7.4.17

ഉരലും ഉലക്കയും അയൽക്കാരിയും

            
         ഉച്ചകഴിഞ്ഞനേരത്ത് ചട്ടിയും കലവും ഉരച്ചുകഴുകി വെയിലത്ത് ഉണക്കാൻ വെച്ച് നിവർന്നു നോക്കിയപ്പോഴാണ് കാർത്ത്യായെനിയെ കണ്ടത്. കാർത്ത്യായെനി ആരാണെന്നോ? നമ്മുടെ അയൽ‌വാസിനിയാണ്,,, വിദ്യാഭ്യാസം തീരെയില്ലെങ്കിലും വിവരമുള്ളവൾ, ഒരുകലം ചോറ് ഒറ്റയിരിപ്പിന് തിന്നുന്നവൾ,,
മുറ്റത്ത് നിൽക്കുന്ന കാർത്ത്യായെനിയോട് അമ്മ ചോദിച്ചു,
“എന്തിനാ കാർത്തീ നട്ടുച്ചക്ക് വന്നത്? നീ ചോറ് ബെയിച്ചൊ?”
“ചോറെല്ലാം എപ്പളേ അകത്താക്കി,,”
“പിന്നെ നീയെന്തിനാ വന്നത്?”
“ഒലക്ക”
“ഒലക്കയെന്നോ? നിനക്കെന്നോട് എന്തും പറയാമെന്നായോ?”
“ഏടത്തീ ഞാൻ വന്നത് ഇവിടത്തെ ഒലക്കക്കാണ്; ഒലക്ക മാത്രമല്ല ഒരലും വേണം. കൊറച്ച് നെല്ല് കുത്താനുണ്ട്”
“അതിപ്പം നീ ഒറ്റക്ക് തലയില് വെച്ച് കൊണ്ടുപോവ്വോ?”
“അതൊക്കെ ഞാനെടുത്ത് കൊണ്ടുപോകാം. ഒലക്ക കൈയിൽ പിടിച്ചോളും”
“എന്നാല് ഒരല് പൊന്തിച്ച് തലയിൽ വെച്ചുതരാൻ മക്കളെ ആരെയെങ്കിലും വിളിക്കട്ടെ. എനിക്കാണെങ്കിൽ അത് നിലത്തിന്ന് ഉരുട്ടാനല്ലാതെ പൊന്തിച്ച് തലേൽ വെച്ചുതരാനാവില്ല”
                 അടുക്കളയുടെ മൂലയിൽ അമ്മ കാണിച്ചുകൊടുത്ത ഉരല് കാർത്ത്യായെനി ഉരുട്ടി വരാന്തയിൽ കൊണ്ടുവെച്ച് പൊടിയൊക്കെ തുടച്ചുമാറ്റി. ഒപ്പം ഉലക്കയെടുത്ത് അവൾക്ക് നൽകിയിട്ട് അമ്മ പറഞ്ഞു,
“നിനക്ക് ഒരലെടുത്ത് തലയിൽ വെക്കാൻ ഒറ്റക്ക് കഴിയില്ലല്ലൊ. അത് പിടിച്ചുയർത്താൻ മക്കളെ ആരെയെങ്കിലും വിളിക്കട്ടെ. അതുവരെ നീയിവിടെ ഇരിക്ക്”

