30.10.09

25. കലാലയ ജീവിതത്തിലെ ഒരു മലയാളം ക്ലാസ്സ്




   ഒരുവട്ടം കൂടിയ പ്രീഡിഗ്രി ക്ലാസ്സില്‍
   ഒരുമിച്ചിരിക്കുവാന്‍ ...   മോഹം.
   വെറുതെയാ മോഹമെന്നറിയുന്ന നേരത്ത്
   വെറുതെ ഓര്‍ത്തിരിക്കുവാന്‍ ...   മോഹം.

                     അതെ സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ, ചിരിയും കണ്ണീരും കൊണ്ട് നിറഞ്ഞ; ആ പ്രീ ഡിഗ്രി ക്ലാസ്സ്. - നമ്മുടെ കോളേജുകളില്‍ നിന്ന് മുറിച്ചുമാറ്റിയത്  ‘പ്രീ ഡിഗ്രിയല്ല’; കലാലയ സ്വപ്നങ്ങളുടെ ‘ചിറകുകളാണ്’. പഠനത്തിന്റെ വിരസതയില്ലാത്ത കുസൃതികളും തമാശകളും പ്രേമവും സ്വപ്നവും ചേര്‍ന്ന് അലയടിക്കുന്ന ആ ലോകം. ഒടുവില്‍ വിരഹം പേറുന്ന മാര്‍ച്ച് മാസത്തില്‍ നമുക്ക് കാണാന്‍ കഴിയും;


   എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും
   അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം.
   ആമരത്തണലില്‍ പൂക്കള്‍ക്കൊപ്പം
   കണ്ണീര് പെയ്യുന്നു, പ്രണയജോഡികള്‍.

                       എന്നാല്‍ പ്രേമിക്കുക എന്നത് അത്ര എളുപ്പമായിരിന്നില്ല. മനസ്സില്‍ തോന്നുന്നത് ഒന്ന് പറയാന്‍ (പരസ്പരം ഒന്ന് സ്നേഹിക്കാന്‍ ) മരച്ചുവട്ടിലോ, കോളേജ്‌കേന്റീനിലോ, മതിലിന്റെ പിന്നിലൊ, ജോഡികളായി ഇരിക്കുന്നത് പിടിച്ചാല്‍ (പിടിക്കുന്നത് അദ്ധ്യാപകരൊ മറ്റു ജീവനക്കാരോ ആവാം) കിട്ടുന്നത് സസ്പെന്‍‌ഷന്‍ ആയിരിക്കും. ആ വിവരം നോട്ടീസ്‌ബോര്‍ഡില്‍ പതിക്കുക മാത്രമല്ല, എല്ലാ ക്ലാസ്സുകളിലും മെമ്മൊ ആ‍യും അറിയിക്കും. അത്കൊണ്ട് ആരെങ്കിലും പ്രേമിക്കാതിരിക്കുമോ?
                        ന്യൂട്ടന്റെ മൂന്നാം ചലന നിയമം പഠിക്കുന്നത് പ്രീഡിഗ്രി കാലത്താണ്; ‘For every action there is an equal and opposite reaction’ . അതുപോലെ സസ്പെന്‍ഷന്‍ ഡിസ്മിസ്സല്‍ ആയാലും കൌമാരപ്രായക്കാരുടെ പ്രണയത്തിന്റെ തീവ്രത വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
.
                       എന്നാല്‍ എന്താണെന്നറിയില്ല, കൂടെപഠിക്കുന്ന ഒരുത്തനോടും എനിക്ക്  പ്രേമം തോന്നിയില്ല; അതായത് എനിക്ക് പ്രേമിക്കാന്‍ യോഗ്യതയുള്ള ആരെയും ഞാന്‍ കണ്ടില്ല. പിന്നെ പ്രേമിച്ചത് മുഴുവന്‍ അദ്ധ്യാപകരെയാണ്. അത്കൊണ്ട് എന്റെ പ്രേമം പുറത്തുവിടാതെ മനസ്സില്‍ ഒളിപ്പിച്ചു. എന്റെ പ്രീ ഡിഗ്രി കാലത്ത് ചെറുപ്പക്കാരായ അവിവാഹിതരായ ‘പുരുഷ ലക്ച്ചര്‍മാരുടെ’ ഒരു പടതന്നെ ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ അവരെ ആരാധിക്കുകയും പിന്നെ ആരാധന മൂത്ത് പ്രേമിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ഒരാളായതിനാല്‍ എന്റെ പ്രേമവും പൂക്കാതെ കായ്ക്കാതെ കരിഞ്ഞുപോയി.
 .
                        എന്റെ ജീവിതത്തിലെ ഏറ്റവും വലുത് എന്ന് ഞാന്‍ വിശ്വസിച്ച, ‘ചെറിയ അപകടം’ നടന്നത് പ്രീ ഡിഗ്രി പഠനകാലത്താണ്. ഇതുവരെ ആരോടും പറയാത്ത ആ അപകടം ഇപ്പോഴും ഞാന്‍ പറയത്തില്ല. വളരെ നിസ്സാരമായ അപകടത്തെ ഒരു ആനക്കാര്യമായി ഞാന്‍ കണക്കാക്കുകയും അതില്‍ നിന്നുള്ള പാഠങ്ങള്‍  ഉള്‍ക്കൊണ്ട്, ഭാവി ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തി ആനപ്പുറത്ത് കയറാനും എനിക്ക് കഴിഞ്ഞു. (ഒരിക്കല്‍ ശരിക്കും ആനപ്പുറത്ത് ‘ഈ ഞാന്‍ ’ കയറിയിട്ടുണ്ട്; നാല് കാലും ഒരു വാലും ഒരു തുമ്പിക്കൈയും ഉള്ള, ജീവനുള്ള ഒറിജിനല്‍ ആനയുടെ പുറത്ത് തന്നെ. എന്നെയുംകൊണ്ട് ആന പത്ത് മിനുട്ട് നടന്നു)
.
                          ഈ പോസ്റ്റ് വായിക്കുന്നവരില്‍ പലരും ഞാന്‍ പറയുന്ന സംഭവം നടക്കുന്ന കാലത്ത് ജനിച്ചവരായിരിക്കില്ല. നാല്പത് വര്‍ഷം മുന്‍പുള്ള കണ്ണൂര്‍ എസ്. എന്‍ . കോളേജാണ് ഞാന്‍ ഇവിടെ വിവരിച്ചത്. കോളേജില്‍ ചേര്‍ന്നതിനു ശേഷം ഒരു വര്‍ഷം (ഫസ്റ്റ് പീഡീസി) പലരും പലതും പഠിപ്പിച്ചു; എന്നാല്‍ ഒന്നും മനസ്സിലായില്ല. കാരണം എല്ലാം ഇംഗ്ലീഷ് തന്നെ. ചോദിക്കുന്നതും പറയുന്നതും ഇംഗ്ലീഷില്‍ മാത്രം.  ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും വന്ന ചില വിദ്യാര്‍ത്ഥികള്‍ ഓരോ ബാച്ചിലും കാണും. അവര്‍ മലയാളികളെക്കാള്‍ ഉന്നതസ്ഥാനീയരാണ് എന്ന് അറിയിക്കാന്‍ പരമാവധി പൊങ്ങച്ചം കാട്ടും. 


