17.10.09

24. അച്ഛനും അമ്മയും സിനിമ കാണുകയാ...




                             സിനിമ കാണാന്‍ ഒരു കാലത്ത് വലിപ്പച്ചെറുപ്പം നോക്കാതെ, ‘മാനുഷരെല്ലാരും ഒന്നുപോലെ’ സിനിമാ തിയറ്ററില്‍ (സിനിമാകൊട്ടക അല്ലെങ്കില്‍ സിനിമാടാക്കിസ് എന്നും പറയാം) പോയിരുന്നു. അങ്ങനെ സിനിമ കാണാന്‍ മുതലാളി ഉയര്‍ന്ന   ‘ബാല്‍ക്കണി ടിക്കറ്റെടുക്കുമ്പോള്‍’ തൊഴിലാളികള്‍ ‘തറ ടിക്കറ്റ്’ എടുത്തും സിനിമ കാണുന്ന കാലം ഉണ്ടായിരുന്നു. മൂട്ടകടി കൊണ്ടാലും പൂവാല ശല്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സിനിമയെല്ലാം വീട്ടിനകത്ത് ടീവിയില്‍ കാണുന്നു. പോരാതെ വന്നാല്‍ ‘സീഡി പ്ലെയെര്‍, ഡീവീഡി പ്ലെയെര്‍’, എന്നിവ കൂടാതെ കൈയില്‍ കൊണ്ടുനടക്കാവുന്ന അനേകം ഉപകരണങ്ങള്‍ വേറെയും കാണും.
.
                             നമ്മുടെ സീഡി പ്ലെയര്‍ കണ്ടുപിടിക്കുന്നതിനു മുന്‍പ് ഒരു പ്രത്യേക ഉപകരണം ഉണ്ടായിരുന്നു – ‘വീസിപി’ – (വീസീആര്‍- എന്നും പറയാറുണ്ട്) . അക്കാലത്ത് പൊങ്ങച്ചംകാട്ടാനായി വാങ്ങിയ  വീസീപിയും അതില്‍ ഇട്ട് സിനിമ കാണിക്കുന്ന വീഡിയോ-കാസറ്റുകളും ഇന്ന് പല വീടുകളിലെയും പുരാവസ്തുക്കളുടെ കൂട്ടത്തില്‍ ഉണ്ടാവും. (എന്റെ വീട്ടിലും ഉണ്ട്) അക്കാലത്ത് സ്വന്തമായി വീസീപി ഇല്ലാത്തവര്‍ വീഡിയോ കാസറ്റ് മാത്രമല്ല, അത് കാണാനുള്ള വീസീപിയും വാടകക്ക് വീട്ടില്‍ കൊണ്ടുവരാറുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയുന്ന കാര്യം ഇപ്പോള്‍ പറയാന്‍ കാരണം നമ്മുടെ കഥ നടക്കുന്നത് ഒരു വീസീപി കാലഘട്ടത്തിലാണ്.

                              നിലാവില്ലാത്ത ഒരു വേനല്‍ക്കാല രാത്രി. സമയം 11 മണി കഴിഞ്ഞപ്പോഴാണ് അയല്‍‌പക്കത്തെ കൊച്ചു വീട്ടില്‍‌നിന്ന് അടിയും കരച്ചിലും ബഹളവും ഒന്നിച്ചു കേട്ടത്. നാട്ടില്‍ ഏറ്റവും വൈകി ഉറങ്ങുന്നതും അതുപോലെ ഉണരുന്നതും എന്റെ വീടാണ്. അതുകൊണ്ട് വീട്ടിലുള്ളവരെല്ലാം പുറത്തിറങ്ങി സംഭവം എന്താണെന്ന് ശ്രദ്ധിച്ചു. സംഭവം നടക്കുന്നത് ‘നാട്ടിന്‍പുറത്തായതിനാല്‍’ ആരൊക്കെയോ കരച്ചില്‍ കേട്ട വീട്ടിലേക്ക് ഓടിപോകുന്നുണ്ട്. കൂടാതെ ടോര്‍ച്ച് തെളിയിച്ച് വയല്‍‌വരമ്പിലൂടെയും ഇടവഴിയിലൂടെയും ആളുകള്‍ എന്തോ അന്വേഷിച്ച് ഓടുന്നുണ്ട്.

