രാവിലെ
മുതൽ വൈകുന്നേരം വരെ പറയുന്നതൊന്നും മനസ്സിലാവാത്ത ഫയലുകളോടും അതേപോലുള്ള പിള്ളേരോടും
വഴക്കടിച്ച് തിരികെ വരുമ്പോൾ കയറുന്ന ബസ്സിൽ ഒന്നിരിക്കാനിടം കിട്ടിയില്ലെങ്കിൽ എന്തായിരിക്കും
അവസ്ഥ? എന്നാൽ പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് ബസ്സിൽ യാത്രചെയ്യുന്ന ഏതാനും ഉദ്യോഗസ്ഥികൾക്ക്
പഴയകാലത്ത് യാത്രാപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വനിതാസംവരണം എന്നെഴുതി വെച്ചില്ലെങ്കിലും
ഞങ്ങൾക്ക് ബസ്സിൽ ഇരിപ്പിടം ലഭിച്ചിരുന്നു. അന്നത്തെ സ്ത്രീകളുടെ ശരീരാരോഗ്യം കാരണം
രണ്ടുപേർക്ക് ഇരിക്കാവുന്ന ഇടങ്ങളിൽ ഞങ്ങൾ മൂന്നുപേർ സസുഖം ഇരിക്കാറുണ്ട്.
ഒരു
വെള്ളിയാഴ്ച ദിവസം,
സമയം
അഞ്ചുമണി കഴിഞ്ഞ് പത്ത് മിനിട്ട്,
ഞങ്ങൾ മൂന്നുപേർ ബസ്സിൽ ഇരുന്നുകൊണ്ട്
യാത്രചെയ്യുകയാണ്. ഇരിക്കുന്നതാവട്ടെ, ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള ഇരിപ്പിടത്തിൽ.
ആരൊക്കെയാണെന്നോ? ജനാലക്ക് അരികിലൊരു ടീച്ചർ, തൊട്ടടുത്ത് വില്ലേജ് ഓഫീസ് ക്ലാർക്ക്,
അവർക്കുശേഷം അറ്റത്തിരിക്കുന്നത് ഞാൻ, അതായത് രണ്ട് ടീച്ചർമാരും നടുവിലൊരു ക്ലാർക്കും.
അങ്ങനെ ബസ് പിലാത്തറ കഴിഞ്ഞ് വിളയങ്കോട് വഴി പരിയാരം എത്തിയപ്പോഴാണ് അത് തുടങ്ങിയത്.
ഏതാണെന്നോ? നാറ്റം, അതായത് ദുർഗന്ധം.
സംഭവത്തിന്റെ ഉറവിടം അറിയാനായി ഞങ്ങൾ
മൂന്നുപേരുടേയും നാസികാഗ്രങ്ങൾ വിടർന്നുയർന്ന് പരിസരം പരതിനോക്കി. ആ മഹാനോ മഹതിയോ ആരായിരിക്കും?
ബസ്സിൽ നിറയെ ആളുകൾ, തൊട്ടുമുന്നിൽ വളയം പിടിച്ചുതിരിക്കുന്ന ഡ്രൈവർ. ബസ്സ് വളവും തിരിവും
പിന്നിട്ടുകൊണ്ടിരിക്കെ ഗന്ധത്തിന്റെ ഏറ്റക്കുറച്ചിലും തുടരുകയാണ്. എനിക്ക് സംശയം മുന്നിലിരിക്കുന്ന
ഡ്രൈവറെയാണ്. മഴക്കാലമായതുകൊണ്ടും മലിനീകരണം വരുന്നതിന് മുൻപും ആയതിനാൽ റോഡിന്റെ ഇരുവശത്തുകൂടിയും
തോടുകളിലൂടെ തെളിനീർ ഒഴുകുന്നുണ്ട്. ആയതുകൊണ്ട് ഞാൻ മനസ്സിൽ കണക്കുകൂട്ടാൻ തുടങ്ങി.
അടുത്തനിമിഷം, മുന്നിലിരിക്കുന്ന ഡ്രൈവർ വയറിളക്കം സഹിക്കാനാവാതെ തോട്ടിനരികിൽ ബസ്സ്
നിർത്തിയശേഷം ഇറങ്ങി വെള്ളത്തിലേക്ക് ഓടാനിടയുണ്ട്. അല്ലാതെ അയാൾ പിന്നെന്ത് ചെയ്യും?
