെ മൊബൈല്‍ റിചാര്‍ജ്ജ് ചെയ്തു,മുന്നൂറ്റിമുപ്പത്തിമൂന്ന് രൂപ; തിരിച്ചു വരുമ്പോള്‍ കുട്ടിരാമന്റെ ചായക്കടയില്‍ നിന്ന് ചായയും കടലയും കഴിച്ചത്, പതിനൊന്ന് രൂപ .


അങ്ങനെ എല്ലാം എഴുതി കണക്കു കൂട്ടി വരവില്‍ നിന്ന് ചലവുകള്‍ കുറച്ചപ്പൊള്‍ ബാക്കി പേഴ്സില്‍ മുന്നൂറ്റി എഴുപത്തി ആറ് രൂപ വേണം. പേഴ്സ് തുറന്ന് എണ്ണി നോക്കിയപ്പോള്‍ കൃത്യം ‘മുന്നൂറ്റി എഴുപത്തി ആറ്‘. അപ്പോള്‍ കണക്കുകള്‍ ഓക്കെ. ഇനി ഡയറി തുറക്കാം.


അങ്ങനെ അയാള്‍ കണക്ക് എഴുതുന്നതും പിന്നീട് ഡയറി തുറക്കുന്നതും നോക്കി നളിനി ഉറങ്ങാതെ കിടക്കുകയാണ്.

15.6.09

13. വിദ്യാര്‍ത്ഥിനിയുടെ കല്ല്യാണവും അദ്ധ്യാപികയുടെ നിരാഹാരവുംആരോടും പറയാത്ത, പറയാന്‍ കഴിയാത്ത ധാരാളം സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പറയാത്തതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്; ബന്ധുക്കളോട് പറഞ്ഞാല്‍ വഴക്ക് പറയും; സഹൃത്തുക്കളോട് പറഞ്ഞാല്‍ പരിഹസിക്കും. അങ്ങനെ ആരോടും പറയാതെ മനസ്സില്‍ ഒളിപ്പിച്ച എന്റെ മാത്രം സ്വന്തം ‘അമളികള്‍’ എല്ലാവരോടും വിളിച്ചു പറയാന്‍ സമയമായി എന്നു ഞാന്‍ അറിയുന്നു.


