28.5.09

10. പേരുകളുടെ വേരുകള്‍ തേടി


എല്ലാവര്‍ക്കും പേരുണ്ട്. ജനിച്ച് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍, വ്യക്തിയെ തിരിച്ചറിയാനായി ആഘോഷപൂര്‍വ്വം ഒരു പേരിടും. ചിലര്‍ക്ക് വീട്ടിലും നാട്ടിലും ഓമന പേരുകളും വിളിപ്പേരുകളും കാണും. എന്നാല്‍ ഇന്ന് അവതരിപ്പിക്കുന്നത് അദ്ധ്യാപകര്‍ക്ക് മാത്രമായി ലഭിക്കുന്ന, ശിഷ്യന്മാര്‍ ഗുരുദക്ഷിണയായി നിര്‍മ്മിച്ച് നല്‍കിയ പേരുകളാണ്. വളരെ രസകരമായ പേരുകളും അവയുടെ ഉറവിടവും കാണാന്‍ കഴിയും. ഈ പേരുകള്‍ ‘ആര്‍ക്ക് എവിടെ എപ്പോള്‍’ എന്ന് ഇവിടെ ചോദ്യമില്ല.
ഒരിക്കല്‍ ഞാന്‍ പത്താം ക്ലാസ്സിലെ കുട്ടികളോട് അവരെ ഹിന്ദി പഠിപ്പിക്കുന്ന ടീച്ചര്‍ ആരാണെന്ന് ചോദിച്ചു. നാല്പത്തി മൂന്ന് കുട്ടികളും മൌനം. പരമാവധി ദേഷ്യപ്പെട്ടു; എന്നിട്ടും ഫലമില്ല. അവര്‍ക്ക് ടീച്ചറുടെ പേരറിയില്ല. വര്‍ഷങ്ങളായി ഹിന്ദി പഠിപ്പിക്കുന്ന മൂന്ന് ടീച്ചേര്‍സിന്റെ പേര് പറഞ്ഞ് അവരില്‍ ആരാണെന്ന് ചോദിച്ചു.... എന്നിട്ടും ഫലമില്ല. എന്നാല്‍ നിങ്ങള്‍ വിളിക്കുന്ന പേര് എന്താണെന്ന് ഞാന്‍ ചോദിച്ചു. “ടീച്ചറെ അത് ഞങ്ങള്‍, ഞങ്ങളെ കൊന്നാലും പറയില്ല”, ലീഡര്‍ അറിയിച്ചു.
അദ്ധ്യാപകരില്‍ പലരുടെയും പേര് വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ല. പാഠം പഠിപ്പിക്കുന്ന തിരക്കില്‍ സ്വന്തം പേര് കുട്ടികളെ അറിയിക്കാന്‍ പലരും മറന്ന് പോകുന്നു. അത്കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ള പേര് അദ്ധ്യാപകര്‍ക്കായി നല്‍കുന്നു. ചില പേരുകള്‍ നിര്‍മ്മിച്ച സമര്‍ത്ഥന്മാരെ അഭിനന്ദിക്കണമെന്ന് തോന്നറുണ്ട്. എല്‍.കെ.ജി. മുതല്‍ കോളേജുകളില്‍ വരെ പഠിപ്പിക്കുന്ന മിക്കവാറും അദ്ധ്യാപകര്‍ക്ക് ഇങ്ങനെയുള്ള ഇരട്ടപേരുകള്‍ ഉണ്ടായിരിക്കും. ഇത്തരം പേരുകളുടെ ഉറവിടം തേടി ഗവേഷണം വേണ്ടി വരും. സ്ക്കൂളുകളില്‍ വെച്ച് കണ്ടുപിടിച്ച ചില പേരുകളാണ് ഇവിടെയുള്ളത്.
...
  1. എലി: നമ്മുടെ അറബി അദ്ധ്യാപികയാണ്. വര്‍ഷങ്ങളായി കാണുന്നുണ്ടെങ്കിലും മൂക്കിന്റെ പൂര്‍ണ്ണ ഭാഗവും കണ്ണ്,വായ ഇവയുടെ മുക്കാല്‍ ഭാഗവും കൈവിരലുകളുടെ പകുതിയും മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് കാണാനായിട്ടുള്ളു.
