നല്ലൊരു
അദ്ധ്യാപിക ആയി മാറിയശേഷം അനേകം ശിഷ്യഗണങ്ങളെ പഠിപ്പിച്ച് അവരുടെ ഭാവിജീവിതം സുരക്ഷിതമാക്കണമെന്ന
ആഗ്രഹം കുട്ടിക്കാലം മുതലേ എനിക്ക് ഉണ്ടായിരുന്നു. അങ്ങനെയാണ് ഹൈസ്ക്കൂൾ അദ്ധ്യാപിക
ആയി മാറാനുള്ള ട്രെയിനിംഗ് കോഴ്സിനു ചേർന്നത്,, അതായത് മഹത്തായ ബി.എഡ് ഡിഗ്രി കോഴ്സ്.
പഠിച്ചുകൊണ്ടിരിക്കെ നമ്മുടെ പരിശീലനകാലം
വന്നു,,, ടീച്ചിംഗ് പ്രാക്റ്റീസ്. അതുവരെ നല്ലകുട്ടികളായി ക്ലാസിലിരുന്ന് അദ്ധ്യാപകർ
പറയുന്നതെല്ലാം അതേപടി കേട്ട് അനുസരണക്കുട്ടപ്പന്മാരായിരുന്ന ഞങ്ങൾ കളംമാറ്റി ചവിട്ടുകയാണ്.
അതയത് ഇനിയുള്ള ഒരുമാസം സമീപത്തുള്ള സ്ക്കൂളുകളിൽ എത്തി അദ്ധ്യാപകവേഷം അണിയുന്നു,,,
അതായത് അദ്ധ്യാപന പരിശീലനത്തിനുള്ള വിദ്യാർത്ഥിവേഷം.
സ്വന്തം നാട്ടിലാണെങ്കിലും പരിചയം തീരെയില്ലാത്ത
ഹൈസ്ക്കൂളിൽ അദ്ധ്യാപിക ആയി ഞാനടക്കം നാലുപേർ എത്തിച്ചേർന്നു. വിദ്യാർത്ഥിയും അദ്ധ്യാപകനും
ഒന്നായി മാറിയ അന്നത്തെ അവസ്ഥയിൽ പഠിപ്പിക്കേണ്ട ക്ലാസ്സിലെ എല്ലാ ശിഷ്യഗണങ്ങളോടും
ഞങ്ങൾ അമിതമായ അടുപ്പം കാണിച്ചിരുന്നു. ചോക്ക്, ഡസ്റ്റർ, ബുക്ക്, ചാർട്ട്, പെൻ, പെൻസിൽ
ആദിയായവയോടൊപ്പം ടീച്ചിംഗ്‌നോട്ട് ചേർത്ത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ് ഞങ്ങളുടെ
അതിമഹത്തായ ടീച്ചിംഗ് പ്രാക്റ്റീസ് കാലം.
അക്കാലത്ത്
അദ്ധ്യാപകവേഷത്തിൽ നമ്മൾ ട്രെയിനീസ് പഠിപ്പിക്കുമ്പോൾ ആനേരത്ത് ക്ലാസ്സിൽ പഠിപ്പിക്കേണ്ട
അദ്ധ്യാപകൻ പലപ്പോഴും ക്ലാസ്സിനു പിന്നിലിരുന്ന് നമ്മളെ നിരീക്ഷിച്ച് ക്ലാസ്സുകൾ വിലയിരുത്തുന്നുണ്ടാവും.
പഠിപ്പിക്കുന്ന നേരത്ത് കുട്ടികളുടെ പിന്നിലിരിക്കുന്ന അദ്ധ്യാപകനെ കാണുമ്പോൾ ആദ്യമൊക്കെ
ഒരു വിറയൽ ഉണ്ടായെങ്കിലും പിന്നീട് അതെല്ലാം ശരിയായപ്പോൾ ഞാനൊരു ജീവശാസ്ത്രം അദ്ധ്യാപികയായി
രൂപാന്തരപ്പെടാൻ തുടങ്ങി.
