20.10.14

കാൽനോട്ടം


             ഗെയ്റ്റ് തുറന്ന് സ്ക്കൂൾ വരാന്തയിൽ കാലുകുത്തിയനിമിഷം നമ്മുടെപ്യൂൺ കുട്ടിയമ്മക്ക്, തലേദിവസം ചായക്കടക്കാരൻ അനീഷ് പറഞ്ഞത് ഓർമ്മവന്നു; കാര്യം എന്താണെന്നോ?

നമ്മുടെ സർക്കാർ ഹയർസെക്കന്ററി സ്ക്കൂളിലെ ഒരാൾ ‘3000 രൂപയുടെ ഷൂസ് കാലിൽ അണിയുന്നുണ്ട്’.

                  സ്ക്കൂളിലെ ജീവനുള്ളതും അല്ലാത്തതുമായ എല്ലാ സംഗതികളും നിത്യപരിചയമായ കുട്ടിയമ്മക്ക് അതൊരു പുതിയ അറിവായിരുന്നു. അതാരാണെന്ന് ചോദിച്ചപ്പോൾ അവനൊട്ട് പറയുന്നതേയില്ല; അറിയണമെങ്കിൽ കണ്ടുപിടിക്കണം പോലും! എങ്കിൽ അതൊന്ന് കണ്ടുപിടിച്ചിട്ടുതന്നെ ഇന്നത്തെ കാര്യം,,,



                   ഓഫീസ്റൂം തുറന്ന് ഹാജർ‌പട്ടികയിൽ ഒപ്പുവെച്ചപ്പോഴാണ് സീനിയർ അസിസ്റ്റന്റ് സുകുമാരൻ മാസ്റ്ററുടെ പ്രവേശനം. പെട്ടെന്ന് കുട്ടിയമ്മ ചോദിച്ചു,

“സാർ എനിക്കൊരു സംശയം; സാറിന്റെ കാലിലുള്ള ഷൂസിന് എത്ര വിലവരും?”

“അതെന്താ കുട്ടിയമ്മെ അങ്ങനെ ചോദിക്കുന്നത്? ഞാനെപ്പോഴെങ്കിലും ഷൂ ധരിച്ച് വരാറുണ്ടോ? അതൊക്കെ ചെറുപ്പക്കാരുടെ സംഗതിയല്ലെ”

കുട്ടിയമ്മ സാറിന്റെ കാലുകളിൽ നോക്കി; കറുത്ത പാന്റ്സിന്റെ ചുവട്ടിലായി ഇളം‌മഞ്ഞ നിറത്തിൽ രണ്ട് ചെരിപ്പുകൾ!



                   അമളി പറ്റിയത് അറിയാത്തമട്ടിൽ താക്കൊൽ‌കൂട്ടവുമായി കുട്ടിയമ്മ ക്ലാസ്‌മുറികൾക്കു നേരെ നടന്നു. എല്ലാ മുറികളും തുറന്നിട്ടശേഷം തിരികെ വന്നപ്പോഴാണ് ഹൈസ്ക്കൂൾ ക്ലാർക്ക് സുശീലനെ കണ്ടത്,

“സുശീലാ എനിക്കൊരു സംശയം, നിന്റെയീ ഷൂസിന്റെ വില 3000 രൂപയാണോ?”

അതുകേട്ട് ഞെട്ടിയ സുശീലൻ കുട്ടിയമ്മയെ തുറിച്ചുനോക്കി,

“ഇങ്ങനെ പേടിപ്പിക്കുന്ന കാര്യമൊന്നും രാവിലെതന്നെ പറയല്ലെ; ഇതിനാകെ  കൊടുത്തത് 790രൂപയാണ്, അതും അരമണിക്കൂർ വിലപേശിയിട്ട്. എന്താ, ഇതുപോലൊന്ന് മകന് വാങ്ങിക്കൊടുക്കുന്നുണ്ടോ?”

“അതിനൊന്നുമല്ല, വെറുതെ ചോദിച്ചതാ”



                    പതിവുപോലെ മണികൾ ഓരോന്നായി അടിച്ചുകൊണ്ടിരിക്കെ, കൃത്യം പത്ത്‌മണിയായപ്പോൾ ഹെഡ്‌മാസ്റ്റർ വന്നുചേർന്നു. അതിനു മുൻപുതന്നെ ഓഫീസും പരിസരവും വൃത്തിയാക്കിയ കുട്ടിയമ്മ ഹെഡ്‌മാസ്റ്റർ‌റൂമിലെ ടേബിളും വി.ഐ.പി. ചെയറും പൊടിതട്ടിയശേഷം അത്യാവശ്യ ഫയലുകളെല്ലാം യഥാസ്ഥാനത്ത് വെച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഹെഡ്‌മാസ്റ്ററുടെ മുന്നിൽ അറ്റ‌ന്റൻസ് രജിസ്റ്ററുമായി പ്രത്യക്ഷപ്പെട്ട അവർ, അല്പം കുനിഞ്ഞ് അദ്ദേഹത്തിന്റെ കാലിൽ നോക്കിയിട്ട് ചോദിച്ചു,

“സാർ എനിക്കൊരുകാര്യം അറിയണമായിരുന്നു, സാറിന്റെ ഷൂസിന് എത്ര വിലവരും?”

