13.2.11

സാരിമോഹം തകർന്നപ്പോൾ

                           പത്ത് മക്കളിൽ മൂത്തവന്റെ, താടക പോലുള്ള ഭാര്യയായി ഞാനും; നേരെ താഴെയുള്ള ഒൻപതാമന്റെ, ശൂർപ്പണക പോലുള്ള ഭാര്യയായി പപ്പിയും(പത്മാവതി); ഭർത്താവിന്റെ വീട്ടിൽ ഒരു വലിയ കുടുംബത്തിലെ അംഗങ്ങളായി സസുഖം വാഴുന്ന കാലം. കാട്ടുമൂലയിലുള്ള ആ കുഗ്രാമത്തിലെ മിക്കാവാറും സ്ത്രീകൾ അടുക്കളയിലാണെങ്കിലും ഞാനും പപ്പിയും അടുക്കളക്ക് വെളിയിൽ കടന്നവരാണ്. ഞാൻ സർക്കാർ സ്ക്കൂളിൽ ടീച്ചറാണെങ്കിൽ അവൾ നാട്ടിൻ‌പുറത്തുകാരായ വനിതകളെ സ്വയംപര്യാപ്തമാക്കാൻ വഴി കാണിക്കുന്ന തയ്യൽ ടീച്ചറായിരുന്നു (കണ്ണൂർ ഭാഷയിൽ തുന്നൽ ടീച്ചർ). പപ്പിക്ക് ഭാവിയുടെ പാത തുറന്നതും വിവാഹമോഹം സഫലമായതും അവളുടെ തയ്യൽ മെഷിൻ കാരണമാണ്. 
അതൊരു മഹാസംഭവമാണ്;
ഫ്ലാഷ് ബാക്ക് റ്റു വിവാഹത്തിന് മുൻപ്,,,
                          പപ്പി അവളുടെ സ്വന്തം വീട്ടിനടുത്തുള്ള ഒരു വാടകറൂമിൽ വെച്ച് ഏതാനും കുട്ടികളെ തയ്യൽ പഠിപ്പിക്കുകയാണ്. പുത്തൽ‌മണം മാറാത്ത കോടിതുണികൾ മുറിച്ച് അവയെ ഉടുപ്പായും ബ്ലൌസായും പാവാടയായും പിന്നെ പലതരം എക്സ്ട്രാ ഫിറ്റിംഗ്സ് ആയും മാറ്റുന്ന സൂത്രപ്പണികൾ കൂടെയുള്ള പെൺകൊടിമാർക്ക് പറഞ്ഞുകൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കെ, ഒരു ദിവസം ഒരു വലിയ അപകടം സംഭവിച്ചു.
തുന്നൽ മെഷിന്റെ സൂചി ടീച്ചറുടെ അതായത് പപ്പിയുടെ ചെറുവിരലിലൂടെ നേരെയങ്ങ് കടന്ന്‌പോയി.

