കണ്ണൂരെന്നു പറയുമ്പോള്‍ കലാപമെന്നു കേള്‍ക്കുന്നവരാണ് കണ്ണൂര്‍ക്കാരല്ലാത്ത മലയാളികള്‍. എന്നാല്‍ കണ്ണൂരിലാണെങ്കിലും കലാപമൊന്നും ഇല്ലാത്ത, പട്ടണമായി രൂപാന്തരപ്പെടുന്ന നാട്ടിന്‍പുറത്താണ് സംഭവം നടക്കുന്നത്.
അറിയപ്പെടുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും തുല്ല്യബലം ഉള്ളത് കൊണ്ടാവാം, ഇവിടെ പ്രശ്നങ്ങള്‍ ഇല്ലാത്തത്. ഒരടി കൊടുത്താല്‍ അത് ഒന്നിന് പത്ത്, പത്തിന് നൂറ്,….എന്നിങ്ങനെ പെരുകി; കൊണ്ടവനും കൊടുത്തവനും നഷ്ടങ്ങള്‍ മാത്രം അവശേഷിക്കും എന്ന് ഇവിടെയുള്ള എല്ലാ പാര്‍ട്ടിക്കാര്‍ക്കും അറിയാം. അമ്പലങ്ങളും പള്ളികളും പാര്‍ട്ടിയാപ്പീസും ഒറ്റ ഷോട്ടില്‍ കാണുന്ന സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അതു കൊണ്ട് എല്ലാ ഇന്ത്യക്കാരും സഹോദരീ- സഹോദരന്മാരായി വാഴുന്ന ഈ നാട്ടിലാണ് രാഘവചരിതം അവസാനഭാഗം ആരംഭിക്കുന്നത്.
രാഘവന്‍-ഇപ്പോള്‍ എണ്‍പത് വയസ്സ്- ജീവിതത്തിന്റെ നല്ല ഭാഗങ്ങള്‍ കമ്യൂണിസ്റ്റ് ആയും പിന്നെ രൂപാന്തരപ്പെട്ട് മാര്‍ക്സിസ്റ്റ് ആയും ജീവിച്ചവന്‍… ചുവപ്പ്…‘കണ്ടാലും കേട്ടാലും‘ രക്തം തിളക്കുന്നവന്‍, ചിലപ്പോള്‍ ആവേശം കൊണ്ട് ഒറ്റക്ക് ഇങ്ക്വിലാബ് വിളിക്കും. ഇടതുപക്ഷ ജാഥ ഉണ്ടെങ്കില്‍ കാര്യം അറിയണമെന്നില്ല, രാഘവന്‍ കൂട്ടത്തില്‍ കടന്ന് മുദ്രാവാക്ക്യം വിളിക്കും. ഞങ്ങളുടെ മണ്ഡലത്തില്‍ സ്ഥിരമായി ഇടത്പക്ഷം ജയിക്കാനുള്ള കാരണം രാഘവന്റെ പ്രവര്‍ത്തനങ്ങളാണെന്ന് രാഘവന്‍ ഉറച്ച് വിശ്വസിക്കുന്നു. അങ്ങനെയുള്ള ഈ രാഘവന്‍ പെട്ടെന്ന് ഒരു ദിവസം മാര്‍ക്സിസ്റ്റ് വിരോധി ആയി മാറി.
കാരണം???
...ഫ്ലാഷ് ബാക്ക്…
ഒരു ദിവസം….
ഉച്ചയൂണും കഴിഞ്ഞ് ഏമ്പക്കവും ഇട്ട് ചാരുകസാലയില്‍ ഇരുന്ന് ആദ്യമായി സ്വന്തം ജീവിതത്തെപറ്റി രാഘവന്‍ ചിന്തിക്കാന്‍ തുടങ്ങി. ആണ്‍മക്കള്‍ രണ്ടാള്‍ക്കും സര്‍ക്കാര്‍ ജോലിയുണ്ട്. പെണ്ണൊന്നിനെ കല്ല്യാണം കഴിച്ചത് സ്ക്കൂള്‍ മാസ്റ്റര്‍. നാലേക്കറോളം പറമ്പില്‍ നിന്നും തേങ്ങ, അടയ്ക്ക, കുരുമുളക്, കശുവണ്ടി…ആദിയായവ ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്. പക്ഷെ…നമ്മുടെ രാഘവേട്ടന്റെ കൈവശം ലഭിക്കുന്ന പണം….‘വട്ടപൂജ്യം ….കാരണം വീട്ടിലെ ക്യേഷ്യറും അക്കൌണ്ടന്റും അദ്ദേഹത്തിന്റെ ഭാര്യ മാധവി,യാണ്. മുന്‍പ് രാഘവേട്ടന്‍ കച്ചവടം നടത്തി നഷ്ടം വരുത്തിയത് ഓര്‍മ്മയുള്ളതിനാല്‍ പണം അദ്ദേഹത്തിന്റെ കൈയില്‍ കോടുക്കാന്‍ ഭാര്യക്കും മക്കള്‍ക്കും ധൈര്യം ഇല്ല.
