18.3.12

ദാസേട്ടനും ലതാന്റിയും നർമവേദിയിൽ


ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം,,,
ചിരിയുടെ അമിട്ടിന് തിരികൊളുത്താം,,,,
,,,,,,,,,
,,,,,,,,,
അതിരാവിലെ സുഖസുഷുപ്തിയിൽ ലയിച്ച് താഴ്ന്നുകൊണ്ടിരിക്കെ മൊബൈൽ കൊളുത്തിവിട്ട അമിട്ട്‌കേട്ട് അരിശം‌വന്ന ‘ശശിസാർ’, അദ്ദേഹത്തിന്റെ ഒരേഒരു ഭാര്യയായവളെ വിളിച്ചുകൂവി,
“എടി കെട്ടിയവളെ?”
വിളി കേട്ടഉടനെ അടുക്കളയിൽ നിന്ന് അഞ്ചാം‌നമ്പർ ദോശ മറിച്ചിട്ടശേഷം അതേ ചട്ടുകവും ഉയർത്തിക്കൊണ്ട്, നല്ലപാതിയാം അവൾ നേരെ ബെഡ്‌റൂമിൽ കടന്ന്‌വന്ന് ചോദിച്ചു,
“അങ്ങേക്ക് എന്ത്‌പറ്റി, നാഥാ?”
“നിന്റെ ചെവി പൊട്ടിപോയോ?”
“ഇല്ല”
“ആ മൊബൈൽ വിളിച്ചുകൂവുന്നത് കേട്ടില്ലെ?”
“കേട്ടു”
“എന്നിട്ട് അതൊന്നെടുത്ത് നിനക്ക് അറ്റന്റ് ചെയ്താലെന്താ?”
“എന്റെ കൈയിൽ ചട്ടുകം കാണുന്നില്ലെ?”
“എടീ ചട്ടുകം അവിടെ വെച്ചിട്ട് മൊബൈൽ എടുത്തുകൂടായിരുന്നോ?”
ആനിമിഷം അവളുടെ ഉള്ളിൽ‌നിന്നും അസ്സൽ വീട്ടമ്മയുടെ തനിനിറം പ്രത്യക്ഷപ്പെട്ട് വായിലൂടെ അമിട്ട് പൊട്ടാൻ തുടങ്ങി,
“അതെന്താ നിങ്ങളുടെ മൊബൈൽ നിങ്ങൾക്ക് എടുത്ത്‌കൂടായിരുന്നോ? എന്നെ വിളിച്ച്‌കൂവുന്ന നേരത്ത് ആ പണ്ടാരം കൈനീട്ടി എടുത്ത് ചെവിയിൽ വെച്ചാലെന്താ?”
ശേഷം മൂന്ന്‌തവണ ചട്ടുകം വായുവിൽ വീശിയിട്ട്, കാറ്റായി വന്നവൾ ഒരു കൊടുങ്കാറ്റായി രൂപാന്തരപ്പെട്ട് വന്നവഴിയെ തിരിച്ചുപോയി.

നർമവേദിയിൽ കുരുമുളക് സപ്ലൈ ചെയ്യുന്ന ശശിസാർ
                           അതിരാവിലെതന്നെ സ്വന്തം ഭാര്യയിൽ‌നിന്നും കിട്ടിയതെല്ലാം അതേപടി കേട്ടശേഷം ശശിസാർ കമ്പിളിപുതപ്പിന്റെ ഒരു വിടവിലൂടെ കൈമാത്രം നീട്ടി, അരുമയായ മൊബൈൽ എടുത്ത് മിസ്‌കോൾ നോക്കിയിട്ട് നിർവികാരനായി കിടന്നു. പെട്ടെന്ന് മൊബൈൽ ഒന്ന് വിറച്ചു,, അതോടൊപ്പം വീണ്ടും അമിട്ട് പൊട്ടാൻ തുടങ്ങി,
 ‘ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം,,,
ചിരിയുടെ അമിട്ടിന് തിരികൊളുത്താം,,,,’
രണ്ടാമത്തെ അമിട്ടിന് തിരികൊളുത്തുന്നതിന് മുൻപ് അതിന്റെ നെഞ്ചത്തൊന്ന് കുത്തി,
“ഹലോ”
“ഹലോ ഇത് നർമവേദിയല്ലെ? കണ്ണൂ.”
കിളിമൊഴി ‘ഊര്’ പൂർത്തിയാക്കുന്നതിനുമുൻപ് കമ്പിളിപുതപ്പ് വലിച്ചെറിഞ്ഞ് പൂർണ്ണകായനായി വെളിയിൽ‌വന്ന് മറുപടി പറഞ്ഞു,
“ഇത് നർമവേദി തന്നെയാ,, ഞാൻ ശശിസാർ, താങ്കൾ?”
“ഞാൻ ഇന്നത്തെ പത്രത്തിലൊരു വാർത്ത വായിച്ചിട്ട് വിളിക്കുകയാ, അടുത്ത ശനിയാഴ്ച ഒരു മത്സരം ഉണ്ടെന്ന് കേട്ടു”
“ആ മത്സരം ഉണ്ട്”
“അതിൽ എനിക്കൊരു സീറ്റ് ബുക്ക് ചെയ്യണം”
“അങ്ങനെ ബുക്ക് ചെയ്യുകയൊന്നും വേണ്ട, നിങ്ങൾ വന്നാൽ മതി”
“അല്ല പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞിട്ട് കൊടുത്തത് ഈ നമ്പറാണ്, എന്റെ പേരൊന്ന് രജിസ്റ്റർ ചെയ്യുമോ?”
“ചെയ്യാമല്ലൊ, ഒന്ന് പെന്നും കടലാസും എടുക്കട്ടെ,,”
അപ്പോൾ കക്ഷി വിളിക്കുന്നത് മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറായിട്ട് തന്നെയാണ്, കടലാസ് നിവർത്തി പേന ഞെക്കി,
“പറഞ്ഞോളു”
“ശ്രീകല സുകുമാരി രമാദേവൻ നമ്പ്യാർ കേരളലക്ഷ്മി”
“അല്ല ഇതിപ്പം എത്രയാളാ?”
“ഞാനൊരാൾ മാത്രമേയുള്ളു സാർ, എന്റെ ഹസിന് പാട്ടെന്ന്‌കേട്ടാൽ അലർജ്ജിയാ”
“വളരെ നല്ല ഹസ്, പിന്നെ സമയത്ത്‌തന്നെ വരണം”
“ശരി”
കേരളലക്ഷ്മി ഔട്ട് ആയതോടെ അദ്ദേഹത്തിന്റെ ചിന്തകൾ ബെഡ്‌റൂമിലേക്ക് തിരിച്ചുവന്നശേഷം പെട്ടെന്ന് ഔട്ടായി,,
ഒന്നാം സ്ഥാനക്കാരനെയും കാത്ത്,,, നർമ ട്രോഫി
നേരെ നർമവേദിയിലേക്ക്,,,

