5.1.13

അമ്മയാരെന്നറിയാതെ,,,


                            സന്ധ്യാനേരത്ത് അടുക്കളയിൽ ഗ്യാസ്‌സ്റ്റൌ ജ്വലിച്ചുകൊണ്ടിരിക്കെ അതിനുമുകളിലിരിക്കുന്ന ചട്ടിയിൽ‌നിന്നും കറിയുടെ കരിഞ്ഞമണം ഡൈനിംഗ് റൂമിലൂടെ ലിവിംഗ് റൂമിലൂടെ സ്വീകരണമുറിയിലിരിക്കുന്ന ശ്രീകുമാരിയമ്മയുടെ ഇടത്തെ മൂക്കിൽ കടന്നുകയറിയത് തുണിയഴിക്കുന്ന പരസ്യത്തിന്റെ ക്ലൈമാക്സ് വേളയിലാണ്. മണം‌കേട്ട ശ്രീയമ്മ ‘ഊയെന്റപ്പാ അന്റെ കൂട്ടാൻ പോയി’ എന്ന് നിലവിളിച്ച് അടുക്കളയിലേക്ക് ഓടിയ നേരത്താണ് ചാനലുകളിൽ മാറിയും മറിഞ്ഞും ചാടിക്കളിക്കുന്ന ജാനുമോൾ, ടീവിയിൽ നിന്ന് പതുക്കെ നിലത്തേക്കിറങ്ങിയത്. തിളങ്ങുന്ന മാർബിൾ തറയിൽ കാലുകുത്തിയപ്പോൾ ആദ്യം അല്പം വശപശ തോന്നിയെങ്കിലും അടുത്തനിമിഷം കൈയും കാലും വീശിക്കുടഞ്ഞ് അവൾ ഓക്കെയായി. ഒന്നുരണ്ടടി വെച്ചപ്പോൾ പ്രയാസം തോന്നിയെങ്കിലും ശ്രീയമ്മ തിരിച്ചുവരുന്നുണ്ടെന്ന് തോന്നിയതുകൊണ്ടാവാം പെട്ടെന്ന് സ്വീകരണമുറിയിൽ നിന്ന് സിറ്റൌട്ടിലേക്ക് കടന്ന് ഗ്രാനൈറ്റ് പതിച്ച മുറ്റത്തിറങ്ങി പോർച്ചിൽ കിടക്കുന്ന മാരുതിയുടെയും ഇന്നോവയുടെയും ഇടയിലൂടെ ഒരു നിഴലുപോലെ ഓടിയിട്ട് തുറന്ന ഗെയിറ്റിലൂടെ അവൾ റോഡിലേക്കിറങ്ങി.

                വഴിയിൽ സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ പരിചിതമുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ജാനുമോൾ പതുക്കെ നടക്കാൻ തുടങ്ങി. മറ്റുള്ളവർക്ക് മുഖംകൊടുക്കാതെ നടക്കുന്ന അവളെ, പാതയുടെ ഇരുവശത്തുനിന്ന് കണ്ണും വായും തുറന്നപിടിച്ച് നിരീക്ഷിക്കുന്ന പുരുഷമൃഗങ്ങൾ മുഖം‌മാത്രം നോക്കിയില്ല, നോക്കാനൊട്ട് അവർ ആഗ്രഹിച്ചില്ല. ഇനി അഥവാ അവരാരെങ്കിലും നോക്കിയാലോ? ജാനുമോൾ കുടുക്കിലായേനെ,,, വർഷങ്ങളായി രാത്രിനേരത്ത് നാട്ടുകാരുടെ സ്വീകരണമുറിയിൽ ഓടിത്തകർക്കുന്ന കാക്കകറുമ്പിയായ ജാനുമോളെ നേരിട്ട്‌കണ്ടാൽ ആരെങ്കിലും വെറുതെ വിടുമോ?