                         അപ്പോഴുള്ള വേദനകാരണം അദ്ധ്യാപികയും, ഞെട്ടൽ‌കാരണം പതിനാറ് വിദ്യാർത്ഥിനികളും ചേർന്ന് കരച്ചിൽ തുടങ്ങി. തയ്യൽ‌സൂചി മെഷിൻ അഴിക്കാതെ ഊരാനാവില്ല എന്ന് മനസ്സിലാക്കിലാക്കി അവരെല്ലാം ഒത്തുചേർന്ന് കരച്ചിലിന്റെ വോളിയം കൂട്ടിയപ്പോൾ തൊട്ടടുത്ത കടയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനും സുന്ദരനും സർവ്വോപരി അവിവാഹിതനുംആയ ഒരാൾ ഓടിയെത്തി. പ്രശ്നം ഗുരുതരമാവുന്നതിനു മുൻപ് തയ്യൽസൂചി മെഷിൻ അഴിച്ച് ഊരിയെടുത്ത്, അവളുടെ ചെറുവിരൽ സ്വതന്ത്രമാക്കിയപ്പോൾ അത് സംഭവിച്ചു;
തന്നെ രക്ഷിച്ചവന്റെ മാറിലേക്ക് പപ്പി ഒരൊറ്റ വീഴ്ച, അതോടെ അവളുടെ ബോധം പോയി. 
എങ്കിലും, ബോധമുള്ള വിദ്യാർത്ഥിനികൾ ടീച്ചറുടെ മുഖത്ത് ജലസേചനം ചെയ്ത് ഉണർത്തിയപ്പോൾ അവൾക്ക് നാണം വന്ന് അവനെ നോക്കിയ ആ നിമിഷം അവന്റെ ഹൃദയത്തിലൂടെ ഒരു സൂചി കടന്നുപോയി , പ്രേമത്തിന്റെ ഒരു വജ്രസൂചി.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു,,,
പൊടിപൊടിച്ച പ്രേമം,,,
ആഴ്ചകൾ, മാസങ്ങൾ കഴിഞ്ഞു,,,
പിന്നെ വീട്ടുകാർ അറിഞ്ഞു,,,
                         ഒടുവിൽ അവരുടെ വിവാഹം നടന്നപ്പോൾ കെട്ടാച്ചരക്കായി പുരനിറഞ്ഞ് നിൽക്കുന്ന അദ്ധ്യാപകനായ ഏട്ടന്റെയും വിവാഹം നടന്നു. അങ്ങനെ മൂത്തവന്റെ ഭാര്യ ആയി ആ വീട്ടിൽ വലതുകാൽ വെച്ചു കടന്നുവന്നവളാണ് സർക്കാർ സ്ക്കൂളിൽ ടീച്ചറായ ഞാൻ. എന്നാൽ അനുജന്റെ ഭാര്യ പപ്പി കളി തുടങ്ങുന്നതിന് മുൻപെ ഗോളടിച്ചിരുന്നു. കൃത്യം ഏഴ്‌മാസം പൂർത്തിയായപ്പോൾ അവൾ സുന്ദരനും പൂർണ്ണ ആരോഗ്യവാനുമായ ഒരു കുഞ്ഞിന്റെ അമ്മയായി?
ദൈവത്തിന്റെ ഓരോ കളികൾ!!!
,,,
                         വിവാഹം കഴിഞ്ഞപ്പോൾ തന്റെ ഭാവി നിർണ്ണയിച്ച തയ്യൽടീച്ചർ ജോലി ഉപേക്ഷിച്ചെങ്കിലും പപ്പിയുടെ സ്വന്തമായ തയ്യൽ മെഷിൻ‌ ഭർത്താവിന്റെ വീട്ടിൽ കടന്നുവന്നു. അതോടെ നമ്മുടെ വീട്ടിൽ എന്നും ആഘോഷം അലതല്ലി. നാട്ടിൻ‌പുറത്തെ വീട്ടമ്മമാർക്കും കുട്ടികൾക്കും പുത്തൻ വസ്ത്രം പുത്തൻ വേഷത്തിൽ തയ്ച്ചുകൊടുക്കുന്ന പപ്പി വീട്ടിലെയും നാട്ടിലെയും വിവിഐപി ആയി മാറി. വെറുമൊരു സർക്കാർ ഹൈസ്ക്കൂൾ ടീച്ചറായ എന്നെ എല്ലാവരും അവഗണിച്ചു. ഇതിൽ എനിക്ക് ഒരു പരാതിയും ഉണ്ടായില്ല;
ശരിക്കും,,,

                         പപ്പി വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ പുത്തൻ പണക്കാരി ആയി മാറിയപ്പോൾ സർക്കാറിന്റെ ശമ്പളം കണക്ക്പറഞ്ഞ് വാങ്ങുന്ന ഞാൻ കാൽകാശിന് ഗതിയില്ലാത്തവളായി. തയ്ച്ചുകിട്ടുന്ന പണം മുഴുവൻ വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അമ്മക്കും പെങ്ങൾക്കും അനുജന്മാർക്കും പെരുത്ത് സന്തോഷം. അടുക്കളയിൽ പുത്തൻ പാത്രങ്ങളും അത്യാവശ്യം മത്സ്യവും പച്ചക്കറികളും പപ്പിയുടെ പണം‌കൊടുത്ത് വാങ്ങുമ്പോൾ മദർ-ഇൻ-ലാ എന്റെനേർക്ക് പരിഹാസത്തോടെ നോട്ടമെറിയും. അവരുടെ മുഖഭാവത്തിൽ നിന്നും മനസ്സിലെ വാക്കുകൾ എനിക്ക് വായിക്കാം,
‘നീ ബെല്യ ടീച്ചറായിട്ട് എനിക്കെന്താ കാര്യം? ഓ, ഒരു ശമ്പളം വാങ്ങുന്നവള്’