                                  കത്തി, കഠാരി, കുന്തം, കുറുവടി, തോക്ക്, ബോംബ്, കല്ല്, പുല്ല്, പാര ആദിയായ മികച്ചയിനം ഉപകരണങ്ങൾ അന്യോന്യം പ്രയോഗിച്ച് ശീലിച്ച കണ്ണൂർക്കാർക്കിടയിൽ ചിരിയും കളിയുമായി ആറ് കൊല്ലം‌മുൻപ് കടന്നുവന്നതാണ് നർമവേദി. കണ്ണൂരിലെ വി.ഐ.പി. കളായ എതാനും‌പേർ ഒത്തൊരുമിച്ചൊരു ഗാനം പാടി നടത്തിക്കൊണ്ട്‌പോകുന്ന നർമവേദിക്ക് പ്രായം,,,
എന്നും .പതിനെട്ടാണ്.
നർമവേദി, ദീപാവലി ആഘോഷം
                                    കണ്ണൂരിന്റെ സ്വന്തമായ നർമവേദി ആറ് വർഷം വിജയകരമായി പൂർത്തിയാക്കിയ നേരത്തും കാലത്തുമായി ചിരിച്ചും കളിച്ചും കൊണ്ട്, പുതുമ മാറാതെ എന്നെന്നും ആഘോഷതിമർപ്പിലാണ്. മാസത്തിൽ ഒരു ദിവസത്തെ സായാഹ്നം നർമവേദിയോടൊത്ത് ചെലവഴിച്ചാൽ മറ്റുദിവസങ്ങളിലെ ടെൻഷൻ ഒഴിവായിക്കിട്ടും എന്നാണ് അനുഭവം.
“പ്രഭാകരൻ മാഷെ, ഇന്നെന്താ പരിപാടി?”
               എല്ലാ മാസവും പുതുപുത്തൻ പരിപാടികൾ നർമവേദിയിൽ ഉണ്ടാവും. ആറ് വർഷത്തിനിടയിൽ ഒരിക്കൽ‌പോലും ഒരേയിനം മത്സരപരിപാടി രണ്ട്‌തവണ നടത്തേണ്ടിവന്നിട്ടില്ല. പുതുമയുള്ള മത്സര ഇനങ്ങൾ കണ്ടെത്തുന്നതിൽ ‘പ്രഭാകരൻ മാഷിനുള്ളത്ര മിടുക്ക്’ മറ്റാർക്കും ഇല്ലെന്ന് പറയാം.

നർമവേദി മാജിക്ക് നോക്കിയിരിക്കുന്ന ഇസ്മയിൽ ഷാ
        അപ്പോൾ ഈ മാസം ഏത് മത്സരമായിരിക്കും നടത്തുന്നത്? അതിനെക്കുറിച്ച് പറഞ്ഞതായിരുന്നു, എന്നാലും മറന്നുപോയി,, ഇന്നത്തെ പത്രം വായിച്ചുനോക്കട്ടെ,, 
അപ്പോഴേക്കും ചിരിയുടെ അമിട്ട് വീണ്ടും പൊട്ടി, അതിന്റെ നെഞ്ചത്ത് വീണ്ടുമൊന്ന് കുത്തി,
“ഹലോ ഇതാരാ?”
ഒരാളുടെ മൊബൈലിൽ വിളിച്ചിട്ട് അയാൾ ആരാണെന്ന് അറിയണം പോലും! പറഞ്ഞേക്കാം,
“ഞാൻ ശശിസാർ, താങ്കളാരാണ്?”
എനിക്ക് നർമവേദിയിലെ ആളെയാണ് വേണ്ടത്”
“അത് ഞാൻ തന്നെയാണ്”
“സാർ എനിക്ക് ഒരു സീറ്റ് ബുക്ക് ചെയ്യണം”
“സീറ്റ് ബുക്ക് ചെയ്യാനോ? അതിനിത് ബുക്കിംഗ് സെന്ററൊന്നും അല്ല”
“നർമം പറയാതെ സാറെ, നർമവേദി ശനിയാഴ്ച നടത്തുന്ന പരിപാടിക്ക് എനിക്കും എന്റെ ഭാര്യക്കും ഒരോ സീറ്റ് വേണം. എത്ര പണം വേണമെങ്കിലും തരാം”
“അയ്യോ പണമൊന്നും വേണ്ട, നിങ്ങൾ നേരെയങ്ങ് വന്നാൽ മതി”
“എന്നാലും നമ്മളെ പേരൊന്ന് റജിസ്റ്റർ ചെയ്തെ,,,”
“അപ്പോൾ പരിപാടിയിൽ പങ്കെടുക്കാൻ തന്നെ,, എന്നാൽ പേരൊന്ന് പറഞ്ഞെ”
“അവളുടെ പേര് സാനിയ റാം, എന്റെ പേര് കുഞ്ഞിരാമൻ”
“അപ്പോൾ ശരി”
“പിന്നെ സാറെ, ഞങ്ങൾക്ക് മുന്നിൽ‌തന്നെ സീറ്റ്‌വേണം; എന്നാലെ മത്സരം ശരിക്ക് കാണത്തുള്ളു”
“അത് പരിപാടി നാല് മണിക്ക് ആരംഭിക്കും. നിങ്ങൾ നേരത്തെ വന്നാൽ മതി”
“അത് സാർ,,,”
ഇന്നത്തെ പ്രോഗ്രാം?
                          ബാക്കി കേൾക്കാൻ നിൽക്കാതെ മൊബൈൽ ഓഫാക്കി; ഇനി ഇന്നത്തെ പത്രം വായിച്ചിട്ട് മറ്റുകാര്യങ്ങൾ. അതിരാവിലെ വിളിച്ചുണർത്തി ബുക്ക് ചെയ്യാൻ‌മാത്രം ഏത് മത്സരമായിരിക്കും, പ്രഭാകരൻ മാസ്റ്റർ ആസൂത്രണം ചെയ്തത്?

