18.9.11

സീനിയർമോസ്റ്റ് സിറ്റിസൻ

                                        ബസ്‌യാത്ര ഒരു ദുരിതമായി മറ്റുള്ളവർക്ക് തോന്നാറുണ്ടെങ്കിലും, എന്റെ ബസ് യാത്രകളെല്ലാം എനിക്ക് സന്തോഷകരങ്ങളായ നിമിഷങ്ങളാണ്. ‘ഇരുന്നാലും നിന്നാലും’ ബസ്സിന്റെ അകത്തും പുറത്തുമുള്ള ചുറ്റുപാടുകൾ നിരീക്ഷിച്ച്, മറ്റുള്ളവരുടെ നുണപറച്ചിലിൽ ശ്രദ്ധിച്ച് കൊണ്ട് സമയം പോക്കുന്നതിനാൽ, ‘കീയേണ്ടിടത്ത് എത്തിയിട്ട് കീയാൻ’ മറന്നുപോകുന്ന എന്നോട് ‘ഈട കീഞ്ഞോളീ’ എന്ന് കണ്ടക്റ്റർ പറയുന്നത് കേട്ടാണ് പലപ്പോഴും ഞാൻ കരക്റ്റ് സ്പോട്ടിൽ എത്തിച്ചേരാറുള്ളത്.
പിന്നെ ഒരു പ്രധാന കാര്യം, ബസ്സിൽ കയറിയാൽ മിക്കവാറും ദിവസങ്ങളിൽ ഇരിക്കാനുള്ള ഇരിപ്പിടം എനിക്ക് കിട്ടും,

അതെങ്ങനെയെന്നോ?
ബസ്സിൽ കേരിയ ഉടനെ ‘ഏതെങ്കിലും സീറ്റ് ഒഴിഞ്ഞിട്ടുണ്ടോ’ എന്ന് നോക്കും. അങ്ങനെ ഒഴിഞ്ഞ സീറ്റ്‌കണ്ടാൽ ‘ഏടിയായാലും ഞാങ്കേരി’ ഇരിക്കും.
എന്നാൽ,
ഡ്രൈവറുടെ സീറ്റ് ഒഴിഞ്ഞ്‌, ഇരുന്നാലും, കിടന്നാലും ഞാനൊരിക്കലും അവിടെ കേരിയിരിക്കില്ല. അവിടെ ഇരിക്കുമ്പോൾ എനിക്ക് ‘ബസ്സ്’ ഓടിക്കാൻ തോന്നിയാലോ? ലൈസൻസ് ഇല്ലാത്ത ഞാൻ ബസ്സോടിച്ചാൽ റോഡിലൂടെ ഓടുന്നതിനു പകരം, ബസ് പറമ്പിലൂടെ ഓടിയാലോ?,
പിന്നെ,
വനിതാസംവരണ സീറ്റിലിരിക്കുന്നവരെല്ലാം ‘ശരിക്കും വനിത’ തന്നെയാണോ എന്ന് നോക്കും.
അങ്ങനെ നോക്കുമ്പോൾ,
അവിടെ ഇരിക്കുന്നവരിൽ ഏതെങ്കിലും പുരുഷന്റെ തല ഉണ്ടെങ്കിൽ ‘ആ തലയുടെ ഉടമയെ ബോഡീസഹിതം’ ഒഴിപ്പിച്ച് ആ സീറ്റിൽ ഞാങ്കേരിയിരിക്കും.

