19.7.10

അനിക്കുട്ടന്റെ ലോകം   
                 എൽ.കെ.ജി, യു.കെ.ജി, ആദിയായവ വിജയകരമായി പൂർത്തിയാക്കി,,, ‘ഇനിയങ്ങോട്ട് പള്ളിക്കൂടത്തിലേക്കില്ല’ എന്നും പറഞ്ഞ്, വീട്ടിലിരിക്കുന്ന ‘അനിക്കുട്ടനു’വേണ്ടി വിലപേശാൻ പണം പെട്ടികളിലാക്കി വന്നവരെയെല്ലാം തോൽ‌പ്പിച്ച്, ഒടുവിൽ ലേലം ഉറപ്പിച്ചത് ഒരു സ്വകാര്യവ്യക്തി നടത്തുന്ന സ്വകാര്യസ്ക്കൂളിലെ മാനേജറാണ്. ലേലം ഉറപ്പിച്ചത് പെട്ടികളിലെ പണത്തിന്റെ കണക്കുനോക്കി മാത്രം ആയിരുന്നില്ല. അനിക്കുട്ടനെ അനുനയിപ്പിച്ച് സോപ്പും പൌഡറും പൂശിയതിനുശേഷം അനിക്കുട്ടന്റെ അച്ഛൻ എഴുതി തയ്യാറാക്കിയ ഒരു എഗ്രിമെന്റിനുതാഴെ സ്ക്കൂൾ‌മാനേജർ ഒപ്പിട്ടപ്പോൾ; ഒന്നാം തരത്തിൽ ലാസ്റ്റാമനായി, അനിക്കുട്ടനെ ചേർത്തു.
അതായത് ‘അനിക്കുട്ടൻ പത്താം ക്ലാസ്സുവരെ അതെ സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് അവന് ഒരു തരത്തിലുള്ള പ്രയാസവും മാനസിക സംഘർഷവും ഉണ്ടാവുകയില്ല’, എന്ന് മഞ്ഞക്കടലാസിൽ പച്ചമഷികൊണ്ട് എഴുതിയതിന്റെ അടിയിൽ മേനേജർ നീലമഷികൊണ്ട് ഒപ്പിട്ടു.

                      അങ്ങനെ ഭാരതത്തിന്റെ ഭാവി വാഗ്ദാനങ്ങളായ അനിക്കുട്ടന്മാരെ വാർത്തെടുക്കുന്ന മഹായജ്ഞങ്ങൾ നടക്കുന്ന നമ്മുടെ വിദ്യാലയങ്ങളിൽ പ്രവേശനോത്സം മഹോത്സവമായി മാറിയ, ഒന്നാം‌ദിവസം ഒന്നാംക്ലാസ്സിലിരുന്ന് വീട്ടിൽ തിരിച്ചെത്തിയ അനിക്കുട്ടനോട് അവന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? അവിടെ എന്തെങ്കിലും പ്രയാസം ഉണ്ടായിരുന്നോ?”
“അച്ഛാ ഒരു പ്രയാസം ഉണ്ടായി, സ്ക്കൂൾ ബസ്സിൽ‌നിന്ന് ‘ഇറങ്ങി ക്ലാസ്സിൽ പോകാൻ’ മുറ്റത്തെ മണ്ണിലൂടെ നടക്കണം”
“അക്കാര്യം ഇപ്പംശരിയാക്കാം”

                       അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജറെ ഫോൺ ചെയ്ത് കാര്യം പറഞ്ഞു. മേനേജർ ചിന്തിച്ചു, ‘ഇത് അനിക്കുട്ടന്റെ മാത്രം പ്രശ്നമല്ലല്ലൊ; അപ്പോൾ അവനു മാത്രമായി എങ്ങനെ പരിഹരിക്കും? താൻ മാനേജറായിരിക്കുന്ന വിദ്യാലയത്തിലെ രണ്ടായിരത്തി പതിനഞ്ച് വിദ്യാർത്ഥികളുടെയും പ്രശ്നത്തിന് പരിഹാരം കാണണം’. 
മാനേജർ ഹെഡ്‌മാസ്റ്ററെ വിളിച്ച് ഓർഡർ പാസ്സാക്കി,
“എല്ലാദിവസവും സ്ക്കൂൾ ബസ്സിൽ നിന്നിറങ്ങുന്ന കുട്ടികളെ നിലം‌തൊടാതെ ക്ലാസ്സിലെത്തിക്കാൻ ഒരു ക്രെയിൻ സംഘടിപ്പിക്കണം”
ഹെഡ്‌മാസ്റ്റർ ‘യെസ്‌സർ’ എന്ന് മൂളി.

