‘നാട്ടിൽ പുലികളിറങ്ങി നടന്നു,
നാട്ടാരെല്ലാം ഓടിയൊളിച്ചു’
…
എലിയെന്ന് കേട്ടാൽപോലും പേടിച്ചോടുന്ന നാട്ടുകാരോട്, ഏതാനും ദിവസങ്ങളായി ‘പുലിവരുന്നേ, പുലിവരുന്നേ’ എന്ന് വിളിച്ച് പറഞ്ഞ്; നാട്ടിൽ ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച്, നാട്ടുകാരെ മസാലയിൽ മുക്കിയെടുത്തശേഷം മുൾമുനയിൽ കുത്തി നിർത്തി പൊരിച്ചെടുക്കുമ്പോൾ; ഒരു ദിവസം നാല് കാലും ഒരു വാലും ചേർന്ന്, ചാരനിറത്തിൽ മഞ്ഞപ്പുള്ളികളാൽ അലംകൃതമായ ‘ഒറിജിനൽ പുലി’ വന്ന്, തന്നെ ഓടിച്ച് തെങ്ങേൽ കയറ്റുമെന്ന് നമ്മുടെ ഓട്ടോഡ്രൈവർ ജോസൂട്ടി സ്വപ്നത്തിൽപോലും ഓർത്തിരിക്കാനിടയില്ല.
തന്റെ പേരിൽ അപവാദങ്ങളും കുപ്രചരണങ്ങളും നാട്ടിൽ അഴിച്ചുവിടുന്നവനെ ചോദ്യം ചെയ്തില്ലെങ്കിൽ ‘പുലി എന്തിന് പുലിയായി ജീവിക്കണം?’ എന്ന് പുലിക്ക് തന്നെ തോന്നിയതിന്റെ പരിണിതഫലമായിരിക്കാം, ജോസൂട്ടി തെങ്ങിന്റെ മണ്ടയിലും പുലി തെങ്ങിന്റെ ചുവട്ടിലും അന്യോന്യം നോക്കി, അങ്ങനെ ഒത്തിരി നേരം കുത്തിയിരിക്കാൻ കാരണം.
രാത്രിയിൽ ഇളനീർ മോഷണത്തിന് പ്രയാസപ്പെട്ട് തെങ്ങിൽ കയറുന്നുണ്ടെങ്കിലും, ഇത്രയും വേഗത്തിൽ അനായാസമായി തെങ്ങേൽ കയറാൻ തനിക്ക് കഴിയും, എന്ന് ജോസൂട്ടിക്ക് ഏതാനും മിനുട്ടുകൾക്ക് മുൻപാണ് മനസ്സിലായത്. വീട്ടുപറമ്പിൽ തെങ്ങും തേങ്ങയും ധാരാളം ഉണ്ടെങ്കിലും തെങ്ങ്‌കയറ്റക്കാർ ‘പിടികിട്ടാപുള്ളികൾ’ ആയതുകൊണ്ട് തേങ്ങയില്ലാക്കറികൾ ജോസൂട്ടിയുടെ ശീലമാണ്. ഈ പുലി പണ്ടേ വന്നിരുന്നെങ്കിൽ താനൊരു തെങ്ങ് കയറ്റതൊഴിലാളി ആയി മാറി, നാട്ടിൽ ഒരു ‘വിവിഐപി’ ആയേനെ.
ജോസൂട്ടി ‘ഠപ്പൊ’ യെന്ന് താഴെവീഴുന്നതും കാത്ത് ഒറിജിനൽ പുലിതന്നെയാണ് തെങ്ങിൻ ചുവട്ടിൽ ഹാജരായിട്ട്; അവനെ കടിക്കാൻ പാകത്തിൽ വാ പൊളിച്ച് നിൽക്കുന്നത്. ജോസൂട്ടി ഓല മാറ്റി ചവിട്ടുമ്പോൾ പുലി ഇരിപ്പിടം വിട്ട് തെങ്ങിന്റെ അതേ വശത്ത് വന്ന് മേലോട്ട് നോക്കി നില്പാണ്. താഴെ വീഴുമ്പോൾ തല കടിക്കാൻ പാകത്തിൽ ശരിയായ പൊസിഷൻ നോക്കി ഉയരവും ദൂരവും വേഗതയും മാത്രമല്ല, ‘ഭൂമിയുടെ ആകർഷണവും ഘർഷണവും കൂടി’ കണക്ക് കൂട്ടിയാണ് പുലിയുടെ ഇരിപ്പ്. അപ്പോൾ ഇത് കണക്കും ഫിസിക്സും പഠിച്ച പുലി തന്നെയാവണം.
ജോസൂട്ടി പുലിയെ നോക്കി പറഞ്ഞു,
“എടാ നിന്റെ കളി ജോസൂട്ടിയോടാണോ? അങ്ങനെ എന്നെ കിട്ടുമെന്ന് നീ കരുതേണ്ട, പോടാ പുലീന്റെ മോനേ,,”
ഇതും പറഞ്ഞ് ഇളംകരിക്ക് പറിച്ച് എറിയാൻ നോക്കിയ ജോസൂട്ടിയെ നോക്കി പുലിയൊന്നലറി. പിന്നെ നിലം കുഴിച്ച് മൂത്രമൊഴിക്കാൻ തുടങ്ങിയപ്പോൾ ജോസൂട്ടി പേടിച്ച് വിറച്ചു.
പുലി മൂത്രത്തിന്റെ രൂക്ഷഗന്ധം ഏറ്റാൽ മറ്റു ജീവികൾ ബോധം കെട്ട് വീഴുമെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ ഈ പുലി തന്നെ പിടിക്കാൻ തന്നെയാണ് ഭാവം. തെങ്ങിന്റെ ഉച്ചിയിലെ ഓലമടൽ നന്നായി പിടിച്ച്, കൊടുങ്കാറ്റും സുനാമിയും ഒത്ത് വന്നാലും, താഴെ വീഴാത്ത സ്ഥാനത്ത് ജോസൂട്ടി കയറിയിരുന്നു.