കല്ല്യാണപ്രായം …
അത് പെണ്ണിന് പതിനെട്ട്, ആണിന് ഇരുപത്തി ഒന്ന് …
മുപ്പതും മുപ്പത്തിഅഞ്ചും വയസ്സ് കഴിഞ്ഞിട്ടും കല്ല്യാണം കഴിയാത്തവര്‍ നമ്മുടെ നാട്ടില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഈ നിയമം ഇല്ലാത്ത കാലത്ത് മിക്കവാറും പെണ്ണിന്റെ പ്രായം പതിനെട്ടില്‍ താഴെ ആയിരിക്കും. സ്ക്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ വിവാഹം ഒരു സാധാരണ സംഭവമാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അതെ സ്ക്കൂളിലെ അദ്ധ്യാപകന്‍ കല്ല്യാണം കഴിച്ച സംഭവം പോലും ഉണ്ടായിരുന്നു. അങ്ങനെയുള്ള ഞാന്‍ പങ്കെടുക്കാനാഗ്രഹിച്ചെങ്കിലും എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ഒരു കല്ല്യാണ വിശേഷങ്ങളാണ് ഈ പോസ്റ്റ്.പഠിപ്പിക്കാനുള്ള യോഗ്യത ലഭിച്ചതിനു ശേഷം, പി എസ് സി കനിഞ്ഞ്, സര്‍ക്കാര്‍ ഹൈ സ്ക്കൂളില്‍ സേവിക്കാന്‍ ഭാ‍ഗ്യം ലഭിച്ചു. ജോലി കിട്ടിയത് വീട്ടില്‍ നിന്നും ‘വളരെ അകലെ’ എന്ന് പറയാം. കണ്ണൂര്‍ ജില്ലയില്‍ തന്നെയാ; പയ്യന്നൂരിന് സമീപം. എന്നാല്‍ വീട്ടുകാരും നാട്ടുകാരും ദൂരെയാണെന്ന് പറയുന്നു.. രാവിലെ 9 മണിക്ക് പുറപ്പെട്ടാല്‍ 12 മണിക്ക് സ്ക്കൂളില്‍ എത്തുന്നു. വൈകുന്നേരം 5 മണിക്ക് പുറപ്പെട്ടാല്‍ 7.30 ന് വീട്ടിലെത്തുന്നു. കാര്യം മനസ്സിലായോ?
... 2 ഷിഫ്റ്റ് ആയി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു. 12.30 മുതല്‍ 5pm വരെയാണ് എന്റെ ഷിഫ്റ്റ്. പിന്നെ 12 മണി നട്ടുച്ചയ്ക്ക് സ്ക്കൂളിലെത്തുന്നത്; സ്ക്കൂളിനു സമീപമുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനാണ്. അത് പിന്നെ ‘ബസ് യാത്ര’, ‘ഹോട്ടല്‍ ഭക്ഷണം' എന്നിവ മറ്റുള്ളവര്‍ ഒഴിവാക്കുന്നതാണെങ്കിലും എന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇവ രണ്ടുമാണ്. ഓ.. ഒരു കാര്യം പറയാന്‍ വിട്ടു.. വീടിനും സ്ക്കൂളിനും ഇടയില്‍ ഒരു മണിക്കൂര്‍ കാല്‍നടയാണ്; 9മണിക്ക് പുറപ്പെട്ടാല്‍ ഒരു മണിക്കൂര്‍ നടന്ന് വേണം കണ്ണൂരിലേക്കുള്ള ബസ്സില്‍ കയറാന്‍. അതായത് ‘നിത്യേന രണ്ട് മണിക്കൂര്‍ നടത്തം’. ‘പെട്ടെന്ന് ട്രാന്‍സ്ഫര്‍ കിട്ടും, ഭരിക്കുന്നത് നമ്മുടെ സര്‍ക്കാരാണ്’ എന്നൊക്കെ പറഞ്ഞാണ് ജോലിയില്‍ പ്രവേശിച്ചതെങ്കിലും ഏഴ് വര്‍ഷം കഴിഞ്ഞാണ് അവിടെ നിന്ന് പടി ഇറങ്ങിയത്.‘പുത്തനച്ചി പുരപ്പുറം തൂക്കും‘ എന്ന് പറഞ്ഞത് പോലെ മറ്റുള്ളവരുടെ പിരീഡുകൂടി കടം വാങ്ങി പഠിപ്പിക്കുന്ന കാലം. ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസം കഴിഞ്ഞു. ഓണപ്പരീക്ഷ അടുത്ത സമയം. ഒരു ദിവസം സ്ക്കൂളിന് സമീപമുള്ള ഒരു വീട്ടില്‍ നിന്ന് എല്ലാ അദ്ധ്യാപകരെയും കല്ല്യാണത്തിന് ക്ഷണിക്കാന്‍ രണ്ട് പേര്‍ വന്നു. കല്ല്യാണപ്പെണ്ണ് ഞങ്ങളുടെ സ്ക്കൂളിലെ പത്താം ക്ലാസ്സുകാരിയാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് അത്ഭുതമായി. എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി ബയോളജി പഠിക്കുന്ന പെണ്‍കുട്ടി. ക്ലാസ്സില്‍ ഞാന്‍ ‘പ്രത്യുത്പാദനം പഠിപ്പിക്കുന്നതിനു മുന്‍പ് തന്നെ’ അവള്‍ കല്ല്യാണം കഴിച്ച്, പോവുകയാണ്. എന്നാല്‍ വിവാഹത്തിനു ശേഷവും അവള്‍ സ്ക്കൂളില്‍ വരുമെന്ന് ക്ഷണിക്കാന്‍ വന്ന അവളുടെ അച്ഛനും സഹോദരനും ഉറപ്പ് പറഞ്ഞു. കാരണം പയ്യന്‍ അമ്മാവന്റെ മകനാണ്,(ഓ, മച്ചുനന്റെ അവകാശമാണല്ലൊ, എന്നാലിത് SSLC കഴിഞ്ഞിട്ട് പോരെ എന്നു ചോദിക്കാന്‍ തോന്നി) പിന്നെ ഒരു കാര്യം കൂടി പറയാം, ‘ഈ പത്താം ക്ലാസ്സില്‍ തന്നെ മുന്‍പേ വിവാഹിതകളായ രണ്ട് പെണ്‍കുട്ടികള്‍ കൂടി ഉണ്ട്‘. ഇതെല്ലാം വായിക്കുന്നവര്‍ക്ക് ‘ഒരു വലിയ സംശയം’കാണും. പഠിക്കുന്ന കാലത്ത് ചില മുസ്ലിം പെണ്‍ കുട്ടികള്‍ക്ക് കല്ല്യാണം നടക്കാറുണ്ടെങ്കിലും; ഇവിടെ കഴിഞ്ഞതെല്ലാം പയ്യന്നൂരിലെ അസ്സല്‍ നായര്‍ തറവാട്ടിലെ പെണ്‍കുട്ടികളാണ്.ശിഷ്യയുടെ കല്ല്യാണത്തിനു പോകാന്‍ എനിക്കു തീരെ താല്പര്യം തോന്നിയില്ല. എന്നാല്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ ഞാന്‍ മാത്രം എന്തിന് ഒഴിഞ്ഞു മാറണം; പോരെങ്കില്‍ പരീക്ഷാദിവസമാണ്, രാവിലെ പരീക്ഷ 12 മണിക്ക് അവസാനിക്കുമ്പോള്‍ ഉച്ച്യ്ക്ക് 2 മണിക്കാണ് ആരംഭിക്കുന്നത്. എല്ലാവരും 12 മണിക്ക് സ്ക്കൂളിലെത്തി ഒന്നിച്ച് കല്ല്യാണത്തിന് പോവാന്‍ തീരുമാനിച്ചു. അന്ന് ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കി സദ്യ ഉണ്ണാമല്ലൊ.
.
കല്ല്യാണ ദിവസം പതിവിലും അല്പം നേരത്തെ കൂട്ടത്തില്‍ നല്ല സാരിയും ധരിച്ച് വീട്ടില്‍ നിന്നും പുറപ്പെട്ടു. നാട്ടില്‍ നിന്നും ബസ്സ് കയറി കണ്ണൂരിലെത്തിയിട്ട് വേണം പയ്യന്നൂര്‍ ബസ്സില്‍ കയറാന്‍. ഞാന്‍ കയറിയ ബസ് മേലേചൊവ്വ എത്തി; അപ്പോള്‍ വരുന്നു, ഒരു ചുവപ്പന്‍ ജാഥ…. ഓ.. ഇവിടെ ഒന്നല്ല; രണ്ട് ചൊവ്വ ഉണ്ട്, ഒന്ന്: താഴെ ചൊവ്വ, രണ്ട്: മേലേ ചൊവ്വ.(രണ്ടും ഭൂമിയില്‍ തന്നെയാ) ജാഥ ചുവപ്പു കടലായി; തിരയടങ്ങാനുള്ള ഭാവമില്ല. അങ്ങനെ ഇരുന്നു,,,ഒരു മണിക്കൂര്‍.


