19.12.09

കല്ല്യാണ വിശേഷം


         
               അവർ വിവാഹിതരായാ
                        സർക്കാർ ജീവനക്കാരുടെ യാത്രയയപ്പ് യോഗങ്ങളിൽ സഹപ്രവർത്തകർ പറയുന്ന ഒരു പൊതുവാചകം ഉണ്ട്; “നമ്മുടെ ഇടയിൽ‌നിന്നും പിരിഞ്ഞ്‌പോകുന്ന ഈ ഇരിക്കുന്ന വ്യക്തിക്ക് ഇനിയങ്ങോട്ട് ഒരു നല്ല വിശ്രമജീവിതം ആശംസിക്കുന്നു”. ഇത് കേട്ടാൽ തോന്നുക ‘ഇത്രയും കാലം ആ ഇരിക്കുന്നവൻ സർക്കാറിനെ സേവിക്കാൻ ഓടിയോടി ഫ്യൂസ് അടിച്ചുപോകുന്ന അവസ്ഥയിൽ ആയിരിക്കും’ എന്നാണ്. മര്യാദക്ക് ഒരു ജോലിയും ചെയ്യാത്ത, ആ ഇരിക്കുന്നവന്റെ(അവളുടെ) ഉപദ്രവംകൊണ്ട്, എത്രയും‌പെട്ടെന്ന് ഓടിച്ചാൽമതി എന്ന് ഉള്ളിൽ തോന്നാം. എങ്കിലും പുറത്ത് പറയുന്നത് മറ്റൊരു തരത്തിലായിരിക്കും; “അദ്ദേഹം പിരിഞ്ഞുപോകുന്നത് നമ്മുടെ സ്ഥാപനത്തിന് ഒരു തീരാനഷ്ടം തന്നെയാണ്”.

                       എന്നാൽ ഇന്ന് കാലം മാറി, കഥ മാറി. ഇപ്പോൾ യാത്രയയപ്പ് യോഗങ്ങളിലെ പ്രസംഗം മറ്റൊരു രീതിയിലാണ്. “നമ്മുടെയിടയിൽ നിന്നും വിരമിക്കുന്ന ഈ മഹാന്, ഇനിയങ്ങോട്ട് ഒരിക്കലും വിശ്രമമില്ലാത്ത ജീവിതം ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു”. ഇത് കേട്ടാൽ‌തോന്നുക, വിരമിക്കുന്നവനോട് സഹപ്രവർത്തകർ  വ്യക്തിവിരോധം തീർക്കുന്നു എന്നായിരിക്കും. എന്നാൽ വിരമിക്കുന്ന ആളോടുള്ള സ്നേഹം‌കൊണ്ട്, സർക്കാർ ജീവനക്കാർ സ്വയം അറിഞ്ഞാണ് പ്രസംഗശൈലിയിൽ ഇങ്ങനെയൊരു മാറ്റം വരുത്തിയത്.


                         മാസാമാസം പെൻഷൻ വാങ്ങി ഒരു ജോലിയും ചെയ്യാതെ വിശ്രമിക്കുന്ന ആൾ, കാലനെ പെട്ടെന്ന് വിളിച്ചുവരുത്തുകയാണെന്ന് മനുഷ്യന് മനസ്സിലായിതുടങ്ങി.. അത് കൊണ്ടാണ് ‘പ്രായം കൂടുംതോറും വിശ്രമം കുറയ്ക്കണം’ എന്ന് യാത്രയയപ്പ് സമയത്ത് മുന്നറിയിപ്പ് നൽകുന്നത് 
                     
