14.5.09

7. കണ്ണൂരിലെ കുടമ്പുളി


ആറ് മലയാളികള്‍ സംസാരിക്കുന്നത് നൂറ് മലയാളം എന്ന് പറയാം. ഭാഷയുടെ പേരില്‍ ഭാരതത്തില്‍ സംസ്ഥാനരൂപീകരണം നടക്കുമ്പോള്‍ മലയാളഭാഷക്കാര്‍ കേരളീയരായി മാറി. അങ്ങനെയുള്ള കേരളീയരുടെ ഭാഷ മലയാളമാണെങ്കിലും എല്ലാ മലയാളവും എല്ലാ കേരളീയനും മനസ്സിലായി എന്ന് വരില്ല.
...
ഭാഷയില്‍ തെക്കന്‍, വടക്കന്‍, മദ്ധ്യം ഇവ കൂടാതെ പ്രാദേശികമായ വ്യത്യാസങ്ങള്‍ കൂടി കാണാം. സംസാരിക്കുന്നത് മലയാളമാണെങ്കിലും കേരളത്തിന്റെ ഒരു ഭാഗത്ത് പ്രയോഗത്തിലുള്ള മാന്യമായ ചില പദം മറ്റു ചിലയിടങ്ങളില്‍ അശ്ലീലം ആയി മാറിയിട്ടുണ്ട്.. മുന്‍പ് കേരളത്തിന്റെ ഒരു ഭാഗത്തു നിന്ന് അകലെ ഒരിടത്തേക്ക് താമസം മാറുമ്പോള്‍ ഭാഷാപ്രയോഗങ്ങള്‍ കാരണം പലര്‍ക്കും അമളി പറ്റാറുണ്ട്. എന്നാല്‍ ഇന്ന് എല്ലാ തരം ഭാഷാപ്രയോഗങ്ങളും മലയാളികള്‍ക്ക് സുപരിചിതമാണ്. ജീവിക്കാനായി (ജോലിക്കായി) തെക്ക്-വടക്ക് ഓടിനടക്കുന്ന മലയാളികള്‍ എല്ലാതരം മലയാളവും പഠിച്ചിരിക്കുന്നു.
അത്കൊണ്ട് തന്നെ തിരുവിതാംകൂറുകാര്‍ പറയുന്ന ഒരു പ്രത്യേക പദം ഇരുപത് വര്‍ഷം മുന്‍പ് മലബാറുകാരെ ചിരിപ്പിച്ചിരിക്കാം.അത് പോലെ മലബാര്‍ ഭാഷ മറ്റു മലയാളികളെയും ചിരിപ്പിക്കും. ഇന്ന് അതേ പദം കേട്ടാല്‍ ചിരിച്ചെന്ന് വരില്ല. സിനിമാ-സീരിയല്‍ എന്നിവ കാണുന്ന മലയാളികള്‍ ഭാഷ കൂടി തിരിച്ചറിയുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിരിപ്പിച്ച സംഭവങ്ങള്‍ ഇവിടെ വായിക്കാം.
...
എല്ലാ നാട്ടിലും സ്വന്തമായി മാന്യമായ വാക്കുകള്‍ പോലെ തന്നെ ചില അശ്ലീല വാക്കുകളും ഉണ്ട്. ഈ അശ്ലീല വാക്കുകള്‍ സാധാരണ പ്രയോഗിക്കാത്തതിനാല്‍ മറുനാട്ടുകാര്‍ ഒരിക്കലും തിരിച്ചറിയില്ല. കണ്ണൂരിലെ ഒരു ഉള്‍നാടന്‍ ഗ്രാമം,,,,
...
ഫ്ലാഷ് ബാക്ക്,
...
35വര്‍ഷം മുന്‍പ്;,,,
...
അവിടെ നാട്ടില്‍ പ്രമാണിയായ ഒരു മുന്‍ ജന്മിക്ക് കൃഷിയും കാലിവളര്‍ത്തലും ധാരാളം ഉണ്ട്. പ്രമാണിയുടെ എഞ്ചിനീയറായ മകന്‍ കോട്ടയത്തുകാരിയായ അദ്ധ്യാപികയെ വിവാഹം കഴിച്ചു. പിറ്റേന്ന് രാവിലെ നവവധു പല്ലുതേച്ചു കൊണ്ട് കാലിതൊഴുത്തിനരികിലൂടെ നടക്കുമ്പോഴാണ് ഭര്‍ത്താവിന്റെ കര്‍ഷകനായ ഏട്ടന്‍(ചേട്ടന്‍) ഉഴവുകാളകളെ കുളിപ്പിക്കുന്നത് കണ്ടത്. (ഈ ഉഴവുകാളകളെ അടുത്ത കാലത്ത് റഡ് ഡാറ്റാ ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു) ചേട്ടനോട് എന്തെങ്കിലും സംസാരിക്കണമല്ലൊ;
