14.7.09

16. അടുക്കളരഹസ്യം

എന്റെ അമ്മയുടെ ലോകം അടുക്കളയാണ്. എന്നാല്‍ മൂത്ത മകളായ ഞാന്‍ അടുക്കളക്കാര്യത്തിലും പാചകത്തിലും വട്ടപ്പൂജ്യമാണ്. മരിക്കുന്നതു വരെ അടുക്കള മറ്റാര്‍‌ക്കും വിട്ടു കൊടുക്കില്ലെന്ന് അമ്മ പറഞ്ഞെങ്കിലും പ്രായമായി വയ്യാതായപ്പോള്‍ ഇളയ മകന്റെ ഭാര്യക്ക് വിട്ടുകൊടുത്തിരിക്കയാണ്. അതിനാല്‍ അമ്മക്ക് അവളെപറ്റി എന്നും പരാതിയാണ്.



പാചകത്തിന്റെ രസതന്ത്രം പഠിക്കാന്‍ അമ്മ എന്നെ അനുവദിച്ചില്ലെങ്കിലും തൊഴിലുറപ്പു പദ്ധതി പ്രകാരം ചില പ്രത്യേക ജോലികളില്‍ ഞാന്‍ അമ്മയെ സഹായിക്കണം.
  1. നെല്ല്‌ ഉണക്കല്‍ : ചെമ്പ്‌പാത്രം നിറയേ പുഴുങ്ങിയ നെല്ലുമായി വീട്ടിന്റെ രണ്ടാം നിലയില്‍ അമ്മ കയറി വന്ന് നെല്ല് ഉണക്കുന്ന മുറിയിലെ ചാണകം തേച്ച തറയില്‍ കമഴ്ത്തിയിടും. എന്നിട്ട് അടുത്ത മുറിയിലിരുന്ന് പഠിക്കുന്ന എന്നെ നോക്കി പറയും “നീ പഠിച്ചു കഴിഞ്ഞാല്‍ ആ നെല്ലിന് ഒന്ന് കാല്‌‌കൊടുക്കണം”. കാല്‌കൊടുക്കുക എന്ന്‌ പറയുന്നത് കാലുകൊണ്ട് മുറി നിറയേ നെല്ല് ഇളക്കിയിടലാണ്. അത് നെല്ല് ഉണങ്ങുന്നതുവരെ ദിവസേന ചെയ്യണം. പലപ്പോഴും ഞാന്‍ പഠിക്കുന്നുണ്ടാവില്ല. തൊട്ടടുത്ത വായനശാലയിലെ പുസ്തകം വായിച്ച് അതിലെ നായകനോ നായികയോ ആയി മാറിയിരിക്കുമ്പോഴായിരിക്കും അമ്മ എന്നെ വിളിക്കുന്നത്. പിന്നെ ആ നെല്ല് കാലുകൊണ്ട് ഇളക്കുമ്പോള്‍ ഉള്ള ഇളംചൂട് ഇപ്പോഴും ഞാന്‍ അറിയുന്നു.
  2. നെല്ലുകുത്തല്‍ : ഉണങ്ങിയ നെല്ല് ഉരലിലിട്ട‌ശേഷം എന്നെ വിളിച്ച് ചെറിയ ഉലക്ക കൈയില്‍ തന്ന് നെല്ല് കുത്താന്‍ പറയും. വലിയ ഉലക്ക എടുത്ത് അമ്മയും ചേര്‍ന്ന് നെല്ല് കുത്തി അരിയാക്കും. മുറത്തിലുള്ള, ‘ഉമിയൊക്കെ കളഞ്ഞ അരി പാത്രത്തിലിട്ടതിനു ശേഷമുള്ള തവിട്‘ കിണ്ണത്തില്‍ എടുത്ത് തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് കുഴച്ച് ഞങ്ങള്‍ തിന്നും.
  3. ഓല മടയല്‍ : രണ്ട് നില വീടാണെങ്കിലും ഓല കെട്ടിമേയണം. തെങ്ങോല രണ്ടായി കീറി കിണറ്റിന്‍‌കരയില്‍ കൂട്ടിയിട്ട് വെള്ളം ഒഴിക്കും. പിറ്റേദിവസം മുറ്റത്ത് നിവര്‍ത്തിയിട്ട കുതിര്‍ന്ന ഓലയുടെ ആദ്യപകുതി മടയാന്‍ എന്നെ വിളിക്കും. ഓല പൂര്‍ണ്ണമാക്കാന്‍ എന്നെ അനുവദിക്കില്ല. ഞാന്‍ മടഞ്ഞാല്‍ ഭം‌ഗി കുറയും പോലും.


