17.6.15

നാടൻ‌പാലും നാട്ടുപ്രമാണിയും

                  നാട്ടുപ്രമാണിമാർ ഉപയോഗിക്കുന്നത് പാല്‌രാജന്റെ നാടൻ‌പാൽമാത്രം ആയതിനാൽ അതിന്റെ ഗുണം നമ്മുടെ നാട്ടിലെങ്ങും പ്രസിദ്ധമാണ്. ഗ്രാമങ്ങളുടെ ഹൃദയഭാഗങ്ങളിൽ കയറിയിറങ്ങിയിട്ട് നാടൻ‌പശുവിന്റെ നാടൻ‌പാൽ വെള്ളം‌തൊടാതെ വൃത്തിയുള്ള പാത്രത്തിൽ ശേഖരിച്ച് കൊണ്ടുവരുന്നതായി അറിയപ്പെടുന്നതിനാൽ അതുവാങ്ങാനായി അടുക്കള അടച്ചുപൂട്ടിയിട്ട് വീട്ടമ്മമാർ രാജനുമുന്നിൽ ക്യൂ നിൽക്കും. പ്ലാസ്റ്റിക്ക്‌കവറിലെ പാൽ ഒരുകാലത്തും ഉപയോഗിക്കില്ല എന്ന് ദൃഢപ്രതിജ്ഞചെയ്ത നമ്മുടെ നാട്ടുകാർക്ക് രാജന്റെ നാടൻ‌പാൽ കിട്ടിയില്ലെങ്കിൽ നേരം പുലരില്ല എന്നാണ് അനുഭവം ഗുരു.

               അങ്ങനെയിരിക്കെ ഒരുദിവസം രാത്രി പാല്‌രാജൻ ഓട്ടോകുമാരനെ ഫോൺ‌ചെയ്തു,
“നാളെരാവിലെ അഞ്ചുമണിക്ക് ഓട്ടോയുമായി വീട്ടിൽ‌വരണം, രണ്ടു മണിക്കൂർ ഓട്ടം പോവാനുണ്ട്”
“ശരി, കൃത്യം അഞ്ചുമണിക്ക് നിന്റെ വീട്ടിനുമുന്നിൽ ഹാജർ,,,”

               പിറ്റേന്ന് രാജന്റെ വീടിനുമുന്നിൽ ഓട്ടോ എത്തിയപ്പോൾ വലിയ പാൽ‌‌പാത്രവുമായി രാജൻ മുന്നിൽ,
“എന്റെ പാല്‌വണ്ടി വർക്ക്‌ഷാപ്പിലാ,,, അതുകൊണ്ട് ഇന്നത്തെ പാല്‌വിതരണം നിന്റെ ഓട്ടോയിലാണ്”
           രാജന് സന്തോഷം തോന്നി, രാവിലെതന്നെ നല്ലൊരു ഓട്ടം, ഒപ്പം പാല്‌വാങ്ങാൻ വരുന്ന പെണ്ണുങ്ങളെ കാണുകയും ചെയ്യാം. പാൽ‌പാത്രം ഓട്ടോയിൽ കെട്ടിയുറപ്പിച്ച രാജൻ വീട്ടിനകത്തുപോയിട്ട് ബക്കറ്റുമായിവന്ന് പൈപ്പിനു ചുവട്ടിൽ വെച്ചശേഷം ടാപ്പ് തുറന്നു. കുമാരനാകെ സംശയം,
“രാജാ, പാത്രം വണ്ടിയിൽ ഫിറ്റ് ചെയ്യുന്നതിനു മുൻപെയല്ലെ കഴുകേണ്ടത്? ഇതിപ്പം വണ്ടി നനയുമല്ലൊ?”
“കുമാരാ ഇന്ന് കാണുന്നതൊന്നും ചോദിക്കാൻ പാടില്ല, പറയാനും പാടില്ല, കേട്ടോ?”
അതിനിടയിൽ ബക്കറ്റിലെ വെള്ളത്തിൽ‌നിന്ന് മുഖവും കൈയും കഴുകിയ രാജൻ ബാക്കിവെള്ളം പാൽ‌പാത്രത്തിലൊഴിച്ചിട്ട് ഓട്ടോയിൽ കയറിയിരുന്നശേഷം പറഞ്ഞു,
“സ്റ്റാർട്ട്, നേരെ മുന്നോട്ട്”

