3.10.11

കുട്ടിയമ്മയുടെ സ്വർഗ്ഗം


                                      ദേഹമാസകലം പലവിധ രോഗങ്ങൾ കയറിയിറങ്ങിയിട്ട്, അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കെ; അനങ്ങാതെ മാസങ്ങളോളം കിടപ്പിലായിരുന്ന കുട്ടിയമ്മക്ക്, പെട്ടെന്ന് ഒരു ദിവസം എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞപ്പോൾ വളരെയധികം ആശ്ചര്യം തോന്നി. ഇപ്പോൾ കൈകാലുകൾ അനായാസം ചലിപ്പിച്ച് സഞ്ചരിക്കാം, ശരീരത്തിന്റെ ഉള്ളിലും പുറത്തുമായി ഒരു വേദനയും തോന്നുന്നില്ല. എന്തൊരു സന്തോഷം!!!! 
എന്തൊരു സന്തോഷം!!!!

                           കൺ‌പോളകൾ ഉയർത്തിയിട്ട്, ശ്രദ്ധിച്ച് നോക്കിയപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി; താൻ സ്വയം ചലിക്കുന്നതല്ല, തന്നെയാരോ ചലിപ്പിക്കുകയാണ്. ആരോ ഒരാൾ കുട്ടിയമ്മയെ അദൃശ്യമായ കയറുകൊണ്ട് കെട്ടിയിരിക്കയാണ്; അതിന്റെ അറ്റം ആ ആളുടെ കൈയിലാണ്!!
അപ്പോൾ അതാണ് കാര്യം,,,,
അയാൾ കെട്ടിയ കയറിന്റെ താളത്തിനനുസരിച്ച് കുട്ടിയമ്മ മുന്നോട്ടുള്ള ഗമനം തുടരുകയാണ്. മാസങ്ങളും വർഷങ്ങളുമായി അനുഭവിച്ച വേദനകളും യാതനകളും മാറിയിട്ട് അവർക്കിപ്പോൾ നടക്കാം, ഓടാം, ചാടാം, പറക്കാം,,, എന്തൊരു സുഖം,
എന്തൊരു സുഖം,
അവർ നടക്കുകയല്ല ഒഴുകുകയാണ്.

                           അങ്ങനെ യാത്ര തുടർന്നുകൊണ്ടിരിക്കെ കുട്ടിയമ്മക്ക് എന്തോ ഒരു പന്തികേട് മണത്തു; ഇങ്ങനെ പോയാലെങ്ങനെയാ? അവർ മുന്നിൽ നടക്കുന്ന ആളെ വിളിച്ചു,
“ഹോയ്, ഒന്നവിടെ നിൽക്ക്, എന്നെയും കെട്ടിവലിച്ച് ഇയാളെങ്ങോട്ടാ പോകുന്നത്?”
മുന്നിൽ പോകുന്ന ആൾ കേൾക്കാത്ത മട്ടിൽ യാത്ര തുടരുകയാണ്, കുട്ടിയമ്മ വീണ്ടും വിളിച്ചു,
“ഇയാള് ആരാണെന്ന് പറഞ്ഞിട്ട് നടന്നാൽ മതി; അല്ലെങ്കിൽ ഞാനീ കയറ് പൊട്ടിക്കും”
“ഹ ഹ, ഹ ഹ ഹ, ഹ ഹ ഹ ഹ,”
ഉത്തരമായി കേട്ടത് ഉഗ്രൻ പൊട്ടിച്ചിരി ആയിരുന്നു, ചിരിയുടെ ഒടുവിൽ തിരിഞ്ഞുനോക്കാതെ തന്നെ അയാൾ പറഞ്ഞു,
“ഹേ സ്ത്രീയേ, അതൊന്നും അങ്ങനെ പൊട്ടുന്നതല്ല, കർമ്മബന്ധങ്ങളുടെ ബന്ധനമായ പാശമാണത്”
“എന്നാല് ഇയ്യാള് ആരാണെന്ന് പറഞ്ഞിട്ട് നടന്നൂടെ?”

