22.12.16

ശീലങ്ങൾ


                 ഏതാനും ദിവസങ്ങളായി അനിക്കുട്ടന്റെ മുത്തച്ഛന് ആകെയൊരു പ്രശ്നം.  ആദ്യമൊക്കെ കാര്യം നിസ്സാരമായത് പ്രശ്നം ഗുരുതരമായി മാറിയപ്പോൾ ബന്ധുക്കളെല്ലാം ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പ്രശ്നം എന്താണെന്നൊ? മൂത്രശങ്ക; മാറാത്ത ഒഴിഞ്ഞുപോവാത്ത ശങ്ക,,,,

                ആശുപത്രിയിലെ വെള്ളപ്രാവുകളും പച്ചക്കിളികളും ചേർന്ന് പഠിച്ചപണി പതിനേഴുവട്ടം പരിശ്രമിച്ചിട്ടും മുത്തച്ഛന്റെ ജലസേചനത്തിനുള്ള ഔട്ട്ലറ്റ് മാത്രം ശരിയാവണില്ല. ഇൻപുട്ടാണെങ്കിൽ പതിവായി പലതവണ നടക്കുന്നുണ്ട്. ഓപ്പറേഷൻ തീയറ്ററിൽ കിടത്തിയശേഷം ജലസേചനകുഴലിന്റെ റൂട്ട് ക്ലിയർ ആക്കിയെങ്കിലും സർക്കാർ പദ്ധതിപോലെ ഒരുതുള്ളിപോലും വെളിയിൽ വന്നില്ല. തുടർന്ന് എക്സ്ട്രാ പൈപ് ഫിറ്റ്‌ചെയ്തു; എന്നിട്ടും കേരളത്തിലെ കുടിവെള്ളപദ്ധതിപോലെ എല്ലാം പാഴായി.  

               സംഗതി ഇങ്ങനെയായപ്പോൾ പൊറുതിമുട്ടിയത്, ആനേരം മുതൽ ആശുപത്രിഡ്യൂട്ടി ലഭിച്ച അനിക്കുട്ടനാണ്. വേദനസഹിക്കവയ്യാതെ അടിവയറ്റിൽ അമർത്തിപ്പിടിച്ച് നിലവിളിക്കുന്ന മുത്തച്ഛനെ നോക്കിയിരിക്കുന്ന അവന് ഏതാനും ദിവസങ്ങളായി കറങ്ങിനടക്കാൻ മാത്രമല്ല, കാമുകി മിന്നുമോളുമായി ചാറ്റ് ചെയ്യാൻപോലും നേരം ഇല്ലാതായി.



ഒടുവിൽ,,

ഓൾഡ് ജെനറേഷനു മുന്നിൽ തോറ്റുതൊപ്പിയിട്ട ന്യൂ ജെൻ ഡോക്റ്റർ പറഞ്ഞു,

“അനിക്കുട്ടാ ഞങ്ങൾക്ക് ചെയ്യാനുള്ളതൊക്കെ ചെയ്തു, എന്നിട്ടും മരുഭൂമിയിലെ ആകാശം കണക്കെ ഒരുതുള്ളിപോലും താഴോട്ടുപതിക്കുന്നില്ല. പിന്നെ തൊണ്ണൂറ് കഴിഞ്ഞ, പ്രായമായ മെയ്യല്ലെ,, കത്തിവെച്ച് ബ്ലാഡർതുറന്ന് എലിവാല് പിടിക്കാനൊന്നും നമ്മളില്ലേയ്. ഇനിയെല്ലാം താങ്കളുടെ ഇഷ്ടം,,,”



            അതെല്ലാം കേട്ട അനിക്കുട്ടൻ അവർ എഴുതിയ ബില്ല് അതേപടി പേ-ചെയ്തശേഷം മൂത്രാശയം മാത്രമല്ല, മലാശയവും ആമാശയവും അണ്ഠാശയവും പൊട്ടുന്നതരത്തിൽ നിലവിളിക്കുന്ന മുത്തച്ഛനെ താങ്ങിയെടുത്ത് ഇന്നോവയിൽ കയറ്റിയിരുത്തി നേരെ വീട്ടിലേക്ക് സ്റ്റാർട്ടായി. ആനേരത്ത് മുത്തച്ഛന്റെ റിംഗ്ടോൺ ചെയ്ഞ്ച് ആയി,

“എടാ,, കാലമാടാ, തറവാട് മുടിക്കുന്നവനേ,, നീയെന്നെ കൊല്ലാനായി ആശൂത്രീന്ന് എങ്ങോട്ടാടാ‍ കൊണ്ടുപോകുന്നത്”

“മിണ്ടാതിരിക്കെടാ കെളവാ,, കൊന്നുകളയും ഞാൻ,,,”

ന്യൂ ജനറേഷൻ നൽകിയ ഭീഷണിക്കുമുന്നിൽ അദ്ദേഹം പത്തി താഴ്ത്തിയിട്ട് സൌണ്ട് ലവൽ മ്യൂട്ട് ചെയ്തു.

  

           അനിക്കുട്ടൻ വീട്ടിലേക്ക് പോവാതെ നേരെ നാട്ടിൻപുറത്തെ നാലുംകൂടിയ കവലയിൽ എത്തി. അവിടെയുള്ള ബസ്‌വെയിറ്റിംഗ് ഷെൽട്ടറിന്റെ ഇടതുവശത്ത് വണ്ടി നിർത്തിയശേഷം ശബ്ദമില്ലാതെ കരയുന്ന മുത്തച്ഛനെ വെളിയിലിറക്കിയിട്ട് റോഡരികിലേക്ക് കൈപിടിച്ചു നടത്തുമ്പോൾ ആണും പെണ്ണുമായി ബസ് കാത്തുനിൽക്കുന്നവരെല്ലാം ചോദ്യചിഹ്നമായി. റോഡരികിലെ കുറ്റിച്ചെടികൾക്ക് സമീപം എത്തിയപ്പോൾ അവൻ ശബ്ദം താഴ്ത്തിയിട്ട് പറഞ്ഞു,

“മുത്തച്ഛാ ഇവിടെ ഒഴിച്ചാട്ടെ,, പെട്ടെന്ന്,,,”

                    റോഡരികിൽ എത്തിയപ്പോൾ സന്തോഷത്തോടെ മുണ്ടുപൊക്കി മൂത്രം ഒഴിക്കുന്ന മുത്തച്ഛൻ ചുറ്റുപാടും നിന്ന് നിരീക്ഷണം നടത്തുന്നവരെ കണ്ടില്ലെന്ന് നടിച്ചു. ആനേരത്ത് അനിക്കുട്ടൻ മനസ്സിൽ പറഞ്ഞു,

‘ശീലിച്ചതേ പാലിക്കു’,,,   

                                       *******************************************

3 comments:

  1. ഇടവഴികളിലൂടെ നടക്കുമ്പോൾ ഇത്തരം ശീലങ്ങളുമായി നടക്കുന്നവരെ എല്ലാവർക്കും കാണാം.

    ReplyDelete
  2. കടുപ്പമായി ടീച്ചര്‍ ഇത്രേം വേണ്ടാര്‍ന്നൂ

    ReplyDelete
  3. ചിലർക്ക് സ്ഥലം മാറി കിടന്നാൽ ഉറക്കം വരില്ല. അത് പോലെ ഇതും

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!