19.3.13

ഡിലീറ്റ് ചെയ്തുപോയ കുളിസീൻ വീഡിയോ


അങ്ങ് വടക്ക്, തലസ്ഥാന നഗരിയിലെ, കേരളാഹൌസിന്റെ, കുളിമുറിയിൽ,,,
                     ഒളിക്യാമറ വെച്ച് കുളിസീനുകൾ പകർത്തിയത് ചില പിള്ളേർ ഇടപെട്ട് കൈയോടെ പിടിക്കപ്പെട്ടപ്പോൾ അത്രയും‌കാലം അവിടെ ജോലിചെയ്ത പലരുടെയും കുളിതെറ്റി. ആരുടെയൊക്കെ കുളിസീനുകളാണ് ആ ക്യാമറയിലുള്ളതെന്ന് ദുഷ്ടന്മാർ പറഞ്ഞുതന്നതുമില്ല.
                     കേരളാഹൌസിൽ ഒളിക്യാമറ വെക്കാമെങ്കിൽ എനിക്കെന്താ എന്റെ സ്വന്തം ഹൌസിൽ സ്വന്തം ഡിജിറ്റൽ ക്യാമറവെച്ച് കുളിസീൻ ഷൂട്ട് ചെയ്താൽ? പിടിക്കപ്പെടാതിരുന്നാൽ പോരെ,, പിന്നെ കുളിസീൻ വീഡിയോ പകർത്തുന്നത് എന്റെയോ, എന്റെ വീട്ടുകാരുടേയോ, എന്റെ ബന്ധുക്കളുടേയോ അല്ലല്ലൊ. പരിചയമില്ലാത്ത ആരൊക്കെയോ കുളിക്കുന്നത്, എന്റെ വീട്ടുപരിസരത്തായാൽ അത് ക്യാമറയിൽ പിടിക്കുന്നതിലെന്താണ് തെറ്റ്? കുളിക്കാൻ വരുന്നവരുടെ കൂട്ടത്തിലാരും അറിയാതിരുന്നാൽ നല്ലത്. പിന്നെ കുളിസീനിന്റെ വീഡിയോ യൂട്യൂബിൽ ഇട്ടാലും വലിയ കുഴപ്പമില്ല; കാരണം കമ്പ്യൂട്ടർ തുറക്കുന്നവരും നെറ്റ് സേർച്ച് ചെയ്യുന്നവരും ആയി അവരുടെ കൂട്ടത്തിൽ ആരും ഇല്ലന്ന് ഉറപ്പാണ്.

ഇന്നലെയാണ് അത് സംഭവിച്ചത്,,,
                   നല്ലൊരു കുളിസീൻ ഞാനെന്റെ ക്യാമറയിൽ പകർത്തി; അത് ശരിക്കൊന്ന് നോക്കി ആസ്വദിക്കുന്നതിന് മുൻപെ കുളിസീനിന്റെ വീഡിയോഫയൽ നഷ്ടപ്പെട്ടു. ആ നഷ്ടത്തിന്റെ ആഘാതം താങ്ങാനാവാതെ കൊറേനേരം ഞാൻ പൊട്ടിക്കരഞ്ഞു. നഷ്ടം ഓർത്തുകൊണ്ട് രാത്രി ഉറങ്ങാൻ കിടന്നതിനാൽ ഉറക്കത്തിൽ എന്തൊക്കെയോ സംസാരിച്ചെന്ന് വീട്ടുകാർ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. അതിൽ കുളിസീൻ, ക്യാമറ, വീഡിയോ, യൂട്യൂബ്, ഡിലീറ്റ് എന്നീ വാക്കുകൾ അവർ തിരിച്ചറിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇന്ന്‌രാവിലെ ഞാൻ വിവരിച്ചതുകേട്ട് അവരെല്ലാം എന്റെകൂടെ കരഞ്ഞപ്പോൾ, നിർമ്മാണത്തിനുശേഷം ഒരുതുള്ളി വെള്ളം പോലും ഇതുവരെ ഒഴുകാത്ത പഴശ്ശി പ്രോജക്റ്റ് കനാലുകളിലൂടെ ഇന്ന് രാവിലെ വെള്ളം കുതിച്ചൊഴുകി. ഒടുവിൽ എന്റെ ഭർത്താവ് പറഞ്ഞു, ‘ഇന്ന് വൈകുന്നേരവും അതേ സ്ഥലത്ത് ക്യാമറവെച്ച് കുളിസീൻ ഷൂട്ട് ചെയ്യാൻ’. 
                    2007 ഡിസംബർ 27ന് ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയതിനുശേഷം ആദ്യമായാണ് ഇത്രയും നല്ലൊരു രംഗം വീഡിയോയിൽ പിടിച്ചത്; അതും ഒരു കുളിസീൻ. എന്റെ അശ്രദ്ധ കാരണം ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ കമ്പ്യൂട്ടറിൽ പകർത്തുന്നതിന് മുൻപെ എന്റെ വലം‌കൈയാൽ അത് ഡിലീറ്റ് ചെയ്യപ്പെട്ടു.
ഞാനെങ്ങനെ ഇത് സഹിക്കും?