എല്ലാ തിരയും അടങ്ങി, ഒടുവില്‍ സ്ക്കൂളിലെത്തിയപ്പോള്‍ സമയം ഒരു മണി. എന്നെ കണ്ട ഉടനെ പ്യൂണ്‍ ചോദിച്ചു, “ടീച്ചര്‍ കല്ല്യാണത്തിന് പോവുന്നില്ലെ?“
“ഇല്ല”
“എല്ലാവരും പന്ത്രണ്ടര വരെ ടീച്ചറെ കാത്തിരുന്നു. എല്ലാ ദിവസവും പന്ത്രണ്ട് മണിക്ക് വരുന്ന ടീച്ചര്‍ കല്ല്യാണത്തിന് പോവാന്‍ താല്പര്യമില്ലാത്തതു കൊണ്ടായിരിക്കാം ലെയിറ്റാവുന്നതെന്ന് മറ്റുള്ളവര്‍ പറഞ്ഞു”.
.
അതിന്‍ ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പതുക്കെ നടന്ന് ഒറ്റയ്ക്ക് സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് വിശപ്പ് തുടങ്ങിയത്. സാധാരണ ഭക്ഷണം കഴിക്കാറുള്ള ഹോട്ടല്‍ കല്ല്യാണവീടിനു സമീപമാണ്. കല്ല്യാണം പ്രമാണിച്ച് മിക്കവാറും അടച്ചിരിക്കാനാണ് സാധ്യത. മുന്‍പരിചയമില്ലാത്ത കല്ല്യാണവീട്ടില്‍ ഭക്ഷണത്തിനു മാത്രം പോവുക; അത് എനിക്ക് ശരിയായി തോന്നിയില്ല. അങ്ങനെ ഭക്ഷണത്തെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് ഭക്ഷണം കഴിക്കാതിരുന്നു.

… അങ്ങനെ രാത്രി ഏഴ് മണി വരെ.

… വീട്ടില്‍ എത്തിയപ്പോള്‍ അമ്മ കല്ല്യാണത്തെപ്പറ്റി ചോദിച്ചു.

ഞാന്‍ പറഞ്ഞു, “ഉഗ്രന്‍ കല്ല്യാണം; സദ്യ കേമം, സാമ്പാറും തൈരും പരിപ്പും നെയ്യും പപ്പടവും എല്ലാം കൂട്ടി തിന്നപ്പോള്‍ വയറ് നിറഞ്ഞു”.
.
അങ്ങനെ ജീവിതത്തില്‍ ഇതുവരെ ഭക്ഷണം ഉപേക്ഷിക്കാത്ത ഞാന്‍ ആദ്യമായി ഉച്ചപ്പട്ടിണിയുടെ രുചി അറിഞ്ഞു.

