20.11.11

നിത്യഗർഭിണി


                            നാട്ടിലെ സീനിയർ‌മോസ്റ്റ് പൌരി ആയ മാധവിയമ്മ ഇന്ന് പുലർച്ചെ അന്തരിച്ചു. മരിക്കാൻ നേരത്ത് അവർക്ക് പ്രായം നൂറാണെന്നും നൂറ്റിഒന്നാണെന്നും പൊതുജനങ്ങൾക്കിടയിലുള്ള തർക്കം രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കഴിഞ്ഞില്ല. മൂന്ന് മക്കൾ ഉള്ളവരിൽ രണ്ട് ആൺ‌മക്കളും പറഞ്ഞു, അമ്മക്ക് നൂറ് തികഞ്ഞെന്ന്. എന്നാൽ ഒരേഒരു പെൺ‌മണി കൺ‌മണി പറയുന്നു, അമ്മക്ക് നൂറ്റിഒന്ന് തികഞ്ഞെന്ന്. ഏതായാലും സെഞ്ച്വറി തികച്ചു എന്ന കാര്യം ഉറപ്പാണ്.

                          മരിക്കുന്നതിന് ഏതാനും ദിവസം മുൻപ്‌വരെ മാധവിയമ്മ അയൽ‌പക്കത്ത് പോയി വിശേഷങ്ങൾ ചോദിച്ചതും പറഞ്ഞതുമാണ്. കൂലിപ്പണിയെടുത്ത് മക്കളെ വളർത്തി ഉന്നതനിലയിലെത്തിച്ച അവർക്ക് പറയാനുള്ളത് രസമുള്ള കാര്യങ്ങൾ മാത്രമായിരുന്നു. അദ്ധ്വാനിച്ച് ജീവിക്കുമ്പോഴുള്ള പീഡനത്തിന്റെതും വേദനകളുടെതുമായ കഥകളൊന്നും അവർ പറയാറില്ല; മറിച്ച് തൊഴിലിടങ്ങളിൽ വീണുകിട്ടുന്ന ഇടവേളകളിലെ തമാശകളായിരുന്നു പറഞ്ഞത്.  എന്നും പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മാധവിയമ്മയോട് സംസാരിക്കുമ്പോൾ സമയം പോകുന്നത് നമ്മൾ അറിയാറേ ഇല്ല. ഒരിക്കൽ നമ്മുടെ കടൽ‌തീരഗ്രാമത്തിൽ പുതിയതായി വന്ന പൊസ്റ്റ്‌മാൻ മാധവിയമ്മയോട് സംശയം ചോദിച്ചു,
“മാധവിയമ്മെ, നിങ്ങളെ ഈ നാട്ടിൽ ഒരുപാട് വയസ്സന്മാരും വയസ്സികളും ഉണ്ടല്ലൊ; ഇവിടെയുള്ളവരുടെ ദീർഘായുസിന്റെ രഹസ്യമൊന്ന് പറയാമോ?”
മാധവിയമ്മ പെട്ടെന്ന് ഉത്തരം നൽകി,
“അത്‌മോനേ ഈ നാട്ടിന്റെ തൊട്ടപ്പുറത്ത് പടിഞ്ഞാറ് അറബിക്കടലാണ്. അതുകൊണ്ട് മണ്ണിലും മരത്തിലും കാറ്റിലും വെള്ളത്തിലും ഒക്കെ ഉപ്പാണ്. അങ്ങനെ ഉപ്പിലിട്ട മനുഷ്യന്മാരാണ് ഈ നാട്ടില്, കേടാവാതെ കൊറേക്കാലം ജീവിക്കുന്നത്”

                        രാവിലെ മുതൽ മാധവിയമ്മയുടെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ അനേകം ആളുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. എന്നും വെള്ളവസ്ത്രം മാത്രം അണിയുന്ന മാധവിയമ്മയെ ബന്ധുക്കൾ ചേർന്ന് കുളിപ്പിച്ചശേഷം വെള്ളവസ്ത്രംതന്നെ അണിയിച്ച് വീടിന്റെ നടുമുറിയിൽ കിടത്തിയിരിക്കയാണ്. അവരെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്ന ബന്ധുക്കളും നാട്ടുകാരും മുറിയിൽ നിറഞ്ഞു കവിഞ്ഞിരിക്കയാണ്.

