10.3.09

1. രാമചരിതം


രാമചരിതം

രാമന്‍…..ഇത് പുരാണത്തിലെ ശ്രീരാമനല്ല…..എന്റെ അടുത്ത വീട്ടിലെ രാമേട്ടനാണ്…..ഞങ്ങള്‍ രാമാട്ടാ എന്നു വിളിക്കും. പാവം 10 വര്‍ഷം മുന്‍പ് മരിച്ചു പോയി. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ഭാര്യ ദേവിയും മരിച്ചു. മക്കള്‍ ഇല്ല. ഇതെല്ലാം പറയുന്നത് ജീവിച്ചിരിക്കുമെങ്കില്‍ അയാള്‍ ഈ ബ്ലോഗ് വായിച്ച് എന്നെ വഴി തടയും എന്നു പേടിച്ചിട്ടല്ല. കമ്പ്യൂട്ടര്‍ സാക്ഷരത നേടിയാലും അയാള്‍ എന്റെ ബ്ലോഗ് വായിക്കില്ല. കാരണം കക്ഷിക്കോ ഭാര്യ ദേവിക്കോ വായിക്കാന്‍ അറിയില്ല. …
<നിരക്ഷര കുടുംബം>
പണ്ട് സാക്ഷരതാ ജ്വരം പിടിപെട്ട കാലത്ത് പഠിപ്പിക്കാന്‍ വന്ന പെണ്‍കുട്ടിയോട് രാമാട്ടന്‍ പറഞ്ഞു…” ഈ വയസ്സുകാലത്ത് എഴുതാനൊക്കെ പഠിച്ചിട്ട് പ്രേമലേഖനമൊന്നും എഴുതി തരാന്‍ എന്നെക്കൊണ്ടാവില്ല കുട്ടീ“…

സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശം. ഭക്ഷണത്തിനുള്ള വകയെല്ലാം നാട്ടുകാര്‍ കൃഷി ചെയ്ത് ഉണ്ടാക്കാറാണ് പതിവ്. രാമാട്ടന് അന്ന് നാല്പത്തി എട്ടും ദേവിക്ക് മുപ്പത്തി അഞ്ചും പ്രായം. രണ്ടു പേര്‍ക്കും കൃഷിപ്പണി. ഭാര്യ ദേവിക്ക് സ്വന്തമായി ധാരാളം വയലുകളും തെങ്ങിന്‍ പുരയിടവും ഉള്ളതിനാല്‍ കല്ല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ രണ്ടു പേരും ഭാര്യവീട്ടിലാണ് താമസം. ഓ ഒരു കാര്യം വിട്ടുപോയി. അവരുടെ വീട്ടില്‍ രണ്ട് പേരും കൂടാതെ ദേവിയുടെ എണ്‍പത് വയസ്സു കഴിഞ്ഞ അമ്മയും ഉണ്ട്.
രാമേട്ടനും ദേവിക്കും ഒരു പ്രധാന ദുഖം ഉണ്ട്….കല്ല്യാണം കഴിഞ്ഞു പത്തു വര്‍ഷമായിട്ടും കുട്ടികളില്ല…. അയല്‍ക്കാരുടെ ഉപദേശപ്രകാരം അമ്പലങ്ങളിലും ആശുപത്രികളിലും ധാരാളം പണം ചെലവാക്കി. രാമാട്ടന്റെയും ദേവിയുടെയും ‘കുട്ടികളില്ലെന്ന‘ പരാതി കേട്ട് നാട്ടിലെ ചെറുപ്പക്കാര്‍ പരിഹസിക്കാന്‍ തുടങ്ങി.

ഒരു ദിവസം വീട്ടില്‍ വന്ന രാമാട്ടനോട് കണ്ണൂര്‍ ആശുപത്രിയില്‍ പുതിയതായി ഒരു ഗൈനക്കോളജിസ്റ്റ് വന്നിട്ടുണ്ടെന്നും നാളെ രാവിലെതന്നെ ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് ആശുപത്രിയില്‍ പോയാല്‍ അവരുടെ ചികിത്സകൊണ്ട് കുട്ടികളില്ലാത്ത പ്രശ്നം പരിഹരിക്കപ്പെടുമെന്നും എന്റെ അച്ചന്‍ പറഞ്ഞു. ഇതു കേട്ട് വളരെ സന്തോഷത്തോടെ രാമാട്ടന്‍ അവരുടെ വീട്ടിലേക്കു പോയി.

