ഏതാനും വർഷമായി തെയ്യം കാണാൻ
പോവാറില്ലെങ്കിലും കുട്ടിക്കാലത്ത് കാവിന്റെ മുറ്റത്തുവെച്ച് കോല് ചെണ്ടയുടെ
മുകളിൽ പതിക്കുന്നത് കേൾക്കുമ്പോൾതന്നെ ഞാനും എന്റെ സമപ്രായക്കാരും അവിടെ
ഹാജരുണ്ടാവും. കാവിലെത്തിയാൽ എല്ലാവരും സ്വതന്ത്രരാണ്; കുട്ടികളായാലും എവിടെയും
പോവാം, ചിരിക്കാം, കളിക്കാം. എല്ലാവരും നാട്ടുകാരാണ്, പരിചയക്കാരാണ്, അതുകൊണ്ട്
കൈവിട്ടുപോയാലും രക്ഷിതാക്കൾക്ക് മക്കളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. അതൊരു
ആഘോഷമായിരുന്നു,,, ഓർമ്മകളിൽ മുങ്ങിത്താഴ്‌ന്നാൽ പൊങ്ങാൻ ഇഷ്ടപ്പെടാത്ത എന്റെ കുട്ടിക്കാലത്തെ
ആഘോഷം,,,
ഗ്രാമത്തിലുള്ള എന്റെ
വീട്ടിൽനിന്ന് ഏറ്റവും അടുത്തുള്ള കാവ്, പാറക്കണ്ടി കാവ്; ചെണ്ടകൊട്ടുമ്പോൾ
വീട്ടിലിരുന്നാലും നന്നായി കേൾക്കാം. മൂന്ന് ദിവസമാണ് അവിടെ ആഘോഷം; അതിനിടയിൽ
ചമയങ്ങൾ അണിഞ്ഞ അനേകം തെയ്യങ്ങൾ ദൈവങ്ങളുടെ പ്രതിപുരുഷന്മാരായി വന്ന് മഞ്ഞൾക്കുറി
കൊടുത്ത് ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നതോടൊപ്പം കാണിക്ക സ്വീകരിക്കുകയും ചെയ്യം. ഈ
ആഘോഷങ്ങൾക്ക് പകിട്ടേകാൻ ഗ്രാമീണചന്തകളും ചായക്കടകളും കൂടാതെ കലാപരിപാടികളും
അലങ്കാരങ്ങൾ അടിയറവെക്കലും ഉണ്ടാവുമ്പോൾ ആകെ ശബ്ദമുഖരിതമായ അന്തരീക്ഷമായിരിക്കും.
മുതിർന്ന ബന്ധുക്കൾ കുട്ടികൾക്ക് കണ്മഷി, ചാന്തുപൊട്ട് ?, വള, റിബ്ബൺ എന്നിവയൊക്കെ
വാങ്ങിക്കൊടുക്കുന്നതിനാൽ തെയ്യംകഴിഞ്ഞ് പിറ്റേദിവസം പെൺകുട്ടികൾ സ്ക്കൂളിൽ
വരുന്നത് ഇവയെല്ലാം അണിഞ്ഞായിരിക്കും.
വർഷങ്ങൾക്കു
മുൻപ്,,,
അങ്ങിനെ
ഒരു തെയ്യക്കാലത്ത്,,,
എട്ടാം
ക്ലാസ്സിൽ പഠിക്കുമ്പോൾ,,,
തലേദിവസം കാവിൽവെച്ച്
‘ദുര്യോദനവധം’ കഥകളി കണ്ടതിനാൽ ഉറക്കമിളച്ച ക്ഷീണം മുഖത്തുകാണിക്കാതെയാണ്
അതിരാവിലെ ഞാൻ പാറക്കണ്ടികാവിൽ പോയത്. കൂടെ ഇളയ സഹോദരൻ ഉണ്ടെങ്കിലും കാവിന്റെ
നടയിൽ എത്തിയപ്പോൾ ആദ്യംകണ്ട കൂട്ടുകാരന്റെ കൂടെ അവൻ സ്ഥലംവിട്ടു. കാവിന്റെ
മുറ്റത്തുനിന്ന് ഉയരുന്ന ചെണ്ടമേളം കേട്ടാലറിയാം, കാവിലെ പരദേവത പുറപ്പെടുകയാണെന്ന്.