എന്റെ നിര്‍ബന്ധിത ജോലികള്‍ കൂടാതെ തന്നിഷ്ടപ്രകാരം ചെയ്യുന്ന ജോലികള്‍ കൂടിയുണ്ട്.
  1. തേങ്ങ ഉരിക്കല്‍ : തേങ്ങ അരക്കുന്നത് അമ്മയാണ്; ഞാന്‍ ഉരിച്ച് തേങ്ങവെള്ളം കുടിക്കും.
  2. തുണി അലക്കല്‍ : ഇതിന്റെ രഹസ്യം മറ്റൊന്നാണ്. വര്‍ഷത്തില്‍ 9 മാസം സമീപത്തെ തോട്ടില്‍ നിന്നാണ് തുണി അലക്കുന്നത്. അവിടെ നാട്ടിലെ മുതിര്‍ന്ന നാരീജനങ്ങള്‍ അനവധി കാണും. അവര്‍ പറയുന്ന അശ്ലീല നുണക്കഥകളുടെ രസം ഒന്നു വേറെതന്നെയാണ്.
  3. വിറക് പെറുക്കല്‍ : പറമ്പു മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ കിട്ടുന്ന അസുലഭ അവസരമാണിത്.
  4. മീന്‍ മുറിക്കല്‍ : ചിലപ്പോള്‍ കടലില്‍ നിന്ന് പിടിച്ചെടുത്ത ഞണ്ട്, ചെമ്മീന്‍ ആദിയായവ അടുക്കളയില്‍ ഓടിക്കളിക്കുമ്പോള്‍ പിടിച്ച് ചട്ടിയിലിട്ട് വേണം മുറിക്കാന്‍. അതോടൊപ്പം ചില ഐറ്റം വിറകടുപ്പിലിട്ട് ചുട്ടു തിന്നും.
  5. കൃഷി : വയലില്‍ പോയി അച്ഛനാണ് കൃഷി ചെയ്യുന്നത്. പച്ചക്കറികള്‍, മരച്ചീനി, വാഴ, ചേമ്പ്, ചേന, നെല്ല് ആദിയായവ വളരുന്ന ഓരോ ഘട്ടത്തിലും ഞാന്‍ ഉണ്ടാവും. എന്റെ വക പറമ്പില്‍ പച്ചക്കറികൃഷി വേറെയുണ്ടാവും.


ഈ ജോലിയൊക്കെ ചെയ്യുന്നത് സ്ക്കൂള്‍-കൊളേജ് പഠനസമയത്തിന്റെ ഇടവേളയിലാണ്. ബാക്കി സമയം കളിയും കറക്കവുമാണ്. കളിക്കാന്‍ പല പ്രായത്തിലുള്ള ആണ്‍-പെണ്‍ പട കൂടെയുണ്ടാവും. കളിവീടുണ്ടാക്കല്‍, പട്ടകളി, കോട്ടികളി, ചട്ടികളി, ഇട്ടിയും കോലും, കൊത്തങ്കല്ല്, പന്തുകളി, സോഡികളി, തൊട്ടുകളി, തുടങ്ങി അനേകം ഐറ്റം ഇനിയും ഉണ്ട്.
കറങ്ങുന്നത് മിക്കവാറും കടപ്പുറത്ത് ആയിരിക്കും. ഓ ഒരു പണികൂടിയുണ്ട്; കടപ്പുറത്തു പോയാല്‍ കല്ലുമ്മക്കായ, ഓരിക്ക, എളം‌ബക്ക, ഓട്ടിക്ക ആദിയായ ഷെല്‍‌ഫിഷ് ശേഖരിച്ച് വീട്ടിലെത്തിച്ചാല്‍ അസ്സല്‍ കറിയുണ്ടാക്കി അമ്മ വിളമ്പിത്തരും.