                    രണ്ട് വർഷം മുൻപ് നർമവേദി നടക്കുന്ന പോലീസ്‌ക്ലബിലെ സ്റ്റേജിൽ‌വെച്ച് ഞാൻ പാട്ട് പാടുമ്പോൾ ക്യാമറയിൽ വീഡിയോ പിടിക്കാൻ എന്റെ കെട്ടിയവനെ ഏല്പിച്ചെങ്കിലും അദ്ദേഹം അതാകെ കൊളമാക്കി. എന്താണെന്നോ? വീഡിയോയിൽ ക്ലിക്ക് ചെയ്ത് പാട്ട് തീരുന്നതുവരെ മുറുകെ പിടിച്ചപ്പോൾ ക്യാമറയിൽ ഒന്നും പതിഞ്ഞില്ല. ഏതാനും മാസം കഴിഞ്ഞപ്പോൾ ഞാൻ കഥ പറയുന്നത് വീഡിയോ പിടിക്കാൻ ക്യാമറസൂത്രങ്ങൾ പഠിപ്പിച്ചശേഷം അതേ കെട്ടിയവനെതന്നെ ഞാനേല്പിച്ചു. അന്ന് കഥ പറഞ്ഞുതീരുന്നതുവരെ സ്വിച്ച് ഓൺ ചെയ്യാതെ ക്യാമറയിലെ സ്ക്രീനിലൂടെ എന്നെ നോക്കിയങ്ങനെ,,, അദ്ദേഹം ഇരുന്നുപോയി. അതിനുശേഷം എന്റെ ക്യാമറ ഞാൻ‌തന്നെ ഉപയോഗിച്ചാൽ മതിയെന്ന് ഞാനങ്ങട്ട് തീരുമാനിച്ചു.

ഓ,, നമ്മുടെ കുളിസീൻ കാര്യം,,,
                   ഒരാഴ്ച മുൻപാണ് സംഗതി എന്റെ ശ്രദ്ധയിൽ പെട്ടത്. മറ്റാരും കാണാത്ത മറ്റുള്ളവർ ശ്രദ്ധിക്കാനിടയില്ലാത്ത ഒരിടത്ത് ആളില്ലാത്ത നേരത്ത് ചിലർ കുളിക്കാൻ വരുന്നുണ്ട്. അറിഞ്ഞത് എങ്ങനെയെന്നോ? കുളികഴിഞ്ഞ് നനഞ്ഞ മേനിയഴകുമായി എന്റെ വീടിന്റെ പരിസരത്ത് കൂടി ഒറ്റക്കും കുട്ടായും ചിലർ കറങ്ങുന്നത് എന്റെ കണ്ണിൽപെട്ടു. അപ്പോൾ ഒരു കുളിസീൻ വീഡിയോ പിടിച്ചാലോ? പറ്റിയാൽ യൂട്യൂബിലിട്ട്, എന്റെ വീട്ടുപരിസരത്ത് നടക്കുന്ന കുളിസിൻ എല്ലാവരെയും കാണിക്കാമല്ലൊ. ധാരാളം ഫോട്ടോ എടുക്കുന്ന കൂട്ടത്തിൽ വീഡിയോ പിടിക്കുന്നത് വളരെ പ്രധാനപ്പെട്ട സംഭവങ്ങൾക്ക് മാത്രമായിരുന്നു. കുളിസീൻ ലൈവ് ആയി ഷൂട്ട് ചെയ്യുക എന്നത് ഒരു പ്രധാന സംഗതിയാണല്ലൊ,,,