               ഞാന്‍ വീട്ടുകാരനായ ഭര്‍ത്താവിനോട് പറഞ്ഞു, “ഒന്ന് പോയി നോക്കരുതോ; കള്ളന്‍ കയറിയതാവാനാണ് സാദ്ധ്യത”
“പിന്നെ കള്ളന്റെ അടി എനിക്ക് കിട്ടാന്‍ വേണ്ടിയാണോ? എനിക്ക് വയ്യ” അദ്ദേഹം തീര്‍ത്തു പറഞ്ഞു.
    എങ്കിലും തൊട്ടയല്‍‌പക്കത്തു നടക്കുന്ന സംഭവം അറിയാന്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷ അദ്ദേഹത്തിനു തന്നെയാണ്.  അത്കൊണ്ട് അദ്ദേഹംതന്നെ മുറ്റത്തിറങ്ങി ടോര്‍ച്ചുമായി വരുന്ന ആദ്യംകണ്ടവനെ വിളിച്ച് ചോദിച്ചു, 
“എന്താ പറ്റിയത്; കള്ളനെ പിടിച്ചോ?”
“ഏതു കള്ളന്‍” മുറ്റത്തു വന്ന മനുഷ്യന്‍ ചോദിച്ചു.
“നിങ്ങളൊക്കെ ഓടുന്നത് കണ്ട് ചോദിച്ചതാ; എന്താണ് സംഭവം?”
“മാഷ് ഇങ്ങനെ വീട്ടില്‍ നിന്നാലെങ്ങനെയാ; അവിടെത്തെ വാസുവിന്റെ മകള്‍ രാത്രി  വീട്ടില്‍‌നിന്നും ഇറങ്ങി എങ്ങോട്ടോ പോയി. ഇപ്പോള്‍ അവളെ കാണാനില്ല.” അയാള്‍ അതു പറയുമ്പോഴേക്കും കൂടുതല്‍ ചെറുപ്പക്കാര്‍ ഞങ്ങളുടെ വീടിന്റെ മുറ്റത്തെത്തി.
 .
                            സംഭവിച്ചത് ചെറുതെങ്കിലും വലിയ സംഭവം തന്നെയാണ്. അയല്‍‌വാസിയായ വാസുവിന് രണ്ട് മക്കള്‍; മൂത്തവള്‍ പ്രീ ഡിഗ്രി രണ്ടാം വര്‍ഷം, ഇളയവന്‍ പത്താം തരം. കൂലിപ്പണിക്കാരനായ വാസു ദിവസേന കൂലിയും വാങ്ങി ലഹരിയും അടിച്ച് വീട്ടില്‍ വരും. എന്നാല്‍ മക്കളെയും ഭാര്യയെയും പൊന്നുപോലെ നോക്കുന്ന വാസു അവര്‍ക്ക് വേണ്ടുന്നതെല്ലാം മുടക്കം കൂടാതെ ചെയ്തുകൊടുക്കും. നാട്ടിലെല്ലാവരും ടീവി എന്ന ‘ടെലിവിഷം’ വാങ്ങി വീട്ടില്‍‌വെച്ച് പാട്ടും കൂത്തും കാണാന്‍ തുടങ്ങിയപ്പോള്‍ വാസുവിന് ഇരിപ്പുറക്കാതായി. അങ്ങനെ അടുത്തുള്ള സഹകരണബേങ്കില്‍ നിന്നും ലോണ്‍ ശരിയാക്കി വാസുവിന്റെ വീട്ടിലും ടീവി വാങ്ങി.
 .
                         പുരപ്പുറത്തു കുറ്റിനാട്ടിയ ആന്റിനയിലൂടെ വരുന്ന ഹിന്ദി, ഇംഗ്ലീഷ്, മലയാളം പരിപാടികള്‍ക്കിടയില്‍ അപൂര്‍വ്വം ചില മലയാളസിനിമകള്‍ മാത്രമായിരുന്നു ദൃശ്യമായത്. ഒരു ദിവസം കള്ള്‌ഷാപ്പില്‍‌വെച്ച് രണ്ട് കുപ്പി അകത്താക്കിയ ശേഷം അച്ചുവേട്ടനാണ് ‘വീസീയാറിനെ പറ്റി’ ഒരു ലഘുവിവരണം നല്‍കിയത്. മുതലാളിയുടെ വീട്ടിലെ വീസീയാറിന്റെ മുന്നിലിരുന്ന് സിനിമ കാണാനും കല്ല്യാണകാസറ്റ് കാണാനും അച്ചുവേട്ടന് ഒരു ദിവസം ഭാഗ്യം ലഭിച്ചിട്ടിണ്ട്. ഇതൊന്നും കാണാന്‍ ഭാഗ്യമില്ലാതെ പഠിപ്പില്‍‌മാത്രം ശ്രദ്ധിച്ച് എപ്പോഴും കുത്തിയിരുന്ന് പുസ്തകം വായിക്കുന്ന മക്കളെപറ്റി ഒരുനിമിഷം വാസുവിന് ഓര്‍മ്മ വന്നു.
 .