                        സ്ത്രീകൾ റിട്ടയർ ചെയ്യുന്നതും കാത്ത്, അടുക്കളയുടെ ലോകം അവർക്കായി തുറന്നു‌കിടപ്പുണ്ട്; എന്നാൽ ആണുങ്ങൾ എന്ത് ചെയ്യും? ജീവിതത്തിൽ ഒരിക്കലും അടുക്കള കാണാത്ത കേരള സർക്കാർ ജീവനക്കാരൻ ‘ഏപ്രിൽ ഒന്ന്’ മുതൽ അടുക്കളയിൽ കടന്നാൽ പലതും സംഭവിക്കാം. വേലക്കാരിയുള്ള അടുക്കളയാണെങ്കിൽ പ്രശ്നം ഗുരുതരം ആയിരിക്കും.  ഒരു ഡൈവോർസ് വക്കീലിനെ മുൻ‌കൂട്ടി കണ്ടതിനു ശേഷം പെൻ‌ഷൻ പറ്റിയ ഗൃഹനാഥൻ ആദ്യമായി അടുക്കളയിൽ കടന്നാൽ മതി.


                        നമ്മുടെ നാട്ടിലെ ‘രാമചന്ദ്രൻ മാസ്റ്റർ’ നാടിനെയും നാട്ടുകാരെയും മാത്രമല്ല; വീടിനെയും വീട്ടുകാരെയും നേരാംവണ്ണം കാണുന്നതും അറിയുന്നതും പെൻഷൻ ആയതിനു ശേഷമാണ്. ഇപ്പോൾ അദ്ദേഹം സാധാരണക്കാരായ ജനങ്ങളോടൊപ്പമാണ്. അയൽ‌വാസികളായ ചെറുപ്പക്കാരുടെ പേരുകൾ ആദ്യമായി അദ്ദേഹം പഠിക്കാൻ തുടങ്ങി. രാഷ്ട്രീയം ഉണ്ടെങ്കിലും ന്യൂട്രൽ നിലപാട് ആയതിനാൽ പഞ്ചായത്ത് യോഗങ്ങളിലും നാട്ടിലുള്ള കലാസാംസ്കാരിക പരിപാടികളിലും മാസ്റ്ററുടെ സ്ഥാനം സ്റ്റേജിലാണ്. ഇപ്പോൾ കല്ല്യാണവീടുകളിലും മരണവീടുകളിലും സ്ഥിരസന്ദർശകനായിത്തീർന്ന രാമചന്ദ്രൻ മാസ്റ്റർ സ്ഥലത്തെ പ്രധാന മാന്യനായി വളർന്ന് പന്തലിച്ചിരിക്കയാണ്.

                         ശമ്പളക്കാലത്ത് ഇല്ലാത്ത ആരോഗ്യവും സൌന്ദര്യവും പെൻഷൻ‌കാലത്ത് അദ്ദേഹത്തെ വലയം‌ചെയ്തിരിക്കയാണ്. തലമുടി കുറഞ്ഞെങ്കിലും കുടവയർ കൂടിയിരിക്കുന്നു. മുടിക്ക് കറുപ്പ്നിറം കുറഞ്ഞെങ്കിലും വെളുപ്പ്നിറം കൂടിയിട്ടുണ്ട്. കല്ല്യാണ സീസൺ ആയതോടെ ശരീരഭാരം സ്വർണ്ണവിലപോലെ മേലോട്ട് ഉയരുകയാണ്.


                        കല്ല്യാണത്തിന് ക്ഷണിക്കുന്നത് ബന്ധുക്കളായാലും നാട്ടുകാരായാലും സുഹൃത്തുക്കളായാലും രാമചന്ദ്രൻ മാസ്റ്റർ പങ്കെടുക്കും. അങ്ങനെ പോകുന്നതും ഭക്ഷണംകഴിക്കുന്നതും വരുന്നതും ഒറ്റയ്ക്ക് ആയിരിക്കും. താലികെട്ട് പൂർണ്ണമാവുന്നതിന് മുൻപ് ഇലവെക്കുന്നിടത്ത് മാസ്റ്റർ ഹാജരായിരിക്കും. പിന്നെ കല്ല്യാണചെക്കനെയും പെണ്ണിനെയും നേരാംവണ്ണം നോക്കിയില്ലെങ്കിലും കല്ല്യാണസദ്യ നന്നായി ആസ്വദിക്കും.