                    ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകൾ ഇന്നലെ വൈകുന്നേരം ആരംഭിച്ചു. സംഗതി വീട്ടിലാരോടും പറയാതിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരെ അറിയിച്ചാൽ ഞാൻ ക്യാമറയിലാക്കുന്നതിനിടയിൽ കുളി കാണാനായി ആരെങ്കിലും കയറിവന്നാലോ? കുളിക്കാൻ വരുന്നവരെ എനിക്ക് തീരെ പരിചയം ഇല്ല. പിന്നെ ആരുടെയൊക്കെ കുളിയാണ് വീഡിയോയിൽ പതിയുന്നത് എന്ന കാര്യത്തിലും ഉറപ്പില്ല. അതിനിടയിൽ പരിസരത്ത് ആരെങ്കിലും ഉണ്ടെന്ന് സംശയം തോന്നിയാൽ കുളിക്കാൻ വരുന്നവരെല്ലാം പെട്ടെന്ന് തിരിച്ചുപോയാലോ,,,

                     നാല്‌മണി കഴിഞ്ഞപ്പോൾ ശബ്ദം കേൾപ്പിക്കാതെ പതുക്കെ കോണികയറി ടെറസ്സിലെത്തിയിട്ട് നോക്കിയപ്പോൾ, ഞാൻ‌കണ്ടത് മഴക്കാർ മൂടിയിട്ട് പ്രകാശം കുറഞ്ഞ അന്തരീക്ഷമാണ്. കുളിസീൻ നന്നായി കാണുന്നത് എന്റെ വീടിന്റെ ടെറസ്സിൽ നിന്നാണെങ്കിലും ഒളിച്ചിരുന്ന് നോക്കിയാൽ അവർക്ക് സംശയം തോന്നിയാലോ! അതുകൊണ്ട് മറ്റാരും കാണാത്തതും ശ്രദ്ധിക്കാനിടയില്ലാത്തതുമായ ഒരു മൂലയിൽ വീഡിയോ അഡ്‌ജസ്റ്റ് ചെയ്ത ക്യാമറ അനക്കാതെ വെച്ചശേഷം ഓൺ ചെയ്തു. വീഡിയോ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം കയറിയതുപോലെ പതിഞ്ഞ കാലടികളോടെ ഞാൻ താഴേക്ക് ഇറങ്ങി. ക്യാമറയിലെ ബാറ്ററി ഫുൾ‌ ചാർജ്ജ് ചെയ്തതാണ്; ഇനി അരമണിക്കൂർ കഴിഞ്ഞ് ക്യാമറ ഓഫാക്കിയിട്ട് നോക്കിയാൽ മതി. ഭാഗ്യമുണ്ടെങ്കിൽ ആരെങ്കിലും കുളിക്കാൻ വരും,,, അതുവരെ വീട്ടിലെ മറ്റു ജോലികൾ ചെയ്യാം.

