…തൊഴിലില്ലായ്മ കൊണ്ട് തേരാപാര നടക്കുന്നവരുടെ നാട്,,,
…തൊഴിലാളിക്ഷാമം കൊണ്ട് നട്ടം തിരിയുന്നവരുടെ നാട്,,,
…രണ്ടും നമ്മുടെ കേരളം തന്നെയാണ്, എന്ന,,, മഹാസത്യം
…പകൽവെളിച്ചംപോലെ എല്ലാ മലയാളികൾക്കും അറിയാം.
ജീവിതകാലത്ത് കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ സ്വന്തംവീടിന് അത്യാവശ്യം ഒരു റിപ്പെയർ ആവശ്യമായിവന്ന് തൊഴിലാളിയെ അന്വേഷിച്ചാൽ പോയതുപോലെ കൈയുംവീശി അതേവഴി തിരിച്ചുവരാം. ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുന്ന റിസൽട്ടുപോലെ ആയിരക്കണക്കിന് തൊഴിലില്ലാത്തവരെ നാടിന്റെ മുക്കിനും മൂലയിലും കാണും. എന്നാൽ ഒരു തൊഴിലാളിയുടെ ആവശ്യം വരുമ്പോൾ ബന്ദ് ദിവസം വാഹനത്തെ കാത്തിരിക്കുന്ന പൊതുജനത്തിന്റെ അവസ്ഥയായിരിക്കും അനുഭവം.
അത്പിന്നെ അങ്ങനെയല്ലെ വരിക; മലയാളികൾ അന്യരാജ്യങ്ങളിൽ പോയി ‘പണം വാരി’ വരുമ്പോൾ ആ മലയാളിയുടെ വീട്ടിലെ തൊഴിലെടുക്കാൻ അന്യരാജ്യക്കാരെ കിട്ടിയില്ലെങ്കിൽ; അന്യസംസ്ഥാനക്കാരെയെങ്കിലും അനുവദിക്കേണ്ടതല്ലെ;
…‘വനിതാ ഗൈനക്കോളജിസ്റ്റ് പ്രസവിക്കുമ്പോൾ മറ്റൊരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തീർച്ചയായും വേണമല്ലൊ’.
മകൾക്ക് പ്രായപൂർത്തി ആയശേഷം ആദ്യമായി ഒരു തടിയൻ പെണ്ണുകാണാൻ വന്നദിവസം മുതൽ വീടൊന്ന് വെള്ളപൂശി പെയിന്റടിക്കാൻ ആളെ അന്വേഷിച്ചു തുടങ്ങിയതാണ്. അകത്തുകയറിയ തടിയന്റെ വണ്ണം കണ്ട് പേടിച്ച മകൾ രണ്ട് ദിവസം പനിച്ച് കിടന്നതിനാൽ ആദ്യമായി ആരവത്തോടെ കടന്നുവന്ന ആലോചനയുടെ ഫയൽ അപ്പൊത്തന്നെ അടച്ചുപൂട്ടി. എന്നാൽ മകളുടെ അച്ഛൻ തൊഴിലാളി അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു; കണ്ടാൽ പേടിക്കാത്ത സൈസ് പയ്യൻ എപ്പൊഴാ പടികടന്ന് വരുന്നതെന്നറിയില്ലല്ലൊ.
ജോലിയും കൂലിയുമില്ലാത്തതിനാൽ സ്വന്തംവീട്ടിലെ അടുപ്പിൽ പൂച്ചയെ കിടത്തിയുറക്കി, ആറ് മാസം പട്ടിണിയായവനോട് ‘നിനക്കൊരു ജോലി തരാം, കൂലി തരാം’ എന്ന് പറഞ്ഞാൽ സൂപ്പർഫാസ്റ്റായി ഉത്തരം വരും,
“അയ്യോ മാഷെ ഇപ്പൊ അടുത്തകാലത്തൊന്നും വരാൻപറ്റില്ല; ഭയങ്കര തിരക്കാ”
“എന്നാൽപിന്നെ എപ്പോൾ വരാൻ പറ്റും”
ഉടൻ റെഡീമെയ്ഡ് ഉത്തരം റെഡിയാണ്.