                        മാസങ്ങള്‍ കൊഴിഞ്ഞുപോകവെ ഒരു ദിവസം കെട്ടിയവന്റെ നല്ല മൂഡ്‌നോക്കി വാസുവിന്റെ ഭാര്യ ചെവിയില്‍ പറഞ്ഞു,
“നമ്മുടെ പലചരക്ക് പീടികയുടെ എതിര്‍വശത്തായി ഒരു കാസറ്റ് പീടിക തൊറന്നിട്ടുണ്ട്. അവിടെന്ന് വീസീയാര്‍ വാടകക്ക് തരും. അതൊന്ന് വാങ്ങിയാല്‍ നമ്മക്ക് ഒരാഴ്ച സിനിമ കാണാം; പിന്നെ നമ്മളെ നാണുവിന്റെ മോന്റെ കല്ല്യാണകാസറ്റും കൂടി അതിലിട്ട് കാണാം”
                       അങ്ങനെ വാസുവിന്റെ കൊച്ചുവീട്ടിലും വീസീയാര്‍ (വാടക വിസിപി) വന്നു. വാസുവിന്റെ വീട് സിനിമാടാക്കിസായി മാറി; കാണികളായി വാസു&ഫേമലി കൂടാതെ ചിലപ്പോള്‍ അയല്‍‌വാസികളും കാണും.
.
                              വാസുവും വാടകവീസിയാറും തമ്മിലുള്ള ബന്ധം ഇങ്ങനെ പല തവണ ആവര്‍ത്തിച്ചു. ചില ദിവസം പണിക്ക് പോകാതെയും വാസു സിനിമ കാണല്‍ തുടര്‍ന്നു. എന്നാല്‍ വാസുവിന്റെ മക്കള്‍ ഇതിലൊന്നും വലിയ താല്പര്യം കാ‍ണിച്ചില്ല.
                            ഒരു ദിവസം എന്റെ വീട്ടില്‍ വന്നപ്പോള്‍ വാസുവിന്റെ മകള്‍‌തന്നെ അക്കാര്യം എന്നോട് പറഞ്ഞു.“ടീച്ചറെ ഇപ്പോള്‍ വീട്ടില്‍ അച്ഛന്‍ വീസിയാര്‍ കൊണ്ടുവരുന്നതുകൊണ്ട് പഠിക്കാന്‍ കഴിയുന്നില്ല. എപ്പോഴും കാസറ്റിട്ട് സിനിമ കാണല്‍ തന്നെ”
   “അതൊന്നും നീ നോക്കേണ്ട; പിന്നെ നിനക്ക് രാത്രി ഇരുന്ന് പഠിക്കാമല്ലൊ” ഞാന്‍ പറഞ്ഞു.
   “അയ്യോ ടീച്ചറെ രാത്രി എപ്പോഴും സിനിമയാ; ചിലപ്പോള്‍ ഒരുമണിവരെ” അവള്‍ക്ക് പഠിപ്പിലാണ് താല്പര്യം മുഴുവന്‍ .
   “നിങ്ങള്‍ രണ്ടുപേരും സിനിമയൊന്നും കാണാതെ പഠിച്ചാല്‍ നിങ്ങള്‍ക്ക് തന്നെയാ നല്ലത്” ഞാന്‍ അവളെ ഉപദേശിച്ചു.
   “ഞാന്‍ മുറിയടച്ചിരുന്ന് പഠിക്കും, എന്നാല്‍ അനിയന്‍ പത്തുമണിക്ക് തന്നെ ഉറങ്ങും”
    ഇങ്ങനെ പറഞ്ഞ കുട്ടിയാണ് രാത്രി വീട്ടില്‍‌നിന്നും ഒറ്റക്ക് ഇറങ്ങി എങ്ങോ പോയത്.
.
                            വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ അരമണിക്കൂറിനു ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി ആഘോഷപൂര്‍വ്വം സ്വന്തം വീട്ടില്‍തന്നെ എത്തിച്ചു. അപ്പോള്‍ വാസുവും ഭാര്യയും, കലിതുള്ളി നില്‍ക്കുകയാണ്.
                              ‘അന്നും വാസു പതിവ് പോലെ പുതിയ സിനിമയുടെ പുതിയ കാസറ്റ് വാങ്ങി വീട്ടില്‍ വന്നതാണ്. വീട്ടിലെത്തി വീസിയാര്‍ തുറന്നപ്പോള്‍ അത് പണിമുടക്കിയിരിക്കുന്നു. വാടക വീസീയാര്‍ ഇങ്ങനെയായാല്‍ തിരിച്ച് കൊടുക്കുമ്പോള്‍ അവര്‍ തന്നെ കുറ്റം പറഞ്ഞ് റിപ്പെയറിങ്ങ് ചാര്‍ജ്ജ് വാങ്ങിയാലോ; അത് തിരിച്ചും മറിച്ചും നോക്കി. അപ്പോള്‍ വാസു ആ കാഴ്ച കണ്ട് ഞെട്ടി; വീസീപിയുടെ പിന്നിലെ വയറുകള്‍ മുറിച്ചിരിക്കുന്നു’. വാസുവിന്റെ മനസ്സില്‍ തീയെരിയാന്‍ തുടങ്ങി. ‘ഇത് മകള്‍‌തന്നെ ചെയ്തതാവണം; സിനിമ ഇഷ്ടപ്പെടാത്തവള്‍’. അമ്മയുടെ വക നാവുകൊണ്ടും അച്ഛന്റെ വക കൈകൊണ്ടും മകള്‍ക്ക് വേണ്ടത്ര കൊടുത്തു. അവള്‍ കരഞ്ഞ് ഇറങ്ങിയോടി.