                      വെളിയിൽ മുറ്റത്തിറങ്ങി ചെടികൾക്ക് വെള്ളം നനക്കുമ്പോഴും അടുക്കളയിൽ കയറി ചായ നിർമ്മിക്കുമ്പോഴും എന്റെ ചിന്തമുഴുവൻ ക്യാമറയുടെചുറ്റും ആയിരുന്നു. ഏതാനും വർഷം കൊണ്ട് എത്രയെത്ര ഫോട്ടോകളാണ് എടുത്തത്. കൊച്ചുമകളുടെ കളികളും വീട്ടിലെ പ്രധാന ചടങ്ങുകളും വീഡിയോയിൽ ഷൂട്ട് ചെയ്ത് കമ്പ്യൂട്ടറിൽ നിറച്ചിരിക്കയാണ്. എന്നാൽ ഒരു കുളിസീൻ ആദ്യമായാണ് എന്റെ ക്യാമറയിൽ കടന്നുവരുന്നത്, അതും ഇത്രയും അടുത്തുനിന്നുള്ള കുളി!!! ക്യാമറ ഒളിപ്പിച്ചത് മറ്റുള്ളവർക്ക് കണ്ടുപിടിക്കാനാവില്ലെങ്കിലും അതിൽ വെള്ളം തെറിക്കാതിരുന്നാൽ മതിയായിരുന്നു. കുളിസീൻ ഉണ്ടെങ്കിൽ രാത്രിയിൽ തന്നെ കമ്പ്യൂട്ടറിൽ കയറ്റിയിട്ട് യൂട്യൂബിൽ ആഡ് ചെയ്യണം.

                       അങ്ങനെ അരമണിക്കൂർ പോയതറിഞ്ഞില്ല; ചായ കുടിച്ചതിനുശേഷം ടെറസ്സിലേക്ക് കയറാനുള്ള കോണിയുടെ ചുവട്ടിൽ നിന്ന് പരിസരം വീക്ഷിച്ചു. കുളിക്കുന്ന ശബ്ദം കേൾക്കുന്നില്ലെങ്കിലും സമീപത്ത് വീട്ടുപറമ്പിലാകെ ശബ്ദകോലാഹലങ്ങളാണ്. മരംകൊത്തികൾ താളം‌പിടിച്ച് മരംകൊത്തുമ്പോൾ ബുൾബുളും ഒലേഞ്ഞാലിയും മഞ്ഞക്കിളികളും പരസ്പരം മത്സരിച്ച് ഗാനമേള നടത്തുകയാണ്. അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ടെറസ്സിൽ കയറിയ ഞാൻ പതുക്കെ അങ്ങോട്ട് എത്തിനോക്കി. വെള്ളം ചുറ്റുപാടും ചിതറി തെറിച്ചിട്ടുണ്ടെങ്കിലും ആ നേരത്ത് കുളിക്കുന്ന ആരെയും കണ്ടില്ല. അര മണിക്കൂറിനിടയിൽ ആരൊക്കെയോ വന്ന് കുളിച്ചശേഷം സ്ഥലം വിട്ടിരിക്കും. വീഡിയോ ഓഫാക്കിയിട്ട് ക്യാമറ കൈയിലെടുത്തപ്പോൽ നല്ല ചൂട്, കുറേനേരം ഓൺ ചെയ്തതുകൊണ്ടാവാം. അവിടെവെച്ചുതന്നെ സെയ്‌വ് ചെയ്ത ഫയൽ തുറന്ന് നോക്കി. ആദ്യരംഗങ്ങളിൽ പരിസരത്ത് ആരെയും കണ്ടില്ല. വീഡിയോ സ്പീഡിൽ കടന്നുപോയ്ക്കൊണ്ടിരിക്കെ അവസാന ഭാഗത്ത് അതാ അവൾ വരുന്നു,,,, കറുപ്പും വെളുപ്പും കലർന്ന അഴകോടെ,,, ഒരു തോർത്തുമുണ്ട് പോലും ചുറ്റാതെ രംഗത്തുവന്ന അവൾ പരിസരമാകെ നിരീക്ഷിച്ചശേഷം മുങ്ങിക്കുളിക്കുകയാണ്. കുളി കഴിഞ്ഞശേഷം തലപോലും തോർത്താതെ പെട്ടെന്നുതന്നെ സ്ഥലം‌വിട്ടു.
ഹോ,, എനിക്ക് വന്ന സന്തോഷം,,, ഇത്രയും നല്ലൊരു കുളിസീൻ ഷൂട്ട് ചെയ്യാൻ എന്നെക്കൊണ്ടല്ലാതെ ആർക്ക് പറ്റും!