തിരക്കിനിടയിൽ നുഴഞ്ഞുകയറിയ ഞാൻ നേരെ അങ്ങോട്ട് പോയപ്പോൾ കണ്ടത് ചെണ്ടയുടെ
താളത്തിനനുസൃതമായി ചുവന്നപട്ടുടുത്ത് തെച്ചിപ്പൂ മാലകളും കിരീടവും അണിഞ്ഞ പരദേവത
കാവ്‌ചുറ്റി നടക്കുന്നതാണ്. തളികയിൽ അരിയും തിരിയിട്ട് കത്തിച്ച കാക്കവിളക്കും
പിടിച്ച് മുന്നിൽ നടക്കുന്ന കൊച്ചുപെൺകുട്ടികൾ തെയ്യം തലകുനിക്കുമ്പോൾ അരിവാരി
എറിയുന്നുണ്ട്. കുട്ടിക്കാലത്തെ ഏതാനും വർഷം ഞാനും അതുപോലെ ഒരു തളികയും പിടിച്ചുനടന്ന്
അരിഎറിഞ്ഞ് പരദേവതയെ സ്വീകരിച്ചതാണ്; ഇപ്പോൾ മുതിർന്നുപോയല്ലൊ.
മൂന്ന്‌തവണ കാവ്‌ചുറ്റിയശേഷം
മുറ്റത്തുവന്ന് ചെണ്ടയുടെ താളത്തിനൊത്ത് തെയ്യം ഉറഞ്ഞുതുള്ളുമ്പോൾ ആൺകുട്ടികൾ
കൂവിയാർക്കുകയാണ്,,, എത്ര മഹത്തായ ആചാരങ്ങൾ,,, മനുഷ്യമനസ്സിൽ ഐക്യം വളർത്തുന്ന,
സന്തോഷം വളർത്തുന്ന ആചാരങ്ങളെല്ലാം നല്ലതുതന്നെ,,,
അതെല്ലാം നോക്കിനടന്നശേഷം കാവിന്റെ
പിന്നിലുള്ള ചന്തകൾക്കുനേരെ ഞാൻ നടന്നു. അച്ഛൻതന്ന പണം ചെലവാക്കിയിട്ട് കൈനിറയെ
വളകൾ അണിയണം, കൂട്ടത്തിൽ ഏതാനും കുപ്പിവളകളും വാങ്ങണം; പൊട്ടിയാലെന്താ,, അത്രനേരത്തേക്ക്
വളയിട്ടാൽ പോരെ,,,
പെട്ടെന്നാണ് തിരക്കിനിടയിൽനിന്ന്
ഒരു കുഞ്ഞുമായി അവൾ വന്നത്, എന്റെ ബന്ധുവായ ശൈലജ. എന്നെക്കാൾ ഒരുവയസ്സ്
ഇളയതാണെങ്കിലും അവളെപ്പോഴും മുതിർന്നവളാണ്. ചിരട്ടയിൽ മണ്ണപ്പവും ചോറും കറിയും
വെക്കുമ്പോൾ അവളായിരിക്കും അമ്മ, ഞാൻ മകളും. ടീച്ചറും കുട്ടിയും കളിക്കുമ്പോൾ
അവളായിരിക്കും ടീച്ചർ, ഞാൻ കുട്ടിയും. അങ്ങനെ കളിച്ച്‌കളിച്ച് നടക്കുന്ന
പ്രായത്തിൽ എന്നെ അടിക്കാനുള്ള ഒരു ചാൻസും അവൾ വിട്ടുകളയാറില്ല.
എന്നെ
കണ്ടപ്പോൾ അവളൊരു ചോദ്യം,
“നീയിവിടെ
ഒറ്റക്ക് നടന്നുകളിക്ക്യാണോ?”
“ഞാൻ
വളവാങ്ങാൻ പോവുകയാ,, ഇതാരാ ഈ കുട്ടി?”
“ഇതാ
കുട്ടീനെ പിടിച്ചാട്ടെ,,,”
എന്റെ ചോദ്യത്തിനു മറുപടി
പറയാതെ കൈയ്യിലുള്ള കുഞ്ഞിനെ എന്നെ ഏല്പിച്ചു. നല്ല പട്ടുടുപ്പും ട്രൌസറും അണിഞ്ഞ
ആ കുഞ്ഞിനെ നോക്കിയിരിക്കെ ശൈലജ തിരക്കിനിടയിൽ മറഞ്ഞു. കുഞ്ഞ് ചിരിക്കുകയാണ്,
ഞാനും അവനെനോക്കി നന്നായി ചിരിച്ചു. നല്ല ഓമനത്തമുള്ള ചുരുളമുടിക്കാരൻ ആൺകുട്ടിക്ക്
നടക്കാൻ പ്രായമായിട്ടില്ല. തൊട്ടടുത്തുള്ള കല്ലിന്റെ നടയിലിരുന്ന് ഞാനവനെ
കളിപ്പിക്കാൻ തുടങ്ങി. കഷ്ടിച്ച് എട്ട്‌മാസം പ്രായംതോന്നുന്ന അവന് നന്നായി
ചിരിക്കാനും ചിണുങ്ങാനും അറിയാം. ഒന്നുംപറയാതെ ഇങ്ങനെയൊരു കുട്ടിയെ എന്നെ
ഏല്പിച്ച് അവളെങ്ങോട്ടായിരിക്കും തിരക്കിട്ട് പോയത്?