എന്റെ അച്ഛനും അമ്മക്കും പ്രാധാനപ്പെട്ടത് മക്കളുടെ പഠനമാണ്; അത് കാരണം അസൂയാലുക്കള്‍ പറയുന്ന പല കാര്യങ്ങളും അവര്‍ കേള്‍‌ക്കാറുണ്ട്. “നീയിങ്ങനെ അടുക്കളപ്പണിയൊന്നും പഠിപ്പിക്കാതെ, ഇവളുടെ കല്ല്യാണം കഴിഞ്ഞാല്‍ എങ്ങനയാ; ഭര്‍ത്താവിന്റെ വീട്ടുകാര്‍ തല്ലിയിറക്കൂല്ലെ?” അമ്മ അതിനു മറുപടിയൊന്നും പറയില്ല.
.
അതുപോലെ അച്ഛനോട് നാട്ടുകാര്‍ ചോദിക്കും, “ഇങ്ങനെ കൂലിപ്പണിയെടുത്ത് കടം വാങ്ങി മോളെ പഠിപ്പിച്ചിട്ട്, നാളെ അവളെ കല്ല്യാണം കഴിച്ചയക്കേണ്ടതല്ലെ?” ആ ചോദ്യത്തിന് അച്ഛന്‍ മറുപടി പറയാറില്ല.

പഠനം കഴിഞ്ഞ് ജോലി കിട്ടി ടീച്ചറായിട്ടും എന്റെ ഒരു പരിപാടിയിലും മാറ്റം വന്നില്ല.


അങ്ങനെയിരിക്കെ എന്റെ കല്ല്യാണം കഴിഞ്ഞു… കടല്‍‌ക്കരയില്‍ നിന്നും നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘കാട്ടുമൂലയില്‍‘. അവിടെ വെച്ചാണ് കാട്ടുമുയല്‍, കാട്ടുകോഴി, കാട്ടുപന്നി, കാട്ടുപൂച്ച ആദിയായവയെ ആദ്യമായി ജീവനോടെ ഞാന്‍ കണ്ടത്. പണ്ട് ആ വീടിന്റെ പിന്നില്‍ പുലിയെ കണ്ടവരുണ്ട്. വളരെ നല്ല ഗ്രാമീണരും വീട്ടുകാരും. കൃഷി ചെയ്യാത്ത ഒരിഞ്ച് സ്ഥലം‌പോലും ആ നാട്ടിലില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ ഏക്കര്‍‌ കണക്കിന് കൃഷി സ്ഥലം ഉണ്ട്.
.
അവിടെയെത്തിയപ്പോഴാണ് അടുക്കള ഒന്ന് ശരിയായി കണ്ടത്. സ്ക്കൂള്‍ വിട്ട് വന്നാലും ഒഴിവു ദിവസങ്ങളിലും പാചക കലയില്‍ അമ്മായിയമ്മയെ സഹായിച്ചു. വളരെ നല്ല അമ്മയാണ്; എന്നാല്‍ ഏഴാങ്ങളമാര്‍ക്കും കൂടി അവിടെ ഒരു പെങ്ങളുണ്ട്, ഒരു ‘കുട്ടിക്കാന്താരി’. എഴാം ക്ലാസ്സുകാരിയാണെങ്കിലും അടുക്കളപ്പണിയില്‍ അവള്‍ പീജി കഴിഞ്ഞിരിക്കുന്നു. അദ്ധ്യാപകനായ മൂത്ത ഏട്ടന്റെ ഭാര്യയാണെന്നും അവളെക്കാള്‍ വലിയ പിള്ളേരെ പഠിപ്പിച്ചിട്ടാണ് ഞാന്‍ വരുന്നതെന്നും ഉള്ള ഒരു ചിന്തയും അവള്‍ക്കില്ല. അടുക്കളപ്പണിയില്‍ എന്റെ ഓരോ കുറ്റവും അവള്‍ തൊണ്ടിസഹിതം കണ്ടുപിടിച്ച് പരിഹസിക്കും.



