10.7.12

നാലാം വാർഡിലെ കൊലപാതകപരമ്പരകൾ


             സ്വന്തംകാലിൽ കടിച്ചുകൊണ്ടിരിക്കുന്ന ഉറുമ്പിനെപ്പോലും നോവിക്കാത്ത, സ്വന്തം കൈകളിൽ കുത്തി ചോരകുടിച്ചുകൊണ്ടിരിക്കുന്ന കൊതുകിനെപ്പോലും അടിച്ചു കൊല്ലാത്ത, സ്വന്തംനാട്ടുകാരുടെ കണ്ണിലുണ്ണിയായ നമ്മുടെ സ്വന്തം നാലാം‌വാർഡ് പഞ്ചായത്ത് മെമ്പറുടെ വീട്ടിലാണ്, ഇന്നലെ രാത്രി നാട്ടുകാരെല്ലാം ഉറങ്ങുന്ന നേരത്ത് കൊലപാതകം നടന്നത്. അതും ഒന്നും രണ്ടുമല്ല,, അഞ്ച് കൊലപാതകങ്ങൾ ഒന്നിച്ച്,,
ദിസ് ഈസ് അൺ‌സഹിക്കബിൾ,,,,
                       കൊലചെയ്യപ്പെട്ട രംഗം കണ്ടതുമുതൽ നാടിന്റെ പ്രീയപ്പെട്ട മെമ്പർ സ്വബോധം നഷ്ടപ്പെട്ട് കിടക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മകളും പൊട്ടിപൊട്ടി കരയുന്നുണ്ടെങ്കിലും മകൻ ദേഷ്യം കൊണ്ട് വിറക്കുകയാണ്. കൊലപാതകിയെ കണ്ടുകിട്ടിയാൽ ‘അവനെയും ഇതുപോലെ കൊല്ലും’ എന്ന്, ഇടയ്ക്കിടെ മാലോകർ കേൾക്കെ അവൻ വിളിച്ചുപറയുന്നുണ്ട്. ഭരണ പ്രതിപക്ഷ ബഹുമാനം കണ്ണിലെ ലെൻസ് പോലെ സൂക്ഷിക്കുന്ന മെമ്പറുടെ ദുരവസ്ഥയിൽ അനുശോചിക്കാൻ നാട്ടുകാരെല്ലാം സ്വന്തം‌കാര്യം മറന്നുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ തടിച്ചുകൂടിയിരിക്കയാണ്. ആ നേരത്ത്,
പെട്ടെന്നാണ് പോലീസ് വണ്ടികൾ വന്നത്,, ആദ്യം സാധാ, തൊട്ടുപിന്നിൽ അസാധാ, പിന്നാലെ ചാര സദാചാര പാര അതിപാര എല്ലായിനങ്ങളും വന്നെത്തി. മെമ്പറുടെ വീട്ടിനു ചുറ്റും കൂടിയവരെ കണ്ടപ്പോൾ അവർ അവരുടെ മഹത്തായ ആയുധങ്ങളെല്ലാം വെളിയിലേക്കെടുത്തു; ചാർജ്ജ്,,,,,
ലാത്തിചാർജ്ജ്,
കല്ലേറ്,
ഗ്രെനേയ്ഡ്,
ബോംബ്,
ഉണ്ടയില്ലാവെടി,
ഉണ്ട നിറച്ച വെടി,
പീരങ്കി,
ജലപീരങ്കി,,,