അടുത്ത് പോയി ചോദിച്ചു, “ചേട്ടാ ഈ കാള വെട്ടുമോ?”
ഉത്തരം പറയാനാവാതെ ചേട്ടന്‍ തുറിച്ചു നോക്കി, ടീച്ചറായ അനുജത്തി ചീത്തവാക്ക് പറയുന്നു!
അപ്പോഴെക്കും അനുജന്‍ കടന്ന് വന്ന് ഭാര്യയെ വിളിച്ചു; “അത് വെട്ടുകയും കുത്തുകയും ചെയ്യില്ല, നീയിങ്ങ് പോര്”.
കര്‍ഷകരായ ഗ്രാമീണര്‍ക്ക് ചിരിക്കാന്‍ അങ്ങനെ ഒരു വക കിട്ടി.
....
ഇന്ന് നാട്ടിന്‍പുറത്തുള്ള പഴം,പച്ചക്കറി കടയില്‍ പോയാല്‍ വിദേശികളും സ്വദേശികളുമായ ധാരാളം പച്ചക്കറികള്‍ ലഭിക്കും. എന്നാല്‍ ഒരു കാലത്ത് ഈ വിദേശ ഉല്പന്നങ്ങള്‍ കുറവായിരുന്നു. അതില്‍ ഒന്നാണ് കുടംപുളി. കൊടംപുളി എന്നും പറയാം. ഇനി നമുക്ക് സംഭവം പറയാം. 20 വര്‍ഷം മുന്‍പാണ്,
...
നമ്മുടെ സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ പ്രാധാന അദ്ധ്യാപികയായി നിയമനം കിട്ടി പുതിയ ടീച്ചര്‍ വന്നു, തിരുവനന്തപുരക്കാരി,. (ഈ സ്ക്കൂളില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലക്കാരല്ലാത്ത പത്ത് ഹെഡ് മിസ്ട്രസുകള്‍ ഭരണം നടത്തിയിട്ടുണ്ട്. സ്ത്രീ സംവരണമൊന്നുമല്ല,കേട്ടോ,)
...
ഏറ്റവും നേരത്തെ ഏറ്റവും അകലെ നിന്നും വരുന്ന ഞാന്‍, ഏറ്റവും നേരത്തെ പോകാനായി പുതിയതായി വരുന്ന ഹെഡിനെയെല്ലാം സോപ്പിടാറുണ്ട്. അങ്ങനെ ഒരു ദിവസം അരമണിക്കൂര്‍ നേരത്തെ പുറത്തിറങ്ങുമ്പോള്‍ ഹെഡ്ടീച്ചര്‍ എന്നെ വിളിച്ചു. എന്റെ ഈ നേരത്തെ പോക്കിന് ആരെങ്കിലും പാര വെച്ചൊ എന്ന സംശയത്തോടെ അടുത്തു ചെന്നപ്പോള്‍ ഹെഡ്ടീച്ചര്‍ എന്നോട് പതുക്കെ പറഞ്ഞു,
“ടീച്ചര്‍ കണ്ണൂര്‍ വഴിയല്ലെ വരുന്നത്?” .
ഞാന്‍ പറഞ്ഞു, “അതെ ടീച്ചര്‍”
“കണ്ണൂരിലെ പലച്ചരക്ക് കടകളൊക്കെ ടീച്ചര്‍ക്ക് അറിയത്തില്ലെ?”
“അറിയാമല്ലോ”
“എന്നാല്‍ നാളെ എനിക്ക് അല്പം കൊടമ്പുളി വാങ്ങിത്തരണം” ലളിതമായ ഒരാവശ്യം.
ഞാന്‍ പറഞ്ഞു, “ശരി കടയിലുണ്ടെങ്കില്‍ വാങ്ങാം ടീച്ചര്‍”
...
അങ്ങനെ പുറത്തിറങ്ങി സ്ക്കൂളില്‍ നിന്ന് റോഡിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി, ‘കുടംപുളി ഒരു തവണ വീട്ടില്‍ കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, പുളി സാധാരണ വാങ്ങുന്ന വസ്തുവാണെങ്കിലും കൊടമ്പുളിക്ക് ഈ നാട്ടില്‍ ചെറിയ അശ്ലീലം ഇല്ലേയന്ന് എനിക്ക് സംശയമായി.‘ (പ്രസ്തുത സാധനം നമ്മുടെ നാട്ടില്‍ അന്ന് സാധാരണ ലഭ്യമല്ലാത്ത വസ്തുവായിരുന്നു) ഏതായാലും കണ്ണൂരിലെ പച്ചക്കറി കടയില്‍ ചോദിച്ചാല്‍ ലഭിക്കാതിരിക്കില്ല.