                         ആ നേരത്താണ് എന്റെ ഇളയമ്മയുടെ മൂത്തസന്താനം; രണ്ട് മക്കളെ പ്രസവിച്ചശേഷം നാല്പത്തിഅഞ്ച് കഴിഞ്ഞിട്ടും ‘നിത്യഗർഭിണി’ ആയ ‘ലച്ചി’ ശരീരഭാരവുമായി ആ മുറിയിലെക്ക് കടന്നുവന്നത്. അവൾ‌വന്ന് മാധവിയമ്മയെ ഒരു തവണനോക്കിയതേയുള്ളു; കരയാൻ തുടങ്ങി. കോമഡിഷോകൾ കണ്ടാൽ‌പോലും കരയുന്ന സ്വഭാവം അവൾക്ക് പണ്ടേയുള്ളതാണ്. അപ്പോൾ‌പിന്നെ അയൽ‌വാസിയായ അകന്നബന്ധുവിന്റെ (അ)കാല ചരമത്തിൽ കരയാതിരിക്കുമോ?
                          ഒഴുകിവന്ന കണ്ണുനീർ തുവാലയിൽ ഒതുക്കിയിട്ട് അവൾ ഏതാനും സ്ത്രീകൾ ഇരിക്കുന്ന ഇടത്തേക്ക്  പോയി. അവിടെ പഴയ മരം‌കൊണ്ടുള്ള ബെഞ്ചിൽ ഇരിക്കുന്ന പരിചയമില്ലാത്ത സ്ത്രീകളുടെ സമീപം നിന്നപ്പോൾ കൂട്ടത്തിൽ പ്രായം‌ചെന്ന സ്ത്രീ അവളെ തൊട്ടുകൊണ്ട് പറഞ്ഞു,
“മോളേ, നീയിവിടെ ഇരുന്നോ?”
അവൾ തിരിഞ്ഞുനോക്കിയപ്പോൾ ആ സ്ത്രീ വീണ്ടും പറയാൻ തുടങ്ങി,
“മാസം തികഞ്ഞിരിക്കുന്ന നിനക്ക്, അധികനേരം നിന്നിട്ട് ക്ഷീണം വന്നാലോ?”
അവർ എഴുന്നേറ്റശേഷം ലച്ചിയെ മരബെഞ്ചിൽ ‘സഹതടിച്ചികളുടെ’ കൂട്ടത്തിൽ പിടിച്ചിരുത്തി.

ഒരുനിമിഷം,,
ബെഞ്ചൊന്ന് ഇളകി,
“ഠിം, ഠ്രിട്രിഡ്രിം, ഢിം”
പിന്നെ പൊട്ടിവീണു,,,
ഒപ്പം അതിലിരുന്ന അഞ്ച്‌പേരും,,
ഇരിക്കുന്നു, കിടക്കുന്നു,, തറയിൽ,,,
ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്നവർ മരണവീടാണെന്നോർക്കാതെ ചിരിക്കാൻ തുടങ്ങി. കൂട്ടത്തിൽ ഒരാളുടെ പൊട്ടിച്ചിരി ഉച്ചത്തിൽകേട്ടപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി.
അപ്പോൾ അതാ,,,
മാധവിയമ്മയും പൊട്ടിച്ചിരിക്കുന്നു,,,
കുളിപ്പിച്ച് കിടത്തിയ മാധവിയമ്മ തന്നെ പുതപ്പിച്ച തുണിമാറ്റി എഴുന്നേറ്റിരിക്കുന്നു. ആരോ മൂക്കി‌ൽ തിരുകികയറ്റിയ പഞ്ഞികൾ എടുത്തുമാറ്റിയശേഷം പരിസരം മറന്ന് അവർ പൊട്ടിച്ചിരിക്കുകയാണ്. അതിനുശേഷം ഇരുകൈയിലും‌ ഉള്ള പഞ്ഞി അതേമൂക്കിൽ‌തന്നെ തിരുകിയിട്ട്, അതേസ്ഥാനത്ത് കിടന്ന് അവർ കണ്ണടച്ചു!!! 