“ഞാൻ കാലൻ,, കുട്ടിയമ്മ എന്ന സ്ത്രീ അല്പസമയം മുൻപ് മരിച്ചു കഴിഞ്ഞു, ഇപ്പോഴുള്ളത് വെറും ആത്മാവാണ്. ആ ആത്മാവിനെ സ്വർഗ്ഗത്തിൽ എത്തിക്കേണ്ട ഡ്യൂട്ടി എനിക്കാണ്”
“എന്റെ കാലാ ഞാനെത്ര കാലമായി മരിക്കാൻ കാത്തിരിക്കുന്ന്; ഇപ്പഴെങ്കിലും നീ വന്നല്ലൊ മോനേ”
                         കുട്ടിയമ്മക്ക് സന്തോഷംകൊണ്ടങ്ങിരിക്കാൻ വയ്യാതായി; ഇപ്പോൾ‌തന്നെ വേദനകളെല്ലാം പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കയാണ്. ഇനി എങ്ങനെയെങ്കിലും സ്വർഗ്ഗത്തിൽ എത്തിയാൽ മതിയായിരുന്നു. സ്വർഗ്ഗമല്ലെ മുന്നിൽ!!! ഹൊ, എന്തൊക്കെ സുഖങ്ങളായിരിക്കും അവിടെ തന്നെ തന്നെയും കാത്തിരിക്കുന്നത്?
‘ദിവസേന ചിക്കൻ ബിരിയാണി തിന്നാം,
പാല് കുടിക്കാം,
ഐസ്‌ക്രീം നുണയാം,
മസാല ദോശ തിന്നാം,
അങ്ങനെയങ്ങനെ,,,,’

                         നടന്ന് നടന്ന് അവർ ഭൂമിയുടെ അറ്റത്ത് എത്തിയപ്പോൾ ഒരു വലിയ മതിൽ. അപ്പുറം പ്രവേശിക്കാനായി ആകെയുള്ള ഒരു ഇരുമ്പ്‌വാതിൽ അവരെ കണ്ടപ്പോൾ തനിയെ തുറന്നു.
അപ്പോൾ കുട്ടിയമ്മ മുന്നിലുള്ള ബോർഡ് വായിച്ചു,
“സ്വർഗ്ഗം”
                         വാതിലിന്റെ ഇടത്തും വലത്തുമായി അനേകം അറിയിപ്പുകൾ, ഒപ്പം ചിലരുടെ പേരുകളും ഉണ്ട്. അതെല്ലാം ഓരോന്നായി കുട്ടിയമ്മ വായിച്ചുകൊണ്ടിരിക്കുമ്പോൾ കാലൻ അവരെ അകത്തേക്ക് വലിച്ചു.
എന്നാൽ,
എത്രതന്നെ ബലം പ്രയോഗിച്ച് വലിച്ചിട്ടും കുട്ടിയമ്മ ഒരിഞ്ച്‌പോലും അകത്തേക്ക് കടന്നില്ല. കാലൻ അകത്തേക്ക് വലിക്കുമ്പോൾ കുട്ടിയമ്മ പുറത്തേക്ക് വലിക്കുന്നു.
അകത്തേക്ക് വലി,,,, പുറത്തേക്ക് വലി,,,
അകത്തേക്ക് വലി,,,, പുറത്തേക്ക് വലി,,,
അകത്തേക്ക് വലി,,,, പുറത്തേക്ക് വലി,,,
ഒടുവിൽ,,,
ദേഷ്യം‌കൊണ്ട് കണ്ണ് കാണാതായ കാലൻ കാര്യമറിയാനായി വാതിലിനടുത്ത് വന്ന് കുട്ടിയമ്മയോട് പറഞ്ഞു,
“അല്ല തള്ളെ,, നാട്ടിലെല്ലാരും സ്വർഗ്ഗത്തിൽ കടക്കാനായിട്ട് കൈക്കൂലിപോലും തരാൻ തയ്യാറാണ്. ഈ തള്ളക്ക് ഫ്രീആയി സ്വർഗ്ഗത്തിലേക്ക് ഒരു വിസ തന്നിട്ടും അകത്ത് കടക്കാതെ എന്നെയും‌കൂടി പൊറത്തേക്ക് വലിക്കുന്നോ?”
“ഏത് സ്വർഗ്ഗമായാലും ഞാനങ്ങോട്ടേക്കില്ല”
“അതെന്താ? തള്ളക്ക് നരകത്തിലെ എരിതീയിൽ കിടന്ന് ഫ്രൈ ആവണോ? ”
“താനെന്നെ ഏത് നരകത്തിലാക്കിയാലും, ഞാനിതിനകത്തേക്കില്ല”
“കാരണം?”
“എന്റെ കാലാ നീയൊന്ന് നോക്കിയാട്ടെ, ഇവിടെ സ്വർഗ്ഗത്തിൽ പ്രവേശനം ലഭിച്ചവരുടെ ലീസ്റ്റ് കാണുന്നില്ലെ?”
“ഉണ്ടല്ലൊ”
“അതിൽ അറുപത്തി ഏഴായിരത്തി മുന്നൂറ്റി എൺപത്തി ഒന്നാമതായി എഴുതിയ പേര് കണ്ടോ?”
“കണ്ടു”
“അതൊന്ന് വായിച്ചെ?”
“സോമശേഖരരാമവർമ്മകുഞ്ഞുമോൻചെട്ടിയാർ,,,”
“അതിയാനെ അറിയുമോ? എന്റെ കെട്ടിയോനാണ്; അഞ്ച് കൊല്ലം മുൻപ് മരിച്ച ആ മനുഷ്യൻ അയാളിവിടെയുണ്ടെങ്കിൽ ഏത് നരകത്തിൽ പോയാലും ഈ സ്വർഗ്ഗത്തിലേക്ക് ഞാനില്ലേ”