പരിസരം നന്നായി ഇരുട്ടി. ഉയരത്തിലായതിനാൽ അകലെയുള്ള സ്ട്രീറ്റ് ലൈറ്റുകൾ കാണുന്നുണ്ട്. തെങ്ങിന്റെ ചുവട്ടിൽ നല്ല ഇരുട്ടാണെങ്കിലും ജോസൂട്ടിക്ക് പുലിക്കണ്ണുകൾ മാത്രമല്ല; പുലിയെ മൊത്തത്തിൽ ശരിക്കും ക്ലിയർആയി കാണാം.
…
ഇത്
ഇത്
‘ജോസ്;
‘ജോസൂട്ടി;
‘നാട്ടുകാരുടെ ഡ്രൈവർ ജോസൂട്ടി;
‘ഇപ്പോൾ പുലിയേ പേടിച്ച് തെങ്ങേൽ കയറിയിരിക്കുന്ന ജോസൂട്ടി;
അന്നും പതിവുപോലെ ‘ജോസൂട്ടി’ തന്റെ എല്ലാമായ ‘മേരി മാതാ’യെ കൃത്യം ആറ്മണിക്ക്‌തന്നെ വീട്ടിലെത്തിച്ച്, ബ്രെയ്ക്കിട്ട ശേഷം, രണ്ട്പേരും നന്നായി കുളിച്ച് തോർത്തി ‘സുന്ദരീ ഒന്നൊരുങ്ങി വാ,,,’ എന്നും പാടി വീട്ടിനകത്ത് കയറി. ചായകുടിച്ച ശേഷം കെട്ടിയോളെ ചീത്തപറഞ്ഞ്, കിട്ടിയ പണവും എടുത്ത് നാടൻബാറിലേക്ക് നടന്നുനീങ്ങി. നാട്ടുകാർ പുലിയെപേടിച്ച് നടക്കാൻ മടിക്കുന്ന വഴിയെ, പുലിരഹസ്യം അറിയാവുന്ന ജോസൂട്ടി മങ്ങിയ വെളിച്ചത്തിൽ മൂളിപ്പാട്ടുമായി നടന്നു. പൊതുജനങ്ങളുടെ ആരോഗ്യരഹസ്യമായ കാൽനടയാത്ര ഒഴിവാക്കാൻ വേണ്ടി ജോസിന്റെ സ്വന്തം ബുദ്ധിയിൽ വിരിഞ്ഞ സൂത്രങ്ങളായ പുലിബനിയാനും ‘പുലിമ്യൂസിക്ക് മൊബൈലും’ ഒപ്പം കരുതാൻ മറന്നില്ല.
കുറ്റിക്കാടുകൾ നിറഞ്ഞ വഴികളിലൂടെ ജോസൂട്ടി ഏകാകിയായി നടക്കുമ്പോൽ തന്റേതായ ‘തനിക്ക് മാത്രം അറിയാവുന്ന’ സൂത്രങ്ങൾ ഫലിച്ചതിൽ ജോസൂട്ടിക്ക് വളരെ സന്തോഷം തോന്നി.
“,,,,.ർർർർർ,,,,,”
പെട്ടെന്ന് അല്പം അകലെയല്ലാതെ ഒരു ചെറിയ മുരൾച്ച; ഒപ്പം കുറ്റിക്കാടുകളിൽ ഒരു ഇളക്കവും. ജോസൂട്ടി സ്വയം പറഞ്ഞു,
“വല്ല കുറുക്കനോ പട്ടിയോ ആയിരിക്കും”
ജോസൂട്ടി മുന്നോട്ട് നടന്നെങ്കിലും തന്റെ ചലനങ്ങൾ നിരീക്ഷിച്ച് ‘ആരോ പിൻതുടരുന്നുണ്ട്’, എന്ന് അവനൊരു സംശയം. അല്പസമയം നിന്നശേഷം ഇരുൾമൂടാൻ തുടങ്ങിയ വഴിയിൽ രണ്ട് കണ്ണും ഒന്നിച്ച്‌പിടിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ഒരു ദൃശ്യം കണ്ടത്, ‘തിളങ്ങുന്ന രണ്ട് കണ്ണുകൾ ജോസൂട്ടിയെ നോക്കുന്നു;
,,
ഒരു പുലി,
പുപ്പുലി,
ശരിക്കും പുള്ളിയുള്ള ഒറിജിനൽ പുള്ളിപുലി,
കണ്ണ് അടച്ചും തുറന്നും പലതവണ നോക്കിയപ്പോൾ ആള് പുലി തന്നെയാണെന്ന് 100% ഉറപ്പ് വരുത്തി.
‘പെട്ടെന്ന് സൂപ്പർഫാസ്റ്റ് വേഗതയിൽ ജോസൂട്ടി ഓടാൻ തുടങ്ങി;
‘ഒപ്പം പുലിയും സ്റ്റാർട്ടായി.
പി ടി ഉഷയെപോലെ ഒളിംപിക്സ് ഓട്ടമത്സരത്തിൽ പങ്കെടുത്ത പുലിയായിരിക്കണം; ഓട്ടത്തിനിടയിൽ അത് സംഭവിച്ചു,
സ്റ്റാർട്ട് ചെയ്ത ഉടനെ ടോപ്പ്ഗിയറിലിട്ട് ഓടിയ പുലിക്ക് സഡൻ ബ്രെയ്ക്കിടാൻ കഴിയാത്തതിനാൽ, ജോസിന്റെ ചുമലിനു സമീപത്തുകൂടി പുലി മുന്നിൽ കയറി ചാടിയോടാൻ തുടങ്ങി. ഓടി അകലെയെത്തിയ പുലി, ഗിയറ് മാറ്റി ബ്രെയ്ക്ക് പിടിക്കുമ്പോഴേക്കും ജോസ് തൊട്ട് മുന്നിലുള്ള തെങ്ങിന്മേൽ കയറി. ശരിക്ക് പറഞ്ഞാൽ പുലിക്ക് പരിസരബോധം വരുമ്പോഴേക്കും ജോസ് തെങ്ങിന്റെ മണ്ടയിൽ എത്തി.
