4.9.09

21. പാഠം 3. പ്രത്യുല്പാദനം


   കേരളത്തിലെ ഏതെങ്കിലും ഒരു വിദ്യാലയത്തില്‍… മലയാളഭാഷയില്‍… കേരളാ സിലബസ്സില്‍… പത്താം തരംവരെ… പഠനം പൂര്‍ത്തിയാക്കിയ … പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്ന, രസകരമായ ഒരു പാഠം ഉണ്ട്...‘അതാണ് പ്രത്യുല്പാദനം’. ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ ബയോളജി പഠിക്കുമ്പോള്‍ രക്തപര്യയനവും ദഹനവും പഠിക്കുന്ന കൂട്ടത്തില്‍ അതുപോലുള്ള ഒരു അദ്ധ്യായം. പാഠ്യപദ്ധതി മാറുന്ന ക്രമത്തില്‍ ഈ അദ്ധ്യായം എട്ടിലോ ഒന്‍പതിലോ പത്തിലോ ആയിരിക്കും.


മലയാളിയുടെ അവ്യക്തമായ ഏതോ ധാരണാപിശക്, സ്ത്രീപുരുഷബന്ധം പോലെ ഈ അദ്ധ്യായത്തെയും പിന്‍‌തുടരുന്നുണ്ട്. ഏതോ ഒരു രഹസ്യം ക്ലാസ്സില്‍ പബ്ലിക്ക് ആയി പറയുന്നു, എന്ന തോന്നലാണ് വിദ്യാര്‍ത്ഥികള്‍ക്കും ചിലപ്പോള്‍ മറ്റ് അദ്ധ്യാപകര്‍ക്കും ഉണ്ടാകുന്നത്. പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട പദങ്ങള്‍ ഇംഗ്ലീഷിലും സംസ്കൃതത്തിലും പറഞ്ഞാല്‍ അതില്‍ ഒരു അപാകതയും കാണില്ല. എന്നാല്‍ നല്ല പച്ചമലയാളത്തില്‍ പറയാന്‍ ഒരു മടി, തെറ്റാണെന്ന തോന്നല്‍. ഈ അദ്ധ്യായം പഠിപ്പിക്കുന്ന ബയോളജി അദ്ധ്യാപകര്‍ക്ക് ചിലപ്പോള്‍ രസകരമായ അനുഭവങ്ങള്‍ കാണും. അത്തരം അനുഭവങ്ങളിലൂടെ യാത്ര നടത്താന്‍ ഒരു ശ്രമം ഇവിടെ ഞാന്‍ നടത്തുകയാണ്.


കുട്ടികള്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍, ലൈംഗികതയെ കുറിച്ച് വീട്ടുകാരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിച്ച അറിവുകള്‍ ചേര്‍ത്ത്‌വെക്കുന്നു. ഇവിടെ മറ്റുള്ളവര്‍ക്ക് അറിയാത്ത രഹസ്യഅറിവ് തനിക്കുണ്ടെന്ന് വിദ്യാര്‍ത്ഥി വിശ്വസിക്കുന്നു. അതുകൊണ്ട്തന്നെ മറ്റു പാഠം പഠിക്കുന്നതിനെക്കാള്‍ താല്പര്യം ഇവിടെ അവന്‍ (അവള്‍) കാണിക്കുന്നു. ക്ലാസ്സില്‍ ഒരിക്കലും ഉത്തരം പറയാത്തവന്‍ പോലും അന്ന് ചോദ്യങ്ങള്‍ (സംശയങ്ങള്‍) ചോദിക്കാം.