എന്നാൽ,
അടുത്ത കാലത്തായി ഞാനൊരു മുതിർന്ന പൌരി ആയി മാറിയതോടെ എനിക്ക് സംവരണസീറ്റുകൾ രണ്ടെണ്ണം വർദ്ധിച്ചു,
അതാണ് ‘സീനിയർ സിറ്റിസൺ സീറ്റ് അഥവാ മുതിർന്ന പൌരർക്കുള്ള ഇരിപ്പിടം’.
സ്ത്രീസംവരണ ഇരിപ്പിടങ്ങൾക്ക് തൊട്ടുപിറകിലായ ഈ ഇരിപ്പിടം കിഴവന്മാർ ആരും ചോദിച്ചില്ലെങ്കിലും കിഴവി ആയഞാൻ ചോദിച്ച് വാങ്ങും.
പലപ്പോഴും,
മൂന്ന് കാലിൽ നടക്കുന്ന പടുകിഴവന്മാർ വനിതാസംവരണ സീറ്റിന് സമീപം വന്ന് മുന്നിലിരിക്കുന്ന അവളുമാരെ നോക്കി നിൽക്കുകയല്ലാതെ തൊട്ടു പിന്നിലുള്ള അവർക്ക് അവകാശപ്പെട്ട സീറ്റിലിരിക്കുന്ന പഞ്ചാരപയ്യന്മാരെ കുടിയൊഴിപ്പിച്ച് അവിടെ കേരിയിരിക്കാൻ ഒരിക്കലും മെനക്കെടാറില്ല.
എന്നാൽ ഞാനെന്റെ ‘ശതമാനം’ ചോദിച്ച് വാങ്ങും.
പക്ഷെ ഒരു കുഴപ്പം ഉണ്ട്, എന്നെക്കണ്ടാൽ ഒരു മുതിർന്ന പൌരി ആയി ആർക്കും തോന്നുകയില്ല. അതുകൊണ്ട് സ്വന്തം ഐഡന്റിറ്റി കാർഡ് എപ്പോഴും ഞാനെന്റെ,,, കൈയിൽ കരുതും.

ഒരു ദിവസം,
കണ്ണൂരിലേക്ക് പോകാനായി ഞാൻ കണ്ണൂരിലേക്ക് പോന്ന ബസ്സിൽ കേരി.
നോക്കിയപ്പോൾ,
ഭാഗ്യം, ബസ്സിൽ ആകെ ഒരു സീറ്റ് മാത്രം ഒഴിഞ്ഞിരിക്കുന്നു. അതാവട്ടെ മുതിർന്ന പൌരന്മാരുടേത്; പെട്ടെന്ന് ഞാനതിൽ ഇരുന്നു.
ഇരുന്നപ്പോൾ,
ഞാനെന്റെ അടുത്തിരിക്കുന്ന ആളെ നോക്കി, ചെക്ക് യൂനിഫോം ധരിച്ച ഒരു പെൺകുട്ടി, +2 ആയിരിക്കണം. ബസ്സിൽ എല്ലാവരും ഇരിക്കുന്നതിനാലും മുതിർന്ന പൌരന്മാർ ആരും മൂന്ന് കാലിൽ നിൽക്കാഞ്ഞതുകൊണ്ടും, ഈ പെൺകുട്ടി ഈ ഇരിപ്പിടത്തിൽ ഇരിക്കുന്നതിൽ ഒരു തെറ്റും ഇല്ലല്ലൊ.
എന്നാൽ,
ഏതെങ്കിലും സീനിയർ സിറ്റിസൺ ബസ്സിൽ കേരിവന്നാൽ എഴുന്നേൽക്കണമെന്ന് ഈ പെൺകുട്ടിക്ക് അറിയോ?
അതെന്താ?
മുകളിൽ പച്ചമലയാളത്തിൽ എഴുതിയിട്ടുണ്ടല്ലൊ; ‘മുതിർന്ന പൌരന്മാരുടെ ഇരിപ്പിടം’.
എങ്കിലും,
അല്പം ഉച്ചത്തിൽ ഞാനൊരു ആത്മഗതം ചെയ്തു, “ഓ, ഇത് സീനിയർ സിറ്റിസണിന്റെ സീറ്റാണല്ലൊ”
എന്നിട്ട്,
അവളെയൊന്ന് ഒളികണ്ണാൽ നോക്കി,
കേട്ടഭാവമില്ല.

