21.11.18

കൊലസ്ത്രീ


           പി.എസ്.സി. യുടെ അനുഗ്രഹത്താൽ മകൾ സർക്കാർ ജോലിയിൽ പ്രവേശിച്ചു. പിറ്റേദിവസം മുതൽ വീട്ടിൽ മഹാസംഭവങ്ങൾ അരങ്ങേറാൻ തുടങ്ങി.

എന്താണെന്നോ,, ?

കല്ല്യാണ ആലോചനകൾ,,,

    അതുവരെ മര്യാദക്ക് ഒരുത്തനും പെണ്ണുകാണാൻ വന്നില്ലെങ്കിലും ഇപ്പോൾ എത്രയാണെന്നോ പടപോലെ വരുന്നത്,, ദിവസേന രണ്ടും മൂന്നും. അവധി ദിവസത്തെ കാര്യം പറയുകയേ വേണ്ട, അണിഞ്ഞൊരുങ്ങിയിട്ട് മകളും ചായ ഉണ്ടാക്കിയിട്ട് ഞാനും ഒരുപോലെ ക്ഷീണിച്ചെങ്കിലും ഒന്നും ശരിയായില്ല. ഡിമാന്റുകൾ പലതും ഉണ്ട്,, പൊന്നു വേണ്ട,, സ്വത്ത് വേണ്ട,, പിന്നെ പണം? അക്കാര്യം നമ്മുടെ കണ്ണൂരിൽ ആരും മിണ്ടാറേയില്ല. പിന്നെന്ത് പറ്റിയെന്നോ?

വന്നവരെല്ലാം പെണ്ണിനെയങ്ങ് ഇഷ്ടപ്പെട്ടു,,, സർക്കാൽ ശമ്പളം വാങ്ങുന്നവളല്ലെ!

ചിലരെ എനിക്ക് ഇഷ്ടപ്പെട്ടു,, പക്ഷെ?

കെട്ടേണ്ട പെണ്ണിന് ചെക്കനെ ഇഷ്ടപ്പെടില്ല, ചെക്കന്റെ ജോലി ഇഷ്ടപ്പെടില്ല, ചെക്കന്റെ സ്വഭാവം ഇഷ്ടപ്പെടില്ല.


     വരുന്ന വിവാഹാലോചനയൊക്കെ ഒഴിവാക്കുന്ന കഥയൊക്കെ നാട്ടിൽ പാട്ടാവാൻ തുടങ്ങിയപ്പോഴാണ് അസ്സലൊരു ചെക്കൻ വന്നത്. വന്ന പയ്യനെ ആകെമൊത്തം ടോട്ടലായി എന്റെ അരുമസന്താനം പരിശോധിച്ചു നോക്കിയപ്പോൾ ഒരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ഞാൻ ഹാപ്പിയായി, അവളുടെ തന്ത ഹാപ്പിയായി, പിന്നാലെ വരുന്ന ഇളയമകളും ഹാപ്പിയായി.

        സർക്കർ സർവ്വീസിൽ എഞ്ചിനീയറായ പയ്യനെ ആ നിമിഷം ഞങ്ങളെല്ലാവരും ഇഷ്ടപ്പെട്ടു. തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് അതങ്ങട്ട് ഉറപ്പിക്കാമെന്ന് തീരുമാനമായി. രാവിലെ ഉറപ്പുകൊടുക്കാമെന്ന മോഹവുമായിട്ടാണ് ആ ദിവസം രാത്രിയിൽ ഉറങ്ങാൻ കിടന്നത്.


     പിറ്റേദിവസം,, പതിവുപോലെ നേരം പുലർന്നു,, പതിവുപോലെ ഞാൻ അടുക്കളഡ്യൂട്ടിയിൽ പ്രവേശിച്ചു. അപ്പോഴാണ് ഒരു കൊടുങ്കാറ്റുപോലെ മകൾ പത്രവുമായി ഓടിവന്നത്,

“അമ്മേ ഇത് പറ്റില്ല”

“എന്ത്?”