...
പിറ്റേ ദിവസം വീട്ടില്‍ നിന്നും പുറപ്പെട്ട് കണ്ണൂരിലേക്ക് പോകാനായി ഞാന്‍ നാട്ടില്‍നിന്നുമുള്ള ബസ് കാത്ത് നില്‍ക്കുകയാണ്. അപ്പോഴാണ് റോഡിന്റെ എതിര്‍ വശത്തുള്ള പച്ചക്കറികട എന്റെ ശ്രദ്ധയില്‍പ്പെട്ടത്. പച്ചമുളക് മുതല്‍ കറിവേപ്പില വരെ അവിടെയുണ്ട്. ഇത്രയും കാലം അങ്ങനെയൊരു കട അവിടെ ഉണ്ടെങ്കിലും ഇതുവരെ അവിടെനിന്ന് പച്ചക്കറിയൊന്നും ഞാന്‍ വാങ്ങിയിട്ടില്ല.
...
നേരെ കടയുടെ സമീപം നടന്നു. കടയിലും പരിസരത്തും പരിചയക്കാര്‍ ആരും ഇല്ല. കേടുപറ്റിയ തക്കാളി മാറ്റിക്കൊണ്ടിരിക്കുന്ന കടക്കാരനോട് ചോദിച്ചു, “ഇവിടെ കുടംപുളിയുണ്ടൊ?”
...
വില്പനക്കാരന്‍ തക്കാളി താഴെയിട്ട് എന്നെ തുറിച്ചുനോക്കി. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന എല്ലാവരും എന്നെ നോക്കി, പിന്നെ അടക്കം പറഞ്ഞ് ചിരിക്കാന്‍ തുടങ്ങി; പെട്ടെന്ന് അതൊരു കൂട്ടച്ചിരിയായി മാറി. …തേന്മാവിന്‍ കൊമ്പത്ത് മോഹന്‍ലാല്‍ മുത്തുഗൌ ചോദിച്ച പോലൊരു രംഗം….
...
ഭാഗ്യം, എനിക്ക് പോവാനുള്ള ബസ് വന്നു, അതോടെ ഞാന്‍ സ്ഥലം വിട്ടു.(രക്ഷപ്പെട്ടു എന്ന് പറയാം) നാട്ടിലെ കടയിലെ അനുഭവം കൊണ്ട് കണ്ണൂരിലെ കടകളില്‍ കൊടംപുളി ചോദിക്കാന്‍ ധൈര്യം വന്നില്ല.
...
സ്ക്കൂളിലെത്തിയപ്പോള്‍ എന്നെ കണ്ട ഉടനെ ഹെഡ് ടീച്ചര്‍ ചോദിച്ചു. “ടീച്ചറെ കൊടമ്പുളി വാങ്ങീയിട്ടുണ്ടോ?“
“അയ്യൊ, ഞാന്‍ കണ്ണൂരിലെ എല്ലാ കടകളിലും അന്വേഷിച്ചു, ഒരിടത്തും ഇല്ല”എങ്ങനെ കള്ളം പറയാതിരിക്കും
“ഇത്ര വലിയ പട്ടണമായിട്ടും ചെറിയൊരു കൊടമ്പുളിപോലും കിട്ടത്തില്ലെ, ഇനി എവിടെയാ അന്വേഷിക്കേണ്ടത്,,”.
കൊടം പുളിയുടെ രുചിയോര്‍ത്ത് നിരാശയോടെ ഹെഡ് മിസ്ട്രസ്സ് ഓഫീസിലേക്ക് നടന്നു.
...
ഇന്ന് നാട്ടിന്‍പുറത്തുള്ള കടകളില്‍ പോലും ഇഷ്ടംപോലെ കുടംപുളി ലഭ്യമാണ്; വീട്ടാവശ്യത്തിന് ഇടയ്ക്കിടെ വാങ്ങാറുണ്ട്. അത് പോലെ വീട്ടിനടുത്ത് നട്ടുവളര്‍ത്തിയ കുടംപുളിമരം പുഷ്പിക്കാറായി. എങ്കിലും ഇപ്പോഴും ചോദിക്കാന്‍ ഒരു മനസ്സില്‍ ഒരു ഭയം.