                       പിറ്റേന്ന് മുതൽ സ്ക്കൂൾബസ്സിൽ കയറി മുറ്റത്തു വന്നവർ നിലം‌തൊടാതെ ക്ലാസ്സിലെത്തുകയും വൈകുന്നേരം അതേപടി  ക്ലാസ്സിൽനിന്ന് ബസ്സിൽ എത്തുകയും ചെയ്തു. അങ്ങനെ ഒന്നാം തരത്തിലെ അനിക്കുട്ടനും പത്താം തരത്തിലെ തടിച്ചി അമ്മുക്കുട്ടിയും നിലം തൊടാതെ ക്ലാസ്സിലെത്തി,,, തിരിച്ചുപോയി.
ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”

ഒരാഴ്ച കഴിഞ്ഞു,,,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“അച്ഛാ എനിക്ക് സ്ക്കൂൾബാഗ് എടുക്കാൻ വളരെ പ്രയാസം”
“അക്കാര്യം ഇപ്പംശരിയാക്കാം”
                      അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“കുട്ടികൾ പുസ്തകച്ചുമട് എടുക്കാൻ പാടില്ല. അതിനായി ചുമട്ടുകാരെ ഏർപ്പെടുത്തുക”
                     പിറ്റേദിവസം മുതൽ ചുമട്ടുകാർ വന്ന് ഒന്നാം തരം മുതൽ പത്താം തരം വരെയുള്ളവരുടെ പുസ്തകങ്ങൾ ചുമലിലേറ്റി അവർ പോകുന്ന വഴിയെ ‘തെക്കുവടക്ക്, കിഴക്കുപടിഞ്ഞാറ്’ നടക്കാൻ തുടങ്ങി.
ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”

ഒരു മാസം കഴിഞ്ഞു,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“അച്ഛാ എനിക്ക് ക്ലാസ്സിലിരുന്ന് പഠിക്കാൻ പ്രയാസം”
“അക്കാര്യം ഇപ്പം ശരിയാക്കാം”
                     അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഉടൻ ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“ഇനി മുതൽ അദ്ധ്യാപകർ ക്ലാസ്സിൽപോയാലും ഒന്നും പഠിപ്പിക്കാൻ പാടില്ല”
                     ഹെഡ്‌മാസ്റ്ററുടെ അറിയിപ്പ് കിട്ടിയ അദ്ധ്യാപകർ ക്ലാസ്സിലിരുന്ന് ബോറടിക്കുകയും വിദ്യാർത്ഥികൾ ക്ലാസ്സിലിരുന്ന് കളിക്കുകയും ചെയ്തു.
ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”

ആറ് മാസം കഴിഞ്ഞു,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“അച്ഛാ പരീക്ഷ വരുന്നു, എനിക്ക് പരീക്ഷയെഴുതാൻ പ്രയാസം”
“അക്കാര്യം ഇപ്പം ശരിയാക്കാം”
                     അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഉടൻ ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“ഇനി മുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതാൻ പാടില്ല; പകരം അദ്ധ്യാപകർ എഴുതിയാൽ മതി”
                    ഹെഡ്‌മാസ്റ്റർ പരീക്ഷയെഴുതാൻ പറഞ്ഞപ്പോൾ എല്ലാ അദ്ധ്യാപകരും, ഒന്നാം‌തരം മുതൽ പത്താം‌തരം വരെയുള്ള ക്ലാസ്സുകളിൽ കുത്തിയിരുന്ന് പരീക്ഷയെഴുതാൻ തുടങ്ങി.
എഴുതിയെഴുതി കൈ വേദനിച്ചപ്പോൾ കരയുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു.
“ഹ,ഹഹ”

വീണ്ടും ഒരു മാസം കഴിഞ്ഞു,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“ഇപ്പോൾ സ്ക്കൂൾ മുറ്റത്തും കളിസ്ഥലത്തും വെയിലുള്ളതുകൊണ്ട് പ്രയാസം”
“അക്കാര്യം ഇപ്പം ശരിയാക്കാം”
                     അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഉടൻ ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“കുട്ടികളെ വെയിലുകൊള്ളാൻ അനുവദിക്കരുത്; സ്ക്കൂൾ മുറ്റത്തും കളിസ്ഥലത്തും വെയിലുകൊള്ളാതിരിക്കാൻ പന്തൽ നിർമ്മിക്കുക”
                     ഒന്നാം തരത്തിലെ അനിക്കുട്ടനും പത്താം തരത്തിലെ അമ്മുക്കുട്ടിയും വെയിലുകൊള്ളാതെ, പള്ളിക്കൂടത്തിന്റെ മുറ്റത്തും ഗ്രൌണ്ടിലും ഓടിക്കളിച്ചു.
ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”