വരാന്തയിലിറങ്ങിയതോടെ വീണ്ടും അമിട്ട് പൊട്ടാൻ തുടങ്ങി,
‘ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം,,,
ചിരിയുടെ അമിട്ടിന് തിരികൊളുത്താം,,,,’
അമിട്ടിന്റെ നെഞ്ചത്ത് കുത്തിയിട്ട് ഹലോ പറഞ്ഞു, ഇത്തവണ ഒരു കുഞ്ഞിന്റെ ശബ്ദം,
“ഹലോ ശശിസാറല്ലെ?”
“അതെ മോനെ, ആരാണ്?”
“അങ്കിൾ ഞാൻ ചിപ്പുമോനാണ്, എനിക്ക് ശനിയാഴ്ച നർമവേദിക്ക് ഒരു ഫ്രീ ടിക്കറ്റ് തരാമോ?”
“നർമവേദിക്ക് ടിക്കറ്റൊന്നും ഇല്ല മോനെ, മോനോട് ഇതാരാ പറഞ്ഞത്?”
“പ്ലീസ് അങ്കിൾ ഞാനൊരു കൊച്ചുകുഞ്ഞല്ലെ,,, അന്റെ മമ്മിയാ അങ്കിളിനെ വിളിക്കാൻ പറഞ്ഞത്”
അപ്പോൾ എല്ലാ കുഞ്ഞിന്റെ പിന്നിലും ഒരോ മമ്മിയുണ്ട്,
“മോൻ മമ്മിക്കൊന്ന് ഫോൺ കൊടുത്തേ”
“മമ്മീ ഇതാ അങ്കിൾ വിളിക്കുന്നു”
“സാർ ഞാനൊരുതവണ നർമവേദിക്ക് വന്നതാണ്, പോലീസ് ക്ലബിൽ”
“അത് ടിക്കറ്റൊന്നും ഇല്ല, നിങ്ങൾ മോനെയും കൂട്ടി നേരെ പോലീസ് ക്ലബ്ബിൽ വന്നാൽ മതി”
“അതെങ്ങനെയാ സാർ പോലീസ് ക്ലബ്ബിൽ,,, ഇത് വലിയ പരിപാടിയല്ലെ; ധാരാളം ആളുകൾ വരുമ്പോൾ നിങ്ങള് ഏതെങ്കിലും ഓഡിറ്റോറിയം ബുക്ക് ചെയ്യുന്നതല്ലെ നല്ലത്”
“അതൊക്കെ വലിയ ചെലവാണ്, നിങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പേര് പറഞ്ഞാട്ടെ”
“എന്റെ പേര് വിലാസിന ഗ്രിം, മോൻ ശ്രീനവ് ഗ്രിം”
“അപ്പോൾ ഈ ‘ഗ്രിം’ വരുന്നില്ലെ?”
“അത് സാറെ ഒരഡ്ജസ്റ്റ്‌മെന്റാണ്,, കൂടെ ചേർക്കാൻ ഏതെങ്കിലും ഒരുത്തന്റെ പേര് വേണമല്ലൊ. പിന്നെ മോന് നാല് വയസ്സാണ്, അവന് ടിക്കറ്റില്ലാതെ ഒന്ന് അഡ്ജസ്റ്റ് ചെയ്തുകൂടെ?”
“അത് ടിക്കറ്റൊന്നും വേണ്ട, രണ്ടുപേരും വന്നാൽ മതി”