“അത്‌പിന്നെ ഒരാറ് മാസത്തേക്ക് നോക്കണ്ട, വെറും പെയിന്റടി മാത്രമല്ലെ, ഒഴിവ് നോക്കി വരാം”
പെയിന്റിന്റെ കൂടെ പയിന്റ് കൊടുക്കാത്ത അദ്ധ്യാപകന്റെ വീട്ടിലെ പെയിന്റടി, ‘കൊമ്പും തുമ്പിക്കൈയുമായി കൈലാസം നിറഞ്ഞിരിക്കുന്ന, നമ്മുടെ സാക്ഷാൽ ഗണപതിയുടെ കല്ല്യാണം പോലെ’ നീണ്ടുപോകും.
നടക്കേണ്ട സമയത്ത് നടക്കേണ്ട മകളുടെ വിവാഹത്തെക്കാൾ വേവലാതി ഇപ്പോൾ വീടിന്റെ ചുമരുകൾ കാണുമ്പോഴാണ്. പെണ്ണുകാണാൻ വരുന്നവർ ഇപ്പോൾ പെണ്ണിനെക്കാൾ ശ്രദ്ധിക്കുന്നത് വീടിന്റെ ചുമരുകളാണെന്ന് മനസ്സിൽ ഒരു ചിന്ന സംശയം. പണ്ടൊരുകാലത്ത് സ്വന്തം പിതാവ് നീറ്റുകക്ക വെള്ളത്തിലിട്ട് നീറ്റി ചുണ്ണാമ്പാക്കി മാറ്റി, സ്വന്തം വീട്ടിൽ വെള്ളപൂശാറുള്ള കാര്യം മാസ്റ്ററുടെ തലയിൽ ക്ലിക്കി. എന്നാൽ ഇപ്പോൾ അങ്ങനെയാണോ? ഒരു പെയിന്റിങ്ങ് തൊഴിലാളിയുടെ വീട് വെള്ള പൂശാൻ പോലും അതിന്റെ കോമ്പിനേഷനും കോമ്പസിഷനും അറിയുന്ന മറ്റൊരു തൊഴിലാളിതന്നെ വേണം.
അപ്പോഴാണ് അഭിനവ ദൈവദൂതൻ മോഡലായി ഒരു പൂർവ്വശിഷ്യന്റെ വരവ്. പ്രൈവറ്റ് ബസ്സിലെ കിളിയായി പറക്കുന്ന, നാട്ടുകാർക്കിടയിൽ ‘മാക്രി’ നാമധേയത്താൽ അറിയപ്പെടുന്ന അവൻ വീട്ടിൽവന്ന് നാലുപാടും നടന്നുനോക്കിയശേഷം മാഷോട് പറഞ്ഞു,
“ഇത് ഞാൻ ഇപ്പശരിയാക്കാം; മാഷ് പേടിക്കേണ്ട, ഒരാഴ്ചക്കുള്ളിൽ വൈറ്റ്‌വാഷ് ചെയ്യാൻ ആള് റെഡി”
പറഞ്ഞതിന്റെ മൂന്നാംനാൾ പറഞ്ഞതുപോലെ പെയിന്റിംഗ് തൊഴിലാളിയതാ വീട്ടിനു മുന്നിൽ; രാവിലെതന്നെ വീട്ടിൽവന്ന് വിളിച്ച് ചോദിക്കുകയാണ്,
“ഈ വീട്ടിലാണോ പെയിന്റടിക്കേണ്ടത്?”