ആരുടേതെന്നറിയാത്ത കുഞ്ഞിനെ
എന്റെ ഒക്കത്തിരുത്തിയിട്ട് വളകൾ വിൽക്കുന്നിടത്തേക്ക് നീങ്ങിയപ്പോഴാണ് പ്രശ്നം;
കുഞ്ഞ് ചൂണ്ടുകയാണ്, അവിടെയുള്ള പലതും അവനുവേണം. അവിടെ ആൺകുട്ടികൾക്കായി
ആകെയുള്ളത് പീപ്പിയാണ്, അത് ഊതാനുള്ള പ്രായം അവനായിട്ടില്ല. ഏതായാലും വളയൊക്കെ
പിന്നെവാങ്ങാം, കാവിന്റെ മുറ്റത്തേക്കുതന്നെ ഞാൻ നടന്നു. അവിടെ തെയ്യങ്ങളുടെ എണ്ണം
മൂന്നായിട്ടുണ്ട്, അതോടൊപ്പമുള്ള ചെണ്ടയുടെ ശബ്ദം കേട്ടതോടെ കുഞ്ഞ് പേടിച്ച് കരയാൻ
തുടങ്ങി. താരാട്ടുപാടാനും കരച്ചിൽ നിർത്താനും അവന്റെ പേരെനിക്കറിയില്ലല്ലൊ. എന്നാലും
ഇങ്ങനെയൊരു ചെറിയ കുട്ടിയെ എന്റെ കൈയിൽ തന്നിട്ട് സ്ഥലംവിടുക? ഇവൻ ശൈലജയുടെ
അനുജനല്ല; കാരണം അവരെയൊക്കെ എനിക്കറിയാം. എന്നെ ഏല്പിച്ചവളെ കണ്ടെത്താനായി
കുട്ടിയെയുംഎടുത്ത് കാവിന്റെ പലഭാഗങ്ങളിലും ഞാൻ നടന്നു. ഒടുവിൽ കാവിന് സമീപമുള്ള
കഴകപ്പുരയുടെ ചാണകം തേച്ച് മിനുസപ്പെടുത്തിയ വരാന്തയിൽ അവനെ ഇരുത്തിയിട്ട് സമീപം
ഞാനും ഇരുന്നു; അപ്പോഴേക്കും എനിക്ക് കരച്ചിൽ വരാൻ തുടങ്ങി. സമയം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ
അവിടെയിരുന്ന് ഭാവിപരിപാടികൾ പലതും ഞാൻ ചിന്തിച്ചു,
‘ആരുമറിയാതെ
കുട്ടിയെ ഇവിടെയിരുത്തിയിട്ട് മുങ്ങിയാലോ?’
… അയ്യോ, അവൻ കരഞ്ഞ്
ബഹളമുണ്ടാക്കും.
‘കാവിലുള്ള
മുതിർന്ന ആരെയെങ്കിലും കണ്ടുപിടിച്ച് കാര്യം പറഞ്ഞാലോ?’
… തെയ്യം കാണുന്നതിനിടയിൽ ഇങ്ങനെയൊരു
പ്രശ്നം പരിഹരിക്കാൻ ആരും മെനക്കെടില്ല.
‘നേരെ
ശൈലജയുടെ വീട്ടിലേക്ക് പോയാലോ?’
… അയ്യോ, അവളുടെ അമ്മ,,, ഭദ്രകാളിയുടെ
ഏട്ടത്തി, എന്നെ തിന്നുകളയും.
ഒടുവിൽ
ഒരു തീരുമാനത്തിലെത്തി,,,
‘വീട്ടിൽ
പോവാം, എന്നിട്ട് അമ്മയോട് കാര്യംപറഞ്ഞ് ഈ കുട്ടിയെയും വീട്ടിൽ വളർത്താം. അവിടെ
ഒരുമാസം മുൻപ് എന്റെ രണ്ടാംനമ്പർ അനുജനെ പ്രസവിച്ചശേഷം അമ്മ വിശ്രമത്തിലാണ്.’
