2.6.09

11. കല്ല്യാണ തന്ത്രങ്ങള്‍നമ്മുടെ ഗ്രാമത്തില്‍നിന്നും ആദ്യമായി ആണ്‍മക്കളെ ദുബായില്‍ അയക്കുകയും അതോടൊപ്പം ആദ്യമായി ആകാശയാത്ര നടത്തുകയും ചെയ്ത; അങ്ങനെ നാട്ടിലെ ഏറ്റവും വലിയ പണക്കാരി ആയി മാറിയ -‘ആകാശവാണി’-യുടെ രണ്ട് പെണ്മക്കളുടെയും കല്ല്യാണം ‘പുര നിറഞ്ഞു കവിയുന്നതിനു മുന്‍പ്‘ തന്നെ കഴിഞ്ഞു. എന്നാല്‍ രണ്ട് ആണ്മക്കളുടെ കല്ല്യാണക്കാര്യത്തില്‍ അവര്‍ വലിയ തിരക്ക് കാണിച്ചില്ല. അവരുടെ കല്ല്യാണത്തെപറ്റി ചോദിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു മറുപടി ഉണ്ട്. ‘എന്നെ ഇവിടെ കല്ല്യാണം കഴിച്ചുകൊണ്ടു വരുമ്പോള്‍ അങ്ങേര്‍ക്ക് വയസ്സ് മുപ്പത്തി ആറാണ്, ആണ്‍പിള്ളേരായാല്‍ മുപ്പത്തിഅഞ്ച് കഴിയാതെ കല്ല്യാണം പാടില്ല’. ‘പിന്നെ ഇരുപത്തിനാലും ഇരുപത്തിമൂന്നും വയസ്സുള്ള പയ്യന്മാരെകൊണ്ട് പെണ്മക്കളെ കെട്ടിച്ചത് ശരിയാണോ?’ എന്ന് ചോദിക്കാന്‍ നാട്ടുകാര്‍ക്ക് ധൈര്യം വരാറില്ല. ആണ്‍ മക്കള്‍ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ അവര്‍ പുരപൊളിച്ച് നാട്ടില്‍ നിറയാതെ നോക്കാന്‍ എസ്ക്കോര്‍ട്ടായി അമ്മ എപ്പോഴും കൂടെ കാണും.
രണ്ട് ആണ്മക്കളില്‍ ഇളയവന് പ്രായം മുപ്പത്; അവന്‍ സ്വഭാവത്തില്‍ ആകാശവാണിയുടെ തനിപകര്‍പ്പാണ്. അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവന്‍. ദുബായില്‍ നിന്ന് നാട്ടില്‍ വന്നാല്‍ അവന് കുറച്ചൊക്കെ സ്വാതന്ത്ര്യം ഉണ്ട്. നാട്ടുകാരെ പറ്റിക്കാന്‍ അവന്‍ മിടുക്കനാണ്. മൂത്തവന് പ്രായം മുപ്പത്തിമൂന്ന്; സ്വഭാവം ഇളയവന്റെ നേരെ എതിരാണ്; സങ്കടപ്പെടുന്നവരെ കണ്ടാല്‍ അവനും സങ്കടം വരും. ചോദിക്കുന്നവര്‍ക്ക് കൈയിലുള്ളത് കൊടുക്കും. പണ്ട് ദാഹിക്കുമ്പോള്‍ വെള്ളം കോരിക്കുടിച്ച കിണറിനെയും വിശന്നപ്പോള്‍ കഞ്ഞി കൊടുത്ത മുത്തശ്ശിമാരെയും അവന് ഓര്‍മ്മയുണ്ട്. അത് കൊണ്ട്തന്നെ തോന്നിയപോലെ നാട്ടില്‍ നടക്കാനുള്ള സ്വാതന്ത്ര്യം ആകാശവാണി അവന് കൊടുത്തിട്ടില്ല. അവന്‍ പോകുന്നത് ‘കല്ല്യാണത്തിനായാലും കടപ്പുറത്തായാലും തെയ്യം കാണാനായാലും’ കൂടെ അമ്മ ഉണ്ടാവും. അവനെക്കണ്ട് അടുത്തു വരുന്ന ചെറുപ്പക്കാരികള്‍ അമ്മയെ കണ്ട് അകന്ന് പോകും.