                     അവര്‍ സംസാരിക്കുന്നതും നടക്കുന്നതും കുടിക്കുന്നതും തിന്നുന്നതും എല്ലാം ഇംഗ്ലീഷില്‍; അതങ്ങനെയാണ്. നമ്മള്‍ കേന്റീനില്‍ ചായക്കും കാപ്പിക്കും വേണ്ടി തിക്കിതിരക്കി മുന്നിലെത്തി ‘ഒരു കാപ്പി’ എന്ന് പറയുമ്പോള്‍ സമീപത്തു നിന്നും ചിലപ്പോള്‍ കേള്‍ക്കാം ഒരു കിളിനാദം ‘ഒണ്‍ കോഫീ പ്ലീസ്
 .
                      പിന്നെ കോളേജില്‍ ചേര്‍ന്നാല്‍ വേഷം സാരി ആയിരിക്കണം എന്ന ചിന്ത പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്നു. പ്രീ ഡിഗ്രി ഒന്നാം വര്‍ഷം പാവാടക്കാരിയായി വന്ന അവളുമാരെല്ലാം വെക്കേഷന്‍ കഴിഞ്ഞ് തിരിച്ച് രണ്ടാം വര്‍ഷത്തിലേക്ക് വരുന്നത് സാരിയിലായിരിക്കും. ഈ പാവാട ഒന്നുകില്‍ മുട്ടിനു മുകളില്‍, അല്ലെങ്കില്‍ നിലത്തിഴയുന്നത് ആയിരിക്കും. ചില മിടുക്കികള്‍ അമ്മയുടെ പഴയ ഇരുമ്പുപെട്ടി തുറന്ന്, അവരുടെ മധുവിധു കാലത്ത് വാങ്ങിയ, പഴമയുടെ ഗന്ധമുള്ള പട്ടുസാരികള്‍ അമ്മ അറിയാതെ പുറത്തെടുക്കുന്നത് അപ്പോഴായിരിക്കും. 