പുലി വീണ്ടും സ്റ്റാർട്ടായി, എബൌട്ടേൺ അടിച്ച് ഫസ്റ്റ്ഗിയറിൽ തിരിച്ചുവന്നപ്പോൾ ശത്രു തെങ്ങിന്മേലാണെന്നറിഞ്ഞ് ഒളിമ്പിക്സ് മോഡൽ ചാട്ടം തുടങ്ങി. ഓടിയും ചാടിയും ക്ഷീണിച്ച്, ഇപ്പോൾ നാല് കാലും നീട്ടി കിടന്ന് വിശ്രമിക്കുകയാണ്. ഇടയ്ക്കിടെ മേലോട്ട്‌നോക്കി ഉച്ചത്തിൽ അലറുന്നുണ്ട്.
…
ജോസിന് ഇപ്പോൾ മൂന്ന് കാര്യം ഉറപ്പായി.
… ഒന്ന്, സാധാരണ പുലികൾ മരത്തിൽ അനായാസം കയറുമെങ്കിലും ഈ പുലി മനുഷ്യരെപ്പോലെ മരം കയറ്റം മറന്നുപോയി.
… രണ്ട്, ഈ ഒറിജിനൽ പുലിയുടെ ഒച്ചയും ബഹളവും അലർച്ചയും കേട്ട് ആരും ഈ വഴി വന്ന് തന്നെ രക്ഷിക്കില്ല.
… മൂന്ന്, തന്നെ രക്ഷിക്കാൻ കടമറ്റത്ത് കത്തനാർ വരണം, അല്ലെങ്കിൽ ശരിക്കും കർത്താവ് ഈശോമിശിഹ തന്നെ വരണം.
,,,
‘ഈ പുലിയെന്തിന് തന്റെ പിന്നാലെ വരണം?’
ജോസൂട്ടിയുടെ ചിന്തകൾ ഫ്ലാഷ് ബാക്കായി.
…
‘ജോലിയും കൂലിയും ഇല്ലാത്ത ജോസ്.
‘തേരാപാര തെക്കുവടക്ക് നടക്കുന്ന ജോസ് കല്ല്യാണം കഴിച്ചു.
‘വധു സുന്ദരിയായ ആൻസി.
‘ആൻസിയോടൊപ്പം സ്ത്രീധനമായി കിട്ടിയത് പൂത്ത പുത്തൻ പണം.
‘പണം കൊടുത്ത് വാങ്ങിയത് ‘മേരീ മാതാ’ എന്ന ‘പുത്തൻ ബജാജ് ഓട്ടോ’.
‘ഓട്ടൊ ഓടിച്ചത് ജോസ്.
‘വെറും ജോസ് അങ്ങനെ ഡ്രൈവർ ജോസായി പരിണമിച്ചു.
സ്വന്തം ഓട്ടോയുമായി പള്ളിമുക്കിലും അമ്പലമുക്കിലും പോയ ജോസ്, യൂണിയൻകാരുമായി തെറ്റിപ്പിരിഞ്ഞു. ഒടുവിൽ പഞ്ചായത്തിലെ ‘വിഐപി’ കോർണറായ ‘വൈദ്യരെ മുക്ക്’ ബസ്‌സ്റ്റോപ്പിൽ സ്ഥിരക്കാരനായി മാറി. എന്നാൽ അവിടെ ജോസ് കാല് കുത്തുകയും ‘മേരി മാതാ’ അവിടെ ബ്രെയ്ക്ക് ഇടുകയും ചെയ്തതു മുതൽ വൈദ്യരെ മുക്കിലെ ഓട്ടോക്കാരുടെ കഷ്ടകാലം തുടങ്ങി.
ഏതാനും ദിവസം മുൻപ് നാട്ടുകാരുടെ സ്വന്തമായ ദാമോദരൻ വൈദ്യർ ജനങ്ങളുടെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനായി അവിടെ വരുന്നവർക്ക് ഒരു ഒറ്റമൂലി നിർദ്ദേശിച്ചു,
‘നടത്തം, ദിവസേന ഒരു മണിക്കൂർ നടത്തത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുക’.
വൈദ്യരെ കാണപ്പെട്ട ദൈവമായി കരുതുന്ന നാട്ടുകാർ അദ്ദേഹം പറഞ്ഞത് അതേപടി വെള്ളം കൂട്ടാതെ അനുസരിച്ചപ്പോൾ ഓട്ടോക്കാർ വെള്ളം കുടിക്കാൻ തുടങ്ങി. അഞ്ച് മിനിട്ട് നടന്നെത്താവുന്ന ദൂരത്തിന് പത്ത് രൂപ കൊടുത്ത് യാത്ര ചെയ്തവർ ഓട്ടോകൾ നിരനിരയായി നിർത്തിയിട്ട ഭാഗത്ത് പിന്നീട് തിരിഞ്ഞൊന്ന്‌പോലും നോക്കിയില്ല.
‘ങുഹും’,,,
. സ്വർണ്ണവിലയെക്കാൾ സ്പീഡിൽ പെട്രോൾ വില കൂടുമ്പോൾ ഇനിയെന്ത് ചെയ്യും?
. ബസ്സിൽ നിന്നും ഇറങ്ങുന്ന ഓരോ യാത്രക്കാരെയും ഓട്ടോഡ്രൈവർമാർ പ്രതീക്ഷയോടെ നോക്കുമെങ്കിലും എന്നും നിരാശയാണ് ഫലം.
. ഓട്ടോപാതകൾ നടപ്പാതകളായി മാറിയതുമുതൽ ജനങ്ങളുടെ ആരോഗ്യവും സമ്പത്തും വർദ്ധിക്കാൻ തുടങ്ങി.
. ഓട്ടോ തൊഴിലാളികൾക്ക് കഷ്ടകാലം ആരംഭിച്ചു.
…
എന്നാൽ പെട്ടെന്നൊരു ദിവസം മുതൽ നാട്ടുകാർ കാലുമാറി. അവർ നടക്കാൻ മാത്രമല്ല, വീട്ടിൽനിന്ന് പുറത്തിറങ്ങാൻപോലും ഓട്ടോ വിളിക്കാൻ തുടങ്ങി.
