18.4.12

ഫലൂദ റെയ്സ്

--> -->
കുട്ടിയമ്മക്ക് ആകെയുള്ള ഒരു കെട്ടിയവന്,
                       ഒരു കൊല്ലം മുൻപ് ‘അറ്റാക്ക് നമ്പർ വൺ’ വന്നു; ആശുപത്രിയിൽ പോയില്ലെങ്കിലും കൂടുതൽ ക്ഷതമേല്പിക്കാതെ വന്ന അറ്റാക്ക് അതേപടി തിരിച്ചുപോയി. ഒരാഴ്ച‌മുൻപ് ‘അറ്റാക്ക് നമ്പർ, റ്റു’ വന്നു; അന്ന് നട്ടപ്പാതിരക്ക് നല്ലവരായ നാട്ടുകാർ അതിവേഗം ബഹുദൂരം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ കുട്ടിയമ്മയോടൊപ്പം സഹകരിച്ച് പണം പൊടി പൊടിച്ചതിന്റെ ഫലമായി അറ്റാക്കിൽ നിന്നും രക്ഷപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ഇപ്പോൾ വിശ്രമിക്കുകയാണ്. ഡിസ്‌ചാർജ്ജ് ചെയ്യപ്പെട്ട് വീട്ടിലേക്ക് പോരുമ്പോൾ ഡോക്റ്റർമാർ ചേർന്ന് സീരിയസായി ഉപദേശങ്ങളുടെ പെരുമഴ പെയ്തിരുന്നു,
“മദ്യപാനം, പുകവലി, മത്സ്യമാംസഭക്ഷണം ആദിയായവ ഉപേക്ഷിച്ചില്ലെങ്കിൽ അടുത്ത തവണ രക്ഷപ്പെടാൻ പ്രയാസമാണ്”
                        ഇത് കേട്ട് കുട്ടിയമ്മയും കെട്ടിയവനും ഒന്നിച്ച് ഞെട്ടി; ജീവിതത്തിലിതുവരെ മദ്യപിക്കാത്ത, പുകവലിക്കാത്ത, ശുദ്ധ സസ്യഹാരിയായ ആളോട് ഇതൊക്കെ നിർത്തണമെന്ന് പറഞ്ഞാൽ? ഇതെല്ലാം ഒന്ന് തുടങ്ങാതെ എങ്ങനെ നിർത്തും?

                         ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയതിന്റെ പിറ്റേദിവസം കെട്ടിയവനെ വീട്ടിലാക്കിയിട്ട് കുട്ടിയമ്മ തനിച്ച് സ്ക്കൂളിലേക്ക് പുറപ്പെട്ടു.
കുട്ടിയമ്മക്കെന്താ സ്ക്കൂളിൽ കാര്യം?
കാര്യമുണ്ട്; സ്ക്കൂളിലെ ഒരു വി.ഐ.പി യാണ് കുട്ടിയമ്മ.
ഒരാഴ്ചത്തെ ലീവിന് ശേഷം അന്ന് അരമണിക്കൂർ നേരത്തെ സ്ക്കൂളിൽ എത്തിച്ചേർന്ന കുട്ടിയമ്മ, രാവിലെതന്നെ സ്ക്കൂൾ ഓഫീസും പരിസരവും അടിച്ചുവാരി വൃത്തിയാക്കിയിട്ട് വെള്ളം തളിച്ചു. പിന്നെ മണിയടിച്ചു, ശേഷം മെമ്മോ ബുക്കുമായി ക്ലാസ്സുകളിൽ പോയി,,, അതായത് കുട്ടിയമ്മ എന്ന വി.ഐ.പി.യാണ് സ്ക്കൂളിലെ എഫ്.ടീ.സി.എം. : അതായത് തൂപ്പുകാരി.