                          അങ്ങനെ ഒരു ഞായറാഴ്ച നല്ല ദിവസം രാമചന്ദ്രൻ മാസ്റ്റർ നാട്ടുകാരനായ കൃഷ്ണകുമാറിന്റെ മകളുടെ കല്ല്യാണത്തിനായി വീട്ടിൽനിന്നും ഒരുങ്ങിയിറങ്ങി. കല്ല്യാണം നടക്കുന്നത് ടൌണിലെ ഓഡിറ്റോറിയത്തിൽ വെച്ചായതിനാൽ മുഹൂർത്തസമയത്ത് അവിടെ എത്തിച്ചേരാനാണ് ക്ഷണിച്ചത്. അര മണിക്കൂർ ബസ്‌യാത്ര ചെയ്തശേഷം അഞ്ച്മിനുട്ട് നടന്ന് ഓഡിറ്റോറിയത്തിൽ എത്താം.

                           ബസ്സിൽ നല്ല തിരക്കുണ്ടെങ്കിലും പരിചയക്കാരനായ രമേശൻ ഉള്ളതുകൊണ്ട് ഇരിപ്പിടം കിട്ടി. സർക്കാർ ഓഫീസ് ജീവനക്കാരനായ അവനെ, സർവീസിലിരിക്കുന്ന സുവർണ്ണകാലത്ത്‌തന്നെ പരിചയം ഉള്ളതാണ്. വളരെനാളുകൾക്ക് ശേഷം അവനെ ഇപ്പോഴാണ് കാണുന്നത്. റിട്ടയേർഡ് ജീവിതത്തെപറ്റി തിരക്കിയശേഷം രമേശൻ ചോദിച്ചു,
“മാഷ് എങ്ങോട്ടാണ് യാത്ര?”
“ഇപ്പോഴാണ് നാട്ടിലെ കല്ല്യാണത്തിനൊക്കെ മനസമാധാനത്തോടെ ഒന്ന് പങ്കെടുക്കാൻ കഴിയുന്നത്. ഒരു പരിചയക്കാരന്റെ മകളുടെ കല്ല്യാണമാ; ദിനേശ് ഓഡിറ്റോറിയത്തിൽ, നീയെങ്ങോട്ടാ?”
“ഞാനും കല്ല്യാണത്തിനാ ദിനേശ് ഓഡിറ്റോറിയത്തിൽ; എന്റെ ഓഫീസിലെ സഹപ്രവർത്തകൻ ജോഷി ഫ്രാൻസിസ്‌ന്റെ കല്ല്യാണമാ”
“അപ്പോൾ നമ്മൾ രണ്ടാളും ഒരേ കല്ല്യാണത്തിനാണല്ലൊ; അല്ല,, അത് ശരിയാവില്ലല്ലൊ, ഞാൻ പോകുന്നത് കൃഷ്ണകുമാറിന്റെ മകളുടെ കല്ല്യാണമാ. അപ്പൊഴെങ്ങനയാ ഒരു കൃസ്ത്യാനിയുടെ വിവാഹം കൂടി നടക്കുന്നത്? അത് പള്ളിയിൽ വെച്ചല്ലെ നടക്കുക”
;അദ്ധ്യാപകരുടെ ജന്മസ്വഭാവമായ സംശയം രാമചന്ദ്രൻ മാസ്റ്ററുടെ തലയിൽ കയറി.
“അത് അവരുടെ പള്ളിയിലെ ചടങ്ങ് ഇന്നലെ കഴിഞ്ഞിരിക്കാം. ഇന്ന് ഓഡിറ്റോറിയത്തിലാണ് എല്ലാവരെയും ക്ഷണിച്ചത്”
“അപ്പോൾ അതെങ്ങനാ? ചിലപ്പോൾ തിരക്ക് കാരണം, രണ്ട് കല്ല്യാണം ഒരേ ദിവസം ഒരേ മണ്ഡപത്തിൽ വെച്ചായിരിക്കും”
മാസ്റ്ററുടെ പരിഹാസം രമേശന് അത്ര പിടിച്ചില്ല.