  2. വെള്ളാട്ടം: അദ്ധ്യാപകന് ഈ പേര് കിട്ടാന്‍ കാരണം ഒരു ദിവസം നവവധുവായ ഭാര്യയുടെ സ്ക്കൂളിലേക്കുള്ള വരവാണ്. അതിസുന്ദരിയായ ഭാര്യ സ്വര്‍ണ്ണം കൊണ്ട് മൂടി ചുവന്ന കസവ് സാരിയുടുത്ത് വരുന്നത് കണ്ട ശിഷ്യന്മാര്‍ ഭര്‍ത്താവായ അദ്ധ്യാപകനാണ് പേരിട്ടത്.
  3. ചൂട്ട: പണ്ട് കാലത്ത് തെങ്ങോല കൊണ്ടുള്ള ചൂട്ട വീശുന്ന വെളിച്ചത്തിലാണ് രാത്രീഞ്ചരന്മാര്‍ സഞ്ചരിച്ചത്. അത് പോലെ കുട വീശി നടക്കുന്ന ടീച്ചര്‍ക്ക് ആ പേര് വന്നു.
  4. ബണ്‍: കഷണ്ടിതലയുള്ള അദ്ധ്യാപകനാണിത്. മേല്‍ഭാഗം മറയ്ക്കാത്ത മൂത്രപ്പുരയില്‍ ഈ സാര്‍ ഉള്ളപ്പോള്‍ ആ കഷണ്ടിത്തല മാത്രം കാണുന്ന ശിഷ്യര്‍ നല്‍കിയ പേരാണിത്.
  5. എരുമ: ശരീരത്തിന്റെയും ശബ്ദത്തിന്റെയും സാദൃശ്യം നോക്കി ടീച്ചര്‍ക്ക് നല്‍കിയ പേരാണിത്.
  6. അണ്ഡാശയം: പഠിപ്പിച്ചു കൊണ്ടിരിക്കെ ഒരു പയ്യന് മൂത്രമൊഴിക്കാന്‍ പുറത്ത് പോകണം. പുറത്ത് വിടില്ലെന്ന് ടീച്ചര്‍. ഒടുവില്‍ അവന്‍ പറയുന്നു, ‘ടീച്ചറേ മൂത്രമൊഴിച്ചില്ലെങ്കില്‍ എന്റെ അണ്ഡാശയം പൊട്ടും’. ക്ലാസ്സില്‍ കൂട്ടച്ചിരിയായി, അതോടെ പേര് കിട്ടിയത് ടീച്ചര്‍ക്ക്.
  7. ഹൈറ്റുംവെയിറ്റും: പേര്‍ സൂചിപ്പിക്കുന്നത് പോലെ ശരീര ഘടനയുള്ള അദ്ധ്യാപകന്‍.
  8. തോണി: നന്നായി പഠിപ്പിക്കുമ്പോള്‍ ഈ അദ്ധ്യാപകന്‍ രണ്ട് കൈയും പിന്നിലേക്ക് വീശി ക്ലാസ്സില്‍ നടന്നുകൊണ്ടേയിരിക്കും.
  9. പളുങ്ക്: സംഗീതം ടീച്ചറാണ്. ആ ശബ്ദം ഒരിക്കല്‍ കേട്ടാല്‍ ഈ അഭിപ്രായം തന്നെ പറഞ്ഞ് പോകും.
  10. വീരപ്പന്‍: കൂടുതല്‍ വിശദീകരണം ആവശ്യമില്ല. മീശകാരണം ഭീകരനായി.
  11. നത്ത്: അധികം ഒച്ചപ്പാടില്ലാത്ത ടീച്ചറാണ്. ആ വലിയ ഗ്ലാസ്സുള്ള കണ്ണട അങ്ങനെയൊരു പേര് നേടിക്കൊടുത്തു.
  12. സിംപിള്‍ ഐഡിയ: നന്നായി പഠിക്കാനുള്ള സൂത്രവിദ്യകള്‍ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്തപ്പോള്‍ അദ്ധ്യാപകന് പേര്‍ കിട്ടി.
  13. തവള: ഇത് സാധാരണ കോളേജിലെ സുവോളജി അദ്ധ്യാപര്‍ക്ക് ലഭിക്കുന്ന പേരാണ്. എന്നാല്‍ ചരിത്രം പഠിപ്പിക്കുന്ന മാസ്റ്റര്‍ക്ക് ഈ പേര് ലഭിച്ചത്, ഉയരം കുറഞ്ഞ് കഴുത്തിന് വണ്ണം കൂടിയത് കൊണ്ടാണ്.