                         അങ്ങനെ തിരക്കിട്ട ജോലിക്കിടയിൽ കെട്ടിയവന്റെ കാര്യങ്ങൾ അന്വേഷിച്ച സഹപ്രവർത്തകരോടെല്ലാം രോഗവിവരം വിശദീകരിക്കാൻ അവർ മറന്നില്ല. ഒരാഴചത്തെ വിശേഷങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതിനിടയിൽ ഏതാണ്ട് പതിനൊന്ന് മണി ആയപ്പോൾ കുട്ടിയമ്മ ഒരു സന്തോഷവാർത്ത കേട്ടു, ‘പ്രധാന അദ്ധ്യാപികയായി പ്രമോഷൻ ലഭിച്ച് ആലപ്പുഴയിലേക്ക് പോകുന്ന പ്രസന്നകുമാരിക്ക് സഹപ്രവർത്തകരെല്ലാം ചേർന്ന് യാത്രയയപ്പ് നൽകുന്നതിന്റെ ഭാഗമായി ഉച്ചഭക്ഷണം വെജിറ്റബിൾ ബിരിയാണി; ഒപ്പം തൊട്ടുകൂട്ടാൻ ഫലൂദയും.

                         പതിവുപോലെ കുട്ടിയമ്മ ഒരു ബിരിയാണി തിന്നശേഷം മറ്റൊന്ന്‌കൂടി ഒപ്പിച്ച് സ്വന്തം ബാഗിനകത്താക്കി. ‘അങ്ങേര് അറ്റാക്ക് വന്ന ആളാണ്; മത്സ്യമാംസങ്ങളൊന്നും കഴിക്കരുതെന്ന് ഡോക്റ്റർമാർ പറഞ്ഞെങ്കിലും എപ്പൊഴാ അടുത്ത അറ്റാക്ക് വരുന്നത്, എന്നറിയില്ല; അതുകൊണ്ട് ബിരിയാണി തിന്നാനുള്ള ആശയൊന്നും ബാക്കിയാവരുത്’.
                         എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞ് ഇലയും കടലാസും മടക്കിയ നേരത്താണ് ഫലൂദ നിറച്ച പെട്ടി എത്തിയത്. ബിരിയാണി തിന്ന ക്ഷീണം കാരണം പലർക്കും ഫലൂദ കഴിക്കാൻ പറ്റാത്തതിനാൽ കൃത്യം 11 കപ്പ് ഫലൂദ ബാക്കി. അതിൽ ആറെണ്ണം കുട്ടിയമ്മ എടുത്ത് ഒന്നിച്ച് ഒരു കവറിൽ പൊതിഞ്ഞ് സ്വന്തം ബാഗിൽ ബിരിയാണിയുടെ സൈഡിൽ തിരുകി; അങ്ങേർക്ക് ഫലൂദ തിന്നാനുള്ള ആശയും ബാക്കിയാവരുത്.

                         മൂന്ന് മണി ആയപ്പോൾ കുട്ടിയമ്മ ഹെഡ്‌മാസ്റ്ററെ സോപ്പിടാൻ തുടങ്ങി. അറ്റാക്ക് വന്ന കെട്ടിയവൻ ഒറ്റക്കാണെന്ന് പറഞ്ഞ് കണ്ണിലൂടെയും മൂക്കിലൂടെയും കരഞ്ഞുകാണിച്ചപ്പോൾ പാവം ഹെഡ്‌മാസ്റ്റർ ഉടനെ പോയ്‌ക്കൊള്ളാൻ പറഞ്ഞു. അങ്ങനെ മൂന്ന് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോൾ ബസ്‌സ്റ്റോപ്പിൽ എത്തിചേർന്ന കുട്ടിയമ്മ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന കുട്ടിബസ്സിൽ കയറിയിട്ട്, ലേഡീസ് സീറ്റിൽ ഇരുന്നെങ്കിലും ചിന്ത മുഴുവൻ മടിയിൽ കനമുണ്ടാക്കിയ ബാഗിനകത്ത് ആയിരുന്നു. വീട്ടിലെത്തുമ്പോഴേക്കും മധുരിക്കുന്ന പഴവർഗ്ഗങ്ങൾ ചേർന്ന, ഐസ് രൂപത്തിലുള്ള ഫലൂദ മൊത്തമായി ഉരുകി ജ്യൂസ് ആയി മാറുമോ? എന്തൊരു ചൂടാണ്? കേരളത്തിലെ അന്തരീക്ഷോഷ്മാവ് പൂജ്യത്തിലും താഴെയാവുന്ന നല്ലകാലത്തെക്കുറിച്ച് വീണ്ടും വീണ്ടും ഓർമ്മിക്കുന്നതിനിടയിൽ അവർക്ക് വീട്ടിലേക്ക് പോകാനുള്ള ഇടവഴിക്ക് സമീപത്തെ ചായക്കടക്ക് മുന്നിൽ ബസ് നിന്നു. ബസ്സിൽ നിന്നും ലാന്റ് ചെയ്ത കുട്ടിയമ്മ രണ്ട് കൈകൊണ്ടും ബാഗ് മുറുകെപ്പിടിച്ച് ഓടാൻ തുടങ്ങി,
‘ഫലൂദയുടെ തണുപ്പാറുന്നതിന് മുൻപ് വീട്ടിലെത്തണം’.