പിൻ‌കുറിപ്പ്: 
എന്റെ നാട്ടിൽ നടന്ന സംഭവം, ‘ലച്ചി’ തന്നെയാണ് എന്നോട് പറഞ്ഞത്, ലച്ചി കഥാപാത്രമായ ഒറിജിനൽ അനുഭവം കാണാൻ തുറക്കുക,
എട്ട് സുന്ദരികളും ഒരു സിനിമയും

30 comments:

 1. വായനക്കാർ സംശയിക്കേണ്ട,,, ഇത് ലെച്ചി പറഞ്ഞ സംഭവമാണ്. പിന്നെ ഒരു കാര്യം കൂടി പറഞ്ഞു, ‘ബസ്സിൽ കയറിയാൽ ആളുകൾ തിങ്ങിനിറഞ്ഞ ബസ്സാണെങ്കിലും മറ്റുള്ളവർ അവൾക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാറുണ്ട്’. ലെച്ചി കഥാപാത്രമായ മറ്റൊരു സംഭവം (അനുഭവം) ഇവിടെയുണ്ട്…
  ‘എട്ട് സുന്ദരികളും ഒരു സിനിമയും’ ഇവിടെയുണ്ട്

  ReplyDelete
 2. ചിരിച്ചു..ചിരിച്ചു..

  ReplyDelete
 3. “അത്‌മോനേ ഈ നാട്ടിന്റെ തൊട്ടപ്പുറത്ത് പടിഞ്ഞാറ് അറബിക്കടലാണ്. അതുകൊണ്ട് മണ്ണിലും മരത്തിലും കാറ്റിലും വെള്ളത്തിലും ഒക്കെ ഉപ്പാണ്. അങ്ങനെ ഉപ്പിലിട്ട മനുഷ്യന്മാരാണ് ഈ നാട്ടില്, കേടാവാതെ കൊറേക്കാലം ജീവിക്കുന്നത്”

  അതു കലക്കി !!

  സസ്നേഹം,
  പഥികൻ

  ReplyDelete
 4. എന്നാലും കൊള്ളാല്ലൊ ആ അമ്മൂമ്മ...!
  ആ അമ്മൂമ്മക്ക് ഓസ്കാർ അവാർഡിനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്..!!

  ആശംസകൾ...

  ReplyDelete
 5. ശരിയ്ക്കും ചിരിപ്പിച്ചു....
  ആയൂര്‍ദൈര്‍ഘ്യത്തിനു കാരണം അറബി കടലാണെന്ന് പറഞ്ഞത്‌ കലക്കി !
  ക്ളൈമാക്സ്‌ ഭലേ ഭേഷ്‌ !!

  ReplyDelete
 6. ക്ളൈമാക്സ്‌ കൊള്ളാം.. മനസ്സില്‍ ചിരിച്ചു, ആ രംഗം മനസ്സില്‍ കണ്ടുകൊണ്ട്... ആശംസകള്‍

  ReplyDelete
 7. ഉപ്പിന്‍റെ തമാശ കൊള്ളാം ..ക്ലൈമാക്സും

  ReplyDelete
 8. അറബിക്കടലിനു ഇങ്ങിനെ ഒരു ഗുണം കൂടി ഉണ്ടായിരുന്നോ? ക്ലൈമാക്സ്‌ കലക്കി. ശരിക്കും ചിരിപ്പിച്ചു.

  ReplyDelete
 9. നന്നായിട്ടുണ്ട് !