                       ജാനുമോൾക്ക് വിശക്കാൻ തുടങ്ങി; സാധാരണ സോഫ്റ്റ്‌ഫുഡ് കഴിക്കുന്ന മൂന്നാം‌സീരീസ് പരസ്യത്തിന്റെ ഇടവേളയിലാണ് ടീവിയിൽ നിന്ന് ഇറങ്ങിയത്. അവൾ ചിന്തിക്കാൻ തുടങ്ങി, ‘ഇപ്പോൾ വീട്ടമ്മമാർ എന്ത് ചെയ്യുന്നുണ്ടാവും’? പരസ്യത്തിന്റെ ഇടവേള കഴിഞ്ഞ ഈ നേരത്ത് ‘ജാനുമോളെ കാണുന്നില്ല’ എന്നറിയുന്ന അവരെല്ലാം ഒന്നിച്ച് കണ്ണീർ‌പുഴ ഒഴുക്കുകയില്ലെ? ഏതായാലും ഇനി ടീവിയിലേക്കില്ല, ഏതെങ്കിലും വല്യവീട്ടിൽ വേലക്കാരിയായോ ചുമടെടുത്തോ ഇനി ജീവിക്കണം’. ‘ഒ അത് നടക്കുമോ? പത്ത് വയസുകാരി ചുമടെടുത്താൽ അത് ‘ബാലവേലചെയ്യിച്ചു’, എന്ന വയ്യാവേലി ആവുകയില്ലെ? എന്തെല്ലാം നിയമങ്ങളാണ് ഈ നാട്ടിൽ!

                      പെട്ടെന്ന് നാടാകെ ഇരുട്ടിലായി, ലോഡ്‌ഷെഡ്ഡിംഗ് ആയിരിക്കാം. കുടും‌ബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് മുഖം‌നോക്കാതെയാണെങ്കിലും നേരിട്ട് വർത്തമാനം‌പറയുന്ന ഒരെയൊരു അവസരം. ‘ഇനിയൊരു മൂന്ന്‌വർഷം കൂടി ഇതുപോലുള്ള കുടുംബസംഗമം നിത്യേന നടക്കും; അതുകഴിഞ്ഞാൽ ലോഡ്‌ഷെഡ്ഡിംഗ് പിൻ‌വലിക്കുന്നതോടെ വീട്ടുകാർ തമ്മിൽ സംസാരിക്കാതാവും’. ചുറ്റും പരക്കുന്ന ഇരുട്ടിനെ ജാനുമോൾ ഭയപ്പെടാൻ തുടങ്ങി. വെള്ളിവെളിച്ചത്തിൽ മാത്രം ജീവിച്ച അവൾ ആദ്യമായാണ് ഇരുട്ടിനെ മുഖാമുഖം കാണുന്നത്. മുന്നിൽ കാണുന്ന പാതയിലൂടെ ദിക്കറിയാതെ അവൾ നടക്കാൻ തുടങ്ങിയപ്പോൾ അകലെ വെളിച്ചം ചിതറുന്നത് കണ്ട് നേരെ അങ്ങോട്ട് നടന്നു.