                             ഇത്രയേ സംഭവിച്ചുള്ളു, അതിന് ഒരു പെണ്‍‌കുട്ടി രാത്രിസമയത്ത് വീട്ടില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി ഓടണോ?
 .
                             മകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയും അച്ഛനും പറഞ്ഞത് കേട്ട് നാട്ടുകാര്‍ മകളെ ഉപദേശിച്ചു. പ്രായമേറെയുള്ള രക്ഷിതാക്കള്‍ സിനിമ കാണുന്നത് ഒരിക്കലും കുറ്റമല്ല എന്നും അതിന് എതിര്‍പ്പ് കാണിക്കരുത് എന്നും അവളോട് പറഞ്ഞു. ഇനിയും ഓടിപ്പോയാല്‍ ആരും തിരഞ്ഞു വരില്ല എന്ന് ഭീഷണിപ്പെടുത്തിയ ശേഷം എല്ലാവരും ചേര്‍ന്ന സഭ പിരിച്ച്‌വിട്ടു.
 .
                           ‘അവള്‍ അടികൊണ്ട് ഓടിപോവാന്‍ കാരണം? വീസീപിയുടെ കേബിള്‍ മുറിക്കാന്‍ കാരണം?’
                             പിറ്റേ ദിവസം ഞായറാഴ്ച ഞാന്‍ തനിച്ചാണെന്ന് അറിഞ്ഞ് വാസുവിന്റെ മകള്‍ വീട്ടില്‍ വന്നു. ഞാന്‍ അവളോട് ചോദിച്ചു,
    “നീയാണോ വീസിപിയുടെ കേബിള്‍ മുറിച്ചത്?”
    “അതെ. ആ നാശം കൊണ്ടുവന്നതു മുതല്‍ അച്ഛന്‍ മര്യാദക്ക് പണിക്ക്പോവാതായി” വെറുപ്പോടെ അവള്‍ പറഞ്ഞു.
   “നിനക്ക് മുറിയടച്ചിരുന്ന് പഠിച്ചാല്‍ പോരെ? വെറുതെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കണോ?”
.
അവള്‍ അല്പസമയം കരഞ്ഞു; പിന്നെ സംഭവങ്ങള്‍ പറഞ്ഞു.
                             രാത്രി മാതാപിതാക്കള്‍ ഉറക്കമിളച്ച് സിനിമ കാണുമ്പോള്‍ അവള്‍ക്ക് വളരെ സന്തോഷമായിരുന്നു; ഒറ്റയ്ക്കിരുന്ന് രാത്രി പഠിക്കുമ്പോള്‍ ഒരു ധൈര്യം. എന്നാല്‍ കഴിഞ്ഞ ഒരു ദിവസം വാതില്‍ പതുക്കെ തുറന്നപ്പോള്‍ അവള്‍‌കണ്ട ടീവിയിലെ ചിത്രങ്ങളില്‍ ഒരാള്‍ക്കും ഉടുതുണി കാണാനില്ല. അതുംകണ്ട് പരിസരം മറന്ന് രസിച്ചിരിക്കുകയാണ്, അവളുടെ അച്ഛനും അമ്മയും. അന്നേരം ഒന്നും പറയാതെ മകള്‍ വാതിലടച്ച് ഉറങ്ങി. പിന്നെ കിട്ടിയ അടുത്ത ചാന്‍സില്‍; മറ്റൊന്നും ആലോചിക്കാതെ, ആരും കാണാതെ വീസിപിയുടെ കേബിള്‍ മുറിച്ചു.
.
   “അപ്പോള്‍ ഇന്നലെ രാത്രി നാട്ടുകാര്‍ നിന്നെ കുറ്റപ്പെടുത്തുമ്പോള്‍ ഇക്കാര്യം നിനക്ക് പറയാമായിരുന്നില്ലെ?” ചോദ്യം മണ്ടത്തര മാണെങ്കിലും ഞാന്‍ അവളോട് ചോദിച്ചു.