9.6.09

12. ഒരു ഫോണ്‍ ഇന്‍ ദുരന്തംനമ്മുടെ നാട്ടിലെ പ്രധാന വനിതാരത്നങ്ങളായ ‘നളിനിയും ലീലയും’ ബന്ധുക്കള്‍ മാത്രമല്ല, മിത്രങ്ങളും കൂടിയാണ്. പൊതുവെ ബന്ധുക്കള്‍ ശത്രുക്കളാവുന്ന കാലത്ത്, ഗ്രാമത്തിലെ എല്ലാ സ്ത്രീ-പുരുഷന്മാര്‍ക്കും അസൂയ വളര്‍ത്തുന്ന തരം സ്നേഹമായിരുന്നു, ഈ ബന്ധുക്കള്‍ തമ്മില്‍. ഇനി ബന്ധം പറയാം.
നളിനിയുടെ ഇളയ സഹോദരന്റെ ഭാര്യയാണ് ലീല. രണ്ട് പേരും സ്വന്തമായി വീട് വെച്ച് കുടുംബസമേതം താമസിക്കുന്നു. നളിനിയും ഭര്‍ത്താവും അദ്ധ്യാപകരാണ്, അവര്‍ക്ക് രണ്ട് ആണ്‍മക്കള്‍. ലീലയും ഭര്‍ത്താവും സര്‍ക്കാര്‍ സര്‍വീസിലെ ക്ലാര്‍ക്കുമാരാണ്, അവര്‍ക്ക് രണ്ട് പെണ്‍മക്കള്‍. നളിനിക്ക് മറ്റ് സഹോദരങ്ങള്‍ ഉണ്ടെങ്കിലും ലീല മാത്രമാണ് എല്ലാ ബന്ധുക്കളുമായി ബന്ധം നിലനിര്‍ത്തിയത്. നളിനിയുടെ അമ്മ ലീലയോട് അമ്മായിഅമ്മപ്പോര് കാണിക്കുന്നതില്‍ മിടുക്കിയാണ്. എന്നാല്‍ അത് ചോദ്യം ചെയ്യുന്നത് അവരുടെ മകള്‍ നളിനി തന്നെ ആയിരിക്കും. ബന്ധുക്കളുടെ എല്ലാ പൊതു ആഘോഷങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന നളിനി-ലീലമാര്‍ അത് ഒരു കുടുംബസംഗമം ആക്കി മാറ്റാറുണ്ട്. മറ്റു ബന്ധുക്കളോട് തമാശ പറയാനും സ്വതന്ത്രമായി സംസാരിക്കാനും ലീലയുടെ കഴിവ് അപാരമാണ്. അങ്ങനെ അളിയന്മാരും പെങ്ങന്മാരും ചേര്‍ന്ന അടിപൊളി ലോകം.
അങ്ങനെയിരിക്കെ ഒരു മഹാസംഭവം നടന്നു.നളിനിയുടെ ഭര്‍ത്താവ് മുപ്പത്തിമൂന്ന് കൊല്ലത്തെ മഹത്തായ അദ്ധ്യാപന ജീവിതത്തിന് ശേഷം പെന്‍ഷന്‍ പറ്റി. പെന്‍ഷനായാല്‍ പുരുഷന്മാര്‍ നാട്ടിലും സ്ത്രീകള്‍ വീട്ടിനുള്ളിലും നിറഞ്ഞു കവിഞ്ഞു നില്‍ക്കണമെന്നാണ് അലിഖിത നിയമം. ഇവിടെയും നിയമം അതേപടി പാലിക്കപ്പെട്ടു. ഏപ്രില്‍ ഫൂള്‍ ദിവസം മുതല്‍ നളിനിയുടെ ഭര്‍ത്താവ് ഇതുവരെ കടന്നു ചെല്ലാത്ത പാര്‍ട്ടിയാപ്പിസിലും പൊതുസ്ഥലത്തും പഞ്ചായത്ത് യോഗ സ്ഥലത്തും കലാ സാംസ്ക്കാരിക ക്ലബ്ബുകളിലും വയോജന കേന്ദ്രങ്ങളിലും നിത്യ സന്ദര്‍ശ്ശകനായി മാറി. ഒടുവില്‍ തനിക്ക് പറ്റിയത് കലാ സാംസ്ക്കാരികമാണെന്ന് തിരിച്ചറിഞ്ഞ് അവിടെ സ്ഥിരവാസിയായി മാറി.
പെന്‍ഷനായി മറ്റുജോലിയൊന്നും ചെയ്യാനില്ലാത്ത ആള്‍ പ്രവര്‍ത്തനം ഏറ്റെടുത്തതോടെ അത് വരെ ഉറങ്ങിക്കിടന്ന ഗ്രാമത്തിലെ കലാസാംസ്ക്കാരിക ക്ലബ്ബ് വികസിക്കാന്‍ തുടങ്ങി. നാട്ടിലുള്ള സീനിയര്‍ സിറ്റിസണ്‍സ് മുതല്‍ കുട്ടികള്‍ വരെ ക്ലബ്ബില്‍ ചേര്‍ന്ന് വാര്‍ഷികവും പഠനക്കളരിയും വാരാന്ത്യ യോഗങ്ങളും കലാമേളകളും കായികമേളകളും തുടങ്ങി. ചില പ്രാദേശിക ചാനലുകാരെ സോപ്പിട്ടപ്പോള്‍ ക്ലബ്ബിന്റെ പരിപാടികള്‍ ചാനലില്‍ വരാന്‍ തുടങ്ങി. നളിനിയുടെ ഭര്‍ത്താവാണെങ്കില്‍ ‘ഫ്ലാഷ് കണ്ടാല്‍ ഓടി വന്ന് മുഖം കാണിക്കുന്ന’ സ്വഭാവമാണ്. വല്ലപ്പോഴും പത്രത്തില്‍ ഫോട്ടൊ വന്നാല്‍ അത് നാലാളെ കാണിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്യുന്ന കക്ഷിയാണ്. ക്ലബ്ബ് പരിപാടികള്‍ കൂടുതല്‍ ചാനലുകളില്‍ വരാനും അതോടൊപ്പം സ്വയം പ്രത്യക്ഷപ്പെടാനും അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കവേയാണ് സംഭവം നടന്നത്.
ക്ലബ്ബിന്റെ വാര്‍ഷികം നടന്ന ദിവസം മുതല്‍ നളിനിയുടെ ഭര്‍ത്താവ് വളരെ സന്തോഷത്തിലാണ്. കാരണം പത്രങ്ങളില്‍ വാര്‍ത്തയും ഫോട്ടോയും വന്നിട്ടുണ്ട്. ഫോട്ടോയുടെ മൂലയില്‍ അദ്ദേഹത്തിന്റെ മുഖവും പതിഞ്ഞിട്ടുണ്ട്. പ്രാദേശിക ചാനലില്‍ വാര്‍ത്തയും ലൈവ് ആയി സ്റ്റേജ് പരിപാടിയും കാണിക്കുന്നുണ്ട്. പത്രവാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കെ ഒരു ദിവസം വൈകുന്നേരം അഞ്ച് മണി ആയപ്പോള്‍ നളിനിയുടെ വീട്ടിലെ ലാന്റ്ഫോണ്‍ മണിയടിച്ചു. ഫോണ്‍ എടുത്തത് ഭര്‍ത്താവ് തന്നെ. അപ്പോള്‍ ഒരു കിളിനാദം;