പുതുമഴ നേരത്തെപെയ്തപ്പോൾ മനംകുളിർത്ത കുടവില്പനക്കാരനെപ്പോലെ അടുക്കളയിൽ ആകെയുള്ള ഒരു ഗ്യാസ് ഓഫാക്കി പുറത്തേക്കോടിയ ഞാൻ കണ്ടു,,,;
ചെത്ത് വേഷത്തിൽ ചെത്ത് കണ്ണടവെച്ച ഒരു അടിപൊളി ചെറുപ്പക്കാരൻ മുന്നിൽ.
എന്റെ ഓട്ടം കണ്ടിട്ടാവണം ദോശചുടാൻ മിക്സിയിൽ മാവരക്കുന്ന മാഷും എന്റെ പിന്നാലെ ഓടി.
വന്നവൻ വന്ന കാലിൽ നിന്ന് ചോദിക്കുകയാണ്,
“ടീച്ചറെ ഞാൻ വീട് വൈറ്റ്‌വാഷ് ചെയ്യാൻ വന്നതാ; എപ്പൊഴാ മകളുടെ കല്ല്യാണം ഫിക്സ് ചെയ്തത്?”
ഞാനൊന്ന് ഞെട്ടി,,,;
...‘അച്ഛനും അമ്മയും അറിയാതെ മകൾക്ക് കല്ല്യാണമോ?’
...പുരനിറഞ്ഞതാണെങ്കിലും പൂച്ചമോഡൽ ഇരിക്കുന്ന ഈ ഏകമകൾ ഇങ്ങനെയൊരു പരിപാടി എങ്ങനെ ഒപ്പിച്ചു?
“അത്പിന്നെ ഇപ്പോൾ ശരിയായില്ലെങ്കിലും പെട്ടെന്ന് കല്ല്യാണം നടക്കും, ധാരാളം അന്വേഷണങ്ങൾ വരുന്നുണ്ട്”
മറുപടി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ മുളക്കാൻ തുടങ്ങി.
“എന്നിട്ട് എന്നോട് അവൻ പറഞ്ഞത് ഒരാഴ്ചക്കുള്ളിൽ ഈ മാഷ് മകളുടെ കല്ല്യാണം ഒറപ്പിച്ചു എന്നാണല്ലൊ?”
വെറുമൊരു പെയിന്ററാണെങ്കിലും അവന്റെ വാക്കുകൾ കേട്ടതോടെ, എന്റെ തല ചൂട് പിടിച്ച് പുകയാൻ തുടങ്ങി, ഞാൻ തലയിൽ കൈവെച്ച് ‘ബിന്ദു പണിക്കർ മോഡൽ’ വിളിച്ചു കൂവി,
“ഞാനറിയാത്ത ഏത് മോളുടെ കല്ല്യാണമാ നിങ്ങള് നടത്തുന്നത്? ഇൻസർവീസ് കോഴ്‌സെന്നും പറഞ്ഞ് ഇടയ്ക്കിടെ പലസ്ഥലത്തും പോയത് എന്നെ പറ്റിക്കാനാണോ?”
“നീയെന്താടി പറയുന്നത്? രാവിലെതന്നെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ?”
“അല്ലാതെപിന്നെ മകളുടെ കല്ല്യാണം ഒറപ്പിച്ചു എന്ന്, ഇവൻ പറയാൻ നിങ്ങൾക്ക് വേറെ എവിടെയോ മകളുണ്ടായിരിക്കുമല്ലൊ; അതാണെനിക്കറിയേണ്ടത്”
“മിണ്ടാതിരിക്ക്, നാട്ടുകാർ കേൾക്കും”
“എപ്പൊഴും ഒരു നാട്ടുകാർ; അവരെല്ലാം അറിയട്ടെ, ഈ മാഷ് ഇങ്ങനെയാണെന്ന്”
“നീ അകത്തുപോകുന്നോ അതോ,,,?”