പത്തുമിനിട്ട് ഓടിയപ്പോൾ വഴി രണ്ടായി മാറുന്നിടത്ത് ഓട്ടോയുടെ സ്പീഡ് കുറഞ്ഞു, ഇടത്തോ? വലത്തോ?
“നേരെ വലത്തോട്ട്”
“രാജാ, അത് ടൌണിലേക്കുള്ള വഴിയല്ലെ?”
“പറയുന്ന വഴിയെ ഓടിക്കുക, ഒന്നും ചോദിക്കരുത്”
അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ ഓർഡർ വന്നു,
“കുമാരാ നിർത്ത്,”
കുമാരൻ നിർത്തിയിട്ട് ചുറ്റും നോക്കുമ്പോൾ രാജൻ ബക്കറ്റുമായി പോയത് തൊട്ടടുത്തുള്ള മിൽമബൂത്തിൽ, അവിടെനിന്നും പാൽ‌പേക്കറ്റുകൾ എണ്ണിയെടുത്ത് ബക്കറ്റിൽ നിറച്ചശേഷം തിരികെ വണ്ടിയിൽ കയറി,
“സ്റ്റാർട്ട്; പീച്ചിതോട് വഴി നാട്ടിലേക്ക്”
‘അത് വളഞ്ഞവഴിയല്ലെ’, എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും ചോദിച്ചില്ല. ദൂരവും സമയവും കൂടിയാൽ കൂലിയും കൂടുമല്ലൊ. തോട്ടിൻ‌കരയിൽ എത്തിയപ്പോൾ രാജൻ പറഞ്ഞു,
“കുമാരാ നിർത്ത്”
കുമാരൻ നിർത്തി; ആ നേരത്ത് രാജൻ മിൽമാ പാക്കറ്റുകൾ ഓരോന്നായി പൊട്ടിച്ച് അതിനുള്ളിലെ പാല് മുഴുവൻ പാത്രത്തിലെ വെള്ളത്തിൽ ഒഴിക്കാൻ തുടങ്ങി. എല്ലാം പൂർത്തിയാക്കിയിട്ട് മിൽമാ കവറുകൾ തോട്ടിലെ വെള്ളത്തിൽ ഉപേക്ഷിച്ചശേഷം വണ്ടിയിൽ കയറിയ രാജൻ പറഞ്ഞു,
“ഇനി നേരെ നാട്ടിലേക്ക് വിട്ടോ”
                നാട്ടിലെത്തിയ കുമാരൻ അമ്പരന്നു; അവിടെ ബന്ധുക്കളും നാട്ടുകാരും നാട്ടുപ്രമാണിമാരും പാല്‌രാജന്റെ നാടൻ‌പാലിനെ കാത്തിരിക്കുകയാണ്,,, കൂട്ടത്തിൽ കുമാരന്റെ സ്വന്തം ഭാര്യകൂടി ഉണ്ടായിരുന്നു,,,