  14. അണ്ണാച്ചി: ശുദ്ധമായ അച്ചടി ഭാഷയില്‍ പഠിപ്പിക്കുന്ന മലയാളം അദ്ധ്യാപിക, ഒരിക്കല്‍ അല്പം തമിഴ് പറഞ്ഞത് കൊണ്ട് അണ്ണാച്ചിയായി.
  15. ലൌ മൊട്ട: അദ്ധ്യാപകന്റെ കഷണ്ടിതലയുടെ ചുറ്റുമുള്ള മുടിയുടെ രേഖാചിത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ ‘ലൌ ചിഹ്നം’ കണ്ടുപിടിച്ചു.
  16. അണ്ടിക്കൊരട്ട: പേരുമായി ഒരു സാദൃശ്യവും ഇല്ലാത്ത അദ്ധ്യാപിക. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മൂക്കിന്റെ ചെറിയ വളവില്‍ വദ്യാര്‍ത്ഥികള്‍ കശുവണ്ടിയുടെ ആകൃതി കണ്ടെത്തി.
  17. പല്ലി: പല്ലി ഇരയെ പിടിക്കുന്നതു പോലെ വിദ്യാര്‍ത്ഥികളുടെ തട്ടിപ്പ് കണ്ടു പിടിക്കുന്ന അദ്ധ്യാപകന്‍.
  18. അമ്മായി:കുട്ടികളോട് വളരെ സൌമ്യമായി എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന മാസ്റ്റര്‍ അവര്‍ക്ക് അമ്മായി ആയി മാറി.
  19. മിസ്സ് കോളനി: ആള്‍ നല്ല കറുപ്പാണ്, കാണാന്‍ മിസ്സ് വേള്‍ഡിന്റെ നേരെ എതിര്. സ്ക്കൂളിനു സമീപമുള്ള കോളനിയില്‍ താമസിക്കുന്ന ഒരേയൊരു ടീച്ചറാണ്.
  20. ഒട്ടകം: നല്ല ഉയരമുള്ള ഈ ടീച്ചര്‍ നടക്കുമ്പോള്‍ തലയുടെയും കഴുത്തിന്റെയും ചലനം നോക്കി പേരിട്ടതായിരിക്കാം.
  21. അണ്ണന്‍: സ്വന്തം ജില്ലയില്‍ മുതിര്‍ന്നവരെ വിളിക്കുന്നത് പോലെ സ്ക്കൂള്‍ പരിസരത്തുള്ളവരെ വിളിച്ചപ്പോള്‍ അണ്ണന്‍ ആയി മാറി.
  22. വട: പഠിപ്പിക്കുമ്പോള്‍ ബോറടിക്കുന്ന വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയുടെ സാരികള്‍ക്കിടയിലൂടെ ‘വെളുത്ത ആലില വയര്‍’ ഒളിഞ്ഞു നോക്കി ഉഴുന്നുവട എന്നും പരിപ്പുവട എന്നും പേര്‍ ഇട്ടു.
  23. ലംബം: സ്ക്കൂളിലെ ഏറ്റവും ഉയരം കൂടിയ കണക്ക് മാഷിന് അനുയോജ്യമായ ഒരു പേര് .
  24. മംഗലബസ്സ്: എല്ലാ ദിവസവും കല്ല്യാണപ്പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങി മുല്ലപൂവ് ചൂടി സ്ക്കൂളില്‍ വരുന്ന ടീച്ചര്‍.
  25. പുട്ടും കടലയും: ചായക്കടയില്‍ കയറിയാല്‍ ഈ അദ്ധ്യാപകന്‍ കഴിക്കുന്ന ഇഷ്ട വിഭവം പുട്ടും കടലയും ആയിരിക്കും.
നാമകരണം ഇവിടെ പൂര്‍ണ്ണമാവുന്നില്ല. ഇനിയും തുടരാം…