അതിനിടയിൽ,
ബസ് ഓടിക്കൊണ്ടേയിരുന്നു, ആളുകൾ കേരുകയും കീയുകയും ചെയ്തുകൊണ്ടേയിരുന്നു.

അങ്ങനെ,
ബസ്സ് നിറഞ്ഞ് കവിയാൻ തുടങ്ങി. ഇടക്ക് ബസ് നിർത്തിയപ്പോഴതാ,
തലയിൽ വെള്ളിക്കമ്പികൾ പാവിയ ഒരു വലിയമ്മൂമ്മ പതുക്കെ ആളുകൾക്കിടയിലൂടെ നുഴഞ്ഞുകയറി ഞാനിരിക്കുന്നതിന് സമീപം മന്ദംമന്ദം വന്ന്‌കൊണ്ടിരിക്കുകയാണ്;
പാവം,
എന്റെ സമീപം വന്നണഞ്ഞപ്പോൾ അവരുടെ നുഴഞ്ഞുകയറ്റം പൂർത്തിയാക്കിയതിനാൽ, മുൻസീറ്റിലെ കമ്പിയിൽ പിടിച്ച് സ്ട്രെയിറ്റ് ഫോർവേഡായി മാറിയിട്ട്, ചുറ്റും വിഹഗവീക്ഷണം നടത്തുകയാണ്.
ഇത് തന്നെ അവസരം,
ഞാനെന്റെ സഹയാത്രികയെ നോക്കിയിട്ട് പറഞ്ഞു,
“ഇത് സീനിയർ സിറ്റിസണിന് റിസേർവ്വ് ചെയ്ത സീറ്റാണ്. പ്രായമുള്ള ആ സ്ത്രീ നിൽക്കുന്നത് നോക്കിയാട്ടെ, കുട്ടി എഴുന്നേറ്റ് അവർക്ക് ഇരിപ്പിടം കൊടുക്ക്”
അവൾ എന്നെ മൈന്റ് ചെയ്തില്ല. ഞാൻ വീണ്ടും ഉച്ചതിൽ പറഞ്ഞു,
നിനക്ക് ചെവി കേൾക്കില്ലെ? പ്രായമായ മുത്തശ്ശിക്ക് ഇരിക്കാൻ സീറ്റ് ഒഴിവാക്കിക്കൊടുക്ക്
അവൾ,
മുഖം ചീനച്ചട്ടിപോലെ കറുപ്പിച്ച്, കണ്ണ് പഴുത്ത കാന്താരിമുളക് പോലെ ചുവപ്പിച്ച്, സിമന്റ്ചാക്ക് പോലുള്ള ബാഗ് നെഞ്ചോടമർത്തി, പതുക്കെ എഴുന്നേറ്റു.
“ങുഹും”,

അവൾ എഴുന്നേറ്റപ്പോൾ എന്റെ തൊട്ടടുത്ത് അവശേഷിച്ച അർദ്ധാസനത്തിൽ ഉപവിഷ്ടയാകാൻ ആ വലിയമ്മൂമ്മയെ ഞാൻ ക്ഷണിച്ചു.
അന്നേരം,
ബസ്സിന്റെ ചാഞ്ചാട്ടത്തിനൊത്ത് ആടിയാടി ഇളകുന്ന ആ ‘സീനിയർമോസ്റ്റ്’ പൌരി എന്നെ മൈന്റ് ചെയ്യാതെ വിളികേൾക്കാത്തമട്ടിൽ അതേ നില തുടരുകയാണ്.
ഞാനവരെ വിളിച്ചു;
അവരെ ഞാൻ തോണ്ടി, തോണ്ടി,,
പിന്നെയും തോണ്ടി,,, വിളിച്ചു,
“ഹെയ്, ഇത് പ്രായമായവർക്ക് ഇരിക്കാനുള്ള സീറ്റാണ്, ഇവിടെയിരിക്ക്”
അവർ എന്നെയൊന്ന് നോക്കിയശേഷം മുഖം തിരിച്ചു, പിന്നെ മൊത്തം യാത്രക്കാർക്ക് കേൾക്കാനായി മൂക്ക് വിടർത്തി പറഞ്ഞു,
“ശ്ശുശ്ഹും,,,, ആര് പറഞ്ഞു എനിക്ക് പ്രായമായെന്ന്? പണ്ടൊക്കെ കണ്ണൂര്‌വരെ ഞാനൊറ്റക്ക് നടന്ന്‌പോയതാ, വേണേങ്കിൽ ഇനിയും ഞാൻ നടക്കും. ബസ്സിൽ പിടിച്ച്‌ ഈടെ നിക്കുന്നതുകൊണ്ട് അനക്ക് കാല്‌കടച്ചലും കൂച്ചലുമൊന്നും ബരൂല്ല, കേട്ടോ,,,”