                       ഡിഗ്രി വിദ്യാര്‍ത്ഥിനികള്‍ പൂര്‍ണ്ണമായി സാരിയിലേക്ക് കടക്കും. ഇതിനിടയില്‍ ‘ഹാഫ്‌സാരി എന്ന് പറയുന്ന ധാവണി’ ധരിച്ച് ചിലര്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ആദ്യമായി കാണുന്നവര്‍ വാ പൊളിച്ച് നോക്കിനില്‍ക്കുന്ന ഒരു വേഷത്തില്‍ അപൂര്‍വ്വം ചിലരെ കാണാം. മുട്ടോളമെത്താന്‍ മടികാണിക്കുന്ന ഉടുപ്പിട്ട്, മുടിയൊക്കെ മുറിച്ച് ഉയര്‍ത്തി, നിര്‍ത്താതെ ചറപറാ ഇംഗ്ലീഷ് പറഞ്ഞ്, ആണിവെച്ച് ഉയര്‍ത്തിയ ചെരിപ്പുമിട്ട് അവര്‍ നടന്നുപോകുമ്പോള്‍ ചുറ്റും കാണും ഒരു പട നാടന്‍ മലയാളികള്‍. അതാണ് ആഗ്ലോഇന്ത്യന്‍‌ . (ഇന്ന് ഈ വേഷക്കാര്‍ കേരളത്തിലെ  എല്ലാവിട്ടിലും കാണും)
 .
                         നമ്മുടെ മാതൃഭാഷക്ക് –മലയാളത്തിന്‍- എന്തോ ഒരു അയിത്തം കല്പിച്ച ഒരു കാലമായിരുന്നു അത്. സെക്കന്റ് ലേഗ്വേജ് ആയി മലയാളവും ഹിന്ദിയും കോളേജില്‍ വെച്ച് പഠിപ്പിക്കുന്നുണ്ട്. പ്രീ ഡിഗ്രി ക്ലാസ്സിലെ മൂന്നില്‍ രണ്ട് ഭാഗം വിദ്യാര്‍ത്ഥികളും മലയാളം ഒഴിവാക്കി ഹിന്ദി പഠിക്കുന്നു. മലയാളത്തെ സ്നേഹിക്കുന്ന ഒരു ചെറിയ വിഭാഗം മാത്രം സ്വന്തം മലയാളഭാഷ പഠിക്കുന്നു. മലയാളത്തില്‍ ആരും തോല്‍ക്കാറില്ല. എന്നാല്‍ തോറ്റാലും ചിലര്‍ക്ക് ഹിന്ദി തന്നെ പഠിക്കണം.
.
                        നമ്മുടെ മലയാളം ക്ലാസ്സ് വളരെ രസകരമായിരുന്നു. അന്യജില്ലക്കാരായ ലക്ച്ചര്‍മാരുടെ രസകരമായ  ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഒരു മണിക്കൂര്‍ കടന്നുപോകുന്നത് അറിയത്തില്ല. പിന്നെ മലയാളം ക്ലാസ്സില്‍ എന്റെ സ്ഥാനം പിന്‍ബെഞ്ചിലാണ്. സ്വന്തം ക്ലാസ്സില്‍ നിന്നും മലയാളത്തിനു വേണ്ടി മറ്റൊരു ക്ലാസ്സില്‍ വന്നിരിക്കുമ്പോള്‍ ഒരിക്കലും മുന്നില്‍ സ്ഥാനം ലഭിക്കാറില്ല.
.
                        ‘മലയാളം അധ്യാപകരില്‍ ഒരാള്‍‘ അല്പം അശ്ലീലവും തമാശയും പറയുന്ന ആളാണ്. ശിഷ്യഗണങ്ങള്‍ക്ക് പ്രീയപ്പെട്ട അദ്ദേഹം ചിലപ്പോള്‍ പരിധി വിട്ട് പുറത്ത് കടക്കാറും ഉണ്ട്. ക്ലാസ്സില്‍ ലെയിറ്റായി വരുന്ന ശിഷ്യനോട് ചോദിക്കും,
 “എവിടെ നിന്നാ വരുന്നത്? ഭാര്യാഗൃഹത്തില്‍ നിന്നാണോ?”
                            അത് കേള്‍ക്കുന്ന ചിലര്‍ പ്രതികരിച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നു. ടെക്‍സ്റ്റ് പുസ്തകവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളായിരിക്കും പഠിപ്പിക്കുന്നത്. ഒരു ദിവസം മുഴുവന്‍ മലയാളം ക്ലാസ്സില്‍ അദ്ദേഹം ലക്ച്ചര്‍ നടത്തിയത് സ്ത്രീ സൌന്ദര്യത്തെപറ്റിയായിരുന്നു. ഞങ്ങള്‍ മുഴുവന്‍ കേട്ടിരുന്നു എന്ന് പറയുന്നത് ശരിയല്ല. പലരും പ്രോബ്ലം സോള്‍വ് ചെയ്യുന്നു. ചിലര്‍ റെക്കാഡ് എഴുതുന്നു. മറ്റു ചിലര്‍ ഉറങ്ങുന്നു. ഞാന്‍ പിന്നിലിരുന്ന് ലൈബ്രറി പുസ്തകം വായിക്കുന്നു.