                           ബസിൽനിന്നും ഇറങ്ങി നടക്കുമ്പോൾ മാസ്റ്ററുടെ ഉള്ളിൽ ചിരി വന്നു; ‘ഇവനൊരു മണ്ടൻ‌തന്നെ, കൃസ്ത്യാനികൾക്ക് പള്ളിയിലല്ലാതെ കല്ല്യാണം നടക്കുമോ? ഏത് ജാതിയിലെ കല്ല്യാണമായാലും ഒരു നേരത്തെ ചോറ് കിട്ടുമല്ലൊ, അതിനിങ്ങനെ കള്ളം പറയണോ?’.
                           രമേശൻ ചിന്തിച്ചത് മറ്റൊന്നാണ്; ഈ മാഷന്മാരുടെ ചിന്ത ഇപ്പോഴും പഴഞ്ചനാ, നാടും നാട്ടാരും മാറിയത് അങ്ങേർക്കറിയാമോ? റിട്ടയർ ചെയ്താൽ പിന്നെ ഉള്ള വിവരവും ഇല്ലാതാകും. കല്ല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പേര് നേരാം‌വണ്ണം കേട്ടിരിക്കില്ല. കൃസ്ത്യാനിക്കെന്താ ഓഡിറ്റോറിയത്ത്ല്‌ കല്ല്യാണം നടത്തിക്കൂടെ?’.

                           എന്നാൽ ഓഡിറ്റോറിയത്തിന്റെ ഗെയ്റ്റ് കടന്നപ്പോൾ രണ്ട്‌പേർക്കും ഒരേ സംശയമാണ് തോന്നിയത്; ‘അവിടെ രണ്ട് കല്ല്യാണം നടക്കുന്നുണ്ടോ?’ അകത്തും പുറത്തും റോഡിലുമായി നിറഞ്ഞുകവിഞ്ഞ ജനസമുദ്രത്തിനിടയിൽ കുടുങ്ങിയ വാഹനവ്യൂഹങ്ങൾ.

                           അകത്തേക്ക് പ്രവേശിക്കുന്ന രാമചന്ദ്രൻ മാസ്റ്ററെ പെണ്ണിന്റെ അച്ഛനായ കൃഷ്ണകുമാർ വന്ന് സ്വീകരിച്ചു. അതുവരെ കൂടെവന്ന് കള്ളം പറഞ്ഞവനെഒന്ന് കാണണമല്ലൊ; തിരിഞ്ഞുനോക്കിയപ്പോൾ ചുമരിലെ ഫ്ലക്സ് ഷീറ്റിൽ തിളങ്ങുന്ന വധൂവരന്മാരുടെ ഫോട്ടോ നോക്കി രമേശൻ വായപൊളിച്ച് നിൽ‌പ്പാണ്.

രമേശന്റെ ചുമലിൽ കൈവെച്ച് മാസ്റ്റർ പറഞ്ഞു,
“നീ പറയുന്ന സഹപ്രവർത്തകന്റെ കല്ല്യാണം മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലായിരിക്കും ; ഏതായാലും ഇവിടെ വന്നത്‌കൊണ്ട് ഭക്ഷണം കഴിച്ച് സ്ഥലം വിടാം. ആരും അറിയില്ല”
                           രമേശൻ ഒന്നും പറയാതെ ഫ്ലക്സിൽ പതിഞ്ഞ ഫോട്ടോ ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ മാസ്റ്റർ ഫോട്ടോ നോക്കിയ ശേഷം കൂടെയുള്ള അക്ഷരങ്ങൾ വായിച്ചു, “Wedding, ആതിര കൃഷ്ണകുമാർ & ജോഷി ഫ്രാൻസിസ്”
                           അങ്ങനെ രാമചന്ദ്രൻ മാസ്റ്ററും രമേശനും ഒന്നിച്ച് ആ വലിയ ഹാളിനകത്തേക്ക് കടന്നു. 

