24.4.10

ഉപ്പുചാക്കുകളുടെ മുകളിലായി വീണത്, ഒരു ഉള്ളിച്ചാക്ക്


                     ബസ്സിൽ കയറിയ ഉടനെ ആദ്യം കാണുന്ന ആ ഒഴിഞ്ഞ സീറ്റിൽ അമർന്നിരുന്നപ്പോൾ, വെളിയിൽ മുൻവാതിലും പിടിച്ച്‌നിന്ന കിളി, എന്നെ നോക്കി വിളിച്ച് കൂവാൻ തുടങ്ങി,
“ഏയ്, അവിടെയിരിക്കണ്ട, എഴുന്നേറ്റ് മാറിയാട്ടെ;”

                     കിളി പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഞാൻ അവിടെത്തന്നെ ഇരുന്നു. ബസ്സിൽ രണ്ട് പേർക്കിരിക്കാവുന്ന ഒരു സീറ്റ് മാത്രമാണ് ഒഴിവുള്ളത്. 
                     വീടിനു സമീപമുള്ള ബസ്‌സ്റ്റാന്റിൽ‌നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന ആ ബസ്സിൽ പുരുഷപ്രജകൾക്കെല്ലാം ഇരിപ്പിടം ലഭിച്ചെങ്കിലും, സംവരണത്തിനു ഉൾക്കൊള്ളാനാവാത്ത പത്തിലധികം സ്ത്രീകൾ കമ്പിയേൽ‌പിടിച്ച് ആടി നിൽക്കുന്നുണ്ട്. എന്നിട്ടും ആരും ഇരിക്കാത്ത, ആ ഇരിപ്പിടത്തിലാണ് ഞാൻ കയറിയിരുന്നത്. അപ്പോൾ‌പിന്നെ ഏത് ആൺകിളിയായാലും പെണ്ണായ എന്നെ കൊത്തിയോടിക്കില്ലെ?

അപ്പോഴെക്കും അതേ കിളി അവന്റെ സ്വന്തമായ തലമാത്രം ബസ്സിനകത്ത് കടത്തി എന്നോട് ആജ്ഞാപിക്കാൻ തുടങ്ങി,
“ഏ, പെണ്ണുങ്ങളെ നിങ്ങളോടാ പറയുന്നത്, ആ സീറ്റിന്ന് എഴുന്നേൽക്കാൻ,,”
പെണ്ണുങ്ങൾ കുറേപ്പേരുണ്ട്, എങ്കിലും ചോദ്യം എന്നോടായതിനാൽ പെട്ടെന്ന് ഞാൻ അവനെ നോക്കി മറുചോദ്യം ഫോർവേഡ് ചെയ്തു,
“എന്താ ഇവിടെയിരുന്നാൽ?”
“ഇവിടെയിരുന്നാൽ ഡോറ് തൊറക്കണം”
“അത് ഞാൻ തുറക്കുമല്ലൊ”
“ഓ, അതൊന്നും ശരിയാവില്ല, നടക്കില്ല”
“നടക്കണ്ടെടോ, ബസ്സ് ഓടിയാൽ മതി”
എന്റെ മറുപടികേട്ട് ചുറ്റുമുള്ള സ്ത്രീപുരുഷന്മാർ ചിരിച്ചു, അതോടെ കിളി എന്തൊക്കെയോ ചിലച്ചുകൊണ്ട് ബസ്സിന്റെ പിന്നിലേക്ക് പോയി.

                   പ്രൈവറ്റ് ബസ്സിന്റെ മുൻ‌വാതിലിനു സമീപം വലതുവശത്തുള്ള ‘വിഐപി’ ഇരിപ്പിടത്തിനൊരു പ്രത്യേകതയുണ്ട്. കണ്ണൂർ ജില്ല വിട്ടാൽ(മാഹിപ്പാലം കടന്നാൽ) അത് വനിതാസംവരണസീറ്റ് ആയി മാറും. സംവരണം ചെയ്യപ്പെട്ടത് ഒഴികെ മറ്റെല്ലാം പുരുഷന്മാർക്ക് എന്നാണല്ലോ നമ്മുടെ അലിഖിത നിയമം. ഇവിടെ കണ്ണൂർ ജില്ലയിലെ ബസ്സിൽ അത് ഡോർ തുറക്കാൻ തയ്യാറായ യാത്രക്കാരന്റെ ഇരിപ്പിടമാണ്. അതായത് അവിടെയിരിക്കുന്നവന് ഡോർ ഓപ്പറേറ്ററുടെ താൽക്കാലിക പോസ്റ്റ് ലഭിക്കും. അതുകൊണ്ട് എന്നെപ്പോലെയുള്ള ചില സ്ത്രീകളും പുരുഷന്മാരും ഒഴികെ മറ്റാരും ആ വശത്തേക്ക് കണ്ണോടിക്കാറില്ല.

                       ഏതാനുംചില ചെറുപ്പക്കാരുടെ പഞ്ചാരവിതരണകേന്ദ്രം കൂടിയാണ് ആ വിഐപി ഇരിപ്പിടം. നല്ല തിരക്കുള്ള ബസ്സിലാണെങ്കിൽ അവിടെയിരിക്കുന്ന പൂവാലന്മാർ മൊത്തമായും ചില്ലറയായും പഞ്ചാര വിതരണം നടത്തി അതിൽ മുങ്ങിക്കുളിക്കും. അതിനാൽ പഞ്ചാരച്ചാക്കിനു ചുറ്റും ഉറുമ്പുകളായി കുറെ പൂവാലികൾ എപ്പോഴും അവരെ പൊതിഞ്ഞിരിക്കും. പിന്നെ ബസ്സിൽ കയറുന്ന അമ്മയിൽ‌നിന്ന് കുഞ്ഞിനെ വാങ്ങി മടിയിലിരുത്തുക, പ്രായാധിക്ക്യംകൊണ്ടും ശരീരഭാരം‌കൊണ്ടും അവശതയനുഭവിക്കുന്ന സ്ത്രീകളെയും കൊച്ചു കുട്ടികളെയും കൈപിടിച്ച് അകത്തേക്കാനയിക്കുക, വെയ്റ്റ് കൂടിയ ബാഗുകൾ സ്ത്രീകളിൽ നിന്നും സ്വീകരിച്ച് സീറ്റിനടിയിൽ തിരുകിക്കയറ്റുക, ആദിയായ കർമ്മങ്ങൾ മുന്നിലെ വാതിലിനു തൊട്ടടുത്ത സീറ്റിലിരിക്കുന്നവരുടെ ജന്മാവകാശമാണ്. ആ അവകാശത്തെയാണ് ഇപ്പോൾ ഞാൻ ചോദ്യം ചെയ്യുന്നത്.
ആണുങ്ങൾ എങ്ങനെ ഇത് സഹിക്കും?

                     മാസത്തിൽ കൃത്യമായി ഒരു തവണയുള്ള എന്റെ ബസ്സ്‌യാത്ര ആശുപത്രിയിലേക്കാണെങ്കിലും ഞാൻ ഒരു രോഗിയല്ല. ദിവസേന കൃത്യസമയത്ത് ഗുളികകൾ വിഴുങ്ങുന്നത് രോഗം മാറാനല്ല; രോഗം വരാതിരിക്കാനാണ്. ആ ഗുളികകളുടെ അളവ് രക്തപരിശോധന നടത്തി ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കണം. അതിനായി കണ്ണൂരിന്റെ പരിസരത്തുള്ള എന്റെ പ്രീയപ്പെട്ട ആശുപത്രിയിൽ പോയാൽ 3ml രക്തം ഓരോ തവണയും കുത്തിയെടുത്ത് കുപ്പിയിലാക്കി പരിശോധിക്കും. അങ്ങനെ ആശുപത്രിയിലേക്കുള്ള ഒരു ബസ്സ്‌യാത്രയിലാണ് കിളിയുമായി ഞാൻ ഇടഞ്ഞുനിന്നത്.

