28.4.18

ഉണ്ടവേണോ? ഉണ്ട,,,


          കണ്ണൂരിലെ ഗ്രാമീണ ഭവനങ്ങളിലെ സ്ത്രീകൾ സ്വന്തമായി നിർമ്മിക്കുന്ന സ്വാദേറിയ പലഹാരമാണ് ഉണ്ട. അരിയുണ്ട, തരിയുണ്ട, അവ്‌ലോസുണ്ട, തേങ്ങയുണ്ട തുടങ്ങി ഉണ്ടകൾ പലവിധമുലകിൽ സുലഭമാണെങ്കിലും നമ്മുടെ ഗ്രാമീണ വിഭവമായ ഉണ്ടയിൽ നമുക്കുമാത്രം അറിയുന്ന തനതായ സവിശേഷതകൾ ധാരാളം ഉണ്ട്. പിന്നെയൊന്നാണ് വെടിയുണ്ട,, അതിനെപ്പറ്റി ഇപ്പോൾ മിണ്ടിപ്പോവരുത്.

          ‘ഉണ്ട’എന്ന് എന്റെ നാട്ടുകാർ പറയുന്നത് അരിയും തേങ്ങയും വെല്ലവും ചേർത്ത് നിർമ്മിക്കുന്ന അരിയുണ്ട തന്നെയാണ്. ഒറിജിനൽ അരിയുണ്ട അടുക്കളയിൽ നിർമ്മിച്ചത് തിന്നുമ്പോൾ അതിൽ ഗ്രാമീണ പാരമ്പര്യത്തിന്റെ രുചിയും മണവും ഉണ്ടാവും. അങ്ങനെയുള്ള ഉണ്ട ഉണ്ടാക്കാനുള്ള റെസിപ്പി പറയാം,

ഗ്രൂപ്പ്1:  ഉരൽ 1, ഉലക്ക 1, ചീനച്ചട്ടി 1, ചട്ടുകം 1, അടുപ്പ് 1, വിറക് ഒരു കെട്ട് (പകരം ഗ്യാസ് സ്റ്റൌ വിത്ത് കുറ്റി ആവാം), ചിരവ 1, പീശാത്തി 1, സ്റ്റീൽ പ്ലെയിറ്റ്  4, കത്ത്യാൾ 1, പാര1,

ഗ്രൂപ്പ്2: പുഴുക്കലരി 200 ഗ്രാം, വെല്ലം 200ഗ്രാം, തേങ്ങ വലിയത് 1, അണ്ടിപ്പരിപ്പ്: 10 (അടുപ്പിലിട്ട് ചുട്ടത്), ഏലക്കായ 5, ഗ്രാമ്പു 5, ജീരകം 15,

ഗ്രൂപ്പ്3:  അമ്മ 1, മകൾ 1, മരുമകൾ 1, വിരുന്നുകാർ രണ്ടോ മൂന്നോ, കുട്ടികൾ ആവശ്യത്തിന്,             ആദ്യമായി പാര ഉപയോഗിച്ച് തേങ്ങ ഉരിച്ചശേഷം കത്ത്യാൾ കൊണ്ട് രണ്ടായി ഉടക്കുമ്പോൾ പുറത്തുവരുന്ന തേങ്ങവെള്ളം സ്വന്തം വായിലേക്ക് ഒഴിച്ച് കുടിക്കുക. ആ നേരത്ത് പരിസരത്ത് കുട്ടികളുണ്ടെങ്കിൽ വെള്ളം അവരുടെ വായിലും ഒഴിച്ചുകൊടുക്കണം. പിന്നിട് ഒരു സ്റ്റീൽ പ്ലെയിറ്റ് ചിരവയുടെ മുന്നിൽ വെച്ചശേഷം മരുമകളോട് തേങ്ങ ചെരണ്ടാൻ പറയുക. അവൾ അനുസരണശീലയായി തേങ്ങമുറികൾ ഓരോന്നായി ചിരണ്ടും. ചിരണ്ടിയതേങ്ങ മരുമകൾ വായിലിടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ആ നേരത്ത് മകളെവിളിച്ച് വെല്ലത്തിന്റെ കവർ തുറന്നിട്ട് ഓരോ ആണികളായി എടുത്ത് പീശാത്തികൊണ്ട് ചെരണ്ടാൻ പറയുക. മകളായതുകൊണ്ട് ഒരാണിവെല്ലം തിന്നാലും അറിയാത്ത മട്ടിൽ അട്ടത്തുനോക്കണം. ശ്രദ്ധിക്കുക,, വെല്ലം പകുതി മാന്തിയിട്ട് മകൾ സ്ഥലം വിടുകയും ഉണ്ട തിന്നാൻ നേരത്ത് കടന്നുവരികയും ചെയ്യും.