22 comments:

  1. കുട്ടികള്‍ക്ക് അയച്ച് കൊടുക്കാന്‍ പറ്റിയ മാറ്റര്‍.ഇനി അദ്ധ്യാപകര്‍ക്ക് പേരന്വേഷിച്ച് ബുദ്ധിമുട്ടണ്ടാല്ലോ
    :)

    ReplyDelete
  2. ..മിസ്സ് കോളനി: ആള്‍ നല്ല കറുപ്പാണ്, കാണാന്‍ മിസ്സ് വേള്‍ഡിന്റെ നേരെ എതിര്. സ്ക്കൂളിനു സമീപമുള്ള കോളനിയില്‍ താമസിക്കുന്ന ഒരേയൊരു ടീച്ചറാണ്. ..
    athu kalakki.
    mini teecharute peru paranjilla..!!

    ReplyDelete
  3. വായിച്ചു കൊണ്ടിരുന്നപ്പോള്‍ വീണ്ടും സ്കൂളില്‍ എത്തിയ പോലെ
    നന്ദി

    ReplyDelete
  4. ഹ ഹ ഹാ ഹാ കൊള്ളാം പേര് പുരാണം ചിരിക്കനുണ്ട്

    ReplyDelete
  5. ഇതൊന്നുമല്ലാതെ ഏതാണ്ട് എല്ലാ സ്കൂളുകളിലും ഉണ്ടാകാനിടയുള്ള ഒരു പേരുണ്ട്..നിത്യഗര്‍ഭിണി...വയറ്‌ ചാടിയ ടീച്ചര്‍ മ്മാര്‍ ക്കുള്ള പേരാണ്‌...എനിക്കും ഉണ്ടായിരുന്നു അങ്ങിനെയൊരെണ്ണം ... ഇപ്പോള്‍ ഓഫീസിലും ഉണ്ട് ഒരു നിത്യഗര്‍ഭിണി

    ReplyDelete
  6. താങ്കള്‍ ഒരു ടീച്ചര്‍ തന്നെ ആണല്ലേ...... ഹ ഹ പിള്ളര്‍ ഇതൊന്നും കാണണ്ട...........
    നാളെ നിങ്ങള്‍ക്കും കിട്ടും..............അല്ല വല്ല പേരും കാണുമായിരിക്കും ....അല്ലേ.....

    ReplyDelete
  7. അദ്ധ്യാപകർക്കു് കുട്ടികളിൽ നിന്നും വീണുകിട്ടുന്ന പേരുകളിലൂടെ ആ വിദ്യാർത്ഥികളുടേയും അവരുൾപ്പെട്ട സമൂഹത്തിന്റേയും മനഃശാസ്ത്രം ഒരുപാടു പഠിക്കാനാവും.

    ഉദാഹരണത്തിനു് മിസ്സ് കോളനി എന്ന പേരു് എത്ര നീചമാണു്! അതുപോലെത്തന്നെ എരുമ എന്ന പേർ എന്നെങ്കിലും സ്വയം കേൾക്കാനിട വരുന്ന ടീച്ചർക്കു് എത്ര വിഷമമുണ്ടാവും!