“ഹലോ നിങ്ങള്‍ ക്ലബ്ബിന്റെ സെക്രട്ടറി റിട്ടയേര്‍ഡ് അദ്ധ്യാപകനല്ലേ?” തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരും ക്ലബ്ബിന്റെ പേരും കിളി പറഞ്ഞു.
“നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ ഞാന്‍ തന്നെയാണ്. എന്താണ് വിളിച്ചത്?”
“ഞങ്ങള്‍ വിളിക്കുന്നത് ഏഷ്യാനറ്റ് ടീവിയുടെ ഫോണ്‍ ഇന്‍ പ്രോഗ്രാമിലേക്കാണ്. നിങ്ങളുടെ ക്ലബ്ബ് പരിപാടികള്‍ അടിപൊളിയാണെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നെ വീട്ടിലാരൊക്കെയുണ്ട്?”. കിളിനാദം ചെവിയില്‍ ചോദ്യം തൊടുത്തു.
“അത് പിന്നെ നമ്മുടെ നാട്ടില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കലാ സാംസ്ക്കാരിക പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കെടുക്കുന്നത്…”. അദ്ദേഹം സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടി.
“ശരി, ഏതു പാട്ടണ് വേണ്ടത്?” കിളിയുടെ ചോദ്യം.
“എനിക്കിഷ്ടം കായലരികത്ത് വലയെറിഞ്ഞപ്പോള്‍” ഇഷ്ടപ്പെട്ട പാട്ട് ഉടനെ മാസ്റ്റര്‍ പറഞ്ഞു.
“എന്താ ആരെയെങ്കിലും വലയെറിയാന്‍ തോന്നുന്നുണ്ടോ? ശരി പാട്ടു വെക്കാം. നാളെ ഇത് ടീവിയില്‍ കാണാം” ഇതും പറഞ്ഞു കിളിനാദം ഒരു പൊട്ടിച്ചിരിയോടെ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
ആ പൊട്ടിച്ചിരിയില്‍ എന്തോ പന്തികേട് തോന്നിയെങ്കിലും ഫോണ്‍ ഇന്‍ പരിപാടിയെപറ്റി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞു.
പിറ്റേദിവസം ഒരു ഞായറാഴ്ചയാണ്. അന്ന് വൈകുന്നേരം സഹോദരനും (ലീലയുടെ ഭര്‍ത്താവ്) ഇളയ മകളും നളിനിയുടെ വീട്ടില്‍ വന്നു. ചായ കുടിക്കുന്നതിനിടയില്‍ അളിയന്‍ പറഞ്ഞു
“ ഇപ്പോഴും ഈ ഏട്ടന് ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതാണെന്നറിയുമോ?”
“അത് കായലരികത്ത് തന്നെ” ഉടനെ മകള്‍ ഉത്തരം നല്‍കി.
“ഇന്നലെ ഏഷ്യാനറ്റ് ടീവി ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തിയത് ഇവളുടെ അമ്മ ലീലയാണ്, എന്നാലും ശബ്ദം കേട്ട് അളിയന്‍ തിരിച്ചറിഞ്ഞില്ലല്ലൊ, ഞങ്ങള്‍ ഇന്നലെ മുഴുവന്‍ ചിരിയായിരുന്നു”.
...
അപ്പോള്‍ അതാണ് കാര്യം. സ്വന്തം ഭര്‍ത്താവിനു പറ്റിയ അമളി കേട്ട് നളിനി പൊട്ടിച്ചിരിച്ചു. എന്നാല്‍ നളിനിയുടെ ഭര്‍ത്താവിന് പെട്ടെന്ന് ദേഷ്യമാണ് വന്നത്. ‘തന്നെക്കാള്‍ പ്രായം കുറഞ്ഞ അളിയന്റെ ഭാര്യ തന്നെ പറ്റിക്കുക, അതും അനേകം കുട്ടികളെ പഠിപ്പിച്ച ഒരു റിട്ടയേര്‍ഡ് അദ്ധ്യാപകനെ കളിപ്പിക്കുക’ അദ്ദേഹത്തിന് സഹിക്കാനായില്ല.
“നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ പറ്റിക്കുകയാണ്; അതും ഇത്രയും പ്രായമുള്ള എന്നെ” പെട്ടന്നുള്ള ഭാവമാറ്റം കണ്ട് എല്ലാവരും ഞെട്ടി.
“അത് പിന്നെ ഏട്ടാ അവള്‍ ഒരു തമാശക്ക്; സാധാരണ നിങ്ങളും ലീലയും ധാരാളം തമാശ പറയാറില്ലെ” അളിയന്‍ രംഗം ശാന്തമാക്കാന്‍ പറഞ്ഞു.
“തമാശ പറഞ്ഞു ചിരിക്കാന്‍ ഞാനെന്താ കൊച്ചു കുട്ടിയാണോ? പിന്നിട് അത് പറഞ്ഞ് എന്നെ പരിഹസിച്ച് ചിരിക്കുക. ഇനി മുതല്‍ നീയുമായി ഒരു ബന്ധവും വേണ്ട; ഇവിടെ നിന്ന് ഇനി ആരും നിന്റെ വീട്ടില്‍ വരില്ല”.
അങ്ങനെ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കോമഡി, നിരോധനാജ്ഞ എന്ന ട്രാജഡിയില്‍ അവസാനിച്ചു.
ദിവസങ്ങള്‍ കൊഴിഞ്ഞു വീണു. ആ നിരോധനാജ്ഞ പിന്‍വലിക്കാനായി നളിനി ഭര്‍ത്താവിനെ സോപ്പിട്ടു; രക്ഷയില്ല. പിന്നെ വാഷിങ്ങ് പൌഡറിട്ടു; രക്ഷയില്ല. കടയില്‍ കിട്ടാവുന്ന വില കൂടിയ ക്രീമുകളും പലതരം എണ്ണകളും ഉപയോഗിച്ചു; എല്ലാം കഷണ്ടിത്തലയില്‍ മരുന്ന് തേച്ചതു പോലെ ഫലമില്ലാ‍തായി. ആ ഫോണ്‍ ഇന്‍ ദുരന്തം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം sms,e-mail,chatting ആദിയായവ ഇന്നും പച്ചപിടിച്ചുകൊണ്ടേയിരിക്കുന്നു..