                           എന്റെ ശമ്പളത്തിൽ നിന്ന് ഒരു രൂപപോലും ഞാനായിട്ട് ആ വീട്ടിൽ ചെലവഴിക്കാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. ഞാനും ഭർത്താവും സ്ക്കൂളിൽ പഠിപ്പിച്ച് ശമ്പളം വാങ്ങുന്നുണ്ടെങ്കിലും അത് ചെലവഴിക്കുന്നത് മുഴുവൻ എന്റെ ഭർത്താവാണ്. അതിനുള്ള സൂത്രപ്പണികൾ അദ്ദേഹം ആദ്യരാത്രി തന്നെ ചെയ്തിരുന്നു. വീട്ടുകാരുടെയും നാട്ടുകാരെയും കുറിച്ച് ബയോഡാറ്റ തന്നതിനുശേഷം അനേകം ഉപദേശങ്ങൾ എന്റെ തലയിൽ ഇൻസ്റ്റാൾ ചെയ്തു. അതിലൊന്ന്,
“നീ ടീച്ചറായതുകൊണ്ട് ധാരാളം ശമ്പളം വാങ്ങുമെന്ന് ഇവിടെ വീട്ടിലും നാട്ടിലുമുള്ള എല്ലാവർക്കും അറിയാം. നിന്നോട് പണം കടം വാങ്ങാൻ പലരും വരും; അതുകൊണ്ട്,,,”
“അതുകൊണ്ട്?”
“അതുകൊണ്ട് എല്ലാ മാസവും ശമ്പളം കിട്ടിയാൽ എന്റെ കൈയിൽ തരണം. നമ്മുടെ എല്ലാ ചെലവും ഞാനൊരാൾ മാത്രം നടത്തുമ്പോൾ പണത്തിന്റെ പേരിൽ നിന്നെയാരും പീഡിപ്പിക്കുകയില്ല”
“ശരി”
ആദ്യരാത്രിയിലെ ആദ്യത്തെ ഉപദേശമല്ലെ,,, ഞാനങ്ങട്ട് അനുസരിച്ചു. ശമ്പളം പെൻഷനായി രൂപാന്തരപ്പെട്ടിട്ടും ആ പീഡനം അതേപടി തുടർന്നു,,
അന്നും ഇന്നും,,,
                           സ്വന്തം മകൻ സ്വന്തം ഭാര്യക്ക് പാരപണിത്, അവളെ ഗതിയില്ലാവളാക്കിയ കാര്യം അറിയാത്ത ആ അമ്മ, കുറ്റം മുഴുവൻ മരുമകൾക്കിട്ട് ചാർത്തും. എന്തായാലും എനിക്ക് വലിയ പ്രശ്നമൊന്നും ഇല്ല; കാരണം ഞാനായിട്ട് ആ വീട്ടിൽ പകൽനേരം ചെലവഴിക്കുന്നത് വളരെ കുറവ് മണിക്കൂറുകൾ മാത്രമാണ്.

                          എന്നാൽ മിക്കവാറും ഞായറാഴ്ചകളിൽ ഞാൻ വീട്ടിൽതന്നെയായിരിക്കും. അന്ന് അടുക്കള മൊത്തത്തിൽ എന്റെ തലയിൽ വെച്ച് മറ്റുള്ളവർ സ്ഥലം വിടും. പപ്പി തുന്നൽ പണിയിൽ, മദർ-ഇൻ-ലോ പറമ്പിൽ, മക്കൾ വയലിൽ,,, എല്ലാവർക്കും അന്ന് ഭയങ്കര ജോലിത്തിരക്ക് ആയിരിക്കും. ആ നേരത്ത് കല്ല്യാണം കഴിയാത്ത ആ കാന്താരിപ്പെങ്ങൾ ഡയലോഗ് പറയും,
“ഏടത്തി സ്ക്കൂളിൽ പോയി ക്ലാസ്സിലിരിക്കുമ്പോൾ ഇത്രയും ദിവസം നമ്മളല്ലെ അടുക്കളപ്പണി ചെയ്തത്. ഇന്നേതായാലും ചോറും കറിയും ഏടത്തിയുടെ വകയാവട്ടെ”
‘പഠിപ്പിക്കുന്ന ടീച്ചർ ക്ലാസ്സിൽ ഇരുന്നാൽ പിള്ളേർ തലയിൽ കയറി ഇരിക്കും’ എന്ന് ആ കാന്താരിയോട് എത്രതവണ പറഞ്ഞാലും മൈന്റ് ചെയ്യില്ല. അവൾ ചാരവും ചാണകവും വാരി തലയിൽ‌വെച്ച് പശുവിനെയും അഴിച്ച് നേരെ തൊട്ടടുത്ത വയലിലേക്ക് നടക്കും.

ഒരു ദിവസം,,, ഒരു ഞായറാഴ്ച,,,
                         പതിവുപോലെ പപ്പി തയ്യൽ മെഷീൻ‌കൊണ്ട് പുത്തൻതുണിയിൽ പുത്തൻഡിസൈൻ നിർമ്മിക്കുകയാണ്. അമ്മ, പെങ്ങൾ സംഘം വയലിൽ വെള്ളരി നടുന്നു. അപ്പോഴാണ് അടുത്ത വീട്ടിലെ അമ്മായി വിളിച്ചു പറയുന്നത്,
“സാരിക്കാരൻ വന്നിട്ടുണ്ട്, പപ്പി പറഞ്ഞല്ലൊ നല്ല സാരി വാങ്ങണമെന്ന്”
                    അത് കേൾക്കേണ്ട താമസം; പകുതി തുന്നിയ പാവാട അതുവരെ ചവിട്ടിക്കൊണ്ടിരുന്ന തയ്യൽ മെഷിനിൽ അതേപടി ഉപേക്ഷിച്ച് പപ്പി വീട്ടിൽ‌നിന്നും പുറത്തിറങ്ങി, നേരെ അയൽ‌പക്കത്തുള്ള അമ്മായിയുടെ വീട്ടിലേക്കോടി. അവളുടെ ഓട്ടം കണ്ടപ്പോൾ അമ്മയെ വയലിൽ തനിച്ചാക്കി പെങ്ങളും അമ്മായിവീട്ടിലേക്ക് ഓടി. വയലിൽ ഒറ്റക്കായപ്പോൾ അമ്മയാവട്ടെ സ്വന്തം വീട്ടിലേക്ക് ഓടിവന്ന് അടുക്കളയിൽ ഇരുന്ന് എന്നെ പരിഹസിച്ച് പരാതി പറയാൻ തുടങ്ങി,
“ഒരു സാരിക്കാരൻ വന്നപ്പോൾ എല്ലാരും ഓടിയല്ലൊ; നിനക്ക് ഓടണ്ടെ?”