33 comments:

 1. “എന്റെ കാലാ ഞാനെത്ര കാലമായി മരിക്കാൻ കാത്തിരിക്കുന്ന്; ഇപ്പഴെങ്കിലും നീ വന്നല്ലൊ മോനേ”

  കുട്ടിയമ്മക്ക് സന്തോഷംകൊണ്ടങ്ങിരിക്കാൻ വയ്യാതായി; ഇപ്പോൾ‌തന്നെ വേദനകളെല്ലാം പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കയാണ്. ഇനി എങ്ങനെയെങ്കിലും സ്വർഗത്തിൽ എത്തിയാൽ മതിയായിരുന്നു. സ്വർഗമല്ലെ മുന്നിൽ!!! ഹൊ, എന്തൊക്കെ സുഖങ്ങളായിരിക്കും അവിടെ തന്നെ തന്നെയും കാത്തിരിക്കുന്നത്?

  ഹ ഹ ഹ ഹ.. വെറുതെ മനുഷ്യരെ കൊതിപ്പിക്കരുത്,ട്ടോ..

  ReplyDelete
 2. സോമശേഖരരാമവർമ്മകുഞ്ഞുമോൻചെട്ടിയാർ,,,

  എന്താ ടീച്ചറെ ഇത്? ഒരുമാതിരി ചെറിയാന്‍ നമ്പൂതിരി, മേരി തമ്പുരാട്ടി എന്നൊക്കെ പറയുന്നപോലെ!

  ReplyDelete
 3. കുട്ടിയമ്മക്ക് ബുദ്ധിയില്ല.
  സ്വര്‍ഗത്തില്‍ കടന്നു സോമശേഖരരാമവർമ്മകുഞ്ഞുമോൻചെട്ടിയാരെ തുരത്തി പുറത്തുചാടിച്ച് നരകത്തില്‍കേറ്റാന്‍ പെണ്ണുങ്ങള്‍ക്കുണ്ടോ വല്ല പ്രയാസവും!
  പെണ്ണൊരുമ്പെട്ടാല്‍ എന്നല്ലേ ചൊല്ല്....

  ReplyDelete
 4. അതു ശരിയാ! കുട്ടിയമ്മ പറഞ്ഞത് ശരി തന്നെയാ......

  ReplyDelete
 5. സത്യത്തില്‍ കുട്ടിയമ്മ സ്വര്‍ഗത്തില്‍ കയറാത്തത് വേറൊന്നും കൊണ്ട് ആയിരിക്കുകയില്ല.ജീവിതത്തില്‍ ഈ പറയുന്ന ചെട്ടിയാരെ ശെരിക്കും പാടു പെടുത്തിക്കാനും. അപ്പോള്‍ കണ്ട വശം ചെട്ടിയാര്‍ ചോദിക്കില്ലേ,"എനിക്ക് ഇവിടെയും സ്വൈര്യം തരില്ലേ" എന്ന്..അല്ലാതെ പേടിച്ചിട്ട് ആയിരിക്കില്ല..നാണം കൊണ്ടായിരിക്കും..