            മകളുടെയും മരുമകളുടെയും ജോലി പുരോഗമിക്കുന്ന നേരത്ത് 200ഗ്രാം അരി അളന്നെടുത്ത് ചീനച്ചട്ടിയിലിട്ടശേഷം തീ കത്തിച്ച അടുപ്പിൽ‌വെച്ച് ചട്ടുകം കൊണ്ട് ഇളക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുമ്പോൾ ഗ്യാസ് അടുപ്പിലാണെങ്കിൽ തീ കുറക്കണം. ഇളക്കിക്കൊണ്ടിരിക്കെ ചൂടാവുമ്പോൾ അരിമണികൾ വലുതായിവന്ന് ബ്രൌൺ നിറമായി മാറും. ആനേരത്ത് അടുപ്പ് കെടുത്തിയശേഷം ചീനച്ചട്ടി ഇറക്കിവെച്ചിട്ട് അരി തണുക്കാൻ അനുവദിക്കുക.             അതിനുശേഷം ചായ്പിന്റെ  മൂലയിൽ ചാരിവെച്ച ഉലക്കയും തൊട്ടടുത്തുള്ള ഉരലും പൊടിതട്ടി നീക്കിവെക്കുക. ഉരൽ പതുക്കെ ഉരുട്ടിക്കൊണ്ടുവന്നശേഷം വർക്ക് ഏറിയയുടെ മർമ്മസ്ഥാനത്ത് വെച്ചിട്ട് കോട്ടൺ തുണികൊണ്ട് അകവും പുറവും തുടച്ചു വൃത്തിയാക്കുക. ഉലക്ക ഇടതുകൈകൊണ്ട് ഉയർത്തിപ്പിടിച്ച് വലതുകൈയിലെ തുണികൊണ്ട് വൃത്തിയാക്കാം. കഴുകി  വൃത്തിയാക്കുന്നു‌ണ്ടെങ്കിൽ അത് ഉണങ്ങാനുള്ള സൌകര്യം‌കൂടി ചെയ്യണം. അതിനുശേഷം ചീനച്ചട്ടിയിലുള്ള വറുത്ത അരിയുടെ ചൂട് കുറഞ്ഞാൽ ഉരലിനകത്ത് ഇട്ടശേഷം ഉലക്കകൊണ്ട് കുത്തി പൊടിക്കുക. നന്നായി പൊടിഞ്ഞെന്ന് ഉറപ്പുവന്നാൽ ഉലക്ക മാറ്റിവെച്ചിട്ട് അരിപ്പൊടി ഒരു സ്റ്റീൽ പാത്രത്തിൽ വാരിയിട്ടശേഷം അടച്ചുവെക്കുക.
 