                               അങ്ങനെ അഡ്‌ജസ്റ്റ്‌മെന്റ് ഓഫാക്കിയതിനുശേഷം പത്രം കാണാനായി തിരക്കിട്ട് വരാന്തയിൽ വന്നപ്പോൾ മാതൃഭൂമിയും മനോരമയും തുറന്ന് മലർന്ന് കിടക്കുകയാണ്. പേജുകൾ ഓരോന്നായി ഓടിനടന്ന് വായിച്ചപ്പോൾ സംഭവം കണ്ടു;
പതിനാലാം പേജിൽ വാർത്തയുണ്ട്,
‘യേശുദാസ് ലതാമങ്കേഷ്‌ക്കർ ഗാനാലാപന മത്സരം’
പഴം തീറ്റി മത്സരം
ഉഗ്രൻ പരിപാടിയാണല്ലൊ പ്രഭാകരൻ മാസ്റ്റർ കണ്ടുപിടിച്ചത്,, ചിരി മത്സരം, ചിത്രരചന മത്സരം, ക്വിസ് മത്സരം, കോമഡി ഗാന മത്സരം, മാജിക്ക് മത്സരം, പഴം‌തീറ്റി മത്സരം, ചിരിപ്പിക്കൽ മത്സരം എന്നിവയിലെല്ലാം ആവേശം മൂത്ത് പങ്കെടുത്ത കണ്ണൂർക്കാർക്ക് പുത്തൻ അനുഭവമായി യേശുദാസ് ലതാമങ്കേഷ്ക്കർ ഗാനാലാപന മത്സരവും. രണ്ട് മത്സരവും ഒന്നിച്ച് നടത്തുന്നതിന് പകരം വേറെ വേറെ നടത്തിക്കൂടായിരുന്നോ?
ഒന്ന് വിളിച്ചുനോക്കട്ടെ,
“ഹലോ പ്രഭാകരൻ മാഷല്ലെ?”
“അതെ, ശശിസാറല്ലെ? ഇന്നത്തെ വാർത്ത വായിച്ചിരിക്കും. പേര് വരാൻ തുടങ്ങിയോ?”
“പേരൊക്കെ രാവിലെതന്നെ വരുന്നുണ്ട്, പിന്നെ”
“പിന്നെ, എന്ത്”
“പിന്നെ ഈ രണ്ട് മത്സരവും ഒന്നിച്ച് നടത്തണമായിരുന്നോ? ഒന്ന് നമ്മുടെ മലയാളവും മറ്റത് ഹിന്ദിയും,,,”
“ഒന്നിച്ചല്ലാതെ? സംഗീതലോകത്ത് ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ ലതാമങ്കേഷ്ക്കറെയും സംഗീത സപര്യയുടെ സുവർണ്ണജൂബിലി ആഘോഷിക്കുന്ന യേശുദാസിനെയും ആദരിക്കാനാണ് ഇങ്ങനെയൊരു പരിപാടി നടത്തുന്നത്. നമുക്കത് വേറെ വേറെ മാർക്കിടാം”
“അത്ശരി, ധാരാളം ആളുകൾ ഉണ്ടാവുമെന്നാണ് തോന്നുന്നത്”
“പേരൊക്കെ വാങ്ങിക്കൊ”
“ഞാനിന്ന് ചായപോലും കുടിച്ചില്ല, ഒരു നർമവിളിയേ”
“അതിന് രാവിലെത്തെ ചായക്ക് പകരം രണ്ട് നർമം കഴിച്ചാൽ മതി”
മത്സരം ആരംഭിക്കുന്നു, ഇനി മാർക്കിടാം
സാധാരണ തമാശ പറയാത്ത റിട്ടയേർഡ് അദ്ധ്യാപകനായ പ്രഭാകരൻ മാസ്റ്റർ വല്ലപ്പോഴും പറയുന്ന തമാശകൾക്ക് പ്രത്യേക മധുരമാണ്. രാവിലത്തെ ചായക്ക് മധുരം കുറഞ്ഞാലും ഇനി പ്രശ്നമില്ല.

ഫോൺ വെച്ചപ്പോഴേക്കും അതാ വരുന്നു അടുത്ത അമിട്ട്,
“ഹലോ”
“ഇത് നർമവേദിയാണോ?”
“അതേ, നർമം ശശിസാർ, ആരാണിത്?”
“ഞാൻ വിളിക്കുന്നത് പാർട്ടിയാപ്പീസിൽ നിന്നാണ്; ശനിയാഴ്ചത്തെ പ്രോഗ്രാമിന് ഞങ്ങളെ ആൾക്കാർക്ക് കൊറച്ച് ഫ്രീടിക്കറ്റ് വേണം”
“അത് ടിക്കറ്റ് വെച്ചുള്ള പരിപാടിയല്ലല്ലൊ, താല്പര്യമുള്ളവർക്കൊക്കെ വരാമല്ലൊ”
“അതെങ്ങനെയാ എല്ലാവരും വന്നാൽ? കണ്ട അലവലാതീസൊക്കെ വന്ന്‌കേരുന്ന പരിപാടിക്ക് നമ്മളെ കിട്ടില്ല. ഉയർന്ന ടിക്കറ്റ് നിരക്കുള്ള പരിപാടിയാണെങ്കിൽ മാത്രം ഞങ്ങൾക്ക് ഫ്രീയായിട്ട് ടിക്കറ്റ് തന്നാൽ മതി”
“ശരി”
പിന്നെ,,, ഈ നർമവേദി ടിക്കറ്റ്‌വെച്ച് നടത്താനോ? ഏത് പാർട്ടിയാപ്പീസായാലും പോയിതുലയട്ടെ; ചിരിക്കൂട്ടായ്മക്കെന്ത് പാർട്ടി? അവർക്ക് ടിക്കറ്റ്‌വെച്ച് നടത്തുന്ന പരിപാടി മാത്രം കണ്ടാൽ മതിപോലും; ഓസിന് കിട്ടിയാൽ ആസിഡും കുടിക്കുന്ന വർഗ്ഗം.
അപ്പോഴതാ വീണ്ടും ഫോൺ,,,
ഇത്തവണ പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ ബുക്കിങ്ങാണ്. പെരും അഡ്രസും എഴുതിയെടുത്തു.

