വൈകുന്നേരം ആയപ്പോൾ മുന്നിലുള്ള
വലിയവീടിന്റെ പിറകുവശത്ത് വർക്ക് ഏറിയയിലെ വാഷ്‌ബെയ്‌സിന്റെ സമീപത്തുകൂടി
അടുക്കളയിൽ ഒളിച്ചുകടന്നത് വർദ്ധിച്ച ആശങ്കയോടെയാണ്. ഒരു വീടിന്റെ അടുക്കളക്ക് ഇത്രയും
വലിപ്പം ഉണ്ടായിരിക്കുമെന്ന് ഇതുവരെ ഞാൻ വിചാരിച്ചിച്ചിരുന്നില്ല. എന്തൊക്കെ
കാഴ്ചകളാണെന്നോ അവിടെയുള്ളത്! ചുറ്റുപാടും നോക്കിയപ്പോൾ അതാ സുന്ദരിയായൊരു പെൺകുട്ടി
അലമാര പോലുള്ള വലിയൊരു ഫ്രിഡ്ജിന്റെ മുന്നിൽ,,, അവളത് തുറന്നിട്ട് അകത്തുനിന്നും എന്തോ
എടുക്കുന്നതിനിടയിൽ എന്നെ കാണാനിടയില്ല. വീട്ടിൽ മറ്റാരും ഇല്ലാത്ത ഈ നേരത്ത്
ഒച്ചവെക്കാതെയാ മാദകസുന്ദരിയെ സമീപിക്കണം. സ്പർശിക്കുന്നതിനു മുൻപ് അവളുടെ
നിറഞ്ഞുതുളുമ്പുന്ന സൌന്ദര്യം ദർശനത്തിലൂടെ ഞാനൊന്ന് ആസ്വദിക്കട്ടെ,,,
ചുവന്ന ചുണ്ടുകളും മിന്നുന്ന കവിളിണകളും
ചേർന്ന് വെളുത്തുതിളങ്ങുന്ന മുഖത്തിന് അലങ്കാരമായി വലതുവശത്ത് ചെറിയൊരു മറുക്
കാണാം. ചുരുണ്ട മുടിയിഴകൾ ഇളകിയാടുന്ന നെറ്റിത്തടവും നീണ്ടുവളഞ്ഞ നാസികയും
താഴോട്ട് ഇറങ്ങുന്ന താടിയും ഇടതുകവിളിലെ നുണക്കുഴിയും നോക്കിയിരുന്നാൽ
ആർക്കുമൊന്ന് ഉമ്മവെക്കാൻ തോന്നും. അടുക്കളയിൽ ഒളിച്ചു കടന്നതും അതിനു
തന്നെയാണല്ലൊ. നൈറ്റിയുടെ സിബ് പകുതിമാത്രം ഉയർത്തിയതുകൊണ്ട് അതിനുള്ളിൽനിന്നും
ഉയർന്നുപൊന്തുന്ന മാദകസൌന്ദര്യം നോക്കിയിരിക്കെ പതുക്കെ മുന്നോട്ടേക്ക് നീങ്ങി. അവളറിയാതെ
പിന്നിലൂടെ വന്ന് അമർത്തിപ്പിടിച്ചിട്ട് ആ മാറിലൊരു ഉമ്മ കൊടുക്കണം.
ശോ,,
ഫ്രിഡ്ജിൽനിന്നും എടുത്ത
പൈനാപ്പിളുമായി അവൾ നടന്നല്ലോ,, ഇപ്പോൾ നേരിയ നൈറ്റിയുടെ ഉള്ളിലൂടെ കാണുന്ന അവളുടെ
തടിച്ച നിതംബങ്ങൾക്കും നീണ്ടുരുണ്ട കാലുകൾക്കും എന്തൊരു ഭംഗിയാണ്! ഓടിപ്പോയിട്ട്
അവിടെയൊന്ന് തൊടാൻ തോന്നിയെങ്കിലും ആഗ്രഹം ഉള്ളിലൊതുക്കി. സൂക്ഷിച്ചില്ലെങ്കിൽ
തടികേടാവും. പൈനാപ്പിൾ മേശപ്പുറത്ത് വെച്ചശേഷം ഗ്യാസ് സ്റ്റൌ
തുറന്നുകത്തിച്ചിട്ട് ഒരുപാത്രം വെള്ളം അടുപ്പത്തുവെച്ച് ചുറ്റുപാടും
നിരീക്ഷിക്കുന്ന സുന്ദരിയെ വാതിലിനു പിന്നിൽ നിന്നുകൊണ്ട് ഒളിഞ്ഞുനോക്കുന്നതാണ്
സ്വന്തം ആരോഗ്യത്തിനു നല്ലത്. പക്ഷെ?,,
അങ്ങിനെയങ്ങ് അടങ്ങിയിരിക്കാൻ
തോന്നുന്നില്ലല്ലൊ.