6 comments:

 1. നന്നായിട്ടുണ്ട്. പറഞ്ഞത് പോലെ ഇപ്പോളിതു കേള്‍ക്കുമ്പോള്‍ ഒരു വേണ്ടാത്ത തോന്നലുമില്ല.

  ReplyDelete
 2. manasilayillla!! :-(

  ReplyDelete
 3. ടീച്ചറെ, ഈ വാക്കുകളുടെ അര്‍ത്ഥം കൂടിയുണ്ടായിരുന്നെങ്കില്‍ സംഗതി സൂപ്പറായേനെ..എന്നാല്‍ ടീച്ചര്‍ക്കത് എഴുതാന്‍ വിഷമമുണ്ട് എന്നും അറിയാം. എന്തായാലും നന്നായിട്ടുണ്ട്.

  ReplyDelete
 4. തിരുവനംന്തപുരം അനുഭവം ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. വായിക്കുക
  aralipoovukal.blogspot.com

  ReplyDelete
 5. കണ്ണൂര് ഭാഷ .

  ഭാഷ ആശയ വിനിമയതിനുള്ളതാണ്.അതിൽ നല്ല ഭാഷയോ മോശം ഭാഷയോ ഇല്ല .കേരളത്തിന്റെ എല്ലാ ഭാഗത്തും വേറെ വേറെ ഭാഷകൾ നമുക്ക് കാണാൻ പറ്റും .എല്ലാവരുടെയും പൊതുവായ ആശയ വിനിമയത്തിന് വേണ്ടിയാണ് അച്ചടി മലയാളം നിലവിൽ വന്നത് .അച്ചടി ഭാഷയോട് മറ്റു ഭാഷകൾ താരതമ്യം ചെയ്യുമ്പോളാണ് മറ്റു ഭാഷകൾ അരോചകമായി തോന്നുന്നത് .

  ആശയവിനിമയം പ്രാവർതകമാകുന്ന ഏതു ഭാഷയും ഭാഷ തന്നെ .
  കണ്ണൂരിൽ നില നിന്നതും ഇപ്പോളും നിലനില്ക്കുന്നതും എന്നാൽ പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും ആയ ചില വാക്കുകൾ താഴെ ചേർക്കുന്നു.

  നമുക്കും നമ്മുടെതായ ഭാഷ ഉണ്ടായിരുന്നു അല്ലെങ്ങിൽ ഉണ്ട് എന്ന് പുതിയ തലമുറ അറിയട്ടെ .നമുക്ക് അഭിമാനിക്കാം.

  കണ്ണൂര് ഭാഷ അറിയുന്നവരോട് നമുക്ക് ഈ ഭാഷ ഉപയോഗിക്കാം ,എന്നാൽ അറിയാതവരോട് ഈ ഭാഷ ഉപയോഗിക്കരുത് ,അത് മണ്ടത്തരമാണ് .അവിടെയാണ് അച്ചടി ഭാഷയുടെ പ്രസക്തി .
  അറിയാതവരോട് ഈ ഭാഷ ഉപയോഗിച്ചാൽ അവർ ചിരിക്കും ,കളിയാക്കും അത് സ്വാഭാവികം മാത്രം .പിന്നെ എന്റെ ഭാഷ ഇത്ര മോശമാണോ എന്ന് വിലപിക്കരുത് .