 ഞങ്ങള്‍, ജീവശാസ്ത്രം അദ്ധ്യാപകര്‍ മനുഷ്യശരീരം പഠിപ്പിക്കുമ്പോള്‍, മറ്റുള്ള അവയവ ഘടനയും പ്രവര്‍ത്തനവും പോലെതന്നെയാണ് പ്രത്യുല്പാദനവും പഠിപ്പിക്കുന്നത്. കുട്ടികള്‍ക്ക് പ്രത്യുല്പാദനത്തെപറ്റി ശാസ്ത്രീയമായ അറിവ് ലഭിക്കുന്നത് ബയോളജി ക്ലാസ്സില്‍‌വെച്ച് മാത്രമാണ്. ശരിയായ അറിവ് ലഭിക്കാന്‍ ശരിയായ രീതിയില്‍ പഠിപ്പിച്ചില്ലെങ്കില്‍ അത് പുത്തന്‍‌തലമുറയോട് ചെയ്യുന്ന ദ്രോഹമായിരിക്കും. ഇക്കാര്യത്തില്‍ പലതരത്തില്‍‌പ്പെട്ട കുട്ടികള്‍ ചേര്‍ന്ന ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ഒരു ബയോളജി ടീച്ചറായ എനിക്ക് വന്നുചേര്‍ന്നിട്ടുണ്ട്. ബോയ്‌സ്, ഗേള്‍‌സ്, മിക്സഡ് ക്ലാസ്സുകളില് പഠിപ്പിച്ചിട്ടുണ്ട്. സ്വന്തം മകളെയും ബന്ധുക്കളെയും അയല്‍‌വാസികളെയും സഹപ്രവര്‍‌ത്തകരുടെ മക്കളെയും ക്ലാസ്സിലിരുത്തി പ്രത്യുല്പാദനം പഠിപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് ഞാന്‍ പഠിപ്പിക്കുന്ന കൂട്ടത്തില്‍ കല്ല്യാണം കഴിഞ്ഞ പെണ്‍‌കുട്ടികളും ക്ലാസ്സില്‍ ഉണ്ടായിരുന്നു. ഇങ്ങനെ പഠിപ്പിക്കുമ്പോള്‍ സംശയങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്, മറ്റു വിഷയക്കാരായ സഹപ്രവര്‍ത്തകര്‍ക്കാണ്.


ഇനി ക്ലാസ്സുകളില്‍ വീണുകിട്ടിയ കൊച്ചു കൊച്ചു സംഭവങ്ങള്‍ പറയാം. ആണ്‍കുട്ടികള്‍ മാത്രമുള്ള ഒന്‍പതാം ക്ലാസ്സ്. പ്രത്യുല്പാദനം പഠിപ്പിച്ച് തിരിച്ചുപോരാന്‍‌ നേരത്ത്, അതുവരെ നിശബ്ദമായി വളരെ ശ്രദ്ധിച്ചിരുന്ന കൂട്ടത്തില്‍ നിന്നും ഒരു വില്ലന്‍ എഴുന്നേറ്റ് നില്‍ക്കുന്നു.
അവന്‍ ഒരു കാര്യം എന്നെ അറിയിക്കുകയാണ്; “ടീച്ചറേ; ടീച്ചറ് പഠിപ്പിച്ച കാര്യങ്ങളെല്ലാം നമ്മള് ആദ്യമേ പഠിച്ചിട്ടുണ്ട്”.
ഞാന്‍ അവനോട് പറഞ്ഞു“വളരെ നല്ലത്; ഇതുപോലെ എല്ലാപാഠവും ആദ്യമേ പഠിച്ചാല്‍ നന്നായിരുന്നു”.


ഒരു ക്ലാസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ അദ്ധ്യാപകര്‍ തിരിച്ചറിയുന്നത്, ആ ക്ലാസ്സില് പഠിക്കുന്ന ബന്ധുക്കള്‍ (മക്കള്‍) വഴിയും സഹപ്രവര്‍ത്തകരുടെ മക്കള്‍ വഴിയും ആയിരിക്കും. ഒരിക്കല്‍ എന്റെ ക്ലാസ്സ് കഴിഞ്ഞശേഷം സഹപ്രവര്‍ത്തകയുടെ മകനോട് അടുത്തിരിക്കുന്നവന്‍ പറഞ്ഞു;
“ഒറ്റമുറി വീടായതുകൊണ്ട് എന്റെ വീട്ടിലെ പ്രത്യുല്പാദനപ്രക്രീയ ഞാന്‍ ഒളിച്ച് കാണാറുണ്ട്, നിന്റെ അച്ഛനും അമ്മയും ടീച്ചേര്‍സ് ആയതുകൊണ്ട് അങ്ങനെയൊന്നും ആയിരിക്കില്ല, കേട്ടോ”.