കുട്ടിയമ്മയുടെ മണ്ടത്തരങ്ങൾ അറിയാവുന്ന പ്രധാനാദ്ധ്യാപകൻ മറുപടി പറഞ്ഞു,

“കുട്ടിയമ്മ പ്യൂണിന്റെജോലി രാജിവെച്ച് ചെരിപ്പുകട തുടങ്ങുന്നുണ്ടോ? ഈ ഷൂസ് മകൾ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാ, വിലയറിയണമെങ്കിൽ അവളോട് ചോദിച്ചിട്ട് പറയാം”

“അതൊന്നും വേണ്ട, ഞാൻ വെറുതെ ചോദിച്ചതാണ് സർ”



                      ക്ലാസ്സ് തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ സീനിയർ അസിസ്റ്റന്റ് നൽകിയ എക്സ്ട്രാ വർക്കുമായി സ്റ്റാഫ്‌റൂമിന്റെ പടികൾ ആയാസപ്പെട്ട് കയറിവരുന്ന കുട്ടിയമ്മയെ കണ്ടപ്പോൾ അവിടെയിരുന്ന് നുണ പറഞ്ഞുകൊണ്ടിരുന്ന സീനിയർ ഫിസിക്സ്, ജൂനിയർ ഹിന്ദിയുടെ ചെവിയിൽ പറഞ്ഞു,

“ഡ്യൂട്ടി എനിക്ക് തന്നെയായിരിക്കും, നമ്മളിവിടിരുന്ന് സംസാരിക്കുന്നത് ആ സീനിയറിന് സഹിക്കത്തില്ല”

പറഞ്ഞതുപോലെ അല്ലെങ്കിലും ഫസ്റ്റ് പിരീഡ് എക്സ്ട്രാവർക്ക് കിട്ടിയത് കവിത വായിക്കുന്ന മലയാളത്തിനുമാത്രം. അവരെ ബുക്കിൽ ഒപ്പിടീച്ച കുട്ടിയമ്മ, ഒഴിഞ്ഞ ഒരു കസേരയിൽ ഇരുന്നശേഷം, സ്റ്റാഫ്‌റൂമിൽ ഇരുന്ന് വായിക്കുന്നതും എഴുതുന്നതുമായ എല്ലാ ടീച്ചേഴ്‌സിന്റെയും കാലുകളിൽ നോക്കി. അക്കൂട്ടത്തിൽ സ്ത്രീജനങ്ങളെ ഒഴിവാക്കിയിട്ട് പുരുഷജനങ്ങളെ നിരീക്ഷിച്ചപ്പോൾ ആകെമൊത്തംടോട്ടലായി ഷൂസ് അണിഞ്ഞ രണ്ട് കാലുകൾമാത്രം കിട്ടി, അതുരണ്ടും ജൂനിയർ കണക്ക് മാസ്റ്ററുടേത്. കുട്ടിയമ്മ എല്ലാവരുംകേൾക്കെ ചോദിച്ചു,

“നമ്മുടെ കണക്കുസാർ കാലിലിട്ടത് 3000 രൂപയുടെ ഷൂസാണോ?”

കുട്ടിയമ്മയുടെ കണക്ക് കേട്ടപ്പോൾ അതുവരെ ചെയ്യുന്ന തൊഴിൽ അവസാനിപ്പിച്ചിട്ട് എല്ലാവരും ഒന്നിച്ച് തലഉയർത്തി, ഒപ്പം ചെവികളും. ആനേരത്ത് കണക്ക് പൊട്ടിത്തെറിച്ചു,

“ഈയാള് സ്റ്റാഫ്‌റൂമിൽ വന്ന് മണിയടിക്കേണ്ട, കേട്ടോ; എന്റെ ഷൂസിന്റെ വില ചിലപ്പോൾ അയ്യായിരമോ പത്തായിരമോ ആയിരിക്കും, നിങ്ങളാരാ അതുചോദിക്കാൻ?”