‘കാരണം പുലി.
‘അസമയത്ത് യാത്രചെയ്യുന്ന നാട്ടുകാരുടെ മുന്നിലൂടെ പെട്ടെന്ന് അവൻ ഓടിമറഞ്ഞു;
‘പുലി,
‘ഇമ്മിണി വലിയ പുപ്പുലി,
‘അകലെനിന്നും പുലിയുടെ അലർച്ചയും ഓട്ടവും കണ്ട് നാട്ടുകാർ പേടിച്ച്‌വിറച്ചു,
‘നടന്ന വഴിയിൽ നാട്ടുകാരുടെ പൊടിപോലും കാണാനില്ല,
‘നാട്ടുകാർ നടത്തം മറന്നു,
‘ഭയം അമിതമായവർ ‘ഇമ്മിണി വലിയ കടുക്’ തുരന്ന് അതിനുള്ളിൽ ഒളിച്ചിരിക്കാൻ തുടങ്ങി,
‘നാട്ടുകാർ വീടിനുപുറത്ത് ഇറങ്ങുന്നത് വാഹനങ്ങളിൽ മാത്രമാക്കി,
‘വനം പരിസ്ഥിതിക്കാർ വന്ന് പുലിക്കൂടൂകൾ നാട്ടിലുടനീളം സ്ഥാപിച്ചു. കൂട്ടിലെ ആട്ടിൻകുട്ടിയുടെ കരച്ചിൽ കാരണം നാട്ടുകാർ നിദ്രാവിഹീനരായി,
‘പിറ്റേദിവസം ഇരയില്ലാത്ത അടഞ്ഞ കൂടുകൾ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി,
‘പുലിമാത്രം കെണിയിൽ വീഴാത്ത കൂടുകൾ വനം വകുപ്പിനെ നോക്കി പരിഹസിച്ചു, ഹൂയ്,,,
‘പുലി ഒരു പിടികിട്ടാപുലിയായി അങ്ങനെ നാട്ടിൽ ഒളിച്ച്നടന്നു,
‘ഓട്ടോറിക്ഷകൾ ടോപ്പ്ഗിയറിട്ട്, ഇടവഴികളിലും അടുക്കളപ്പുറത്തും കുളക്കരയിലും യഥേഷ്ടം സഞ്ചരിക്കാൻ തുടങ്ങി,
‘ജോസിനും കൂട്ടുകാർക്കും പോക്കറ്റിൽ പണം നിറഞ്ഞു,
‘ജോസിന്റെ ജീവിതനിലവാരം ഉയർന്നുയർന്ന് ഇപ്പോൾ തെങ്ങിന്റെ മണ്ടയിൽ വരെ എത്തി.
,,,
പെട്ടെന്ന് ജോസിന്റെ പോക്കറ്റിൽ നിന്നും പാട്ടുയർന്നു,
“ഡാഡിമമ്മി വിട്ടില്ലില്ലെയ്,,,”
ഡാഡിയും മമ്മിയും വീട്ടിലില്ലെന്ന് കേട്ടപ്പോൾ തെങ്ങിൻ ചുവട്ടിലെ പുലിയും, തെങ്ങിൻ മുകളിലെ ജോസും, ഒന്നിച്ച് ഞെട്ടി.
പുലി ഒന്നല്ല, രണ്ട് ടോർച്ച്‌ലൈറ്റുകൾ മുകളിലേക്ക് തെളിച്ചു.
ജോസിന് പെട്ടെന്ന് പുത്തനുണർവ്വ് വന്നു,
… യുറേക്കാ,,, ഇനി പുലിയെ എന്തിന് പേടിക്കണം; പുലി പോയി തുലയട്ടെ. പുലിപ്പേടി കാരണം പോക്കറ്റിൽ മൊബൈലുണ്ടെന്ന കാര്യം പോലും മറന്നിരുന്നു;
വിളിക്കുന്നത് ഒന്നിച്ച് ഓട്ടോ എടുക്കുന്ന പാച്ചനാണ്; കർത്താവ് ഈശോയെ മനസ്സിൽ വിളിച്ച് കുരിശ് വരച്ചശേഷം, മൊബൈൽ ഓക്കെ അമർത്തി.
“എട പാച്ചാ ഞാനിപ്പൊ തെങ്ങിന്റെ മണ്ടേലാ, പുലിയുണ്ട്”
“നിന്റെ തലമണ്ട ഞാൻ അടിച്ച് നെരപ്പാക്കും. ഇന്നലെ ഷാപ്പിന്ന് എന്റെ ഷെയറാ നീ മോന്തിയത്; ഇന്ന് നിന്റെ ഷെയറാടാ പട്ടീ,,,”
“എടാ പട്ടീ, ഈ പുലിയെ ഓടിച്ച് ഒന്നെന്നെ രക്ഷിക്കെടാ? ഞാനിപ്പം വളയംകുന്നിനടുത്തുള്ള ഒരു തെങ്ങിന്റെ മോളിലാ”
“പുലിയല്ല എലിയായാലും അര മണിക്കൂറിനുള്ളിൽ ഷാപ്പിലെത്തി പറ്റ് തീർത്തില്ലേൽ നിന്നെ പുലി കൊല്ലുന്നതിനു മുമ്പ് നമ്മള് കൊല്ലും. നിന്റെ കണക്കിലാ ഇന്ന് എല്ലാരും കുടിക്കുന്നത്; കേട്ടോടാ… പട്ടീടെ,,, മോനേ”,
മൊബൈൽ ഓഫായി.
… ജോസിന് ദേഷ്യം വന്നെങ്കിലും ചുവട്ടിൽ പുലിയാണെന്നോർത്ത് ഒന്നും പറഞ്ഞില്ല.
ഏതായാലും മൊബൈലല്ലെ കൈയിലുള്ളത്, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ; ഇനി ആരെയെങ്കിലും വിളിച്ച് കാര്യം പറഞ്ഞാൽ രക്ഷപ്പെടാമല്ലൊ.