“,,,,,,,,,,,”
ശബ്ദം കൂടിക്കൂടി വന്നതോടെ അയൽവാസികൾ ഓരോരുത്തരായി റിയാലിറ്റിഷോ ലൈവ് ആയി കാണാൻ കൊതിച്ച് ഒളിഞ്ഞുനോക്കാൻ തുടങ്ങിയനേരം തൊഴിലാളിയെ കൊണ്ടുവരാമെന്നേറ്റ ശിഷ്യൻ ‘സാക്ഷാൽ ശ്രീമാൻ മാക്രി’ തുറന്ന ഗെയിറ്റ്‌വഴി ചാടിച്ചാടി മുന്നിലെത്തി.
അവനെ കണ്ടതോടെ എന്റെ ദേഷ്യം വർദ്ധിച്ച് 110 ഡിഗ്രി സെൽഷ്യസിൽ എത്തി,
“അടുത്ത ആഴ്ച ഇങ്ങേരുടെ ഏത് മകളുടെ കല്ല്യാണാമാ നീയൊക്കെച്ചേർന്ന് നടത്തുന്നത്?”
“അയ്യോ ടീച്ചറേ, അത്,,, ഈ വീട് വൈറ്റ്‌വാഷ് ചെയ്യാൻ ഒരുത്തനെ പെട്ടെന്ന് ഒപ്പിക്കാൻ എന്തൊരു പാടാണ്. ഞാനൊരു കളവു പറഞ്ഞതാ; അല്ലാതെ മാഷൊന്നും അറിയില്ല. അങ്ങനെയൊരു കളവു പറഞ്ഞില്ലെങ്കിൽ ഇവനെപ്പോലുള്ളവനൊന്നും പണിക്ക് വരില്ല. ഏതായാലും ഇവനിവിടെ വന്നതുകൊണ്ട് ഇനി പണി പൂർത്തിയാക്കിയിട്ട് പോയാൽ മതി”
അതുവരെ കുടുംബവഴക്ക് നോക്കി രസം പിടിച്ചിരുന്ന തൊഴിലാളി സട കുടഞ്ഞെഴുന്നേറ്റു,
“അപ്പോൾ നീ എന്നോട് കളവ് പറഞ്ഞതാണോ? മാഷിന്റെ മകളുടെ കല്ല്യാണം അടുത്ത ആഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് ഇവനാ എന്നോട് പറഞ്ഞത്. ഈ നാശംപിടിച്ചവന്റെ വാക്ക് കേട്ട് ഒരു വീട്ടിന്റെ പണി പാതിക്ക് നിർത്തിയിട്ടാ ഞാനോടി വന്നത്”
“ഈ വീട് ഇങ്ങനെ വൃത്തികേടായി കിടക്കുന്നതുകൊണ്ടായിരിക്കും മകൾക്ക് വരുന്ന ആലോചനകളൊന്നും ശരിയാവുന്നില്ല. ഇതൊന്ന് പെയിന്റടിച്ച് വൃത്തിയാക്കി തന്നാൽ വളരെ ഉപകാരമായിരിക്കും”,
രംഗം ശാന്തമാകാൻവേണ്ടി മാസ്റ്റർ പറഞ്ഞു.
അത് കേട്ട്, അതേ ചൂടിൽ നിൽക്കുന്ന തൊഴിലാളി പറഞ്ഞു,
“ഏതായാലും ഇനി ഈ വീട് പെയിന്റടിച്ചിട്ടെ മറ്റു ജോലിക്ക് പോകുന്നുള്ളു; ഏതായാലും ഈ കള്ളനെ ഞാൻ വിടില്ല;
എടാ മരമാക്രീ, നീയിനി നിന്റെ അച്ഛൻ മരിച്ചെന്ന് പറഞ്ഞാൽപോലും ഞാനത് വിശ്വസിക്കില്ലെടാ”
അങ്ങനെ പെയിന്ററുമായിചേർന്ന് നമ്മുടെ വീടിന്റെ മൊഞ്ച് കൂട്ടാനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ, ഒച്ചവെക്കാതെ നടന്ന് അകത്തേക്ക് പോകുന്ന എന്ന നോക്കി; മാസ്റ്റർ പതുക്കെ പറഞ്ഞു,
“നീയിപ്പോൾ അകത്തേക്ക് പോയിക്കോ; ഇവനോട് കാര്യങ്ങളൊക്കെ പറഞ്ഞശേഷം ഞാനകത്ത് വരുന്നുണ്ട്,
… നിനക്കുള്ള ഓഹരി തരാൻ”
oru sathyam thamaashayude membodi cherthu bhangiyaayi paranju :)
ReplyDeletegood job.....