ട്ടത്തിൽ സ്ത്രീജനങ്ങളെ ഒഴിവാക്കിയിട്ട് പുരുഷജനങ്ങളെ നിരീക്ഷി 790 രൂപയാ കൊടുത്തത്, അതും അരമണിക്കൂർ വിലപേശിയിട്ട്. എന്താ മകന് 

                 കണക്കിൽ‌നിന്ന് കിട്ടിയതെല്ലാം അതേപടി സ്വീകരിച്ചുകൊണ്ട്  കുട്ടിയമ്മ നേരെ ഹയർസെക്കന്ററി സ്റ്റാഫ് റൂമിലേക്ക് പോയി. ഡൈവോഴ്സ് കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കെ ഒരേ കൂരക്കുതാഴെ ജീവിക്കുന്ന ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് നമ്മുടെ വിദ്യാലയത്തിലെ ഹൈസ്ക്കൂൾ : ഹയർ സെക്കന്ററി അദ്ധ്യാപകർ. രണ്ട് വർഷം കൂടുതൽ പഠിച്ചതിന്റെ തണ്ടുംകൊണ്ട് നടക്കുന്ന ഹയർസെക്കന്ററിക്കാരുടെ അഹങ്കാരം ഒരിക്കലും വെച്ചുപൊറുപ്പിക്കാത്തവരാണ് സീനിയോറിറ്റിയിൽ മുതിർന്ന ഹൈസ്ക്കൂൾ അദ്ധ്യാപകർ.വരുടെയിടയിൽ വാർത്താവിതരണവും ഒപ്പം പാരവിതരണവും സൈഡ്‌ബിസിനസ് ആയി ചെയ്യുന്നവളാണ് നമ്മുടെ കുട്ടിയമ്മ. ഉലയിൽവെച്ച് ചുട്ടുപഴുപ്പിച്ച പാരകൾ ചൂടാറും മുൻപുതന്നെ രണ്ട് സ്റ്റാഫ് റൂമിലും കുട്ടിയമ്മ വിതരണം ചെയ്യാറുണ്ട്.



                 ഹയർ‌സെക്കന്ററി സ്റ്റാഫ്‌റൂമിൽ കടന്നഉടനെ ഡോറിനു എതിർ‌വശത്തിരിക്കുന്ന ഗസ്റ്റ് അദ്ധ്യാപികയെ നോക്കി ‘ഒരു പുഞ്ചിരി’ നൽകിയശേഷം കുട്ടിയമ്മ ഒഴിഞ്ഞ കസേരയിൽ പോയിരുന്ന് എല്ലാവരെയും നോക്കി.

എന്നാൽ ആരും അവരെ നോക്കിയില്ല,,,

ആരും അവരോട് മിണ്ടിയില്ല.

എല്ലാവരും തിരക്കിട്ട ജോലിയിലാണെന്ന് അറിഞ്ഞുകൊണ്ട് കുട്ടിയമ്മ ഓരോരുത്തരുടേയും കാലുകൾ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോൾ അവരത് കണ്ടു, ചെറുപ്പക്കാരായ പുരുഷന്മാർ നാലുപേരുടേയും കാലിൽ അടിപൊളി ഷൂസുകൾ; അതിൽ ഏതായിരിക്കും മൂവായിരത്തിന്റേത്?

അവർ കെമിസ്ട്രി സാറിനെ സമീപിച്ചു,

“സാർ ഒരു സംശയം ചോദിക്കട്ടെ,,,”

“ചോദിക്കാമല്ലൊ”

“സാറിന്റെ കാലിലുള്ള ഷൂസിന്റെ വില മൂവായിരമാണോ?”

“മൂവായിരമോ അത്രയും വിലയുള്ളത് ഏതായാലും ഇപ്പോഴെന്റെ കാലിലില്ല. അതെന്താ കുട്ടിയമ്മെ അങ്ങനെ ചോദിക്കുന്നത്?”

“അത്, ഇവിടെയുള്ള ആരോ മൂവായിരത്തിന്റെ ഷൂസാണ് കാലിലിട്ടതെന്ന് എന്നോട് ഒരാൾ പറഞ്ഞു”

“ഏതായാലും അത് ഞാനല്ല, പിന്നെ ഇവന്മാരൊക്കെ ആയിരത്തിനു മേലെ മാത്രം ചെലവാക്കുന്നവരാണ്”

അതുകേട്ടപ്പോൾ ഇംഗ്ലീഷ് എഴുന്നേറ്റു,

“എന്റെ കാലിൽ തൊള്ളായിരത്തിന്റെ ഷൂസാണ്, മൂവായിരത്തെക്കാൽ വലുത്”

“അപ്പോൾ മറ്റുള്ളവരോ?”

“കുട്ടിയമ്മെ ഇവിടെയാരും ആയിരത്തിൽ കൂടുതലുള്ളത് വാങ്ങാറില്ല”

                   ഷൂസ് ധരിച്ചവരെല്ലാം ഒന്നിച്ച് പറഞ്ഞതുകേട്ടപ്പോൾ കുട്ടിയമ്മയുടെ സംശയം കൂടി. പിന്നെയാരായിരിക്കും ആ മൂവായിരക്കാരൻ? പ്രിൻസിപ്പാളാണെങ്കിൽ മുണ്ടുടുക്കുന്ന തനിനാടൻ മലയാളി. അദ്ദേഹം ഒരിക്കലും ഷൂ അണിയാനിടയില്ല.