    ഞാൻ ഗ്രാമത്തിൽ പഠിച്ചിരുന്ന സ്കൂളിൽ ടീച്ചർമാർക്കു് ‘കുറ്റപ്പേരുകൾ’ മിക്കവാറും ഒന്നും തന്നെയുണ്ടായിരുന്നില്ലെന്നു് ഇപ്പോൾ ഓർത്തെടുക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു. ആ ഗ്രാമത്തിന്റെ നിഷ്കളങ്കതയായിരുന്നിരിക്കാം. ആ തലമുറയുടെ ഔന്നത്യബോധമായിരിക്കാം. അതോ അയൽ‌പ്പക്കങ്ങളിൽതന്നെ ജനിച്ചും ജീവിച്ചും പോന്ന ആ അദ്ധ്യാപക-വിദ്ധ്യാർത്ഥിക്കൂട്ടത്തിന്റെ അമ്മക്കുട്ടിച്ചങ്ങാത്തങ്ങളോ? അറിയുന്നില്ല ഇപ്പോൾ.
    ഹൈസ്കൂളിൽ പഠിക്കാൻ പട്ടണത്തിലെത്തിയപ്പോൾ പക്ഷേ നേരെ മറിച്ചായിരുന്നു. ആദ്യദിവസങ്ങളിൽ ഓരോ പിരീഡുകളിലും ക്ലാസ്സിലെത്തുന്ന ടീച്ചർമാരുടെ/ മാഷമ്മാരുടെ വിളിപ്പേരുകൾ തൊട്ടിരിക്കുന്ന (അവിടെത്തന്നെ പഠിച്ചുവളർന്ന) കുട്ടികൾ ചെവിയിൽ മന്ത്രിച്ചുതരും. ചില പേരുകൾ കേട്ടു് അവയുമായി എത്ര സുന്ദരമായി യോജിച്ചുപോവുന്നു അതിന്റെ ഉടമസ്ഥൻ എന്നോർത്ത് നിശ്ശബ്ദമായി ഇരിക്കേണ്ടിയിരുന്ന ആ നിമിഷങ്ങളിൽ അടക്കിവെച്ച എന്റെ ചിരിപൊട്ടിത്തെറിക്കും...

    ഒട്ടകം, ഗുഡ്സ്, എലൈറ്റ്, തവള, കോളിനോസു്, ഹിറ്റ്ലർ, ലഡു തുടങ്ങിയവരൊക്കെ പിന്നീടു് ഞങ്ങളുടെ ഓർമ്മകളുടെ ഏറ്റവും ഉയർന്ന മട്ടുപ്പാവുകളിൽ സ്ഥാനം പിടിച്ചു. അദ്ധ്യാപകോത്തമന്മാരായി അവരിപ്പോഴും ഞങ്ങളുടേ ബോധസാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും കയ്യാളുന്നു...
    തീരെ വാർദ്ധക്യാവശരായി ചിലർ ബാക്കിയുണ്ടാവാം. എങ്കിലും മിക്കവാറും അവരെല്ലാവരും പോയ്മറഞ്ഞു...
    ഇന്നു് പേറിയും പറഞ്ഞും പഠിച്ചും വരഞ്ഞും എന്നിലൂടൊഴുകിയിറങ്ങുന്ന എന്റെയീ അക്ഷരങ്ങൾക്കു മുകളിൽ പുഷ്പവർഷം പൊഴിക്കുന്നു അവരവിടെയിരുന്നു് സദാ സർവ്വേണ...

    ഓർമ്മത്തുരുമ്പോലകൾക്കിടയിൽനിന്നും രണ്ടുപച്ചീർക്കിളിത്തണ്ടുകൾ പറിച്ചെടുത്തുതന്ന, ഇളംതുടയിലെ വെള്ളയിൽ ചുവപ്പുകൊണ്ടു് രണ്ടു് നീറുന്ന വരപ്പാടുകൾ എഴുതിച്ചേർത്ത, ഈ നല്ല അന്വേഷണക്കുറിപ്പടയ്ക്കു് നന്ദി! നമോവാകം!