  ഇത് വര്ഷങ്ങളായി നില നില്ക്കുന്ന ഭാഷയാണ് .അതുകൊണ്ട് തന്നെ ഇതിൽ അഭിമാനിക്കാൻ അല്ലാതെ മോശമായി ഒന്നും ഇല്ല.

  നന്ദി പൂർവ്വം,
  വിനേഷ് നമ്പിയാർ - പാച്ചേനി

  കണ്ണൂര് ഭാഷ
  ഓൻ - അവൻ
  ഓൾ - അവൾ
  ഓർ- അവർ , അദ്ദേഹം
  തൊണ്ടൻ - വയസ്സൻ
  തൊണ്ടി - വയസ്സി
  സുംബ്ലൻ - സുന്ദരൻ
  എണ- ഇണ,ഭാര്യ , അർഥം മനസ്സിലാക്കാതെ ഇപ്പോളും തന്നെക്കാൾ വയസ്സ് കുറഞ്ഞ എല്ലാ സ്ത്രീയെയും കണ്ണൂരിൽ ഇങ്ങനെ ആണ് വിളിക്കുന്നത്. eg.എട്യാണെ പോയിനി (എവിടെ ഇണേ പോയിരുന്നത് )

  കൊത്തംബാരി - മല്ലി ,( കൊത്തി മിരി - ഹിന്ദി )
  കരിയാമ്പ് -- കറിവേപ്പില
  കൈപ്പക്ക --- പാവക്ക
  പറങ്കി ----മുളക് (Brought by Portuguese)
  കപ്പ പറങ്കി---- കാന്ദാരി മുളക്
  പറങ്ക്യാവ്----- പറങ്കി മാവ് , കശു മാവ്
  മൊള്----- കുരു മുളക്
  ഉപ്പേരി ------ തോരൻ
  അടിചൂറ്റി---- അടച്ച് ഊറ്റി,ചോറിലെ വെള്ളം മാറ്റാൻ കലം അടച്ചു വെക്കുന്ന വൃത്തത്തിലുള്ള പല

  കുളുത്ത്---- പഴം കഞ്ഞി
  മുണ്ടച്ചക്ക---- കൈതച്ചക്ക
  ജാതി------ തേക്ക് മരം
  മൂട് -----മുഖം
  കൊര---- ചുമ
  പൊട്ട---- ചീത്ത,മോശം
  കൊച്ച ----------കൊക്ക് ,കൊറ്റി
  പാത്തി---- തോണി
  ചിമ്മിണി----- മണ്ണെണ്ണ
  മൂടി -----അടപ്പ്
  കലമ്പൽ --------വഴക്ക്
  പൂട്ടുക----- അടക്കുക , switch off .
  പൈപ്പ് ------വിശപ്പ്

  ഇട്ടാണി--- ഏണി പല
  പൈ ---പശു
  കരിങ്കണ്ണ് -------പഴുതാര
  ഉറൂളി ------ചിലന്തി
  കീ --------ഇറങ്ങൂ
  കീഞ്ഞു -------ഇറങ്ങി
  ചാട്------ എറിയൂ
  തുള്ളു -------ചാടു , Jump
  നൊടിച്ചൽ -------വീംബ്
  പൊങ്ങൽ-------- പൊങ്ങച്ചം
  പയമ------ വായാടിത്തം , സംസാരം
  ഒരണം -------വെല്ലുവിളിയോടു കൂടിയ പിടിവാശി
  തൊപ്പൻ ---------ഒരുപാട്
  പാനി----- കുടം
  ബെര്തം ------രോഗം
  തുമ്പ് -------വരമ്പ് പോലെ മണ്ണ് കൊണ്ടുണ്ടാക്കുന്ന കളത്തിന്റെ / മുറ്റത്തിന്റെ അതിര് .