                         നമ്മുടെ അദ്ധ്യാപകന്‍ സൌന്ദര്യ വര്‍ണ്ണനയുമായി ഒരാഴ്ച കഴിഞ്ഞു. ആദ്യ ക്ലാസ്സില്‍ വിവരിച്ചത് കേശസൌന്ദര്യത്തെയാണ്. അത് കഴിഞ്ഞപ്പോള്‍ മുഖസൌന്ദര്യമായി. കണ്ണ്, മൂക്ക്, വായ, ചെവി, എല്ലാം ചേര്‍ന്ന സൌന്ദര്യ വര്‍ണ്ണന തന്നെ. ഒരു ദിവസം ‘ഞാന്‍ ഒരു സുന്ദരിയുടെ മുഖം വരക്കാം’ എന്ന് പറഞ്ഞ്, വെളുത്ത ചോക്കുകൊണ്ട് കറുത്ത ബോര്‍ഡില്‍ ഒരു ദീര്‍ഘവൃത്തം വരച്ചു. ശേഷം ശിഷ്യഗണങ്ങളെ നോക്കി പറഞ്ഞു,
 “ലോകത്തിലെ ഒന്നാം നമ്പര്‍ സുന്ദരിയുടെ മുഖത്തിന്റെ ചിത്രമാണ് ഇവിടെ വരച്ചത്”. ഇത് കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ഒരുത്തന്‍ ചോദിച്ചു,
“സാര്‍ ഈ സുന്ദരിക്ക് കണ്ണും മൂക്കും വായൊന്നും ഇല്ലെ?”
  അധ്യാപകന്റെ മറുപടി ഉടനെ വന്നു,
 “അതൊക്കെ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ സാധ്യമല്ല. ആ സൌന്ദര്യത്തിന്റെ തിളക്കത്തില്‍ മറ്റൊന്നും നിങ്ങള്‍ കാണുകയില്ല”

                        ഇത് കേട്ടപ്പോള്‍ വിദ്യാര്‍ത്ഥികളെല്ലാം പൊട്ടിചിരിക്കാന്‍ തുടങ്ങി. അങ്ങനെ നമ്മുടെ മലയാളം ക്ലാസ്സില്‍ പൊടിപൊടിച്ച് സൌന്ദര്യം നിറഞ്ഞൊഴുകുകയാണ്. അങ്ങനെ ഒരാഴ്ചകൂടി കഴിഞ്ഞ ഒരു ദിവസം; മലയാളം ക്ലാസ്സില്‍ ശരീരസൌന്ദര്യം തല കഴിഞ്ഞ് താഴോട്ടൊഴുകാന്‍ തുടങ്ങി. 
                           അന്ന് നമ്മുടെ മലയാളം ലക്ച്ചര്‍ വളരെ ഗൌരവത്തിലാണ്. വന്ന ഉടനെ ബോഡീ ഷെയ്പ്പ് എന്ന് പറഞ്ഞുള്ള വര്‍ണ്ണനയാണ്. മലയാളം ക്ലാസ്സാണെങ്കിലും ഇംഗ്ലീഷും മലയാളവും ചേര്‍ത്തായിരിക്കും ലക്ച്ചറിങ്ങ്. പെട്ടെന്ന് അദ്ദേഹം ചുമരിലെ ബ്ലാക്ക്ബോര്‍ഡില്‍ രണ്ട് ചിഹ്നങ്ങള്‍ വരച്ചു; 
                 ) , >
 ; ശേഷം കുമാരികുമാരന്മാരോടായി പറഞ്ഞു, 
“ഇതാണ്‍ സ്ത്രീ സൌന്ദര്യത്തിന്റെ പ്രധാന ഘടകം, ഇതില്‍ ഏതാണ് ഏറ്റവും നല്ല ഷെയ്പ്പ്?”

                            ക്ലാസ്സ് മൊത്തത്തില്‍ ശ്വാസം‌പോലും വിടാതെയിരിപ്പാണ്. ഉറങ്ങാന്‍ തുടങ്ങിയവര്‍ ഉറക്കം ഒഴിവാക്കി. നോട്ട് എഴുതുന്നവര്‍ അത് അടച്ചുവെച്ചു. ഞാന്‍ വായിക്കാനെടുത്ത ചെറുകഥാ പുസ്തകം കമഴ്ത്തിവെച്ചു. നമ്മുടെ അദ്ധ്യാപകന്‍ ചോദ്യം തുടരുകയാണ്,
“എന്താ നിങ്ങളാരും ഉത്തരം പറയത്തില്ലെ? Which one is the best? I think the second shape is more beautiful than the first”
                                   
                           കാര്യം മനസ്സിലായിട്ടും മനസ്സിലാവാത്ത മട്ടില്‍ എല്ലാ വിദ്യാര്‍ത്ഥികളും ആകാംക്ഷയോടെ അമര്‍ന്നിരിപ്പാണ്. അപ്പോള്‍ പിന്നിലിരിക്കുന്ന ഒരുത്തന്‍ എല്ലാവരും കേള്‍ക്കെ വിളിച്ചുപറഞ്ഞു, “എടാ സാറ് ബോര്‍ഡില്‍ വരച്ചിരിക്കുന്ന ചിത്രം പെണ്ണുങ്ങളുടെ …….”
                            ആ ക്ലാസ്സിലിരിക്കുന്നവരാരും അന്ന് അവന്‍  പറഞ്ഞത് മുഴുവനായി കേട്ടില്ല; അപ്പോഴേക്കും ... തുടങ്ങിയിരുന്നു –‘ചിരിയുടെ വെടിക്കെട്ട്’.
                           മധുരപതിനേഴില്‍ കടന്ന ഏതാണ്ട് എണ്‍പതോളം കുട്ടികള്‍  ഒന്നിച്ചിരുന്ന് പരമാവധി ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുക. ഡെസ്ക്കിലും ബഞ്ചിലും അടിച്ച് നിര്‍ത്താതെ പൊട്ടിച്ചിരി. കൂട്ടുകാരോടൊപ്പം ചിരിക്കില്ല എന്ന് തീരുമാനമെടുത്ത ഞാനും അന്ന് മതിമറന്ന് പൊട്ടിചിരിച്ചു. പുതിയതായി നിര്‍മ്മിച്ച കോണ്‍‌ക്രീറ്റ് കൊണ്ടുള്ള മേല്‍ക്കുരയുള്ളതിനാല്‍  കെട്ടിടത്തിനൊന്നും പരിക്കേറ്റില്ല.