   “ അയ്യോ ടീച്ചര്‍, എന്റെ അച്ഛനും അമ്മയും, ഇത്രയും വൃത്തികെട്ടവരാണെന്ന് നാട്ടുകാര്‍ മനസ്സിലാക്കിയാലോ? അതുകൊണ്ടാണ് എനിക്കൊന്നും പറയാന്‍ കഴിയാഞ്ഞത്” 
 അവളുടെ മറുപടി കേട്ട് ഞാന്‍ അല്പനേരം ചിന്തിച്ചിരുന്നു.

23 comments:

  1. എത്ര ഉന്നതയായ മകള്‍! നല്ല കുട്ടി..

    ReplyDelete
  2. ഇത്രേം നല്ലൊരു മോളോ ????!!!
    അത്രയും പ്രായോഗിക ബുദ്ധിയുള്ള കുട്ടി അസാധാരണക്കാരിയാകുമല്ലോ !

    ReplyDelete
  3. കൂലിപ്പണിക്കാരനും വിദ്യാ വിഹീനനും ആണെങ്കിലും സാങ്കേതിക പുരോഗതി ദൈനം ദിന ജീവിതത്തില്‍ ഉപയോഗിക്കുവാന്‍ കഴിഞു എന്നതാണ് അദ്ദെഹത്തിന്റെ മഹത്വം...ഭാര്യക്കു സിനിമ കാണാന്‍ അവസരം എകുക വഴി
    സ്ത്രീ പുരുഷ സമത്വത്തിന്റെ മഹത്തായ പാത പിന്തുടരാനും അദ്ദേഹത്തിന് ആയി ...
    നല്ല അയല്‍ക്കാര്‍(ആരുടെ)

    ReplyDelete
  4. ഇക്കാലത്ത് പെണ്‍കുട്ടികള്‍ വഴിതെറ്റിയില്ലെങ്കിലേ അതിശയമുള്ളൂ...
    സസ്പെന്‍സ് നിലനിര്‍ത്തി...കൊള്ളാം!

    ReplyDelete
  5. യെന്താ പറയ്യ !!!!

    ReplyDelete
  6. when i use to work as a med repa i heard a different and horrible story from a psuchiatrist , both parents in central govt service and children aged 13 and 15 in different schools . during summer holidays they started watching movies from parents private collection which led to physical relation between the two . it was discoveredd later and the mother became depressed . if i remeber correctly the doctor wanted to write about this incident in news paper so that more people will have an awareness. keep writing , cheers vinod

    ReplyDelete
  7. ഈ പോസ്റ്റിന് ഒരു പിന്‍‌കുറിപ്പ് എഴുതാന്‍ വിട്ടുപോയതാണ്. രക്ഷിതാക്കള്‍ കാരണം തല താഴ്ത്തേണ്ടി വന്ന കുട്ടികളെ എനിക്കറിയാം. ഒരിക്കല്‍ എന്റെ സ്ക്കൂളിനു സമീപത്തെ റോഡ്‌സൈഡില്‍ കുട്ടികള്‍ കൂടിനില്‍ക്കുന്നത് കണ്ട് ഞാന്‍ നോക്കിയപ്പോള്‍ ഒരു പുരുഷന്‍ വീണുകിടക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ അത് എട്ടാം ക്ലാസില്‍ എന്റെ സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിയുടെ അച്ഛനാണെന്ന് എനിക്ക് മനസ്സിലായി. ചാരായത്തിന്റെ രൂക്ഷഗന്ധം. അതിരാവിലെ തന്നെ വെള്ളമടിച്ച് വീണിരിക്കയാണെന്ന് കുട്ടികള്‍ പറഞ്ഞു.ഞാന്‍ തിരിഞ്ഞു നോക്കിയത് ആ കുട്ടിയുടെ മുഖത്ത്- അയാളുടെ മകളുടെ-. അവള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ തല കുനിച്ച് നടന്ന് ക്ലാസ്സില്‍ പോയി.