                     ത്രീജിയും ടൂജിയും നോജിയും വിൽക്കുന്ന മൊബൈൽ ഷോപ്പിൽ നിന്നാണ് ഇരുട്ടിനെ കീറിമുറിച്ച് പാട്ടും വെളിച്ചവും പുറത്തുചാടിയത്. അങ്ങോട്ട് നടന്നുനീങ്ങിയ ജാനുമോളെ ആദ്യം കണ്ടത് തൊട്ടടുത്ത് അടച്ചുപൂട്ടിയ കടവരാന്തയിലിരുന്ന് കൊലവെറി കേൾക്കുന്ന പൊന്നൂട്ടനാണ്. അവൻ കൂട്ടുകാർ കേൾക്കാനായി വിളിച്ചുകൂവി,
“എടാ നോക്ക്, ഒരു ചരക്ക്”
“ചരക്കൊ? അത് വെറും ഞാഞ്ഞൂല്,,, കുഞ്ഞ്”
“ഞാഞ്ഞൂലായാലും പെണ്ണാടാ,, വാ”
ഇരകിട്ടിയ സന്തോഷത്തോടെ ചെന്നായ്‌കൂട്ടം ഞാഞ്ഞൂലിനു നേരെ തിരിഞ്ഞു.
അവർ അടുത്തെത്തിയപ്പോൾ ജാനുക്കുഞ്ഞ് നേരെ നിന്ന് അവരെയൊന്ന് നിരീക്ഷിച്ചു, പിന്നെ ചോദിച്ചു,
“ചേട്ടന്മാരെ നിങ്ങളെന്താ ചെയ്യാമ്പോന്നത്?”
അവരൊന്നും മിണ്ടിയില്ല, മുന്നിലുള്ള തടിയൻ രാജുമോൻ സ്റ്റാർട്ട് പറഞ്ഞ,
“ടാ പിടിക്കെടാ”
“എന്റെ ചെട്ടന്മാരെ നിങ്ങൾക്കാർക്കും എന്നെ പിടിക്കാനാവില്ല”
“ടാ, തടിയാ ആ പെണ്ണ് പറേന്ന കേട്ടൊ,, ഓള പിടിക്കാമ്പറ്റില്ല പോലും”
“ചേട്ടന്മാരെ,, എന്തിനാ മെനക്കെടുന്നത്? ആ നേരത്ത് മൊബൈൽ ഓൺ‌ചെയ്ത് അടിപൊളി സിനിമ കാണ്”
“തർക്കുത്തരം പറയുന്നോ? എന്നാ പിന്നെ ഇവളെ പിടിച്ചിട്ട് തന്നെ കാര്യം”
“ഓട്ടത്തിൽ എന്നെയാർക്കും തോല്പിക്കാനാവില്ല; പിന്നെ എങ്ങനെ എന്നെ പിടിക്കാനാവും!”
ജാനുക്കുഞ്ഞ് പെട്ടെന്ന് ഓടാൻ തുടങ്ങി. കാറ്റിന്റെ വേഗത്തിൽ ഓടുന്ന അവളോടൊപ്പം എത്താൻ തടിയന്മാർ ഒത്തിരി ഊർജ്ജം ചെലവാക്കി.
എന്നിട്ടോ?
ഇരുട്ടിന്റെ മറവ്‌പറ്റി ഓടിയ ജാനുക്കുഞ്ഞ് ചെന്നായ്ക്കൂട്ടത്തെ പിന്നിലാക്കി വളരെയേറെ മുന്നിലെത്തി. ഓട്ടം അവസാനിപ്പിച്ചനേരത്ത് അതുവരെ അവളെ വിട്ടുപോയ വിശപ്പും ദാഹവും വീണ്ടും കയറിവന്നപ്പോൾ, ദ,, മുന്നിലൊരു തട്ടുകട,,,

പക്ഷെ???
                      അത് അടച്ചുപൂട്ടിയിരിക്കയാണ്, എങ്കിലും അതിന്റെ അടിവശത്തുകൂടി നുഴഞ്ഞുകയറിയ ജാനുമോൾ സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ ചില്ലലമാരയിൽ അടുക്കിവെച്ച പൊറോട്ടയും തൊട്ടടുത്തായി തൂങ്ങിക്കിടക്കുന്ന റോബസ്റ്റകുലയും കൺ‌കുളിർക്കെ കണ്ടു. അപ്പോൾ അവളുടെ കുഞ്ഞുമനസ്സിൽ ഒരു ചിന്ത കടന്നുകയറി, ‘അന്യന്റെ മുതൽ എടുക്കരുത്’. നല്ല മനസ്സുള്ള ജാനുമോൾ പിന്നീട് ഒരുഗ്ലാസ് കലക്കുവെള്ളം കുടിച്ചശേഷം ഒരുകാൽ ഇളക്കമുള്ള ബെഞ്ചിൽ കിടന്ന് ഉറങ്ങാൻ തുടങ്ങി.
                        ഉറക്കത്തിൽ ജാനുമോൾ പലതരം സ്വപ്നങ്ങൾ കണ്ടു; സ്വപ്നത്തിന്റെ ഒടുവിൽ അവളുടെ അമ്മ ഒരു വെളുത്ത സുന്ദരിക്കുട്ടിയെ കളിപ്പിക്കുകയാണ്. വെളുത്ത കുഞ്ഞിനെ ലഭിച്ചപ്പോൾ സന്തോഷം‌കൊണ്ട് മതിമറന്ന് മറ്റൊരമ്മ നൃത്തം ചെയ്യുകയാണ്. കറുത്ത കുഞ്ഞിന് വെളുത്ത കുഞ്ഞുങ്ങളെ സ്വപ്നം കണ്ടുകൂടെ?