                         കരിങ്കല്ലുകൊണ്ടുള്ള അമ്മിയിൽ മുളകും മഞ്ഞളും ചേർത്ത് തേങ്ങയരച്ചുകൊണ്ടിരിക്കുന്ന ഞാൻ ഓടിയില്ല. ഓടിയാലും കാര്യമില്ല എന്ന് എനിക്കറിയാം, നല്ല പട്ടുസാരി കണ്ട് കൊതിമൂത്താൽ അത് വാങ്ങണമെന്നും ഉടുക്കണമെന്നും മനസ്സിൽ മോഹം വരും. അങ്ങനെയൊരു പുത്തൻ മോഹമുദിച്ചാൽ സാരി വാങ്ങാൻ പണമില്ലല്ലൊ; അപ്പോൾ വെറുതെയെന്തിനീ മോഹം.

                         മദർ-ഇൻ-ലോ അടുപ്പത്ത് തിളച്ചുകൊണ്ടിരിക്കുന്ന അരി വെന്തോ എന്ന് ഇളക്കിനോക്കിയശേഷം കഞ്ഞിവെള്ളം കോരാൻ തുടങ്ങിയപ്പോഴാണ് പെങ്ങൾ അകത്തേക്ക് ഓടിവന്ന് പപ്പിയുടെ മുറിയിലേക്ക് പോയത്. പെട്ടെന്ന്‌തന്നെ തിരിച്ച് പോകുമ്പോൾ അവൾ പറഞ്ഞു,
“അമ്മേ നല്ല സാരിയാണ് ഇനി അൻപത് ഉറുപ്പികയും കൂടി വേണം, അത് എടുക്കാൻ വന്നതാണ്”
അവൾ പോയപ്പോൾ കഞ്ഞിവെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന മദർ-ഇൻ-ലോ എന്നെ നോക്കി പറയാൻ തുടങ്ങി,
“ഇവിടെ മൂത്തവന്റെ ഭാര്യ സ്ക്കൂൾ ടീച്ചറാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? ഇതുവരെ അമ്മായിഅമ്മക്ക് എന്തെങ്കിലും വാങ്ങിച്ച് തന്നിട്ടുണ്ടോ?”
എനിക്ക് ദേഷ്യം പതഞ്ഞുപൊങ്ങി; ഒരക്ഷരവും പറയാതെ ആ ദേഷ്യം‌മുഴുവൻ അമ്മിയുടെ മേലെ പ്രയോഗിച്ചു;
‘അമ്മായിഅമ്മേനെ അമ്മിമേൽ വെച്ച്,,,
നല്ലോരു കല്ലോണ്ട് രാമനാരായണാ,,,”

                          രണ്ട് മരുമക്കളെയും രണ്ട് തരത്തിൽ കാണുന്ന അവർ രണ്ട്‌പേർക്കും പാരവെക്കുകയാണ്. അവർ നിർത്താൻ ഭാവമില്ലാതെ തുടർന്നു,
“അവളെ നോക്കിയാട്ടെ, തുന്നൽ‌പണിയെടുത്തിട്ടാ എനിക്കൊരു സാരി വാങ്ങിത്തരുന്നത്. എന്നാലും ഞാനത് വേണ്ടാ എന്ന് പറയും. അവളാരാ എനിക്ക് സാരി വാങ്ങിത്തരാൻ?”
                         പപ്പി പുത്തൻ സാരിവാങ്ങുന്നത് അമ്മായിഅമ്മക്ക് നൽകാനാണെന്ന്,,, അവളുടെയൊരു സോപ്പ്,, ഉം നടക്കട്ടെ. എന്റെ വക ഈ ജന്മത്തിൽ അവർക്കൊരു സാരി ലഭിക്കില്ല എന്ന ഉറപ്പുണ്ട്.
                         പെട്ടെന്ന് പളപളാ മിന്നുന്ന സാരിയുമായി പെങ്ങളും, പിന്നാലെ പപ്പിയും വന്നു. അടുക്കളയിൽ നിന്ന് സാരി നിവർത്തി ഓരോ ഡിസൈനും നോക്കി അഭിപ്രായം പറയുമ്പോൾ മദർ-ഇൻ-ലോ എന്നെ ഒളികണ്ണാൽ നോക്കി പപ്പിയോട് പറഞ്ഞു,
“ഈ വയസ്സുകാലത്ത് ഇത്രയും മിന്നുന്ന സാരി എനിക്ക് വേണ്ട”
സാരി നിവർത്തിയശേഷം മടക്കുന്നവർ അമ്മയെ നോക്കി. പെങ്ങൾ പറഞ്ഞു,
“അതിന് ഈ സാരി അമ്മക്ക് തരുന്നില്ലല്ലൊ?”
“അതുതന്നെയാ ഞാൻ പറഞ്ഞത് എനിക്കീ സാരി വേണ്ടായെന്ന്”
അതുവരെ സാരിനോക്കി ആസ്വദിച്ചുകൊണ്ടിരുന്ന പപ്പി അമ്മായിഅമ്മയെ നോക്കി,
“ഇത് എന്റെ ഏടത്തിയുടെ മകളുടെ കല്ല്യാണത്തിന് എനിക്ക് ഉടുക്കാൻ‌വേണ്ടി ഞാൻ വാങ്ങിയ സാരിയാ, അല്ലാതെ,,”
പുത്തൻ സാരിമോഹം തകർന്നപ്പോൾ കാട്ടുകടന്നൽ കുത്തേറ്റതു പോലുള്ള മുഖം, അപ്പോഴും തേങ്ങ അരച്ചുകൊണ്ടിരിക്കുന്ന എന്നിൽ‌നിന്നും ഒളിപ്പിച്ച്, എന്റെ മദർ-ഇൻ-ലോ നേരെ വയലിലേക്ക് നടന്നു.  