പിറ്റേ ദിവസം വൈകുന്നേരമാണ് രാമാട്ടനെയും ദേവിയേയും കാണുന്നത്. അവര്‍ എവിടെയോ യാത്ര പോവുകയാണ്. നാല് സഞ്ചികളിലായി വസ്ത്രങ്ങളും അവശ്യസാധനങ്ങളും കുത്തി നിറച്ചിട്ടുണ്ട്. വീട്ടിനു മുന്നിലൂടെ നടന്നു പോകുന്ന മാതൃകാ ദമ്പതികള്‍ അച്ചനെ കണ്ട് മുന്നോട്ട് വന്നു. അവരെ ഈ വേഷത്തില്‍ കണ്ട അച്ചന്‍ അമ്പരന്നു.

“അല്ല രാമാ വയസ്സായ അമ്മയെ തനിച്ചാക്കി നിങ്ങള്‍ എവിടെയാ പോകുന്നത്?“

“ മാഷ് പറഞ്ഞത് പോലെ രാവിലെ ഡോക്റ്ററെ കണ്ടപ്പോള്‍ പറഞ്ഞതാ”.

“ എന്ത്? വീടു വിട്ടിറങ്ങണമെന്നോ?”

“ സ്വന്തം വീട്ടില്‍ പോയി താമസ്സിക്കണമെന്ന് പറഞ്ഞു,എന്നാലേ കുട്ടികളുണ്ടാവൂ”.രാമേട്ടന്‍ അല്പം ദേഷ്യത്തോടെ പറഞ്ഞു.

“അതെന്തെ രാമാ‍ അങ്ങനെ പറയാന്‍?.

“മാഷ് അറ്യേണ്ടതാണ്, ഈ ഡോക്റ്ററ് മാരുടെ ഓരോ കാര്യം. അവര്‍ പരിശോദിക്കലൊന്നും നടത്തീട്ടില്ല, ഓരോ കാര്യങ്ങള്‍ ചോദിച്ചു, പിന്നെ എന്റെ വീട്ടില്‍ പോയി താമസ്സിക്കാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ താമസം മാറ്റുവാ”…

“ഡോക്റ്ററ് എന്തൊക്കെയാ ചോദിച്ചത്?”

“ഇവളോട് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണോ താമസ്സിക്കുന്നതെന്ന് ചോദിച്ചു,…അതിനവള്‍ സത്യം പറഞ്ഞു….“രാമേട്ടന്‍ അല്പം പരുങ്ങലോടെ പറഞ്ഞു.

ഇത്രയും സമയം എല്ലാം കെട്ടുനില്‍ക്കുന്ന ദേവി ഇടക്കു കയറി വന്നു.
“ഞാനെന്റെ സ്വന്തം വീട്ടിലാ താമസ്സിക്കുന്നതെന്ന് പറഞ്ഞപ്പോഴാ മാഷേ ആ ഡാക്കിട്ടറ് പറേന്നത് ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ കുറേക്കാലം നിക്കണന്ന്. എന്നാലേ കുട്ട്യോളുണ്ടാവൂന്ന്… വയസ്സായ അമ്മ ഒറ്റക്കാണെന്നു പറഞ്ഞിട്ടൊന്നും ഈയാള്‍ സമ്മതിക്കണില്ല“.
“അപ്പോള്‍ രാമാ നീ ഭാര്യവീട്ടിലാണ് താമസമെന്ന് ഡോക്റ്ററോട് പറ്ഞ്ഞില്ലേ?”അച്ചന്‍ സംശയം ചൊദിച്ചു.

“അതെങ്ങനാ മാഷേ, ഭാര്യവീട്ടില്‍ തമസ്സിക്കുന്നത് നമ്മള്‍ ആണുങ്ങള്‍ക്ക് നാണക്കേടല്ലെ. ഞാനെന്റെ സ്വന്തം വീട്ടില്‍ താമസിക്കുന്നതായി ഡോക്റ്ററോട് പറഞ്ഞു. ഏതായാലും ഒരു കുട്ടി ആയാലേ ഇനി ഇവളുടെ വീട്ടിലേക്കുള്ളൂ ”

അങ്ങനെ ആ മാതൃകാ ദമ്പതികള്‍ ഇടവഴിയിലൂടെ-വയല്‍ വരമ്പിലൂടെ നടന്നുനീങ്ങി.

ഇതോടെ രാമചരിതം ഒന്നാം ഭാഗം സമാപിക്കുന്നു.

4 comments:

  1. Jinson-
    Thanks for your comment.

    mads-
    Tkank you

    ReplyDelete
  2. മിനി.... കൊള്ളാം കേട്ടോ ... ആകെ കണ്‍ഫ്യൂഷന്‍ ആക്കി.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!