                            ഒടുവിലത്തെ ഐറ്റം വന്നപ്പോൾ നാട്ടുകാർക്കിടയിൽ ആരവങ്ങളുയർന്നു. ദാരുണമായ കൊലപാതകം മറന്ന്‌കൊണ്ട് കുഞ്ഞുകുട്ടികളടക്കം ജലപീരങ്കി പതിക്കുന്ന കരക്റ്റ് സ്പോട്ടിൽ ഇറങ്ങിനിന്ന് നല്ലൊരു കുളി നടത്തി. രൂക്ഷമായ വരൾച്ച കാരണം ആറ് മാസമായി ജലസ്പർശമേൽക്കാത്ത മേനിയിൽ കുളിർ‌മഴ പീരങ്കിയായി പെയ്തപ്പോൾ നാട്ടുകാർ ആനന്ദനൃത്തം ചെയ്യാൻ തുടങ്ങി. അപ്പോൾ,
ഇനിയെന്ത് ചെയ്യുമെന്ന്, ചിന്താമഗ്നനായ സാധാ പോലീസിനെ മുന്നിൽ‌നിർത്തിക്കൊണ്ട് ചാരപോലീസ് അത് പൊട്ടിച്ചു,
അസ്സൽ പുകബോംബ്,,,

                             ഇതുവരെ കണ്ടും കേട്ടും അറിയാത്ത ‘ഈ പുകയുടെ പിന്നിൽ’ വലിയൊരു അഗ്നിബാധ ഉണ്ടാവും എന്ന് ഭയപ്പെട്ട നാലാം വാർഡിലെ നല്ലവരായ നാട്ടുകാർ ഒന്നാം പൌരന്റെ വീടുപേക്ഷിച്ച് പരക്കം പാഞ്ഞതോടെ പോലീസുകാരെല്ലാം പടയായി അകത്തേക്ക് കയറിയിട്ട്, ഏതാനും മിനിട്ടുകൾക്ക് മുൻപ് ബോധം തിരിച്ചുകിട്ടിയ വാർഡ് മെമ്പറുടെ മുന്നിൽ കൈകൂപ്പി വണങ്ങി,
“അങ്ങയുടെ വീട്ടിൽ അതിദാരുണമായ കൊലപാതക പരമ്പര നടത്തിയവരെ ഏത്‌വിധേനയും പിടികൂടുമെന്ന് ഞങ്ങളിതാ സത്യം ചെയ്യുന്നു, ഇത് സത്യം, സത്യം, സത്യം”
മെമ്പർ തല ഉയർത്തി എല്ലാവരെയും നോക്കിയശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു,
“ഞാനെന്റെ മക്കളെപോലെ സ്നേഹിച്ചതാ,, എന്നാലും എന്നോട് ഇങ്ങനെയൊരു ക്രൂരത ചെയ്യാൻ‌മാത്രം ഈ വാർ‌ഡിലാർക്കാ ഞാൻ ദ്രോഹം ചെയ്തത്?”
“സാർ അവരെ പിടിച്ച് ലാത്തികൊണ്ട് കുത്താനും കല്ല്‌കൊണ്ട് ഇടിക്കാനും വെടിവെച്ച് കൊല്ലാനും തയ്യാറായിട്ടാ ഞങ്ങൾ വന്നത്. ഈ അന്വേഷണത്തോട് സഹകരിക്കണം സർ”
“പൂർണ്ണമായി സഹകരിക്കാം ആ ദുഷ്ടനെ പിടിച്ചാൽ ഞാൻ തന്നെ അവന്റെ കൊടലുമാല ഊരിയെടുത്ത് താങ്കളെ ഹാരമണിയിക്കാം”
“അയ്യോ സർ”
“എന്ത് പറ്റി?”
“സർ അങ്ങേക്ക് ആരെയാണ് സംശയമുള്ളത്?”
“എനിക്കാരെയും സംശയമില്ല”
“എങ്കിൽ സാറിന്റെ പ്രതിപക്ഷത്തുള്ളവരുടെ പേരുകൾ തന്നാൽ മതി”
“അയ്യോ, പ്രതിപക്ഷം എന്റെ ശത്രുക്കളല്ല, സത്യം പറഞ്ഞാൽ അവരുടെ വോട്ട്കൊ‌ണ്ടാണ് ഞാൻ ജയിച്ചത്”
“എന്നാലും ഏതെങ്കിലും ഒരുത്തന്റെ പേര്?”
“അങ്ങനെ പറയാൻ അവരുടെ പേര് എനിക്കറിയില്ല”
അദ്ദേഹം പൊട്ടിക്കരയാൻ തുടങ്ങി; പൊട്ടിക്കരഞ്ഞ് കൊണ്ടിരിക്കെ അവശനായ മെമ്പർ വീണ്ടും അബോധാവസ്ഥയിലായി. പോലീസുകാരും ബന്ധുക്കളും അന്തം‌വിട്ട് കുന്തം വിഴുങ്ങിയതുപോലെ നിൽക്കുമ്പോഴാണ് വീ.ഐ.പി. കളുടെ വരവ്; സ്വന്തം ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ, സ്വന്തം എം.എൽ.എ., സ്വന്തം എം.പി., ഒടുവിൽ
അതാവരുന്നു,,, സ്വന്തം വകുപ്പ് മന്ത്രിമാരോടൊപ്പം നമ്മുടെയെല്ലം സ്വന്തം മുഖ്യൻ!