                        പരിസരം മറന്ന് ഉറങ്ങുന്ന ജാനുമോൾ കാക്കകളുടെ കലപില കേട്ടാണ് ഉണർന്നു. നേരം പുലർന്നെന്ന് തിരിച്ചരിഞ്ഞപ്പോൾ അവൾ കണ്ണും‌തിരുമ്മി എഴുന്നേറ്റു; ശരീരമാകെ വേദന,,, ഹോ,, ഇന്നലെ ഉറങ്ങിയത് ഈ മരത്തിന്റെ പുറത്താണോ? അതുവരെ പതുപതുത്ത മെത്തയിൽ മാത്രം കിടന്നുശിലിച്ച അവൾക്ക് ആകെ പ്രയാസമായി. തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുത്തപ്പോൾ അവൾക്ക് പരിസരബോധം വന്നു, ഇനിയെന്ത് ചെയ്യും? താനില്ലാതെ വീട്ടമ്മമാർ എങ്ങനെ കഥയറിയും? സ്വീകരണമുറിയിൽ ടീവിയുടെ മുന്നിലിരിക്കുന്ന അവർ ജാനുമോളെ കാണാതായാൽ എങ്ങനെ നേരം കൂട്ടും?

                     തട്ടുകടയിൽ നിന്ന് വെളിയിലിറങ്ങി മറ്റാരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ട് എങ്ങോട്ടെന്നില്ലാതെ നടക്കാൻ തുടങ്ങിയ നേരത്താണ് അവളുടെ ഇടത്തെ ചുമലിൽ ആരുടെയോ കൈ വന്നു പതിച്ചത്. നോക്കിയപ്പോൾ അവൾ കണ്ടത് ഐഷാമ്മയെയാണ്. ഏറെക്കാലം തന്റെ സ്വന്തം അമ്മായായവർ!
“മോളേ,, നിന്നെതേടി രാത്രിമുഴുവൻ ഉറക്കമിളച്ച് ഞാനെത്ര അലഞ്ഞു? ഇപ്പോഴെങ്കിലും കണ്ടെത്തിയല്ലൊ. വാ നമുക്ക് വീട്ടിൽ പോകാം”
എവിടെനിന്നെന്നറിയില്ല, പെട്ടെന്ന് മൂന്ന് സ്ത്രീകൾ കൂടി അവിടെയെത്തി. അവരിൽ ചന്ദനക്കുറിയിട്ട അമ്മു അവളെ കെട്ടിപ്പിടിച്ച് പറയാൻ തുടങ്ങി,
“എന്റെ പൊന്നുമോളേ, നീയില്ലാതെ ഞാനെങ്ങനെ ജീവിക്കും? നീ എന്റെ ഒപ്പം വരണം”
അമ്മുഅമ്മയെ തള്ളിമാറ്റി മുന്നിൽ വന്നത് ക്ലാരമ്മയാണ്,
“ഇതെന്റെ സ്വന്തം ജാനുമോളാണ്, ഇവളെ പെറ്റതും പേറ്റ്‌നോവറിഞ്ഞതും ഞാനാണ്”
ആ നിമിഷം ക്ലാരമ്മയെ പിന്നിലേക്ക് തള്ളിയിട്ട് അവൾ വന്നു, സുമതിക്കുട്ടിയമ്മ,,,
“ഹ, നീയാരാടി ഇവളെ പെറാൻ; ഇത് ഞാൻ പ്രസവിച്ച കുഞ്ഞാണ് എന്റെ ജാനുമോൾ”
എല്ലാവരും ചേർന്ന് ജാനുമോളെ കൈയും‌കാലും പിടിച്ചുവലിക്കുമ്പോൾ അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി,
“അയ്യോ എന്നെ കൊല്ലുന്നേ,, ഈ അമ്മമാരെന്നെ കൊല്ലുന്നേ”