പിന്നീട്,
ഏതാനും നിമിഷം‌മുൻപ് കുടിയൊഴിപ്പിക്കപ്പെട്ടവളുടെ നോട്ടം കണ്ട് പേടിച്ച്, ഞാനെന്റെ തല,,,
സീറ്റിനടിയിൽ ഒളിപ്പിച്ചു.

27 comments:

 1. ഒരു യാത്രാനുഭവം

  ReplyDelete
 2. അങ്ങനെ കേറി ആരെയും സഹായിക്കാന്‍ പോകരുത്..പിന്നെ ഇപ്പോഴത്തെ കുട്ടികള്‍ക്കാണ് വലിയവരെക്കാള്‍ "അവശത".അതുകൊണ്ട് ആ പാവം കുട്ടിയെ അവള്‍ടെ പാട്ടിനു വിടാമായിരുന്നു..പിന്നെ മിനിയെ കണ്ടപ്പോള്‍ ഒരു "സീനിയര്‍" ആണെന്ന് അവള്‍ക്കു തോന്നിയും കാണില്ല..അതായിരിക്കും എത്ര പറഞ്ഞിട്ടും അവള്‍ എഴുന്നെല്‍ക്കാതിരുന്നത്..ഇപ്പോള്‍ സമാധാനം ആയില്ലേ???പിന്നെ എനിക്ക് ബസ്‌ യാത്ര ഇഷ്ടം അല്ല..തീവണ്ടി യാത്ര എന്റെ ജീവന്‍..

  ReplyDelete
 3. ഇതാണ് സ്ത്രീ ജനങ്ങളെ ഒരു തകരാര്‍ കുഴിയിലേക്ക് കാലു നീട്ടിയാലും പ്രായം സമ്മതിക്കില്ല രസമായിവയിച്ചു

  ReplyDelete
 4. ഒരു കാര്യം പറയാൻ വിട്ടുപോയി, ഈ നർമ്മം നമ്മുടെ കണ്ണൂരിലെ നർമവേദി മാസികയിൽ അതായത് ‘നർമ കണ്ണൂർ’ ൽ പ്രസിദ്ധീകരിച്ചത് പൂർണ്ണരൂപത്തിൽ ആക്കിയതാണ്.

  ReplyDelete
 5. ഹ..ഹ.. അത് കലക്കി.. അല്ല പിന്നെ ..പ്രായമായീന്ന് ആളുകളെകൊണ്ട് പറയിപ്പിക്കണ പരിപാടി ആര്‍ക്കാ ഇഷ്ട്ം !


  >>എന്നെക്കണ്ടാൽ ഒരു മുതിർന്ന പൌരി ആയി ആർക്കും തോന്നുകയില്ല. അതുകൊണ്ട് സ്വന്തം ഐഡന്റിറ്റി കാർഡ് എപ്പോഴും ഞാനെന്റെ,,, കൈയിൽ കരുതും.