'വനിതാ ഗൈനക്കോളജിസ്റ്റ് പ്രസവിക്കുമ്പോൾ മറ്റൊരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തീർച്ചയായും വേണമല്ലൊ’
ReplyDeleteദേ ഇതങ്ങട് സുഖിച്ചു ടീച്ചറെ.
പിന്നെ കഥ സ്വന്തം വീട്ടുകാര്യമായിരുന്നു എന്ന് മനസ്സിലാക്കാന്‍ അല്‍പ്പം വൈകിപ്പോയി.
എടാ മരമാക്രീ, നീയിനി നിന്റെ അച്ഛൻ മരിച്ചെന്ന് പറഞ്ഞാൽപോലും ഞാനത് വിശ്വസിക്കില്ലെടാ"
ReplyDeletehihi kollaam.. kollaam..
ഓഹരി കിട്ടിയോ ടീച്ചര്‍ ?
ReplyDelete“നീയിപ്പോൾ അകത്തേക്ക് പോയിക്കോ; ഇവനോട് കാര്യങ്ങളൊക്കെ പറഞ്ഞശേഷം ഞാനകത്ത് വരുന്നുണ്ട്,
ReplyDelete… നിനക്കുള്ള ഓഹരി തരാൻ”
ഹ ഹ ഹ കലക്കീട്ടാ
മാധുര്യമേറിയ ഓഹരിയാവുമല്ലേ..?
ReplyDeleteകുറച്ച് ആക്രാന്തമായി അല്ലേ. അനുഭവിച്ചോ.
ReplyDeleteഅല്ലെങ്കിലും കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയറെടുക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും... പാവം മാഷ്...
ReplyDeleteപഞ്ചായത്തില്‍ പറഞ്ഞാല്‍ തൊഴിലുറപ്പ്‌കാരെ കിട്ടില്ലായിരുന്നോ ടീച്ചറേ..?
ഓഹരി കിട്ടികാണുമല്ലോ...അല്ലേട് ടീച്ചറെ
ReplyDeleteനർമ്മത്തിൽ ചലിച്ച് ശരിക്കും യഥാർത്ഥ സംഭവങ്ങൾ തന്നെ കഥയിൽ വിവരിച്ചിരിക്കുന്നൂ...
‘…തൊഴിലില്ലായ്മ കൊണ്ട് തേരാപാര നടക്കുന്നവരുടെ നാട്,,,
…തൊഴിലാളിക്ഷാമം കൊണ്ട് നട്ടം തിരിയുന്നവരുടെ നാട്,,,
…രണ്ടും നമ്മുടെ കേരളം തന്നെയാണ്, എന്ന,,, മഹാസത്യം
…പകൽവെളിച്ചംപോലെ എല്ലാ മലയാളികൾക്കും അറിയാം....’
ഹഹ... എനിക്ക് ഫാമില്‍ പശുക്കളെ നോക്കാന്‍ ഒരു ജോലിക്കാരനെ കിട്ടാന്‍ ഞാന്‍ പറഞ്ഞ കള്ളം അറിയാവോ...
ReplyDeleteഅവനാ എന്റെ വീടിന്റെ വിലക്ക് എന്ന്..
