26.7.09

17. സോറീ ഫോര്‍ ഇന്ററപ്‌ഷന്‍



ടെലിവിഷന്റെ കാര്യത്തിലും നമ്മുടെ ‘ആകാശവാണി' തന്നെ ഒന്നാം സ്ഥാനം നേടി. നാട്ടില്‍ ആദ്യമായി ടീവി വന്നത് അവിടെയാണ്. ഹൈസ്ക്കൂള്‍ കാണാത്ത മക്കളെ ആദ്യമായി ഗള്‍‌ഫിലയച്ച് അതിവിശാലമായ ലോകം കാണിച്ച് നാട്ടുകാരെ അസൂയപ്പെടുത്തിയ - ആ അവര്‍ തന്നെ. എന്നെപ്പോലുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥിസമൂഹം ടെലിവിഷന്റെ ചിത്രം കാണിച്ച് ക്ലാസ്സില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാലത്താണ് ജീവനുള്ള ടെലിവിഷന്‍ ആകാശവാണിയുടെ വീട്ടില്‍ പ്രത്യക്ഷപ്പെട്ടത്.
..
ഒരു ഞായറാഴ്ച പത്തുമണി കഴിഞ്ഞപ്പോള്‍ ഞാന്‍ തിരക്കിട്ട് ഒരു ബന്ധുവീട്ടിലേക്ക് പോവുകയാണ്. അയല്‍‌വക്കത്തെ വീടുകളുടെ മുന്നിലൂടെയും പിന്നിലൂടെയും നടന്ന് ഇടവഴികളിലൂടെ നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. ഏതാണ്ട് മുപ്പതോളം ആളുകള്‍ ആകാശവാണിയുടെ വീട്ടില്‍‌നിന്ന് മുന്‍‌വാതിലിലൂടെയും സൈഡ്‌വാതിലിലൂടെയും ഇറങ്ങിവരുന്നു. അങ്ങനെ ഇറങ്ങി വരുന്നത് ‘ആറ് മുതല്‍ അറുപത് വയസ്സ് വരെയുള്ള നാട്ടുകാരാണ്’; കൂടുതല്‍ സ്ത്രീകളും കുട്ടികളുമാണ്. അവര്‍ ആവേശത്തോടെ സംസാരിച്ച് ഇടവഴിയില്‍ കടന്നപ്പോള്‍ ആദ്യം കണ്ട അമ്മൂമ്മയെതന്നെ ഞാന്‍ പിടികൂടി കാര്യം അന്വേഷിച്ചു.
അവര്‍ പുരപ്പുറത്ത് ചൂണ്ടിക്കാട്ടി പറഞ്ഞു, “ആകാശവാണിയുടെ വീട്ടില്‍ ടീവിയുണ്ട്, നമ്മള്‍ രാമായണം കാണാന്‍ പോയതാ, നോക്ക്, അതിന്റെ കമ്പിയാണ് പുരക്കു മോളില്‍. ടീച്ചര്‍ക്ക് രാമായണം കാണണ്ടെ? ആ രാവണന്‍ സീതയെ കട്ട്‌കൊണ്ട്‌പോകുന്നത് കാണാന്‍ എന്തു രസാണെന്നോ”,, വീട്ടിനു മുകളിലുള്ള ആന്റിന നോക്കിയാണ് അമ്മൂമ്മ ഇത് മുഴുവനും പറഞ്ഞത് .
..
...