                         അന്ന് കണ്ണൂര്‍ എസ്. എന്‍ . കോളേജിലെ മലയാളം ക്ലാസ്സിലുണ്ടായതു പോലെ കൂട്ടച്ചിരി പിന്നീട് എന്റെ ജീവിതത്തില്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. അതാണ് നമ്മുടെ പ്രീ ഡിഗ്രി; അതാണ് നമ്മുടെ മലയാളം.  

പിന്‍‌കുറിപ്പ് : 

  1. ഞാന്‍ നര്‍മ്മം എഴുതിയത് ആരെയും പരിഹസിക്കാനായിട്ടല്ല. ചിരിക്കാന്‍ മാത്രമാണ്. ഒരു അധ്യാപികയായിരുന്ന ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവങ്ങള്‍ ഓര്‍മ്മിച്ച് ഈ ബ്ലോഗിലൂടെ മാത്രമാണ് ചിരി പങ്കുവെക്കുന്നത്.  
  2. പിന്നീട് ഒരിക്കല്‍ ഡിഗ്രി ക്ലാസ്സില്‌വെച്ച് ഇതെ അദ്ധ്യാപകന്റെ അശ്ലീലം പറച്ചിലിനെതിരായി പ്രതികരിച്ചു. മലയാളം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് ബഹിഷ്ക്കരിച്ചു. പെണ്‍‌കുട്ടികളുടെ കൂട്ടത്തില്‍ ആദ്യം പുറത്തിറങ്ങിയത് ഞാനായിരുന്നു. ക്ലാസ്സിനു വെളിയില്‍ വന്ന്, കൊ ഓപ്പറേറ്റീവ് സ്റ്റോറിനു സമീപം എത്തിയപ്പോള്‍ ഉണ്ടായ ഉഗ്രന്‍ വീഴ്ചയില്‍ എന്റെ കാലും കൈയും മുറിഞ്ഞു. 
  3. ക്ലാസ്സില്‍ ശല്യം ചെയ്യുന്ന മിടുക്കരായ ശിഷ്യരെ അധ്യാപകന്‍ ഇപ്രകാരം ശപിക്കാറുണ്ട്, ‘ഭാവിയില്‍ നീ എന്നെപ്പോലെ ഒരു അധ്യാപകന്‍ ആയി മാറട്ടെ’. എന്നാല്‍ ഇപ്പോള്‍ ആരും അങ്ങനെ ശപിക്കാറില്ല; അതുകൊണ്ട് ഈ പണി അത്ര എളുപ്പത്തില്‍ അടിച്ചെടുക്കാമെന്ന് ആരും കൊതിക്കണ്ട.

24 comments:

  1. മിനി ടീച്ചറെ..സംഗതി എനിക്ക് പുടി കിട്ടി കേട്ടോ...പക്ഷെ ഏതു ഷേപ്പ് ആണ് എനിക്കിഷ്ടമെന്ന് പറയില്ല...നാണം വരുന്നൂ

    ReplyDelete
  2. എന്താ പറയാ... പഴയ ചില കോളേജ് സ്മരണകള്‍ മനസിന്റെ കോണുകളിലെവിടെയോ തട്ടി. നല്ല ഭാഷ. അല്ലാ, ആര്‍ക്കാ പഴയ കോളേജ് കാലം മറക്കാനാവുക.

    ReplyDelete
  3. ടീച്ചര്‍, എന്റെ ഒരു പ്രീഡിഗ്രി മലയാളം ക്ലാസ്സ്‌ ഓര്‍മിപ്പിച്ചു..

    കുട്ടികൃഷ്ണമാരാരുടെ വ്യാസന്റെ ചിരിയായിരുന്നു പാഠഭാഗം .. ഒന്നാം ഗ്രൂപ്പിനെയും രണ്ടാം ഗ്രൂപ്പിനെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന, മൊത്തം 120 പിള്ളേരുള്ള മിക്സഡ് ക്ലാസ്.. ടീച്ചര്‍ തകര്‍ത്ത് പഠിപ്പിക്കുന്നു (അതേ ലേഡി ടീച്ചര്‍ ) ..