ഓണത്തിന് അഞ്ഞൂറ് രൂപാ 'മിനുങ്ങാനും ' കൊടുത്തു ദ്രോഹിക്ക്..., കൂടാതെ അവനു ഡെയിലി പോയി വരാന്‍ സൈക്കിള്‍ വാങ്ങി കൊടുത്തു.
സന്തോഷിപ്പിച്ചു നിര്തണ്ടേ...
എന്തോ ഔദാര്യം ചെയ്യുന്ന പോലാ വന്നു ജോലി ചെയ്തു പോവുന്നെ...
Rainbow-,
ReplyDeleteഅഭിപ്രായം എഴുതിയതിനു നന്ദി.
ആളവന്‍താന്‍-,
വീട്ടിൽ തന്നെ കാര്യങ്ങൾ കിടക്കുമ്പോൾ ബ്ലോഗെഴുതാൻ പുറത്ത് നോക്കേണ്ടല്ലൊ; അഭിപ്രായം എഴുതിയതിനു നന്ദി.
അബ്‌കാരി-,
അഭിപ്രായം എഴുതിയതിനു നന്ദി.
Renjith-, കിട്ടും കിട്ടാതിരിക്കില്ല. അഭിപ്രായം എഴുതിയതിനു നന്ദി.
നല്ലി-,
അഭിപ്രായം എഴുതിയതിനു നന്ദി.
ഒരു നുറുങ്ങ്-,
അഭിപ്രായം എഴുതിയതിനു നന്ദി.
കുമാരന്‍ | kumaran-,
അത്പിന്നെ അങ്ങനെത്തന്നെ. അഭിപ്രായം എഴുതിയതിനു നന്ദി.
വിനുവേട്ടന്‍|vinuvettan-,
ഇവിടെ തൊഴിലുറപ്പും കൂലിയുമല്ലാതെ തൊഴിലെടുക്കാൻ ആളെക്കിട്ടില്ല. അഭിപ്രായം എഴുതിയതിനു നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM-,
ഇപ്പോൾ ശരിക്കും പേര് പുറത്തിറക്കിയത് നന്നായി. ഇവിടെ സ്ത്രീകളുടെ കാര്യമാണ് രസകരം. രാവിലെതന്നെ ഉടുത്തൊരുങ്ങി പട്ടണത്തിൽ പോയി കൂലിപ്പണിക്ക് കാത്തിരിക്കും. ചിലപ്പോൾ ജോലിയില്ലാതെ തിരിച്ചുവരും. അതും അതിൽ കൂടുതലും കൂലി കൊടുത്താൽപോലും സ്വന്തം ഗ്രാമത്തിൽ പണിക്ക് വരില്ല. അഭിപ്രായം എഴുതിയതിനു നന്ദി.
കണ്ണനുണ്ണി -,
ReplyDeleteവിളക്ക് എന്ന് ആയിരിക്കും. ഇതുതന്നെയാണ് അവസ്ഥ. ഇനിയൊരു വീട്ട്‌വേക്കാരിയുണ്ടായിരുന്നു. കൊച്ചുമകന്റെ(1 വയസ്സ്) കാലിൽ അവൾ നുള്ളിയ പാട് ഇപ്പോഴും ഉണ്ട്. അഭിപ്രായം പറഞ്ഞതിനു നന്ദി.
ടീച്ചര്‍ അവതരിപ്പിച്ചത് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന അവസ്ഥയുടെ നേര്‍കാഴ്ചയാണ്. ആദ്യം കരുതി മറ്റാരുടെയോ കാര്യമാണെന്ന്. പിന്നെയല്ലേ പൂച്ച അടുപ്പില്‍ നിന്നും വെളിയിലിറങ്ങി നടക്കാന്‍ തുടങ്ങിയത്..! ഹ ഹ..
ReplyDeleteഅവസാനത്തെ വാചകം സൂപ്പറായി..