അവനെ എടുത്തപ്പോൾ ഭാരം
കൂടിയതുപോലെ, വളരെനേരമായല്ലൊ എടുത്തുനടക്കാൻ തുടങ്ങിയിട്ട്. വീട്ടിലേക്ക് പോവാനായി
ആളുകൾക്കിടയിലൂടെ നടന്ന് കാവിന്റെ നട ഇറങ്ങാൻ നേരത്ത്,,, നേരെ മുന്നിൽ,
എന്റെ
ഇളയമ്മ,, അമ്മയുടെ സ്വന്തം അനിയത്തി,
എന്നെക്കണ്ട
ഉടനെ ചോദ്യം,
“അവളെവിടെ?”
“ആര്?”
“ആ
ശൈലപ്പെണ്ണ്,,”
“ഓളെ
കാണാനില്ല, ഈ കുട്ടിനെ,,,”
“ഈടെന്ന്
കണ്ടഒടനെ അന്റെ ഒക്കത്ത്‌ന്ന് മോനെ ഏടുത്തിട്ട് ഓടിപ്പോയതാ,, എന്നിട്ടിപ്പം
കുട്ടീനെ നിന്നെ ഏല്പിച്ചിട്ട് ഓളെവിടെയാ പോയത്? എത്ര നേരമായി ഞാനിവനെ തെരഞ്ഞ്‌നടക്കാൻ
തൊടങ്ങീറ്റ്?”
പെറ്റമ്മയെ
കണ്ടപ്പോൾ വായതുറന്ന് ചിരിക്കുന്ന കുഞ്ഞിനെ എന്റെ കൈയ്യിൽനിന്നും വാങ്ങിയിട്ട്
അവർ പറഞ്ഞു,
“അന്റെ
മോന് വെശക്കുന്നില്ലെ? പാല്‌കുടിക്കാൻ നേരായി, ഏടിയാ ഇത്രേരം പോയത്?”
സ്വന്തം
മകനെയുമെടുത്ത് അവർ കാവിന്റെ പിന്നിലേക്ക് പോവുന്നതിനിടയിൽ എന്നോടായി പറഞ്ഞു,
“നിയെവിടെം
പോകല്ലെ, വളയും ചാന്തുമൊക്കെ വാങ്ങിത്തരാം”
???
അവൻ ഇളയമ്മയുടെ മകനാണ്, എന്റെ
അനുജൻ!! തറവാട്‌വീട്ടിൽവെച്ച്പ്രസവിച്ച് കുഞ്ഞിന് മൂന്നുമാസം പ്രായമായപ്പോൾ
ഭർത്താവിന്റെ വീട്ടിലേക്ക് പോയ ഇളയമ്മ നേരെ കാവിലേക്ക് തെയ്യായിട്ട് വന്നതാണ്.
മൂന്നാം മാസത്തിൽ ഞാൻകണ്ട കുഞ്ഞ് ഏതാനും
മാസങ്ങൾ കഴിഞ്ഞ് കമഴ്ന്ന് കിടന്നശേഷം ഇരിക്കുകയും പിന്നീട് മുട്ടിലിഴഞ്ഞ്
നടക്കാൻ ശ്രമിക്കുമെന്നും അവൻ വലുതാവുമെന്നും ഞാൻ ചിന്തിച്ചതേയില്ല. നാല്‌മാസം
മുൻപ് ഭർത്താവിന്റെ വീട്ടിലേക്ക് പോയ ഇളയമ്മയും മകനും നേരെ കാവിലേക്ക് വരുമെന്ന്
ആനേരത്ത് എങ്ങനെ ഓർക്കാനാണ്.
പിൻകുറിപ്പ്:
- ആ കുഞ്ഞിന്റെ ഇപ്പോഴെത്ത
ഫോട്ടോ ഫെയ്സ്‌ബുക്കിൽ നിന്ന് അടിച്ചുമാറ്റിയതാണ് ഒടുവിൽ
കൊടുത്തിരിക്കുന്നത്.
- ‘തെയ്യം’ ഫോട്ടോ പാറക്കണ്ടി
കാവ് അല്ല.
- ‘ഇങ്ങനെയൊരു സംഗതി
നടന്നിരുന്നൂ’, എന്ന് ആകുഞ്ഞും വീട്ടുകാരും നാട്ടുകാരും അറിയുന്നത് ഈ
പോസ്റ്റ് വായിക്കുമ്പോൾ മാത്രം ആയിരിക്കും.