നർമ പഠനക്ലാസ്സ്, ശശിസാറിന്റെ വക
                                  അങ്ങനെ നർമവിളിയുടെ അമിട്ട് അഞ്ച്‌പത്തെണ്ണം തുടർന്നപ്പോൾ ശശിസാറിനൊരു സംശയം, ‘ഇത്രയധികം ആൾക്കാർ പാട്ട് പാടാനായി വന്നുചേരുക! നർമവേദിയുടെ വകയായി മത്സരങ്ങൾ ആരംഭിച്ചതിനുശേഷം ആദ്യമായാണ് മത്സരാർത്ഥികളുടെ ഇങ്ങനെയൊരു തള്ളിക്കയറ്റം കാണുന്നത്. അതിലൂടെ ‘കണ്ണൂർ’ അറിയപ്പെടുന്നത് വളരെ നല്ല കാര്യമാണല്ലൊ, എന്നാലും’
പ്രഭാകരൻ മാഷെ ഒന്ന് വിളിച്ചാലോ?, വേണ്ട വരുന്നവർ വരട്ടെ. ആളുകൾ അധികമാണെങ്കിൽ ആ നേരത്ത് ഏതെങ്കിലും ഹാൾ ബുക്ക് ചെയ്യാം.

                                  ചായ കുടിക്കാൻ തുടങ്ങിയപ്പോൾ അതാ വീണ്ടും ചിരിയുടെ അമിട്ട്, ഫോണെടുത്ത് കൈയിൽ‌തന്ന ഇളയസന്താനം പറഞ്ഞു,
“ഈ പപ്പക്ക് ഇന്ന് കോളടിച്ച മട്ടാണല്ലൊ”
“അതുപിന്നെ നർമവേദിയെക്കുറിച്ച് നിനക്കെന്താറിയാം?”
“ഞാനില്ലേയ്”
അവളുടെ കൈയിൽ‌നിന്ന് ഫോൺ വാങ്ങി ഓക്കെ അമർത്തി,
“ഹലോ? ഇത് ശശിസാറാണ് നർമവേദി”
“സാർ, ഞാൻ വിമൺസ് കോളേജിലെ ഗാനതിലകം”
“തിലകത്തിനെന്താ വേണ്ടത്?”
“സാർ എനിക്ക് ലതാന്റിയെന്ന് വെച്ചാൽ ജീവനാണ്, അവരുടെ ഏത് പരിപാടിയുണ്ടായാലും കാണാൻ പോകും. പിന്നെ ഞാൻ ലതാന്റിയുടെ മാത്രം ഫാനാണ്”
പറയുന്നത് കേട്ടാൽ‌തോന്നും ഇവളൊക്കെ അപ്പിയിട്ട് കളിക്കുന്ന പ്രായത്തിൽ താരാട്ട്‌പാടി ഉറക്കിയത് ലതാന്റിയാണെന്ന്! ശശിസാർ തലക്കുമുകളിൽ തൂങ്ങുന്ന ഫാനിനെ നോക്കിയശേഷം ചോദിച്ചു,
“അത് കുട്ടിക്കെന്താ വേണ്ടത്?”
“ശനിയാഴ്ച നടക്കുന്ന പരിപാടിക്ക് അനക്ക് മുന്നിൽ‌തന്നെയൊരു സീറ്റ്‌വേണം. റെജിസ്റ്റർ ചെയ്യാൻ എത്രയാ ചാർജ്ജ്?”
“അയ്യോ പണമൊന്നും വേണ്ട, പേര് പറഞ്ഞാൽ മതി”
“നല്ലത്, സാർ എന്റെ പേര് എഴുതിക്കൊ, ആമിനാ ജോസഫ് തമ്പുരാട്ടി വാരസ്യാർ”
“അയ്യോ”
“എന്ത് പറ്റി സാർ”
“ഒന്നും പറ്റിയില്ല, പിന്നെ കുട്ടി താമസിക്കുന്ന സ്ഥലം?”
“കാഞ്ഞങ്ങാട്”
“ഇത്ര ദൂരേന്നെ? സമയത്ത് എത്തിച്ചേരണം”
“ലതാന്റിയുടെ പരിപാടീന്ന് കേട്ടാൽ കാടും കടലും കടന്ന് ഞാൻ സഞ്ചരിക്കും”
“കാട്ടിൽ രാത്രിയാത്ര നിരോധിച്ചിരിക്കയാണ്; പിന്നെ കടലിലാണെങ്കിൽ ഇറ്റാലിയൻ കപ്പൽക്കാരെ സൂക്ഷിക്കണം, കേട്ടോ കുട്ടി,,,”
“ഓ സാറിന്റെയൊരു നർമം, തോറ്റു മതിയായേ”
തോറ്റ് മതിയായവൾ മൊബൈൽ ഓഫാക്കിയതോടെ ശശിസാർ ചിന്തിക്കാൻ തുടങ്ങി. കണ്ണൂരിലുള്ള മനുഷ്യർക്കെന്ത് പറ്റി? നേരം പുലരുമ്പോഴേക്കും നാട്ടുകാരിൽ പലരും പാട്ടുകാരായോ?