  പടിഞ്ഞാറ്റ---- പടിഞ്ഞാറേ അറ്റം ,പടിഞ്ഞാറേ അകം ,പൂജാ മുറി
  തോല്------ വളത്തിനായി വെട്ടുന്ന ചെടിയുടെയോ മരത്തിന്റെയോ ഇളം കൊമ്പ്
  തോക്കത്തി ------- തോല് വെട്ടുന്ന കത്തി (തോല് -ചെടിയുടെ / മരത്തിന്റെ ഇളം കൊമ്പു )
  കത്ത്യാൾ ---------കത്തി വാൾ , വാൾ കത്തി
  കുങ്ങൊട്ട് -----------തൂമ്പ
  മാച്ചി------- ചൂൽ
  കടച്ചി----- കിടാവ് +അച്ചി (പശു കിടാവ് ,അച്ചി = അമ്മ ,സ്ത്രീ ) .അച്ചി ഉള്ളതുകൊണ്ട് ഈ പശു കുട്ടി ഒരു പെണ് ആണെന്നർത്ഥം.

  കോട്ടം----- ക്ഷേത്രം ,കളിയാട്ടം പോലെ വർഷത്തിൽ ഒന്നോ രണ്ടോ ചടങ്ങുകൾ മാത്രം പൊതുവെ കാണാം .ഒരു കുടുംബതിന്റെയോ സമുദായത്തിന്റെയോ ആയിരിക്കും .സന്ധ്യാ സമയത്ത് മാത്രം വിളക്ക് വെക്കും .പുഷ്പാഞ്ജലി പോലുള്ള വഴിപാടു ഉണ്ടാകാറില്ല.പൂജാരി നിത്യ പൂജാ ചെയ്യാറില്ല .വിവാഹം പോലുള്ള ചടങ്ങുകളും ഇല്ല .

  കാവ്------ ക്ഷേത്രം ,കളിയാട്ടം പോലെ വർഷത്തിൽ ഒന്നോ രണ്ടോ ചടങ്ങുകൾ കൂടാതെ മറ്റു വിശിഷ്ട ദിവസങ്ങളിലും ചടങ്ങുകൾ പൊതുവെ കാണാം .ഒരു കുടുംബതിന്റെയോ സമുദായത്തിന്റെയോ ആയിരിക്കും .സന്ധ്യാ സമയത്ത് മാത്രം വിളക്ക് വെക്കും .പുഷ്പാഞ്ജലി പോലുള്ള വഴിപാടു ഉണ്ടാകാറില്ല.പൂജാരി നിത്യ പൂജാ ചെയ്യാറില്ല .വിവാഹം പോലുള്ള ചടങ്ങുകളും ഇല്ല .കാവുകളോട് ബന്ദപ്പെട്ടു പൊതുവെ നാഗവും കാടും ഉണ്ടാകും .

  അമ്പലം --------ക്ഷേത്രം ,അമ്പലം പൊതുവെ ക്ഷേത്ര കമ്മിറ്റിയും നാട്ടുകാരും നിയന്ദ്രിക്കുന്നു.നിത്യ പൂജാ ഉണ്ടായിരിക്കും .പുഷ്പാഞ്ജലി പോലുള്ള വഴിപാടുകൾ ഉണ്ടാകും .കളിയാട്ടത്തിന് പകരം തിടമ്പ് നൃത്തവും ശീവേലിയും മറ്റും ഉണ്ടാകും .വിവാഹം പോലുള്ള ചടങ്ങുകളും ഉണ്ടാകും .പക്ഷികളെയും മൃഗങ്ങളെയും പൊതുവെ ബലി കൊടുക്കാറില്ല.
  അമ്പലം പൊതുവെ അറിയപ്പെടുന്നതായിരിക്കും .

  ഉമ്ബ്രാശൻ------ നമ്പൂതിരി
  പൊടോറി----- കല്യാണം
  വത്തക്ക --------തണ്ണി മത്തൻ
  കപ്പക്കാ-------- പപ്പായ
  മുള്ളൻ----- കുറുച്ചി

  വെറി------- കൊതി
  ബേം--- വേഗത്തിൽ
  മാപ്ല------- മുസ്ലിം
  ബൈരം----- കരച്ചിൽ

  ReplyDelete
  Replies
  1. നന്നായിട്ടുണ്ട്,, ഇതുകൂടി വായിച്ചിരുന്നോ? http://mini-mininarmam.blogspot.in/2012/01/blog-post.html

   Delete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!