“ഇത് പറ്റില്ല”

“ഏത്?”

“ഈ കല്ല്യാണം പറ്റില്ല”

അതുവരെ പൂച്ചമോഡലായ ഞാനൊരു പുലിവേഷം അണിഞ്ഞു,

“നീയെന്താടീ പറഞ്ഞത്? ഒരു ജോലി കിട്ടിയെന്നുവെച്ച് ആളെക്കൊണ്ട് പറയിപ്പിക്കുന്നോ?”

“നിങ്ങളൊക്കെ എന്തുപറഞ്ഞാലും ഞാനിവനെ കെട്ടുകയേ ഇല്ല. അമ്മ കെട്ടിക്കോ,”


       ഞാനാകെ വിയർത്തുകുളിച്ചു,, അവൾ ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നുതന്നെയാണ്. പതുക്കെ ഞാനൊരു തള്ളപ്പൂച്ച മോഡലായി,

“എടി മോളേ അവരൊക്കെ ചേർന്ന് എല്ലാവരും ഇഷ്ടപ്പെട്ടതല്ലെ,, നീയെന്താടി ആ ചെക്കന് കുറ്റം കണ്ടുപിടിച്ചത്?”

“ചെക്കന് കുറ്റമൊന്നും ഇല്ല”

“പിന്നെ എനിക്കാണോ കുറ്റം?”

“അല്ല”

“പിന്നെ ആർക്കാടീ കുറ്റം?”

“അത് അന്നു പെണ്ണുകാണാൻ കൂടെ വന്നത് അവന്റെ അമ്മയല്ലെ?”

“അതെ, അവർ നല്ലൊരു സ്ത്രീയല്ലെ? എന്നെക്കാളും നല്ല അമ്മച്ചിയാനെന്ന് നീ തന്നെയല്ലെ അവരെക്കുറിച്ചു പറഞ്ഞത്”

“അവരുടെ ഫോട്ടോ ഇതാ പത്രത്തിന്റെ മുൻ‌പേജിലുണ്ട്”

“പത്രത്തിലോ? കാണട്ടെ?”


         പത്രത്തിന്റെ മുൻ‌പേജിൽ പേരിനു താഴെയായി അച്ചടിച്ച ഗ്രൂപ്പ് ഫോട്ടോ എന്റെ മുന്നിൽ നിവർത്തി. ധാരാളം സ്ത്രീകളോടൊപ്പം ബാനർ പിടിച്ച് നടക്കുന്ന അമ്മായിഅമ്മ ആവാനിടയുള്ള സ്ത്രീയുടെ ചിത്രത്തിനു നേരെ വിരൽ ചൂണ്ടിയിട്ട് അവളെന്നോട് പറഞ്ഞു,

“അമ്മേ, ഇവരല്ലേ അന്നു വീട്ടിൽ വന്ന പയ്യന്റെ തള്ള?”

“അതേ, ഇതാ സ്ത്രീ തന്നെയാണല്ലോ,, ഇവരെങ്ങിനെ പത്രത്തിൽ കയറി?”

“അതാണ് ഞാനും പറയുന്നത്, അമ്മേ ഇത് കുലസ്ത്രീകളുടെ പ്രകടനമാണ്”

“അയ്യോ”

“അവരൊരു കുലസ്ത്രീ ആണമ്മേ”

“അതുകൊണ്ട് നിനക്കെന്താ വിഷമം? നീ വിവാഹം കഴിക്കുന്നത് അവരെയല്ലല്ലോ,, അവരുടെ മകനെയല്ലേ?”

“അവരുടെ മകനായതാണ് പ്രശ്നം?”

“എന്ത് പ്രശ്നം?”

“ഞാനവിടെ പുത്രവധുവായി എത്തിയാൽ”

“എത്തിയാൽ?”

“അവരെനിക്ക് ഭക്ഷണം തരുന്നത് മകൻ കഴിച്ച എച്ചിൽ പാത്രത്തിലായിരിക്കും”

“അതെന്താ അവിടെ മറ്റു പാത്രങ്ങൊളൊന്നും കാണില്ലെ?”