ജോസ് കുരിശ് വരച്ച്, മൊബൈൽ കറക്കി; ആദ്യം കിട്ടിയത് സ്വന്തം വീട്ടിൽ. ‘ഓക്കെ’ ക്ലിക്കായി. അതാ വരുന്നു ഒരു പെൺമണിയുടെ കിളിനാദം, “നിങ്ങൾ വിളിച്ച നമ്പർ ഇപ്പോൾ പരിധിക്ക് പുറത്താണ്, ദയവായി അല്പസമയം കാത്തിരിക്കുക”
… ‘ഭർത്താവില്ലാത്ത നേരം നോക്കി പരിധിക്ക് പുറത്ത് പോകുന്ന കെട്ടിയോൾ! നാശം ഇപ്പോൾ ശരിക്കും ഔട്ട് ഓഫ് റേഞ്ച് ആയത് അവളുടെ കെട്ടിയോനാണല്ലൊ’
പെട്ടെന്ന് ജോസിന്റെ തലയിൽ ഒന്ന് ക്ലിക്കി,
… ‘വീട്ടിൽ കാര്യമറിഞ്ഞാൽ മധുവിധുവിനെ മണം മാറാത്ത അവൾ പെട്ടെന്ന് കരഞ്ഞ്കൊണ്ട് ഓടി വരും, നേരെ പുലീടെ വായിൽ. പരിധിക്ക് പുറത്തായവളാണെങ്കിലും സ്വന്തം ഭാര്യയല്ലെ. അത്കൊണ്ട് വീട്ടിലേക്ക് ഇനി വിളിക്കേണ്ട’.
പുലി തെങ്ങിന്റെ ചുവട്ടിൽ ഉണ്ടെന്ന് പുലിതന്നെ ഇടയ്ക്കിടെ വിളിച്ചറിയിക്കുന്നുണ്ട്.
… കുരിശ് കാണിച്ചാൽ ഏത് ചെകുത്താനും ഒഴിഞ്ഞ് പോകും. എന്നാൽ വെള്ളിക്കുരിശ് കാണിച്ചിട്ടും ഈ ചെകുത്താൻ ഒഴിഞ്ഞ് പോകുന്ന ലക്ഷണമൊന്നും ഇല്ല.
പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നു; അപകടമുണ്ടായാൽ വിളിക്കേണ്ടത് പോലീസിനെയല്ലെ; ഹായ്, ഉടൻ അമർത്തി ‘100’,
“ഹലോ,,,”
“പോലീസ് കൺട്രോൾ റൂം, എസ് ഐ ഹിയർ,,”
“സാർ, ഞാനിപ്പൊ ഒരു തെങ്ങിന്റെ മുകളിലാ; ഇവിടെ ഒരു,,”
“വളരെ നന്നായി, തെങ്ങിന്മേൽ കയറാൻ ഒരാളെ തപ്പാൻ തുടങ്ങിയിട്ട് ആറ് മാസമായി; നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാവണം. സ്റ്റേഷൻ കോമ്പൌണ്ടിലെ തേങ്ങ പറിച്ചിട്ട്‌വേണം എന്റെ ഭാര്യവീട്ടിലെ തേങ്ങ പറിക്കാൻ. അങ്ങനെ ഇവിടെയുള്ള എല്ലാ കോൺസ്റ്റബിൾമാരുടെയും പറമ്പിലെ തേങ്ങയിട്ട് കഴിഞ്ഞാൽ നിന്നെ വെറുതെ വിടാം. കേട്ടോടാ നാളെ രാവിലെ കൃത്യം എട്ട് മണിക്ക് ഇവിടെ എത്തണം”
കാര്യം മുഴുവൻ പറയുന്നതിനു മുൻപ്‌തന്നെ എസ് ഐ യുടെ ഓർഡർ വന്നു.
… ഇനിയിപ്പോ ആരെ വിളിക്കും? പെണ്ണായിരുന്നെങ്കിൽ 1091 ഡയൽ ചെയ്ത് വനിതാ ഹെല്പ് ലൈനിൽ അറിയിച്ചാൽ വെള്ളവണ്ടിയിൽ കാക്കിയണിഞ്ഞ വനിതാപോലീസുകാർ എത്തും. ഒരു സ്ത്രീ അപകടത്തിൽ പെട്ടെന്നറിഞ്ഞാൽ ഉടനടി സഹായം എത്തിയേനെ,,,
ജോസ് ആലോചിച്ചു, ‘ ഒന്ന് വിളിച്ച് നോക്കിയാലോ; ടോൾ ഫ്രീ നമ്പർ അല്ലെ, ചെലവില്ലല്ലൊ,,’
അങ്ങനെ ആണായ ജോസ് പെണ്ണാകാൻ കൊതിച്ച് നമ്പർ ക്ലിക്കി, ‘1091’
“ഹലോ ഇത് വനിതാ ഹെല്പ്‌ലൈനല്ലെ?”
“അതെ, ആരാണ്? ഏത് പെൺകുട്ടിക്കാണ് അപകടം പറ്റിയത്?”
ഒരു കിളിനാദം കാതിൽ പതിച്ചു.
“അപകടം പെൺകുട്ടിക്കല്ല; എനിക്കാണ് മാഡം, വൈദ്യരെമുക്കിലെ ഓട്ടോ ഡ്രൈവർ ജോസിന്”
“ഇത് വനിതകൾക്ക് മാത്രമുള്ളതാണ്, താങ്കൾ നൂറിൽ വിളിക്ക്”
“നൂറിൽ വിളിച്ചിട്ട് ഒരു രക്ഷയുമില്ല; ഇവിടെ ഒരു പുലി എന്നെ ഓടിച്ച് തെങ്ങേൽകയറ്റി തടഞ്ഞുവെച്ചിരിക്കയാ”
“പെൺപുലിയാണോ?”