                    ഒരു പെൺ‌കുട്ടിയുടെ ദയനീയമായ കരച്ചിൽ അതിരാവിലെ കേട്ട പൊതുജനം നല്ലവർ സ്വന്തം‌കാര്യം മറന്ന് ഓടിയെത്തി. വന്നവർ വന്നവർ മൂക്കത്ത് വിരൽ‌വെച്ച് പറഞ്ഞു,
“അയ്യോ ഇത് നമ്മുടെ ജാനുമോളല്ലെ,, ഇന്നലെ രാത്രി ഇവളെ ടീവീന്ന് പെട്ടെന്ന് കാണാതായതല്ലെ; ജാനുമോൾ വന്നേയ്”
ആളുകൾ ഒത്തുകൂടി ജയ് വിളിച്ചു,
“ജാനുമോൾ വന്നേയ്, ജെയ്, ജെയ്”
                      നാട്ടുകാർ റോഡുകളിലൂടെ ഒഴുകാൻ തുടങ്ങിയപ്പോൾ വാഹനഗതാഗതം തകർന്ന് ഭരണം അറബിക്കടലിൽ താഴാൻ തുടങ്ങി. അങ്ങനെ താഴുന്നതിന് മുൻപ് പോലീസ് വകുപ്പ് നടപടി തുടങ്ങി,
ഉണ്ടയില്ലാ വെടി, പുകവെടി, ജലവെടി ഒടുവിൽ ഉണ്ട നിറച്ച് വെടി‌വെച്ചപ്പോൾ  നാലുപേർ പരലോകത്തും പതിനാലുപേർ ലോക്കപ്പുകളിലും എത്തിച്ചേർന്നു. അതിനിടയിൽ വനിതാപോലീസ്‌ വണ്ടിവന്ന് ജാനുമോളെയും അമ്മമാരെയും നിലം തൊടീക്കാതെ വനിതാ കോടതിയിൽ എത്തിച്ചു. ആ നേരത്തും അമ്മമാർ അടി തുടർന്നുകൊണ്ടേയിരുന്നു.

                     കോടതിയിൽ എത്തിയപ്പോൾ അവിടെയിരിക്കുന്നു, ജഡ്ജി ബാലയമ്മ, അമ്മമാർ പറയുന്നതെല്ലാം അവർ ശ്രദ്ധിച്ച് കേട്ടു. എല്ലാവർക്കും ജാനുമോളെ വേണം. ഒടുവിൽ ജാനുമോളോട് ജഡ്ജി ചോദിച്ചു,
“ജാനുക്കുഞ്ഞെ, നിനക്കാരെയാ ഇഷ്ടം? മോളുടെ അമ്മ ആരാണ്?”
ജാനുക്കുഞ്ഞിന് ആകെയൊരു കൺഫ്യൂഷൻ, അവളെങ്ങനെ അമ്മയെ ചൂണ്ടിക്കാണിക്കും? എല്ലാവരും അവളുടെ അമ്മയാണെന്ന് അവൾ വിശ്വസിക്കുന്നു. അതിൽ ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടിയാൽ അവർ തന്റെ പ്രീയപ്പെട്ട അമ്മയാവും. അപ്പോൾ സ്വന്തം അമ്മ ജാനുമോളെന്ന കറുത്തകുഞ്ഞിന്റെ അമ്മയാവുന്നത് അവരോട് ചെയ്യുന്ന ദ്രോഹമല്ലെ.
അവൾ പറയാൻ തുടങ്ങി,
“എനിക്കറിയില്ല; ഇവരെല്ലാം എന്റെ അമ്മമാരാണ്”
ബാലയമ്മ അമ്മമാരെ നോക്കി പറഞ്ഞു, ഒരു കുഞ്ഞിന് ഒരമ്മ മാത്രമായിരിക്കും, നിങ്ങളിൽ ഒരാൾ മാത്രമായിരിക്കും അവളുടെ അമ്മ”
“അത് ഞാനാണ്” ഐഷാമ്മ,
“അത് ഞാനാണ്” സുമതിക്കുട്ടിയമ്മ,
“അത് ഞാനാണ്” ക്ലാരമ്മ,
“അത് ഞാനാണ്” അമ്മുഅമ്മ,
ബാലയമ്മ അന്തം‌വിട്ടു, ഇക്കാലത്ത് ഒരു കുഞ്ഞിന്റെ അമ്മയാണെന്ന് പറഞ്ഞ് ഒരു സ്ത്രീ വരുന്നത്‌പോലും അപൂർവ്വമാണ്. എന്നാൽ ഇപ്പോൾ ഇവിടെ നാല് സ്ത്രീകളാണ് ഒരു കുഞ്ഞിനുവേണ്ടി അവകാശവാദം ഉന്നയിക്കുന്നത്. കാലം പോയ പോക്കേ,,, അവർ ചോദിച്ചു,
“അപ്പോൾ ജാനുമോളുടെ അച്ഛൻ?”
“അവളെന്റെ മകളായാൽ അച്ഛനെ കാണിച്ചുകൊടുക്കാം, അമ്മ പറയുന്ന ആളാണല്ലൊ അച്ഛൻ”
ബാലയമ്മ പെണ്ണുങ്ങളെക്കൊണ്ട് തോറ്റ് അടിയറവ് പറഞ്ഞു. വിധി പറഞ്ഞ് രണ്ടിലൊന്ന് തീരുമാനിക്കാം,
“നാലുപേരും വിട്ടുതരാത്തതുകൊണ്ട് ഇനി ഡി.എൻ.എ. ടെസ്റ്റ് നടത്തിയിട്ട് യഥാർത്ഥ അമ്മയെ കണ്ടെത്തുക”
“ഡി എൻ എ ടെസ്റ്റ് വേണ്ടേ വേണ്ട” നാല് അമ്മമാരും ഒന്നിച്ച് പറഞ്ഞു.
“അപ്പോൾ പിന്നെ ഒരു വഴി മാത്രം, അത്,,,”
“അതെന്താണ്?”
“ജാനുമോളെ നാലായി മുറിച്ച് ഒരോ അമ്മക്കും നൽകുക”
ബാലയമ്മയുടെ വിധികേട്ട് അമ്മമാർ ഒരുനിമിഷം ചിന്തിച്ചു, ‘ഡി.എൻ.എ. ടെസ്റ്റ് നടത്തിയാൽ അവൾ എന്റെ മകളായില്ലെങ്കിലോ? അങ്ങനെ മറ്റുള്ളവർക്ക് ജാനുമോളെ വിട്ടുകൊടുത്തുകൂട’,,
“ജാനുമോളെ നാലായി പിളർന്നിട്ട്, തുല്യമായി പങ്ക്‌വെച്ച് എന്റെ ഓഹരി തന്നാൽ മതി,,,”
നാല് അമ്മമാരും ഒന്നിച്ച് പറയുന്നത് കേൾക്കുന്നതിന് മുൻപ് ജാനുമോളുടെ ബോധം നഷ്ടപ്പെട്ടിരുന്നു.