“പിന്നെ എല്ലാ ദിവസവും ഞാനവന്റെ അച്ഛന്റെയും അമ്മയുടെയും കാലുപിടിക്കണം”

“നീയല്ലെ ആള്,, അവരെ വലിച്ച് താഴെയിടാനും മതി”

“പിന്നെ മാസത്തിൽ ഏഴ് ദിവസം വെളിയിലൊന്നും പോകാതെ ഇരുട്ടറയിൽ കിടക്കണം”

“അതൊരു വിശ്രമം അല്ലേ. നീയവിടെ കിടന്ന് മൊബൈലിൽ കളിച്ചാൽ മതി”

“വീട്ടിൽനിന്ന് എന്നെ വെളിയിലേക്ക് വിടുമ്പോൾ കൂടെ ആളുണ്ടാവും”

“അത് നിനക്കൊരു ധൈര്യമല്ലെ. അപ്പോൾ ഓഫീസിലോ?”

“ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, ചിരിക്കാൻ പാടില്ല, കളിക്കാൻ പാടില്ല, വായിക്കാൻ പാടില്ല, പാടാനും പാടില്ല”

“അതെല്ലാം കുറക്കുന്നത് നല്ലതല്ലെ മോളേ,,”

“പിന്നെ, അവിടെയെത്തിയാൽ മാറ് മറക്കാൻ പാടില്ല”

“അപ്പോൾ മറ്റെല്ലാം മറക്കാൻ പറ്റുമോ?”

“അവരുടെ മകനില്ലാത്ത നേരത്ത് വീട്ടിൽ വരുന്ന വി.ഐ.പി.‌കളെ എന്റെ ഉറക്കറ‌യിലേക്ക് കയറ്റിവിടും”

“അതെന്താ അവിടെ വേറെ അറകളൊന്നും ഇല്ലേ?”

“പിന്നെ, ആ പയ്യൻ മരിച്ചാൽ”

“മരിച്ചാൽ?”

“മരിച്ചാൽ അവന്റെ ചിതയിൽ എന്നെയും ചേർത്ത് ജീവനോടെ കത്തിക്കും”

“അയ്യോ മോളേ”

“എന്താ അമ്മേ”

“വേണ്ട മോളേ,,നമുക്കീ കൊലസ്ത്രീബന്ധം വേണ്ടാ,,,”

“വേണ്ടമ്മേ,,”

“എന്റെ മോളേ,,”

     അല്പനേരത്തേക്ക് അടുക്കളക്കാര്യം മറന്നുകൊണ്ട് വളരെക്കാലത്തിനുശേഷം ഞാനെന്റെ മകളെ കെട്ടിപ്പിടിച്ചു.

*****

21 comments:

  1. ടീച്ചറെ സംഭവം കലക്കീല്ലോ!!
    എന്തായാലും അമ്മയും മകളും കൂടി ആ കൊലസ്ത്രീ ബന്ധം ഒഴിവാക്കിയത് ഏതായാലും നന്നായി, അല്ലായിരുങ്കിൽ എന്തെല്ലാം അവിടെ സംഭവിക്കാമായിരുന്നു. ചിലരെ ഉന്നം വെച്ചുള്ള ഈ കൊലസ്ത്രീ ബന്ധം കഥ നന്നായി കുറിക്കു കൊള്ളുന്ന വിധം അവതരിപ്പിച്ചതിൽ എഴുത്തുകാരി വീണ്ടും വിജയിച്ചു!
    ആശംസകൾ

    ReplyDelete
    Replies
    1. ഏരിയൽ സാറേ,, ഇവിടെ ഈ ബ്ലോഗിൽ എല്ലാവർക്കും സുഖമാണ്. നന്ദി.