നർമവേദിയിലെ ഫാദർ
                                  വൈകുന്നേരമായപ്പോഴേക്കും രജിസ്റ്റർ ചെയതവർ ആകെ നാല്പത്തി എട്ട്. സാധാരണ ഇരുപതോ മുപ്പതോ ആളുകൾ മാത്രമാണ് നർമവേദിയുടെ ഒരു മത്സരത്തിൽ പങ്കെടുക്കാറുള്ളത്; ഇതിപ്പം ഒറ്റദിവസംകൊണ്ട് ഇത്രയും ആളുകൾ രജിസ്റ്റർ ചെയ്തു. ഇനിയങ്ങോട്ട് നോക്കിയും കണ്ടും ചോദിച്ചും പറഞ്ഞും ആളുകളെ ചേർത്താൽ മതിയെന്നാണ് പ്രഭാകരൻ മാഷിന്റെ അഭിപ്രായം. അൻപതായാൽ രെജിസ്ട്രേഷൻ നിർത്തിവെക്കുന്നത് നല്ലതാണെന്ന്, ‘ഫാദർ ദേവസ്യ ഈരത്തറ’ പറഞ്ഞത്, പതിവായി വരുന്നവർക്ക് പാടാൻ ചാൻസ് കൊടുക്കാനാണ്.
അതാ വീണ്ടും അമിട്ട് പൊട്ടുന്നു,
“ഹലോ, ആരാണ്?”
“ശശിമാമാ ഇത് ഞാനാണ്, ശശിമാമന്റെ മരുമകൻ”
ഒരുനിമിഷം മിണ്ടാതിരുന്നു, തൊട്ടടുത്ത വീട്ടിൽതന്നെ താമസിക്കുന്ന മരുമക്കളെല്ലാം പാട്ടെന്ന് കേട്ടാൽ പടിയാറും കടക്കുന്ന കൂട്ടത്തിലുള്ളവരാണ്. ഇതവരാരുമല്ല; പിന്നെ അറിയാതെ ഒരു മരുമകൻ പെട്ടെന്നെങ്ങിനെ പൊട്ടിമുളച്ചു?
“ശശിമാമനെന്നെ മനസ്സിലായില്ലെ? ഞാൻ മാമന്റെ ഇളയമ്മേടെ ഭർത്താവിന്റെ മൂത്തചേച്ചീടെ മകളുടെ ഭർത്താവിന്റെ പെങ്ങളുടെ മകൻ അനുനയ്”
“അനുനയ് മോനെന്നാ വേണ്ടത്?”
പുത്തനായി അവതരിച്ച മരുമകനോട് അനുനയത്തോടെ പതുക്കെ ചോദിച്ചു.
“അത് മാമാ അനക്ക് മാമന്റെ പാട്ട്‌കേക്കാൻ രണ്ട് ടിക്കറ്റ് വേണം,,, ഒന്നനക്കും മറ്റത് ഏച്ചിക്കും”
“അത് മോനെ മാമൻ പാടുന്നില്ലല്ലൊ?”
“ഈ നർമവേദി മാമന്റെയല്ലെ? ഏച്ചി പറഞ്ഞു കണ്ണൂരിലെ നർമവേദിയിൽ ദാസേട്ടന്റെ പാട്ടുണ്ടെന്ന്. അത് കേക്കാൻ രണ്ട് ടിക്കറ്റ് വേണം”
“മോനേ ഇത് ടിക്കറ്റില്ലാത്ത പരിപാടിയാ, മോൻ ഏച്ചിയോട് പറഞ്ഞെ,, നേരെയങ്ങോട്ട് പോലീസ് ക്ലബ്ബിൽ വരാൻ”
“പോലീസ് ക്ലബ്ബിലോ?”
“അതെ”
                  മൊബൈൽ ഓഫാക്കിയപ്പോൾ ഒരുനിമിഷം ഓർത്തു, ‘ഇനി മത്സരദിവസം വരെ സ്വിച്ച് ഓഫ് ചെയ്യേണ്ടി വരുമോ?’ നർമവേദിയിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് വളരെ സന്തോഷമാണ്; എന്നാൽ അത്രയധികം ആളുകളെ എങ്ങനെ ഉൾക്കൊള്ളും? അതിനുള്ള വേദി എങ്ങനെ കണ്ടെത്തും? അതിനുള്ള ചെലവ് ആര് വഹിക്കും?