35 comments:

  1. സ്ഥിരമായി സീരിയൽ കാണുന്നവർക്കും കാണാത്തവർക്കും ഈ പോസ്റ്റ് സമർപ്പിക്കുന്നു.

    ReplyDelete
  2. Kollaamallo Techere
    Aashaya sampushtamaaya mattoru katha
    Aashamsakal

    ReplyDelete
    Replies
    1. ഏറിയൽ സാർ,
      ആദ്യമായി അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  3. ഇത് സോളമന്റെ കാലമല്ല പൊന്നേ.....ജാനുക്കുഞ്ഞിനെ കീറിപ്പറിച്ചു പങ്ക് വച്ചു തിന്നുന്ന കാലമാ.എല്ലാം കാണാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി.

    ReplyDelete
    Replies
    1. @Leela M-,
      ചാനലിന്റെ റെയിറ്റിംഗ് കൂട്ടാൻ‌വേണ്ടി പെൺ‌കുട്ടികളെ കീറിമുറിക്കുന്ന സീരിയലാണല്ലൊ ടീവിയിൽ നിത്യവും കാണുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. Jeevithathil Ninnu ...!

    Manoharam Chechy, Ashamsakal...!!!

    ReplyDelete
    Replies
    1. @Sureshkumar Punjhayil-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. ജാനുക്കുഞ്ഞിനെ നല്ല മുഖപരിചയം

    സ്ഥിരമായൊന്നും ഇല്ല, നാലഞ്ചുതവണ സീരിയല്‍ കണ്ടതുകൊണ്ടാവാം

    ReplyDelete
    Replies
    1. @Ajith-,
      ഒരിക്കൽ കണ്ടാലും പരിചയം കാണും. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. ഒരു നാടകത്തിന്റെ ദയനീയമായ അന്ത്യം എന്നൊരു നാടകം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളിച്ചത് ഓര്‍മ വന്നു .