                          ഒറ്റയടിക്ക് അഞ്ച് കൊലപാതകമല്ലെ നടന്നത്! അതും സ്വന്തം പാർട്ടി ഭരിക്കുന്ന ഗ്രാമത്തിലെ നാലാം വാർഡിലെ ഒന്നാം പൌരന്റെ വീട്ടിൽ? അതറിഞ്ഞ മുഖ്യൻ, എന്നും രാവിലെ പതിവുള്ള പൊടിയരിക്കഞ്ഞിപോലും കുടിക്കാതെയാണ് മുഖ്യമന്ദിരത്തിൽ നിന്നും ഇറങ്ങിഓടിയത്; അത്‌കണ്ടപ്പോൽ അദ്ദേഹത്തിന്റെ വകുപ്പടക്കം അകമ്പടിക്കാർ പിന്നലെ ഓടിയെങ്കിലും ആർക്കും മുഖ്യനെ തോൽ‌പ്പിക്കാനായില്ല.
                          മുഖ്യൻ ഓട്ടം നിർത്തിയത് നമ്മുടെ ഗ്രാമത്തിലെ നാലാം നമ്പർ വാർഡിൽ,, നേരെ കൊലപാതകദൃശ്യം കണ്ട് അവശനായി തീർന്ന മെമ്പറുടെ മുന്നിൽ; പിന്നെ ഒരു പൊട്ടിക്കരച്ചിൽ. അതുകണ്ട് എല്ലാവരും ഒന്നിച്ച് കരഞ്ഞപ്പോൾ കണ്ണിരിന്റെ മുല്ലപെരിയാർ പൊട്ടിയൊഴുകി തൊട്ടടുത്ത തെങ്ങിൻ‌തടങ്ങളിൽ നിറഞ്ഞു.
മുഖ്യൻ വികാരാധീനനായി,
“എന്നാലും എന്റെ മെമ്പറെ താങ്കളുടെ വീട്ടിൽ നടന്ന അഞ്ച് കൊലപാതകവും എന്റെ വീട്ടിൽ നടന്നതുപോലെയാണ്, എനിക്ക് തോന്നിയത്, ആരിത് ചെയ്തു?”
ബോധം നഷ്ടപ്പെട്ട മെമ്പർ മറുപടി പറയാത്തപ്പോൾ മുഖ്യൻ പോലീസുകാരെ നോക്കി; അവർ പൊടിപ്പും തൊങ്ങത്സും വെച്ച് വാചാലമായ ഒരു ദൃശ്യവിരുന്ന് വിളമ്പി. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മുഖ്യൻ അരുളിചെയ്തു,
“എന്നാൽ നമുക്കങ്ങോട്ട് പോകാമല്ലൊ”
“ശരി സർ”
“നല്ലൊരു കൊലപാതകദൃശ്യം കണ്ടിട്ട് ഒത്തിരി നാളായി”