35 comments:

 1. ഇത്ര രസകരമായ ഒരു പോസ്റ്റിനു ആദ്യത്തെ കമന്റിടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
  വീട്ടിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ നല്ല ഒതുക്കത്തോടെ,അല്പം നര്‍മത്തോടെ,ഇത്തിരി വിഷമത്തോടെ ഭംഗിയില്‍ പറഞ്ഞു.
  "അമ്മായി അമ്മേന അമ്മിമേല്‍ വെച്ച്
  നല്ലോരു കല്ലോണ്ട് രാമനാരായണ.."
  ഇത് വായിച്ച് ഞാന്‍ ചിരിയോടു ചിരി..

  ReplyDelete
 2. കഥ വളരെ നന്നായിട്ടുണ്ട്. നല്ല ഭാഷ. എനിക്കങ്ങിഷ്ടപ്പെട്ടു. പപ്പി ആളു മോശമല്ലല്ലോ. മിടുക്കി.നാളെ മക്കളുടെ ഭാര്യമാര്‍ ടീച്ചറെയും ...രാമനാരായണ??

  ReplyDelete
 3. നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
 4. ‘അമ്മായിഅമ്മേനെ അമ്മിമേൽ വെച്ച്,,,
  നല്ലോരു കല്ലോണ്ട് രാമനാരായണാ,,,” .........

  ആദ്യമായി കേള്‍ക്കുകയാണ്. അക്ഷരബാങ്കില്‍ സൂക്ഷിച്ചു വെക്കാം.

  ReplyDelete
 5. കല്ല്യാണം കഴിയാത്ത തയ്യല്‍ റ്റീച്ചര്‍മാര്‍ ഓര്‍ത്തു വച്ചോ അടൂത്ത കടയില്‍ സുമുഖന്മാരും സുന്ദരന്മാരും ആയ കല്ല്യാണം കഴിക്കാത്ത ചെറുപ്പക്കാരുണ്ടെങ്കില്‍ വീഴ്താനുള്ള വഴി ഫ്രീ

  :)

  ReplyDelete
 6. വെറുമൊരു സർക്കാർ ഹൈസ്ക്കൂൾ ടീച്ചറായ എന്നെ എല്ലാവരും അവഗണിച്ചു. ഇതിൽ എനിക്ക് ഒരു പരാതിയും ഉണ്ടായില്ല;
  ശരിക്കും,,,

  ഉവ്വുവ്വാ അതാണല്ലോ
  തരം കിട്ടിയപ്പോള്‍ അനിയത്തിക്കിട്ടു ചാമ്പിയത് :-)

  ReplyDelete
 7. മിനിടീച്ചറേ ആ പ്രണയകഥ ഭയങ്കരമായിപ്പോയി...കാമുകിയുടെ വിരലുകളെ സൂചിയിൽ നിന്നും രക്ഷിച്ച ധീരനായ കാമുകൻ...

  ഒരു മെഗാസീരിയൽ എടുത്തുകൂടെ ഇത്രേം അംഗങ്ങളുള്ള സംഭവങ്ങളുള്ള ഫാമിലി..,.

  ReplyDelete
 8. നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
 9. അവര്‍ക്ക് അങ്ങനെ തന്നെ വേണം

  ReplyDelete
 10. ഇടയ്ക്ക് അസൂയയും കുശുമ്പും തലപൊക്കുന്നില്ലേ ടീച്ചറേ..നല്ല രസകരമായ എഴുത്ത്.ആസ്വദിച്ചു വായിക്കാനായി.സൂചിയില്‍ നിന്നും രക്ഷിച്ചു പിന്നീടവളെ സ്വന്തമാക്കിയ ധീര കാമുകന്‍...ഉഗ്രനായിട്ടുണ്ടു കേട്ടോ

  ReplyDelete
 11. കിട്ടാത്ത മുന്തിരി പുളിയ്ക്കുംന്ന് പറയാര്‍ന്നു

  ReplyDelete
 12. രസകരമായി പറഞ്ഞു.
  ആ വീട്ടിലെ അമ്മിത്തിണ്ടില്‍ കഥ തീരുവോളം ഞാനുമുണ്ടായിരുന്നു!