ബയോളജി ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്ന എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാറുണ്ട്. എന്നാല്‍ സ്വന്തം മകള്‍ക്ക് ഒരിക്കല്‍ സംശയം; വിഷയം പ്രത്യുല്പാദനം തന്നെ. നൂറ്കണക്കിന് കുട്ടികളുടെ സംശയം തീര്‍ത്ത എനിക്ക് വീട്ടില്‍‌വെച്ച് സംശയം തീര്‍ക്കാനായില്ല.
ഞാന് പറഞ്ഞു,“നാളെ നീ ക്ലാസ്സില്‍‌വെച്ച് ചോദിച്ചാല്‍ കൃത്യമായി പറഞ്ഞുതരാം”.
ഉടനെ അവള്‍ പറഞ്ഞു,“ഈ അമ്മക്ക് ഒന്നും അറിയില്ല”.

സംഭവിക്കുന്നത് അതാണ്; വിഷയം പ്രത്യുല്പാദനമാകുമ്പോള്‍ രക്ഷിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയാത്തത്, അദ്ധ്യാപകര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയും.


ഒരു ദിവസം സ്റ്റാഫ്‌റൂമില് ഇരുന്ന് എല്ലാ ടീച്ചര്‍‌മാരും ഉച്ചഭക്ഷണം കഴിക്കുന്ന സമയം.
മലയാളം ടീച്ചര്‍ക്ക് എന്നെപറ്റി ഒരു പരാതി; “ഈ ബയോളജി ടീച്ചറ് ഓരോന്ന് പഠിപ്പിച്ചിട്ട് ഇന്നലെ എന്റെ ചെക്കന്‍ ചെയ്തതറിയോ?”

എല്ലാവരും ഭക്ഷണം നിര്‍ത്തി ശ്രദ്ധിച്ചു; ഈ ചെക്കന്‍ എന്ന് പറയുന്നത് ടീച്ചറുടെ മകനാണ്, പത്താം തരത്തില്‍ പഠിക്കുന്ന സമര്‍ത്ഥനായ എന്റെ ശിഷ്യന്‍.

“ടീച്ചര്‍ ഇന്നലെ ക്ലാസ്സില് പ്രത്യുല്പാദനം പഠിപ്പിച്ചു. ഇതും പഠിച്ചിട്ട് എന്റെ മോന്‍ നേരെ അടുത്ത വീട്ടില് പോയി കോളേജില് പഠിക്കുന്ന പെണ്ണിനോട് ചോദിച്ചു; ‘ചേച്ചിക്ക് ആര്‍ത്തവം ഉണ്ടോ’ എന്ന്. അവളുടെ അമ്മ ചോദിക്കാന്‍ വന്നു, ആകെ കുഴപ്പമായി”

“അത്‌പിന്നെ ടീച്ചര്‍ക്ക് പെണ്‍‌മക്കള്‍ ഇല്ലാത്തതുകൊണ്ടല്ലെ അടുത്ത വീട്ടില് പോയി ചോദിച്ചത്” സ്റ്റാഫ്‌റൂമിലെ കൂട്ടചിരിക്കിടയില്‍ ഞാന്‍ അഭിപ്രായം പറഞ്ഞു.

അങ്ങനെ പ്രത്യുല്പാദനവിശേഷങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
.
 പിന്‍‌കുറിപ്പ്:
  1. ഒരുദിവസം രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ഇളയ മകള്‍ നാലില്‍ പഠിക്കുന്ന മൂത്തവളോട് പറയുന്നു, “എടി ഏച്ചീ നമ്മളെ രണ്ടാളേം അമ്മ പെറ്റിട്ടില്ല”
       “നീയെന്നാടീ പറയുന്നത്?”
       “അതെടീ നമ്മള് രണ്ടാളും അമ്മയെ ഓപ്പറേഷന്‍ ചെയ്തപ്പൊ   പുറത്ത് വന്നതാ,,”

21 comments:

  1. ശരിയാണല്ലൊ....!!
    മക്കൾ രണ്ടാളും പറയുന്നത്...!!!
    ‘ഞങ്ങളെ പ്രസവിക്കാത്ത ഞങ്ങടെ സ്വന്തം അമ്മ’

    ReplyDelete
  2. പത്താം ക്ലാസ്സിലെ ട്യൂഷൻ സെന്ററിൽ‌ ഈ പാഠമൊരു ഘോര സംഭവം ആയിരുന്നു. അതു പ്രതീക്ഷിച്ച് സ്കൂൾ ക്ലാസ്സിൽ ചെന്നപ്പോൾ വലിഞ്ഞ് മുറുകിയ അന്തരീക്ഷവും..
    രസായിട്ടുണ്ട്. പോസ്റ്റ്.