15 comments:

 1. ഇതിനാണോ ലവ്‌ ജിഹാദ്‌, ലവ്‌ ജിഹാദ്‌ ന്ന് പറേണത്‌ !!

  അയ്യോ ടീച്ചറേ വടിയെടുക്കല്ലേ, ഞാനോട്യേ.. :-)

  ReplyDelete
 2. ഇതു ജിഹാദ് തന്നെ മിനി ചേച്ചീ....
  എന്തായാലും രമേശൻ സദ്യ ഉണ്ണാതെ പോയിക്കാണില്ല അല്ലേ...?

  ReplyDelete
 3. ഈ മാഷന്മാരുടെ ഒരു കാര്യം

  ReplyDelete
 4. ഇതെനിക്കങ്ങിഷ്ടായി....
  എന്താ ഇഷ്ടായെന്നു പിന്നെ പറയട്ടോ...

  ReplyDelete
 5. കല്ല്യാണ സീസൺ ആയതോടെ ശരീരഭാരം സ്വർണ്ണവിലപോലെ മേലോട്ട് ഉയരുകയാണ്.
  നല്ല പ്രയോഗം...!

  കണ്ണനുണ്ണി said...
  ഇതെനിക്കങ്ങിഷ്ടായി....എന്താ ഇഷ്ടായെന്നു പിന്നെ പറയട്ടോ...

  അതു ഞാന്‍ പറയണോ? ഉണ്ണിക്കണ്ണാ.

  ReplyDelete
 6. ..kalakki. ketto .... "kalyana season ayathode sareerabharam....."
  valare nalla prayogam....
  aduthu release cheytha alla blogsum onninonnu fine..... keep it up

  ReplyDelete
 7. Jeevitham thanne vishramamakumpol....!
  Manoharam teacher... Chirippichu... Chinthippikkukayum theyyunnu... Ashamsakal...!!!

  ReplyDelete
 8. ജയ് ജിഹാദ് :)

  ReplyDelete
 9. ടീച്ചറെ,

  തകര്‍ത്തിരിക്കുന്നു, പതിവ് പോലെ ...

  ഇത് ലവ് ജിഹാദ് അല്ല .. ലവ് ക്രൂസേഡ് (കുരിശു യുദ്ധം) ആയിരിക്കും, വരന്‍ ക്രിസ്ത്യാനി അല്ലെ?

  :)

  ReplyDelete
 10. മിനി ടീച്ചറെ തകര്‍പ്പന്‍ പോസ്റ്റ്‌, ക്ലൈമാക്സ്‌ കിടു. രചന പതിവുപോലെ ഹൃദ്യം

  കണ്ണപ്പ നിന്റെ കമന്റ്‌ അതിലും കിടു, നടക്കട്ടെ

  ReplyDelete
 11. ഹ ഹാ... വായിച്ചു വന്നപ്പോ ഞാനോര്‍ത്ത് ഇതാന്താ സംഭവമെന്ന്.. അവസാനമല്ലെ സംഭവം..

  കിടിലോല്‍ക്കിടിലം..!

  ( അല്ല ടീച്ചറേ ഇത് നടന്ന സംഭവമാ...? )

  ReplyDelete
 12. പ്രണയത്തിന്റെ ജിഹാതായി നല്ലൊരു രചനകൂടി അല്ലെ..

  Wish You Merry Christmas
  and
  Happy New Year .

  ReplyDelete
 13. suchand scs, nanda, ത്രിശ്ശൂർക്കാരന്, കണ്ണനുണ്ണി, കുമാരൻ|kumaran, Prasanth, Sureshkumar Punjhayil, G Manu, Panicker, കുറുപ്പിന്റെ കണക്കു പുസ്തകം, ഏ.ആർ.നജീം, ബിലാത്തിപ്പട്ടണം, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി പറയുന്നു.

  ReplyDelete
 14. കല്യാണ വിശേഷം ആസ്വദിച്ചു....

  ReplyDelete
 15. മിനി ടീച്ചറെ ,നല്ല ക്ലൈമാക്സ്‌ ....ആശംസകളോടെ.....

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!