    ഋഷ്യ ശൃംഗന്റെ ജനനം എത്തിയപ്പോഴേയ്ക്കും പലബഞ്ചുകളില്‍ നിന്നും ചെറിയ ചിരിയുടെ അലകള്‍ ഉയര്‍ന്നു. ടീച്ചറിനു കാര്യം മനസിലായി.. "നിങ്ങളൊക്കെ വലിയ പിള്ളേരായി ഇതൊന്നും നിങ്ങള്‍ കേള്‍ക്കാത്തതൊന്നുമല്ലല്ലോ, പിന്നെന്താ ഇത്ര പൊട്ടിപ്പോകാന്‍" എന്ന് പകുതി ദേഷ്യത്തിലും , പകുതി തമാശയിലുമൊക്കെ ആയി പറഞ്ഞു ടീച്ചര്‍ പഠിപ്പിക്കല്‍ തുടര്‍ന്നു..

    അപ്പോഴതാ പിടിച്ചതിലും വലിയത് അളയില്‍ എന്നു പറഞ്ഞ പോലെ ഋഷ്യശൃംഗന്‍ തന്നെ സന്ദര്‍ശിച്ച "മുനികുമാരനെ" പറ്റി അച്ഛനോട് നടത്തുന്ന വിവരണം .. "അദ്ദേഹം മുടി രണ്ടായി പകുത്ത് കെട്ടിയിരിക്കുന്നു, കഴുത്തില്‍ ഒരു ചരടു കിടന്നു തിളങ്ങുന്നു, കഴുത്തിനു താഴെയായി രണ്ടു മുഴപ്പുമുണ്ട്.. കയ്യിലും കാതിലുമുള്ള ചില ആഭരണങ്ങള്‍ അരയന്നങ്ങളെപോലെ കൂകുന്നു.. "

    ആദ്യത്തെ വരി വായിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും പിള്ളേരെല്ലാം വീണ്ടും അമര്‍ത്തിപ്പിടിച്ചു ചിരി.. ടീച്ചര്‍ വായന നിറുത്തി, എല്ലാരെയും ഒന്നു നോക്കി.. എല്ലാരും കടിച്ച് പിടിച്ചിരിക്കുന്നു.. ടീച്ചര്‍ മൗനമായി പുസ്തകത്തിലെ വരികളിലേയ്ക്ക് കണ്ടോടിച്ചു. പതിയെ മുഖത്തൊരു ചിരി വിടര്‍ന്നു. "ദാ ടീച്ചറും ചിരിക്കുന്നു" എന്ന് യേതോ ഒരു നിഷ്കളങ്കന്‍ വിളിച്ച് പറയേണ്ട താമസം ക്ലാസ് മുഴുവനായും ആര്‍ത്തലച്ച ചിരി..

    ReplyDelete
  4. മാഷ് പറഞ്ഞ ഷെയ്പ്പ് തന്നെ ഉഗ്രന്‍.. ഹഹഹ്ഹ..

    ചിരിപ്പിച്ചു, നല്ല പോസ്റ്റ്.

    ReplyDelete
  5. നിലാവുപോലെ (.
    അഭിപ്രായത്തിനു നന്ദി.

    രഘുനാഥന്‍ (.
    അത് നല്ലത് തന്നെ, നാണം.അഭിപ്രായത്തിനു നന്ദി.

    Maths Blog Team (.
    സ്ക്കൂളിലെ കാര്യങ്ങള്‍ ധാരാളം ഞാന്‍ എഴുതാറുണ്ട്. അദ്ധ്യാപകര്‍ വായിച്ചതിനു നന്ദി.

    കുഞ്ഞന്‍സ് (.
    വര്‍ഷം കുറേ കഴിഞ്ഞാല്‍ ഓര്‍ക്കാന്‍ എല്ലാം രസമാണ്. രസകരമായ കാര്യങ്ങള്‍ എഴുതിയതിനു നന്ദി.

    കുമാരന്‍|kumaran (.
    ഇതുപോലുള്ള കഥകള്‍ എഴുതാന്‍ ഇപ്പോള്‍ നല്ല ധൈര്യം തോന്നുന്നു. നന്ദി.

    ReplyDelete
  6. :)
    സ്മരണകളിരമ്പട്ടെ,ഈ വഴിക്കാച്ചാൽ ഇങ്ങനെ:)