ഇക്കാര്യത്തിൽ ഞാനൊന്നും മിണ്ടിയില്ലെങ്കിലും
ജനാലക്കരികിലിരിക്കുന്ന ടീച്ചറും ക്ലാർക്കും ഇടയ്ക്കിടെ അഭിപ്രായം പറയുന്നുണ്ട്. ക്ലാർക്കിന്റെ
മുടിയിലുള്ള വാടിയ മുല്ലപ്പൂ ഊരിയെടുത്ത് മണത്തു കൊണ്ടിരിക്കുന്നതിനിടയിൽ ടീച്ചർ പറഞ്ഞു,
“എന്നാലും
ഇത്രയും ദൂരം ബസ്സിൽ പോകുന്നവൻ ഇന്നുച്ചക്ക് ചക്കക്കുരു തിന്നാൻ പാടുണ്ടോ?”
അതുകേട്ടപ്പോൾ
ക്ലാർക്ക് പറഞ്ഞു,
“ടീച്ചറെ
ചക്കക്കുരു തന്നെ തിന്നണമെന്നില്ല, എന്നാലും എന്തൊരു നാറ്റമാണ്”
“ഇതിൽ
കയറിയപ്പോഴേ നാറ്റം ഉണ്ടായിരുന്നു, സഹിക്കുക തന്നെ”
തൂവാലകൊണ്ട്
അവർ മൂക്കും വായയും അമർത്തിപിടിച്ചു.
മൂക്ക് അടച്ചും തുറന്നും കൊണ്ടിരിക്കെ
എല്ലാം കേട്ട് തലകുലുക്കിയിട്ട് അവർക്കരികിൽ ഞാനിരുന്നു. ബസ്സ് ഓടിയോടി തളിപ്പറമ്പിൽ
നിർത്തിയശേഷം ഏഴാം മൈൽ കടന്ന് കുറ്റിക്കോൽ എത്തിയപ്പോഴും നാറ്റം കുറയുകയോ പ്രതീക്ഷിച്ചതുപോലെ
ഡ്രൈവർ ഇറങ്ങുകയോ ഓടുകയോ ചെയ്തില്ല. ജനാലക്കരികിൽ ഇരുന്ന ടീച്ചർ ഇറങ്ങേണ്ട ധർമ്മശാല
അടുത്ത സ്റ്റോപ്പാണ്. ബസ് നിർത്തിയപ്പോൾ അവരെഴുന്നേറ്റ് യാത്രപറഞ്ഞിറങ്ങിയതോടെ കണ്ണൂരിൽ
ഇറങ്ങേണ്ട ക്ലാർക്കും ഞാനും അതേ ഇരിപ്പിടത്തിൽ വിശാലമായി ഇരുന്നു.
ധർമ്മശാല
കഴിഞ്ഞ് മാങ്ങാട് വഴി കല്ല്യാശേരി എത്തിയപ്പോൾ ക്ലാർക്ക് എന്നെ വിളിച്ചു,
“ടീച്ചറേ,,
ഇപ്പോഴാ നാറ്റം ഇല്ലല്ലോ”
“അതു
ശരിയാണല്ലോ,, നാറ്റം എവിടെപ്പോയി?”
“അതല്ലെ
ടീച്ചറേ ഇറങ്ങിപ്പോയത്”
ഞങ്ങൾ
അന്യോന്യം നോക്കി ചിരിച്ചു. ദുർഗന്ധം വരുന്ന വഴി മറ്റുള്ളവർ അറിയാതിരിക്കാൻ എന്തൊക്കെ
പരാക്രമങ്ങളാണ് മനുഷ്യൻ ചെയ്യുന്നത്,,,
*******
ഹഹഹ... ഞാനും പാവം ഡ്രൈവറെ സംശയിച്ചു!
ReplyDeleteMubi അഭിപ്രായം എഴുതിയതിന് നന്ദി
Deleteനല്ലെഴുത്ത്
ReplyDeleteasif shameer അഭിപ്രായം എഴുതിയതിന് നന്ദി.
Deleteചിരിപ്പിച്ചു.
ReplyDeleteപാവം ഡ്രൈവർ