    രക്ഷിതാക്കളുടെ സിനിമ കാരണം പഠിക്കാനാവില്ല എന്ന് ക്ലാസ് ടീച്ചറായ എന്നോട് പത്താം ക്ലാസ്സിലെ പെണ്‍‌കുട്ടി പറഞ്ഞു. അടുത്ത് പിടീഎ യോഗത്തില്‍ അതിനെപറ്റി പേര് വെക്കാതെ നടത്തിയ എന്റെ പ്രസംഗം മനസ്സിലാക്കിയ രക്ഷിതാവ്, ഒടുവില്‍ എല്ലാവരും പോയപ്പോള്‍ എന്റെ സമീപം വന്ന് തെറ്റ് സമ്മതിച്ചു. ആ വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് ആ പെണ്‍‌കുട്ടി ആയിരുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞതാണെങ്കിലും ഇത്തരം സംഭവങ്ങളാണ് ഇങ്ങനെയൊരു പോസ്റ്റിനു കാരണം.

    ഓര്‍ക്കുക: കുട്ടികള്‍ക്ക്, അവരുടെ പ്രായത്തില്‍ നമുക്കുള്ളതിനെക്കാള്‍ ബുദ്ധിയുണ്ട്.

    ഈ പോസ്റ്റിനു കമന്റ് എഴുതിയ കുമാരന്‍|kumaran, chithrakaran|ചിത്രകാരന്‍, poor-me/പാവം-ഞാന്‍, കാപ്പിലാന്‍, കാര്‍ത്ത്യായനി, ഭായി, VEERU, Vinod Nair, എല്ലാവര്‍ക്കും നന്ദി പറയുന്നു. പിന്നെ കൌമാര തരികിടകള്‍ പറയാന്‍ ഇനിയും ധാരാളം ഉണ്ട്. അത് മറ്റുള്ളവര്‍ ഉള്‍ക്കൊള്ളുമോ എന്ന് പേടികൊണ്ടാണ് എഴുതാത്തത്.

    ReplyDelete
  8. ചിരിയിലും കൂടുതല്‍ ചിന്തിപിച്ച പോസ്റ്റ്‌.

    ടീച്ചര്‍ ധൈര്യമായി എഴുതൂ, ഉള്കൊള്ളുന്നവര്‍ മാത്രം ഉള്കൊള്ളട്ടെ..:-)

    ReplyDelete
  9. എന്റെ സംശയം അതൊന്നുമല്ല....
    ഇന്റര്‍നെറ്റും സിഡിയും ഒക്കെ ഉള്ള ഈ കാലത്ത്.. ആ കൊച്ചു ആത്മഹത്യ ചെയ്തു കാണണമല്ലോ..എങ്ങനെ ജീവിക്കും

    ReplyDelete
  10. ആ മോളിപ്പോ എന്തു ചെയ്യുന്നു...

    ReplyDelete
  11. പോസ്റ്റും പിൻ‌കുറിപ്പും ഇഷ്‌ടപ്പെട്ടു.

    ReplyDelete
  12. പുരപ്പുറത്തു കുറ്റിനാട്ടിയ ആന്റിനയിലൂടെ വരുന്ന ഹിന്ദി, ഇംഗ്ലീഷ്, മലയാളം പരിപാടികള്‍ക്കിടയില്‍ അപൂര്‍വ്വം ചില മലയാളസിനിമകള്‍ മാത്രമായിരുന്നു ദൃശ്യമായത്.

    എന്തൂട്ടാ ഒരു അലക്ക്, എന്റെ ടീച്ചറെ നിങ്ങളെ നമിച്ചു.
    പോസ്റ്റ്‌ കലക്കി, എന്തായാലും ആ കുട്ടി പിന്നീട് പഠിച്ചു മിടുക്കി ആയി കാണും എന്ന് കരുതുന്നു. ടീച്ചര്‍ക്ക്‌ ആ കുട്ടിയുടെ മാതാവിന്റെ ചെപ്പക്ക് ഒരു പെട പിന്നീട് കൊടുക്കാന്‍ വയ്യാരുന്നോ, എന്നിട്ട് ഒരു ഉപദേശവും കൊടുക്കാമായിരുന്നല്ലോ