അപ്പോള്‍ ഞങ്ങളുടെ നാട്ടിലും ടെലിവിഷന്‍ വന്നിരിക്കുന്നു; ഏതായാലും അതൊന്ന് കാണണം, എന്നാല്‍ ഇപ്പോള്‍ തന്നെ പോകുന്നത് അത്ര ശരിയല്ല.... അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു. ഒരു ദിവസം രാവിലെ ഞാന്‍ സ്ക്കൂളിലേക്ക് പോകുന്ന വഴി ആകാശവാണിയെ കണ്ടു. അവര്‍ കടല്‍‌ക്കരയിലുള്ള സ്വന്തം പറമ്പിലെ വിശാലമായ പാറയുടെ മുകളില്‍ കൊപ്ര ഉണക്കുകയാണ്.
.
.
എന്നെ കണ്ടഉടനെ അടുത്തു വന്നു,“ടീച്ചറ് സ്ക്കൂളിലേക്കായിരിക്കും; പിന്നെ ഞാന്‍ ഇന്ന് വൈകുന്നേരം വരെ ഇവിടെയായിരിക്കും, തേങ്ങ ഉണക്കാനുണ്ട്”.
“മക്കളൊക്കെ എങ്ങനെ? സുഖം തന്നെയോ?“ ഞാന്‍ വിവരങ്ങള്‍ തിരക്കി.
“ഓ ഇളയവന്‍ ദുബായീന്ന് വന്നിട്ട് കഴിഞ്ഞ ആഴ്ചയാണ് പോയത്. പിന്നെ അവന്‍ ടീവി കൊണ്ടുവന്നിട്ടുണ്ട്; നാട്ടുകാരൊക്കെ അതിന്റെ മുന്നിലാ, ടീച്ചറെ അങ്ങോട്ടൊന്നും കണ്ടില്ലല്ലോ”.
“അത്പിന്നെ പകലൊന്നും എനിക്ക് സമയം തീരെയില്ല”.
“അതിനെന്താ രാത്രി പത്ത് മണി വരെ ടീവിടെ മുന്നില്‍ നാട്ടുകാര്‍ ഉണ്ടാവും, ടീച്ചറൊരു ദിവസം വീട്ടില്‍ വാ”.
..
ഈ ബഹുമാനവും പറച്ചിലുമൊക്കെ നാട്ടിലെ എല്‍‌പി സ്ക്കൂളില്‍ പഠിപ്പിക്കുന്ന നാട്ടുകാരിയായ ഒരേയൊരു ടീച്ചര്‍ ഞാനായതു കൊണ്ടാണ്. (മറിച്ചാണെങ്കില്‍ ഡയലോഗ്:- നീയെന്താടി എന്റെ ചെക്കന്‍ ടീവി കൊണ്ടുവന്നിട്ട് അതൊന്ന് കാണാന്‍ വരാത്തത്?”)
.
.
അവരുടെ ഇളയ മകന്‍ എന്റെ കൂടെ പ്രൈമറി ക്ലാസ്സില്‍ പഠിച്ചവനായിരുന്നു. രണ്ടാഴ്ച മുന്‍പ് ഇതെ സ്ഥലത്തു വെച്ച് അവനെ ഞാന്‍ കണ്ടതാണ്. ഉച്ചഭക്ഷണം കഴിഞ്ഞ് സ്ക്കൂളിലേക്ക് പോകുമ്പോള്‍ മുന്നില്‍ സായിബാബ മോഡല്‍ മുടിയുമായി ഒരു തടിയന്‍ നില്‍ക്കുന്നു. പണ്ട് കീറിയ കുപ്പായമിട്ട് പിന്‍ബഞ്ചിലിരിക്കുന്ന കറുത്തു മെലിഞ്ഞവനാണ് നില്‍ക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. രണ്ടാം ക്ലാസ്സില്‍ വെച്ച് ആണ്‍കുട്ടികള്‍ എനിക്കിട്ട ഇരട്ടപേര്‍ അവന്‍ വിളിച്ചപ്പോള്‍ മനസ്സില്‍ ദേഷ്യവും ആശ്ചര്യവും ഒന്നിച്ചു വന്നു.