അങ്ങനെ മൂന്ന് ദിവസം കൂടി കഴിഞ്ഞു,
അനിക്കുട്ടന്റെ അച്ഛൻ ചോദിച്ചു,
“അനിക്കുട്ടാ, സ്ക്കൂളൊക്കെ എങ്ങനെ? എന്തെങ്കിലും പ്രയാസം ഉണ്ടോ?”
“അച്ഛാ ഇപ്പോൾ ഫുട്ബോൾ‌മത്സരം നടക്കുന്ന സമയമായതിനാൽ വലിയ കുട്ടികൾ മാത്രം പന്ത്‌കളിക്കുന്നു. ഒരു ബോളിന്റെ പിന്നാലെ എത്ര കുട്ടികളാ ഓടുന്നത്? എന്നെ ‘ആ പന്ത്’ തൊടാൻ‌പോലും അനുവദിക്കുന്നില്ല”
“അക്കാര്യം ഇപ്പം ശരിയാക്കാം”
                    അനിക്കുട്ടന്റെ അച്ഛൻ സ്ക്കൂൾ മാനേജർക്ക് മെസേജ് അയച്ചു, മാനേജർ ചിന്തിച്ചു; ഉടൻ ഹെഡ്‌മാസ്റ്ററെ വിളിച്ച് കല്പിച്ചു,
“രണ്ടായിരത്തി പതിനഞ്ച് പന്തുകൾ വാങ്ങി നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഓരോ പന്ത്‌വീതം കൊടുക്കുക”
                     പിറ്റേദിവസം പാഴ്സൽ ലോറികൾ സ്ക്കൂൾ‌ഗെയിറ്റ് കടന്ന്‌വന്നു. രണ്ടായിരത്തി പതിനഞ്ച് പന്തുകൾ സ്ക്കൂൾ അങ്കണത്തിൽ ഇറക്കി. ഹെഡ്മാസ്റ്റർ ഹാജർ‌പട്ടിക നോക്കി, ഓരോ കുട്ടിയെയും വിളിച്ച് ഓരോ പന്ത്‌വീതം കൊടുത്തു.
                      അപ്പോൾ ഒന്നാം തരത്തിലെ അനിക്കുട്ടനും പത്താം തരത്തിലെ തടിച്ചി അമ്മുക്കുട്ടിയും സ്വന്തമായി കിട്ടിയ പന്തുകളുമായി കളിക്കാൻ ഗ്രൌണ്ടിലേക്കോടിയപ്പോൾ കൂടെ എല്ലാ വിദ്യാർത്ഥികളും ഉണ്ടായിരുന്നു.
അങ്ങനെ ഓടിപ്പൊകുമ്പോൾ ഇതെല്ലാം കണ്ടുനിൽക്കുന്ന അദ്ധ്യാപകരെ നോക്കി അനിക്കുട്ടൻ ചിരിച്ചു,,,
“ഹ,ഹഹ”


... അങ്ങനെ പത്താം തരം വരെ അനിക്കുട്ടന്റെ പരിപാടികൾ തുടരുന്നതായിരിക്കും,,,
                

27 comments:

 1. കഥ കഴിഞ്ഞപ്പോള് (ആരുടെ¸എന്‍റെയല്ല സ്കൂളിന്‍റെ!)അനിക്കുട്ടനെ
  പോലെ¸ ഈ ഞാനും പൊട്ടിച്ചിരിച്ചു “ഹ,ഹഹ”!!!

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ടീച്ചര്‍
  "ഇപ്പം ശരിയാക്കാം"

  ReplyDelete
 4. ഇഷ്ട്മായില്ല എനിക്ക് , കൊച്ചുകുട്ടികള്‍ക്ക് പോലും ഇങ്ങനെ പറഞ്ഞു കൊടുക്കരുത്

  ReplyDelete
 5. പത്തിന് ശേഷം പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ ?