  ReplyDelete
 6. ശരിക്ക് ചെട്ടിയാർ പറയേണ്ട ഡയലോഗാ..ഇത് കേട്ടൊ ടീച്ചറേ

  ReplyDelete
 7. കുട്ടിയമ്മ സ്വര്‍ഗത്തില്‍ കയറിയാല്‍ ആനിമിഷം
  ചെട്ടിയാര്‍ സ്വയം നരകത്തിലേക്ക് പോയേക്കും
  ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചെട്ടിയാര്‍ വിവാഹ സര്‍ട്ടിഫിക്കറ്റില്‍
  എക്സ്‌പയറീ ഡേറ്റ് എന്നാണ് കഴിയുന്നത്‌ എന്ന് കുട്ടിയമ്മയെ കെട്ടിയ
  അന്നുമുതല്‍ നോക്കുമായിരുന്നു .
  പ്ലീസ് കുട്ടിയമ്മേ സ്വര്‍ഗത്തിലെങ്കിലും ചെട്ടിയാരെ വെറുതെ വിടണേ

  ReplyDelete
 8. കുട്ടിയമ്മ ആള് കൊള്ളാമല്ലോ .

  ReplyDelete
 9. പറഞ്ഞു പഴകിയ ഒരു ത്രെഡാണിത്.എന്നാലും അവതരണ ഭംഗി കൊണ്ട് വിരസമല്ലാത്ത വായന സമ്മാനിച്ചു എന്ന് പറയാം.സംസർഗ്ഗം കൊണ്ടാണോന്നറിയില്ല,പോസ്റ്റിന്റെ നീളം പാകത്തിന് ചുരുക്കിയിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിച്ചു.നീളമളന്ന് നോക്കാതെയാണ് വായന തുടങ്ങിയത്. പക്ഷേ പെട്ടെന്ന് തീർന്നു.101 ആശംസകൾ

  ReplyDelete
 10. അല്ല, പണ്ടു പാദസരമിട്ടു കാലു ചൊറിഞ്ഞു നടന്നിരുന്ന മൂപ്പത്തി തന്നെയാണോ ഈ കുട്ടിയമ്മ?.

  ReplyDelete
 11. @മുകിൽ-,
  ആദ്യമായി അഭിപ്രായം എഴുതിയതിന് നന്ദി.
  @Gurudas Sudhakaran-,
  ആരെയും വെറുപ്പിക്കുന്നില്ല, ഇരിക്കട്ടെ അങ്ങനെയൊരു പേര്; അഭിപ്രായം എഴുതിയതിന് നന്ദി.
  @ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
  അങ്ങനെയായാൽ ഭൂമിയിലെ പണി അവിടെയും ചെയ്യണമല്ലൊ; അഭിപ്രായം എഴുതിയതിന് നന്ദി.
  @Echmukutty-,
  ജീവിച്ചിരുന്നപ്പോൾ സ്വാതന്ത്ര്യം കിട്ടാത്ത അവർ മരിച്ചുകഴിഞ്ഞ് ഇത്തിരി സ്വാതന്ത്ര്യം കൊതിച്ചിരിക്കാം. അഭിപ്രായം എഴുതിയതിന് നന്ദി.
  @SHANAVAS-,
  മരിച്ചതിനുശേഷം അവർ കണക്ക് ചോദിക്കുമെന്ന് പേടിച്ചിരിക്കും. ജീവിച്ചിരിക്കുമ്പോൾ അവർക്ക് മടുത്തിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.-,
  ചെട്ടിയാർ അങ്ങനെയൊരു ഡയലോഗ് പറയുമെന്ന് പേടിച്ചിരിക്കാം. പിന്നെ അടികൂടാതെ എങ്ങനെ സ്വർഗ്ഗത്തിൽ ജീവിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 12. @കെ.എം. റഷീദ്-,
  അങ്ങനെ പോകുന്ന കൂട്ടത്തിലായിരിക്കില്ല. കുട്ടിയമ്മയെ കാണുമ്പോൾ ചെട്ടിയാർ സന്തോഷിക്കും. ‘ഇനി തനിക്ക് പുറം തടവാനും തുണിയലക്കി തരാനും ചോറ് വാരിത്തരാനും വെള്ളം ചൂടാക്കി കുളിപ്പിക്കാനും ഒരാളായല്ലൊ’ എന്ന്. അഭിപ്രായം എഴുതിയതിന് നന്ദി.
  @ലീല എം ചന്ദ്രന്‍..-,
  കൊള്ളാം; അഭിപ്രായം എഴുതിയതിന് നന്ദി.
  @വിധു ചോപ്ര-,
  പോസ്റ്റിന്റെ നീളം കുറച്ചത് നർമവേദിയിൽ അവതരിപ്പിക്കുന്നതു കൊണ്ടാണ്. ആ വയോജന കൂട്ടായ്മയിലും നർമവേദിയിലും ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോൾ തോന്നിയതാണ്. അടുത്തുതന്നെ ഒരിടത്ത് അവതരിപ്പിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
  @Mohamedkutty മുഹമ്മദുകുട്ടി-,
  ഇത് മുൻപ് കാല് ചൊറിഞ്ഞ, ആ കുട്ടിയമ്മയുടെ അമ്മൂമ്മയുടെ കഥയാണ്. അമ്മൂമ്മയെ ഭൂമിയിലേക്ക് തന്നെ തിരിച്ചയച്ചെന്നും പറയപ്പെടുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 13. അവിടേയും പാദസേവ തന്നെയോ എന്നു ഭയന്നിട്ടാവും ല്ലേ കുട്ടിയമ്മ സ്വര്‍ഗം വേണ്ടെന്ന് വേച്ചത്...?