“മാഡം അത് ഞാൻ പരിശോധിച്ച് നോക്കിയിട്ടില്ല; മിക്കവാറും പെൺപുലിയാവാനാണ് സാദ്ധ്യത”
“പിന്നാലെ ഓടുന്ന പുലി ‘പെണ്ണോ ആണോ’ എന്ന് മനസ്സിലാക്കാത്ത നീയൊക്കെ എവിടത്തെ ഡ്രൈവറാണ്? എത്രയും പെട്ടെന്ന് പരിശോധിച്ച് അത് പെൺപുലിയാണെങ്കിൽ ഇവിടെ വിളിച്ച് പറയുക. അപ്പോൾ പുലിയുടെ സംരക്ഷണത്തിനായി വനിതാപോലീസിന്റെ ഒരു സ്ക്വാഡിനെ അങ്ങോട്ട് അയക്കാം. നന്ദി”
… അപ്പോൾ പെണ്ണായി ജനിച്ചാൽ പുലിക്കും സംരക്ഷണം. ഇനി എന്ത് ചെയ്യും?
… നൂറ്റൊന്നിൽ വിളിച്ചാലോ?
… 101 വിളിച്ചാൽ ഫയർ സർവീസ് വക; ചുവന്ന വണ്ടി, ചുവന്ന ലൈറ്റിട്ട്, മണിയടിച്ച്‌കൊണ്ട് വരും. ആ മണിയടി കേട്ടാൽ കടലാസ് പുലി മാത്രമല്ല, ഒറിജിനൽ പുലിയും പറപറക്കും; ജസ്റ്റ് ഡയൽ ‘101’.
“ഹലോ, ഇത് ഫയർ സർവീസല്ലെ”
“നിനക്കെന്താടാ ഇത്ര സംശയം? ഈ പാതിരാത്രി നിന്റെ തലയിൽ തീപ്പിടിച്ചോ?”
“സർ ഞാനിവിടെ വലിയ അപകടത്തിൽ പെട്ടിരിക്കയാ”
“അതെന്താടാ? നിന്നെയാരെങ്കിലും പീഡിപ്പിച്ചോ?”
“സർ ഒരു പുലി എന്റെ പിന്നാലെ ഓടിയപ്പോൾ ഞാൻ തെങ്ങിന്മേൽ കയറി”
“ഹ,ഹ,ഹ,ഹ,ഹ, ഹ്,,, നല്ല കാര്യം; ഇനി തേങ്ങ പറിക്കാൻ ഒരു ലക്ഷം ചെലവാക്കി മെഷിനൊന്നും കണ്ടുപിടിക്കേണ്ട; പകരം ഓരോ പഞ്ചായത്തിലും ഓരോ പുലിയെ വിട്ടാൽ മതിയല്ലൊ”
“സർ ആറുമണിമുതൽ ഞാൻ തെങ്ങിന്റ്റെ മുകളിലാ,,,”
“അപ്പൊ നിനക്ക് വെശക്കുന്നുണ്ടാവും. നമ്മുടെ വണ്ടിയിൽ നിനക്കവിടെ ചോറെത്തിച്ച് തരണമായിരിക്കും? ഇറങ്ങെടാ പട്ടി,,,”
“അയ്യോ, സർ,, ഇവിടെ തെങ്ങിന്റെ ചോട്ടില് പുലിയുണ്ട്; എന്നെ തിന്നുകളയും”
“പുലിയെന്താടാ അവിടെ പെറ്റ് കെടക്കുവാണോ? പിന്നെ പുലിയെക്കൊന്ന് പുലിവാല് പിടിക്കാനൊന്നും ഈ അഗ്നിശമനക്കാരെ കിട്ടില്ല. അത് വനം വകുപ്പാ; ഫോറസ്റ്റിൽ വിളി”
“സർ നമ്പർ”
“ഫോറസ്റ്റ് ഓഫീസ് നമ്പർ സീറോ ഫോർ നൈൻ ……”
“വളരെ നന്ദി സർ”
… ഇനി ഫോറസ്റ്റ് നിറഞ്ഞ കാട്ടിലേക്ക് വിളിക്കാം; ഡയൽ…
“ഹലോ”
“യെസ്, വെൽക്കം റ്റു ദി ഫോറസ്റ്റ് ഓഫീസ്; ഏത് ജന്തുവാ ഈ രാത്രിയിൽ”
“സർ ഇവിടെ ഒരു പുലി എന്റെ പിന്നാലെ ഓടിയപ്പോൾ ഞാൻ തെങ്ങിന്മേൽ കയറി”
“നീയൊക്കെ ഓടിച്ചാൽ രക്ഷപ്പെടാനായി പുലിക്ക് തെങ്ങിന്മേൽ കയറണ്ട അവസ്ഥയായി. ഈ രാത്രി തെങ്ങിന്റെ മണ്ടയിലിരിക്കുന്നത് പുലിയാണെന്ന് എന്താ ഇത്ര ഉറപ്പ്?”
“തെങ്ങിന്മേൽ കയറിയത് ഞാനാണ് സർ, ഡ്രൈവർ ജോസ്; എന്നെ പിടിക്കാൻ പുലി താഴെയാ ഇരിക്കുന്നത്”
“പുലികൾ പലതരം ഉണ്ട്; പുള്ളിപ്പുലി, ചീറ്റപ്പുലി, കരിമ്പുലി, ഹിമാലയൻ പുലി, മേഘപ്പുലി, മഞ്ഞുപുലി, വെള്ളപ്പുലി, കടലാസുപുലി, പെൺപുലി, ആൺപുലി, എല്ലാം വംശനാശം സംഭവിച്ചതും സംഭവിക്കാൻ പോകുന്നതുമായ ജീവികളാണ്”
“എന്നെയൊന്ന് രക്ഷിക്കണം സർ”
“രക്ഷിക്കാൻ ഇനിയാര് വിചാരിച്ചാലും നടക്കില്ല. എല്ലാറ്റിനേം കൊന്ന് തീർത്തില്ലെ മനുഷ്യൻ”
“സർ ഈ പുലിയെന്നെ കൊല്ലും;ഒന്നിവിടെ വന്ന് എന്നെ രക്ഷിക്കൂ, സർ’
“പുലികൾ വന്യജീവിസംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയ ജീവികളാണ്. അവയെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്താൽ കിട്ടാൻ പോകുന്ന ശിക്ഷ അറിഞ്ഞിട്ടുണ്ടോ? നീ തെങ്ങിന്റെ ഏത് മണ്ടേലിരുന്നാലും പുലിക്ക് അപകടമൊന്നും വരാതെ സൂക്ഷിക്കേണ്ടത് ഒരു ഇൻഡ്യൻ പൌരനെന്ന് നിലയിൽ നിന്റെ കടമയാണ്. നേരം പുലരുന്നത് വരെ ഉറങ്ങാതെ പുലിക്ക് കാവലിരിക്കണം. അല്ലെങ്കിൽ അഴിയെണ്ണേണ്ടി വരും,,, കേട്ടോടാ ,,,, മോനേ?”