  വിശ്വസിച്ചു. :)

  ReplyDelete
 6. ഹ ഹ അത് കൊള്ളാം ടീച്ചറേ...

  ReplyDelete
 7. വല്ല കാര്യവും ഉണ്ടായിരുന്നോ? ഇപ്പൊ മനസ്സിലായോ ടീച്ചറെ നമ്മള്‍ ഒക്കെ എന്താ പ്രായം ആയവരെ സഹായിക്കാതെ എന്ന്?

  ReplyDelete
 8. ശാരീരികമായി വാർദ്ധക്യം ബാധിച്ചിട്ടില്ലെങ്കിലും മനസ്സുകൊണ്ട് വാർദ്ധക്യം സ്വീകരിച്ചുകഴിഞ്ഞ ടീച്ചർ ശരീരത്തിൽ വാർദ്ധക്യം വന്നിട്ടും മനസ്സിൽ ചെറുപ്പം സൂക്ഷിക്കുന്ന ആ സ്ത്രീയെ കണ്ടു പഠിക്കുക.

  ReplyDelete
 9. ഒരു പക്ഷെ ടീച്ചറെപ്പോലെ തന്നെ ,ആ വല്യമ്മയും വിചാരിക്കുന്നത് അവര്‍ക്ക് പ്രായം കണ്ടാല്‍ തോന്നില്ല എന്നായിരിക്കും ..അങ്ങനെ വിചാരിച്ചു നില്‍ക്കുമ്പോഴാണ് ഒരാള്‍ ഇതാ അവര്‍ കിളവിയായി എന്ന് പറയുന്നത് ..ശുന്ടി വരാതിരിക്കുമോ ..? അല്ല പിന്നെ !! :-)

  വെറുതെ ആരെയും "ഇരുത്താന്‍" ശ്രമിക്കരുത് എന്ന് സാരം .!!

  ReplyDelete
 10. ഞാനും ഇപ്പോള്‍ ബസ് യാത്ര ഇഷ്ടപ്പെടുന്നു. ബാംഗ്ലൂരില്‍ ഒരു മണിക്കൂറോളം ബൈക്ക് ഓടിച്ചു പോകുന്നതിനേക്കാള്‍ ബസ് തന്നെ സുഖം. പിന്നെ ഒരു പുസ്തകം കൂടെ എടുത്താല്‍ ആനന്ദവും... :)

  ReplyDelete
 11. @SHANAVAS-, @കൊമ്പന്‍-, @ബഷീര്‍ പി.ബി.വെള്ളറക്കാട്‌-, @ആളവൻ‌താൻ-, @Ape-, @പള്ളിക്കരയില്‍-, @ChethuVasu-, @Bijith :|: ബിജിത്‌-,
  യാത്രകളെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. ആയിരക്കണക്കിന് മണിക്കൂറുകൾ ഞാൻ ബസ്സിൽ ആയിരുന്നു.(ഏഴ് വർഷത്തെ കണക്ക്: ഒരു വർഷത്തിലെ 250 ദിവസവും 3മണിക്കൂർ വീതം ബസ്സിൽ, അപ്പോൾ ആകെ കൂട്ടുക,,, 5250 മണിക്കൂർ,,, മറ്റുള്ള വർഷങ്ങളിലെത് കൂട്ടിയാൽ???) കരയുന്ന കൊച്ചിനെ എടുത്തവൾ പോലും എന്റെ സമീപമുള്ള ഒഴിഞ്ഞ സീറ്റിൽ ഇരിക്കാത്ത സംഭവം ഉണ്ടായിരുന്നു. കാരണം അപ്പോൾ ഞാൻ ഇരുന്നത് സാധാരണ പുരുഷന്മാർ മാത്രം ഇരിക്കുന്ന പൊതു ഇരിപ്പിടത്തിലായിരുന്നു. അങ്ങനെ ഇരുന്ന് ചിന്തിച്ചാൽ ഇതുപോലുള്ള പോസ്റ്റുകൾ എഴുതാൻ തുമ്പ് ലഭിക്കും. അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.