    ഇഷ്ടായി ആശംസകള്‍

    ReplyDelete
    Replies
    1. @the man to walk with-,
      സംഭവം ഇത്രക്കെ ഉള്ളു,, മിക്കവാറും സീരിയലുകളിൽ കഥ ഒരേതരമാണ്,,, ‘ഒന്നിച്ച് താമസിക്കുന്നവരാണെങ്കിലും അമ്മക്കും അച്ഛനും മക്കളെയും, മക്കൾക്ക് രക്ഷിതാക്കളെയും തിരിച്ചറിയാനാവുന്നില്ല’. ‘മക്കൾ തന്റെ അച്ഛനമ്മമാർ ആരെന്നറിയാതെ മറ്റുള്ളവരെ സ്നേഹിക്കുന്നു. രക്ഷിതാക്കൾ സ്വന്തം മക്കളാണെന്ന് വിശ്വസിച്ച് പോറ്റുന്നത് അവരുടേതല്ലാത്ത മക്കളെ,, ഈ സത്യം തിരിച്ചറിയുന്ന കാണികൾ വട്ടം കറങ്ങി ടെൻഷനടിക്കുന്നു’. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. ടി.വി.സീരിയൽ കാണാത്തതുകൊണ്ടാവാം എനിക്ക്‌ കഥാപാത്രങ്ങളെ മനസ്സിലായില്ല. എങ്കിലും കഥയുടെ അവസാനം പരിചയമുള്ളതത്രെ. നന്നായെഴുതി, ആശംസകൾ

    ReplyDelete
    Replies
    1. @Madhusudhanan Pv-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  8. കൊള്ളാം ടീച്ചറെ ,സീരിയല്‍ കാണാത്തതുകൊണ്ട് ചിലതൊന്നും പിടികിട്ടിയില്ല

    ReplyDelete
    Replies
    1. @sidheek Thozhiyoor-,
      സീരിയൽ കാനൂന്നവർ പറഞ്ഞുതരും, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  9. സോളമന്റെ വിധി ഇന്നത്തെ അമ്മമാരുടെ അടുത്തു പറ്റില്ല അല്ലേ..

    ReplyDelete
    Replies
    1. മുകിൽ-,
      കൊല്ലാൻ നടക്കുന്ന അമ്മമാരായാൽ എന്ത് ചെയ്യും?
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  10. Replies
    1. @അനിൽകുമാർ-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  11. സീരിയല്‍ കാണാത്തത് കൊണ്ടേ പലതും മനസിലായില്ല

    ReplyDelete
    Replies
    1. @tintumonkil-,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  12. Replies
    1. @ചന്തുനായർ-,
      തിരക്കഥ എഴുതുന്ന സാറിനോട് സീരിയൽ കഥ ഞാൻ പറയേണ്ടതില്ലല്ലൊ.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  13. നന്നായി..
    ഇഷ്ടപ്പെട്ടു.
    ഒപ്പം ഒരു കാര്യം കൂടെ പറയട്ടെ,
    കഴിഞ്ഞദിവസം ചേര്‍പ്പ് എഴുത്തുകൂട്ടത്തിന്റെ സാഹിത്യ ശില്പശാലയില്‍ പങ്കെടുത്തുകൊണ്ട് തിരക്കഥാകൃത്ത് ശ്രീ ഭരതന്‍ പല്ലിശ്ശേരി പറഞ്ഞു. മുഴുവന്‍ സമയവും കള്ളുകുടിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അതേപോലെ മുഴുവന്‍ സമയവും സീരിയല്‍ കാണുന്നവരെയും എളുപ്പം തിരിച്ചറിയാന്‍ കഴിയുമെന്ന്. അവരുടെ നടപ്പും ഭാവവും എല്ലാം സീരിയല്‍ മയമായിരിക്കുമത്രേ..
    സീരിയല്‍ വിഷയമായതുകൊണ്ട് പറഞ്ഞൂ എന്നുമാത്രം.
    ആശംസകള്‍..

    ReplyDelete
    Replies
    1. @ശ്രീജിത്ത് മൂത്തേടത്ത്-,
      സംഗതി ശരിയാണ്.
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  14. നല്ല ഓട്ടക്കാരിയാകുമ്പോള്‍ നാലഞ്ച് അമ്മമാരില്ലാതെ എത്ര നീട്ടാനാ....