  ReplyDelete
 10. സമ്മതിക്കണം ...ട്ടോ ..ആയമ്മയെ ..നന്നായിട്ടുണ്ട് ..ആശംസകള്‍

  ReplyDelete
 11. വെറുതെ ചിരിക്കാനാണെന്നു മുൻകൂർ പറഞ്ഞതു നന്നായി.അതു കൊണ്ട് ആ രീതിയിൽ സ്വീകരിക്കാനായി. അല്ലെങ്കിൽ നല്ലോണം കേട്ടേനെ എന്റെ വായീന്ന്.ഹഹഹ
  അല്ല ടീച്ചറേ ഇത് പണ്ട് റ്റെലിവിഷനിൽ വന്നു കൊണ്ടിരുന്ന ഒരു പരസ്യത്തിന്റെ മറ്റൊരു ആവിഷ്കരണമല്ലേ.
  പരസ്യം കാണൂ:
  ഒരാൾ മരിച്ചു കിടക്കുന്നു. മക്കൾ കരയുന്നു.പെട്ടെന്ന് ആരോ അഗർ ബത്തി കത്തിച്ചു വയ്ക്കുന്നു. ബത്തിയിലെ പുക മുഖത്ത് അടിച്ചപ്പോൾ
  പ്രേതം എഴിന്നേറ്റ് ചോദിക്കുന്നു” ഏതാ ഈ തിരി?”
  മകൻ ഉത്തരം പറയുന്നു” ആന മാർക്ക് അഗർ ബത്തി”
  ഉടൻ പ്രേതം “ഓഹോ” എന്ന് പറഞ്ഞ് പിന്നെയും മലർന്ന് കിടക്കുന്നു.
  ഈ പരസ്യം കണ്ടിരുന്നോ?
  ഇത് നേരത്തെ കണ്ടതു കൊണ്ട് പോസ്റ്റിലെ നർമ്മം ക്ലിക്കാകാതെ പോയതു പോലെ എനിക്ക് തോന്നി. സാരമില്ല.മിക്കവരും രസിച്ചിട്ടുണ്ട്.
  സ്നേഹപൂർവ്വം വിധു

  ReplyDelete
 12. പകുതി ഭാഗം വരെ നാന്നായി. ഇതൊക്കെ കണ്ടാലെ ചിരി വരൂ. വായിച്ചു ചിരിക്കാന്‍ ഇമ്മിണി കഷ്ട്ടാനേ

  ReplyDelete
 13. കുളിപ്പിച്ച് കിടത്തിയ മാധവിയമ്മ തന്നെ പുതപ്പിച്ച തുണിമാറ്റി എഴുന്നേറ്റിരിക്കുന്നു. ആരോ മൂക്കി‌ൽ തിരുകികയറ്റിയ പഞ്ഞികൾ എടുത്തുമാറ്റിയശേഷം പരിസരം മറന്ന് അവർ പൊട്ടിച്ചിരിക്കുകയാണ്. അതിനുശേഷം ഇരുകൈയിലും‌ ഉള്ള പഞ്ഞി അതേമൂക്കിൽ‌തന്നെ തിരുകിയിട്ട്, അതേസ്ഥാനത്ത് കിടന്ന് അവർ കണ്ണടച്ചു!!!

  മുന്‍പത്തെ പോസ്റ്റുകളുടെ ആ ഒരിത് ....അങ്ങു കിട്ടിയില്ല...ല്ലോ...എന്നൊരു ശങ്കയോടെ ഒന്ന് മയത്തില്‍ ചിരിക്കാം.

  ReplyDelete
 14. ഇച്ചേച്ചിയെക്കൊണ്ട് തോറ്റല്ലോ ദൈവമേ!
  ഉള്ള സര്‍വ്വ അടവും പയറ്റിയാണല്ലേ ചേച്ചി ഇങ്ങനെ ബ്ലോഗിലെ പുലിയായി നില്‍ക്കുന്നെ.

  ഹമ്പടാ!