മൊബൈൽ ഓഫാക്കിയിട്ട് അല്പസമയം വിശ്രമിക്കാമെന്ന് ചിന്തിക്കുമ്പോൾ അതാ വീണ്ടും അമിട്ട്,
‘ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം,,,
ചിരിയുടെ അമിട്ടിന് തിരികൊളുത്താം,,,,’
അല്പം ദേഷ്യത്തോടെ ഞെക്കിയപ്പോൾ കേട്ടത് ഒരു പെൺ‌വിളിയാണ്,
“ഹലോ, ശശിയേ?”
പ്രായമേറെയായതിന് ശേഷം പേര്‌വിളികേട്ട് ഒന്ന് ഞെട്ടി,
“ഹലോ?”
“നിനക്കെന്നെ മനസ്സിലായില്ലെ? ഞാൻ ശ്രീജിതയാടാ,,,”
“ഏത്”
“പണ്ട് നിന്റെകൂടെ എസ്.എൻ. കോളേജിൽ പഠിച്ച ശ്രീജിത”
“ഞാൻ ഓർക്കുന്നില്ലല്ലൊ”
“എന്നെ ഓർക്കാത്ത സഹപാഠികളില്ലടൊ,, ആനത്തടിച്ചിയെന്ന് ആൺകുട്ടികൾ വിളിച്ച് കളിയാക്കുന്ന ഒരേയൊരു തടിച്ചി ആനി തോമസ്”
“ഓ നമ്മുടെ,,, ഗജമാംസരസായനം സ്ഥിരമായി കഴിക്കുന്നവൾ,,, അപ്പഴെ നമ്മുടെ ആനിയമ്മെ ഈ നമ്പറെങ്ങനെ കിട്ടി?”
“അത് അഞ്ചാറ് കൊല്ലം‌മുൻപ് ഈ നമ്പർ നീതന്നെ എനിക്ക് തന്നതാ. പിന്നെ നിങ്ങളെ ‘നർമകണ്ണൂർ മാസിക’ ഞാൻ വായിക്കാറുണ്ട്”
“അതെങ്ങനെ?”
“അതൊക്കെ ഒരു സൂത്രമുണ്ട്. പിന്നെ ഞാൻ വിളിച്ചത് നിങ്ങളെ ആ പരിപാടിയില്ലെ, ‘യേശുദാസ് ലതാമങ്കേഷ്ക്കർ ഗാനാലാപന  മത്സരം’, അതില് എനിക്കൊരു സീറ്റ് ബുക്ക് ചെയ്യണം”
“പണ്ടത്തെപോലെ തടിയുണ്ടെങ്കിൽ നിനക്ക് രണ്ട് സീറ്റ് വേണ്ടിവരുമല്ലൊ?”
“ഇപ്പോൾ ഒന്ന് മതി, എത്രയാ നിരക്ക്?”
“എന്ത് നിരക്ക്?”
“ടിക്കറ്റ് നിരക്ക്”
“ടീക്കറ്റൊന്നും ഇല്ല, പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പേര് രജിസ്റ്റർ ചെയ്യുക”
“എന്നാല് എന്റെ പേരൊന്ന് ചേർത്തെ, പിന്നെ ഈ പരിപാടികളൊക്കെ നടത്തുന്ന തന്നെ ശരിക്കും സമ്മതിക്കണം, കേട്ടോ”
“പെരൊക്കെ ചേർത്തു, ഇനി ശനിയാഴ്ച നാല്‌മണി നേരത്ത് പോലീസ് ക്ലബ്ബിൽ എത്തുക”
“എനിക്കൊരു സംശയം?”
“പറഞ്ഞുതൊലക്ക്”
“ഈ ദാസേട്ടനെയും ലതചേച്ചിയെയും നർമവേദിയിൽ വരുത്താൻ ധാരാളം പണം ചെലവാകുമല്ലൊ? ഇതൊക്കെ എങ്ങനെ ഒപ്പിക്കും?”
“ങെ, നർമവേദിയിൽ അവരെല്ലാം വരാനോ? നിനക്കെന്നാ പറ്റിയത്?”
“എന്ത് പറ്റാൻ? പത്രത്തിലങ്ങനെയല്ലെ ഉള്ളത്, ‘യേശുദാസ് ലതാമങ്കേഷ്ക്കർ ഗാനാലാപന മത്സരം’ എന്ന്. അപ്പോൾ അവർ രണ്ടുപേരും വന്ന് പാട്ട്‌പാടി മത്സരിക്കുന്നത് നമുക്ക് കാണാമല്ലൊ. ഇതിൽ ജയിക്കുന്നത് ലതചേച്ചി തന്നെയായിരിക്കും. പക്ഷെ നമ്മുടെ ദാസേട്ടൻ അങ്ങനെയങ്ങ് വിട്ടുകൊടുക്കുമോ?”
“അയ്യോ”
മൊബൈൽ ഓഫാക്കാൻ മറന്ന് ശശിസാറങ്ങനെ നിൽക്കുമ്പോൾ വീട്ടുമുറ്റത്ത്‌വന്ന് നിർത്തിയ ക്വാളിസിന്റെ ഡോർ തുറന്ന്, അഞ്ച്‌വർഷം മുൻപ് പിണങ്ങിപോയ സ്വന്തം അനുജനും ഭാര്യയും മക്കളും ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്നുണ്ടായിരുന്നു.
യേശുദാസ് ലതാമങ്കേഷ്ക്കർ ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി (അന്ധനാണ്)
 .............................
നർമവേദിയിലെ മറ്റൊരു  നർമം കാണാൻ തുറക്കുക

32 comments:

 1. ക്കും..ഒരു സീറ്റു തരുവോ..??
  നർമവേദിക്ക് ആശംസകൾ....!

  ReplyDelete
  Replies
  1. നേരെയങ്ങ് വന്നാൽ മതി, മാർച്ച് 31നാണ് ഈ മാസത്തെ പരിപാടി, പോലീസ് ക്ലബ്ബിൽ

   Delete
 2. നർമ്മവേദിയുടെ ചിരിയുടെ ഗാനാലാപനം നന്നായി രസിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ടീച്ചറെ

  ReplyDelete
  Replies
  1. ഒന്നിച്ച് കോളേജിൽ മാജിക്ക് പഠിച്ച ഇസ്മയിൽ ഷാ ഇപ്പോഴും വരാറുണ്ട്. പക്ഷെ മുരളിയെ അങ്ങട്ട് മറന്ന്‌പോയി എന്നാണ് പറയുന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 3. ശശിസാർ നർമവേദിയിൽ പറഞ്ഞ അനുഭവം ഇവിടെ പകർത്തിയതാണ്. നർമവേദിയുടെ പേരിൽ വായനക്കാർക്കായി സമർപ്പിക്കുന്നു.

  ReplyDelete
 4. അപ്പോ എനിയ്ക്കും വേണായിരുന്നു ഒരു ടിക്കറ്റ്.....പർപാടി കഴിഞ്ഞല്ലേ? അടുത്ത തവണ ലതാമങ്കേഷക്കറും യേശുദാസും വരുമ്പോ നേരത്തെ അറിയിയ്ക്കണം.

  ReplyDelete
  Replies
  1. Echmukutty-,
   ഒരു ടിക്കറ്റ് മതിയോ?
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 5. നന്നായി അവതിരിപ്പിച്ചു ,എന്നാല്‍ ..ഒന്ന് രണ്ടു കോള്‍ കുഴപ്പമില്ല ,ഇത് ഇത്തിരി കൂടി പോയി അതിനാല്‍ കുറച്ചു നീണ്ടു പോയി എന്ന് തോനുന്നു .

  ReplyDelete
  Replies
  1. @My Dreams-,
   അതിലും നീണ്ടത് ഞാനിത്തിരി ചുരുക്കിയതാണ്,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 6. Replies
  1. @നിശാസുരഭി-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 7. കണ്ണൂര്‍ക്കാരു ഭയങ്കര നര്‍മ്മകരാണു,ല്ലേ. മാര്‍ച്ച് 31നു എല്ലാവിധ ആശംസകളും.