എന്തായാലും ശരി, ആത്മാർത്ഥതയോടെ ഓടിവന്ന പെയിന്റിംഗ് തൊഴിലാളിയേയും, കള്ളം പറഞ്ഞാണെങ്കിലും ഉപകാരം ചെയ്ത ബ്രോക്കർതൊഴിലാളിയെയും കളിയാക്കിയതു ശരിയായില്ല!
ReplyDeleteതൊഴിലാളി ഐക്യം സിന്ദാബാദ്!
അതു പോട്ടെ, ഓഹരികിട്ടിയോ!?
നര്‍മ്മമാണെങ്കിലും നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ നന്നായി തന്നെ അവതരിപ്പിച്ചു.
ReplyDeleteബിജുകുമാര്‍ alakode-, jayanEvoor-, അനില്‍കുമാര്‍. സി.പി.-,
ReplyDeleteഅഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.
:)
ReplyDeleteChirichu...nannayi..
ishtaayi
ഇതാണിനി പെണ്ണുങ്ങളുടെ കുഴപ്പം ഒരു കുഞ്ഞുണ്ടെന്നുന്നു കേട്ടാല്‍ സംശയം തുടങ്ങും അത് പട്ടികുഞ്ഞാണോ മനുഷ്യ കുഞ്ഞാണോ എന്നൊന്നും നോക്കാതെ :)
ReplyDeleteനന്നായി ചിരിച്ചു... നന്ദി, ആശംസകള്‍ ....
ReplyDeleteന്നാലൂം ന്റെ ടീച്ചറേ:)
ReplyDeleteആദ്യം കൊടുത്ത നാലു വരിയുടെ ഉത്തരമാണ് ‘സാക്ഷാൽ ശ്രീമാൻ മാക്രി’. കേരളത്തിൽ നിറയെ ഇന്ന് അവരേയുള്ളൂ. കൊള്ളാം, നന്നായി.
ReplyDelete“നീയിപ്പോൾ അകത്തേക്ക് പോയിക്കോ; ഇവനോട് കാര്യങ്ങളൊക്കെ പറഞ്ഞശേഷം ഞാനകത്ത് വരുന്നുണ്ട്,
ReplyDelete… നിനക്കുള്ള ഓഹരി തരാൻ”
എന്നാലും മാഷ് കുറച്ചു മര്യാദ കാണിച്ചല്ലൊ. നാട്ടുകാരെ രസിപ്പിക്കാതെ അകത്തോട്ടു പോകാന്‍ അനുവദിച്ചല്ലൊ. ഹ് ഹ് ഹ്’മിനിക്കുട്ടീ നന്നായിക്കുന്നു എഴുത്തിന്റെ സ്റ്റൈല്‍
the man to walk with-, ഒഴാക്കന്‍-, Gopakumar V S (ഗോപന്‍ )-, കാര്‍ത്ത്യായനി-, വി.എ || V.A-, ഉഷശ്രീ (കിലുക്കാംപെട്ടി)-,
ReplyDeleteനന്ദി.
നമ്മള് പെണ്ണുങ്ങള് ആണുങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇവരൊക്കെ എന്തൊക്കെ കൊഴപ്പമാ ഉണ്ടാക്കുന്നതെന്ന് പറയാൻ പറ്റുമോ?
അഭിപ്രായം എഴുതിയ എല്ലാവർക്കും ഒന്നുകൂടി നന്ദി.
എവിടെ? എവിടെ?
ReplyDeleteഎവിടെ മിനീ , നര്‍മം?
:)
പിന്നെ ടൈറ്റില്‍ ചിത്രം കണ്ട് തല പെരുക്കുന്നു.കണ്ണു വേദനിക്കുന്നു. ഇതാണോ മോഡേണ്‍ ആര്‍ട്ട്?
അത്യാവശ്യം ആണെന്ന് തോന്നിയാലേ ഇപ്പോള്‍ പണിക്കാരെ കിട്ടുകയുള്ളൂ
ReplyDelete