    ReplyDelete
  8. ഓര്‍ക്കുവാന്‍ ധാരാളമുണ്ട്‌ എന്നാല്‍ എഴുതുവാന്‍ കൊള്ളാവുന്നത്‌ അതില്‍ കുറയും.
    ഫോട്ടൊയുടെ നെഗറ്റീവ്‌ പോലെ കറുത്ത മുഖവും നരച്ച മുടിയുമുള്ള ഒരു അധ്യാപകനെ നെഗറ്റീവെന്നു വിളിച്ചിരുന്നത്‌ എഴുതാവുന്നവയില്‍ ഒന്ന്‌

    ReplyDelete
  9. പേരുകളുടെ വേരുകള്‍ക്ക് ഒരു പിന് കുറിപ്പ്-
    അദ്ധ്യാപകര്‍ക്ക് പേര് നല്‍കുന്നത് (ചിലപ്പോള്‍ വളരെ മോശമായ പേര്)റാഗിങ്ങ് പോലെ തന്നെ ഗുരുതരമായ കുറ്റമായിട്ടാണ് കണക്കാ‍ക്കേണ്ടത്. ഇത് ഒരു തരം ഗുരുനിന്ദയാണ്. ഇവിടെ പറഞ്ഞത് പലതും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പേരുകളാണ് . ശിഷ്യന്മാരുടെ നാട്ടുകാരിയായ എനിക്കും പേരുണ്ട്. ഞാന് പഠിപ്പിക്കുന്ന സ്ക്കൂളില് എന്റെ ക്ലാസ്സില് പഠിക്കുന്ന എന്റെ മകളുടെ മുന്നില്‍ വെച്ച് ശിഷ്യന്മാര്‍ എന്റെ ഇരട്ടപ്പേര് വിളിച്ചിട്ടുണ്ട്. അവള് പരാതി പറഞ്ഞപ്പോള്‍ ഞാന്‍ അതൊരു തമാശയാണെന്നു പറഞ്ഞു തള്ളി. കാരണം പേര് നമ്മുടെ സ്വന്തമാണെങ്കിലും മറ്റുള്ളവര്‍ മാത്രമാണ് അത് ഉപയോഗിക്കുന്നത്. പിന്നെ ട്രാന്‍സ്ഫര്‍ ആയ അദ്ധ്യാപകന്‍ പുതിയ സ്ക്കൂളില് ജോയിന്‍ ചെയ്യുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ വിളിപ്പേര് അവിടെ എത്തിയിരിക്കും. പേരിനു നേരെയുള്ള രണ്ട് പ്രതികരണങ്ങള് കൂടി പറയാം
    .
    1. ക്ലാസ്സിലെ ഹിന്ദി ടീച്ചര്‍ക്ക് ഒരു ചെറിയ പഴത്തിന്റെ പേരാണ്. ഹിന്ദി പിരീഡ് ആരംഭിക്കുന്നതിനു മുന്‍പ് മേശപ്പുറത്ത് ആ പഴം കിടക്കുന്നു. ക്ലാസ്സ് ലീഡറായ എന്റെ മകള്‍ ആ പഴം പുറത്ത് കളഞ്ഞു. അപ്പോഴേക്കും മറ്റൊരു പഴം മേശപ്പുറത്ത്. അങ്ങനെ നാലു തവണ കളഞ്ഞിട്ടും പുതിയ പഴം വരുന്നു. പൊതുവെ ദേഷ്യക്കാരിയായ ടീച്ചര്‍ ക്ലാസ്സില് വരുമ്പോള്‍ തന്റെ ഇരട്ടപ്പേര് അഞ്ചാമത്തെ പഴമായി മേശപ്പുറത്ത് റഡി. പിന്നെ 45 മിനുട്ടും അടി തന്നെ. ഒന്നാമതായി പഠിക്കുന്ന പൊതുവെ അടി കിട്ടാത്ത ക്ലാസ്സ് ലീഡര്‍ക്കും കിട്ടി പൊതിരെ തല്ല്. 2. കണക്ക് ടീച്ചറുടെ ഇരട്ടപ്പേര് പൈ; നമ്മുടെ നാട്ടിലെ പശുവിന്റെ വിളിപ്പേര്. ഒരിക്കല്‍ എക്സ്ട്രാ വര്‍ക്ക് കിട്ടി പരിചയമില്ലാത്ത ക്ലാസ്സില് പോയി. കുട്ടികളോട് മൌനമായി വായിക്കാന്‍ പറഞ്ഞ് ടീച്ചര്‍ ക്ലാസ്സിലിരുന്ന് റജിസ്റ്റര്‍ എഴുതുകയാണ്. ക്ലാസ്സ് നിശബ്ദം. പെട്ടെന്നാണ് പിന്നില്‍നിന്ന് പശുവിന്റെ ഒരു കരച്ചില് . കാര്യം മനസ്സിലായ ടീച്ചര് വളരെ ഗൌരവത്തോടെ പറഞ്ഞു,“മഴ പെയ്ത് പുല്ലും വെള്ളവും നിറഞ്ഞിരിക്കയാ, എന്നിട്ടും പൈ എന്തിനാ കരയുന്നത്? അഴിച്ചു വിട്ട് രണ്ട് അടി കൊടുക്ക്”. ക്ലാസ്സ് നിശബ്ദം. പിന്നെ ടീച്ചര്‍ സ്റ്റാഫ് റൂമില് വന്ന് ഇക്കാര്യം പറഞ്ഞപ്പോഴുള്ള കൂട്ടച്ചിരിയില്‍ നമ്മള്‍ എല്ലാവരും പങ്കാളികളായി.