    ReplyDelete
  7. ശരിയാണ് മിനി പറഞ്ഞത് ഏറ്റവും മനോഹരമായ ജീവിതകാലം പ്രീഡിഗ്രിക്കാലം തന്നെ ..
    10 വര്‍ഷമിട്ട സ്കൂള്‍യൂണിഫോം അഴിച്ചു വച്ച് കളറില്‍ വന്നിറങ്ങി ചെത്തുന്ന കാലം!
    കാമ്പസ് ശരിക്കും ചിത്രശലഭങ്ങള്‍ നിറഞ്ഞിരിക്കുന്ന പോലെ . മലയാളം മീഡിയതില്‍ നിന്ന് നേരെ ഇംഗ്ലീഷ് മാത്രം ഒഴുകുന്ന ലക്‌ച്ചര്‍ക്ലാസ്സ് ശ്വാസം വിടാതിരിക്കും ഒരു മണിക്കുര്‍- അതു കഴിയുമ്പോള്‍ ഒരക്ഷരം മനസ്സിലായിട്ടുണ്ടാവില്ല.ശരിയാണ്, അന്ന് ഇംഗ്ലീഷ് മീഡിയംകാരു കാണിക്കുന്ന ജാഡ അതാരുന്നു ജാഡ!.
    ഫിസിക്സും കെമിസ്ട്രിയും ബയോളജി ക്ലാസ്സുകളും
    'ആദ്യകാലങ്ങളില്‍ ഈ ബഹുമാനപ്പെട്ട വിദ്യാഭ്യാസം അങ്ങ് നിര്‍ത്തിയാലോ'എന്ന് വരെ മാഞ്ചോട്ടിലിരുന്നും ക്യാന്റീനിലിരുന്നും പൊട്ടികരഞ്ഞു പലരും പരസ്പരം ചോദിച്ച അന്നൊക്കെ ഏക ആശ്വാസമായിരുന്നു മലയാളം ക്ലാസ്സ് നല്ലൊരു സാഹിത്യകാരന്‍ കൂടിയായ മലയാളം‍സര്‍ സിലബസ്സില്‍ നിന്നല്ലാതെ വായിക്കാന്‍ വേണ്ടി പുസ്തകങ്ങളെ പരിചയപ്പെടുത്തിയിരുന്നു... കോളജില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ലൈബ്രറി ആയിരുന്നു. പക്ഷെ ആ മൊശഡന്‍ ലൈബ്രേറിയന്‍ ആഴ്ചയില്‍ ഒരു ബുക്കെ തരൂ . അതിനും വഴി കണ്ടു വായനക്കാരല്ലത്ത ക്ലാസ്സ്മേറ്റ്സ്! അവരുടെ കാര്‍ഡ് വച്ച് ബുക്ക് എടുക്കുക ...

    മിനി വീണ്ടും ക്യാമ്പസിലെത്തിച്ചു ..മനസ്സില്‍ പോസിറ്റീവ് എനേര്‍ജി നിറക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്ക് ഒരായിരം നന്ദി ......
    അടുത്ത മാസം നാട്ടില്‍ വരുന്നു തീര്‍ച്ച ഒരു ദിവസം പഴയ ക്യാമ്പസ് ഒന്നു കയറണം ..

    ReplyDelete
  8. പണ്ട് ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇതുപോലോരു അദ്ധ്യാപഹയന്‍...അവസാനം ഞങളെല്ലാപേരും ചേര്‍ന്ന് ഈ പഹയനെ സസ്പെന്‍ഷനില്‍ എത്തിച്ചു..

    നല്ലപോസ്റ്റ്..

    ReplyDelete
  9. നല്ല രസായിട്ടുണ്ട്.

    ReplyDelete
  10. നല്ല പോസ്റ്റ്.. :)

    ReplyDelete
  11. നല്ല പോസ്റ്റ് ടീച്ചറെ ....പക്ഷെ ഷയിപ്പിനെ പറ്റി അല്ലേല്‍ വേണ്ട ......ഒരു പട്ടാളക്കാരന് നാണം വന്നു ..അപ്പോള്‍ ഈ ഭൂതത്തിനും അതന്നെ വന്നു ....

    ReplyDelete
  12. യഥാ റ്റീച്ചര്‍
    തഥാ റ്റിച്ചര്‍...

    ReplyDelete
  13. ഞാൻ പ്രീഡിഗ്രിക്ക് പോയില്ലാ.. ന്ന്നാ‍ാലും മലയാളം ക്ലാസ്സ് ഇഷ്ടായി..

    ReplyDelete
  14. എനിക്കും ഏറ്റവും ഇഷ്ടം പ്രീ ഡിഗ്രി കാലഘട്ടം തന്നെ, ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച വര്‍ഷങ്ങള്‍, ഞങ്ങള്‍ പക്ഷെ ബസില്‍ ആയിരുന്നു തകര്‍ത്തു വാരിയത്. എന്തായാലും ടീച്ചറെ പോസ്റ്റ്‌ മനോഹരം.
    പിന്നെ ടീച്ചര്‍ പറഞ്ഞ കാലഘട്ടത്തില്‍ ജനിച്ചില്ലയിരുന്നു എങ്കിലും ഞങ്ങള്‍ അവിവിവാഹിതര്‍ ആയ സ്ത്രീ ലക്ച്ചര്‍മാരെ പ്രേമിച്ചു. ഇതൊക്കെ ഉള്ളു വ്യത്യാസം

    ) , > ഞാനും ഇവിടെ ഓഫീസില്‍ ബ്ലാക്ക്‌ ബോര്‍ഡില്‍ ഈ രണ്ടു ചിഹ്നം വരച്ചിട്ടു സെയിം ചോദ്യം ചോദിച്ചു,Which one is the best? പക്ഷെ എന്താണ് സംഭവം എന്ന് പറഞ്ഞിട്ടില്ല, നോക്കട്ടെ എന്താവും അഭിപ്രായം എന്ന്.

    ReplyDelete
  15. ശൊ...ഇവിടെ ഇലക്റ്റ്രിസിറ്റി ബോര്‍ഡ് അല്ലാതെ ഒരു ബോര്‍ഡും ഇല്ലല്ലോ ഇതൊന്ന് വരച്ചിടാന്‍.