  ReplyDelete
 12. ഹഹഹ അതു കൊള്ളാം, ആ ഒളിപ്പിച്ച തലയെ ഓർത്ത് എനിയ്ക്ക് ചിരി വന്നു.....

  ReplyDelete
 13. പാഠം ഒന്ന് “മേലില്‍ ആവശ്യമില്ലാത്തിടത്ത് തലയിടരുത്. തലയിട്ടാല്‍ സീറ്റിനടിയില്‍ തല ഒളീപ്പിക്കേണ്ടി വരും”
  ആ പാവം പെണ്‍കൊച്ച് ഇതൊന്ന് വായിച്ചിരുന്നെങ്കില്‍.....

  ReplyDelete
 14. ശ്രീമാൻ പള്ളിക്കര പറഞ്ഞ അഭിപ്രായം ഞാനും കോപ്പി ചെയ്യുന്നു. കോപ്പിയടിക്കണത് ശരിയല്ലാത്തതു കൊണ്ട് ഞാനൊന്നു മാറ്റിപ്പറയാം.

  മനസ്സിനേറ്റ വാർദ്ധ്യക്യം തെളിയിക്കാൻ ഐഡന്റിറ്റി കാർഡുമായി നടക്കുന്ന ടീച്ചർ, ഇന്നും മധുരപ്പതിനേഴിന്റെ മനസ്സുമായി നടക്കുന്ന ആ മുത്തശ്ശിയിൽ നിന്നും ഇനിയും പലതും പഠിക്കാനുണ്ട്...!

  ReplyDelete
 15. @Echmukutty-,
  തല നന്നായി സൂക്ഷിക്കാറുണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
  @sherriff kottarakara-,
  സഹായം ആവശ്യമില്ലാത്തവരെ ഒരിക്കലും സഹായിക്കാൻ ശ്രമിക്കരുത്, എന്ന് മനസ്സിലായി. അഭിപ്രായം എഴുതിയതിന് നന്ദി.
  @വീ കെ-,
  അത് ഒരു ഇരിപ്പിടം തരപ്പെടുത്താനുള്ള സൂത്രമാണ്, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 16. ടീച്ചറെ ഈ പോസ്റ്റില്‍ മൊത്തത്തില്‍ രായും റായും മാറി മറിഞ്ഞ് കിടക്കുകയാ

  ReplyDelete
 17. ഇപ്പൊ മനസ്സിലായില്ലേ മുതിർന്നപൗരൻമാർക്കുള്ള സീറ്റിൽ ഒരിക്കലും സ്ത്രീകളെ കാണാത്തതെന്താണെന്ന് ?

  ReplyDelete
 18. മീനിടിച്ചറേ...... ഇങ്ങനെ ‘പ്രായം’ കുറേ ആയീ എന്ന് വിളിച്ച് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലാ കേട്ടോ...പയ്യൻസ് മാരും പയ്യൻസികൾക്കൊന്നും ഇപ്പോൾ ഒരു സെന്റിയുമില്ലാ.... ആ വല്ല്യമ്മയെക്കണ്ട് നമുക്ക് പടി(0)ക്കാം..... നമ്മുടെ മനസ്സിപ്പോഴും മധുരപ്പതിനാറല്ല്ല്ലേ..... (sweet sixty)

  ReplyDelete
 19. ഇതിനാ ചോദിച്ചു വാങ്ങുക എന്ന് പറയുക :) .......സസ്നേഹം

  ReplyDelete
 20. ബ്ണ്ട്ന്ന പണി എട്ത്താപ്പോരേന്വോ?