             

                  അവർ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു, നേരെ ഓഫീസിലെത്തി സ്വന്തം ഇരിപ്പിടത്തിലിരുന്ന് ചിന്തിക്കാൻ തുടങ്ങി, ‘ഈ ചായക്കടക്കാരൻ പറയുന്നതുകേട്ട് മറ്റുള്ളവരുടെ കാല്‌നോക്കാൻ പോയത് വെറും മണ്ടത്തരംതന്നെ. എല്ലാം വെറുതെ,,,

“കുട്ടിയമ്മ ഇവിടെ ഇരിക്കുകയാണോ, പണിയൊന്നും ഇല്ലെ?”

ചോദിച്ചത് അഭിലാഷ്; രണ്ടുമാസംമുൻപ് പ്യൂൺ ആയി വന്നവൻ,,,

“പണിയൊക്കെ നീ ചെയ്താൽ മതി, പോയി ബെല്ലടിക്ക്”

സീനിയറായവർക്ക് ജൂനിയറിനോട് എന്തും പറയാമല്ലൊ. സർവ്വീസിലിരിക്കെ സ്വന്തം അച്ഛൻ മരിച്ചവകയിൽ ജോലിയിൽ കയറിയ അവനെ അങ്ങിനെ വിടാൻ‌പറ്റില്ല.

“കുട്ടിയമ്മയുടെ മണിയടി കേൾക്കാനാണ് കുട്ടികൾക്കിഷ്ടം”

“അത് നിനക്കും മണിയടി ,,,,,,”

കുട്ടിയമ്മ പെട്ടെന്ന് നിർത്തി,, അവന്റെ കാലിൽ നോക്കി,

“മോനെ അഭിലാഷെ നിന്റെ കാലിലെ ഷൂസ് മൂവായിരത്തിന്റേതാണോ? ഒരാൾ എന്നോട് പറഞ്ഞതാ”


“ഏത് പരനാറിയാ ഇതിന് മൂവായിരമെന്ന് പറഞ്ഞത്? ഇതേയ് ഏഴായിരത്തി തൊള്ളായിരത്തിന് കണ്ണൂർ വുഡ്‌ലാന്റ്സിൽ നിന്ന് വാങ്ങിയതാ, ബില്ല് കാണണോ?”  

11 comments:

  1. കണ്ണൂർ നർമവേദിയുടെ മുഖപത്രമായ നർമഭൂമി ഒക്റ്റോബർ ലക്കത്തിൽ പ്രസിദ്ധികരിച്ച മിനിനർമം ഇവിടെ ചേർക്കുന്നു.

    ReplyDelete
  2. കാൽനോട്ടം ഇഷ്ടപ്പെട്ടു. മൂവായിരത്തിന്റെ ഷൂസ് കിട്ടിയില്ലെങ്കിലെന്താ ഏഴായിരത്തിതൊള്ളായിരത്തിന്റെ കിട്ടിയല്ലോ :)

    ആശംസകൾ...

    ReplyDelete
  3. എങ്കിലും അന്യോഷിച്ചു കണ്ടു പിടിച്ചല്ലോ ..!

    ReplyDelete
  4. ഇപ്പ സമാധാനമായിക്കാനും കുട്ടിയമ്മക്ക് അല്ലേ?

    ReplyDelete
  5. മുഖനോട്ടം, കൈനോട്ടം, വായ്നോട്ടം ഒക്കേം കേട്ടിട്ടുണ്ട്. കാൽനോട്ടം ഇതാദ്യാ.

    ReplyDelete
  6. നര്‍മം ന്നു പറഞ്ഞിടത്ത് ചിരിയൊന്നും വന്നില്ല..പക്ഷെ ആ നിഷ്കളങ്കതയില്‍ മനസ്സൊന്നു വെന്തു!..rr

    ReplyDelete
  7. അഭിലാഷ് മിടുക്കൻ!

    ReplyDelete
  8. കുട്ടിയമ്മയെ സമ്മതിക്കണം. എന്തൊരു അന്വേഷണത്വര!!

    (ഹോ....പരനാറിപ്രയോഗം. ങ്ങള് വിജയന്റെ പാര്‍ട്ടിയാ???)

    ReplyDelete
  9. കുട്ടിയമ്മക്ക് കണ്ടുപിടിക്കാന്‍ പറ്റിയില്ലല്ലോ

    ReplyDelete
  10. ഈ കുട്ടിയമ്മയെ ഞങ്ങളുടെ ചാരക്കമ്പനിയിൽ എടുത്താലൊ..അല്ലേ

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!