“നീ പണ്ട് നമ്മള്‍ ഒന്നിച്ച് പഠിച്ച എല്‍‌പി സ്ക്കൂളിലെ ടീച്ചറായി, അന്ന് പഠിക്കാത്ത ഞാന്‍ ഇങ്ങനെയായി”.
“എങ്ങനെയായി” എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ മറ്റൊരു ചോദ്യം ചോദിച്ചു;
“നിനക്കിപ്പോള്‍ എത്ര രൂപ ശമ്പളം കിട്ടും?”
എന്റെ ശമ്പളം അച്ഛനോടു പോലും കൃത്യമായി പറഞ്ഞിട്ടില്ല; എന്നാല്‍ ഈ ദുബായിക്കാരനോട് പറയുന്നതില്‍ തെറ്റില്ലല്ലൊ. ഞാന്‍ പത്ത് രൂപ കൂടുതലാക്കി ശമ്പളനിരക്ക് പറഞ്ഞപ്പോള്‍ അവന്‍ എന്നെ പരിഹസിച്ചു;
“ഇത്രയെ ഉള്ളൂ? നീയെത്ര പഠിച്ചതാ! എനിക്കാണെങ്കില്‍ ദുബായില്‍ ഒരു ദിവസം തന്നെ ഇതില്‍ കൂടുതല്‍ പണം കിട്ടുമല്ലൊ”, അങ്ങനെ ദുബായി വിശേഷങ്ങള്‍ കേട്ട് സ്വപ്നം കാണുമ്പോള്‍ ഞാന്‍ സ്ക്കൂളിലെ ഉച്ചമണിയടി കേട്ട് സ്ഥലം വിട്ടു.
..
ആകാശവാണി ക്ഷണിച്ചതിന്റെ പിറ്റേദിവസം ആറ് മണിക്ക് ഞാന്‍ അവരുടെ ടീവിക്കു മുന്നില്‍ ഹാജരായി. അവിടെയാണെങ്കില്‍ തറയിലിരിക്കുന്ന പതിനഞ്ചോളം പേരുണ്ട്; അതില്‍ കുട്ടികളും മുതിര്‍ന്നവരും ഉണ്ട്. ടീച്ചറായതു കൊണ്ട് എനിക്ക് സ്വീകരണവും ഇരിപ്പിടവും കിട്ടി. ടീവിയില്‍ ഹിന്ദി സിനിമാഗാനങ്ങള്‍ അടിച്ചുപൊളിക്കുകയാണ്. ഏതാണ്ട് രണ്ട് മണിക്കൂര്‍ പോയതറിഞ്ഞില്ല. എട്ട് മണികഴിഞ്ഞപ്പോള്‍ അയല്‍‌വാസിയായ ശിഷ്യന്റെ ഓലചൂട്ടിന്റെ വെളിച്ചത്തില്‍ ഞാന്‍ വീട്ടിലെത്തി. നാട്ടുകാരില്‍ അപൂര്‍വ്വം ചില വീടുകളില്‍ മാത്രമാണ് അന്ന് വൈദ്യുതി കടന്ന് വന്നത്. (വൈദ്യുതിയില്ലാത്ത കൂട്ടത്തില്‍ എന്റെ വീടും ഉണ്ട്) രാത്രി സഞ്ചാരത്തിന് പൊതുജനം ആശ്രയിക്കുന്നത് ബാറ്ററി കൊണ്ടുള്ള ടോര്‍ച്ചും തെങ്ങോല കെട്ടി കത്തിക്കുന്ന ചൂട്ടുമാണ്. തീരപ്രദേശമായതിനാല്‍ പ്രാധാനസസ്യം കേരവൃക്ഷമായത് കൊണ്ട് നാട്ടുകാരുടെ പ്രാധാന ഇന്ധനസ്രോതസ്സ് തെങ്ങോലയാണ്.
..