  ReplyDelete
 15. ഇക്കണക്കിനു പോയാല്‍ ടീച്ചറും സെഞ്ചുറിയടിക്കും! .

  ReplyDelete
 16. @SHANAVAS, @പഥികൻ, @കൊമ്പന്‍, @വീ കെ, @vadakkanachaayan, @ശിഖണ്ഡി, @faisu madeena, @yemceepee, @naushad kv, @Pradeep paima, @വിധു ചോപ്ര,,
  അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. നർമ്മത്തിന്റെ അവസാനഭാഗം മാത്രമാണ് കൂട്ടിചേർത്തത്. ആദ്യഭാഗങ്ങൾ സംഭവിച്ചതിന്റെ കാണികളായ നാട്ടുകാർ ക്ലൈമാക്സ് പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട്. അത് എല്ലാവരുമായി പങ്കുവെച്ചു എന്നേയുള്ളു. സംഭവം മനസ്സിൽ ഓർത്താൽ മതി.

  ReplyDelete
 17. @പൊട്ടന്‍-,
  മനസ്സിൽ കണ്ടാൽ പോരെ, അഭിപ്രായം എഴുതിയതിന് നന്ദി.
  @ലീല എം ചന്ദ്രന്‍.. -,
  ഒന്ന് മയത്തിൽ ചിരിച്ചാൽ മതി, അഭിപ്രായം എഴുതിയതിന് നന്ദി
  @ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com-,
  തണലിന്റെ പേരിന് നീളം കൂടിയല്ലൊ,, അഭിപ്രായം എഴുതിയതിന് നന്ദി.
  @K@nn(())raan*കണ്ണൂരാന്‍!-,
  കണ്ണൂരാനെ ഒരു ദിവസം ഞാൻ പിടിച്ച് കൂട്ടിലിടും, അഭിപ്രായം എഴുതിയതിന് നന്ദി.
  @Mohamedkutty മുഹമ്മദുകുട്ടി-,
  അയ്യോ കുട്ടിക്കാ,, ഇന്നും ഹാർഡ്‌വെയർ പണിമുടക്കാൻ പോയതാണ്, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 18. ഒരു മിനി ചിരി ചിരിചു...  ഒരു പുതിയ ആളാണേ...
  www.verumezhuthu.blogspot.com

  ReplyDelete
 19. "കുളിപ്പിച്ച് കിടത്തിയ മാധവിയമ്മ തന്നെ പുതപ്പിച്ച തുണിമാറ്റി എഴുന്നേറ്റിരിക്കുന്നു. ആരോ മൂക്കി‌ൽ തിരുകികയറ്റിയ പഞ്ഞികൾ എടുത്തുമാറ്റിയശേഷം പരിസരം മറന്ന് അവർ പൊട്ടിച്ചിരിക്കുകയാണ്. അതിനുശേഷം ഇരുകൈയിലും‌ ഉള്ള പഞ്ഞി അതേമൂക്കിൽ‌തന്നെ തിരുകിയിട്ട്, അതേസ്ഥാനത്ത് കിടന്ന് അവർ കണ്ണടച്ചു!!!" ഇത് ഞാന്‍ ഭാവനയില്‍ കണ്ടുനോക്കി ടീച്ചറെ. :-)

  ReplyDelete
 20. അതു ശരി, അറബിക്കടൽ ഉപ്പിലിടുന്നവരാണല്ലേ ആ നാട്ടിലുള്ളത്.....ഇഷ്ടപ്പെട്ടു....എന്നാലും എന്റെ അറബിക്കടലേ നിന്റൊരു കാര്യം...

  ReplyDelete
 21. കോമഡിഷോകൾ കണ്ടാൽ‌പോലും കരയുന്ന സ്വഭാവം അവൾക്ക് പണ്ടേയുള്ളതാണ്.