                        കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് മെമ്പർ മുന്നിലും, തൊട്ട്‌പിന്നിൽ വി.വി.ഐ.പി. കളും, അവർക്കു പിന്നിൽ വി.ഐ.പി. കളും, പിന്നാലെ അകമ്പടി പടകളും, ഏറ്റവും പിന്നിലായി പൊതുജനം കഴുതകളും മന്ദം മന്ദം ഒന്നാം നമ്പർ വീട്ടിൽ നിന്നും വെളിയിലിറങ്ങിയിട്ട് നേരെ പിന്നിലേക്ക് നടന്നു. അവിടെ പോലീസുകാർ അതിരിട്ട കളത്തിൽ ഒന്നെത്തി നോക്കിയതേയുള്ളു,, നമ്മുടെ മെമ്പർ തലതല്ലി കരയാൻ തുടങ്ങി. അതുകേട്ട് മറ്റുള്ളവരും കരഞ്ഞുകൊണ്ട്,,, ആ ദൃശ്യം നോക്കി,
അവിടെ
ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല, അഞ്ച് കൊലപാതകങ്ങൾ നടന്ന കാഴ്ചകണ്ട് അവർ അന്തംവിട്ടു,,
‘അഞ്ച് കൊലപാതകം,
അഞ്ച് വാഴക്കൊലപാതകം’;
മുഖ്യൻ പോലീസുകാരോട് വിവരങ്ങൾ ആരാഞ്ഞു,,
“ആരിത്? എങ്ങനെ?”
“സർ, ഇതൊരു അതിഭീകരമായ സംഭവമാണ്, അഞ്ച് വാഴകളെ അനേകം പേർ ചേർന്ന് അതിഭീകരമായി പീഡിപ്പിച്ച് കൊലപാതകം നടത്തിയിരിക്കയാണ്”
“എന്നിട്ട്? എവിടെ കൊലപാതക വകുപ്പ് മന്ത്രി?”
“ഹാജർ സർ”
“എവിടെ പീഡന വകുപ്പ് മന്ത്രി?”
“ഹാജർ സാർ”
“എന്തോന്നാടോ നോക്കിനിൽക്കുന്നത്?”
“സർ ജാക്കി വരുന്നുണ്ട്”
“എന്തോന്നിനാടോ ജാക്കി? സ്റ്റെപ്പിനിയിടാനോ?”
“അതല്ല സർ,, ജാക്കി നമ്മുടെ പോലീസ് നായ,, അവൻ വന്നാൽ മണം നോക്കി നിറം നോക്കി കൊലപാതകം നടത്തിയ പ്രതികളെ തൊണ്ടിസഹിതം പിടിക്കും”
“നിറം മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം”
“ശരി സർ”

കൊല പാതകദൃശ്യം ഒന്നുകൂടി നോക്കി ഒന്നുകൂടി കണ്ണിരൊഴുക്കി വെളിയിൽ ഇറങ്ങുന്ന മുഖ്യന്റെ നേരെമുന്നിൽ ക്യാമറാപുരുഷനോടൊപ്പം അവൾ വന്നു,,
സാക്ഷാൽ ലോകവാണി എന്ന വേൾഡ്‌വിഷൻ,
“സർ, ഈ കൊലപാതക പരമ്പരയിൽ നാടിന്റെ മുഖ്യൻ എന്ന നിലയിൽ താങ്കൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ?”
“എനിക്ക് ചിലരെ സംശയം ഉണ്ട്, അവരെ പിടിക്കുകയും ചെയ്യും”
“സർ, പ്രതിയെ പിടിച്ചാൽ താങ്കളെന്ത് ചെയ്യും?”
“അവരുടെ ആസനത്തിൽ ആണിയടിച്ചു കയറ്റി ഉറുമ്പിൻ കൂട്ടിൽ കെട്ടിയിടും”
“അയ്യോ സർ അശ്ലീലം”
“ആസനത്തിൽ എവിടെയാ അശ്ലീലം? അശ്ലീലം അതിനിടയിലാണല്ലൊ,,,,”
“അയ്യോ, സർ”
“എന്തെ?”
“സർ, പ്രതിപക്ഷത്തുള്ള ആരെയെങ്കിലും സംശയമുണ്ടോ?”
“പ്രതിപക്ഷത്തുള്ളവരെ സംശയമേ ഉള്ളൂ”
“താങ്ക്യൂ സർ”