    ReplyDelete
  10. ചില നേരം ഓര്‍ത്ത്‌ ചിരിക്കാന്‍ ഇതിലും നല്ല തമാശകള്‍ ഉണ്ടാകില്ല :)

    ReplyDelete
  11. ഞാന്‍ ഡിഗ്രീ പഠിച്ച സമയത്ത് ( ഭൌതിക ശാസ്ത്രം ) ഒരു സാറിന്റെ നിക്ക് നെയിം "റിപ്പീറ്റ്‌ മൊട്ട " സാറിന്റെ തല നല്ലൊരു ശതമാനം വരെ കഷണ്ടി (മൊട്ടത്തല ) ആയിരുന്നു . മാത്രമല്ല പ്രക്ടികല്സിനു കുട്ടികള്‍ക്ക് "റിപ്പീറ്റ്‌ " കൊടുക്കലയിരുന്നു പുള്ളീടെ ഇഷ്ട്ട ഹോബി .
    കലാമണ്ഡലം ( നടത്തത്തിലെ പ്രത്യേകത ) , ബള്‍ബ്‌ കണ്ണന്‍ ഇങ്ങനെ പോകുന്നു നിക്ക് നെയിം ലിസ്റ്റ് !

    ReplyDelete
  12. ente schoolilumundaayirunnu kuttoosan, big show, aavanaazhi, payyan, jailer, moonemoone, pi cube, pointer, compressor, balloon, shikkaari shambhu, thathamma... ellaam aan sir-maaraayirunnu...

    ReplyDelete
  13. മിനി നര്‍മ്മം വളരെ നന്നായിട്ടുണ്ട്. അവതരണശൈലി ഗംഭീരം.
    എനിക്ക് ഒരു കണക്കു ടീച്ചര്‍ ഉണ്ടായിരുന്നു. വളരെ സുന്ദരിയായ ടീച്ചര്‍ പക്ഷെ സാരി ഉടുക്കുന്നതില്‍ വലിയ ശ്രദ്ധ കാണിച്ചിരുന്നില്ല. പലപ്പോഴും നെഞ്ചിനു നടുവിലുടെ കിടന്നിരുന്ന സാരി കാരണം ടീച്ചറെ "ശതമാനം" (%) എന്നും, വേറെ ഒരു ടീച്ചറെ ഉഴുന്ന് വട എന്നും വിളിച്ചുപോന്നു. പിന്നെ, കുതിരവാല്‍ , ചഞ്ചലാക്ഷി തുടങ്ങിയ പേരുകളിലും അറിയപ്പെട്ടു. ആവശ്യമില്ലെങ്കിലും, മിക്ക ക്ലാസ്സിലും മരത്തിലുള്ള വലിയ കോമ്പസ് കൊണ്ട് വന്നിരുന്ന മാഷിനെ "മാന്‍ വിത്ത് എ ഗോള്‍ഡന്‍ കോമ്പസ്" എന്ന് വിളിച്ചു ആദരിച്ചിരുന്നു.
    ഇതൊക്കെ ഓര്‍മ്മിക്കുവാന്‍ വഴിയൊരുക്കിയ ടീച്ചര്‍ക്ക് നന്ദി.