                     ടെറസ്സിൽ നിന്ന് ഞാൻ താഴെയിറങ്ങി. ‘നേരം സന്ധ്യ ആയല്ലൊ, ഇനി രാത്രി ഭക്ഷണത്തിനുശേഷം വീഡിയൊ നോക്കാം’ എന്ന് ചിന്തിച്ച ഞാൻ, ഓഫ് ചെയ്ത ക്യാമറ കമ്പ്യൂട്ടർ ടേബിളിൽ വെച്ചശേഷം വീട്ടുജോലികളിൽ മുഴുകി. എല്ലാവർക്കും ഭക്ഷണം കൊടുത്തശേഷം ഞാനും കഴിച്ചെന്ന് വരുത്തിയിട്ട് കമ്പ്യൂട്ടർ തുറന്നു. സാധാരണ ചിത്രങ്ങൾ നിറയുമ്പോഴാണ് ക്യാമറയിൽ‌നിന്നും കമ്പ്യൂട്ടറിലേക്ക് ഫയലുകൾ മാറ്റുന്നതെങ്കിലും ഇന്ന് കുളിസീൻ കാണാനുള്ള തിരക്കാണല്ലൊ. ക്യാമറ കമ്പ്യൂട്ടറിൽ ഘടിപ്പിച്ചപ്പോൾ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഫയലിന്റെ ഐക്കണുകൾ മോണിറ്ററിൽ നിരന്നു. ക്യാമറയിലെ അനാവശ്യ ഫയലുകളും ഏതാനും ചിത്രങ്ങളും ഡിലീറ്റ് ചെയ്തതിനുശേഷം മറ്റുള്ളവ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്യാൻ ആരംഭിച്ചു. എല്ലാ ഫയലുകലും കമ്പ്യൂട്ടറിൽ കയറിയെന്ന് ഉറപ്പുവരുത്തിയിട്ട് ക്യാമറ ഓഫാക്കിയശേഷം കുളിസീൻ വീഡിയോ തുറക്കാൻ നോക്കിയപ്പോൾ വീഡിയോ ഫയൽ മാത്രം കാണാനില്ല. അരമണിക്കൂർ സമയദൈർഘ്യമുള്ള വീഡിയോ കാണാതെ പരിഭ്രമിച്ച ഞാൻ ക്യാമറയിലും കമ്പ്യൂട്ടറിലുമായി അരമണിക്കൂർ നേരം സേർച്ച് ചെയ്തു.
                 എത്ര പരിശ്രമിച്ചിട്ടും ഞാനെടുത്ത കുളിസീൻ വീഡിയോ മാത്രം കാണാനില്ല,, എന്ത് പറ്റിയെന്നോ,,, അനാവശ്യ ഫയലുകൾ ക്യാമറയിൽ നിന്ന് ഡിലീറ്റ് ചെയ്ത കൂട്ടത്തിൽ എന്റെ കുളിസീൻ വീഡിയോ കൂടി ഡിലീറ്റ് ചെയ്തിരിക്കാം. കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകൾ റിസൈക്കിൾ ബിന്നിൽ കാണും,, ആവശ്യമാണെങ്കിൽ തിരികെയെടുക്കാം. ഇവിടെ ക്യാമറയിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫയൽ തിരികെ കൊണ്ടുവരാനുള്ള സൂത്രങ്ങളൊന്നും എനിക്കറിയില്ല. പിന്നെ ക്യാമറ ഓപ്പറേറ്റമാരെ ഏല്പിക്കാൻ എനിക്കൊട്ടും ധൈര്യം പോര,,,