ക്രമേണ ഒരു കാര്യം എനിക്കു മനസ്സിലായി; കല്ല്യാണം കഴിച്ച പെണ്ണിനെ ഭര്‍ത്താവ് ഭാര്യയായി സ്വീകരിക്കുന്നു, എന്നാല്‍ അവന്റെ വീട്ടുകാര്‍ അവളെ വീട്ടുവേലക്കാരിയായി സ്വീകരിക്കുന്നു. മരുമകള്‍ ടീച്ചറാണെന്ന പരിഗണനയൊന്നും ഇവിടെയില്ല. രാവിലെ എല്ലാവരും ചേര്‍ന്ന് അടുക്കളപ്പണിയൊക്കെ പെട്ടെന്ന് തീര്‍ക്കും. എട്ടുമണിയാവുമ്പോള്‍ ഞാന്‍ സ്ക്കൂളിലേക്ക് ഓടിപ്പോവും. അരമണിക്കൂര്‍ ഓടിയാല്‍ ബസ് കിട്ടും; നടന്നാല്‍ ബസ് പോയിരിക്കും, അടുത്ത ബസ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. (ടോട്ടല്‍4ബസ്‌മാത്രം) വൈകുന്നേരം പിള്ളേരോട് മത്സരിച്ച് ആദ്യബസില്‍ കയറിപ്പറ്റി വീട്ടില്‍ ഓടിയെത്തി യൂനിഫോം മാറ്റി അടുക്കളയില്‍ വന്ന് ലോഹ്യം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആ കുട്ടിക്കാന്താരി ചിരിച്ച്കൊണ്ട് പറയുന്നു,
“ഏടത്തി ഇതുവരെ ഒരുപണിയും ചെയ്തിട്ടില്ലല്ലൊ, എല്ലാം ഞങ്ങളല്ലെ ചെയ്തത്, ബാക്കി അടുക്കളപ്പണിയൊക്കെ ഇനി നിങ്ങള്‍ ചെയ്യ്” ഇതും പറഞ്ഞ് അമ്മയും പെങ്ങളും അടുക്കളക്ക് റ്റാറ്റ പറയും.


പിന്നെ ചോറ് തിന്നാന്‍ മാത്രം പ്രത്യക്ഷപ്പെടും. സ്ക്കൂളില്ലാത്ത ദിവസങ്ങളില്‍ രാവിലെ കാപ്പികുടിയൊക്കെ കഴിഞ്ഞ്; കത്തി, കത്തിവാള്‍, കൈകോട്ട്, മുറം, വല്ലം എന്നിവ പുറത്തെടുത്ത് ചാരവും ചാണകവും ചപ്പുചവറും വാരി അമ്മയും പെങ്ങളും വയലിലേക്കിറങ്ങും. ഒപ്പം അന്ന് ജോലിക്ക് പോകാത്ത ആണുങ്ങളും, ‘അച്ഛനൊഴികെ. തിരിച്ചുവരുമ്പോള്‍ നേരാം‌വണ്ണം ചോറും കറിയും സമയത്ത് ആയിട്ടില്ലെങ്കില്‍ എന്നോട് ഒന്നും പറയില്ല, എന്നാല്‍ അവരുടെ ബോഡീലേഗ്വേജില്‍ നിന്നും കാര്യം മനസ്സിലായ ഞാന്‍ ഒന്നും അറിയാത്ത മട്ടിലിരിക്കും.