ലോകവാണിയുടെ ദണ്ഡ് നേരെ മെമ്പറുടെ നേരെ തിരിഞ്ഞു,
“സർ, ഈ കുഗ്രാമത്തിലെ ഒന്നാം പൌരനാണ് താങ്കൾ; താങ്കൾ ഈ കൊലപാതകത്തെ എങ്ങനെയാണ് വീക്ഷിക്കുന്നത്?”
“എന്റെ മക്കൾക്ക് തിന്നാനായി ഞാനെന്റെ മക്കളെപോലെ പോറ്റി വളർത്തിയ എന്റെ സ്വന്തം വാഴകളെ കൊലയറുത്ത് പാതകം നടത്തിയവരെ എങ്ങനെയെങ്കിലും പിടിക്കണം”
“താങ്കൾക്ക് പ്രതിപക്ഷത്തുള്ള ആരെയെങ്കിലും സംശയമുണ്ടോ?”
“പ്രതിപക്ഷങ്ങളെ എനിക്കൊരിക്കലും സംശയമില്ല”
“എന്നാലും താങ്കൾക്ക് പ്രതിപക്ഷത്തുള്ള ഏതെങ്കിലും ഒരുത്തന്റെ പേര് പറഞ്ഞുകൂടായിരുന്നോ? അങ്ങനെയായാൽ പോലീസുകാർക്ക് അടിക്കാനും ഒടിക്കാനും ചതക്കാനും ഒരാളെ കിട്ടുമല്ലോ”
“എനിക്ക് അവരുടെ പേരൊന്നും അറിയില്ല”
“ആരെയെങ്കിലും ചൂണ്ടിക്കാണിക്കാൻ പറ്റുമോ?”
“എനിക്ക് അവരുടെ മുഖമൊന്നും അറിയില്ല”

                         വീട്ടുകാരെ ആശ്വസിപ്പിച്ചശേഷം കൊലപാതകം നടന്ന വീട്ടിൽ‌നിന്നും കണ്ണീരണിഞ്ഞുകൊണ്ട് മുഖ്യൻ വെളിയിലേക്കിറങ്ങി. ഒടുവിൽ എല്ലാവരെയും നോക്കി അരുളിച്ചെയ്തു,
“പ്രീയപ്പെട്ട നാട്ടുകാരെ കൊലപാതകം പീഡനം മോഷണം എന്നിവ, എവിടെ നടന്നാലും അവിടെ ഞാനുണ്ട്. ഇവിടെ അഞ്ച് കൊലപാതകങ്ങൾ നടന്നതിനാൽ നഷ്ടപരിഹാരമായി വടക്കൻ മലയിൽ അഞ്ഞൂറ് ഏക്കർ വാഴത്തോട്ടം നിങ്ങളുടെയെല്ലാം പ്രീയപ്പെട്ട മെമ്പർക്ക് ഞാൻ നൽകുകയാണ്. കൊലപാതകം നടത്തിയത് പ്രതിപക്ഷങ്ങളാണെന്ന് അറിയിക്കുന്നതോടൊപ്പം അവരെയെല്ലാം അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ കിടത്തിയിട്ട് ആണിചികിത്സ നടത്താൻ ഈ നാട്ടിലെ മുഖ്യനെന്ന പേരിൽ ഞാൻ ആജ്ഞാപിക്കുന്നു”