10.5.15

പട്ടിയും ആധാരവും പിന്നെ ഞാനും


പട്ടിയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്റ്റർ ചോദിച്ചു,
“ബി.പി.എൽ. ആണോ?”
“അത്,, പട്ടിയുടെപേര് റേഷൻ‌കാർഡിലില്ല ഡോക്റ്ററേ”
“പട്ടിയുടെ കാര്യമല്ല, നിങ്ങളുടെ കാർഡ് ബി.പി.എൽ. ആണെങ്കിൽ അതുമായിട്ട് വരണം”
“എന്റെ അയല്പക്കത്തെ മൊതലാളിക്ക് ബി.പി.എൽ. കാർഡാണ്, അതുമതിയോ ഡോക്റ്ററെ?”
“എടോ, കടിച്ചത് പേപ്പട്ടി ആണെങ്കിൽ സ്വന്തമായി ബി.പി.എൽ. കാർഡുള്ളവർക്ക് മാത്രമേ ഇവിടെ മരുന്നുള്ളൂ”
“ഇനിമുതൽ റേഷൻ കാർഡ് നോക്കിയിട്ട് കടിക്കാൻ പട്ടിയോട് പറയാം. ഡോക്റ്ററെ,,, ഇത് പേപ്പട്ടിയൊന്നുമല്ല. അഥവാ എനിക്ക് പേയുണ്ടായാൽ”
“പേയുണ്ടായാൽ താനെന്ത് ചെയ്യും?”
“പകരം ചോദിക്കണമെന്ന് തോന്നുന്നവരുടെ പേരുകൾ ഞാനിപ്പൊഴെ തയ്യാറാക്കുന്നുണ്ട്,, ആനേരത്ത് അവരെയൊക്കെ ഞാൻ കടിക്കും. അതിൽ ഒന്നാം നമ്പരായിട്ട് ഡോക്റ്ററുടെ പേര് ഏതായാലും ചേർക്കുന്നില്ല”
“അതൊക്കെ ആനേരത്ത്,,, താങ്കളെ കടിച്ചത് പേപ്പട്ടിയല്ലെന്ന് പറയാൻ കാരണം?”
“എന്റെവീട്ടിൽ ഞാൻ സ്വന്തമായി വളർത്തുന്ന എന്റെപട്ടി എന്നെ കടിച്ചതാണ്. ഡോക്റ്റർ കേട്ടിട്ടില്ലെ,,, ‘പാലുകൊടുത്ത കൈയിൽ കടിക്കുക’ എന്ന്; ഇന്നുരാവിലെയും ഞാനവന് പാലുകൊടുത്തതാണ്”
“തന്റെ പട്ടിയെന്തിനാടൊ തന്റെ കൈയിൽ കടിച്ചത്?”
“അതൊരു സംഭവമാ ഡോക്റ്റർ,,, എന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതും കളിപ്പിക്കുന്നതും ഫുഡ് കൊടുക്കുന്നതും അപ്പിയിടീക്കുന്നതും ഞാൻ തന്നെയാണ്. എന്നും രാവിലെ കൂടുതുറന്നാൽ അവൻ നേരെയങ്ങോട്ട് ഓടും, അടുത്ത വീടിന്റെ അടുക്കളപ്പുറത്ത്”
“അതെന്തിനാണ്?”
“അപ്പിയിടാൻ,, അവന്റെ സ്ഥിരംസെന്റർ അവിടെയാണ്, എന്നിട്ട്,,”
“എന്നിട്ട്,,,”
“അടുത്ത വീട്ടുകാരുമായി ഇക്കാര്യം പറഞ്ഞ് എന്നും വഴക്കാണ്. ഇന്നുരാവിലെ അയാളെന്നോട് പറഞ്ഞു, ‘ഇനിയിങ്ങോട്ട് വന്നാൽ ആറ്കാലും തല്ലിയൊടിക്കുമെന്ന്’, എന്റേതും പട്ടിയുടെതും ടോട്ടൽ ഫോർ പ്ലസ് ടൂ”
“അയ്യൊ പാവം, അതിന് തന്നെയെന്തിനാ പട്ടികടിച്ചത്?”
“ഞാനവനോട് പറഞ്ഞു, ‘പട്ടിക്ക് പുരയിടത്തിന്റെ അതിരൊന്നും അറിയില്ലല്ലൊ, വേലിയും മതിലുമൊക്കെ മനുഷ്യർക്കല്ലെ’, എന്ന്. അപ്പോൾ അയാൾ പറഞ്ഞു, പട്ടിക്ക് സ്ഥലം മനസ്സിലായില്ലെങ്കിൽ താൻ വീട്ടുപറമ്പിന്റെ ആധാരമെടുത്ത് പട്ടിയെ കാണിച്ചുകൊടുക്ക്’, എന്ന്”
“എന്നിട്ട് താനെന്ത് ചെയ്തു?”
“ഞാൻ നേരെ അകത്തേക്കുപോയി പത്തായത്തിലെ പെട്ടിതുറന്ന് ആധാരം പൊടിതട്ടിയെടുത്തു”
“ആധാർ”
“ആധാറല്ല സാർ, ആധാരം,,, രം. അതു കാണിച്ചുകൊടുത്തിട്ട് പട്ടിയോട് ഞാൻപറഞ്ഞു, ‘നോക്കെടാ പട്ടി ആധാരത്തിൽ പറയുന്നതിനപ്പുറം ഇനിയങ്ങോട്ട് പോവാൻ പാടില്ല,,,’ എന്ന്, അപ്പോൾ അവൻ”
“അവനെന്ത് ചെയ്തു?,,”
“അവന് വല്ലാതങ്ങ് ദേഷ്യംവന്നിട്ട് എനിക്കിട്ടൊരു കടിതന്നു, എന്നിട്ട് പറയാ,,,”
“പറയാനോ,,?”
“അതെ സാർ, എന്റെ പട്ടി എന്നോട് പറയാണ്,,, എടാ മരമണ്ടാ,,, രണ്ടക്ഷരം പഠിക്കേണ്ട കാലത്ത് സ്ക്കൂളിലൊന്നും അയക്കാതെ വീടുകാവലിന് നിർത്തി ബാലവേല ചെയ്യിപ്പിച്ചിട്ട് ഇപ്പോൾ എന്നോട് വായിക്കാൻ പറയുന്നോ? തന്നെ ഞാൻ വെറുതെ വിടില്ല,,,”