    ReplyDelete
  13. അച്ഛന്റെയും അമ്മയുടെയും സ്വകാര്യതയിലേക്ക്‌ എത്തിനോക്കെണ്ടായിരുന്നു ആ മോള്‍ .പിന്നെ മോള്‍ടെ പഠിക്കണം എന്ന ആഗ്രഹത്തിന് ആശംസകള്‍ ..നല്ല കുട്ടി ....പിന്നെ രക്ഷിതാക്കള്‍ കുറച്ചു കൂടി ശ്രദ്ധയോടെ മാന്യമായി വീട്ടില്‍ പെരുമാറണം ..കാരണം അവിടെ നിന്നാണല്ലോ ഒരു കുട്ടിയുടെ വ്യക്ത്തിത്വം രൂപ പെടുന്നത് ...നല്ല ചിന്തികേണ്ട പോസ്റ്റ് തന്നെ ടീച്ചറെ ..പിന്നെ കണ്ണനുണ്ണി പറഞ്ഞ സന്തേഹം എനിക്കും ഉണ്ട്... എങ്ങും കച്ചവട മനസ്സുമായ്‌ ചനെലുകളും ..പിന്നെ ഈ ആധുനിക സാങ്കേതിക വിദ്യ ആയ ഇന്റര്നെറ്റ് ഉം ഉള്ള ഈ കാലത്ത്‌ ഈ കുട്ടി എവിടെ പോയി ഒളിക്കും ....നല്ലതും ചീത്തയും നിറഞ്ഞ ലോകത്ത്‌ നമുക്ക്‌ അവിശ്യമുള്ളത് തിരഞ്ഞെടുക്കുകയെ നിവര്‍ത്തി ഉള്ളു ..

    ReplyDelete
  14. മിടുക്കികുട്ടി .....ഇന്നോ.....? മൊബൈലുകളില്‍ കണ്ടാല്‍അറക്കുന്നരതി വൈകൃതങ്ങള്‍ പേറുന്ന രക്ഷിതാക്കള്‍ കുട്ടികള്‍ അവ എടുത്തു പെരുമാറുമ്പോള്‍ എത്ര ഒളിച്ചു വെച്ച ഫയലാനെങ്കിലും നിമിഷ നേരം കൊണ്ടു കണ്ടെത്തും അവര്‍, പിന്നത്തെ കാര്യം പറയണോ ...? തങ്ങളുടെ റോള്‍ മോഡലായ അച്ഛനും അമ്മയും ചെന്നുയ്യുന്ന കാര്യങ്ങളാണ് അവന്‍ അല്ലങ്കില്‍ അവള്‍ അനുകരിക്കുന്നത് . ഈ കഥ ഒരു മെസേജ് ആകട്ടെ എന്ന് ആശംസിക്കു ന്നു

    ReplyDelete
  15. കവിത-kavitha (.
    പൊള്ളുന്ന പൊള്ളിക്കുന്ന സംഭവങ്ങള്‍ ഇനിയും എഴുതുന്നുണ്ട്. നന്ദി.

    കണ്ണനുണ്ണി (.
    രക്ഷിതാക്കള്‍ നല്ലത് പറയിക്കണം എന്ന വാശി പെണ്‍‌കുട്ടികള്‍ക്കു മാത്രമായിരിക്കും. എന്നാലല്ലെ അവള്‍ക്ക് അതിന്റെ പേരില്‍ ഭര്‍ത്താവിന്റെ, കൂട്ടുകാരുടെ ഇടയില്‍ സ്ഥാനം ഉണ്ടാകത്തുള്ളു.

    വിജിത (.
    കഥയില്‍ പറഞ്ഞ മോളുടെ കാര്യം എനിക്കറിയില്ല. പിന്‍‌കുറിപ്പില്‍ പറഞ്ഞതില്‍ ഒരാള്‍ സ്ക്കൂളില്‍ ഒന്നാം സ്ഥാനം നേടിയെങ്കിലും പിന്നീട് ഉയര്‍ന്നിട്ടില്ല. രണ്ടാം കക്ഷി കൂടുതല്‍ പഠിച്ച് ഇപ്പോള്‍ ഉയര്‍ന്ന ജോലി കിട്ടി.

    വശംവദന്‍ (.
    നന്ദി.

    കുറുപ്പിന്റെ കണക്കു പുസ്തകം (.
    പിള്ളേര്‍ക്ക് കൊടുക്കാതെ രക്ഷിതാക്കള്‍ക്കാണ് കൊടുക്കാറ് പതിവ്. ചില അച്ഛന്മാര്‍ സ്ക്കൂളില്‍ വരുമ്പോള്‍ ചാരായത്തിന്റെ ഗന്ധം കാരണം 5 മീറ്റര്‍ ദൂരെ മാറി നില്‍ക്കണം.