                അമ്മ നേരെ പോയത് വരാന്തയിലിരുന്ന് റേഡിയോ വാർത്ത കേട്ടുകൊണ്ടിരിക്കുന്ന മൂത്ത മകനെ വിളിക്കാനാണ്,
“മോനേ അപ്രത്തെ കാർത്തിക്ക് നമ്മളെ ഒരല് വേണം‌‌പോലും. ഓള് തലയിൽ‌വെച്ച് കൊണ്ടുപോകും. അതൊന്ന് പൊന്തിച്ച് തലയില് വെക്കാൻ നീയൊന്ന് സഹായിച്ചാട്ടെ”
“അയ്യൊ അമ്മെ, കാർത്തിയേച്ചിയുടെ തലയില് ഉരല് വെക്കുമ്പം അവരെന്നെ നോക്കും. അതുകൊണ്ട് ഞാനില്ല”
               കൂടുതലൊന്നും പറയാതെ അമ്മ അകത്തേക്ക് പോയി; ചെറുപ്പക്കാരനായ മകനെയെങ്ങാനും കാർത്തി വലവീശി പിടിച്ചാലോ? അവളെക്കുറിച്ച് പലതും പറഞ്ഞുകേട്ടതാണ്.
അകത്തുവന്നപ്പോൾ കണ്ടത് പത്തായപുരയിലിരുന്ന് പഠിക്കുന്ന ഇളയ മകളെയാണ്, അതായത് എന്റെ അനുജത്തി. അമ്മ അവളോട് കാര്യം പറഞ്ഞു,
“മോളേ നീയൊന്നാ ഒരലു പിടിച്ച് ആ കാർത്തീന്റെ തലയില് വെച്ചുകൊടുത്താട്ടെ. അവളത് ഒറ്റക്ക് കൊണ്ടോവും എന്നാണ് പറയുന്നത്”
            അമ്മ പറയുന്നതുകേട്ട് അനുജത്തിയാകെ അമ്പരന്നു,, ഇത്രേം വലിയ കാർത്തീന്റെ തലയിൽ ഇത്രക്ക് ചെറിയവൾ ഉരലെടുത്ത് വെക്കാനോ? ഈ അമ്മക്കെന്ത് പറ്റീ!
“അയ്യോ എനിക്ക് ഒരലെടുത്ത് അനക്കാൻ പറ്റുമോ? അമ്മയെന്താ ഒന്നും അറിയാത്തതുപോലെ”               
                  അക്കാര്യം അമ്മ ഇപ്പോഴാണ് ഓർത്തത്, ഉരലെങ്ങാനും വീണിട്ട് മകളുടെ കാല് മുറിഞ്ഞാലോ? അവർ നേരെ ഇളയ മകന്റെ അടുത്തുവന്നു,
“മോനേ നീയൊന്ന് അടുക്കളപ്പൊറത്ത് വന്നിട്ട് ആ കാർത്തീന്റെ തലയിൽ ഒരല് വെക്കാൻ സഹായിച്ചാട്ടെ. അവൾക്കത് വേണം പോലും”
“നാളെ എനിക്ക് പരീക്ഷയാ,, അതിനെടയിലാ അമ്മേടെ ഒരലും ഒലക്കയും”

             പിന്നെയവിടെ നിന്നില്ല, നേരെ കോണികയറി മുകളിലെ മുറിയിൽ വന്നിട്ട് പഠനസഹായി വായിച്ചുപഠിക്കുന്ന എന്നോട് പറഞ്ഞു,
“അവരോടെല്ലാം പറഞ്ഞിട്ട് സഹായിക്കുന്നില്ല. ഒരല് പിടിക്കാൻ നീയൊന്ന് സഹായിച്ചാട്ടെ”
“ഒരല് പിടിക്കാനോ? അതിപ്പം എനിക്ക് പൊന്തുമോ?”
“നീ പൊന്തിക്കേണ്ട, കാർത്തി ഒരലെടുത്ത് തലേല് വെക്കുമ്പം നീയൊന്ന് കൈകൊടുത്താൽ മതി”
“അങ്ങനെ മതിയോ,, അവര് വന്നിട്ടുണ്ടോ?”
പുസ്തകം അടച്ചുവെച്ച് എഴുന്നേറ്റ ഞാനും അമ്മയും കോണിയിറങ്ങി താഴെവന്ന് വരാന്തയിലെത്തി. അവിടെ നോക്കിയപ്പോൾ കാർത്ത്യായെനി ഇല്ല, ഉരലും ഉലക്കയും ഇല്ല.
“അമ്മെ കാർത്തിയേടത്തിയെ കാണുന്നില്ലല്ലൊ”
“അവളിവിടെ ഉണ്ടായിരുന്നല്ലൊ,, ഇത്ര പെട്ടെന്നെവിടെയാ പോയത്?”
“അമ്മെടെ കാർത്തിയതാ ഉരലും തലയിലെടുത്ത് പോകുന്നു,,,”
ഇടതുകൈയിൽ ഉലക്കയും തലയിൽ ഉരലുമായ് ഇടവഴിയിലൂടെ നടന്നുപോകുന്ന കാർത്ത്യായെനിയെ നോക്കിയിരിക്കെ അമ്മ തലയിൽ കൈവെച്ചിട്ട് പറഞ്ഞു,

“എന്നാലുമെന്റെ കാർത്തിയെ നീയൊരു ഒന്നൊന്നര കാർത്ത്യാനി തന്നെ” 

2 comments:

  1. ഹഹഹ കാര്‍ത്ത്യായനി മിടുക്കിയാണ്...

    ReplyDelete
  2. അത് പണ്ട്
    ഇപ്പൊഴത്തെ കാർത്തു പത്തെണ്ണം കൂടിയാലും ഒരു ഉരൽ പൊക്കുമൊ?

    അതിരിക്കട്ടെ കല്ലുരൽ ആണൊ മരം കൊണ്ടുള്ള ഉരൽ ആണോ?

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!