    ReplyDelete
    Replies
    1. @പട്ടേപ്പാടം റാംജി-,
      അത് ശരിയാണ്, അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  15. ഏതായാലും ടീവിയില്‍ നിന്നു ചിലരൊക്കെ ഇങ്ങനെ ഇറങ്ങി വന്നാ‍ല്‍ നന്നായിരുന്നു. പിന്നെ തിരിച്ചങ്ങോട്ടു കയറാന്‍ പറ്റുകയും ചെയ്യരുത്...അപ്പോ കാണാം തമാശ.

    ReplyDelete
    Replies
    1. @മുഹമ്മദുകുട്ടി-,
      അങ്ങനെ ചിന്തിച്ചപ്പോഴാണ് ഈ നർമം വന്നത്,
      അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  16. സീരിയൽ കാണാറില്ലാത്തതുകൊണ്ട് കഥാപാത്രത്തെ മനസ്സിലായില്ല ടീച്ചറേ... എങ്കിലും ഒരേ വീഞ്ഞ് പലതരം കുപ്പികളിൽ വിളമ്പുന്ന സീരിയൽ കോർപ്പറേഷനെ കണക്കിന് താങ്ങി... ഇഷ്ടപ്പെട്ടു...

    ReplyDelete
  17. @വിനുവേട്ടാ-,
    @Vinodkumar Thallasseri-,
    പണ്ട് മംഗളത്തിലും മനോരമയിലും വരുന്ന കഥകളിൽ ജനിച്ചശേഷം ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വളർന്നാൽ വലിയവനായി തിരിച്ചുവന്ന് രക്ഷിതാക്കളെ കണ്ടെത്താറില്ലെ? അതുപോലെ ഒന്നാണ്. എന്നാൽ ഒരു വ്യത്യാസം. സീരിയലിൽ കുഞ്ഞുണ്ടാവുന്ന നേരത്ത് ധനികരായ രക്ഷിതാക്കൾക്ക് ബോധം ഉണ്ടാവില്ല. അതുകൊണ്ട് വർഷങ്ങൾ കഴിഞ്ഞാൽ ഏതെങ്കിലും കുഞ്ഞ് അമ്മെ എന്ന് വിളിച്ച് വീട്ടിൽ വരുമ്പോൾ അവരുടെ മകളാണെന്ന് വിശ്വസിച്ച് വളർത്തുന്നു. അതെല്ലാം പെൺ‌കുട്ടികൾ മാത്രമായിരിക്കും. രക്ഷിതാക്കൾ പണക്കാരായതിനാൽ ചിലപ്പോൾ ഒന്നിലധികം കുഞ്ഞുങ്ങൾ അമ്മയുടെയും അച്ഛന്റെയും അവകാശം പറഞ്ഞ് എത്തും. സിനിമയിൽ മക്കൾ പണക്കാരാണെങ്കിൽ ഇവിടെ രക്ഷിതാക്കൾക്കാണ് പണം.
    ഇതുപോലുള്ള സീരിയൽ എല്ലാ ചാനലിലും ഉണ്ട്. അത്രെ ഉള്ളു,,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  18. 'ഏരിയലിന്റെ' വാര്‍ഷിക അവലോകനം കണ്ടു ഇത് വഴി വന്നതാണ് -
    ഇനി സാവകാശം വരാം -

    ReplyDelete
  19. T.V യിൽ നിന്നും വന്ന ഈ ജാനുമോളല്ല
    ഇതിലെ അമ്മമാരാണ് ശരിക്ക് താരങ്ങൾ അല്ലേ

    ReplyDelete
  20. എന്തുകൊണ്ട് സീരിയലിനെ ഞാൻ വെറുക്കുന്നു എന്നുള്ള ചോദ്യം ഇനി എന്റെ നേരെ വന്നാൽ ഞാൻ ഈ പോസ്റ്റ് കാട്ടിക്കൊടുക്കും. കുറെ സീരിയൽ കഥാപാത്രങ്ങൾ. സ്പർദ്ധയും അസൂയയും കുശുമ്പും കണ്ടെയ്നർ കണക്കിന് കുടുംബസദസ്സുകളിലേക്ക് ഇറക്കിക്കൊടുക്കുന്നവർ...!!!

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!