  ReplyDelete
 13. "തന്നെ രക്ഷിച്ചവന്റെ മാറിലേക്ക് പപ്പി ഒരൊറ്റ വീഴ്ച, അതോടെ അവളുടെ ബോധം പോയി."
  ഇത് നുണയല്ലേ ടീച്ചറെ...ബോധം പോയിട്ടു വീണതൊന്നുമാവില്ലന്നേയ്....ഹിഹി

  നല്ല രസത്തോടെ വായിച്ചു...അല്ല ടീച്ചറേ...അമ്മായിഅമ്മ ഇതൊന്നും വായിക്കില്ലേ...?അമ്മായി അമ്മേടെ കയീന്ന് അടുത്ത പണി ചോദിച്ച് വാങ്ങിക്കുകയാണല്ലേ ...?

  ReplyDelete
 14. മനോഹരമായി ഒരു കൂട്ടുകുടുംബപുരാണം അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ടീച്ചറെ

  ReplyDelete
 15. “എന്റെ അമ്മയിയമ്മ നല്ലതാ..
  എന്റെ അനിയിത്തിയാര്‌ നല്ലതാ..
  എന്റെ നാത്തൂൻ നല്ലതാ...”

  എന്തായിരുന്നു പണ്ട് ഗമ..ദേ ഇപ്പോ സത്യങ്ങൾ പുറത്തുവന്നുതുടങ്ങി.ഇനി കൂട്ടയടി ഉറപ്പാ അല്ലേ ടീച്ചറേ.

  ReplyDelete
 16. നീ ടീച്ചറായതുകൊണ്ട് ധാരാളം ശമ്പളം വാങ്ങുമെന്ന് ഇവിടെ വീട്ടിലും നാട്ടിലുമുള്ള എല്ലാവർക്കും അറിയാം. നിന്നോട് പണം കടം വാങ്ങാൻ പലരും വരും. അതുകൊണ്ട്,,,”
  “അതുകൊണ്ട്?”
  You got no other subject to discuss on that day sorry NIGHT!!!

  ReplyDelete
 17. ഇതേ കഥാപാത്രങ്ങൾ ഉൾപ്പെട്ട അടുക്കള നർമ്മം
  ആണുങ്ങൾ കാണാത്ത സംഭവങ്ങൾ ഇവിടെയുണ്ട്

  ReplyDelete
 18. @mayflowers-,
  ആദ്യമായി വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.
  @ജനാര്‍ദ്ദനന്‍.സി.എം-,
  നാളെയാവണമെന്നില്ല, കിട്ടുന്നത് ഇന്നുതന്നെയാണ് മാഷെ. പിന്നെ പപ്പി ഒരു സംഭവമാ; അഭിപ്രായം എഴുതിയതിന് നന്ദി.
  @മുല്ല-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @റീനി-,
  ആദ്യമായി കേട്ടതിന് ഒരു ഗ്രെയ്സ് മാർക്ക് എന്റെ വക. അഭിപ്രായം എഴുതിയതിന് നന്ദി.

  @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
  അങ്ങനെ വീഴ്ത്താനുള്ള സൂത്രം പല പെൺകുട്ടികൾക്കും ജ്ന്മനാ ഉണ്ടാവും. ബോധക്കേടായി വീഴുകയും ഉദ്ദേശിച്ച ആൾ വിളിച്ചാൽ മാത്രം ബോധം തെളിയുകയും ചെയ്യുന്ന ഒരു വിദ്യാർത്ഥിനിയെ എനിക്കറിയാം. അഭിപ്രായം എഴുതിയതിന് നന്ദി.