                       ബസ്സിന് വെളിയിൽനിന്നുള്ള കിളിയുടെ കേളികൾ, നേരെ ബസ്സിനകത്തുള്ള കണ്ടക്റ്റർക്ക് പാസ്സ്‌ചെയ്ത് കൊടുത്തു. സുന്ദരിമാരുടെ ‘മിന്നും‌താരമായി മാറി, ആളുകൾക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഊളിയിട്ട് ഒഴുകി നടക്കുന്ന കണ്ടക്റ്റർ; ടിക്കറ്റ് ബുക്കും ബാഗുമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഉടനെ കണ്ണുരുട്ടിക്കൊണ്ട് ചോദ്യമായി,
“നിങ്ങൾക്കെന്താ അവിടെന്ന് മാറിയിരുന്ന് കൂടെ?”
“മാറിയിരിക്കാൻ മറ്റൊരു സീറ്റും ഇല്ലല്ലൊ”
“അവിടെ ആണുങ്ങൾ‌മാത്രം ഇരുന്ന് ഡോറ് തുറക്കേണ്ടതാണ്”
“അതെന്താ പെണ്ണുങ്ങൾക്ക് ഡോറ് തുറന്നാൽ?”
“അവിടന്ന് മാറിയിരിക്കുന്നതാണ് നല്ലത്; വെറുതെ ഓരോ പൊല്ലാപ്പ്”
“വേറെ ഇരിക്കാൽ സ്ഥലം കിട്ടാതെ ഞാനിവിടന്ന് മാറുന്ന പ്രശ്നമേയില്ല.”
അതോടെ കണ്ടക്റ്റർ ടിക്കറ്റ് തരാതെ, മറ്റൊന്നും ചോദിക്കാതെ, മുഖം കറുപ്പിച്ചുക്കൊണ്ട് പിന്നിലേക്ക് പോയി.

                     രണ്ട്‌പേർ ഇരിക്കേണ്ട സീറ്റിൽ എന്റെ സമീപം ഒരാളുടെ സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ഒരുത്തിപോലും (അവരിൽ കരയുന്നെ കൊച്ചിനെയും കൊണ്ട് നിൽക്കുന്നവളും ഉണ്ട്) ഇരിക്കാൻ തയ്യാറായില്ല. അത് എന്നെ പേടിച്ചാണോ അതോ ബസ്സ്‌കാരെ പേടിച്ചാണോ,,,?

                     മിക്കവാറും വീട്ടിൽ വാതിൽ തുറക്കുന്നതും അടക്കുന്നതും സ്ത്രീകളാണെങ്കിലും; ഒരു വാഹനത്തിന്റെ കാര്യത്തിൽ, സ്ത്രീകൾ അകത്തേക്ക് പ്രവേശിക്കാൻപോലും പുരുഷന്മാർതന്നെ വാതിൽ തുറക്കണം. ഓ, ബസ്സ്തൊഴിലാളികളെല്ലാം പുരുഷന്മാരാണല്ലൊ! അടുക്കളയിൽ ചോറും കറിയും നിർമ്മാണം സ്ത്രീകൾക്ക്; എന്നാൽ സദ്യയിൽ ചോറും കറിയും വെക്കാൻ പുരുഷന്മാർ. അതുപോലെ ഇവിടെയും എന്തിനീ വിവേചനം! ബസ്സിൽ കയറുന്ന ഈ പെണ്ണുങ്ങളുടെ പണം‌കൊണ്ട് കൂടിയല്ലെ, ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററും കിളിയും ബസ്‌ഓണേഴ്സ്‌ഫേമലിയും കഞ്ഞികുടിക്കുന്നത്?’  

                        ഇതിനിടയിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടുപോയി; ബസ്സിൽ എന്റെ കൂടെ എന്നെ കെട്ടിയവനായ, എന്റെ ഭർത്താവായ, എന്റെ പ്രീയപ്പെട്ട മാഷും ഉണ്ട്. അദ്ദേഹത്തിന് എന്നെ പേടിയുള്ളതിനാൽ സാധാരണയായി സ്ത്രീകൾ കയറുന്ന, മുൻ‌വാതിലിലൂടെ ഒരിക്കലും ബസ്സിൽ കയറാറില്ല. അത്‌കൊണ്ട് പിൻ‌വാതിലിലൂടെ ബസ്സിൽ കയറി മുന്നിലോട്ട് നടന്ന് വരവെ, ഒരു പൂർവ്വശിഷ്യനെയും ശിഷ്യന്റെ കൊച്ചുമകനെയും കണ്ണിൽ‌ ഉടക്കി. ശിഷ്യൻ തന്റെ മകനെ മടിയിൽ പിടിച്ചിരുത്തിക്കൊണ്ട്, തന്നെ ഹരിശ്രീ പഠിപ്പിച്ച അദ്ധ്യാപകനായി അർദ്ധാസനം നൽകി. 
                  അങ്ങനെ പൂർവ്വഅദ്ധ്യാപകനും പൂർവ്വശിഷ്യനും ചേർന്ന് വർത്തമാനകാല വിശേഷങ്ങൾ ചർച്ചചെയ്യവെ തൊട്ടടുത്ത സീറ്റിലെ പരിചയക്കാരൻ അദ്ദേഹത്തിന്റെ ചുമലിലൊന്ന് തോണ്ടി,
“മാഷേ, ടീച്ചറവിടെ മുന്നിൽ ഒറ്റക്കാണ്. അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ നിങ്ങള് പോയി ഇരുന്നില്ലെങ്കിൽ ഏതെങ്കിലും ആൺപിള്ളേർ കയറി കൂടെയിരിക്കും”
“അങ്ങനെയൊരുത്തൻ ഇരിക്കുന്നതിൽ എനിക്കോ അവൾക്കോ ഒരു പ്രശ്നവും ഇല്ല. പിന്നെ ഒന്നിച്ചിരിക്കുന്നവന് പ്രശ്നമില്ലെങ്കിൽ ഇരുന്നോട്ടെ”
അതാണ് അങ്ങേരുടെ രീതി; പോനാൽ പോകട്ടും പോടീ,,, എങ്ങനെയുണ്ട് എന്റെ കെട്ടിയവൻ?

                          അപ്പോഴേക്കും അത്‌പോലെ സംഭവിച്ചു; ബസ്സിന്റെ പിൻ‌വാതിലിലൂടെ അകത്തുകടന്ന, സുന്ദരനും സുശീലനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ ഇരിപ്പിടം തേടി മുന്നിലെത്തിയപ്പോൾ എന്റെ സമീപം ഇരുന്നു. അവൻ എന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ഒരു പുഞ്ചിരി ഫോർ‌വേഡ് ചെയ്തു.
അപ്പൊഴെക്കും ബസ്സിൽ കയറാനായി ഒരു സ്ത്രീ വാതിലിനു സമീപം വന്നു. ഉടനെ കിളി പിന്നിൽനിന്ന് കൂവി,
“ഏ പെണ്ണുങ്ങളേ, അവിടിരുന്നാൽപ്പോര, വാതില് തൊറന്ന്‌കൊടുക്ക്,,,”

                       ഞാൻ ബസ്സിന്റെ ഡോർ തുറന്നപ്പോൾ അവർ അകത്ത് കയറി. പതിവ്‌തെറ്റിച്ച് ഒരു സ്ത്രീ അവിടെ ഇരുന്നതിലുള്ള പ്രതിഷേധം, കിളി നാലാളെ അറിയിക്കുകയാണ്, ‘ഇവനെക്കെ പെണ്ണുങ്ങളെ എന്ന് എന്നെ നോക്കി വിളിച്ച് കൂവുന്നു; എന്നാൽ ഇതേ സീറ്റിലിരിക്കുന്ന പുരുഷന്മാരെ, ‘ആണുങ്ങളെ’ എന്ന് ഒരിക്കലും ഒരു കിളിയും വിളിക്കാറില്ലല്ലൊ,’.
പെട്ടെന്ന് എന്റെ സമീപം ഇരുന്ന പയ്യൻ പറഞ്ഞു,
“ഞാൻ സൈഡിലിരുന്നാൽ ഡോറ് തൊറന്ന് കൊടുക്കാം”
അവന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ; എനിക്കിവിടെ സുഖമായി ഇരിക്കാമല്ലൊ. അവൻ എഴുന്നേറ്റപ്പോൾ ഞാൻ മാറിയിരുന്നു.