  ReplyDelete
 14. ഹഹഹ! ഇഷ്ടായ്.. നല്ല കഥ.. അത് പോട്ടെ.. ടീച്ചറെങ്ങടാ.. സ്വര്‍ഗ്ഗത്തിലേക്കൊ അതോ.... :)

  ReplyDelete
 15. @കുഞ്ഞൂസ് (Kunjuss)-,
  അത് ശരിയാ,,, സ്വന്തം കാര്യം നോക്കാൻ ഒരു നേരം വേണ്ടെ? അഭിപ്രായം എഴുതിയതിന് നന്ദി.
  @സ്വന്തം സുഹൃത്ത്-,
  എനിക്കീ ബൂലോകം മതി; അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 16. ഒരു നര്‍മത്തിന്‍ രസത്തിന് വേണ്ടി ഭാര്യ ഭ്ര്ത്യ ബന്ധത്തെ ഇങ്ങനെ വളച്ചൊടിക്കാം എന്നത് അല്ലാതെ യഥാര്‍ത്ത്യ ജീവിതത്തിന്‍ നമ്മളുടെ ഇണ എവിടെ ആണ് ഉള്ളത് അവിടം തന്നെ അല്ലെ ആഗ്രഹിക്കുക ഏതായാലും ക്ലൈമാക്ഷ് നന്നായി ഇതിനു മുന്പും കോമഡി ശോകളിലോക്കെ ഈ ത്രെഡ് കണ്ടിട്ടുണ്ട് (ഒരു കുറ്റ പെടുത്തല്‍ ആയി ഇതിനെ കാണരുത് മിനി ടീച്ചര്‍ ഗുരു സ്ഥാനത് ആണ് കൊമ്പന് )

  ReplyDelete
 17. കുട്ടിയമ്മയുടെ ശല്യം കൊണ്ട് ആയുസ് തിര്‍ന്ന ആ കെട്ട്യോനെ കാണാനുള്ള മടി കൊണ്ടാവും അല്ലേ.. !

  ReplyDelete
 18. ബഷീർ പറഞ്ഞതാവും ശരി..കുറ്റബോധം കുറ്റബോധം..
  എഴുത്തിഷ്ടപ്പെട്ടു..

  ReplyDelete
 19. നന്നായിട്ടുണ്ട്

  ReplyDelete
 20. ഹാ ഹാ ഹാ പാവം കെട്ടിയോന്‍.ഈ കെട്ടിയവളുമാരെല്ലാം ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും ടീച്ചറെ
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 21. വേദനകളെല്ലാം പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കയാണ്.