ഒളിഞ്ഞുനിന്ന് സൌന്ദര്യം
ആസ്വദിച്ചുകൊണ്ടൊരിക്കെ കൊതിയടക്കാൻ പറ്റാതായി. അവളിപ്പോൾ അങ്ങോട്ടും
ഇങ്ങോട്ടുമായി അടുക്കളയിലൂടെ നടക്കുകയാണ്. ഒട്ടും ശബ്ദമില്ലാതെ അവളുടെ സമീപമെത്താൻ
പലതവണ ശ്രമിച്ചു. ഓരോ തവണയും അവൾ തിരിഞ്ഞു നടന്നുകളഞ്ഞു. കെട്ടിപ്പിടിച്ചൊരു ആലിംഗനം
എല്ലാ പെൺകുട്ടികളും ഇഷ്ടപ്പെടുമെന്ന്
പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെ ആദ്യമായി ഒരു പെണ്ണിനെ സ്പർശിക്കാൻ ശ്രമിച്ചിട്ട്,,
ഇവളെന്താ ഇങ്ങനെ? ഈ അവസ്ഥയാണെങ്കിൽ പട്ടിണികിടന്ന് മരിച്ചു പോവുകയേ ഉള്ളൂ,,,
എന്റെ സങ്കടം ആരോട് പറയാനാണ്?,,,
പെൺകുട്ടികൾ പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവരാണല്ലൊ,,
ഇനി അങ്ങനെയൊന്ന് ശ്രമിച്ചുനോക്കാം. ഒളിച്ചിരുന്നിട്ടൊരു കാര്യവുമില്ല. ഫ്രിഡ്ജിൽ
നിന്നും എടുത്ത പൈനാപ്പിൾ മുറിക്കുകയാണവൾ,, മൂളിപ്പാട്ടുമായി അവളുടെ പിന്നിലേക്ക്
നടന്നു,,,
‘പൈനാപ്പിൾ പോലൊരു പെണ്ണ്,
പൈനാപ്പിൾ മുറിക്കുന്ന
പെണ്ണ്’
പൈനാപ്പിളിന്റെ തൊലി കളയുന്നതിനിടയിൽ പാട്ട് കേട്ടില്ലെന്ന്
തോന്നുന്നു. നൈറ്റി ഇല്ലാത്ത ശരീരഭാഗം കണ്ടെത്തിയിട്ട് അവൾ അറിയുന്നതിനു മുൻപ്
അമർത്തിപ്പിടിച്ച് ചുംബനം നൽകണം. എന്നെ ഒഴിവാക്കാനുള്ള പരാക്രമങ്ങളൊക്കെ
കാണിക്കുമെങ്കിലും കാര്യം നടത്തണം. ഈ ക്രൂരകൃത്യം ചെയ്തത് ആരാണെന്ന്
കണ്ടുപിടിക്കുന്നതിനു മുൻപെ സ്ഥലം വിടണം. പിന്നെയിങ്ങോട്ട് തിരിഞ്ഞുനോക്കരുത്,,,
കറുത്തിരുണ്ട് സുന്ദരമായ മുടിയിഴകളെ അവൾ
ഒതുക്കിമാറ്റിയപ്പോൾ ഇടതുചെവിയിൽ അണിഞ്ഞ ജിമിക്കികമ്മലിനു സമീപം നഗ്നമായ കഴുത്ത്
കാണാൻ കഴിഞ്ഞതോടെ ദേഹമാകെ വിറയൽ ആരംഭിച്ചു. നേരെ അങ്ങോട്ടുപോയി തടവിയിട്ട്
ഉമ്മവെച്ചത് തൊലികളഞ്ഞ പൈനാപ്പിൾ മുറിക്കുന്നതിനിടയിൽ അവളൊട്ടും അറിഞ്ഞില്ല.
ഒട്ടും വേദനിപ്പിക്കാതെ പല്ലുതാഴ്ത്തി കടിച്ചശേഷം ഒരുതുള്ളി രക്തം
വലിച്ചുകുടിച്ചു. ഹോ,, എന്തൊരു രുചിയാണ്!! വിശപ്പും ദാഹവും മാറി,,,
ഇന്നെനിക്ക് ഇത്രയും മതി,,
*******
മഴക്കാലം വരട്ടെ,, ബാക്കി അപ്പോൾ പറയാം,,,
ReplyDelete