  ReplyDelete
 6. ആക്ഷേപ ഹാസ്യം. നന്നായി..ചിരിപ്പിച്ചു...ചിന്തിപ്പിച്ചു..ആശംസകൾ

  ReplyDelete
 7. ഇതൊരു കുട്ടിക്കഥയല്ല, നർമ്മം ആണ്. നമ്മുടെ വിദ്യാലയങ്ങളിൽ ഏതെങ്കിലും അനിക്കുട്ടന്റെ രക്ഷിതാവ് കോടതിയിൽ പോയി പരാതി കൊടുത്താൽ, അതിനുള്ള ഫലം ആവിശ്യമില്ലെങ്കിലും എല്ലാ വിദ്യാലയങ്ങളും വിദ്യാർത്ഥികളും അനുഭവിക്കുകയാണ്. പരീക്ഷാ പരിഷ്ക്കരണം, സിലബസ്, നീന്തൽ പഠനം, വെയിലു കൊള്ളാതിരിക്കൽ, ശിക്ഷ, പഠന ആനുകൂല്യങ്ങൾ, പുസ്തകഭാരം, അതങ്ങിനെ പോകുന്നു. അതുപോലെ വീട്ടിലും കുട്ടികൾ പറയുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ പലതും ചെയ്തുകൊടുത്ത് അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന രക്ഷിതാക്കളുണ്ട്.
  ഒരു നുറുങ്ങ്-,
  ആദ്യമായി അഭിപ്രായം എഴുതിയതിനു നന്ദി.
  Renjith-,
  അഭിപ്രായത്തിനു നന്ദി.
  സന്ദീപ് കളപ്പുരയ്ക്കല്‍-,
  അതാണ് ഞാനിപ്പോൾ ആദ്യം പറഞ്ഞത്. അഭിപ്രായം എഴുതിയതിനു നന്ദി.
  Jishad Cronic™ -,
  പത്ത് കഴിയുന്നതിനു മുൻപ്‌തന്നെ പല പരിപാടികളും ഉണ്ട്. അഭിപ്രായം എഴുതിയതിനു നന്ദി.
  ManzoorAluvila -,
  അഭിപ്രായം എഴുതിയതിനു നന്ദി.

  ReplyDelete
 8. School teachers failed to teach properly and the flow started from state schools to New era schools their they pay and use..hence if teacher fails to teach consumers questions...
  how is karkkiTakam @ kannur ? Cloudy, lightning and thunder(!!!)...

  ReplyDelete
 9. ആക്ഷേപഹാസ്യത്തിന്റെ ഒരു മിനിരൂപം!

  പിന്നെ, ഈ “ഫിക്സേഷന്‍’ സമയത്ത് കുട്ടികളെ ചാക്കിട്ട് പിടിച്ച് ‘തലയെണ്ണം’ തികക്കാന്‍ രക്ഷകര്‍ത്താക്കളോട് ഏത് ഡിമാന്റിനും ‘യേസ്’ പറയേണ്ടി വരുന്ന ഒരുകൂട്ടം അധ്യാപകരമുണ്ടല്ലോ... അത്ര നര്‍മവും, ചിരിയും അല്ലാത്ത ഒരു കാര്യം!

  ReplyDelete
 10. അനിക്കുട്ടന്റെ ചിരി ഇനിയും തുടരും ..
  പക്ഷെ നമ്മുടെ നാട് എങ്ങോട്ട്.....?
  അത് ചോദ്യചിഹ്നമായി തുടരുന്നു....
  ???????????????????????????????????????????????????????????????????????????

  ReplyDelete
 11. കഥയിലെ നര്‍മ്മം ആസ്വദിച്ചു. :-)

  ReplyDelete
 12. അനികുട്ടന്‍ പത്തിലെത്തുംബോള്‍ സ്കൂള്‍ തന്നെ
  ഉണ്ടാവുമോ ആവോ ?????????????.
  അനികുട്ടന്‍ ഒരു സംഭവം തന്നെ .....

  ReplyDelete
 13. ടീച്ചര്‍ ആക്ഷേപ ഹാസ്യം ആണല്ലേ അതും സ്വന്തം പണിക്കട്ടു തന്നെ പണി

  ReplyDelete
 14. അനിക്കുട്ടന്‍ ടിന്റുമോന്റെ ആരായിട്ട് വരും?