  അത് പഞ്ച് ഡയലോഗ് തന്നെ

  (കുറുപ്പിന്റെ കണക്കു പുസ്തകം)

  ReplyDelete
 22. ചിരി വന്നൂട്ടോ...പക്ഷെ ഇത് ശരിക്കും സംഭവിച്ചത് തന്നെയാണോ?

  ReplyDelete
 23. @ഓക്കേ... -,
  നന്നായി ചിരിച്ചൊ,, ബ്ലോഗ് വെറുമെഴുത്താക്കണ്ട,, നന്നായി തുടങ്ങിക്കൊ? അഭിപ്രായം എഴുതിയതിന് നന്ദി.
  @സ്വപ്നജാലകം തുറന്നിട്ട് ഷാബു -,
  സ്വപ്നജാലകം തുറന്ന് മാധവിയമ്മയെ മനസ്സിലോർത്തല്ലൊ,, നന്നായി. വീണാൽ ചിരിക്കാത്തവർ ഇല്ലല്ലൊ,, അഭിപ്രായം എഴുതിയതിന് നന്ദി.
  @സ്വന്തം സുഹൃത്ത് -,
  ചിരിച്ചല്ലൊ, എനിക്ക് തൃപ്തിയായി, അഭിപ്രായം എഴുതിയതിന് നന്ദി.
  @Echmukutty-,
  ആ നാട്ടിലെ പ്രായമുള്ളവരെ കാണുമ്പോൾ എനിക്കും സംശയം തോന്നാറുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 24. @രാജീവ് .എ . കുറുപ്പ് -,
  ഒരിക്കൽ സിനിമ കാണാൻ തീയെറ്ററിൽ പോയപ്പോൾ തൊട്ട് മുൻപത്തെ ഷോ കണ്ടിട്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ലെച്ചി ഇറങ്ങി വരുന്നത് കണ്ടു,, സിനിമ എങ്ങനെയുണ്ട്? എന്ന് ചോദിച്ചപ്പോൾ അവൾ തൂവാല പിഴിഞ്ഞ് എന്നെ കാണിച്ചു. അഭിപ്രായം എഴുതിയതിന് നന്ദി.
  @റിഷ് സിമെന്തി -,
  ശരിക്കും സംഭവിച്ചത് തന്നെ,, ലെച്ചിയുടെ വീഴ്ച്ച വരെ… ശേഷം ഭാഗം കാണികളുടെ ഭാവനയിൽ, അഭിപ്രായം എഴുതിയതിന് നന്ദി.
  @കുമാരന് | kumaran -,
  അങ്ങനെ മറ്റുള്ളവരെ ചിരിപ്പിച്ചാൽ പോര,,, ഇടയ്ക്കൊന്ന് ചിരിക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 25. ഹ ഹ ഹ ഹാ .....നല്ല കഥ അവസാനം വരെ ,നല്ല നര്‍മ്മം അവസാനം വരെ ,അവസാനത്തെ തമാശ ദഹിക്കുന്നില്ല എങ്കിലും അടി.... ................മച്ചാ ..അടിപൊളി

  ReplyDelete
 26. ‘ഈ നാട്ടിന്റെ തൊട്ടപ്പുറത്ത് പടിഞ്ഞാറ് അറബിക്കടലാണ്. അതുകൊണ്ട് മണ്ണിലും മരത്തിലും കാറ്റിലും വെള്ളത്തിലും ഒക്കെ ഉപ്പാണ്. അങ്ങനെ ഉപ്പിലിട്ട മനുഷ്യന്മാരാണ് ഈ നാട്ടില്, കേടാവാതെ കൊറേക്കാലം ജീവിക്കുന്നത്.’

  ഹാവൂ... രക്ഷപ്പെട്ടു...! അറബിക്കടലിന്റെ തീരത്ത് ആറുകൊല്ലം ദിവസം ആറുമണിക്കൂര്‍ വെച്ച് കഴിച്ചുകൂട്ടിയ ഞാനും പെട്ടെന്നൊന്നും കേടാകാതെ ഇരിക്കുമായിരിക്കും... :)

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!