                          ആ നേരത്ത് ഒരു ഗ്ലാസ് ചായ ഒന്നൊന്നര മീറ്ററായി ഉയർത്തിയൊഴിക്കുന്ന ചായക്കടക്കാരൻ ദാമു നമ്പ്യാരാണ് കുട്ടിയമ്മയുടെ ഓട്ടം ആദ്യമായി കണ്ടത്. ഉയരം കൂടുതലുണ്ടെങ്കിലും തടിച്ചുരുണ്ട ശരീരഭാരവും വഹിച്ച്‌കൊണ്ടുള്ള അവരുടെ ഓട്ടം നോക്കിനിൽക്കെ അദ്ദേഹം ചായയുടെ ഉയരം പതുക്കെ കുറച്ചു. ആ നിഷ്ക്കളങ്കന്റെ ഗ്രാമീണമനസ്സിൽ സഹാനുഭൂതി ഉണർന്നപ്പോൾ പലതരം ആശങ്കകൾ കടന്നുവന്നു. ‘അറ്റാക്കിൽ നിന്നും രക്ഷപ്പെട്ട കുട്ടിയമ്മയുടെ കെട്ടിയവൻ ഇന്നലെ ഉച്ചക്കാണ് വീട്ടിൽ വന്നത്. ഇത്ര പെട്ടെന്ന് ആ നല്ല മനുഷ്യന്റെ കാറ്റു പോയോ? അല്ലാതെ സർക്കാർ ജീവനക്കാരിയായ കുട്ടിയമ്മ അസമയത്ത് ബസ്സിറങ്ങിയിട്ട് വീട്ടിലേക്ക് ഓടാനിടയില്ലല്ലൊ’.
ദാമുനമ്പ്യാർ തനിക്കുള്ള സംശയം ചായ കുടിക്കുന്നവരുടെയും കുടിക്കാൻ കാത്തിരിക്കുന്നവരുടെയും കുടിച്ചു കഴിഞ്ഞവരുടെയും ഇടയിൽ ചൂടാറാതെ ഫോർ‌വേഡ് ചെയ്തു. അതറിഞ്ഞവരെല്ലാം ഒന്നിച്ച് പറഞ്ഞു,
“അത് ശരിയാ,,, കുട്ടിയമ്മ ജീവിതത്തിൽ ആദ്യമായിട്ടാ ഓടുന്നത്, കെട്ടിയവന്റെ കാറ്റുപോയിരിക്കും”
                         ഒഴിച്ചുകൊണ്ടിരിക്കുന്ന ചായ അതേപടി മെശപ്പുറത്ത്‌വെച്ച് സമാവർ ഓഫാക്കാതെ ദാമു നമ്പ്യാർ ഓടുന്നതു കണ്ടപ്പോൾ പിന്നാലെ ചായക്കടയിലുള്ള എല്ലാവരും ഒന്നിച്ച് വെളിയിലിറങ്ങി ഓടാൻ തുടങ്ങി, വൺ, ടു, ത്രീ, ഫോർ,,,