ഒരുദിവസം,,, എന്റെ ജീവശാസ്ത്രം ക്ലാസ്സ്,,
എല്ലാ തയ്യറെടുപ്പോടെയുമാണ് ക്ലാസ് ആരംഭിച്ചത്,,
കാരണം,,, അന്നാദ്യമായി ക്ലാസ്സ് നിരീക്ഷിച്ച് മാർക്കിടാൻ അതേ സ്ക്കൂളിലെ
ഹെഡ്‌മിസ്ട്രസ് വരുന്നുണ്ട്.
എന്നോടൊപ്പം ക്ലാസിലേക്ക് വന്ന ഹെഡ്‌ടീച്ചറെ കണ്ടപ്പോൾ എട്ടാം
തരത്തിലെ കുട്ടികൾ എട്ടുതരത്തിൽ പറഞ്ഞു,,, ‘ഗുഡ്‌മോർണിംഗ്’.
ഞാൻ പഠിപ്പിക്കേണ്ട
അന്നത്തെ പാഠമാണ്,,, തവള,,, തവളയുടെ ജീവചരിത്രവും ശരീരഘടനയും ചേർത്ത് ദിവസങ്ങൾകൊണ്ട്
പഠിപ്പിച്ചുതീർക്കേണ്ട നാലാം അദ്ധ്യായം. ഇൻഡയറക്റ്റ് മെത്തേഡിൽ ചോദ്യങ്ങൽ ചോദിച്ച്
കുട്ടികളെക്കൊണ്ട് ഉത്തരം പറയിപ്പിക്കുന്നതായിരുന്നു അന്നത്തെ പഠനരീതി. ക്ലാസ് മൊത്തമായി
നിരീക്ഷിച്ചശേഷം അവരോടായി ഞാൻ ചോദിച്ചു,
“കുട്ടികളെ പുതുമഴ പെയ്താൽ വയലിലും പറമ്പിലും വെള്ളം നിറയുമ്പോൾ
രാത്രിനേരത്ത് പാട്ടുപാടുന്നത് ആരാണെന്ന് അറിയാമോ?”
“കുറുക്കൻ”
കുട്ടികളെല്ലാം ഒന്നിച്ച് പറഞ്ഞതുകേട്ട് ഞെട്ടിയ ഞാൻ ചോദ്യരീതിയൊന്ന്
മാറ്റി,
“കുറുക്കൻ ഓരിയിടുകയല്ലെ,, ഇത് വെള്ളത്തിലും കരയിലും ജീവിക്കുന്ന
ചെറിയ ജീവികളാണ്”
“ടീച്ചറെ അത് കൊതുകാണ്”
“കൊതുകൊന്നുമല്ല, ഇത് പാമ്പുകളുടെ ഇഷ്ടഭക്ഷണമാണ്”
“എലി”
“എലിയെക്കൂടാതെ പാമ്പുകൾ ഭക്ഷണമാക്കുന്ന മറ്റൊരു ജന്തുവിന്റെ പേര്
പറഞ്ഞാട്ടെ”
‘ഓന്ത്, പല്ലി, പക്ഷികൾ’ പലതരം ഉത്തരങ്ങൾ കണ്ടെത്തി,,, എന്നിട്ടും
തവളയെ കണ്ടില്ല. ഞാനാകെ വിയർത്തു,, നന്നായി പഠിക്കുന്ന ഇന്നലെവരെ മണിമണിയായി ഉത്തരം
പറഞ്ഞ പിള്ളേരാണ്,, ഇവർക്കെന്ത് പറ്റി? എന്റെ വെപ്രാളം കണ്ടിട്ടാവണം ഹെഡ്‌ടീച്ചറുടെ
മുഖമാകെ കറുത്തു.