    ReplyDelete
  3. നന്നയി പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍ സംശയങ്ങള്‍ ഉണ്ടാകും അത് സ്വാഭാവികം... അതും പരിഹരിക്കുന്നതോടെ ശാസ്ത്രീയമായ അറിവ് നേടാന്‍ അവര്‍ക്ക് കഴിയുന്നു...
    നന്ദി....

    ReplyDelete
  4. എന്റെ ടീച്ചറെ ഇതാണ് ഞാന്‍ പത്താം ക്ലാസ്സ്‌ വരെ പോകാതെ ഇരുന്നത്. അഞ്ചില്‍ വച്ചേ മനസിലായി മുന്നോട്ടു ഇതൊക്കെ ആയിരിക്കും എന്ന്.

    എന്തായാലും പോസ്റ്റ്‌ അതി മനോഹരം, പറഞ്ഞു വന്ന രീതി തന്നെ ഒത്തിരി ഇഷ്ടമായി.

    “ഒറ്റമുറി വീടായതുകൊണ്ട് എന്റെ വീട്ടിലെ പ്രത്യുല്പാദനപ്രക്രീയ ഞാന്‍ ഒളിച്ച് കാണാറുണ്ട്, (ഇത് ഒത്തിരി ഇഷ്ടായി, അവനാണ്‌ യഥാര്‍ത്ഥ ശിഷ്യന്‍)

    ReplyDelete
  5. വികെ (..
    അഭിപ്രായം എഴുതിയതിനു നന്ദി.

    കുമാരന്‍ (..
    ട്യൂഷന്‍ സെന്ററില്‍ മാത്രമല്ല, സ്ക്കൂളിലും കട്ടിടം മുഴുവന്‍ പൊട്ടിതകരുന്നവിധം ചിരിയോട് കൂടി പ്രത്യുല്പാദനം പഠിപ്പിച്ച അദ്ധ്യാപകനെ കാണാന്‍ കഴിയും. ഞാന്‍ വളരെ ഗൌരവമായി പഠിപ്പിക്കുമ്പോള്‍ തൊട്ടടുത്ത ക്ലാസ്സില്‍ ആകെ ബഹളമായി പഠിപ്പിച്ച ഒരു ബയോളജി മാഷ് ഉണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ തന്നെ ടൈംടേബിള്‍ ശരിയാക്കി... അടുത്തടുത്ത് ബയോളജി വരാത്ത വിധത്തില്‍...
    ടോട്ടൊചാന്‍ (..
    എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രത്തിന്റെ പേരാണല്ലോ. അഭിപ്രായം എഴുതിയതിന് നന്ദി.

    . ബയോളജി അദ്ധ്യാപകര്‍ ഒത്തുകൂടുന്ന കോഴ്സുകള്‍, വാല്യുവേഷന്‍ ക്യേമ്പ് എന്നിവിടങ്ങളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം കാണും. മറ്റു വിഷയക്കാര്‍ കണ്ടാല്‍ പലപ്പോഴും ഞെട്ടിപ്പോകും.

    ReplyDelete
  6. പ്രൊഫൈലിൽ പറഞ്ഞ “10.സ്വന്തമായി രണ്ട് മക്കള്‍ ഉണ്ടെങ്കിലും പ്രസവിക്കാത്തവള്‍.“ ഇപ്പോഴല്ലേ ക്ലിയർ ആയത്..:)

    അനുഭവങ്ങൾ രസകരമായി തന്നെ എഴുതിയിരിക്കുന്നു... ആശംസകൾ

    ReplyDelete
  7. ഇതിന്നു മാത്രം പ്രാക്റ്റിക്കൽ പഠിപ്പിക്കാത്തതെന്തേ? ഇനി വല്ല സീഡിയും ഇട്ട് കുട്ടികൾക്കു കാട്ടിക്കൊടുക്കുമോ ആവോ ബേബിച്ചായന്റെ പരിഷ്കാരം?