ഫോറസ്റ്റ് ടെലിഫോൺ ഓഫാക്കിയതും മൊബൈൽ ചാർജ്ജ് കുറഞ്ഞ് സ്വിച്ച് ഓഫായതും ഒന്നിച്ചായിരുന്നു.
“നാശം”
… ‘അപ്പോൾ പുലിയെ രക്ഷിക്കാൻ ആളുണ്ട്; കർത്താവേ,, ഈ പുലിയിൽ നിന്നും ഈ കുഞ്ഞാടിനെ രക്ഷിക്കാൻ ആരും വരില്ലെ?’
ജോസിന് നല്ല വിശപ്പുണ്ടായപ്പോൾ, പുലിക്ക് ജോസിനേക്കാൾ വിശപ്പുണ്ടായി. ‘ആരുടെ വിശപ്പിന് ആദ്യം പരിഹാരം കാണും’ എന്ന് ഒരു തീരുമാനവും ആയില്ല. ആയതിനാൽ ജോസ് തെങ്ങിന്റെ മുകളിലിരുന്ന് പുലിക്ക് കാവലിരുന്നപ്പോൾ പുലി തെങ്ങിന്റെ ചുവട്ടിലിരുന്ന് ജോസിന് കാവലിരുന്നു.
കുറേ പ്രയോഗങ്ങളൊക്കെ ചിരിപ്പിച്ചൂ ട്ടോ.പാവം ഡ്രൈവര്‍...ഇവനൊക്കെ എന്നാ പെണ്‍പുലികളെ തിരിച്ചറിയുന്നത്? പെണ്ണാരുന്നേല്‍ അവര് വന്നേനെ അല്ലേ?
ReplyDelete:)
Superb Teacher!!!
ReplyDeleteപുലിയും ജോസും..
ReplyDeleteഹ ഹ.. രസായിരുന്നു വായിക്കാന്‍...
കൊള്ളാം ടീച്ചര്‍ :)
ReplyDeletepatichathaayirunnu ale..!
ReplyDeletenice :)
ReplyDeleteസംഗതി കൊള്ളാം. ശരിക്കുള്ള പുലി ഒന്നും കാണണ്ട ട്ടോ. ഓടിച്ചിട്ട് പിടിച്ചു കടിച്ചു കൊല്ലും
ReplyDeleteപുലിയുടെ അപ്പനപ്പൂപ്പന്മാര്‍ പോലും സഹിക്കില്ല
ഷാർജയിൽ പുലി ഇറങ്ങിയിട്ടുണ്ടെന്ന ചാനൽ വാർത്തകേട്ട് പേടിച്ചിരിക്കുമ്പോളാണ്, ടീച്ചറുടെ പുലി...
ReplyDelete1.© Copyright
ReplyDeleteAll rights reserved
2.Creative Commons License
3.Production in whole or in part without written permission is prohibited
ഇതെന്താ കഥ? Creative Commons License ആണെങ്കില്‍ ഇതു പകര്‍ത്താന്‍ മിനിയുടെ സമ്മതമൊന്നും വേണ്ട.
അരുൺ കായംകുളം-, Sabu M H-, സുമേഷ്|Sumesh Menon-,
ReplyDeleteRadhika Nair-, Renjith-,
കുമാരൻ|kumaran-, ബിഗു-,
അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.
ദുശ്ശാസനൻ-,
പുലി നാട്ടിൽ ഓടിനടക്കുന്നുണ്ടല്ലൊ. അഭിപ്രായം പറഞ്ഞതിനു നന്ദി.
ദീപു-,
ഇവിടെ കണ്ണൂരിൽ പല സ്ഥലത്തായി പുലി ഇറങ്ങുന്നുണ്ട്. അഭിപ്രായം പറഞ്ഞതിനു നന്ദി.
Calicosentricകലീക്കോസെന്റ്രിക്ക്-,
Creative Commons License എന്ന് വെച്ചാൽ പകർത്താനും ലൈസൻസ് ഉണ്ടെന്നാണോ?
ചേച്ചി ഞങ്ങളെ ഫൂളാക്കിയതാണല്ലെ(ഏപ്രിൽ ഫൂൾ).....
ReplyDeleteഞാൻ വിചരിച്ചു ശരിക്കും പുലി ഇറങ്ങീന്ന്....!!
നന്നായിരിക്കുന്നു....
ആശംസകൾ....
പുലിയും ജോസും...ഒക്കെ നന്നായി. എന്തായാലും ശരിക്കുള്ള പുലി കാണണ്ട. നന്നായി രസിപ്പിച്ച കുറെ പ്രയോഗങ്ങള്‍....
ReplyDeleteഒരു പുഞ്ചിരിയോടെ വായിച്ചു.
മിനി ചേച്ചി, ഇതാണോ ജോസേട്ടന്‍ പിടിച്ച പുലിവാല്‍ :)
ReplyDeleteഅങ്ങനെ പുലി പോലെ വന്നത് പുലിപോലെ തന്നെ അവിടിരിക്കുന്നു. വരികള്‍ക്കിടയില്‍ ഗൂഢമായി ഒളിപ്പിച്ചിരിക്കുന്ന നര്‍മ്മം ആസ്വദിച്ചു!
ReplyDeleteപുലിയിൽ നിന്നും രക്ഷക്കായി കെട്ടിയോളേ വിളിച്ചപ്പോൾ
ReplyDeleteഅവൾ പരിധിക്ക് പുറത്ത് ഹ ഹ ഹാ..