                 എന്റെ പ്രതീക്ഷകളെല്ലാം തകർന്നു,,, ഇനിയെന്ത് ചെയ്യും? ഇത്രയും നല്ലൊരു കുളിസീൻ വലിയൊരു നഷ്ടം തന്നെ. സത്യം പറഞ്ഞാൽ രാത്രി എനിക്ക് ഉറക്കം വന്നതേയില്ല. ഇന്ന് രാവിലെ ഭർത്താവിനോടും മക്കളോടും‘കുളിസീൻ വീഡിയോ സംഭവം’ പറഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ വിഷമം അവർക്കായിരുന്നു. ഒടുവിൽ ‘ഇന്ന് വൈകുന്നേരവും അതെ സമയത്ത് അതെ സ്ഥലത്ത് ക്യാമറ ഓൺ ചെയ്ത് വെക്കാൻ’ അവരെല്ലാം‌ചേർന്ന് എന്നോട് പറഞ്ഞു.
സംഗതി ശരിയാണല്ലൊ,, ഇന്നും അതേ സ്ഥലത്ത് അവർ കുളിക്കാൻ വരും,, ആ നേരത്ത് ഒളിക്യാമറ തുറന്നുവെച്ച് വീഡിയോ ഷൂട്ട് ചെയ്യാൻ ഞാനൊന്ന് ശ്രമിക്കട്ടെ,,,

ഇനി ഞാനെന്തിന് വിഷമിക്കണം? 
                 ‘ടെറസ്സിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാൻ ഇന്നലെ വന്നത്, ആകെയൊരു മണ്ണാത്തിപുള്ള് മാത്രമായിരുന്നു,, ഇന്ന് കുളിക്കാൻ വരുന്നത് ഓലേഞ്ഞാലിയോ, മൈനയോ, മഞ്ഞക്കിളിയോ, ബുൾബുൾ പക്ഷികളോ ആയിരിക്കാം. അപ്പോൾ അവരുടെ കുളിസീൻ ക്യാമറയിൽ പിടിച്ച് യൂട്യൂബിൽ ഇടാമല്ലൊ’

31 comments:

  1. ഒരു തോർത്തുമുണ്ട് പോലും ചുറ്റാതെ രംഗത്തുവന്ന അവൾ പരിസരമാകെ നിരീക്ഷിച്ചശേഷം മുങ്ങിക്കുളിക്കുകയാണ്. കുളി കഴിഞ്ഞശേഷം തലപോലും തോർത്താതെ സ്ഥലം‌വിട്ടു.
    ഹോ,, എനിക്ക് വന്ന സന്തോഷം,,, ഇത്രയും നല്ലൊരു കുളിസീൻ ഷൂട്ട് ചെയ്യാൻ എന്നെക്കൊണ്ടല്ലാതെ ആർക്ക് പറ്റും!

    ReplyDelete
  2. ഇപ്പോ ഒളിഞ്ഞ് നോട്ടമൊക്കെ ജാമ്യമില്ലാത്ത കേസാണല്ലോ ഈ ടീച്ചർ എന്നാറ്റിനുള്ള പുറപ്പാടാന്നൊക്കെ ആലോചിച്ചാ വായിച്ച് വന്നത്... അവസാനമല്ലേ കാര്യം മനസ്സിലായത്

    ReplyDelete
    Replies
    1. ‌@, ഏ.ആർ.നജീം-,
      ബ്ലോഗ് വായിച്ചതിനും ആദ്യമായി അഭിപ്രായം എഴുതിയതിനും നന്ദി.

      Delete
  3. ആദ്യമേ സംശയമുണ്ടായിരുന്നു... ‘വീട്ടിലാരോടും ചോദിക്കാതെ ആരൊക്കെയോ കുളിക്കുന്നത് എന്റെ വീട്ടുപരിസരത്തായാൽ...’ എത്തിയപ്പോള്‍ ഉറപ്പിച്ചു, വല്ല കാക്കയോ മൈനയോ ആവുമെന്ന്...!