    ReplyDelete
  16. ഹ ഹ...ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഇതേ പോലെ ഒരു വാധ്യാര്‍...എന്റെ ബ്ലോഗിലെ "ഇനി ജനഗണമന" എന്ന പോസ്റ്റില്‍ ഉണ്ട് അങ്ങേരുടെ വിക്രിയകള്‍...

    ReplyDelete
  17. ങ്‌ഹും... ഞാനൊന്നും പറയുന്നില്ല ടീച്ചറേ... എഴുത്ത്‌ തുടര്‍ന്നോളൂ..

    ReplyDelete
  18. മലയാളം ക്ലാസ്സിനു വേണ്ടി അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
    ‘വികടശിരോമണി’, ‘മാണിക്യം’, 'perooran', 'ഭായി’, 'ജൂപപ്പാ’, ‘kasim sAk|കാസിം സാക്’, ഭൂതത്താന്‍’, 'poor-me/പാവം-ഞാന്‍', ‘മുക്കുവന്‍’, 'കുറുപ്പിന്റെ കണക്കു പുസ്തകം’, 'Areekkodan|അരീക്കോടന്‍’, 'തൃശ്ശൂര്‍ക്കാരന്‍’, 'വിനുവേട്ടന്‍’, എല്ലവര്‍ക്കും ഒന്നുകൂടി നന്ദി.

    ReplyDelete
  19. ) , > sathyamaayum ithinte meaning nikk manasillayilla

    ReplyDelete
  20. എന്നാലുമെന്റെ ടീച്ചറെ,വല്ലാത്തൊരു മാഷ് തന്നെ അയാള്‍ !. ഞാനും എന്റെ പ്രീ ഡിഗ്രി കാലത്തേക്കൊന്നു തിരിഞ്ഞു നോക്കി.കോളേജ് ജീവിതത്തില്‍ പ്രീ ഡിഗ്രിയില്ലെങ്കില്‍ പിന്നെന്തു രസം?.എന്നാലും ആ ഷേപ് ഒക്കെ ഇപ്പോ ആദ്യം കാണിച്ചതായിക്കാണും എല്ലായിടത്തും!(ഞാന്‍ അറബിയായിരുന്നു,അതിനാല്‍ ഇത്തരം അവസരങ്ങള്‍ കുറവ്.പിന്നെ ഞങ്ങളുടെ ക്ലാസ്സില്‍ ഗേള്‍സുമില്ലായിരുന്നു.ലാങ്വേജ് ക്ലാസ്സില്‍ മാത്രം വിരലിലെണ്ണാവുന്നവയുണ്ടാവും!)

    ReplyDelete
  21. 'ഒരിക്കല്‍ ശരിക്കും ആനപ്പുറത്ത് ‘ഈ ഞാന്‍ ’ കയറിയിട്ടുണ്ട്; നാല് കാലും ഒരു വാലും ഒരു തുമ്പിക്കൈയും ഉള്ള, ജീവനുള്ള ഒറിജിനല്‍ ആനയുടെ പുറത്ത് തന്നെ. എന്നെയുംകൊണ്ട് ആന പത്ത് മിനുട്ട് നടന്നു.'

    ഹോ....! ആ ആനയെ സമ്മതിക്കണം...!

    ‘നാല്പത് വര്‍ഷം മുന്‍പുള്ള കണ്ണൂര്‍ എസ്. എന്‍ . കോളേജാണ് ഞാന്‍ ഇവിടെ വിവരിച്ചത്. കോളേജില്‍ ചേര്‍ന്നതിനു ശേഷം ഒരു വര്‍ഷം (ഫസ്റ്റ് പീഡീസി)...’

    ടീച്ചറേ... ഒരു സംശയം... അന്ന് പി ഡി സി ആയിരുന്നോ? അതോ പി യു സി യോ?

    ‘ക്ലാസ്സില്‍ ശല്യം ചെയ്യുന്ന മിടുക്കരായ ശിഷ്യരെ അധ്യാപകന്‍ ഇപ്രകാരം ശപിക്കാറുണ്ട്, ‘ഭാവിയില്‍ നീ എന്നെപ്പോലെ ഒരു അധ്യാപകന്‍ ആയി മാറട്ടെ’.‘

    ടീച്ചറെ ആരാ ശപിച്ചത്?

    ഇപ്പോള്‍ ആരും അങ്ങനെ ശപിക്കാറില്ല; അതുകൊണ്ട് ഈ പണി അത്ര എളുപ്പത്തില്‍ അടിച്ചെടുക്കാമെന്ന് ആരും കൊതിക്കണ്ട.’

    അല്ലെങ്കിലും ‘മിടുക്കരായ ശിഷ്യരൊ‘ന്നും ഇക്കാലത്ത് ഈ പണിക്കു പോകാറില്ലെന്നാണ് അറിവ്. വല്ലവരുടെയും ശാപം കൊണ്ടെങ്ങാനും ഈ വഴിയില്‍ എത്തിപ്പെട്ടാല്‍ ആയി...!

    ..................

    ഹാവൂ... രക്ഷപ്പെട്ടു...! പോസ്റ്റിലെ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ആദ്യ കമന്റ് വിജയകരമായി എഴുതിത്തീര്‍ത്തു...!

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!