..
പിന്‍ കുറിപ്പ്:

  1. അദ്ധ്യാപകരോട് ‘പ്രത്യേകിച്ച് റിട്ടയര്‍ ചെയ്തവരോട്’ കോമഡി പറയാന്‍ പാടില്ല.
  2. കോമഡി കാരണം ഒരു വ്യക്തിക്ക് അമളി പറ്റിയാല്‍ ആ വ്യക്തിയോട് മാത്രം അക്കാര്യം മിണ്ടാന്‍ പാടില്ല.(ആ വ്യക്തി ഒഴികെ മറ്റ് എല്ലാവരോടും പറഞ്ഞ് ചിരിക്കാം).
  3. കോമടി പറയുന്നവര്‍ ശ്രദ്ധിക്കുക; അത് ട്രാജടിയാവാതെ നോക്കണം.

2.6.09

11. കല്ല്യാണ തന്ത്രങ്ങള്‍നമ്മുടെ ഗ്രാമത്തില്‍നിന്നും ആദ്യമായി ആണ്‍മക്കളെ ദുബായില്‍ അയക്കുകയും അതോടൊപ്പം ആദ്യമായി ആകാശയാത്ര നടത്തുകയും ചെയ്ത; അങ്ങനെ നാട്ടിലെ ഏറ്റവും വലിയ പണക്കാരി ആയി മാറിയ -‘ആകാശവാണി’-യുടെ രണ്ട് പെണ്മക്കളുടെയും കല്ല്യാണം ‘പുര നിറഞ്ഞു കവിയുന്നതിനു മുന്‍പ്‘ തന്നെ കഴിഞ്ഞു. എന്നാല്‍ രണ്ട് ആണ്മക്കളുടെ കല്ല്യാണക്കാര്യത്തില്‍ അവര്‍ വലിയ തിരക്ക് കാണിച്ചില്ല. അവരുടെ കല്ല്യാണത്തെപറ്റി ചോദിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു മറുപടി ഉണ്ട്. ‘എന്നെ ഇവിടെ കല്ല്യാണം കഴിച്ചുകൊണ്ടു വരുമ്പോള്‍ അങ്ങേര്‍ക്ക് വയസ്സ് മുപ്പത്തി ആറാണ്, ആണ്‍പിള്ളേരായാല്‍ മുപ്പത്തിഅഞ്ച് കഴിയാതെ കല്ല്യാണം പാടില്ല’. ‘പിന്നെ ഇരുപത്തിനാലും ഇരുപത്തിമൂന്നും വയസ്സുള്ള പയ്യന്മാരെകൊണ്ട് പെണ്മക്കളെ കെട്ടിച്ചത് ശരിയാണോ?’ എന്ന് ചോദിക്കാന്‍ നാട്ടുകാര്‍ക്ക് ധൈര്യം വരാറില്ല. ആണ്‍ മക്കള്‍ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ അവര്‍ പുരപൊളിച്ച് നാട്ടില്‍ നിറയാതെ നോക്കാന്‍ എസ്ക്കോര്‍ട്ടായി അമ്മ എപ്പോഴും കൂടെ കാണും.
രണ്ട് ആണ്മക്കളില്‍ ഇളയവന് പ്രായം മുപ്പത്; അവന്‍ സ്വഭാവത്തില്‍ ആകാശവാണിയുടെ തനിപകര്‍പ്പാണ്. അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവന്‍. ദുബായില്‍ നിന്ന് നാട്ടില്‍ വന്നാല്‍ അവന് കുറച്ചൊക്കെ സ്വാതന്ത്ര്യം ഉണ്ട്. നാട്ടുകാരെ പറ്റിക്കാന്‍ അവന്‍ മിടുക്കനാണ്. മൂത്തവന് പ്രായം മുപ്പത്തിമൂന്ന്; സ്വഭാവം ഇളയവന്റെ നേരെ എതിരാണ്; സങ്കടപ്പെടുന്നവരെ കണ്ടാല്‍ അവനും സങ്കടം വരും. ചോദിക്കുന്നവര്‍ക്ക് കൈയിലുള്ളത് കൊടുക്കും. പണ്ട് ദാഹിക്കുമ്പോള്‍ വെള്ളം കോരിക്കുടിച്ച കിണറിനെയും വിശന്നപ്പോള്‍ കഞ്ഞി കൊടുത്ത മുത്തശ്ശിമാരെയും അവന് ഓര്‍മ്മയുണ്ട്. അത് കൊണ്ട്തന്നെ തോന്നിയപോലെ നാട്ടില്‍ നടക്കാനുള്ള സ്വാതന്ത്ര്യം ആകാശവാണി അവന് കൊടുത്തിട്ടില്ല. അവന്‍ പോകുന്നത് ‘കല്ല്യാണത്തിനായാലും കടപ്പുറത്തായാലും തെയ്യം കാണാനായാലും’ കൂടെ അമ്മ ഉണ്ടാവും. അവനെക്കണ്ട് അടുത്തു വരുന്ന ചെറുപ്പക്കാരികള്‍ അമ്മയെ കണ്ട് അകന്ന് പോകും.