  ReplyDelete
 21. @പഞ്ചാരകുട്ടന്‍ -malarvadiclub-,
  ഇത് മൊത്തം കണ്ണൂര്(ർ) ഫാഷയാണ്. പിന്നെ താങ്കളുടെ സിസ്റ്റത്തിനും പ്രോബ്ലം കാണും. പഞ്ചാരയിൽ ഉറുമ്പ് ഉണ്ടോ എന്ന് നോക്കുക. അഭിപ്രായം എഴുതിയതിന് നന്ദി.
  @പഥികൻ-,
  അക്കാര്യം ഞാൻ ശ്രദ്ധിക്കാറുണ്ട്. പിന്നെ എന്റെ നാട്ടിലെ സീനിയർ സിറ്റിസൺ ഗ്രൂപ്പ് മെമ്പേർസ് പുരുഷന്മാർ മാത്രമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ചന്തു നായർ-,
  പണ്ടൊക്കെ പ്രായമുള്ളവരും ഒരു കൊച്ചിനെ എടുത്തവരും ബസ്സിൽ കയറിയാൽ 10 പൈസ പയ്യന്മാരും പയ്യത്തികളും എഴുന്നേറ്റ് ഇരിപ്പിടം കൊടുക്കും. ഇപ്പോൾ കാണാത്ത മട്ടിൽ അമർന്നിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @ഒരു യാത്രികന്‍-,
  യാത്രികന് സ്വാഗതം; ഇപ്പം ഏത് നാട്ടിലാ? അഭിപ്രായം എഴുതിയതിന് നന്ദി.
  @കുമാരന്‍ | kumaran-,
  ബേണ്ടാത്ത പണിക്ക് പോന്നത് നിർത്തി, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 22. നനായിട്ടുണ്ട് ..... :)

  ReplyDelete
 23. സ്ത്രീകള്‍ക്ക് റിസര്‍വ് ചെയുന്ന സീറ്റ്‌ കണ്ടാല്‍ എനിക്ക് ദേഷ്യമാണ്,

  സ്ത്രീ പുരുഷ സമത്വം വാദിക്കുന അല്ലെങ്കില്‍ എന്തിലും ഏതിലും പുരുഷനേക്കാള്‍ മിടുക്കിയാണ് സ്ത്രീ എന്ന് കാണിക്കാനുള്ള പലരുടെയും ശ്രമവും ഒപ്പം റിസേര്‍വേഷന്‍ വേണം എന്ന് പറയുന്ന ഇരട്ടത്താപ്പാണ് എനിക്ക് മനസ്സിലാക്കാത്തത്.

  മുതിര്‍ന്നവര്‍ / വികലന്ഗര്‍ ഇവര്‍ക്കുള്ള റിസേര്‍വേഷന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  ReplyDelete
 24. സബാഷ്...ഇഷ്ടപ്പെട്ടു, ഞാനിതാ കീയുന്നു

  ReplyDelete
 25. ഹഹഹഹ....ഇതാണ് ടീച്ചറെ കൂടുതല്‍ ധാര്‍മ്മിക രോഷം കാണിക്കരുതെന്ന് പറയുന്നത്.

  ReplyDelete
 26. @Naushu-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @mottamanoj-,
  സ്ത്രീകൾക്ക് സീറ്റ് റിസർവേഷൻ ആവശ്യമില്ല എന്നാണ് എന്റെയും അഭിപ്രായം. പീഡനം ഏൽക്കാത്ത ഒരിടം നൽകിയാൽ മതി. അഭിപ്രായം എഴുതിയതിന് നന്ദി.
  @ajith-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു -,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 27. ഹഹ.. പണ്ടേ ഈ പെണ്ണുങ്ങടെ തണ്ട് കാണുമ്പം കലിപ്പ് കേറും...അന്നേ ഞാൻ പറയാറുണ്ട് ദൈവം ചോദിക്കട്ടേ നിങ്ങളോടൊക്കെ എന്ന്! നന്നായുള്ളു അങ്ങനെ തന്നെ വേണം...!

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!