  ReplyDelete
  Replies
  1. മുകിൽ-,
   മാർച്ച് 31 ന് അറിയിക്കാം,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 8. ..ഫോട്ടോകൾ കൂടാതെ കഴിഞ്ഞ പരിപാടികളിൽ നടന്ന ‘നർമ്മശകലങ്ങൾ’കൂടി ചേർക്കാമായിരുന്നു. അല്ലാ റ്റീച്ചറേ, ‘അനക്ക്’ കുടുംബസമേതം കണ്ണൂരിൽ വന്നുതാമസിക്കാൻ, വല്ല വീടും വിൽക്കാനുണ്ടോ? അല്ലാതെ ഈ ‘നർമ്മവേദി’യിൽ സ്ഥിരമായി പങ്കെടുക്കാൻ വേറെയെന്താ വഴി? ഇവിടെ ‘സൌദിയിലെ റിയാദി’ലേയ്ക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് എത്തിച്ചുതരാൻ പറ്റുമോ? വെറുതേ വേണ്ട, രൂപാ എത്രയാണെന്നു പറഞ്ഞാൽ മതി.......അടുത്ത ക്ലാസ്സിന് ഞാനും കാണും.....

  ReplyDelete
  Replies
  1. മിനിനർമ്മത്തിൽ പോസ്റ്റിടാൻ നർമങ്ങളുടെ തുമ്പ് നർമവേദിയിൽ നിന്നും ചിലപ്പോൾ അടിച്ചുമാറ്റാറുണ്ട്. ഇതുപോലെ രസകരമായ നർമവേദി പോസ്റ്റ് മുൻപും എഴുതിയിട്ടുണ്ട്.
   നർമ്മവേദിയിൽ തകർന്നുവീണ എന്റെ U Tube സ്വപ്നം കാണാം.

   Delete
 9. ‘ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം,,,
  ചിരിയുടെ അമിട്ടിന് തിരികൊളുത്താം,,,,’

  ReplyDelete
  Replies
  1. അജിത്തെ-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 10. കണ്ണൂറുകാർ നർമ്മവേദി നടത്തുന്നുവെന്നു പറഞ്ഞാൽ എങ്ങനെയാ വിശ്വസിക്കാ...!?
  ടീച്ചറെ, ഈ നർമ്മവേദി കലക്കീട്ടോ..
  ആശംസകൾ...

  ReplyDelete
  Replies
  1. വി കെ-,
   വിശ്വസിച്ചെ മതിയാവൂ,
   ഒരു മാസം മുൻപ് കണ്ണൂർ വിഷൻ ചാനലിൽ ഞാനും കൂടി ഉൾപ്പെട്ട ഒരു നർമപ്രോഗ്രാം ഉണ്ടായിരുന്നു.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 11. ഹീശ്വരാ,
  ഈ മിനിയേചിയുടെ ഒരു കാര്യം.
  ഒരു വായാടിയെപ്പോലെ പറഞ്ഞു തകര്‍ക്കുന്നതിനിടയില്‍ ചിരിപ്പിച്ചു കൊന്നല്ലോ ന്റെ തുണ്ടിക്കൊത്ത് ഭഗവതീ..!

  ReplyDelete
  Replies
  1. K@nn(())raan-,
   എന്റെ പടച്ചോനേ ആ തുണ്ടിക്കോത്ത് ഭഗവതീടെ അയൽ‌വാസികളെയെല്ലാം ഞാൻ പഠിപ്പിച്ചതാണല്ലൊ, അപ്പോൾ കണ്ണൂരാനും ആ കൂട്ടത്തിലുണ്ടോ?
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. എല്ലാ അമിട്ടുകളും പൊട്ടിത്തീര്‍ന്നെന്നു കരുതുന്നു.ആദ്യ ഭാഗം വായിച്ചപ്പോള്‍ അടൂരിന്റെ എലിപ്പത്തായം സിനിമയിലെ കരമനയുടെ കഥാ പാത്രത്തെ ഓര്‍മ്മ വന്നു. വരാന്തയിലിരുന്നു പത്രം വായിക്കുന്ന ഭര്‍ത്താവ് പശു മുറ്റത്തെ തെങ്ങിന്‍ തൈ തിന്നുന്നത് കണ്ട് സഹോദരിയെ “സീതേ...” എന്നു വിളിക്കുന്ന രംഗം. ഈ കണ്ണൂരുകാരുടെ ഒരു ഭാഗ്യം, മാസത്തിലൊരിക്കലെങ്കിലും ചിരിക്കാമല്ലോ?

  ReplyDelete
  Replies
  1. Mohamedkutty മുഹമ്മദുകുട്ടി-,
   അതുപോലുള്ള വിളികൾ മിക്കവാറും ഭാര്യമാർ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണ്.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 13. ചിരിക്കാം ചിരിപ്പിക്കാം.. ആശംസകള്‍

  ReplyDelete
  Replies
  1. @ബഷീർ പി.ബി. വെള്ളറക്കാട്-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 14. Dear Teacher
  Good.
  Sasi, Narmavedi

  ReplyDelete
  Replies
  1. സംഭവം വായിച്ച് ഓക്കെ പറഞ്ഞിരിക്കുന്ന ശശിസാറിന് അഭിനന്ദനങ്ങൾ,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 15. എന്തായാലും അടുത്ത നർമ്മ വേദിക്ക് എനിക്കും ഒരു ടിക്കറ്റ് പ്ലീസ്......സംഗതി കൊല്ലാം(കൊള്ളാം)ട്ടോ..................ഭാവുകങ്ങൾ

  ReplyDelete
 16. @ചന്തുനായർ-,
  ടിക്കറ്റ് ഒപ്പിക്കാൻ പറ്റുമോ എന്നൊന്ന് നോക്കട്ടെ,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 17. ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം,,,
  ചിരിയുടെ അമിട്ടിന് തിരികൊളുത്താം,,,,’

  കൊളളാം...

  ReplyDelete
 18. @ സുനി-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @G.MANU-,
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!