അങ്ങനെ ചിന്തിച്ചിരിക്കെ പോസ്റ്റ്മാന്‍ ടെലിഫോണ്‍ ബില്ലുമായി വന്നു. കുറേ വീടുകളില്‍ പെന്‍ഷന്‍ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് ടെലിഫോന്‍ ബില്‍ നീട്ടിയെറിഞ്ഞ് സ്ഥലം വിട്ടു. പെട്ടെന്ന് രാഘവേട്ടന്റെ തലയില്‍ ഒരു വെളിച്ചം മിന്നി. ‘പെന്‍ഷന്‍’…തനിക്കും മാത്രം പെന്‍ഷനില്ല… മാധവന്‍ മാഷിന് സര്‍വീസ് പെന്‍ഷന്‍, ഗോപാലന് മിലിറ്ററീ പെന്‍ഷന്‍, മുടന്തനായ മജീദിന് വികലാംഗ പെന്‍ഷന്‍, കുമാരന് വാര്‍ധ്യക്ക്യകാല പെന്‍ഷന്‍, ജോസഫിന് കര്‍ഷക പെന്‍ഷന്‍, നാരായണിക്ക് ഫാമിലി പെന്‍ഷന്‍, സുമംഗലക്ക് വിധവാപെന്‍ഷന്‍, ശാരദക്ക് കല്ല്യാണം കഴിയാത്തതിനാല്‍ പെന്‍ഷന്‍, സുശീലക്ക് തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ...എല്ലാ അയല്‍ വാസികളും പെന്‍ഷന്‍ വാങ്ങുന്നു. തനിക്ക് മാത്രം പെന്‍ഷന്‍ ഇല്ല.…
അങ്ങനെ ചിന്തിച്ച് നേരെ സ്വന്തം പാര്‍ട്ടിയാപ്പീസിലേക്ക് വെച്ചടിച്ചു. കാര്യം പറയുമ്പോള്‍ എല്ലാവരും ചിരിച്ചു; പിന്നെ കൂട്ടചിരിയായി. സ്വന്തമായി വരുമാനം ഉള്ളവര്‍ക്ക് പെന്‍ഷന്‍ ഇല്ല പോലും. സ്വന്തം പേരില്‍ സ്ഥലവും, കല്ല്യാണം കഴിയാത്ത രണ്ട് ആണ്‍ മക്കളും ഉണ്ടായത് തന്റെ കുറ്റമാണോ?
ഒടുവില്‍ സഖാവ് രാമചന്ദ്രന്‍ സൂത്രം പറഞ്ഞുകൊടുത്തു. സ്വത്ത് മക്കള്‍ക്കും ഭാര്യക്കും എഴുതി കൊടുക്കുക, പിന്നെ ആണ്‍ മക്കളെ കല്ല്യാണം കഴിപ്പിക്കുക. ശേഷം പെന്‍ഷന്‍ റഡി. എത്ര നല്ല നടക്കാത്ത കാര്യം.
തിരിച്ചു വരുമ്പോള്‍ തന്റെ സങ്കടങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസ്സ്കാരനായ വാര്‍ഡ് മെംബറോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണം കിട്ടിയാല്‍ പെന്‍ഷന്‍ ശരിയാക്കാം എന്ന് മെംബര്‍ ഉറപ്പ് നല്‍കി.