                          അദ്ദേഹം മെമ്പറുടെ വീട്ടിൽ‌നിന്നിറങ്ങി, ഒപ്പം മറ്റുള്ള വി.ഐ.പി. കളും. കൊടിവെച്ച കാറിൽ കയറി കുണ്ടുംകുഴിയും തീരെയില്ലാത്ത ദേശീയപാതയിലൂടെ നേരെ തെക്കോട്ട് അല്പം ഓടിയപ്പോൾ നേരെ മുന്നിൽ,,,
അതാ ഒരു ബ്ലോക്ക് പഞ്ചായത്ത്.
അകമ്പടി തോക്കുധാരി വെളിയിലിറങ്ങി കാര്യം അന്വേഷിച്ച് തിരിച്ചുവന്ന് മുഖ്യനോട് പറഞ്ഞു,
“സർ, ഇവിടെ അടുത്ത് ഒരു പെൺ‌കുട്ടിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ച് കൊന്നു. നാട്ടുകാർ‌ചേർന്ന് അവർ നാലുപേരെയും കെട്ടിയിട്ടിരിക്കയാ, എന്ത് വേണം സർ?”
“നാലുപേരെന്തിനാ ഒരു പെണ്ണിനെ പീഡിപ്പിക്കാൻ പോയത്? നാലാൾക്ക് നാല് പെണ്ണ് വേണ്ടെ? അവരെ അഴിച്ചു വിടാൻ പറ; എന്നിട്ട് ഓരോ പയ്യനും ഓരോ പെണ്ണിനെ വീതം കൊടുക്ക്”
“സർ”
“എന്തുവാടാ നോക്കുന്ന്,, വണ്ടി വടക്കോട്ട് പോകട്ടെ”
****************************************************

27 comments:

 1. ങ്ങളേത് പാര്‍ട്ടിയാ....?

  ReplyDelete
 2. ടീച്ചറേ, വാഴക്കൊലപാതകം കാണാന്‍ വന്നവരെ ലാത്തിച്ചാര്‍ജ്ജ് മുതല്‍ ജലപീരങ്കി വരെ ഉപയോഗിച്ച് ഓടിച്ചെന്നു കേട്ടപ്പോള്‍ മനസ്സിലായി എവിടെ നടന്ന സംഭവമാണെന്ന്. ആശംസകള്‍...

  ReplyDelete
 3. പ്രീയപ്പെട്ടവരെ ഏതാനും വർഷം മുൻപ്, എന്റെ നാട്ടിലെ ഒരു ഗ്രാമപഞ്ചായ്ത്ത് മെമ്പറുടെ വീട്ടിൽ വാഴത്തോട്ടം നശിപ്പിക്കപ്പെട്ടപ്പോൾ മുഖ്യൻ വന്നിരുന്നു. (നശിപ്പിച്ചത് സ്വന്തം ബന്ധു തന്നെയാണെന്ന് പിന്നീട് മനസ്സിലായിരുന്നു) വേൾഡ് വിഷൻ ചാനലിൽ ആ വാർത്ത കണ്ടപ്പോൾ തന്നെ സംഭവം എഴുതാൻ തോന്നിയത് ഇപ്പോൾ എഴുതി പോസ്റ്റിയതാണ്.
  അഭിപ്രായം എഴുതിയ Typist | എഴുത്തുകാരി, ajith, benji nellikala
  എന്നിവർക്കെല്ലാം ഒത്തിരി നന്ദി.

  ReplyDelete
 4. ക്ലൈമാക്സ് ആണ് കലക്കിയത്.

  “എന്തുവാടാ നോക്കുന്ന്,, വണ്ടി വടക്കോട്ട് പോകട്ടെ”

  സത്യം പറഞ്ഞാല്‍, എല്ലാത്തിനേം കൂടി ഒറ്റയടിക്ക് "തെക്കോട്ട്" എടുത്താലേ നാട് നന്നാവൂ.. അല്ല പിന്നെ!!!