         അരിപ്പൊടി മാറ്റിയശേഷം അതേ ഉരലിൽ മകൾ പകുതിമാന്തിയ വെല്ലം മൊത്തമായി ഇട്ട് ഉലക്കകൊണ്ട് ഇടിച്ചു പൊടിക്കുക. തുടർന്ന് മരുമകൾ മാന്തിയ തേങ്ങയും ഉരലിലിട്ട് ഇടിച്ച് കുഴമ്പു രൂപത്തിലാക്കുക. പിള്ളേര് അടുത്തുണ്ടെങ്കിൽ ഉരലിൽ കൈയിട്ടുവാരി തിന്നുന്നതിനാൽ ഇടിക്കുമ്പോൾ ശ്രദ്ധവേണം. ഉരലിനകത്തെ തേങ്ങയും വെല്ലവും ഒന്നിച്ചുചേർന്ന് പാകം വന്നാൽ ആദ്യം മാറ്റിവെച്ച അരിപ്പൊടി കുറേശെ കുടഞ്ഞിടുകയും ഒപ്പം ഇടി തുടരുകയും ചെയ്യുക. അരിപ്പൊടിയും വെല്ലവും തേങ്ങയും യോജിച്ച് പ്രത്യേക വിഭവമായി മാറുമ്പോൾ അണ്ടിപ്പരിപ്പ്, ഗ്രാമ്പു, ഏലക്കായ, ജീരകം ആദിയായ സംഗതികൾ കൂടി ഒപ്പം ഉരലിലിട്ട് ഇടിക്കാം. അങ്ങനെ പാകമായാൽ ഉലക്കയിൽ പറ്റിപ്പിടിച്ച ഉണ്ടയുടെ അംശങ്ങൾ കൈകൊണ്ട് തുടച്ച് അടുത്തുള്ള കുട്ടിക്ക് തിന്നാൻ കൊടുത്തശേഷം ഉലക്ക ഒരു മൂലയിൽ ചാരിവെക്കണം. പിന്നീട് പാകമായ ഉണ്ട വലതുകൈകൊണ്ട് ഉരുട്ടിയെടുത്ത് പ്ലെയിറ്റിൽ വെക്കുക. ഉണ്ടയുടെ വലിപ്പം ചെറുതോ വലുതോ ആക്കാം. മകൾ വിരുന്നു പോകുമ്പോൾ കൊടുത്തയക്കാനാണെങ്കിൽ ഉണ്ടയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് വീട്ടുകാരുടെ ഗ്രെയ്ഡ് കൂടിവരും. കത്ത്യാൾ‌ കൊണ്ട് കൊത്തിപ്പൊട്ടിച്ചശേഷം ഓഹരിവെച്ച് ഉണ്ടതിന്നാം.
 
   ഉണ്ട ഉണ്ടാക്കുന്ന നേരത്ത് അടുക്കളയിൽ ഉണ്ടായിരുന്നവരൊന്നും പിന്നീട് ഉണ്ട തിന്നണമെന്നില്ല. കാരണം ഉണ്ടനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ടെയ്സ്റ്റ് നോക്കുന്നതിനാൽ എല്ലാവരുടേയും വയറു നിറഞ്ഞിട്ടുണ്ടാവും. വറുത്തഅരി, അരിപ്പൊടി, വെല്ലം തേങ്ങ മിക്സ് തുടങ്ങിയവ‌‌യൊക്കെ തിന്നാൻ കഴിയുന്നത് അപൂർവ്വ ഭാഗ്യമാണ്. ഉണ്ട നിർമ്മിച്ചശേഷം ഉരലും ഉലക്കയും വെള്ളം കൊണ്ട് കഴുകി ഉണക്കക്കാൻ മറക്കരുത്. ഇക്കാലത്ത് ഉരലും ഉലക്കയും ഒക്കെ നാടുനീങ്ങിയെങ്കിലും സ്വന്തമായി ഉണ്ട ഉണ്ടാക്കിയിട്ട് തിന്നാൻ കൊതിയുള്ളവർക്ക്  വീട്ടിലുള്ള മിക്സിയിലും ഉണ്ട ഉണ്ടാക്കാക്കി തിന്നാം.
******* 

1 comment:

  1. വാർത്താസാന്ത്വനം മാസിക ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്,,

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!