അങ്ങനെ ആകാശവാണിയുടെ വീട്ടില്‍ വൈകുന്നേരം നടക്കുന്ന ടീവിഷോ കാണുന്ന അം‌ഗസഖ്യ കൂടി വരാന്‍ തുടങ്ങി. അവരുടെ പൊങ്ങച്ചത്തിനും സ്വീകരണത്തിനും ഒരു കുറവും വന്നില്ല. ഒരു ദിവസം രാത്രി ഹിന്ദി വാര്‍ത്ത കേട്ടും കണ്ടും ഞങ്ങള്‍ ഇരിക്കുമ്പോഴാണ് പെട്ടെന്ന് കറന്റ് പോയത്. അല്പസമയം കൂടി ഇരുന്നിട്ടും വൈദ്യുതി പുനസ്ഥാപിക്കുന്നില്ല എന്ന് കണ്ട് നിരാശയോടെ ഞങ്ങള്‍ നേരത്തെ വീട്ടിലേക്ക് പോയി. പിന്നെ മൂന്നു ദിവസ്സം കഴിഞ്ഞപ്പോള്‍ വീണ്ടും കറന്റ് കട്ട്! അന്ന് തിരിച്ചു പോകുമ്പോള്‍ കുട്ടികളില്‍ മൂത്തവനായ കുട്ടന്‍-എട്ടാം ക്ലാസ്സുകാരന്‍- എന്നോട് പറഞ്ഞു;
“ടീച്ചറേ ഇത് കറന്റ് പോയതല്ല; ആകാശവാണി മെയിന്‍‌സ്വിച്ച് ഓഫാക്കിയതാ”
ഞാന്‍ അത് എതിര്‍ത്തപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു, “ടീച്ചര്‍ ശ്രദ്ധിച്ചൊ, കറന്റ് പോകുന്ന സമയത്ത് ആകാശവാണി നമ്മുടെ കൂടെയില്ല എന്നകാര്യം, ഇത് ഞാന്‍ പൊളിക്കുന്നുണ്ട്, ഞങ്ങള്‍ ടീവി കാണുന്നത് ഇഷ്ടമില്ലെങ്കില്‍ അത് അവര്‍ക്ക് പറഞ്ഞ് കൂടേ?”.
അങ്ങനെ ഒരാഴ്ച കഴിഞ്ഞു; ഒരു ദിവസം എട്ട് മണികഴിഞ്ഞപ്പോള്‍ കറന്റ് പോയി. ഇരുട്ടത്ത് ആരും ആരെയും കണ്ടില്ല;
അപ്പോള്‍ കുട്ടന്റെ ശബ്ദം “എല്ലാവരും ഇവിടെയിരുന്നാല്‍ മതി, കറന്റ് കാര്യം ഞാന്‍ ശരിയാക്കാം”.
ഇതും പറഞ്ഞ് കുട്ടന്‍ നേരെ മുറ്റത്തേക്കിറങ്ങി. അല്പസമയം കഴിഞ്ഞപ്പോള്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് കറന്റ് വന്നു, അതോടൊപ്പം കുട്ടനും.
വന്നപാടെ കുട്ടന്‍ പറഞ്ഞു “ഇനി എല്ലാവരും സ്വന്തം വീട്ടില്‍ ടീവി വാങ്ങിയിട്ട് കണ്ടാല്‍ മതി, ഞങ്ങളെ ഒഴിവാക്കാന്‍ വേണ്ടി വല്ല്യമ്മ മെയിന്‍‌സ്വിച്ച് ഓഫാക്കിയതാ”.
അന്ന് രാത്രി കുട്ടന്റെ പിന്നാലെ ഞങ്ങള്‍ എല്ലാവരും ഇറങ്ങി.
..
പിന്നെയോ??? ആ ദിവസം മുതല്‍ അന്യ വീട്ടില്‍ പോയി ടീവി കാണുന്ന പരിപാടി ഞങ്ങള്‍ നിര്‍ത്തി. ആകാശവാണി ഒന്നും സംഭവിക്കാത്ത മട്ടില്‍ പൂര്‍വ്വാധികം സ്നേഹത്തോടെ പിറ്റേ ദിവസവും എന്നോട് സംസാരിച്ചു.
.