അങ്ങനെ തിരിച്ചു വന്നത് പുതിയ രാഘവനാണ്. ചുവപ്പ് കണ്ടാല്‍ കാളയേപോലെ പോരെടുക്കുന്ന രാഘവന്‍. പാര്‍ട്ടിയെ തോല്പിക്കുക എന്ന ലക്ഷ്യവുമായി പിന്നീട് രാഘവന്‍ ജീവിച്ചു. എന്നാല്‍ പരസ്യമായി പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്താന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നായി അറിയുന്ന രാഘവന് ധൈര്യം വന്നില്ല.
അങ്ങനെയിരിക്കെ വിഷു, തെരഞ്ഞെടുപ്പ് എന്നീ ആഘോഷങ്ങള്‍ ഒന്നിച്ച് വന്നു. രണ്ടും ‘പടക്കം‘ (ബോംബ്) പൊട്ടിക്കാനുള്ള അവസരം. ഭാരതത്തിന്റെ ഭാവി ഭരണം തീരുമാനിക്കാനുള്ള വോട്ട് രേഖപ്പെടുത്താനുള്ള ദിവസം പുലര്‍ന്നു. പോളിങ്ങ് ബൂത്തില്‍ എത്താന്‍ അഞ്ച് മിനുട്ട് ബസ്സിലും പിന്നെ പത്ത് മിനുട്ട് നടക്കുകയും വേണം. സാധരണയായി രാഘവനെ പോലെ പ്രായമായവരെല്ലാം ബൂത്തിനു സമീപം ഇരുന്നൂറ് മീറ്റര്‍ പരിധിയില്‍ വാഹനത്തിലാണ് യാത്ര. ‘കത്തി മാറ്റി കൈ പിടിച്ച’ കാര്യം കമ്മിറ്റി കൂടി ചര്‍ച്ച ചെയ്തതിനാല്‍ മാര്‍ക്സിസ്റ്റ്കാര്‍ ആരും ആ വീട്ടിനു മുന്നില്‍ വന്നില്ല.
ഉച്ച ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിലയേറിയ വോട്ടിനായി രാഘവേട്ടനെ ബൂത്തിലെത്തിക്കാന്‍ കാറുമായി വന്നത്. മഴക്കാറ് കണ്ട കുടവില്പനക്കാരനെപോലെ ഉള്ളിലുള്ള സന്തോഷം ഉള്ളില്‍ തന്നെ ഒതുക്കി കാറില്‍ കയറി. ബൂത്തിലെത്തിയപ്പോഴാണ് നീണ്ട ക്യൂ കാണുന്നത്. എല്ലാ പഹയന്മാരും ഉച്ചഭക്ഷണം കഴിഞ്ഞായിരിക്കാം വോട്ട് ചെയ്യാന്‍ വന്നത്. കൂടെ വന്ന ബാബുരാജ് ‘കൈ’ കാണിച്ച് കൊടുത്തശേഷം നമ്മുടെ രാഘവേട്ടനെ ക്യൂവിന്റെ പിന്നില്‍ നിര്‍ത്തി ഉടനെ വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. ഇരയേ കണ്ട പരുന്തിനെ പോലെ നടക്കുന്ന മാര്‍ക്സിസ്റ്റുകാരെ അവഗണിച്ച് അദ്ദേഹം തലയുയര്‍ത്തി നിന്നു.
പക്ഷേ പത്ത് മിനുട്ട് കഴിഞ്ഞിട്ടും ‘ക്യൂ‘ മുന്നോട്ട് നീങ്ങുന്നില്ല. ഇങ്ങനെ പോയാല്‍ വോട്ട് ചെയ്യാന്‍ ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ വേണ്ടി വരും. കഴിച്ച ഭക്ഷണത്തിലെ ഊര്‍ജ്ജം മുഴുവന്‍ തീരാറായി; ഇനി ബോധക്കേടായി വീണാല്‍ പുതിയ പാര്‍ട്ടിക്കാര്‍ ഉണ്ടല്ലോ,,. വീണ്ടും പത്ത് മിനുട്ട് കഴിഞ്ഞു, അപ്പോഴാണ് പിന്നില്‍ നിന്നും ഒരു വിളി
“രാഘവേട്ടാ,“ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പരിചയവും ഇല്ലാത്ത ഒരു ചെറുപ്പക്കാരന്‍.
“എത്ര സമയമാ ഇങ്ങനെ ക്യൂ നില്‍ക്കേണ്ടത്, ഇനിയും രണ്ട് മണിക്കൂര്‍ നിന്നാല്‍ ബോധംകെട്ട് വീഴുമല്ലൊ”.പയ്യന്‍ വിടുന്ന മട്ടില്ല.