    എന്നാലും എന്റെ ടീച്ചറേ... നൂറുകണക്കിനു കുട്ടികളെ പഠിപ്പിച്ചതിന്റെ ചെറിയൊരംശം കഴിവു പോരായിരുന്നോ കെട്ടിയവനെ പഠിപ്പിക്കാന്‍? അങ്ങനെ നേരാം വണ്ണം പഠിപ്പിച്ചിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ? :)

    ReplyDelete
  4. @ വിജി പിണറായി-,
    ആരായലും നല്ലൊരു കുളിസീനല്ലെ,, വിജി,,
    അയ്യോ അതുമാത്രം പറ്റത്തില്ല. മൊബൈലിൽ ഫോട്ടോ എടുക്കാൻ എന്റെ യൂ.കെ.ജി.ക്കാരി അച്ചാച്ചനെ പഠിപ്പിച്ചു. പിറ്റേന്നും സംശയം ചോദിച്ചപ്പോൾ അവൾ പറഞ്ഞു, ‘ഈ അച്ചാച്ചന് ഒന്നും അറിയില്ല’ എന്ന്.
    ആധുനിക ഇലക്ട്രോണിക്സിനോട് താല്പര്യം ഇല്ലാത്തത് രണ്ട് വിഭാഗങ്ങൾക്കാണ്.
    ഒന്ന്... മലയാളം അദ്ധ്യാപകർ (എന്റെ അനുജത്തിയും നമ്പർ2 അനുജന്റെ ഭാര്യയും മലയാളം എം.ഏ. ആണ്. അനുജന്റെ ഭാര്യക്ക് മലയാളത്തിൽ റാങ്ക്. എന്നാൽ സ്വന്തമായി കമ്പ്യൂട്ടർ തുറന്ന് ഒരു വാക്ക് എഴുതാൻ അവർ ശ്രമിക്കില്ല.
    രണ്ട്... പ്രൈമറി അദ്ധ്യാപകർ,, അദ്ദേഹം അതാണ്. കൈയിൽ മൊബൈൽ ഉണ്ടെങ്കിലും ലാന്റ്ഫോൺ നമ്പർ മാത്രമാണ് അറിയുന്നത്. അങ്ങേര് കയറി വരാത്തതുകൊണ്ട്, ഫെയ്സ്ബുക്കിലും ബ്ലോഗിലും ധൈര്യമായി ഞാൻ കറങ്ങിനടക്കുന്നു.
    എന്റെ മൂന്ന് സഹോദരന്മാരും എന്റെ മക്കളും ഈ പരിസരത്തൊക്കെ ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  5. ഹഹഹ...
    രസിക്കാൻ പോസ്റ്റ്
    അവസാനത്തൈ കമന്റ് പോസ്റ്റിനെക്കാൾ ചിരിപ്പിച്ചു...

    ReplyDelete
    Replies
    1. @ അബൂതി-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. അയ്യോ പറ്റിച്ചല്ലോ

    ReplyDelete
    Replies
    1. @ajith-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. എനിക്ക് ആദ്യമേ തന്നെ കാര്യം പിടി കിട്ടി

    ReplyDelete
    Replies
    1. @sarath menon-,
      എനിക്കറിയാം പിടികിട്ടിക്കാണുമെന്ന്,,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. അപ്പോഴേ തോന്നി ടീച്ചറെ , ഈ കാള എങ്ങോട പോണെന്ന് .... കമന്റ്‌ ഗംഭീരം

    ReplyDelete
    Replies
    1. @ ശ്യാമ-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. @ഫിയോനിക്സ്-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  10. എന്നാലും എന്റെ ടീച്ചറെ,
    രസകരമായി വായിച്ചു വായിച്ചു
    വന്നെങ്കിലും മനോഹരമായ
    ആ കുളിസീൻ തികച്ചും കുളമാക്കിയതിൽ
    അതിയായ ഖേദം ഉണ്ട്, ഏതായാലും
    കുളിസീനെടുക്കാൻ വീട്ടുകാരുടെ
    അനുമതി കിട്ടിയതിനാൽ ഇനിയും ഇത്തരം
    സീനുകൾ ഞങ്ങൾ വായനക്കാര്ക്കും
    കിട്ടും എന്ന പ്രതീക്ഷയോടെ
    ആശംസകളോടെ

    ReplyDelete
  11. Kulikkathavarkku ...!