അങ്ങനെയുള്ള ഒരു ദിവസം: പതിവുപോലെ പച്ചക്കറി നടാന്‍ അമ്മ പെങ്ങള്‍ ആണ്‍‌മക്കള്‍ സം‌ഘം എന്നെയും അമ്മയിയച്ഛനെയും വീട്ടിലാക്കി സ്ഥലം വിട്ടു. ഞാന്‍ ചോറ് വെക്കാന്‍ ആരംഭിച്ചു. വലിയ അലൂമിനിയപാത്രത്തില്‍ വെള്ളം നിറച്ച് അടുപ്പത്ത് വച്ച് വിറക് കത്തിച്ച് അരി കഴുകാനായി എടുത്തു. തലേ ദിവസം കൊണ്ടുവന്ന റേഷന്‍ പച്ചരിയാണ് അരിപ്പാത്രത്തില്‍ ഉള്ളത്. അവിടെ ഞാനൊഴികെ എല്ലാവര്‍‌ക്കും പച്ചരി ഇഷ്ടമാണ്. അരി കഴുകി പാത്രത്തിലിട്ട് തിളക്കാന്‍ തുടങ്ങിയപ്പോഴാണ് തുണി കഴുകേണ്ട കാര്യം ഓര്‍ത്തത്. സാധാരണ ചോറ് വേവാന്‍ രണ്ട് മണിക്കൂര്‍ വേണം; ഇത് പച്ചരിയായതിനാല്‍ ഒരു മണിക്കൂര്‍ മതിയാവും. അടുപ്പില്‍ കൂടുതല്‍ വിറക് നിറച്ച് ഒന്നുകൂടി കത്തിച്ചശേഷം കഴുകാനുള്ള ഡ്രസ്സുകള്‍ ഒരു കെട്ടാ‍ക്കി അടുത്തുള്ള ചെറിയ പുഴയിലേക്ക് നടന്നു. അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചു വന്ന് തുണിയൊക്കെ ഉണക്കാനിട്ട് വിറക് ഒന്നുകൂടി കത്തിച്ചശേഷം ചോറ് വെന്തോ എന്ന് നോക്കുമ്പോഴാണ് അത് മുഴുവന്‍ അരിയും വള്ളവും യോജിച്ച് പശയായി മാറി എന്ന് കണ്ടത്. കളയാനൊട്ടു ധൈര്യം വരാത്തതിനാല്‍ ചോറ് വാര്‍‌ത്തെങ്കിലും ഒരു തുള്ളിപോലും വെള്ളം പുറത്തു പോയില്ല.

നല്ലവരായ വീട്ടുകാര്‍ എന്നെ ഒന്നും ഒന്നും പറഞ്ഞില്ല, ചെയ്തില്ല. എന്നാല്‍ എന്നെ അവിടെനിന്നും തല്ലിയിറക്കുന്നതിനു മുന്‍പ് കിട്ടിയ ചാന്‍സിന് അദ്ദേഹത്തെയും അടിച്ചുമാറ്റി പുതിയ വീട്ടിലേക്ക് താമസം മാറ്റി.


പിന്‍‌കുറിപ്പ്:

  1. അടുത്ത കാലത്ത് കല്ല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ കൂടെ ഒമാനിലേക്ക് പോയ മകള്‍ ഒരാഴ്ച മുന്‍പ് രാവിലെ വിളിക്കുന്നു. ഒരു ചെറിയ സംശയം, “ഇഡ്ഡ്‌ലി ഉണ്ടാക്കാന്‍ മാവ് കുഴച്ച്, ഇഡ്ഡ്‌ലി പാത്രം അടുപ്പത്ത് വെച്ചിട്ടുണ്ട്. ഇഡ്ഡ്‌ലിതട്ട് വെച്ച് മാവൊഴിക്കുമ്പോള്‍ അടിയില്‍ പാത്രത്തില്‍ വള്ളം ഒഴിക്കണോ?”
  2. ആ കാട്ടുമൂലയില്‍ ഇനി ഒരു കാട്ടുജീവിയേയും കാണില്ല. കാരണം സമീപത്ത് വിമാനത്താവളം വരുന്നുണ്ട്.
  3. നാട്ടിന്‍‌പുറത്തെ നാടന്‍ ഐറ്റങ്ങള്‍ കണ്ണൂരിലെ നാടന്‍‌ഭാഷയിലാണ് പറഞ്ഞത്.
  4. വായ്യിച്ച പുസ്തകത്തിലെ നായകനാവാനാണ് കൂടുതലിഷ്ടം, പ്രത്യേകിച്ച് ഡിക്റ്ററ്റീവ് നോവല്‍. ഡ്രാക്കുള വായിച്ച് നായകനായ ഞാന്‍ കാര്‍പ്പേത്ത്യന്‍ മലകളൊക്കെ ചുറ്റിക്കറങ്ങി ഒടുവില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാത്രി ഒരു മണി. പിന്നെ പേടിച്ച് ഉറക്കം വന്നില്ല. ഒടുവില്‍ മേശപ്പുറത്തുള്ള പുസ്തകം ഇരുമ്പ്‌പെട്ടിയില്‍ അടച്ചുപൂട്ടിയപ്പോള്‍ ഉറങ്ങി.