      Delete
  2. ഹെൻറെ പടച്ചോനെ
    ഈ കുലസ്ത്രീകൾ ഇത്രക്ക് ഹലാക്കാനോ?
    സംഭവം കലക്കി... സാമൂഹിക വിമര്ശനത്തിൻറെ ഒന്നൊന്നൊര കൊട്ട്
    അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. ഇവിടെ വന്നതിലും കമന്റിയതിനും പെരുത്ത് നന്ദി,,, നമ്മക്ക് ഇവിടെയിങ്ങനെ വർത്തമാനം പറഞ്ഞിരിക്കാം,.

      Delete
  3. ഇതിപ്പോ ടീച്ചറാണല്ലോ 'കൊലസ്ത്രീ' ആയി പലരെയും ഒറ്റയടിക്ക് കൊന്നു കൊല വിളിച്ചത്...!!

    ReplyDelete
    Replies
    1. അല്ല,,കണ്ടിട്ട് കൊറേ നാളായല്ലോ,, ഏതായാലും എനിക്ക് പെരുത്തിഷ്ടായി,,

      Delete
  4. marmmathil thanne thattnnathaanallo!nannaayi
    Aasamsakal

    ReplyDelete
    Replies
    1. തങ്കപ്പൻ സാറേ,, സന്തോഷം,,

      Delete
  5. ഞാന്‍ വിചാരിച്ചത് ആ വാഴക്കുലയും പിടിച്ച് നില്‍ക്കുന്ന കുല സ്ത്രീ ആവുമെന്നാ.. ..!

    ReplyDelete
    Replies
    1. ആ വാഴാക്കുലയുടെ ഫോട്ടോ നോക്കിയിട്ട് കാണുന്നില്ല. അത് ഫെയ്സ്ബുക്കിൽ കറങ്ങുകയാ,, നന്ദി, നന്ദി.

      Delete
  6. ങേ!!സ്ത്രീകൾ കൊലസ്ത്രീകളാകുന്നതും കണ്ണൂരിൽ!!

    ReplyDelete
    Replies
    1. കണ്ണൂരിൽ കൊറച്ച് കുറവാണ്, എന്നാലും ചിലയിടത്ത് ഉണ്ട്. നന്ദി.

      Delete
  7. ആ മോളെ എനിക്കും അങ്ങ് ഇഷ്ടമായി.

    ReplyDelete
    Replies
    1. എഴുത്തുകാരിയേ,, നന്ദി.

      Delete
  8. ടീച്ചറേ... കൊട് കൈ...

    സന്ദർഭോചിതമായ കഥ...‌ ഉഗ്രൻ ആക്ഷേപ ഹാസ്യം...

    ഇതങ്ങ് തുടരാംട്ടോ...

    ReplyDelete
    Replies
    1. വിനുവേട്ടാ പെരുത്ത് നന്ദി,,
      സന്തോഷം ഇതെന്റെ സ്വന്തം തട്ടകമാണ്,, ഇവിടെ വന്ന് കമന്റുകളൊക്കെ വായിക്കുമ്പോൾ കിട്ടുന്ന സുഖമൊന്ന് സുഖമാണ്,,

      Delete
  9. ഹഹഹ... ന്‍റെ ടീച്ചറെ വളരെ നന്നായി...

    ReplyDelete
    Replies
    1. എന്റെ സുഹൃത്തെ മുബി,, നന്ദി, നന്ദി, നന്ദി.
      വായിച്ചതിനും കമന്റിട്ടതിനും പെരുത്ത് നന്ദി.

      Delete
  10. നന്നായി.
    കൊലസ്ത്രീകൾ ഇങ്ങനെയാണല്ലേ

    ReplyDelete
  11. നന്നായി.
    കൊലസ്ത്രീകൾ ഇങ്ങനെയാണല്ലേ

    ReplyDelete
    Replies
    1. റോസാപ്പൂക്കൾ,, പഴയകാലം ഓർത്തുപോയി,, നന്ദി,,
      ഇവിടെ വരുന്നതും കമന്റുകൾ വായിക്കുന്നതും ഒരു സുഖമാണ്..നമുക്കിത് തുടരാം.

      Delete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!