                           നമ്മുടെ ബസ് സ്റ്റാർട്ട്‌ ചെയ്തപ്പോഴാണ് എനിക്ക് ചെറിയ പ്രശ്നം തോന്നിയത്. ഡോറിനു സമീപത്തെ ഇരിപ്പിടമായതിനാൽ എനിക്ക് ബാലൻസ്‌ചെയ്ത് പിടിക്കാനായി മുന്നിൽ ഒരു വടിപോലും ഇല്ല. രണ്ടു കൈയും ഫ്രീ ആയി നേരെ നോക്കിയിരിക്കണം. ബാലൻസ് തെറ്റിയാൽ മുന്നിലുള്ള, സ്ത്രീകൾക്ക് ഇറങ്ങാനും കയറാനും വേണ്ടിയുള്ള സ്റ്റെപ്പുകളിൽ തെറിച്ച്‌വീഴും. അതിന് ഒരു പരിഹാരം മാത്രം; അടുത്തിരിക്കുന്നവനെ മുട്ടിയുരുമ്മി ഇരുന്ന് സൈഡിലെ കമ്പികളിൽ പിടിക്കണം. എല്ലാം‌കൊണ്ടും എനിക്കിപ്പോൾ ‘മര്യാദക്ക് ഇരിക്കാനും വയ്യ; എഴുന്നേറ്റ് മാറാനും വയ്യ’ എന്ന അവസ്ഥയിലായി. ബസ്സിലെ ഓരോ ടേണിങ്ങിലും ഞാൻ വളരെ പേടിച്ചെങ്കിലും വീഴാതെ ഉറച്ചിരുന്നു.

                     പെൺകുട്ടികളുടെ കലപില ശബ്ദം കേട്ടപ്പോൾ മനസ്സിലായി ഒരു പാരരൽ കോളേജിന്റെ മുന്നിലാണെന്ന്. അതിരാവിലെ ഒരു മണിക്കൂർ കോച്ചിംഗ് കഴിഞ്ഞ കുട്ടികൾ പുറത്തിറങ്ങിയതാണ്. മിക്സഡ് കോളേജാണെങ്കിലും മുന്നിൽ കാണുന്നത് പെൺകുട്ടികൾ മാത്രം. ബസ് പെൺകുട്ടികളെക്കൊണ്ട് നിറഞ്ഞു; എന്റെ ചുറ്റിലും അവർ നിരന്നു. പെട്ടെന്ന് ഒരു പെൺ‌കുട്ടി പുസ്തകബാഗ് എന്റെ മടിയിൽ ഇട്ടുകൊണ്ട് പറഞ്ഞു,
“ഈ ബാഗൊന്ന് പിടിച്ചാട്ടെ”
എന്റെ മടിയിൽ പതിച്ച അഞ്ച് കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വലിയ ബാഗ് കൈകൊണ്ട് പിടിച്ചാൽ ഞാൻ താഴെ വീഴും എന്ന് ഉറപ്പാണ്. മൂന്ന് കിലോയിൽ കൂടുതൽ ഭാരം എടുക്കരുതെന്ന് ഡോക്റ്റർ എന്നോട് പ്രത്യേകം പറഞ്ഞതുമാണ്. ടീച്ചറായ എന്റെ മടിയിൽ, എന്നോട് അനുവാദം ചോദിക്കാതെ പുസ്തകബാഗ് ഇടുക; ആകെക്കൂടി ഒരു അസ്വസ്തത തോന്നി. ഞാൻ ആ കുട്ടിയോട് പറഞ്ഞു,
“ഈ ബാഗെടുത്ത് മാറ്റിയാട്ടെ”
അവൾ ആശ്ചര്യത്തോടെ എന്നെ നോക്കിയശേഷം മറുചോദ്യമായി,
“എന്താ ഇരിക്കുന്ന ആളിന് ബാഗ് പിടിച്ചാൽ?”
വളരെപെട്ടെന്ന് എന്നിലുള്ള അദ്ധ്യാപികയുടെ വിശ്വരൂപം പുറത്തുചാടി,
“നിന്നെക്കാൾ വലിയ കുട്ടികളെ പഠിപ്പിക്കുന്ന ആളാണ് ഞാൻ; പുസ്തകം ചുമക്കേണ്ട ആളല്ല. നീ ബാഗ് എടുത്ത് മാറ്റുന്നോ; അതോ ഞാൻ തള്ളി താഴെയിടണോ?”
അസ്സൽ കാട്ടുകടന്നൽ കുത്തിയ മുഖവുമായി അവൾ പുസ്തകസഞ്ചി എടുത്ത് പിന്നിലേക്ക് പോകുമ്പോൾ ഞാൻ ഓർത്തു,
‘എന്റെ മക്കളുടെയോ സ്വന്തം വിദ്യാർത്ഥികളുടെയോ ബാഗ്പോലും ഞാൻ ചുമന്നിട്ടില്ല. അപ്പോഴാ ഇവളുടേത്,,’.

                   സമീപമിരുന്ന യുവാവ് ഡോർ ഓപ്പറെറ്ററുടെ ജോലി നന്നായി ചെയ്തു. ആളുകൾ നിറഞ്ഞപ്പോൾ  ബസ്സിന്റെ സ്പീഡ് കുറവായതിനാൽ മുന്നിലെ സീറ്റിൽ അവന്റെ സ്മീപം ഇരിക്കുന്നതിൽ ഇപ്പോൾ എനിക്ക് പ്രയാസമൊന്നും തോന്നിയില്ല.

                   ബസ്സ് ‘ചൊവ്വ’യിലെത്തിയപ്പോൾ വിദ്യാർത്ഥികൾ എല്ലാവരും ഇറങ്ങിയതോടെ ബസ്സിൽ യാത്രക്കാർ കുറഞ്ഞു.  പതിവുപോലെയുള്ള ട്രാഫിക്ൿബ്ലോക്ക് ‘ചൊവ്വ’യിൽ ഇല്ലാത്തതിനാൽ സ്പീഡ് വർദ്ധിക്കാൻ തുടങ്ങി. അങ്ങനെ എനിക്ക് ഇറങ്ങേണ്ട സ്ഥലമായ ‘താണ’ സ്റ്റോപ്പിൽ എത്താറായി.
കിളി മുൻ‌കൂറായി വിളിച്ചുകൂവി, ഒരു അറിയിപ്പ്,,,
“താണ എറങ്ങാനുള്ളവർ എണീറ്റൊ”

                    ബസ്സ് നിർത്തിയാൽ മാത്രമേ സാധാരണ ഞാൻ എഴുന്നേൽക്കാറുള്ളു; ഇന്നാണെങ്കിൽ മുന്നിലിരിക്കുന്ന എനിക്ക് ബസ്സ് നിന്ന ഉടനെ പെട്ടെന്ന് മുൻ‌വാതിൽ തുറന്ന് ഇറങ്ങാം.
       അപ്പോഴാണ് ഞാൻ അത് കണ്ടത്;
                    കിളിയുടെ വിളി കേട്ട ഉടനെ പിന്നിലിരിക്കുന്ന ഉയരം കുറഞ്ഞ ഒരു സ്ത്രീ എഴുന്നേറ്റ് ഓരോ കൈകൊണ്ടും ബസ്സിന്റെ മേൽത്തട്ടിലെ കമ്പിയിൽ എത്തിപ്പിടിച്ച് മുന്നോട്ട് നടക്കുകയാണ്. കണ്ണും കൈവിരലും ഒഴികെ, മെയിൻ ഫിറ്റിംഗ്സ് എല്ലാം കറുത്ത പർദ്ദകൊണ്ട് ആവരണം ചെയ്യപ്പെട്ട ആ സ്ത്രീക്ക് ഉയരം കുറവാണെങ്കിലും വണ്ണം വളരെ കൂടുതലാണ്. സർക്കസ്സുകാരിയെ പോലെ ഒരുത്തി കമ്പിയേൽ തൂങ്ങിയാടി നടക്കവെ, പിന്നാലെ ഇരട്ടപെറ്റതു പോലെ മറ്റൊരുവളും അതേകമ്പി പിടിച്ച്‌തൂങ്ങി നടക്കാൻ തുടങ്ങി.

മണിയടി കേട്ട്, ബസ്സ് നിർത്താൻ തുടങ്ങുന്നതിന് തൊട്ടുമുൻപ്, കിളിയുടെ അറിയിപ്പ് വീണ്ടും വന്നു,
“എറങ്ങിക്കൊ, എറങ്ങിക്കൊ, താണയെത്തി,,,”
എന്നാൽ ബസ്സ് നിർത്തുന്നതിനു മുൻപ് അത് സംഭവിച്ചു;
റോഡിനു കുറുകെ ഒരു പയ്യൻ ഓടിയതും ബസ്സ് ‘സഡൻ‌ ബ്രെയ്ക്കിട്ടതും’ ഒന്നിച്ചായിരുന്നു.
??????.

                     റോഡിലൂടെ ഓടിയവന് ഒന്നും പറ്റിയില്ല; ബസ്സിനകത്ത് പലതും പറ്റി. കമ്പി പിടിച്ച് മുന്നോട്ട് നടന്ന കറുത്ത രൂപങ്ങൾ; മരത്തേൽ തൂങ്ങിയാടുന്ന വവ്വാലുകൾക്ക് കൊടുങ്കാറ്റടിച്ചാൽ സംഭവിക്കുന്നതുപോലെ, പിടിവിട്ട് മുന്നോട്ട് തെറിച്ച്‌പോയി. അവർ ഒന്നിനു മുകളിൽ മറ്റൊന്നായി വലിയ ഉപ്പ്‌ചാക്കുകൾ പോലെ ബസ്സിന്റെ മുന്നിൽ സ്റ്റീയറിംങ്ങിനു സമീപം കമഴ്ന്നു വീണപ്പോൾ അതിനും മുകളിലായി മുൻസീറ്റിലിരിക്കുന്ന ചെറിയ ഉള്ളിച്ചാക്ക് കൂടി മറിഞ്ഞുവീണു.
                       നാല്പത് കിലോഗ്രാമിൽ കൂടാത്ത ആ ഉള്ളിച്ചാക്കിന് അതിന്റെ ഇരട്ടിയോളം ഭാരമുള്ള രണ്ട് ഉപ്പുചാക്കുകളുടെ മുകളിൽ വീണതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല. പിന്നിൽ‌നിന്നും ഓടിയെത്തിയ കിളി, ഉപ്പുചാക്കുകളെ ഉയർത്താനായി ശ്രമിക്കുന്നതിനിടയിൽ; ആദ്യംതന്നെ എഴുന്നേറ്റ് പൊടിതട്ടി ഭർത്താവിനോടൊപ്പം ബസ്സിൽ‌നിന്ന് പുറത്തിറങ്ങുന്ന ഉള്ളിച്ചാക്കിനെ നോക്കി ചിലക്കാൻ തുടങ്ങി,
“കിട്ടേണ്ടത് കിട്ടിയാൽ,, ഈ പെണ്ണുങ്ങൾ പഠിക്കും. നമ്മൾ ആണുങ്ങൾ ഇരിക്കുന്നിടത്ത് പെണ്ണുങ്ങൾ കയറിയിരുന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും, ഇനിയെങ്കിലും പറയുന്നത് അനുസരിക്കാൻ പഠിക്ക്”

37 comments:

 1. ശക്തിയായി തന്നെ പ്രതിഷേധിക്കുന്നു.. ബസ്സ് യാത്രക്കാർക്ക് സുരക്ഷിതമായി യാത്രചെയ്യാൻ ഉള്ള സംവിധാനം ഉണ്ടാവണം
  ആ കിളി അപമര്യാദയായിട്ടാണു യാത്രക്കാരോട് പ്രത്യേകിച്ച് സ്ത്രീകളോട് പെരുമാറിയത് - അതയാളുടെ സംസ്കാരം- . എന്നാലും ബസ്സ് നിർത്തുന്നതിനു മുന്നെ ഇരിക്കുന്ന സീറ്റിൽ നിന്ന് എഴുന്നേൽക്കണ്ട ഒരാവശ്യവും ഇല്ല .ഔദാര്യത്തിൽ ഒന്നും അല്ല യാത്ര ചെയ്യുന്നത്. അവിടെ യാത്രക്കർ ഉപഭോക്താവ് ആണു ...കൊടുക്കുന്ന പണത്തിനു കയറുന്ന സ്റ്റോപ്പ് മുതൽ ഇറങ്ങുന്ന സ്റ്റോപ്പ് വരെ സീറ്റിൽ ഇരിക്കാൻ അല്ലങ്കിൽ സുരക്ഷിതമായി നിൽക്കാൻ സാധിക്കണം.... അല്ല മിനി വീണിട്ട് വല്ലതും പറ്റിയോ?


  (((((ഠോ ))))))
  അതു ഉള്ളി ചാക്ക് വീണതാ!!:)

  ReplyDelete
 2. കിട്ടേണ്ടത് കിട്ടിയപ്പോ ഇങ്ങനെയൊരു പോസ്റ്റും കിട്ടി.

  ReplyDelete
 3. പോസ്റ്റ് നന്നായിട്ടുണ്ട്,

  മാണിക്യത്തിന്റെ കമന്റ് എനിക്കിഷ്ട്ടായില്ലാ.
  നാട്ടില്‍ ഓടുന്ന ബസ്സുകള്‍ക്ക് ഒത്തിരി പരിമിതികള്‍ ഉണ്ട്, റോഡിന്റെ അവസ്ഥയും മോശം, ഇതൊക്കെ വെച്ച് ബസ്സ് സമയത്തിന് ഓടിയെത്താന്‍ യാത്രക്കാരായ നമ്മളും കുറച്ച് സഹകരിച്ചേ പറ്റൂ, <<< ഔദാര്യത്തിൽ ഒന്നും അല്ല യാത്ര ചെയ്യുന്നത് >>> എന്ന മാണിക്യത്തിന്റെ വാക്കുകള്‍ അഹങ്കാരത്തിന്റെ ശബ്ദങ്ങളായാണ് എനിക്ക് തോന്നിയത്.
  കിളി യുടെ പെരുമാറ്റത്തെ ഞാന്‍ ന്യായീകരിക്കുന്നില്ലാ.. കിളി എന്നെ വ്യക്തിയെ യാത്രക്കാര്‍ ഗൌനിക്കേണ്ടതില്ലാ, ഡ്രൈവര്‍, കണ്ടക്റ്റര്‍ എന്നീ രണ്ട് ജോലിക്കാരേ ബസ്സില്‍ ഉള്ളൂ, കിളിക്ക് ബസ്സില്‍ ഒരു റോളും ഇല്ലാ നിയന്മ പരമായി

  ReplyDelete
 4. 'ഏതാനുംചില ചെറുപ്പക്കാരുടെ പഞ്ചാരവിതരണകേന്ദ്രം കൂടിയാണ് ആ വിഐപി ഇരിപ്പിടം. നല്ല തിരക്കുള്ള ബസ്സിലാണെങ്കിൽ അവിടെയിരിക്കുന്ന പൂവാലന്മാർ മൊത്തമായും ചില്ലറയായും പഞ്ചാര വിതരണം നടത്തി അതിൽ മുങ്ങിക്കുളിക്കും. അതിനാൽ പഞ്ചാരച്ചാക്കിനു ചുറ്റും ഉറുമ്പുകളായി കുറെ പൂവാലികൾ എപ്പോഴും അവരെ പൊതിഞ്ഞിരിക്കും. പിന്നെ ബസ്സിൽ കയറുന്ന അമ്മയിൽ‌നിന്ന് കുഞ്ഞിനെ വാങ്ങി മടിയിലിരുത്തുക, പ്രായാധിക്ക്യംകൊണ്ടും ശരീരഭാരം‌കൊണ്ടും അവശതയനുഭവിക്കുന്ന സ്ത്രീകളെയും കൊച്ചു കുട്ടികളെയും കൈപിടിച്ച് അകത്തേക്കാനയിക്കുക, വെയ്റ്റ് കൂടിയ ബാഗുകൾ സ്ത്രീകളിൽ നിന്നും സ്വീകരിച്ച് സീറ്റിനടിയിൽ തിരുകിക്കയറ്റുക, ആദിയായ കർമ്മങ്ങൾ മുന്നിലെ വാതിലിനു തൊട്ടടുത്ത സീറ്റിലിരിക്കുന്നവരുടെ ജന്മാവകാശമാണ്. ആ അവകാശത്തെയാണ് ഇപ്പോൾ ഞാൻ ചോദ്യം ചെയ്യുന്നത്.
  ആണുങ്ങൾ എങ്ങനെ ഇത് സഹിക്കും?'
  ശരിയാ..
  ടീച്ചര്‍ കേറുന്ന ബസ്സില്‍ ഞാന്‍ കേറൂല..
  ഹല്ല പിന്നെ..

  “കിട്ടേണ്ടത് കിട്ടിയാൽ,, ഈ പെണ്ണുങ്ങൾ പഠിക്കും. നമ്മൾ ആണുങ്ങൾ ഇരിക്കുന്നിടത്ത് പെണ്ണുങ്ങൾ കയറിയിരുന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും, ഇനിയെങ്കിലും പറയുന്നത് അനുസരിക്കാൻ പഠിക്ക്”

  'നാല്പത് കിലോഗ്രാമിൽ കൂടാത്ത ആ ഉള്ളിച്ചാക്കിന് അതിന്റെ ഇരട്ടിയോളം ഭാരമുള്ള രണ്ട് ഉപ്പുചാക്കുകളുടെ മുകളിൽ വീണതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല.'
  കൂയ്... ചിരിച്ചു ചിരിച്ച്...

  ഹോ
  ആ രംഗമൊന്ന് നേരില്‍ കാണാനൊത്തില്ലല്ലോ....

  ReplyDelete
 5. മിനി ടീച്ചറെ,
  വവ്വാല് കന്നക്കെ ... എന്നൊക്കെ പറഞ്ഞ, ആ സവാള ചാകുകള്‍ ഇല്ലായിരുന്നെങ്കില്‍ കാണാമായിരിന്നു,
  ഉള്ളിച്ചാക് ഒരു പരുവത്തില്‍ ആയേനെ ,
  3 ml ആശുപത്രിയില്‍ കൊടുക്കുന്നതിനു പകരം സഖാക്കളുടെ നാട്ടില്‍ , അധ്വനിയ്കുന്ന കിളി വിഭാഗത്തിനെതിരെ പ്രതിഷേധമായി അവിടെ ബസ്സില്‍ തന്നെ കൊടുത്തേനെ !!
  ഏതായാലും അതും ഒരു പോസ്റ്റ്‌ ആയി വന്നതില്‍ സന്തോഷം ....

  ReplyDelete
 6. ഓരോരോ പോസ്റ്റിനുള്ള വഴികളേ......

  ReplyDelete
 7. നല്ല പോസ്റ്റ്...

  ബസ്സിൽ സഞ്ചരിക്കുന്ന പോലെ തോന്നി
  ...ഞങ്ങളുടെ നാട്ടിൽകൂടി പണ്ട് വനിതാ ബസ്സ് സർവ്വീസ് നടത്തിയിരുന്നു..ഇപ്പോൾ ഉണ്ടോ എന്നറിയില്ല...അതിലെ കണ്ട്രാനും ഡ്രൈവിയുമൊക്കെ വനിതകൾ ആയിരുന്നു. ആ വനിതാ മഹിളകൾ പറയുന്നതു കേട്ടാൽ...!! മറ്റ് സ്ത്രീ ജനങ്ങളൊക്കെ അത് കേട്ട് ചെവി പൊത്തിയിരുന്നത് ഓർത്ത് പോയി.

  പോസ്റ്റ് കലക്കി..

  ReplyDelete
 8. ചിരിച്ചു. ഒന്നും പറ്റിയില്ല എന്നത് കൊണ്ട് നന്നായി ചിരിച്ചു.

  ReplyDelete
 9. അല്ല, ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ കിളികള്‍ക്കും ജീവിക്കേണ്ടേ..?

  ഈ കിളികളുടെ അവസ്ഥ എന്താ ആരും മനസിലാക്കാത്തത്...?


  കോളേജില്‍ പിള്ളേര് പള്‍സര്‍ ബൈക്കില്‍ വിലസുന്നു.. മാര്‍ക്കെറ്റില്‍ മീന്‍ കച്ചവടക്കാര്‍ M80 ഇല്‍ വിലസുന്നു. എന്തിനേറെ പോലീസുകാര് പോലും സര്‍ക്കാര്‍ ജീപ്പില്‍ ഷൈന്‍ ചെയ്തു നടക്കുമ്പോള്‍ ഞങ്ങള്‍ പാവം കിളികള്‍ ഒരല്പം പഞ്ചാര വിതരണം നടത്തിയാല്‍ അതെടുത്തു ബൂലോകത്ത് വരെ കൊണ്ട് പോയി പോസ്റ്റ്‌ ഇടും എന്ന്വച്ചാ...??

  ReplyDelete
 10. മാണിക്യം-,
  അഭിപ്രായത്തിന് വളരെ നന്ദി. ഇവിടെത്തെ ബസ്സിൽ തിരക്ക് കൂടിയാൽ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്നത് സത്യമാണ്.

  കുമാരൻ|kumaran-,
  അതുപോലെ എത്ര കിട്ടിയതുകൊണ്ടാ ഞാൻ ഇത്രയെങ്കിലും മര്യാദ പഠിച്ചത്. നന്ദി.

  കൂതറHashim-,
  മാണിക്യത്തോട് ഇത്രയും കടുപ്പിച്ച് പറയണ്ടായിരുന്നു. നമ്മുടെ നാട്ടിലെ അവസ്ഥ അറിയാത്തതുകൊണ്ടല്ലെ. കിളിയെ ഒരു ബസ്‌തൊഴിലാളി ആയി അംഗീകരിച്ചിട്ടില്ല. സാധാരണ കിളികൾ സ്ത്രീ യാത്രക്കാരുടെ കാര്യത്തിൽ ഇടപെടാറില്ല. കണ്ണൂർ ജില്ലയിൽ ഒരു കിളി ഒരു ബസ്സിൽ. അവൻ പിൻ‌വാതിലും പിടിച്ച് നിൽക്കും. എന്നാൽ ബസ്‌സ്റ്റാന്റിൽ വെച്ച് മാത്രം കിളി ബസ്സിനെ നിയന്ത്രിക്കും.

  മുഖ്താർudrampoyil-,
  അന്ന് ചിരിച്ചു, ഇപ്പോൾ സംഭവം ഓർമ്മിച്ച് ചിരിക്കുന്നു. അഭിപ്രായത്തിനു നന്ദി.

  Readers Dais-,
  അഭിപ്രായത്തിനു നന്ദി.

  എറക്കാടൻ/Erakkadan-,
  വഴികൾ ഇനിയും എത്ര കിടക്കുന്നു,,, അഭിപ്രായത്തിനു നന്ദി.

  മാത്തൂരാൻ-,
  അഭിപ്രായത്തിനു നന്ദി. ആ വനിതാബസ്സ് ഇപ്പോൾ ഉണ്ടെങ്കിൽ നന്നായിരുന്നു.

  Echmukutty-,
  അഭിപ്രായത്തിനു നന്ദി.

  ഏ.ആർ. നജീം-,
  കിളികൾ വളരെ ഡീസന്റാണ്; കാരണം അവരാണല്ലൊ നാളെ ഡ്രൈവറും കണ്ടക്റ്ററും ഒക്കെയാവേണ്ടത്. വളരെക്കാലം ബസ്സിൽ യാത്ര ചെയ്തതു കൊണ്ടായിരിക്കാം ഞാൻ ബസ്സ്കാരുടെ കൂടെയാ. പിന്നെ ചിലപ്പോൾ കണ്ടതും കേട്ടതും അനുഭവിച്ചതും പോസ്റ്റാക്കാൻ ഒരു രസം. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 11. ടീച്ചറെ ,
  ടീച്ചറെ നമ്മള്‍ കേരളതിലല്ലേ.. സാരമില്ലെന്നെ..
  ആ കിളിനെ നമുക്ക് ഇരുട്ടത്ത്‌ ചോറ് കൊടുത്തു വെട്ടത് കിടത്തി ഉറക്കാം ..

  ReplyDelete
 12. എനിക്ക് സഹതാപം ഉപ്പുചാക്കിനോടാണ്....കണ്ടാല്‍ അറിയാം ഉള്ളി ചാക്കാണോ അല്ല അരിചാക്കാണോ...പാവം മാഷിനെയും തഞ്ചത്തില്‍ താങ്ങി......സസ്നേഹം

  ReplyDelete
 13. ഈ ബ്ലോഗ്‌ എന്ന പരിപാടി പത്തുമുപ്പതു കൊല്ലം മുന്‍പ്‌ ഉണ്ടായിരുന്നെങ്കില്‍ ഉള്ള പുകില്‍ ഒന്ന് ഓര്‍ത്തു നോക്കിക്കേ..
  അര മണിക്കൂര്‍ ബസ്സ്‌ യാത്രയുടെ അവതരണം മുക്കാല്‍ മണിക്കൂര്‍! അപ്പോള്‍ നാട്ടില്‍ നിന്ന് വല്ല ദല്‍ഹി യാത്രയും ഒത്തു വന്നിരുന്നെങ്കില്‍ മിനിചേചിയില്‍ നിന്ന് ഒരു ഖണ്ഡശ്ശ പ്രതീക്ഷിക്കാംആയിരുന്നു.
  വാല്‍ കമന്റ്: വെറുതെ അല്ല സീറ്റ് ബെല്‍റ്റ്‌ സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത്. ഉള്ളിച്ചാക്കുകളുടെ ശല്യം!!

  ReplyDelete
 14. കണ്ണനുണ്ണി-,
  കണ്ണൂരിലുള്ള ബസ്സിൽ കിളി ഒരു പിഐപി ആണ്. കുമാരന്റെ ഒരു കിളിനർമ്മം(കിളിമാനം) വായിച്ചാൽ മനസ്സിലാക്കാം. http://dreamscheleri.blogspot.com/2009/11/blog-post_25.html

  ഒരു യാത്രികൻ-,
  വീണാൽ ചിക്കാത്തവരില്ലല്ലൊ. അഭിപ്രായത്തിനു നന്ദി.

  ഇസ്മയിൽ കുറുമ്പടി(തണൽ)-,
  അരമണിക്കൂർ യാത്രയിൽ പകുതി സംഭവങ്ങളും നടക്കുന്നത് നമ്മുടെ ബസ്‌സ്റ്റാന്റിൽ വെച്ചാണ്. പിന്നെ ഇത് മുക്കാൽ മണിക്കൂർ എടുത്തു വായിച്ചതിൽ അഭിനന്ദനങ്ങൾ.

  ReplyDelete
 15. busile kilikalkkum conductormarkkum pinne auto drivermarkkum oru swabhava course nadathendathundu..
  customer service enthanennu manassilakkan..

  nalla post teacher :)

  ReplyDelete
 16. താണയിലെ ആ പയ്യന്‍ ഇടയ്ക്കിടെ ശ്രദ്ധിക്കാതെ റോഡ്‌ മുറിച്ചു കടക്കാറുണ്ട് :( മുന്‍പ് എനിക്ക് പല പ്രാവശ്യം അനുഭവം ഉണ്ടായിട്ടുണ്ട് :(
  കിളികളെ പറ്റി പറഞ്ഞതിനോട് യോജിക്കുന്നു. എന്നാല്‍ വളരെ മാന്യമായി ഈ ജോലി ചെയ്തു കുടുംബം പോറ്റുന്ന കിളികളെ നേരിട്ട് പരിചയം ഉള്ളതിനാല്‍ ഒന്നും പറയുന്നില്ല.

  ReplyDelete
 17. നന്നായിട്ടുണ്ട് ടീച്ചറേ.. 'കൊടുങ്കാറ്റടിച്ചാല് വവ്വാലുകള്ക്ക് സംഭവിക്കുന്നത്' ഉപമ ക്ഷ പിടിച്ചു

  ReplyDelete
 18. പോസ്റ്റില്‍ പടമിടാന്‍ സാഹസം ഏറെ ചെയ്യുന്നുണ്ടല്ലെ? ഓടുന്ന വണ്ടിയില്‍ “ഡ്രൈവന്റെ” സീറ്റില്‍ ഇരുന്ന് എടൂത്ത പടം അതിനു സാക്ഷി!!!

  ReplyDelete
 19. ഇടിവെട്ട് പോസ്റ്റ്‌ ..

  കലക്കി.

  ReplyDelete
 20. കിഷോർലാൽ പറക്കാട്ട്-,
  അത് വേണ്ടതു തന്നെയാ, കാരണം യാത്രക്കാരുടെ ജീവൻ ഇവരുടെ കൈയിലാണല്ലൊ. അഭിപ്രായത്തിനു നന്ദി.

  അബ്ക്കാരി-,
  ഞാൻ എപ്പോഴും കുറ്റം പറയുന്നത് യാത്രക്കാരെയാണ്. ബസ് നിർത്തുന്നതിനു മുൻപ് കയറുകയും ഇറങ്ങുകയും ചെയ്യുക, അഞ്ച് രൂപടിക്കറ്റിന് നൂറു രൂപ കൊടുത്ത് ചില്ലറപ്രശ്നം ഉണ്ടാക്കുക, പിന്നെ ഡ്രൈവറോട് പഞ്ചാരയടിക്കുന്ന പെൺ‌പിള്ളേർ (അത് ആണുങ്ങൾ കാണുകയില്ല, കാണുന്ന പെണ്ണുങ്ങൾ പറയുന്നുമില്ല)എല്ലാം കുഴപ്പമുണ്ടാക്കും. അഭിപ്രായത്തിനു നന്ദി.

  Sabu M.H-,
  അഭിപ്രായത്തിനു നന്ദി.

  മൻസു-,
  അഭിപ്രായത്തിനു നന്ദി.

  poor-me/പാവം-ഞാൻ-,
  ഒരു ക്യാമറ ബാഗിൽ എപ്പോഴും കൊണ്ടുനടക്കുന്നതുകൊണ്ട് പടം ധാരാളം ഈ കമ്പ്യൂട്ടറിൽ ഉള്ളത് നോക്കി എടുക്കുന്നതാ. പിന്നെ ആ ചിത്രം കണ്ണൂരിലുള്ള ഒരു സ്ഥലമാ. എന്നാൽ അത് ബസ്സിൽ വെച്ചല്ല എടുത്തത്. അഭിപ്രായത്തിനു നന്ദി.

  ഇസാദ്-,
  അഭിപ്രായത്തിനു നന്ദി.

  ReplyDelete
 21. ഓരോ പോസ്റ്റ്‌ ഉണ്ടാവാന്‍ ഇങ്ങനെയും വഴികളോ? ഈശ്വരാ അങ്ങിനെയാണെങ്കില്‍ ടീച്ചറെ ഇനി പോസ്റ്റ്‌ ഇടാതിരിക്കട്ടെ എന്ന് ആശംസിക്കേണ്ടി വരുമല്ലോ? :))

  ReplyDelete
 22. ടീച്ചറേ... ഇതു കലക്കി... വവ്വാല്‍ക്കൂട്ടത്തിന്‌ കാറ്റടിച്ചത്‌ പോലെ എന്ന പ്രയോഗം ഒരു മാതിരി വിശാല്‍ജിയുടെ പ്രയോഗം പോലെയായിപ്പോയി... ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...

  പിന്നെ പെണ്ണുങ്ങള്‍ എന്ന ബഹുവചനപ്രയോഗം... അത്‌ നിങ്ങള്‍ കണ്ണൂര്‌കാരുടെ മാസ്റ്റര്‍പീസ്‌ അല്ലേ? എനക്ക്‌ ഈട കുറേ സുഹൃത്തുക്കളുണ്ട്‌ കണ്ണൂര്‍ സ്വദേശികള്‍... അത്‌ കൊണ്ട്‌ ഈ ഭാഷ സുപരിചിതമാണ്‌...

  ReplyDelete
 23. എന്തായാലും ഇനിയൊരിക്കലും ആ സീറ്റ്‌ ഒഴിഞ്ഞുകിടന്നാല്‍ പോലും ഇരിക്കില്ലല്ലോ അവിടെ...

  ശരിക്കും ചിരിപ്പിച്ചു.

  ReplyDelete
 24. സുമേഷ്-,
  വീണാൽ ചിരിക്കുന്നത് പോലെ, വീണാൽ ഒരു പോസ്റ്റ് കിട്ടും. അഭിപ്രായത്തിനു നന്ദി.

  വിനുവേട്ടൻ-,
  കണ്ണൂരുകാരുടെ ഒരു പ്രധാന പ്രശ്നമാണ് മുൻപരിചയമില്ലാത്ത മറ്റുള്ളവരെ വിളിക്കുന്ന രീതികൾ. ചേട്ടാ, ചേച്ചി എന്ന് വിളിക്കില്ല, (അത് തെക്കനാവും). പിന്നെ ഏട്ടാ, ഏച്ചി എന്നും വിളിക്കില്ല(ഞാനെന്താ തന്നെക്കാളും മൂത്തതാണോ എന്ന് തിരിച്ച് ചോദിക്കും). പിന്നെ പെങ്ങളെ എന്നും വിളിക്കില്ല(ഏത് വകയാ ഞാൻ പെങ്ങളായത് എന്ന് ചോദിക്കും). പിന്നെ ഈ പെണ്ണുങ്ങളെ എന്ന് വിളിക്കുന്നത് അത്ര നല്ലതായി തോന്നാറില്ലെങ്കിലും പെണ്ണുങ്ങൾ സഹിക്കുന്നു. എന്റെ സമീപമുള്ള ഒരു നാട്ടിൻ‌പുറത്ത് അന്യരെ വിളിക്കുന്നത് ‘ഇവറെ’ എന്നാണ്. കണ്ണൂർ ക്കാരുടെ സംഭാഷണരീതി കേട്ടാൽ അവർ കണ്ണൂരിലെ ഏത് സ്ഥലക്കാരാണെന്ന് കണ്ണൂരുകാർക്ക് തിരിച്ചറിയാം. അഭിപ്രായത്തിനു നന്ദി.

  നീലത്താമര-,
  ആ സീറ്റിൽ സ്ത്രീകൾ ഇരിക്കില്ല, പുരുഷന്മാർ മറ്റു സീറ്റുകളൊന്നും ഒഴിവില്ലെങ്കിൽ മാത്രം ഇരിക്കും.ബസ്സിൽ കയറിയപ്പോൾ ഏതാണ്ട് പതിനഞ്ച് വനിതകൾ നിൽക്കുന്നു. പിന്നെ ഒഴിഞ്ഞുകിടന്ന ആ സീറ്റിൽ ഞാൻ ഇരുന്നു, ഇന്നലെയും. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 25. ഉള്ളിച്ചാക്ക്!!!

  ReplyDelete
 26. റോഡിലൂടെ ഓടിയവന് ഒന്നും പറ്റിയില്ല; ബസ്സിനകത്ത് പലതും പറ്റി. കമ്പി പിടിച്ച് മുന്നോട്ട് നടന്ന കറുത്ത രൂപങ്ങൾ; മരത്തേൽ തൂങ്ങിയാടുന്ന വവ്വാലുകൾക്ക് കൊടുങ്കാറ്റടിച്ചാൽ സംഭവിക്കുന്നതുപോലെ, പിടിവിട്ട് മുന്നോട്ട് തെറിച്ച്‌പോയി. അവർ ഒന്നിനു മുകളിൽ മറ്റൊന്നായി വലിയ ഉപ്പ്‌ചാക്കുകൾ പോലെ ബസ്സിന്റെ മുന്നിൽ സ്റ്റീയറിംങ്ങിനു സമീപം കമഴ്ന്നു വീണപ്പോൾ അതിനും മുകളിലായി മുൻസീറ്റിലിരിക്കുന്ന ചെറിയ ഉള്ളിച്ചാക്ക് കൂടി മറിഞ്ഞുവീണു. നാല്പത് കിലോഗ്രാമിൽ കൂടാത്ത ആ ഉള്ളിച്ചാക്കിന് അതിന്റെ ഇരട്ടിയോളം ഭാരമുള്ള രണ്ട് ഉപ്പുചാക്കുകളുടെ മുകളിൽ വീണതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല. പിന്നിൽ‌നിന്നും ഓടിയെത്തിയ കിളി, ഉപ്പുചാക്കുകളെ ഉയർത്താനായി ശ്രമിക്കുന്നതിനിടയിൽ;..

  മിനി മാഡം : റൂറല്‍ ബസ് റൂട്ടില്‍ സ്ഥിരമായി കാണുന്ന സഹതാപര്‍ഹമായ ഒരുസംഭവം എന്നതിലുപരി ഈ 'നര്‍മ്മകഥ'യ്ക്കു; 'പരിഹാസം''വിമര്ശ‍നം'എന്ന ലേബലാണ് ഉചിതം.

  ReplyDelete
 27. ഒഴാക്കൻ-, ബായൻ-,
  അഭിപ്രായത്തിനു നന്ദി.

  ReplyDelete
 28. ടീച്ചർ, ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. നർമ്മത്തിൽ ചാലിച്ചതാണെങ്കിലും, വളരെ പ്രസക്തമായ ഒരു വിഷയം. വളരെ നല്ല നിലയിൽ വിദ്യാഭ്യാസം കഴിഞ്ഞു, നല്ല ഒരു ജോലിയുമായി ജീവിക്കുന്ന ഒരാളാണു ഞാൻ. ജീവിതത്തിൽ പലയിടത്തും വച്ചു ‘നീ വെറും പെണ്ണെന്ന’ സമീപനം പലരിൽ നിന്നും ഉണ്ടായിട്ടുണ്ട്(പുരുഷന്മാരിൽ നിന്നു മാത്രമല്ല.). സമൂഹത്തിലെ എല്ലാവരും അത്തരക്കാരാണെന്നല്ല പറയുന്നത്.അങ്ങനെ പറയുന്നതു തെമ്മാടിത്തരവുമാണ്.പക്ഷേ, ഉള്ളിന്റെയുള്ളിൽ, താൻ സ്ത്രീകളെ ഒപ്പത്തിനൊപ്പം പോന്നവരായി കരുതുന്നുണ്ടോ എന്നു എല്ലാ പുരുഷന്മാരും/താൻ പുരുഷന്റെ ഒപ്പം നിൽക്കുന്നവളെന്നു വിശ്വസ്സിക്കുന്നുണ്ടോ എന്നു സ്ത്രീകളും പരിശോധിച്ചാൽ എത്ര നന്നായിരുന്നു. :)

  ReplyDelete
 29. ടീച്ചറെ.
  പറഞ്ഞത് കാലിക പ്രസക്തമായ ഒരു കാര്യം തന്നെ.
  ഇത്ര വാശി വേണോ? ആണുങ്ങള്‍ക്കുള്ള ശാരീരിക ക്ഷമത സ്ത്രീകള്‍ക്കില്ല എന്നത് പരമമായ സത്യമാണ്.
  ചില അട്ജുസ്റ്മെന്റുകള്‍ ഒക്കെ ആവാം എന്നാണു എനിക്ക് തോന്നുന്നത്. എന്ന് കരുതി കുതിര കയറാന്‍ അനുവദിക്കുകയും അരുത്.

  ReplyDelete
 30. ടീച്ചറെ.
  പറഞ്ഞത് കാലിക പ്രസക്തമായ ഒരു കാര്യം തന്നെ.
  ഇത്ര വാശി വേണോ? ആണുങ്ങള്‍ക്കുള്ള ശാരീരിക ക്ഷമത സ്ത്രീകള്‍ക്കില്ല എന്നത് പരമമായ സത്യമാണ്.
  ചില അട്ജുസ്റ്മെന്റുകള്‍ ഒക്കെ ആവാം എന്നാണു എനിക്ക് തോന്നുന്നത്. എന്ന് കരുതി കുതിര കയറാന്‍ അനുവദിക്കുകയും അരുത്.

  ReplyDelete
 31. “അങ്ങനെയൊരുത്തൻ ഇരിക്കുന്നതിൽ എനിക്കോ അവൾക്കോ ഒരു പ്രശ്നവും ഇല്ല. പിന്നെ ഒന്നിച്ചിരിക്കുന്നവന് പ്രശ്നമില്ലെങ്കിൽ ഇരുന്നോട്ടെ”
  അതാണ് അങ്ങേരുടെ രീതി; പോനാൽ പോകട്ടും പോടീ,,, എങ്ങനെയുണ്ട് എന്റെ കെട്ടിയവൻ?
  “ചക്കിക്കൊത്ത ചങ്കരന്‍“ മാഷിനു അറിയാം അദ്ദേഹത്തിന്റെ അത്രയും സഹന ശക്തി അവിടെ വന്നിരിക്കുന്നവന് ഉണ്ടാകില്ലെന്ന് :)
  ടീച്ചറേ, ഞാനീ തൃശ്ശൂരൊക്കെ കണ്ടിരിക്കുന്നത് സിഗിള്‍ ബെല്ല് നിറുത്താനും ഡബിള്‍ ബെല്ല് യാത്രതുടരാനും ആണ്,
  @മാണിക്യം :-പിന്നെ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുന്ന കാര്യം, വണ്ടി നിറുത്തിയതിനു ശേഷമാണ് സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുന്നത് എങ്കില്‍ എത്ര സമയം പാഴാകും ? ഓരോ ബസിനും സ്റ്റാന്‍ഡില്‍നിന്നും പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സമയം ഉണ്ട് അവര്‍ക്ക് അതു കൂടെ നോക്കേണ്ടേ? അല്ലെങ്കില്‍ സ്റ്റോപ്പില്‍ പാഴായ സമയ്ം തിരിച്ചു പിടിക്കാന്‍ ഡ്രൈവര്‍ക്ക് അമിതവേഗത്തില്‍ പോകേണ്ടി വരും, അത് അപകടങ്ങള്‍ ഉണ്ടാക്കില്ലേ ?

  ReplyDelete
 32. ടീച്ചര്‍,
  വായിച്ചു കുറെ ചിരിച്ചു
  സമാനമായ ഒരു അനുഭവം ഉള്ളത് കാരണം ,ശരിക്കും ആസ്വദിക്കാന്‍ കഴിഞ്ഞു

  ReplyDelete
 33. ടീച്ചറേ മാഷിനിട്ടു കൊടുത്തതെനിക്കങ്ങിഷ്ടപ്പെട്ടു

  ReplyDelete
 34. ‘നാല്പത് കിലോഗ്രാമില്‍ കൂടാത്ത ആ ഉള്ളിച്ചാക്കിന് അതിന്റെ ഇരട്ടിയോളം ഭാരമുള്ള രണ്ട് ഉപ്പുചാക്കുകളുടെ മുകളില്‍ വീണതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല.’

  ആ ബസ്സിന് വല്ലതും പറ്റിയോ ടീച്ചറേ? :)

  ReplyDelete
 35. ടീച്ചറേ .......

  കലക്കി .....ദെവുട്ടി റ്റീച്ചറുടെ പോസ്റ്റ് വായിക്കാറുണ്ട് എങ്കിലും ഫൊള്ളോവര്‍ ആകാന്‍ മറന്നു.പക്ഷെ 100ആ മത്തെ ആള്‍ ആയതിനു അഭിമാനമുണ്ട് .....

  വലരെ നന്നായി നര്‍മം ....ഞാനും മുന്നിലെ സീറ്റില്‍ പലപ്പോളും ഇരിക്കാറുണ്ട് ..പക്ഷെ ഉള്ളിച്ചാക്കു പോലെ വീണിട്ടില്ല
  അതു വേണ്ടായിയുന്നു...നമ്മുടെ പെണ്ണുങ്ങക്ക് ഇട്ടു ഒരു കൊട്ട് ആയിപ്പോയി...

  പിന്നെ ഫൈസ് ബൂക്കില്‍ വരൂ ... ‘മ’ യില്‍ ചേരൂ...
  സ്ത്രീ ശക്തികള്‍ കുറവാണു...റ്റീച്ചറെ ക്ഷണിക്കുന്നു...
  അപ്പോള്‍ അഭിമുഖം ഉണ്ടാകും ....
  ആശംസകള്‍ .....

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!