“എന്റെ കൂടെ വന്നാല്‍ പെട്ടെന്ന് വോട്ട് ചെയ്യാം”. അവന്‍ ചെവിയില്‍ പറഞ്ഞു.
നമ്മുടെ രാഘവേട്ടനെ ക്യൂവില്‍ നിന്നും കൈ പിടിച്ചു മാറ്റി സ്ക്കൂളിന്റെ മറുവശത്ത് കൂടെ ചെറുപ്പക്കാരന്‍ കൊണ്ടുപോയി….നേരെ ബൂത്തിനകത്തേക്ക് ….
“പിന്നെ ആരെങ്കിലും ചോദിച്ചാല്‍ കണ്ണ് കാണില്ല എന്ന് പറഞ്ഞാല്‍ മതി“ (അവന്‍ രഹസ്യമായി പറഞ്ഞു). ഓ കാര്യം പിടി കിട്ടി. ‘ഓപ്പണ്‍ വോട്ട്’ നല്ല സൂത്രം.
അങ്ങനെ ജീവിതത്തില്‍ ആദ്യമായി കണ്ണ് നന്നായി കാണുന്ന രാഘവേട്ടന്‍ ഓപ്പണ്‍ വോട്ട് ചെയ്തു. നല്ല പയ്യന്‍ നല്ല സൂത്രം. ക്യൂ നില്‍ക്കുന്ന നാട്ടുകാരെ പറ്റിച്ച സന്തോഷത്തോടെ ബൂത്തില്‍ നിന്നും പുറത്തിറങ്ങി ആ ചെറുപ്പക്കാരനോട് നന്ദി പറയാനായി തിരിഞ്ഞ് നിന്നു. എന്നാല്‍ അവന്‍ അപ്രത്യക്ഷനായിരിക്കുന്നു. തന്നെ നോക്കി അടക്കം പറയുന്ന നാട്ടുകാരെ ശ്രദ്ധിക്കാതെ നേരെ കാറിനടുത്തേക്ക് നടന്നു.
ഡോര്‍ തുറക്കാന്‍ ശ്രമിക്കുമ്പോഴേക്കും ബാബുരാജ് ഓടിവന്നു.
“രാഘവേട്ടാ ഇനി ഈ കാറില്‍ നിങ്ങളെ കയറ്റില്ല. നന്നായി കണ്ണ് കാണുന്ന നിങ്ങളെന്തിനാ മാര്‍ക്സിസ്റ്റ്കാരന്റെ കൂടെ പോയി ഓപ്പണ്‍ വോട്ട് ചെയ്തത്?”.
രാഘവന്‍ ഞെട്ടി, ‘അപ്പോള്‍ ആ ചെറുപ്പക്കാരന്‍ മാര്‍ക്സിസ്റ്റ്കാരനായിരുന്നോ, അവന്‍ കുത്തിയത് കൈയിലല്ല, കത്തിയില്‍ തന്നെയാവും!!!‘
തന്റെ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞെന്ന് തിരിച്ചറിഞ്ഞ രാഘവന്‍ ആകെ വിയര്‍ത്ത്കൊണ്ട് വീട്ടിലേക്ക് തിരിച്ചു നടന്നു.
ആദ്യ കമന്റ് എന്റെ വകയായിക്കോട്ടെ....
ReplyDeleteഇത്തരം ഓപ്പണ്‍ വോട്ട് കേരളത്തിലങ്ങോളമിങ്ങോളം നടക്കാറുണ്ട്. ഓരോ പ്രദേശത്തും കയൂക്കുള്ളവര്‍ കര്യക്കാരകുമെന്നു മാത്രം.
''കടുക്കാനുണ്ടെന്ന്'' തിരുത്തുമല്ലോ.
ReplyDeleteരാഘവീയം കലക്കി. കോമഡി നന്നായി വഴങ്ങുന്നുണ്ട്.
‘കത്തി മാറ്റി കൈ പിടിച്ച’ രാഘവേട്ടന്റെ കഥ ഇഷ്ടപ്പെട്ടു :) :)
ReplyDeleteഇത് കലക്കി
ReplyDeleteOpen Vote ...!
ReplyDeleteManoharam, Ashamsakal...!!!