    ReplyDelete
  8. അനൊനീ... എന്താ ഇത്.. മിനി ടീച്ചര്‍ ഒരു നല്ല കാര്യം എഴുതിയപ്പോള്‍ അവിടേയും ഒരു ലത്!!

    ReplyDelete
  9. കൂറുപ്പിന്റെ കണക്കു പുസ്തകം (..
    അഭിപ്രായം എഴുതിയതിന് നന്ദി. 25 വര്‍ഷം ബയോളജി പഠിപ്പിച്ച ശേഷം ഓരോ അദ്ധ്യായവും പിന്‍‌തിരിഞ്ഞ് നോക്കുമ്പോള്‍ കാണുന്നതാണ് പോസ്റ്റുന്നത്. സഹകരണത്തിനും പ്രോത്സാഹനത്തിനും നന്ദി.

    പൊറാടത്ത് (..
    പ്രൊഫൈലില്‍ പറഞ്ഞത് പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ഏതായാലും സംശയം തീര്‍ന്നല്ലോ. സിസേറിയന്‍ കാരോട് സ്ക്കൂളില്‍ നിന്നും വീട്ടില്‍ നിന്നും പറയുന്ന തമാശയാണിത്.

    അനോനി (..
    ഇക്കാര്യം പറയാന്‍ ആനോനി ഒന്നും ആവണമെന്നില്ല. പിന്നെ ബേബിച്ചായന്റെ വക എല്ലാ വിഷയത്തിന്റെയും എല്ലാ അദ്ധ്യായത്തിന്റെയും CD സ്ക്കൂളുകളില്‍ ലഭ്യമാണ്. അത് കാണിച്ച് പഠിപ്പിക്കാറുമുണ്ട്. പിന്നെ താങ്കള്‍ പറഞ്ഞ CD ഇക്കൂട്ടത്തില്‍ കാണില്ല, കേട്ടോ. പിന്നെ ഒന്ന് പുസ്തകം വായിച്ചാല്‍ നന്നായിരിക്കും.

    മുക്കുവന്‍ (..
    വളരെ നന്ദി.

    ReplyDelete
  10. പ്രസവിക്കാതവള്‍ എന്ന് മിനി സ്വയം വിശേഷിപ്പിച്ചത്‌ ഈ ഉദാഹരണം കൊണ്ടാണോ...?

    ReplyDelete
  11. ടീച്ചറേ..പത്താം ക്ലാസ്സില്‍ കാര്യമായിട്ടൊന്നും പഠിപ്പിച്ചിരുന്നില്ല...പ്ലുസ്ടുവിനായിരുന്നു...വിശ ദമായിട്ട് ...അന്ന് സുവോളജി ടീച്ചര്‍ ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെ തകര്‍പ്പന്‍ ക്ലാസ്സായിരുന്നു. കൂടെ കുറെ ഉപദേശങ്ങളും...ക്ലാസ്സ് മുഴുവന്‍ ചിരിച്ചു മരിച്ച ദിവസങ്ങളായിരുന്നു അത്..നല്ല പോസ്റ്റ്‌.

    ReplyDelete
  12. വളരെ രസകരമായ അനുഭവങ്ങള്‍. നര്‍മ്മ രസത്തില്‍ എഴുതിയതിനാല്‍ വായനാസുഖവും ഉണ്ട്.
    വളരെ ആവശ്യകതയുള്ള ഒരു സബ്ജക്റ്റ് ആണിത്. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം കുട്ടികള്‍ വളരെ മോഡേണ്‍ ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

    ടീച്ചറുടെ മറ്റു ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാന്‍ പോകുന്നേ ഉള്ളൂ. പിന്നെ ഹെഡറില്‍ പറഞ്ഞിട്ടുള്ള വിഷയം വളരെ അര്‍ത്ഥവത്തണ്. അപ്പോള്‍ ആശങ്കക്ക് വകയില്ലല്ലോ.

    മറ്റു ബ്ലൊഗുകളും വായിക്കട്ടെ.
    ആശംസകള്‍

    ReplyDelete
  13. Shyam (..
    ആദ്യമായി കണ്ണൂരിലെ ഒരു ബ്ലോഗറെ കണ്ടപ്പോൾ ആദ്യത്തെ ചോദ്യം എന്റെ കുട്ടികളുടെ കാര്യമായിരുന്നു. പിന്നെ എന്റെ മകളുടെ കുട്ടിയാണ് ശ്രീക്കുട്ടി, മകളും പ്രസവിച്ചതല്ല.