  ReplyDelete
  Replies
  1. @വിഷ്ണുലോകം-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 5. ടീച്ചറേ, കലക്കി

  ReplyDelete
  Replies
  1. @Vinodkumar Thallasseri-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 6. വിഷ്ണുലോകം said

  ക്ലൈമാക്സ് ആണ് കലക്കിയത്.
  "സത്യം പറഞ്ഞാല്‍, എല്ലാത്തിനേം കൂടി ഒറ്റയടിക്ക് "തെക്കോട്ട്" എടുത്താലേ നാട് നന്നാവൂ.. "
  Correct a hundred times

  ReplyDelete
  Replies
  1. @Indiaheritage-,
   കണ്ണൂരിന്റെ കുഴപ്പം മനസ്സിലായോ? സംസ്ഥാനത്തിന്റെ തലയങ്ങ് തെക്കേയറ്റത്ത്,,, തിരുവനന്തപുരത്ത്; പിന്നെ രാജ്യത്തിന്റെ തലയങ്ങ് വടക്കെയറ്റത്ത്,,, ദില്ലിയിൽ .... നേതാക്കന്മാർ തെക്ൿന്ന് വന്നാൽ വടക്കോട്ട് പോവും; വടക്ൿന്ന് വന്നാൽ തെക്കോട്ട് പോകും. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 7. അമ്പടാ, മിനി ടീച്ചറെ, ആളു കൊള്ളാലോ...എനിക്കും എല്ലാം തിരിഞ്ഞു കേട്ടോ.

  ReplyDelete
  Replies
  1. @Echmukutty-,
   അപ്പൊ പിടി കിട്ടിയല്ലൊ,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 8. വാഴക്കൊലപാതകം..
  ശരിക്കും ചിരിപ്പിച്ചൂട്ടോ മിനി..
  നമ്മുടെ നാട്ടിന്റെ കാര്യം..
  നമ്മുടെ റബ്ബ് മന്ത്രിയുടെ താത്പര്യം കൂടെ മാനിച്ച് നമ്മുടെ തലസ്ഥാനം മലപ്പുറത്തേക്കും, ഒരു അസിസ്റ്റന്റ് തലസ്ഥാനം മ്മളെ കണ്ണൂരും സ്ഥാപിച്ചാല്‍ പ്രശ്നം തീര്വോ?
  എവിടെ..? അല്ലേ..?

  ReplyDelete
  Replies
  1. @ശ്രീജിത്ത് മൂത്തേടത്ത്-,
   മലപ്പൊറത്ത് ആക്കണമെന്നില്ല. ഏറണാകുളത്താക്കിയാലും മതി.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 9. ടീച്ചര്‍ ആള് കൊള്ളാമല്ലോ!!!
  നമ്മം കൊള്ളാം, പക്ഷെ,
  അല്പം അശ്ലീലച്ചുവ അനുഭവപ്പെട്ടു!
  അത്രയും വേണമായിരുന്നോ?
  I mean, ആ ആണിപ്രയോഗം !!!

  ReplyDelete
  Replies
  1. @P V Ariel-,
   Brother, ഇപ്പം അശ്ലീലത്തിന്റെ കാലമാണ്.
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 10. Dear Teacher,
  Good presentation........... Politics jocks.
  Sasi, Narmavedi

  ReplyDelete
  Replies
  1. @Nadmavedi-,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 11. 1) ആ മുഖ്യൻ ഒരു നമ്പൂരിയാണെന്ന് തോന്നുന്നു. പണ്ടൊരു നമ്പൂരി ഫുട്ബോൾ കളി കണ്ട് പറഞ്ഞിരുന്നു: എന്താ എല്ലാരും കൂടി ഒരു പന്തിന്റെ പിറകേ ഓടുന്നത്? എല്ലാർക്കും ഓരോ പന്ത് വാങ്ങിക്കൊടുക്കണം എന്ന്.
  ******
  2) വാഴക്കുലകൾ വന്യ ജീവികളുടെ പീഢനമേറ്റ് നശിച്ചാൽ വനം വകുപ്പ് കൊടുക്കുന്ന നഷ്ടപരിഹാരത്തെ പറ്റി ഓർത്ത് പോയി. ഏത്തവാഴക്കുലക്ക് ഒന്നിന് 25/- രൂപ! കടയിൽ പോയി അരക്കിലോ പഴം വാങ്ങാൻ കഷ്ടിച്ച് തികയും ആ തുക.
  ************
  അറിവിനായി ഒരു കാര്യം പറഞ്ഞോട്ടെ:
  (വല്ല പാമ്പോ കീരിയോ കുറുക്കനോ മറ്റോ കടിച്ചാൽ റേഞ്ച് ഓഫീസിൽ ചെന്ന് ഒരു അപേക്ഷ കൊടുത്തോളൂട്ടോ. ഡോക്ടറുടെ സർട്ടീഫിക്കറ്റ്, അപേക്ഷകന്റെ വിലാസം തെളിയിക്കുന്ന രേഖ, വാഹനത്തിന്റെ ഡ്രൈവറിൽ നിന്നും വാങ്ങിയ ട്രിപ് ഷീറ്റ് മുതലായവ സഹിതം നിശ്ചിത ഫോറത്തിൽ 5 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച് വേണം അപേക്ഷിക്കാൻ. അപകടം നടന്ന് 3 മാസത്തിനകം അപേക്ഷിക്കണം. ക്ഷതം പറ്റിയ കേസുകൾക്ക് പരമാവധി 5000/- രൂപ നഷ്ട പരിഹാരമായി ലഭിക്കും. മരണം സംഭവിച്ചാൽ പിന്തുടർച്ചാവകാശികൾക്ക് 100000/- രൂപ ലഭിക്കും.......രസകരമായ/ദു:ഖകരമായ ഒരു കാര്യം, പേപ്പട്ടി കടിച്ചാൽ നഷ്ടപരിഹാരം ലഭിക്കില്ല എന്നതാണ്.എന്നാൽ കുറുക്കൻ കടിച്ചാൽ കിട്ടും. കാരണം പട്ടി വന്യ ജീവി അല്ല എന്നതു തന്നെ)

  ReplyDelete
  Replies
  1. @വിധു ചോപ്ര-,
   പുതിയ വിവരങ്ങൾ പങ്ക് വെച്ചത് നന്നായി. അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 12. ടീച്ചറുടെ നര്‍മ്മം പഴയ പോലെ ഏല്‍ക്കുന്നില്ല എന്നു പറയേണ്ടി വന്നതില്‍ സങ്കടമുണ്ട്. പുതിയ ഐറ്റംസിനായി കാത്തിരിക്കുന്നു.

  ReplyDelete
  Replies
  1. @Muhammad kutty-,
   നല്ല കട്ടിയുള്ളത് നോക്കട്ടെ,
   അഭിപ്രായം എഴുതിയതിന് നന്ദി.

   Delete
 13. ഹായ് മിനി ...ലാല്‍ സലാം.

  ReplyDelete
 14. നമ്മുടെ നേതക്കന്മാർക്കിട്ടു നല്ല ഒരു കൊട്ടു കൊടുത്തു അല്ലേ ടീച്ചരേ..
  എഴുത്ത് അസ്സലായി ട്ടോ.

  ReplyDelete
 15. @ലീല എം ചന്ദ്രൻ-,
  അഭിപ്രായം എഴുതിയതിന് നന്ദി.
  @ഉഷശ്രീ-,
  അങ്ങനെയെങ്കിലും ഒന്ന് കൊടുക്കട്ടെ;
  അഭിപ്രായം എഴുതിയതിന് നന്ദി.

  ReplyDelete
 16. പീഡിപ്പിക്കുന്നവരെ തെക്കോടെടുക്കുവാൻ പറയുന്ന
  ഒരു മന്ത്രി ഇനി നമ്മെക്കെന്നാ ഉണ്ടാകുക ..അല്ലേ

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!