    Manoharam Chechy, Ashamsakal...!!!

    ReplyDelete
  12. ടിച്ചര്‍ കൊള്ളാം... നല്ല ആശയം ...

    ReplyDelete
  13. വിഷമിക്കേണ്ട ടിച്ചര്‍ അടുത്ത വിഡിയോ യുട്യൂബില്‍ ഇടാം

    ReplyDelete
  14. സ്ത്രീകളും ഈ മേഖലയിലേക്കിറങ്ങിയോ ദൈവമേ എന്നാണാദ്യം കരുതിയത്‌.പിന്നീടല്ലേ കാര്യം പിടികിട്ടിയത്.ഹ ഹ..

    ReplyDelete
  15. Good. Continue your explorations and narrations.

    ReplyDelete
  16. ഹ... ഹ.. കുളി സീൻ പറ്റീര് ആണെന്ന് ആദ്യമേ
    തോന്നി. എന്നാലും എഴുത്ത് നന്നായി.

    ഏറ്റവും ഇഷ്ടപ്പെട്ടത് ഒരിക്കൽ ക്യാമറപ്പണി
    അറിയില്ല എന്ന് തെളിയിച്ചിട്ടും പിന്നെ അതേ
    ക്യാമറ 'അതേ കെട്ടിയോനെ' തന്നെ എല്പിച്ച
    ഭാഗം ആണ്..!!

    ReplyDelete
  17. സംഭവം ഇതുപോലെ എന്തെങ്കിലുമായിരിക്കുമെന്ന് വായന തുടങ്ങിയപ്പോഴേ തോന്നിയിരുന്ന് കേട്ടോ ടീച്ചറേ... എന്തായാലും സംഭവം രസകരമായി...

    ReplyDelete
  18. ഉം പിന്നേ കുളിസീന്‍... അതിനു ഈ മിടുക്കൊന്നും പോരാ കേട്ടോ.

    ReplyDelete
  19. ച്ചെ പറ്റിച്ചു കളഞ്ഞല്ലോ

    ReplyDelete
  20. അപ്പോ ടീച്ചര്‍ ഈ കുളിയൊന്നും കണ്ടിരുന്നില്ലെ? ഞാനിതൊക്കെ മുമ്പെ പഴറ്റിയതാ...http://mohamedkutty.blogspot.in/2011/01/blog-post_27.html . പിന്നെ ഡിലീറ്റായ ഫയലും നമുക്ക് വീണ്ടും കാണാന്‍ ഇപ്പോ സൌകര്യമുണ്ട് ടീച്ചറെ.

    ReplyDelete
  21. "വീഡിയോ പിടിക്കാൻ ക്യാമറസൂത്രങ്ങൾ പഠിപ്പിച്ചശേഷം അതേ കെട്ടിയവനെതന്നെ ഞാനേല്പിച്ചു ".

    അതേ കെട്ടിയോൻ എന്നു പറയുമ്പോ ..... :)

    തുടക്കത്തിലേ ഞാനും ഊഹിച്ചു കഥയുടെ പോക്ക്. ഈ ഊഹാക്കാരോട് കുടുങ്ങി അല്ലെ.. :)

    ReplyDelete
  22. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി,,

    ReplyDelete
  23. ഹും..വെറുതെ കൊതിപ്പിച്ചു...

    ReplyDelete
  24. ഇങ്ങളൊക്കെ ഇമ്മാതിരി പണിക്ക് ഇറങ്ങിയാലെന്താപ്പോ ചെയ്യാ !!

    ReplyDelete
  25. രസകരമായൊരു പെണ്ണെഴുത്ത് ....
    നന്നായിട്ടുണ്ട് ടീച്ചറെ.....
    പിന്നെ .. ഇനി നഷ്ടപ്പെട്ട files തിരികെ കിട്ടാന്‍ എന്റടുത് ഒരു സൂത്രമുണ്ട്.... :)

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!