നന്നായി ടീച്ചറേ..നന്നായി ചിരിപ്പിച്ചു
:-)
nannayittundu teacher
ReplyDeleteകുറച്ച് കഴിഞ്ഞപ്പോള്‍ വിശന്നിട്ട് കണ്ണ് കാണാതെ ആ പുലി ഉറങ്ങിപ്പോയി... വിശപ്പ് കാരണം ഉറക്കം വരാതിരുന്ന ജോസ് ആ തക്കം നോക്കി പതുക്കെ ഇറങ്ങി വീട്ടില്‍പ്പോയി... ജോസ് ആരാ മോന്‍....
ReplyDeleteപുലിക്കഥ കൊള്ളാം!
ReplyDeleteഒ.ടോ.
“ഇന്നലെ ഷാപ്പിന്ന് എന്റെ ഷെയറാ നീ മോന്തിയത്; ഇന്ന് നിന്റെ ഷെയറാടാ പട്ടീ,,,”
ഷാപ്പിലൊക്കെ നല്ല പരിചയവാ..ല്യോ!?
വീ കെ-, പട്ടേപ്പാടം റാംജി-, ഒഴാക്കൻ-, വഷളൻ-, ഭായി-, ചങ്കരൻ-, വിനുവേട്ടൻ|vinuvEttan-, jayanEvoor-,
ReplyDeleteഎല്ലാവർക്കും മിനിയുടെ പേരിലും പുലിയുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു.
അഴിക്കോട് പുലി ഇറങ്ങി എന്ന് കേട്ടു.. ഇനി അതാണോ ഇത് ?
ReplyDeleteസംഭവം സൂപ്പര്‍
SureB!!!!
ReplyDeleteസത്യം പറ ടീച്ചറേ... ജോസൂട്ടിയെ ഓടിച്ച ആ പുപ്പുലി ടീച്ചറു തന്നെയായിരുന്നോ? :)
ReplyDeleteഒരു ചെറിയ ‘വിയോജനക്കുറിപ്പ്’: പോസ്റ്റിന്റെ ചുവട്ടില്‍ പൂര്‍ണ അവകാശത്തെ സൂചിപ്പിക്കുന്ന ‘Copyright statement’ ('All Rights Reserved')-ഉം 'attributed copying/sharing' അനുവദിക്കുന്ന 'creative commons licence statement'-ഉം ഒന്നിച്ച് കൊടുത്തിരിക്കുന്നത് ശരിയാണോ? രണ്ടും ഭാഗികമായെങ്കിലും പരസ്പര വിരുദ്ധമല്ലേ?
ReplyDelete(A fully copyrighted ('All rights reserved') content can't be copied / shared or otherwise transmitted without the explicit permission of the owner, whereas CC Licenced material ('Some rights reserved') can be freely copied / shared / transmitted with attribution subject to the conditioons of the respective licence.)
രണ്ടും കൂടി ഒന്നിച്ച് വെക്കുന്നത് മുറിയുടെ വാതില്ക്കല്‍ ‘അനുവാദം കൂടാതെ പ്രവേശിക്കരുത്’ എന്നും ‘അകത്തേക്കു വരാം’ എന്നും ഒരേ സമയം ബോര്‍ഡ് വെക്കുന്നതു പോലെയാകും!
എല്ലാം നല്ല അക്ഷരത്തെറ്റില്ലാത്ത സ്വാദുള്ള കറികൾ. ഉപ്പും എരിവും അല്പം കൂടിയോ? ഒന്നുകൂടി വറ്റിച്ചെടുത്താൽ ധാരാളം കഴിക്കാം.സംഭവ്യം സകലതും.കൊള്ളാം.
ReplyDeleteകുറ്റമറ്റ ഒരു രചന.നല്ല ഒഴുക്ക്.തട്ടും തടസ്സവുമില്ലാതെ വായിക്കാൻ പറ്റുന്ന രചനാരീതി.
ReplyDeleteനന്നായി ഹോം വർക്ക് ചെയ്തതു കൊണ്ടും, നന്നായി നിരീക്ഷണം നടത്തിയതു കൊണ്ടുമാവാം വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതികരണങ്ങളും, ഷാപ്പിലെ ചില ഏർപ്പാടുകൾ പോലും കിറു കൃത്യമായി ഫീൽ ചെയ്തു.
പക്ഷേ ഇവിടൊരു അതിബുദ്ധി കാണിച്ചല്ലോ?
മറ്റുള്ള ഡിപ്പാർട്ട്മെന്റുകളുടെ നമ്പരുകൾ ശരിക്കും എഴുതി. വനം വകുപ്പിന്റെ നമ്പർ അറിയാത്തതു കൊണ്ട് 049.......എന്ന് തന്ത്രത്തിൽ ഒതുക്കി. അഭിനന്ദിക്കാതിരിക്കാനാവില്ല. ഒപ്പം ഫോറസ്റ്റിന്റെ ചില നമ്പരുകളും അറിയിക്കാതിരിക്കാനാവില്ല.
1.ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,കണ്ണൂർ-04972704808(ഇതു പോലുള്ള സംഭവങ്ങൾ വിളിച്ചു പറയാം. പോസ്റ്റിൽ പറഞ്ഞത് തമാശ മാത്രം.നടപടി ഉറപ്പ്
2.അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, സോഷ്യൽ ഫോറസ്ട്രി,കണ്ണൂർ-04972705105(പാതയോരത്ത് അപകടകരമായ വിധത്തിൽ നിൽക്കുന്ന മരങ്ങളെ പറ്റി, ജൂൺ മാസത്തിൽ നടാൻ വൃക്ഷതൈകൾ ലഭിക്കാൻ, എന്നീ കാര്യങ്ങൾക്ക്)
3.ഡി.എഫ്.ഓ(കണ്ണൂർ) : 9447979072
4.A.C.F(S.F)(കണ്ണൂർ) : 9447979151
ഇതൊന്നുമോർമ്മയില്ലെങ്കിൽ,മറ്റൊരു മാർഗ്ഗവുമില്ലേങ്കിൽ എന്നെ വിളിച്ചോളൂ. ആവുന്ന വിധം എന്തെങ്കിലുമൊരു സൊല്യൂഷനുണ്ടാക്കാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം വിധു