….
അങ്ങനെയിരിക്കെ ഒരു ദിവസം ഉറക്കം വരാതെ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആകാശവാണിക്ക് ഒരു പെട്ടെന്ന് ഒരു തോന്നല്‍. അടുത്ത അവധിക്ക് നാട്ടില്‍ വന്നാല്‍ രണ്ട് ആണ്‍മക്കളെയും പെണ്ണ് കെട്ടിക്കണം. പിന്നെ മൂന്നു ദിവസം ആലോചിച്ച് കല്ല്യാണം പ്ലാന്‍ ചെയ്തു. മൂന്നാം ദിവസം രാത്രി രണ്ട് മണിക്ക് കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി കല്ല്യാണപ്രഖ്യാപനം നടത്തി. ഇളയവന്റെ വധു, അവന്റെ അച്ഛന്റെ പെങ്ങളുടെ മകള്‍ (മരുമകള്‍, മുറപ്പെണ്ണ്), മൂത്തവന് ഏതെങ്കിലും പെണ്ണിനെ കണ്ടു പിടിക്കുക. ഒരേ ദിവസം രണ്ട് കല്ല്യാണം.


ഉറക്കച്ചടവില്‍ കണ്ണും തിരുമ്മി കെട്ടിയവന്‍ ചോദിച്ചു,“മൂത്ത മരുമകള്‍ മൂത്തവന്, അതല്ലെ പണ്ടേ പെങ്ങള്‍ പറയുന്നത്, മുറപ്പെണ്ണല്ലെ,”

“അങ്ങനെയല്ല, ഇളയവളെ ഇളയവന്. അതാണ് എന്റെ തീരുമാനം. പിന്നെ മൂത്തവള്‍ കൂടുതല്‍ പഠിച്ചവളായതിനാല്‍ അവളെ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വന്ന് കല്ല്യാണം കഴിക്കും” ഭാര്യ തിരുത്തി.
ആ തീരുമാനം തീരുമാനിച്ചത് തന്നെയാണെന്നറിഞ്ഞ ഭര്‍ത്താവ് വീണ്ടും ഉറങ്ങാന്‍ തുടങ്ങി.

എന്നാല്‍ ഭാര്യ ഉറങ്ങാതെ കിടന്ന് ആലോചിക്കുകയാണ്; ‘ആണ്മക്കള്‍ രണ്ടും കല്ല്യാണം കഴിച്ചാല്‍, അതോടെ അമ്മായിഅമ്മപോര് തുടങ്ങും. പെങ്ങളുടെ മൂത്ത മകള്‍ അല്പം പഠിച്ചവളാണ്; അവള്‍ക്ക് അനുസരണാശീലം കുറവാണ്. കാര്യങ്ങളിലൊന്നും ഇടപെടാത്ത ഇളയവളെ; തന്റേടമുള്ള, തന്റെ ഇളയ മകനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കുന്നതാണ് നല്ലത്. പ്രധാന ലക്ഷ്യം ഒന്ന് മാത്രം: ഭര്‍ത്താവിന്റെ ‘ആ വലിയ തറവാട് വീട്’; സ്വത്ത് വീതം വെച്ചപ്പോള്‍ പെങ്ങള്‍ സ്വന്തമാക്കിയ ആ വീട്, കൈക്കലാക്കണം.