….
അങ്ങനെയിരിക്കെ ഒരു ദിവസം ഉറക്കം വരാതെ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആകാശവാണിക്ക് ഒരു പെട്ടെന്ന് ഒരു തോന്നല്‍. അടുത്ത അവധിക്ക് നാട്ടില്‍ വന്നാല്‍ രണ്ട് ആണ്‍മക്കളെയും പെണ്ണ് കെട്ടിക്കണം. പിന്നെ മൂന്നു ദിവസം ആലോചിച്ച് കല്ല്യാണം പ്ലാന്‍ ചെയ്തു. മൂന്നാം ദിവസം രാത്രി രണ്ട് മണിക്ക് കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി കല്ല്യാണപ്രഖ്യാപനം നടത്തി. ഇളയവന്റെ വധു, അവന്റെ അച്ഛന്റെ പെങ്ങളുടെ മകള്‍ (മരുമകള്‍, മുറപ്പെണ്ണ്), മൂത്തവന് ഏതെങ്കിലും പെണ്ണിനെ കണ്ടു പിടിക്കുക. ഒരേ ദിവസം രണ്ട് കല്ല്യാണം.


ഉറക്കച്ചടവില്‍ കണ്ണും തിരുമ്മി കെട്ടിയവന്‍ ചോദിച്ചു,“മൂത്ത മരുമകള്‍ മൂത്തവന്, അതല്ലെ പണ്ടേ പെങ്ങള്‍ പറയുന്നത്, മുറപ്പെണ്ണല്ലെ,”

“അങ്ങനെയല്ല, ഇളയവളെ ഇളയവന്. അതാണ് എന്റെ തീരുമാനം. പിന്നെ മൂത്തവള്‍ കൂടുതല്‍ പഠിച്ചവളായതിനാല്‍ അവളെ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വന്ന് കല്ല്യാണം കഴിക്കും” ഭാര്യ തിരുത്തി.
ആ തീരുമാനം തീരുമാനിച്ചത് തന്നെയാണെന്നറിഞ്ഞ ഭര്‍ത്താവ് വീണ്ടും ഉറങ്ങാന്‍ തുടങ്ങി.

എന്നാല്‍ ഭാര്യ ഉറങ്ങാതെ കിടന്ന് ആലോചിക്കുകയാണ്; ‘ആണ്മക്കള്‍ രണ്ടും കല്ല്യാണം കഴിച്ചാല്‍, അതോടെ അമ്മായിഅമ്മപോര് തുടങ്ങും. പെങ്ങളുടെ മൂത്ത മകള്‍ അല്പം പഠിച്ചവളാണ്; അവള്‍ക്ക് അനുസരണാശീലം കുറവാണ്. കാര്യങ്ങളിലൊന്നും ഇടപെടാത്ത ഇളയവളെ; തന്റേടമുള്ള, തന്റെ ഇളയ മകനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കുന്നതാണ് നല്ലത്. പ്രധാന ലക്ഷ്യം ഒന്ന് മാത്രം: ഭര്‍ത്താവിന്റെ ‘ആ വലിയ തറവാട് വീട്’; സ്വത്ത് വീതം വെച്ചപ്പോള്‍ പെങ്ങള്‍ സ്വന്തമാക്കിയ ആ വീട്, കൈക്കലാക്കണം.


അമ്മയുടെ തീരുമാനം ‘എയര്‍മെയിലായി’ ദുബായില്‍ എത്തി. (അന്ന് തപ്പാലാപ്പീസുകളുടെ സുവര്‍ണ്ണ കാലം) ഒരു മാസം കഴിഞ്ഞപ്പോള്‍ മക്കള്‍ രണ്ടും വീട്ടിലേക്ക് പറന്ന് വന്നു. പിന്നെ ഒരാഴ്ച പെണ്ണുകാണല്‍ ആഘോഷം. ഇളയവന്റെ പെണ്ണ് ‘ഓക്കെ’ യാണെങ്കിലും മൂത്തവന്റെത് അമ്മയും മകനും ചേര്‍ന്ന് നാട് മുഴുവന്‍ നടന്നിട്ടും ശരിയാവണില്ല. പെണ്ണിന് സൌന്ദര്യം പോരാ, വണ്ണം പോരാ, സ്വഭാവം മോശം, ആങ്ങളമാര്‍ കൂടുതല്‍, പഠിപ്പ് കൂടുതല്‍, സ്വത്ത് കൂടുതല്‍ , ആദിയായ കുറ്റങ്ങള്‍ പറഞ്ഞ് അമ്മ ഒഴിവാക്കുകയാണ്. എല്ലാം ശരിയായാല്‍ പെണ്‍ വീട്ടുകാര്‍ അവരെ ഒഴിവാക്കും.
.
ഒടുവില്‍ മകന്‍ ചോദിച്ചു, “അമ്മ ഏത് തരം പെണ്ണിനെയാണ് ഇഷ്ടപ്പെടുക?”
.
“മോനേ നമ്മളെ അനുസരിക്കുന്ന സുന്ദരിയായ പാവപ്പെട്ട ഒരു പെണ്ണിനെയാണ് നമുക്ക് ആവശ്യം”