  :)

  ReplyDelete
 22. കൊള്ളാം , നല്ല നര്‍മ്മം

  ReplyDelete
 23. ഈ കുട്ടിയമ്മന്‍റെ ഒരു കാര്യം........:)

  ReplyDelete
 24. പാവം കെട്ട്യോൻ!

  സ്വർഗത്തിൽ കേറിയെങ്കിൽ ഓൻ നല്ല മൻഷേൻ തന്നെ.

  പിന്നെന്തിനാ ആ കുട്ട്യമ്മ ഇങ്ങനൊക്കെ?

  ReplyDelete
 25. സ്വര്‍ഗ്ഗത്തില്‍ ഇവരെയൊക്കെ സഹിക്കേണ്ടിവരുന്ന ദൈവത്തിന്റെ കാര്യമോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു

  ReplyDelete
 26. ഹല്ല പിന്നെ അവിടെ സ്വര്യം തരില്ലനു വച്ചാല്‍ പിന്നെ

  ReplyDelete
 27. സൂപ്പർബ്... സാധാരണ അമ്മച്ചിമാർ സ്ഥിരം പറയുന്ന ഒരു കാര്യത്തെ വളരെ സുന്ദരമായ ഒരു ചിത്രീകരണം ആയി അവതരിപ്പിച്ചിട്ടുണ്ട്.. ആളൊരു മിനി-പുലിയാ!

  ReplyDelete
 28. ഇസ്മായില്‍ കുറുമ്പടി (തണല്‍) said...
  കുട്ടിയമ്മക്ക് ബുദ്ധിയില്ല.
  സ്വര്‍ഗത്തില്‍ കടന്നു സോമശേഖരരാമവർമ്മകുഞ്ഞുമോൻചെട്ടിയാരെ തുരത്തി പുറത്തുചാടിച്ച് നരകത്തില്‍കേറ്റാന്‍ പെണ്ണുങ്ങള്‍ക്കുണ്ടോ വല്ല പ്രയാസവും!
  പെണ്ണൊരുമ്പെട്ടാല്‍ എന്നല്ലേ ചൊല്ല്.... <<< ഇതും സൂപർ..! ഹല്ല പിന്നെ..

  ReplyDelete
 29. ‌@കൊമ്പന്‍-,
  സാധാരണയുള്ളതിൽ നിന്നും വ്യത്യസ്ഥമായുള്ളവരാണല്ലൊ കഥാപാത്രമായി വരുന്നത്,, അഭിപ്രായം എഴുതിയതിന് നന്ദി.
  @ബഷീര്‍ പി.ബി.വെള്ളറക്കാട്‌-, @പഥികൻ-, @Naushu-, @പഞ്ചാരകുട്ടന്‍ -malarvadiclub-,
  കുട്ടിയമ്മക്ക് ഒറ്റയ്ക്ക് ജീവിച്ച് രസം പിടിച്ചിരിക്കയാ,, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
  @കുമാരന്‍ | kumaran-,
  രണ്ടും കടക്കട്ടെ,, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 30. @AFRICAN MALLU-, @lulu-, @jayanEvoor-,
  എന്റെ ഡോക്റ്ററെ, കെട്ടിയോൻ നല്ലവനാണെങ്കിലും കുട്ടിയമ്മക്ക് അങ്ങനെ തോന്നണ്ടെ? അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.
  @ajith-,
  കഷ്ടം തന്നെയാ,,, അഭിപ്രായം എഴുതിയതിന് നന്ദി.
  @mottamanoj-,
  അപ്പോൾ കാര്യം പിടികിട്ടി,, അഭിപ്രായം എഴുതിയതിന് നന്ദി.
  @uNdaMPoRii-,
  വലിയ പുലി തന്നെയാ,,, അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 31. ഹഹഹഹ.....സോമശേഖരരാമവർമ്മകുഞ്ഞുമോൻചെട്ടിയാർ!!!! ഒരു ഒന്നന്നര പേര്!!! ടീച്ചറെ, കലക്കീട്ടുണ്ട് കേട്ടോ?

  ReplyDelete
 32. @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 33. ബിലാത്തിയുടെ കമന്റ് കുറേ ചിരിപ്പിച്ചു...

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!