പിന്‍‌കുറിപ്പ്:

  1. ആകാശവാണിക്ക് ആ പേര്‍ ലഭിച്ചതും മുന്‍ ചരിതവും 9, 11 എന്നീ പോസ്റ്റുകളില്‍ നിന്ന് വായിക്കാം.
  2. കോളേജില്‍ പഠിച്ചതു കൊണ്ടും നാട്ടിലെ ടീച്ചറായതു കൊണ്ടും, രാത്രിയും പകലും ഒരുപോലെ കറങ്ങാന്‍ എനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസം എന്നെ രക്ഷിക്കുന്നു.

14 comments:

  1. നല്ലൊരു പോസ്റ്റ്‌....
    ഇത് പോലെ ആകാശവാണി യെ നാട്ടില്‍ കുറെ കണ്ടിട്ടുണ്ടെന്ന് തോനുന്നു

    ReplyDelete
  2. രസായിട്ടുണ്ട്.. ആകാശവാണി ഇപ്പോഴെന്തു ചെയ്യുന്നു...

    ReplyDelete
  3. നന്നായിട്ടുണ്ട് രസകരം.

    ReplyDelete
  4. കൊള്ളാ‍ാം ടീച്ചറേ..ആകാശവാണി ചരിതം..

    പഴയ കാലത്തേക്ക് ഒരു വെളിച്ചം വീശലായി ഈ ചരിതം

    ReplyDelete
  5. മിനി ടീച്ചറെ ..നന്നായിട്ടുണ്ട് ..ഈ ആകാശവാണി ചരിതം ..
    :)

    ReplyDelete
  6. നന്നായിട്ടുണ്ട് മിനി ടീച്ചറെ

    ReplyDelete
  7. പഴയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി മിനിട്ടീച്ചര്‍.

    ReplyDelete
  8. റ്റി വി വന്നാലും പണം വന്നാലും
    ആകാശവാണിയെ പോലെ
    ചില മനസ്സിലെ അല്‍പ്പത്വം അതു മാറില്ല ..
    തനിക്ക് മാത്രമേ ബുദ്ധിയുള്ളു അതുകൊണ്ട്
    തന്റെ വിദ്വാഴ്മ ആര്‍ക്കും മനസ്സിലാവില്ല എന്നു കരുതുന്നവര്‍.
    ഒന്നും തിരിച്ചു പറയാതെ
    ആ കൂട്ടരെ തികച്ചും അവഗണിക്കുക
    അതാണു അവര്‍ക്ക് കൊടുക്കാവുന്ന
    ഏറ്റവും വലിയ ശിക്ഷ....

    ReplyDelete
  9. ടീച്ചറെ ആകാശവാണി ചരിതം കൊള്ളാം...പിന്നേ ഈ കമന്റ് എഴുതാനുള്ള ലിങ്ക് നോക്കിയിട്ട് കാണുന്നില്ല. അതിന്റെ കളര്‍ മാറ്റിയിട്ടാല്‍ ശരിയാകുമായിരുന്നു...വയസ്സായത് കൊണ്ട് കണ്ണ് അങ്ങോടു പിടിക്കുന്നില്ല..

    ReplyDelete
  10. nannayittund... pinne ee aakashavani, nammude sudhan nairude ........aanennu tonnunnu.....ee sambhavam anikku visualise cheyyumbol nalla tamasha tonnunnu..... expect more akasavani blogs......

    ReplyDelete
  11. ദീപക് രാജ്|Deepak Raj (..Thanks
    Prasanth (.. Thanks
    കണ്ണനുണ്ണി (..
    കുമാരന്‍|kumaran (..
    Raseela (..
    ബഷീര്‍ വെള്ളറക്കാട് (..
    കുക്കു (..
    SHAIJU KOTTATHALA (..
    അനില്‍@ബ്ലോഗ് (..
    മാണിക്ക്യം (..
    രഘുനാഥന്‍ (..
    കമന്റ് എഴുതിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.
    Prasanth (.. ചരിത്രങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ അയല്‍ വക്കത്തുള്ളവരോട് സാദൃശ്യം തോന്നാം. എന്നാല്‍ അത് അവരല്ലെ എന്നു പറഞ്ഞാല്‍ ബ്ലോഗ് എഴുതിയതു കാരണം ആദ്യ രക്തസാക്ഷി ആവുന്നത് ഞാനായിപോവും. അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിനു നന്ദി.

    ReplyDelete
  12. ആകാശവാണിയെ കുറ്റം പറയാന്‍ പറ്റില്ല :( നട്ടപ്പാതിര ആയാലും നാടുകാര്‍ മൊത്തം വീട്ടില്‍ കൂടുക എന്ന് പറഞ്ഞാല്‍ അല്പം കടുപ്പമല്ലേ ?

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!