1.1.15

പങ്കജാക്ഷന്റെ പതിവ്രതയായ ഭാര്യ


                        പങ്കജാക്ഷന്റെ പതിവ്രതയായ ഭാര്യയാണ് പങ്കി എന്നറിയപ്പെടുന്ന പങ്കജവല്ലി. ഏതുനേരത്തും അടുക്കളപ്പണി ചെയ്യുന്നവളാണെങ്കിലും തൊഴില്‍‌രഹിത ആയി അറിയപ്പെടുന്നവളാണ് പങ്കി. സാധാരണ ഭര്‍ത്താക്കന്മാർ കിട്ടുന്നശമ്പളം മുഴുവനായി ഭാര്യയെ ഏല്പിക്കുമെങ്കിലും പങ്കിയുടെ വീട്ടിൽ ഈച്ച പറക്കുന്നതുപോലും കണവന്റെ കണ്‍‌ട്രോളിലാണെന്ന് മാത്രമല്ല, അതവൾക്ക് വളരെ ഇഷ്ടവുമാണ്. ആദ്യരാത്രിയിൽ ആദ്യമായി സംസാരിച്ചതു മുതൽ ഭര്‍ത്താവ് പറയുന്നതെല്ലാം അതേപടി അവൾ അനുസരിക്കുന്നുണ്ട്.
                    എന്നുംരാവിലെ ഓഫീസിൽ പോകുമ്പോൾ ബാഗുമെടുത്ത് ഗെയ്റ്റുവരെ പങ്കി അനുഗമിക്കും. ഉച്ചഭക്ഷണത്തിന് മറ്റുള്ളവർ പകുതി വെന്ത ചോറും മിക്സിയിൽ അരച്ച് ഉപ്പും‌മുളകും ശരിയാവാത്ത ചമ്മന്തിയും കൂട്ടി ഉണ്ണുമ്പോൾ പങ്കജാക്ഷൻ അച്ചാറും ഉപ്പേരിയും പപ്പടവും സാമ്പാറും കാളനും അയല പൊരിച്ചതും കൂട്ടി നല്ല കുത്തരിയുടെ ചോറുണ്ണും. എന്നിട്ട് മറ്റുള്ളവരെ നോക്കി പറയും,
“എടോ ഇതാണ് ജോലിയില്ലാത്ത പെണ്ണിനെ കല്ല്യാണം കഴിച്ചാലുള്ള ഗുണം”
അസൂയ അസഹനീയമായ സഹപ്രവര്‍ത്തകർ പെട്ടെന്ന് ഭക്ഷണം മതിയാക്കി ലഞ്ച്‌ബോക്സ് അടച്ചുവെക്കും..
                       പങ്കജാക്ഷൻ ഓഫീസിൽനിന്നും വീട്ടിലേക്ക് വരുമ്പോഴുള്ള സ്വീകരണം കാണാൻ അയൽ‌വീട്ടുകാരെല്ലാം ഒളിഞ്ഞും തെളിഞ്ഞും നോക്കാറുണ്ട്. പുരുഷന്മാർ നേരിട്ട് നോക്കി ആസ്വദിക്കുമ്പോൾ സ്ത്രീകൾ ഒളിച്ചിരുന്ന് നോക്കും. കെട്ടിയവന്റെ വിളി കേട്ടാലുടനെ വാതിൽ‌തുറന്ന് മുറ്റത്തിറങ്ങി കൈപിടിച്ചശേഷം ബാഗ് വാങ്ങി ഒരു കൈയിൽപിടിച്ച്, മറുകൈകൊണ്ട് പൈപ്പ് തുറന്നിട്ട് കാലുകഴുകാൻ പറയും. പിന്നെ വരാന്തയിൽ കയറിയ ഉടനെ ഉണങ്ങിയ തോര്‍ത്ത് എടുത്തുകൊടുക്കും. കൊച്ചുവര്‍ത്തമാനങ്ങൾ പറഞ്ഞ് അകത്തുകയറി ഡൈനിങ്ങ് റൂമിൽ ഇരുത്തിയശേഷം ചൂടു ചായയോടൊപ്പം ചപ്പാത്തിയുടെ ചെറുപീസ് കറിയിൽ‌മുക്കി വായിൽ വെച്ചുകൊടുക്കും.
 