18 comments:

  1. അതി മനോഹരമായ എഴുത്ത്...

    ReplyDelete
  2. കൊള്ളാം.
    :)
    അടുക്കള ഒരു സംഭവം തന്നെയാണെ.
    അതിന്റെ നിയന്ത്രണത്തിനു വേണ്ടി അമ്മയും അമ്മൂമ്മനും ഇപ്പോഴും ഗുസ്തി പിടിക്കുകയാണിവിടെ.

    ReplyDelete
  3. ടീച്ചറോട് കട്ടക്ക് പിടിക്കും നമ്മുടെ വാമഭാഗം...

    പഴയ ഓര്‍മ്മകള്‍ നന്നായിരിക്കുന്നു....

    ReplyDelete
  4. നന്നായിട്ടുണ്ട് ടീച്ചറേ.

    ReplyDelete
  5. ചാത്തനേറ്:കൊള്ളാം, ആണ്‍ ബാച്ചികള്‍ തനിച്ച് താമസിച്ച് വരുന്ന ഇക്കാലത്ത് പഴേ ഉണ്ണിയാര്‍ച്ചയുടെ മൊഴി തിരിച്ചു ചൊല്ലേണ്ടി വരുമോ “ആണായ ഞാന്‍ പോലും ചോറ് വയ്ക്കും പെണ്ണായ നിനക്ക് അതറിയില്ലെന്നോ”

    ReplyDelete
  6. nannayittund...ithrayum turannezhuthiyathin appreciate cheyyunnu. vayalkarayilulla gopiyettante ( kallu) veed ariyo

    ReplyDelete
  7. നല്ല രസോണ്ട് ട്ടോ ചുമ്മാ വായിച്ചു പോവാന്‍...
    കുട്ടിക്കാലം മുതല്‍ ഇപ്പൊ മൂന്നാമത്തെ തലമുറയുടെ വരെ കഥ പറഞ്ഞു കഴിഞ്ഞു ഒറ്റ പോസ്റ്റില്‍

    ReplyDelete
  8. ഹ ഹ. കൊള്ളാം. നല്ല എഴുത്ത്. ഇഷ്ടമായി

    ഒറ്റമകളായതു കൊണ്ടും അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നതു കൊണ്ടും ചെറുപ്പത്തിലേ മുതൽ കുക്കിങ്ങിൽ പയറ്റാൻ കഴിഞ്ഞ ഒരു ഭാഗ്യവതിയാ ഞാൻ.ഇപ്പോഴും നാട്ടിൽ ചെന്നാൽ അടുക്കള എന്റെ കയ്യിൽ:))

    ReplyDelete
  9. കുമാരന്‍, അഭിനന്ദനത്തിനു നന്ദി:)

    അനില്‍@ബ്ലോഗ്, അടുക്കളയില്‍ കയറിയിട്ട് തന്നെ വേണം സംഭവം ഒന്നു കാണാന്‍ :)

    ആദ്ര ആസാദ്/Ardra azad,.. അഭിപ്രായത്തിനു നന്ദി :)

    Typist|എഴുത്തുകാരി , നന്ദി :)

    jamaal,.. നന്ദി:)