- അതെ ഗ്രാമത്തിലാണെങ്കിലും
എന്റെ ഫേമലി ആ കാലത്ത് താമസിച്ചിരുന്നത്, തറവാട്‌വീട്ടിലല്ല.
- കഥാനായകനായ ആകുഞ്ഞിന് ഇപ്പോൾ,,,
ഒരു ഭാര്യയും രണ്ട് മക്കളും വലിയ വീടും ഗൾഫിൽ ജോലിയും ഉണ്ട്.
- ആ ശൈലപ്പെണ്ണിനെ
അടിക്കാനായില്ലെങ്കിലും പ്രൈമറി സ്ക്കൂളിൽ ടീച്ചറായപ്പോൾ അവളുടെ മകനെ ഞാൻ
പഠിപ്പിച്ചിട്ടുണ്ട്. ആ കാലത്ത് അമ്മ തന്നത് പലിശസഹിതം മകന് കൊടുത്തിട്ടുണ്ട്???
*********************************************
ചെറിയ ഇടവെളക്കുശേഷം നർമ അനുഭവം ഓർമ്മക്കുറിപ്പ് രൂപത്തിൽ,,,
ReplyDeleteനാടും തെയ്യവും കുപ്പിവളകളും... വീണ്ടും ഈ കാഴ്ചകള്‍ ഓര്‍മ്മിപ്പിച്ചതിന് നന്ദി
ReplyDeleteപണ്ട് ഞാനും ചിന്തിച്ചിട്ടുണ്ട്, ഒരിക്കൽ ഞാനും ഒരു സാറാവുമെന്ന്. എന്നിട്ടുവേണം ഈ തല്ലിനൊക്കെ പകരം വീട്ടാനെന്ന്.. അതുപോലെയായി ടീച്ചറുടെ പകരം വീട്ടൽ. പാവം കുട്ടി....!!
ReplyDeleteGood writing teacher.
ReplyDeleteകുട്ടികള്ക്ക് എവിടെയും നടക്കാം കൈ വിട്ടു
ReplyDeleteപോയാലും കണ്ടു പിടിച്ചു തരാൻ നാട്ടുകാര്
ഉണ്ടായിരുന്നു ..ഇന്നോ ?ഇന്ന് ആര്ക്കും
പരസ്പരം അറിയില്ല....
നല്ല ഓർമ്മകൾ ....
ആകസ്മികം ഈ സമാഗമം. രക്തബന്ധം അങ്ങിനെയാണ്
ReplyDeleteരസകരമായ ഓർമകളും അവതരണവും ...
ReplyDeleteവളരെ രസകരമായ സംഭവം.. ഈ സംഭാഷണശൈലി ഏറെ ഹൃദ്യം..
ReplyDeleteഇത്തവണ വളരെ സന്തോഷമുള്ള ആ കുട്ടിക്കാലക്കാഴ്ച്ചകൾ പറഞ്ഞ് കൊതിപ്പിച്ചു. ഒരിക്കൽ കണ്ണൂരിൽ വരും ടീച്ചറുടെ അടുത്തുള്ള തെയ്യം കാണാൻ . ഞങ്ങൾ തെക്കരല്ലെ പടത്തിലെ ഇതൊക്കെ കണ്ടിട്ടുള്ളു
ReplyDeleteതെയ്യം കാണാൻ പോയപ്പോൾ ഒരു കുഞ്ഞു പീപ്പി.....
ReplyDeleteആ ശൈലപ്പെണ്ണിനെ അടിക്കാനായില്ലെങ്കിലും പ്രൈമറി സ്ക്കൂളിൽ ടീച്ചറായപ്പോൾ അവളുടെ മകനെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ആ കാലത്ത് അമ്മ തന്നത് പലിശസഹിതം മകന് കൊടുത്തിട്ടുണ്ട്???
ReplyDeleteഹഹ...അങ്ങനെ തന്നെ വേണം!!!
നല്ല ഓര്‍മ്മകള്‍ നല്ല അവതരണം ടീച്ചര്‍
ReplyDeleteRasakaram - ee ormmakal.
ReplyDelete“ആ ശൈലപ്പെണ്ണിനെ അടിക്കാനായില്ലെങ്കിലും പ്രൈമറി സ്ക്കൂളിൽ ടീച്ചറായപ്പോൾ അവളുടെ മകനെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ആ കാലത്ത് അമ്മ തന്നത് പലിശസഹിതം മകന് കൊടുത്തിട്ടുണ്ട്?‘
ReplyDeleteനല്ല ഓർമ്മകൾ
പിന്നെ
പകരം വീട്ടാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല അല്ലേ എന്റെ ടീച്ചറെ