...
ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നു, ഒന്നല്ല-അഞ്ച് പെണ്‍കുട്ടികളുള്ള വീട്ടില്‍- അവരില്‍ മൂത്തവളുടെ മാത്രം കല്ല്യാണം കഴിഞ്ഞിട്ടുണ്ട്. ബാക്കി നാലും, ഇരുപത് മുതല്‍ മുപ്പത് വരെ വയസ്സുള്ള സുന്ദരിമാര്‍ പുര നിറഞ്ഞ് നില്പാണ്. (കുടുംബാസൂത്രണം പച്ച പിടിക്കാന്‍ തുടങ്ങുന്ന കാലത്ത് ഒരാണ്‍തരിയെ കിട്ടാനായി അഞ്ച് പെണ്ണിനെ പ്രസവിച്ചതാണ്) അമ്മയും മകനും ചേര്‍ന്ന് നാല് സുന്ദരിമാരെയും കണ്ടതിനു ശേഷം പെണ്ണിന്റെ അച്ഛനോടായി അമ്മ പറഞ്ഞു.

“ഇതില്‍ ഏറ്റവും ഇളയവളെ എന്റെ മകന് ഇഷ്ടമാണ്, അഞ്ച് ദിവസത്തിനുള്ളില്‍ കല്ല്യാണം വേണം, സ്വര്‍ണ്ണം അധികം വേണ്ട, അധികം ആര്‍ഭാടങ്ങളും വേണ്ട”.
.
“മൂത്തവര്‍ നില്‍ക്കെ അതെങ്ങനെ ശരിയാവും? പിന്നെ ചെറുക്കന്‍ ഒന്നും പറഞ്ഞില്ലല്ലോ;” പെണ്ണിന്റെ അച്ഛന് സംശയമായി.
.
“അതെയ് ഞാന്‍ പറയുന്നതാണ് എന്റെ മകന്റെ ഇഷ്ടം. നിങ്ങള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ വിവരം അറിയിക്കുക”
.
പിതാവ് ആലോചിച്ചു,‘ഏതായാലും സമ്മതിക്കുക തന്നെ; നാലില്‍ ഒരാളുടെയെങ്കിലും കല്ല്യാണം കഴിയുന്നത് ആശ്വാസമാണ്. അതും ഒരു ഗള്‍ഫ് കാരന്റെ ഭാര്യയായിട്ട്’.
.
പുറത്തിറങ്ങിയ ഉടനെ മകന്‍ അമ്മയോട് ചോദിച്ചു,
“മൂത്തവര്‍ മൂവരെയും ഒഴിവാക്കി എന്റെ അമ്മ ഏറ്റവും ഇളയവളെ ചോദിച്ച്ത് ശരിയാണോ?” അമ്മ മകനെ ഒന്നു നോക്കി, പിന്നെ പറഞ്ഞു;
.
“ഇതുതന്നെയാണ് കാര്യം. കല്ല്യാണം കഴിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ എന്റെ മകന്‍ അമ്മയോട് ശരിയും തെറ്റും ചോദിക്കുന്നു.... അപ്പോള്‍ പിന്നെ, എടാ ആ മൂത്ത പെണ്‍പിള്ളേര്‍ക്ക് വിദ്യാഭ്യാസം കൂടുതലാണ്, കോളേജില്‍ പടിച്ചവരാ. അത് കൊണ്ട് വിവരം കൂടും, പിന്നെ ഞാന്‍ കണ്ട ഇളയ പെണ്ണ് പത്തില്‍ തോറ്റതാ; എന്നെയും നിന്നെയും അനുസരിക്കുന്ന പെണ്ണിനെയാ നമുക്ക് വേണ്ടത്. അവര്‍ പാവപ്പെട്ട കുടുംബമാണ്. ആവശ്യം നമ്മുടെതാണ് , അത് കൊണ്ട് നമ്മുടെ ഇഷ്ടമാണ് നടക്കേണ്ടത്”.
തിരിച്ച് വീട്ടിലെത്തുന്നത് വരെ മകന്‍ അമ്മയുടെ തന്ത്രങ്ങള്‍ ആലോചിച്ച് ആശ്ചര്യപ്പെട്ടു.

അങ്ങനെ ആകാശവാണിയുടെ രണ്ട് ആണ്മക്കളുടെയും വിവാഹം ഒരേ ദിവസം നടന്നു. ഭാര്യമാര്‍ക്ക് സ്വപ്നങ്ങളും അമ്മയ്ക്ക് രണ്ട് സഹായികളെയും നല്‍കി ഒരാഴ്ചക്കു ശേഷം രണ്ട് ആണ്‍മക്കളും ഗള്‍ഫിലേക്ക് പറന്നു. ഇങ്ങനെ ആകാശവാണീചരിതം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു..