![]() |
അമ്മായിഅമ്മയുടെ നാവ് ... Mother-in-Law's Tongue |
എങ്കിലും ഒരു ചോദ്യം,
നിങ്ങൾ എല്ലാ ദിവസവും ചിരിക്കാറുണ്ടോ?
മറ്റുള്ളവരുമായി ചേർന്ന് പൊട്ടിച്ചിരിച്ചിട്ടുണ്ടോ?
എത്ര ഉച്ചത്തിൽ പൊട്ടിച്ചിരിച്ചിട്ടുണ്ട്?
ജീവിതത്തിൽ എത്ര തവണ പൊട്ടിച്ചിരിച്ചിട്ടുണ്ട്?
ശരിക്കും നോർമൽ ആയ മനസ്സാണെങ്കിൽ ചിരിയെപറ്റി ഓർത്ത് സമയം കളയാതെ ഈ നർമ്മം വായിക്കുക.
ഉഗ്രൻ പൊട്ടിച്ചിരി നടന്ന, വർഷങ്ങൾക്ക് മുൻപുള്ള ഒരു സംഭവമാണ് ഇവിടെ പറയുന്നത്.
…
അമ്മായിഅമ്മ പോര്, നാത്തൂൻ പോര്, എന്നിങ്ങനെ സാധാ സംഭവിക്കാറുള്ള മഹാസംഭവങ്ങളൊന്നും എന്റെ ഭർത്താവിന്റെ വീട്ടിൽ സംഭവിക്കാറില്ല. അവിടെ ‘അമ്മയും അച്ഛനും, അമ്മയും മക്കളും, അച്ഛനും മക്കളും, ആങ്ങളമാർ പെങ്ങൾമാരും, അനിയന്മാർ ചേട്ടന്മാരും’ തമ്മിലായിരുന്നു പോര് മുഴുവൻ. അതിനിടയിൽ നമ്മൾ പാവം മരുമക്കൾക്ക് പോരെടുക്കാൻ ഇത്തിരിപോലും ചാൻസ് ലഭിക്കാറില്ല എന്ന് പറയുന്നതാണ് ഒറിജിനൽ ശരി.
നമ്മൾ എന്ന് പറയാൻ ഇവിടെ മരുമക്കളായി നമ്മൾ രണ്ട്പേരുണ്ട്;
ഒന്ന് ഞാൻ തന്നെ,,, പത്ത് മക്കളിൽ മൂത്തവന്റെ ഭാര്യ,
രണ്ടാമത് പപ്പി,
പപ്പി എന്ന് വിളിക്കുന്നത് ഒറിജിനൽ പപ്പിയല്ല, പത്മാവതി ആണ്; പത്തിൽ രണ്ടാമന്റെ ഭാര്യ. പപ്പിയും ഞാനും ഒരേവീട്ടിൽ ഒരേദിവസം മരുമകളായി കടന്നുവന്നവരാണ്. ഈ പപ്പിയാണ്,,, എന്നെ ചതിച്ചവൾ; അവളുടെ ഒരു മുടിഞ്ഞ പ്രേമം കാരണം ജീവിതത്തിന്റെ റൂട്ട് മാറിയത് എനിക്കാണ്. പപ്പി അനിയനെ കയറിയങ്ങ് പ്രേമിച്ചപ്പോൾ ഏട്ടന്റെയും അനിയന്റെയും വിവാഹം ഒരേ ദിവസം നടത്താൻ കാരണവർമാർ തീരുമാനിച്ചു. അങ്ങനെ കടൽക്കരയിൽ തേരാപാര നടന്ന്, തിരയെണ്ണിക്കൊണ്ടിരുന്ന എന്റെ കല്ല്യാണംകൂടി കഴിയുകയും കാട്ടുമൂലയിലുള്ള ഭർത്താവിന്റെ (പത്തിൽ മൂത്തവൻ) വീട്ടിൽ ഞാൻ താമസമാക്കുകയും ചെയ്തു.
ഈ പത്ത് മക്കളിൽ ഏഴ് ആണ്, മൂന്ന് പെണ്ണ്, ആണെങ്കിലും ഞങ്ങൾ വരുന്നതിനു തൊട്ടുമുൻപ് അഞ്ചാം നമ്പർ ആയ, പെണ്ണിൽ മൂത്തവളുടെ, വിവാഹം പതിനേഴാം വയസ്സിൽ കഴിഞ്ഞിരുന്നു. എങ്കിലും നമ്മുടെ സ്വർഗ്ഗമായ ആ വീട്ടിൽ ഒരു എലിയെപോലെ അവൾ ഇടയ്ക്കിടെ അമ്മയെ കാണാനെന്ന വ്യാജേന കടന്നുവന്ന് കുളം കലക്കും.
ധാരാളം കൃഷിയുള്ള എന്റെ ഭർതൃവീട്ടിൽ ഒന്നിനും പഞ്ഞമില്ല; ഭക്ഷണവും പട്ടിണിയും ഇഷ്ടംപോലെ, സമ്പത്തും ദാരിദ്ര്യവും ഇഷ്ടംപോലെ, ചിരിയും കരച്ചിലും ഇഷ്ടംപോലെ. വിശപ്പ് അറിയാനും കിട്ടയ ഫുഡ് പെട്ടെന്ന് അകത്താക്കാനും ഞാൻ പഠിച്ചത് അവിടെ നിന്നായിരുന്നു. പതിനാല് പേർക്ക് ചോറ് വെച്ചാൽ ലാസ്റ്റ് വരുന്നവർക്ക് ചിലപ്പോൾ അളവ് കുറയും, ചിലപ്പോൾ പാത്രം കാലിയാവും. അതുകൊണ്ട് കിട്ടിയ ചാൻസിന് വയറുനിറയെ തിന്നും.
കല്ല്യാണം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോൾ വിശപ്പ് ഒട്ടും സഹിക്കാനാവാത്തവളായ നമ്മുടെ പപ്പിക്ക് ഇഷ്ടംപോലെ ചോറും കറിയും ലഭിക്കാൻ തുടങ്ങി. പപ്പിയുടെ ഭർത്താവായ അനുജൻ അവന്റെ ഓഹരി ചോറിൽ മൂന്നിലൊരു ഭാഗം കറി ഒഴിച്ച് നന്നായി കുഴച്ച് ജൂസ് പരുവത്തിലാക്കി, സ്വന്തം പാത്രത്തിൽ ബാക്കിവെച്ചിരിക്കും. ആ കുഴച്ച ചോറുരുളകൾ മറ്റാരും തിന്നുകയില്ല എന്നും ‘അവന്റെ ഭാര്യക്ക് മാത്രമേ തിന്നാൻ കഴിയുകയുള്ളു’ എന്ന്, അവന് നന്നായി അറിയാം.
ആണുങ്ങൾ തമ്മിൽ പലതും പറഞ്ഞ് വഴക്ക്, അടിപിടി തുടങ്ങിയവ ഉണ്ടെങ്കിലും നമ്മൾ അടുക്കളക്കാരികളായ അമ്മയും മക്കളും മരുമക്കളും എന്നും ഒന്നിച്ചായിരുന്നു. ചോറും കറിയും വെച്ചശേഷം അടുക്കളയിലിരുന്ന് ഞങ്ങൾ പലതരം തമാശകൾ പറയും. ഈ തമാശകൾ പറയുന്നവരിൽ ഒന്നാം സ്ഥാനക്കാരി എന്റെ അമ്മായിഅമ്മയാണ്.
കൂട്ടത്തിൽ ഏറ്റവും ഇളയ അനിയന്മാർ; ‘നമ്പർ ഒൻപതും പത്തും’ മികച്ച ഗായകരാണ്, പ്രൈമറി സ്ക്കൂൾ വിദ്യാർത്ഥികളായ അവർ ഉച്ചത്തിൽ പാടുന്നത് കേൾക്കാം,
“എന്റെ അച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി,
അടി കിട്ടി,
ഇടി കിട്ടി,
പിടിച്ചുകെട്ടി പോരാൻനേരം,,
കൂട്ടിനായൊരു വാഴയും കിട്ടി,,,”
അങ്ങനെ പാടുകയും വീട്ചുറ്റി ഓടുകയും ചെയ്യുമ്പോൾ അവർ ഒറ്റയ്ക്കായിരിക്കില്ല; പുളിവടിയുമായി അച്ഛനും പിന്നാലെ ഓടുന്നുണ്ടാവും.
അടുക്കളയിൽ എത്തിയാൽ അവരുടെ ഒരു ഹിറ്റ് ഗാനം പുറത്തു വരും,
“മൂത്തവനു താടകപോലൊരു ഭാര്യാ,,,
കൊതിമൂത്തൊരു ശൂർപ്പണക ഇളയവനും;
രണ്ടുപേരും ഭാര്യമാർക്ക് കാവലിരുന്നു,,,
സ്വന്തം അച്ഛനെയും അമ്മയെയും അവർ മറന്നു,,”
അപ്പോഴേക്കും പപ്പി ഒറിജിനൽ ശൂർപ്പണകയെപ്പോലെ കലിതുള്ളുമ്പോൾ എന്റെ ഉള്ളിൽ ദേഷ്യം പതഞ്ഞുപൊങ്ങും.
… വർഷങ്ങൾ മൂന്ന് കഴിഞ്ഞു,
പപ്പി ഒരു ആൺകുഞ്ഞിന്റെയും ഞാൻ ഒരു പെൺകുഞ്ഞിന്റെയും അമ്മയായി;
നമ്മുടെ ആശുപത്രി വാസവും ഡോക്റ്ററെ സന്ദർശ്ശിക്കലും അമ്മായിഅമ്മ ഒരിക്കലും അംഗീകരിക്കാറില്ല. ഒരു ഡോക്റ്ററുടെയും സഹായമില്ലാതെ പത്തെണ്ണത്തിനെയും വീട്ടിൽവെച്ച് സുഖമായി പ്രസവിച്ച അമ്മക്ക് മരുമക്കളുടെ ആശുപത്രി സന്ദർശ്ശനം തീരെ ഇഷ്ടമല്ല. നാടൻ നേഴ്സ് ആയ ലീലാമ്മ ജീവിച്ചിരുന്ന ആ കാലത്ത് പ്രസവിക്കാൻ ആശുപത്രിയിലൊന്നും പോക്കേണ്ടതില്ല എന്നാണ് അവരുടെ അഭിപ്രായം. അങ്ങനെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലൊന്നും പോകാത്ത അവർ എപ്പോഴും നമ്മൾ രണ്ട്പേരെയും പരിഹസിച്ചു കൊണ്ടിരിക്കും.
പിന്നെ ഒരു രഹസ്യം,,, അവരുടെ, വിവാഹിതയായ മകൾ രണ്ട് പ്രസവിച്ചതും വീട്ടിൽവെച്ച് തന്നെയാണ്.
പിന്നെ ഒരു രഹസ്യം,,, അവരുടെ, വിവാഹിതയായ മകൾ രണ്ട് പ്രസവിച്ചതും വീട്ടിൽവെച്ച് തന്നെയാണ്.
… ഒരു ദിവസം രാത്രി,
സ്ത്രീജനങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് അനേകം തമാശകൾ പറഞ്ഞ് ഭക്ഷണം കഴിച്ചതിനുശേഷം പലകയിൽ അതേസ്ഥാനത്ത് ഇരിക്കുകയാണ്. അന്ന് ഡൈനിംഗ് ടേബിളൊന്നും സാധാരണക്കാരുടെ വീടുകളിൽ കടന്നുവരാത്ത കാലത്ത് നിലത്ത് പലകയിലും പുല്ലുപായയിലും ഇരുന്നാണ് ശാപ്പാട് മുഴുവൻ. ഭക്ഷണം കഴിച്ച് കാലിയായ പ്ലെയിറ്റുകളുടെ മുന്നിൽ എച്ചിൽ കൈകളുമായി ഇരുന്ന് എല്ലാവരും സംസാരിക്കുകയാണ്. അമ്മയും രണ്ട് പെൺമക്കളും ഇളയ രണ്ട് ആൺമക്കളും പപ്പിയും ഞാനും അടങ്ങിയ സംഘം നാട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ, നമ്മുടെ ചർച്ച ആശുപത്രിക്കാര്യത്തിലേക്ക് കടന്ന് ഡോക്റ്റർമാരെക്കുറിച്ചായി.
കൂട്ടത്തിൽ പപ്പി പറയാൻ തുടങ്ങി,
“ഇപ്പോൾ ആശുപത്രികളൊക്കെ ഉള്ളതുകൊണ്ട് എത്ര സൌകര്യമാണ്; പ്രസവസമയത്ത് സ്ത്രീകൾക്ക് അപകടം കുറയുന്നത് ആശുപത്രികൾ ഉള്ളതുകൊണ്ടാണ്”
അവൾ പറഞ്ഞത് നമ്മുടെ അമ്മായിഅമ്മക്ക് തീരെ ഇഷ്ടപ്പെട്ടില്ല,
“ഇപ്പൊഴെത്തെ പെണ്ണുങ്ങൾക്ക് എല്ലാറ്റിനും ഒരു ആശുപത്രി,,, ഈ ആശുപത്രിയൊന്നും ഇല്ലാത്ത കാലത്ത്, പെണ്ണുങ്ങൾ പെറ്റിട്ടില്ലെ?”
“അത് ആശുപത്രിയിൽ പോയാൽ അവിടെ ധാരാളം നേഴ്സുമാരും ഡോക്റ്ററും ഉണ്ടാവും. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പെട്ടെന്ന് പരിഹരിക്കാൻ കഴിയും”
കാര്യങ്ങൾ ഞാൻ വിശദീകരിച്ചെങ്കിലും പത്തെണ്ണത്തിനെ പെറ്റ ആ അമ്മക്ക് ആശുപത്രികളെ അംഗീകരിക്കാനായില്ല,
“ആശുപത്രികളിൽ പോയി പ്രസവിക്കുമ്പോൾ നിങ്ങളുടെ ശരീരം ആണുങ്ങളടക്കം പലരും കാണുന്നത് നാണക്കേടല്ലെ? വീട്ടിൽവെച്ച് പ്രസവിച്ചതുകൊണ്ട് ഇതുവരെ ആണുങ്ങൾ ആരുംതന്നെ എന്റെ ശരീരം കണ്ടിട്ടില്ല”
പെട്ടെന്ന് പപ്പി ഇടയ്ക്ക് കയറി സംശയം ചോദിച്ചു,
“അപ്പോൾ ആണുങ്ങൾ ആരും ഇതുവരെ കണ്ടിട്ടില്ല,,,, പിന്നെ എങ്ങനെയാ അമ്മക്ക് പത്ത് മക്കൾ ഉണ്ടായത്?”
പെട്ടെന്ന് നമ്മുടെ ‘മദർ-ഇൻ-ലാ’ പൊട്ടിച്ചിരിച്ചു; അതോടൊപ്പം അടുക്കളയിലുള്ള എല്ലാവരും ചേർന്ന് പരിസരം മറന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിക്കാൻ തുടങ്ങി. രാത്രി അടുക്കളയിൽ നിന്ന് നിർത്താനാവാത്ത പൊട്ടിച്ചിരി കേട്ട് വീട്ടിലെ പുരുഷന്മാർ വന്ന് ഭീഷണിപ്പെടുത്തി. എന്നാൽ നമ്മൾ ചിരിക്കുന്നത് നിർത്തിയില്ല; ഓർത്തോർത്ത് ചിരിച്ചുകൊണ്ടേയിരുന്നു.
*************************