    Adarsh (..
    ഇപ്പോള് മാറിയ സിലബസ്സില് പണ്ടെത്തെപ്പോലെ കൂടുതല് പഠിപ്പിക്കാനില്ല. അഭിപ്രായത്തിനു നന്ദി.

    ജെ പി വെട്ടിയാട്ടിൽ (..
    അഭിപ്രായം എഴുതിയതിനു നന്ദി. മലയാളവായനയും എഴുത്തും ബ്ലോഗിലൂടെ തിരിച്ചു വരികയാണെന്ന് ഇപ്പോഴ് തിരിച്ചറിയുന്നു.

    ReplyDelete
  14. അവസാന കമന്റ്‌ കൊള്ളാം.

    ReplyDelete
  15. nice post. i think ur doing a great job as a teacher. Keep it up. :)

    ReplyDelete
  16. y-ki poyi vayikkan, kollam experiences

    ReplyDelete
  17. പൊട്ട സ്ലേറ്റ് (.
    അഭിപ്രായത്തിനു നന്ദി.

    Captain Haddock (.
    Thanks.

    Prasanth (.
    Thanks.

    ReplyDelete
  18. അറിവ് വേണ്ടസമയത്ത് അതു പകര്‍ന്ന് നല്‍കാന്‍ വിവരവും വിവേകവും ഉള്ളവരില്‍ നിന്ന് ശരിയായി അറിയുന്നതാണു നല്ലത്..ശരീര ശാസ്ത്രം എല്ലാവരും തന്നെ അറിഞ്ഞിരിക്കണം ഹൈസ്കൂള്‍ ക്ലാസ്സിലെ കുട്ടികള്‍ ഈ പാഠം പഠിക്കുമ്പോള്‍ അത്രയൊന്നും വിരളിയെടുക്കുന്നില്ല
    പിന്നെ അതിന്റെ ഇക്കിളി മുഴുവന്‍ കാണിക്കുന്നത് മുതിര്‍ന്നവര്‍ അല്ലെ? ആണെന്നാണു തോന്നുന്നത്, പലപ്പോഴും കൌമാരക്കാരുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും നിഷ്ക്കളങ്കം തന്നെ അതിനു വ്യാഖ്യാനങ്ങളും ഇല്ലാത്ത അര്‍ത്ഥങ്ങളും ഇങ്ങനെ ആയാല്‍ അങ്ങനെ എന്നു തുടങ്ങുന്ന ഏച്ചു കെട്ടുകളും ചാര്‍ത്തുന്നത് മുതിര്‍ന്നവരാണ്

    ReplyDelete
  19. എന്തായാലും ഈ വിഷയം പഠിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല കാരണം 8‍ാം ക്ലാസ് മുതല്‍ ഞാ​‍ന്‍ പഠിച്ചത് ടെക്നിക്കല്‍ ഹൈസ്കൂളില്‍ ആണ്......

    ഈ നിമിഷം വരെ എനിക്ക് മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കാര്യമായ അറിവും ഇല്ല......

    എന്നാലും ഒരു കാര്യം ഉറപ്പാ കൗമാര പ്രായത്തിലുള്ള കുട്ടികളെ ഇത് പഠിപ്പിക്കുക അല്‍പം ബുദ്ധിമുട്ടാണ്‍ (അത് കഴിഞ്ഞാലും) ;)

    ReplyDelete
  20. എന്റെ എല്ലാ സംശയോം മാറി...!
    ആശംസകൾ ടീച്ചർ..!!

    ReplyDelete
  21. Nalla teacher ....post kollam
    ..but nthokkeyayalum innathe samoohathil biology syllabus nu purath sex education venamenna pakshakarananu Njan...prathekichum high school thalathil ...karyangalokke avarku manasilavumenkil kudi oru dushicha samooham avare exploit cheyyanundennu padippikkan .... lokathe ithuvare kandathilappuram kurachu kuudi nannayi kanan ..pinnidorikkal thettazhippoyi nnu thonnathirikkan

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!