                ഭര്‍ത്താവിന്റെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടായാൽ പങ്കിയുടെ ഭര്‍തൃശുശ്രൂഷ ഇരട്ടിക്കും. തന്റെ നല്ലപാതിയുടെ നല്ലഗുണം കാണിച്ച് അസൂയപ്പെടുത്താനായി പങ്കജാക്ഷൻ ഓഫീസിലുള്ളവരെ ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിക്കുക പതിവാണ്. ആനേരത്ത് വിളികേട്ടാലുടനെ മുന്നിലെത്തണം എന്നാണ് ഭർത്താവിന്റെ ഓർഡർ.  അക്കാര്യം അപ്പടി അവൾ അനുസരിക്കാറുണ്ട്. 

ഒരുദിവസം,
              ഭാര്യയുടെ നല്ലഗുണങ്ങൾ കാണിച്ച് അസൂയപ്പെടുത്താനായി ഒരു സുഹൃത്തിനോടൊപ്പം പങ്കജാക്ഷൻ അല്പം നേരത്തെ വീട്ടിലെത്തിയിട്ട് വിളിച്ചു,
“എടി പങ്കിയേ,,,”
തേങ്ങഅരക്കുന്ന പങ്കി മിക്സി ഓഫാക്കിയിട്ട് വെളിയിൽ വരാൻ അല്പം വൈകി. സുഹൃത്തിന്റെ മുന്നിൽ‌വെച്ച് അവൾക്ക് അടികൊടുത്തശേഷം അയാൾ പറഞ്ഞു,
“ഇനി ഇതുപോലെ വൈകരുത്, വിളികേട്ട ഉടനെ വരണം”
ഒരാഴ്ചകഴിഞ്ഞ് പങ്കജാക്ഷൻ നേരത്തെവന്നത് രണ്ട് സുഹൃത്തുക്കളുമായാണ്. വീട്ടിലെത്തിയ ഉടനെ അയാൾ വിളിച്ചു,
“എടി പങ്കിയെ,,,”
കിണറ്റിൽ നിന്നും വെള്ളംകോരുന്ന പങ്കി പാത്രം കിണറ്റിലിട്ടശേഷം വെളിയിൽ വരാൻ അല്പം വൈകിയതിനാൽ അയാൾ അവൾക്ക് രണ്ട് അടികൊടുത്തു. എന്നിട്ട് പറഞ്ഞു,
“വിളികേട്ടാൽ ഉടനെ വെളിയിലെത്തണം”

              ഒരു മാസം കഴിഞ്ഞപ്പോൾ പങ്കജാക്ഷൻ വീട്ടിൽ വന്നത് മൂന്ന് സഹപ്രവർത്തരോടൊത്ത് ആയിരുന്നു, കൂട്ടത്തിൽ ഒരാൾ ഓഫീസറാണ്. വന്ന ഉടനെ ഭാര്യയെ വിളിച്ചു,
“ഏടി പങ്കിയേ,,,”
വിളികേട്ടനിമിഷം വാതിൽ‌തുറന്ന് പങ്കി മുന്നിൽ! പെട്ടെന്ന് ഓടിവന്ന അവളെക്കണ്ട് എല്ലാവരും ഞെട്ടി.
കാരണം,
അവൾ‌ വിളികേട്ടത് കുളികഴിഞ്ഞ് വസ്ത്രം മാറ്റുന്നതിനു മുൻപായിരുന്നു.
പതിവ്രതമാർക്ക് എന്തും ആവാമല്ലൊ,,,
**********************************************