“നമ്മുടെ ചുറ്റുപാടും മഴപെയ്ത് വെള്ളംനിറയുമ്പോൾ ‘പേക്രോം പോക്രോം’
എന്ന് ശബ്ദമുണ്ടാക്കിയിട്ട് മുറ്റത്തും പറമ്പിലുമായി ചാടിച്ചാടി സഞ്ചരിക്കുന്ന ചെറിയജീവിയില്ലെ,
ഏതാണ് ആ ജീവി?”
ഒന്നും മനസ്സിലാവാത്ത മട്ടിൽ അന്തംവിട്ടിരിക്കുകയാണ് കുട്ടികളെല്ലാം.
എന്റെ ദയനീയമായ അവസ്ഥയിൽ സഹായിക്കണമെന്ന് തോന്നിയിട്ടാവണം മൂന്നാം ബെഞ്ചിലിരിക്കുന്ന
ഒരു കുട്ടി എഴുന്നേറ്റു,
“ടീച്ചർ അത് മുയലാണ്”
ഞാനാകെ ഞെട്ടി,, ഈ പിള്ളേർക്കെന്ത് പറ്റി? ആ നേരത്താണ്
അത് സംഭവിച്ചത്, ക്ലാസ്സിലെ പിൻബെഞ്ചിൽ വിദ്യാർത്ഥികളോടൊപ്പം ഇരിക്കുന്ന നമ്മുടെ ഹെഡ്‌മിസ്ട്രസ്
എഴുന്നേട്ട് വെളിയിലേക്കൊരു നടത്തം. പോകുന്ന പോക്കിൽ എനിക്കുനേരെയുള്ള അവരുടെ നോട്ടം
കണ്ടപ്പോൾ ഞാനാകെ ഭയന്നു,,, അല്ല, ഇതിനുമാത്രം എന്താണ് സംഭവിച്ചത്? പിള്ളേർ ഉത്തരം
പറയാഞ്ഞതിന് ഞാനാണോ ഉത്തരവാദി?
പെട്ടെന്ന് പുകഞ്ഞുപൊങ്ങിയ ദേഷ്യം കുട്ടികളോടായി,
“നിങ്ങളൊക്കെ എന്തുപണിയാണ് ചെയ്തത്? ഇങ്ങനെ പോയാൽ എനിക്ക് മാർക്ക്
കിട്ടുമോ? വെള്ളത്തിലും കരയിലും ജീവിക്കുന്ന എപ്പോഴും പാമ്പിനെ പേടിച്ച് കഴിയുന്ന ജന്തുവിനെ
അറിയില്ലെ?’
“ടീച്ചറെ നമ്മൾ ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും ടീച്ചറുടെ മാർക്ക്
കുറയും”
“അതെങ്ങനെ?”
“നമ്മൾ ഉത്തരം പറയാത്തതുകൊണ്ട് ടീച്ചർക്ക് പൂജ്യം മാർക്ക് ആയിരിക്കും,
ഉത്തരം പറഞ്ഞിരുന്നെങ്കിൽ ടീച്ചറുടെ മാർക്ക് അതിലും കുറയും”
“പൂജ്യത്തിലും കുറയാനോ, അതെങ്ങനെ?”
“ശരിക്കും കുറയും,, കാരണം, നമ്മുടെ ഹെഡ്‌ടീച്ചറുടെ ഇരട്ടപ്പേരാണ്,,,
തവള”
**************************************************
വളഞ്ഞ വഴികളിലൂടെ നടക്കാം,,ചിരിക്കാം,,,
ReplyDeleteHehehe... ക്ളൈമാക്സ് കലക്കി.
ReplyDeleteതവളവിഷയം വരുത്തിയ പുലിവാല്!
ReplyDeleteആശംസകള്‍ ടീച്ചര്‍
kalakki..
ReplyDeleteകാച്ചിക്കുറുക്കിയ നർമ്മം.കുറിപ്പ് ഇഷ്ടമായി ടീച്ചറെ..ആശംസകൾ
ReplyDeleteകാച്ചിക്കുറുക്കിയ നർമ്മം.കുറിപ്പ് ഇഷ്ടമായി ടീച്ചറെ..ആശംസകൾ
ReplyDelete