    ReplyDelete
  14. അണ്ണാനെ മരം കേറാന്‍ പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ പോലെ ടീച്ചര്‍മാര്‍ക്ക് പേരിടാന്‍ പിള്ളേരെ പഠിപ്പിക്കേണ്ട ഒരു ആവശ്യവുമില്ല..
    പോസ്റ്റ്‌ ഉഗ്രനായിട്ടുണ്ട്

    ReplyDelete
  15. എന്റെ അമ്മയും ടീച്ചറാണ്‌. അമ്മയ്ക്കും ഉണ്ട്‌ ഒരു പേര്‌. "ഏക്സ്പ്രെസ്സ്" പഠിപ്പിക്കുന്നതിലെ സ്പീഡിനല്ല നടത്തത്തിലെ സ്പീഡ്‌ കാരണമാ പേരു വീണത്‌. :-)

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. പത്താം ക്ലാസിലെ എന്റെ കണക്ക് സാറിന്റെ പേര് ചൊട്ടന്‍ = ഒരിനം വലിയ കട്ടുറുമ്പ്. കടിച്ചാല്‍ നീരു വയ്ക്കും. സാറ് വലിയ തല്ലുകാരനായിരുന്നു.
    ടീച്ചറിന്റെ പേര് പറഞ്ഞില്ലല്ലോ

    ReplyDelete
  18. ഇവിടെ പലരും ടീച്ചറുടെ പേരു ചോദിച്ചിട്ടുണ്ടല്ലോ... ടീച്ചറുടെ പേര്‍രെന്തായിരുന്നെന്ന് എനിക്കറിയാം. പക്ഷേ പറയൂല്ലാ...! :)

    ReplyDelete
  19. Super!
    ഞാൻ പഠിക്കുമ്പോൾ, സ്കൂളിലെ പ്രധാനാധ്യാപകൻ (അയ്യര്) , അസംബ്ലിയിൽ, സന്ദർഭവശാൽ പറഞ്ഞു: നാൻ കൂട്ടിലിട്ട സര്പ്പമാണ്. പാവത്തിന്റെ പേര് അന്നുമുതൽ അങ്ങനെതന്നെ ആയി!

    ReplyDelete
  20. Super. ഞാൻ പഠിക്കുമ്പോൾ, സ്കൂളിലെ പ്രധാനാധ്യാപകൻ (അയ്യര്) , അസംബ്ലിയിൽ, സന്ദർഭവശാൽ പറഞ്ഞു: നാൻ കൂട്ടിലിട്ട സര്പ്പമാണ്. പാവത്തിന്റെ പേര് അന്നുമുതൽ അങ്ങനെതന്നെ ആയി!

    ReplyDelete
  21. Super!
    ഞാൻ പഠിക്കുമ്പോൾ, സ്കൂളിലെ പ്രധാനാധ്യാപകൻ (അയ്യര്) , അസംബ്ലിയിൽ, സന്ദർഭവശാൽ പറഞ്ഞു: നാൻ കൂട്ടിലിട്ട സര്പ്പമാണ്. പാവത്തിന്റെ പേര് അന്നുമുതൽ അങ്ങനെതന്നെ ആയി!

    ReplyDelete
  22. ഒരു ടീച്ചറുടെ}പേര്} രോമേശ്വരി എന്നായിരുന്നു}...കൈയ്യിലും വയറിലും രോമം ആയിരുന്നു}കാരണം}

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!