  ReplyDelete
 15. poor-me/പാവം-ഞാന്‍-,
  കണ്ണൂരിൽ കർക്കിടകം തകർക്കുന്നു. അഭിപ്രായം എഴുതിയതിനു നന്ദി.
  അനില്‍കുമാര്‍. സി.പി.-,
  ഫിക്സേഷൻ സമയത്തല്ല, അഡ്മിഷന്റെ സമയത്താണ് ചാക്കിടാൻ നടക്കുന്നത്. ഈയിടെ ഡിഗ്രി കഴിഞ്ഞ കുട്ടികളെയും തേടി നാട്ടിലൂടെ നടക്കുന്ന ചില അദ്ധ്യാപകരെ കണ്ടു; B.Ed ചേരാനായി ചാക്കിടുകയാണ്. കാലം മാറി. അഭിപ്രായം എഴുതിയതിനു നന്ദി.
  നിധിന്‍ ജോസ് -,
  കാലം മാറി; പണ്ട് ഞങ്ങൾ വർഷങ്ങളായി വീടുകളിൽ പോയി കുട്ടികളെ എട്ടാം തരത്തിലേക്ക് ചാക്കിട്ടുപിടിക്കാൻ പോകാറുണ്ട്. എന്നാൽ ഞങ്ങളുടെ കഠിനപ്രയത്നം കൊണ്ട് (എന്ന് തന്നെ പറയണം) ഏതാനും വർഷങ്ങളായി 100% SSLC പാസ്സായപ്പോൾ ഇന്ന് അതേ വിദ്യാലയത്തിൽ ചേരാൻ കുട്ടികൾ മത്സരിക്കുന്നു. അതിന് 99% ആയിട്ടും ഫലമുണ്ടായിരുന്നില്ല. അഭിപ്രായം എഴുതിയതിനു നന്ദി.
  ബിജുകുമാര്‍ alakode-,
  അഭിപ്രായം എഴുതിയതിനു നന്ദി.
  സ്വതന്ത്രന്‍ -,
  അഭിപ്രായം എഴുതിയതിനു നന്ദി.
  ഒഴാക്കന്‍. -,
  അഭിപ്രായം എഴുതിയതിനു നന്ദി.
  കുമാരന്‍ | kumaran-,
  അങ്ങനെയൊരുത്തനുണ്ടാല്ലൊ, ടിന്റുമോൻ. അഭിപ്രായം എഴുതിയതിനു നന്ദി.

  ReplyDelete
 16. ടീച്ചറെ, എല്ലാം കൊള്ളാം. പോസ്റ്റിലെ നര്‍മം ആസ്വദിക്കുകയും ചെയ്തു. ഒരു സംശയം ബാക്കിയാണ്.
  ഓക്കേ, ഇതെല്ലാം ഇങ്ങനെ നടക്കുന്നു എന്ന് പറഞ്ഞ ടീച്ചര്‍, എന്ത് കൊണ്ട് - ടീച്ചറിന്റെ മനസ്സില്‍ ഉണ്ടായിട്ടും, അതിന്‍റെ ഭാവിഷത്തുകളെ പറ്റി പറഞ്ഞില്ല? ഇത് ഇപ്പൊ എല്ലായിടത്തും അധ്യാപകരെ നോക്കി ഹ ഹ ഹ എന്ന് ചിരിക്കുന്ന അനിക്കുട്ടനെ അല്ലെ കണ്ടുള്ളൂ. 'അതു കാരണം' എന്ത് സംഭവിച്ചു എന്ന് പറയാത്ത സ്ഥിതിക്ക് കഥ അപൂര്‍ണം എന്നാണ് എന്‍റെ അഭിപ്രായം.

  ReplyDelete
 17. കൊള്ളാം ..
  നര്‍മ്മം ആസ്വദിച്ചു

  ReplyDelete
 18. തല തെറിച്ചവന്‍!
  അനിക്കുട്ടനല്ല..അനിക്കുട്ടന്റെ അച്ഛന്‍!!

  ReplyDelete
 19. ഇത് എല്ലാ ടീചെര്മാര്‍ക്കും ഇട്ടുള്ള ഒരു പണിയാണല്ലോ...

  ReplyDelete
 20. ആളവന്‍താന്‍-,
  ഇതിന്റെ പ്രത്യാഘാതം അദ്ധ്യാപകർക്ക് നേരിയ തോതിലും സമൂഹത്തിന് ചെറിയ തോതിലും, വിദ്യാർത്ഥിക്ക് കൂടിയ തോതിലും രക്ഷിതാക്കൾക്ക് പൂർണ്ണമായ തോതിലും ആയിരിക്കും. രക്ഷിക്കാനാവില്ല, കാഴ്ച്ചക്കാരി ആവുകയാണ് പലപ്പോഴും. അഭിപ്രായം എഴുതിയതിനു നന്ദി.
  നവാസ് കല്ലേരി-, ചിതല്‍/chithal-, smitha adharsh-, തൃശൂര്‍കാരന്‍-, Echmukutty-,
  അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. അയ്യോ,,,

  ReplyDelete
 21. ഈ അനിക്കുട്ടന്റെ ഒരു കാര്യം..