  @നല്ലി . . . . .-,
  എനിക്ക് കിട്ടിയ ചാൻസ് തന്നെയാണ് ഈ ബ്ലോഗ് എന്ന അനുഗ്രഹം. മനസ്സിലുള്ളത് വിളിച്ചു പറയാമല്ലോ. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 19. @Jithendrakumar/ജിതേന്ദ്രകുമാര്‍-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @Pony Boy-,
  എന്റെ പോണിക്കുട്ടാ, ആ കാമുകി കാരണമാണ് ആ വീട്ടിലുള്ളവർക്ക് കല്ല്യാണം കഴിക്കണമെന്ന ചിന്ത മനസ്സിലുണ്ടായത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @Naushu-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @പഞ്ചാരക്കുട്ടന്‍-,
  അത് ശരിയാണല്ലൊ; അഭിപ്രായം എഴുതിയതിന് നന്ദി.
  @ശ്രീക്കുട്ടന്‍-,
  അസൂയയും കുശുമ്പും എല്ലാവീട്ടിലും കാണും. അതെല്ലാം ഇത്തിരി തമാശയോടെ കാണണം. അഭിപ്രായം എഴുതിയതിന് നന്ദി.
  @kARNOr(കാര്‍ന്നോര്)-,
  പുളിക്കട്ടെ, പിന്നീട് മധുരിച്ചാൽ മതിയായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
  @~ex-pravasini*-,
  അമ്മിക്കഥകളുമായി ഇനിയും വരും. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 20. @റിയാസ് (മിഴിനീര്‍ത്തുള്ളി)-,
  മദർ-ഇൻ-ലാ മരിച്ചുപോയി, ആ ധൈര്യത്തിലാണ് ഈ പോസ്റ്റ് എഴുതുന്നത്. പിന്നെ ഇതെല്ലാം ഒരു തമാശമാത്രമല്ലെ? നമുക്ക് ചിരിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.-,
  കുടുംബപുരാണം വായിച്ചതിന് നന്ദി. അഭിപ്രായം എഴുതിയതിനും നന്ദി.
  @nikukechery-,
  എല്ലാവരും നല്ലവർ തന്നെയാ, അഭിപ്രായം എഴുതിയതിന് നന്ദി.
  @poor-me/പാവം-ഞാന്‍-,
  അയ്യോ പാവമേ, അദ്ദേഹം ഒരു മാഷല്ലെ; പഠിപ്പിക്കലല്ലെ പണി. അഭിപ്രായം എഴുതിയതിന് നന്ദി.
  @അബ്‌കാരി-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 21. "@ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
  അങ്ങനെ വീഴ്ത്താനുള്ള സൂത്രം പല പെൺകുട്ടികൾക്കും ജ്ന്മനാ ഉണ്ടാവും. ബോധക്കേടായി വീഴുകയും ഉദ്ദേശിച്ച ആൾ വിളിച്ചാൽ മാത്രം ബോധം തെളിയുകയും ചെയ്യുന്ന ഒരു വിദ്യാർത്ഥിനിയെ എനിക്കറിയാം. അഭിപ്രായം എഴുതിയതിന് നന്ദി."


  റ്റീച്ചറെ പിണങ്ങിയൊന്നുമല്ലല്ലൊ അല്ലെ

  ഇതുപോലെ ഉള്ള എന്തെല്ലാം വേലകള്‍ കാണൂന്നവരാ ഞങ്ങള്‍

  പക്ഷെ ഞങ്ങള്‍ക്ക്‌ ആ കഥകള്‍ ഒന്നും വെളിയില്‍ പറയാന്‍ സാധിക്കുകയില്ലല്ലൊ

  വെറൂം കഥകളായി -- സ്ഥലവും കാലവും പേരുളും മാറ്റി- വേണമെങ്കില്‍ ഒരിക്കല്‍ എഴുതാം

  :)

  ReplyDelete
 22. ആദ്യരാത്രിയിലെ ആദ്യത്തെ ഉപദേശമല്ലെ,,, ഞാനങ്ങട്ട് അനുസരിച്ചു. ശമ്പളം പെൻഷനായി രൂപാന്തരപ്പെട്ടിട്ടും ആ പീഡനം അതേപടി തുടർന്നു,,
  അന്നും ഇന്നും,,,

  ഹ..ഹ..ഹ
  അതിയാനു ഈ ബ്ലോഗ് വായിക്കാ‍തെ നോക്കണേ..
  ചുമ്മാതാട്ടോ..നല്ല രസികൻ എഴുത്ത്
  അഭിനന്ദനങ്ങൾ

  ReplyDelete
 23. kollalo teacherey..:) adutha pani chodichu vanguvano ? kadha ishtayi ethayalum..veetil ayathu karanam malayalam font illa..atha manglish..:)

  ReplyDelete
 24. "ആദ്യരാത്രിയിലെ ആദ്യത്തെ ഉപദേശമല്ലെ,,, ഞാനങ്ങട്ട് അനുസരിച്ചു. ശമ്പളം പെൻഷനായി രൂപാന്തരപ്പെട്ടിട്ടും ആ പീഡനം അതേപടി തുടർന്നു,,
  അന്നും ഇന്നും,,"

  (ടീച്ചർ ഇക്കാര്യത്തിൽ ഇനിയെങ്കിലും ഒന്ന് കുതറിനോക്കണം കേട്ടോ.) വളരെ നന്നായി എഴുതി. ആസ്വാദ്യകരമായ വായന തന്നു. നന്ദി.

  ReplyDelete
 25. നല്ല രസായി പറഞ്ഞ അടുക്കള കഥ ഇഷ്ട്ടായി
  ചില പ്രയോഗങ്ങള്‍ കുറേ ചിരിപ്പിച്ചു

  ReplyDelete
 26. അങ്ങനെ സാരിയിലും കുരുക്കാം അല്ലെ?