                          ഓടിയോടീക്കൊണ്ടിരിക്കെ അവർ കുട്ടിയമ്മയെ കണ്ടു,,, പരിസരം മറന്ന് അവർ വീട്ടിലേക്ക് ഓടുകയാണ്,,, കുട്ടിയമ്മക്ക് പിന്നാലെ നാട്ടിലെ പുരുഷപ്രജകളുടെ ഓട്ടം കണ്ടപ്പോൾ പരിസരവാസികൾ കാര്യം തിരക്കി,
“എന്ത് പറ്റി? കുട്ടിയമ്മ എന്തെങ്കിലും കട്ടെടുത്ത് ഓടുകയാണോ?”
“അതൊന്നുമല്ല; കുട്ടിയമ്മ വീട്ടിലേക്ക് ഓടുന്നത് കണ്ട് നമ്മളും ഓടുകയാ, കെട്ടിയവന് അറ്റാക്ക് വന്ന് കാറ്റ് പോയിരിക്കും”
ഇത് കേൾക്കേണ്ട താമസം പരിസരത്തുള്ള സ്ത്രീകളും പുരുഷന്മാരും ഓട്ടത്തിൽ പങ്ക് ചേർന്നു. അങ്ങനെ അതൊരു കൂട്ടയോട്ടമായി,,, ലക്ഷ്യം ഒന്നുമാത്രം,,, കുട്ടിയമ്മയുടെ ഒപ്പം എത്തുക,,, അവർ വീട്ടിലെത്തുന്ന നേരത്ത് കൂടെയെത്തി അവരുടെ ഭർത്താവിന്റെ അന്ത്യനിമിഷങ്ങളിൽ പങ്കാളിയായി അനുശോചനങ്ങൾ അറിയിച്ച് സഹായിക്കുക,,,

                           എന്നാൽ ഓട്ടത്തിൽ കുട്ടിയമ്മയെ തോൽ‌പ്പിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. സ്വന്തം വിട്ടുമുറ്റത്ത് കാലുകുത്തിയിട്ടും അവർ ഓട്ടം ഫിനിഷ് ചെയ്തില്ല.
കരക്റ്റ് സമയത്താണ് ബഹളം‌കെട്ട് വാതിൽ തുറന്ന കുട്ടിയമ്മയുടെ ഭർത്താവ്, വരാന്തയിൽ വന്നത്;
അയാൾ ഞെട്ടി,,,
‘തന്റെ പ്രീയപ്പെട്ട ഭാര്യയെ നാട്ടുകാരെല്ലാം ചേർന്ന് ഓടിച്ചിട്ട് പീഡിപ്പിക്കുന്നോ? അക്രമം,,,’
ഫലൂദയെ മനസ്സിലോർത്ത് വരാന്തയിൽ ഓടിക്കയറിയ കുട്ടിയമ്മയെ ഇടതുകൈയാൽ താങ്ങിയിട്ട്, വാക്കിംങ്ങ് സ്റ്റിക്ക് ആയി ഉപയോഗിക്കുന്ന വടിഉയർത്തിക്കൊണ്ട് കെട്ടിയവൻ അലറി, “ആരെടാ എന്റെ ഭാര്യയെ ഉപദ്രവിക്കുന്നത്? എല്ലാറ്റിനേം കൊന്നുകളയും,,, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അതൊന്നും നടക്കില്ല പട്ടികളെ”
നാട്ടുകാർ ഞെട്ടി,,, ഒപ്പം തന്റെ പിന്നാലെ ഓടിയെത്തിയവരെ കണ്ട കുട്ടിയമ്മയും.
അങ്ങനെ ‘ഫലൂദ റെയ്സ്’ അവസാനിച്ചപ്പോൾ കുട്ടിയമ്മയുടെ ബാഗിൽ നിന്നും പുത്തൻ‌ഐറ്റം നിറഞ്ഞൊഴുകി,,, അതാണ്,
 ‘ഫലൂദബിരിയാണി’