    ഭൂതത്താന്‍ (.
    ഇന്നാണെങ്കില്‍ ഇങ്ങനെയൊന്നും ആയിരിക്കില്ല എന്ന് ഉറപ്പാണ്. രക്ഷിതാക്കളറിയാതെ അവള് മുഴുവനും കാണും.

    T A RASHEED (.
    അഭിപ്രായത്തിനു നന്ദി. ഇവിടെ തെറ്റും ശരിയും നമുക്ക് കണ്ടെത്താന്‍ കഴിയില്ല.

    ReplyDelete
  16. ടി.വി ഇല്ലാത്ത ഞാന്‍ എത്ര ഭാഗ്യവാന്‍

    ReplyDelete
  17. അത്തരം സാഹചര്യങ്ങളില്‍ പഠനത്തില്‍ പോലും ശ്രദ്ധിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകാനാണ് സാധ്യത കൂടുതല്‍. അങ്ങനെയുള്ളവരില്‍ നിന്നും ആ പെണ്‍കുട്ടി വേറിട്ടു നില്‍ക്കുന്നു.

    ReplyDelete
  18. ചാത്തനേറ്: പ്രായമായ മകള്‍ ഉറങ്ങാതിരിക്കുന്നുവെന്ന് ഓര്‍ക്കാതെ ഈ മട്ടില്‍ പ്രവര്‍ത്തിക്കുന്ന മാതാപിതാക്കള്‍ക്ക് ഇത്രേം വിവേകിയായ മകളോ?
    ഒരു മറു ചിന്ത: മകളു കതകിനിടയിലൂ‍ടെ ഒളിഞ്ഞ് നോക്കുന്നത് കണ്ട് മാതാപിതാക്കള്‍ തല്ലി, അവള്‍ ഓടിപ്പോയി. തന്നെ ക്കൂടി കാണിക്കാത്ത ദേഷ്യത്തില്‍ എന്നാലിനി അവരും കാണണ്ട എന്ന തോന്നലില്‍ ചെയ്തതായിക്കൂടെ വയറു മുറി?

    ദൈവമേ ഷെര്‍ലോക്ക് ഹോസ് തട്ടിപ്പോയില്ലാരുന്നെങ്കില്‍ ഒന്ന് അന്വേഷിപ്പിക്കാരുന്നു.

    ReplyDelete
  19. Nalla kuttikal...!

    Manoharam, Ashamsakal...!!!!

    ReplyDelete
  20. മിടുക്കിയായ ആ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ, ആ കുട്ടി എവിടെയായാലും നല്ല നിലയിൽ ജീവിക്കുന്നുണ്ടാകും.

    ടീച്ചറമ്മേ..വീസിപിയുടെ വയർ മുറിച്ചത് കണ്ടിട്ടാണ് ആ കുട്ടിയെ ചീത്തപറഞ്ഞതെന്നു വായിച്ചപ്പോൾ, സത്യമായും ഞാൻ വിചാരിച്ചത് ആ പെൺകുട്ടി അച്ഛനുമമ്മയും ഇല്ലാത്ത സമയത്ത് ഒരു നീല ചിത്രം കാണുകയും പിന്നീട് ആ കാസറ്റ് വിസിപിയിൽ നിന്നും ഊരാൻ പറ്റാതെ വന്നപ്പോൾ വിസിപിയുടെ വയർ മുറിച്ചു കളഞ്ഞെന്നുമാണ് (പണ്ട് ഞാൻ വീട്ടിൽ വച്ച് ഇങ്ങനെ ഒരു കാസറ്റ് കണ്ടപ്പോൾ കരണ്ടുപോകുകയും പിന്നീടാകാസറ്റ് മറ്റാരും അറിയാതെ പുറത്തെടുക്കാനും പെട്ട പാട് എനിക്കും ദൈവം തമ്പുരാനുമാത്രമെ അറിയൂ)

    ReplyDelete
  21. അഭിപ്രായം എഴുതിയ Areekkodan|അരീക്കോടന്‍ ശ്രീ, കുട്ടിച്ചാത്തന്‍, sureshkumar Punjayil ഉമേഷ് പിലിക്കോട്, കുഞ്ഞന്‍ എല്ലാവര്‍ക്കും നന്ദി. പ്രായമായാല്‍ മക്കള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യും എന്ന് രക്ഷിതാക്കള്‍ ചിന്തിക്കണം. ഒരിക്കല്‍ കൂടി നന്ദി.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!