    കുട്ടിച്ചാത്തന്‍ .. ഒരിക്കല്‍ എന്റെ സ്ക്കൂളിലെ ഒരു ടീച്ചറുടെ മകളെ പെണ്ണു കാണാന്‍ ചെറുക്കന്‍ പാര്‍ട്ടി വന്നു. പയ്യന്‍ പെണ്ണിനോട് പലതും ചോദിച്ചു, ശേഷം പയ്യനോട് എന്തെങ്കിലും ചോദിക്കണമെന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു “ചോറും കറിയും വെക്കാനറിയുമോ?”

    Prasanth ...വളരെ നന്ദി:)

    കണ്ണനുണ്ണീ.. ഇതില്‍ മൂന്ന് തലമുറകള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചതിനു നന്ദി :)

    lakshmy.. എന്റെ ബ്ലോഗില്‍ വന്ന് അഭിപ്രായം പറഞ്ഞതിനു നന്ദി :)

    താരകന്‍.. നന്ദി :)

    ReplyDelete
  10. നല്ല എഴുത്ത്...മിനീ ആശംസകള്‍

    ReplyDelete
  11. കൊള്ളാംട്ടോ ടീച്ചറേ...

    ReplyDelete
  12. ടീച്ചറെ ..എപ്പോഴും വായിക്കാറുണ്ട് ബ്ലോഗ്‌. ഓഫീസില്‍ കമന്റ്‌ പേജ് ബ്ലോക്ക്‌ ആയതു കാരണം കമന്റ്‌ ഇടാന്‍ പറ്റാറില്ല. ഒന്നാന്തരം എഴുത്ത്

    ReplyDelete
  13. രഘുനാഥന്‍:-
    വിനുവേട്ടന്‍|vinuvettan:-
    സുദേവ്:-
    അടുക്കളരഹസ്യം അറിഞ്ഞ് അഭിപ്രായം പറഞ്ഞതിനു നന്ദി.

    ReplyDelete
  14. >>>>അന്ന് ജോലിക്ക് പോകാത്ത ആണുങ്ങളും, ‘അച്ഛനൊഴികെ. തിരിച്ചുവരുമ്പോള്‍ നേരാം‌വണ്ണം ചോറും കറിയും സമയത്ത് ആയിട്ടില്ലെങ്കില്‍ എന്നോട് ഒന്നും പറയില്ല, എന്നാല്‍ അവരുടെ ബോഡീലേഗ്വേജില്‍ നിന്നും കാര്യം മനസ്സിലായ ഞാന്‍ ഒന്നും അറിയാത്ത മട്ടിലിരിക്കും. <<<<


    എന്തൊരു അടക്കവും ഒതുക്കവും. ഇങ്ങിനെ വേണം.. :)

    ReplyDelete
  15. പഴയ കമന്റുകള്‍ക്കിടയില്‍ എന്റെ പുതിയ കമന്റും കിടക്കട്ടെ. പ്രകൃതിയെ നന്നായി മനസ്സിലാക്കിയ ടീച്ചറുടെ ജീവിതം പുതിയ തലമുറയിലെ കുട്ടികള്‍ക്കൊരു പാഠ പുസ്തകമാണ്. ടിച്ചര്‍ എല്ലാ മേഖലകളിലും കൈ വെച്ച് വളര്‍ന്നതു കൊണ്ട് ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ഒരു രസമില്ലെ? ടീവിയില്‍ മധുപാലിന്റെ ഒരു സീരിയല്‍ കാണാ‍റുണ്ട്.അതിലെ ദേവൂട്ടിയെ ഓര്‍ത്തു പോയി ടീച്ചറുടെ ചില വിവരണങ്ങള്‍ കണ്ടപ്പോള്‍. പച്ചയായ ജീവിതം അപ്പടി ഒപ്പിയെടുക്കുന്ന ടീച്ചറുടെ ഈ ശൈലി എനിക്കിഷ്ടമാണ്. അഭിനന്ദനങ്ങള്‍!.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!