  ReplyDelete
 27. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
  എനിക്ക് അറിയാവുന്ന കാര്യം തന്നെയാ പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് നടന്ന പല സംഭവങ്ങളും പോസ്റ്റ് ആക്കിയിട്ടുണ്ട്. അതെല്ലാം വായിച്ച് കഥാപാത്രങ്ങൾ കൊട്ടേഷൻ കൊടുക്കാൻ ഇടയുണ്ടെങ്കിലും ഇതുവരെ ആരും ചോദിക്കാൻ വന്നില്ല. സ്ക്കൂളിൽ നിന്നും ബോധക്കേടുണ്ടാവുന്ന ഒരു പെണ്കുട്ടി അവൾക്കിഷ്ടപ്പെട്ട അദ്ധ്യാപകൻ വിളിച്ചാൽ മാത്രം ഉണരുന്ന സംഭവം ഉണ്ടായിരുന്നു. എന്റെ പോസ്റ്റുകളിൽ സ്ഥലവും കാലവും പേരും ഒഴിവാക്കാറാണ് പതിവ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @കമ്പർ-,
  അതിയാനു വായിക്കാൻ നേരം കിട്ടാറില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
  @കാര്‍ത്ത്യായനി-,
  മലയാളം വായിക്കാമല്ലൊ; പിന്നെ നമുക്ക് മംഗ്ലീഷ് തന്നെയാ നല്ലത്, അങ്ങനെയല്ലെ എഴുതുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.
  @പള്ളിക്കരയില്‍-,
  ഒരു രക്ഷയുമില്ല; പിന്നെ ഈ പരിപാടി നല്ല ലാഭമാ, പേഴ്സിൽ നിന്ന് ഇഷ്ടം‌പോലെ എടുക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @കൂതറHashimܓ-, @ഏറനാടന്‍-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 28. അല്ല ടീച്ചറെ.. അറിഞ്ഞൂടാത്തോണ്ട് ചോദിക്കാ.."കോടിതുണികൾ മുറിച്ച് അവയെ ഉടുപ്പായും ബ്ലൌസായും പാവാടയായും പിന്നെ പലതരം എക്സ്ട്രാ ഫിറ്റിംഗ്സ് ആയും മാറ്റുന്ന സൂത്രപ്പണികൾ" ഈ ഫിറ്റിംഗ്സിന്‍റെ സൂത്രപ്പണി മനസ്സിലായില്ല!!!

  ReplyDelete
 29. ടീച്ചറേ,
  അമ്മായിയമ്മയ്ക്കും, പപ്പിയമ്മയ്ക്കും ഇട്ട് എന്നാ കുത്താ കുത്തിയത്!
  ഏഴാം മാസത്തിൽ ഗോളടിച്ച കാര്യമൊക്കെ ഇവിടെപ്പറഞ്ഞ കാര്യം അവരെങ്ങാനും അറിഞ്ഞാൽ... എന്റീശോ!

  (ഒ.ടോ. മുകളിൽ ഒരു പയ്യൻ എന്തരോ ചെല തംശയങ്ങളൊക്കെ ച്വാദിച്ചിട്ടൊണ്ട്. ലവനെ കൊല്ലരുത്! ഒന്നു വെരട്ടി വിട്ടാ മതി!!!!

  ReplyDelete
 30. @ആളവന്‍താന്‍-,
  ആ സൂത്രപ്പണികളൊക്കെ തയ്യൽക്കാരുടെ പേഴ്സണൽ സീക്രട്ടാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
  @jayanEvoor-,
  അത് ചിലപ്പോൾ ഞാൻ തന്നെ കോമഡി ആയി പറഞ്ഞിട്ടുണ്ട്, ‘സാധാരണ എട്ടിൽ പെറ്റവൻ എന്ന് പറയാറുണ്ട്; ഇവനാണെങ്കിൽ ഏഴിൽ പെറ്റവനാണല്ലൊ’
  അപ്പോൾ പപ്പി പറയും, ‘ഏഴിലും എട്ടിലുമൊന്നുമല്ല, കൃത്യം പത്ത് മാസം കഴിഞ്ഞിട്ടാ അവനെ പ്രസവിച്ചത്’.
  പിന്നെ ഇവർക്കൊക്കെ ഓരോ ഡോസ് ബ്ലോഗിലൂടെ കൊടുക്കുമ്പോൾ ഇത്തിരി ആശ്വാസം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 31. അതാ പറയുന്നത്, ഭര്‍ത്താവല്ലെ, ആദ്യ രാത്രിയല്ലെ എന്നൊന്നും വിചാരിച്ച പരയുന്നതപ്പടിയങ്ങ വിഴുങ്ങിയാല്‍ ഇത്തരം ചില്ലറ് പ്രശ്നങ്ങളോക്കെയുണ്‍റ്റാകും, സംഗതി ജോറായി

  ReplyDelete
 32. pappy, vetyasthmaya oru perum , kadapathravum......
  orupadu asvadichu..........

  ReplyDelete
 33. ടീച്ചറെ ഞാന്‍ കോഴിക്കോട്ടുകാരനാ അതു കൊണ്ട് അതിലെ പ്രയോഗങ്ങളും ശൈലികളും പെട്ടന്ന് മനസിലാകുന്നുണ്ട് , ഒരു നല്ല കഥക്ക് നന്ദി

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!