  ReplyDelete
 22. // ഇതിന്റെ പ്രത്യാഘാതം അദ്ധ്യാപകർക്ക് നേരിയ തോതിലും സമൂഹത്തിന് ചെറിയ തോതിലും, വിദ്യാർത്ഥിക്ക് കൂടിയ തോതിലും രക്ഷിതാക്കൾക്ക് പൂർണ്ണമായ തോതിലുംആയിരിക്കും. രക്ഷിക്കാനാവില്ല//

  ടീച്ചറേ,വളരെ നല്ല പോസ്റ്റ്. നർമ്മം എന്നാണ് പറഞ്ഞതെങ്കിലും വളരെ ഗൌരവമുള്ള ഒരു കാര്യമാണിത്..മിക്കവാറും അധ്യാപകരും ഇന്ന് അനുഭവിക്കുന്ന ഒരു പ്രശ്നംകൂടിയാണിത്..കുട്ടികൾക്ക് ഒരു വിധത്തിലുമുള്ള പ്രയാസങ്ങളും ഉണ്ടാകരുതത്രെ..രക്ഷിതാക്കൾ മാത്രമല്ല ഈ അവസ്ഥയ്ക്ക് കാരണം, പലപ്പോഴും കഥയറിയാതുള്ള ആട്ടം പോലെ വിദഗ്ധർ എന്ന ലേബലുമായി നടക്കുന്ന ഒരുകൂട്ടം ആളുകൾ അപ്രായോഗികവും അധ്യാപകനെ പഠിപ്പിക്കാൻ അനുവദിക്കാത്തതുമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതുംകൂടിയാണ്..നമ്മളൊക്കെ ഉൾപ്പെടുന്ന തലമുറ അധ്യാപകരുടെയും രക്ഷിതാക്കളുടെയുമൊക്കെ ശാസനകളും ശിക്ഷകളും ഒക്കെ ഏറ്റു വളർന്നവരാണ്.അതുകൊണ്ട് നമുക്കൊക്കെ ഗുണമേ ഉണ്ടായിട്ടുള്ളൂ.കുട്ടിയെ ഒരു പ്രയാസവും അനുഭവിപ്പിക്കാതെ വളർത്തുന്നത് ശരിയാണോ..ഇങ്ങനെയായാൽ ജീവിതം എന്തെന്ന് അവൻ അറിയാതെ പോകുകയല്ലേ ചെയ്യുന്നത്..ഒന്നും നേരിടാനാകാതെ പത്തുവയസ്സുകാർവരെ ആത്മഹത്യ ചെയ്യുന്ന ഇക്കാലത്ത്,രക്ഷിതാക്കളും പുതിയ വിദ്യാഭ്യാസരീതിയുടെ വക്താക്കളും ഇക്കാര്യം ശ്രദ്ധിക്കുന്നത് നന്ന്.എങ്കിലും മക്കളെ സ്നേഹിക്കുന്ന രക്ഷിതാക്കൾ ഇന്നുമുണ്ട്..അവർ വിദ്യാലറ്റങ്ങളിൽ ചെന്ന്,‘മാഷേ ,നിങ്ങൾക്ക് മാത്രമേ എന്റെ മോനെ നേരെയാക്കാനാകൂ.അവനെ നന്നായി ശാസിച്ചും വേണമെങ്കിൽ അൽ‌പ്പം അടിച്ചുമൊക്കെ നന്നാക്കണം“എന്ന് അപേക്ഷിക്കാറുണ്ട്.ശാസിക്കാനാരുമില്ലെകിൽ പൂർണ്ണമായും വഴിതെറ്റാൻ എല്ലാ അനുകൂല സാഹചര്യങ്ങളുമുള്ള ഒരു കാലഘട്ടത്തിൽ നമ്മുടെ കുട്ടികളെ നമുക്ക് സഹായിക്കണ്ടേ?...

  ReplyDelete
 23. വീട്ടിലിരുന്നു പഠിക്കാന്‍ അനിക്കുട്ടന് നല്ലൊരു സൈറ്റ് : http://www.starfall.com/

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!