അമ്മയുടെ തീരുമാനം ‘എയര്‍മെയിലായി’ ദുബായില്‍ എത്തി. (അന്ന് തപ്പാലാപ്പീസുകളുടെ സുവര്‍ണ്ണ കാലം) ഒരു മാസം കഴിഞ്ഞപ്പോള്‍ മക്കള്‍ രണ്ടും വീട്ടിലേക്ക് പറന്ന് വന്നു. പിന്നെ ഒരാഴ്ച പെണ്ണുകാണല്‍ ആഘോഷം. ഇളയവന്റെ പെണ്ണ് ‘ഓക്കെ’ യാണെങ്കിലും മൂത്തവന്റെത് അമ്മയും മകനും ചേര്‍ന്ന് നാട് മുഴുവന്‍ നടന്നിട്ടും ശരിയാവണില്ല. പെണ്ണിന് സൌന്ദര്യം പോരാ, വണ്ണം പോരാ, സ്വഭാവം മോശം, ആങ്ങളമാര്‍ കൂടുതല്‍, പഠിപ്പ് കൂടുതല്‍, സ്വത്ത് കൂടുതല്‍ , ആദിയായ കുറ്റങ്ങള്‍ പറഞ്ഞ് അമ്മ ഒഴിവാക്കുകയാണ്. എല്ലാം ശരിയായാല്‍ പെണ്‍ വീട്ടുകാര്‍ അവരെ ഒഴിവാക്കും.
.
ഒടുവില്‍ മകന്‍ ചോദിച്ചു, “അമ്മ ഏത് തരം പെണ്ണിനെയാണ് ഇഷ്ടപ്പെടുക?”
.
“മോനേ നമ്മളെ അനുസരിക്കുന്ന സുന്ദരിയായ പാവപ്പെട്ട ഒരു പെണ്ണിനെയാണ് നമുക്ക് ആവശ്യം”

...
ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നു, ഒന്നല്ല-അഞ്ച് പെണ്‍കുട്ടികളുള്ള വീട്ടില്‍- അവരില്‍ മൂത്തവളുടെ മാത്രം കല്ല്യാണം കഴിഞ്ഞിട്ടുണ്ട്. ബാക്കി നാലും, ഇരുപത് മുതല്‍ മുപ്പത് വരെ വയസ്സുള്ള സുന്ദരിമാര്‍ പുര നിറഞ്ഞ് നില്പാണ്. (കുടുംബാസൂത്രണം പച്ച പിടിക്കാന്‍ തുടങ്ങുന്ന കാലത്ത് ഒരാണ്‍തരിയെ കിട്ടാനായി അഞ്ച് പെണ്ണിനെ പ്രസവിച്ചതാണ്) അമ്മയും മകനും ചേര്‍ന്ന് നാല് സുന്ദരിമാരെയും കണ്ടതിനു ശേഷം പെണ്ണിന്റെ അച്ഛനോടായി അമ്മ പറഞ്ഞു.

“ഇതില്‍ ഏറ്റവും ഇളയവളെ എന്റെ മകന് ഇഷ്ടമാണ്, അഞ്ച് ദിവസത്തിനുള്ളില്‍ കല്ല്യാണം വേണം, സ്വര്‍ണ്ണം അധികം വേണ്ട, അധികം ആര്‍ഭാടങ്ങളും വേണ്ട”.
.
“മൂത്തവര്‍ നില്‍ക്കെ അതെങ്ങനെ ശരിയാവും? പിന്നെ ചെറുക്കന്‍ ഒന്നും പറഞ്ഞില്ലല്ലോ;” പെണ്ണിന്റെ അച്ഛന് സംശയമായി.
.
“അതെയ് ഞാന്‍ പറയുന്നതാണ് എന്റെ മകന്റെ ഇഷ്ടം. നിങ്ങള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ വിവരം അറിയിക്കുക”
.
പിതാവ് ആലോചിച്ചു,‘ഏതായാലും സമ്മതിക്കുക തന്നെ; നാലില്‍ ഒരാളുടെയെങ്കിലും കല്ല്യാണം കഴിയുന്നത് ആശ്വാസമാണ്. അതും ഒരു ഗള്‍ഫ് കാരന്റെ ഭാര്യയായിട്ട്’.
.
പുറത്തിറങ്ങിയ ഉടനെ മകന്‍ അമ്മയോട് ചോദിച്ചു,
“മൂത്തവര്‍ മൂവരെയും ഒഴിവാക്കി എന്റെ അമ്മ ഏറ്റവും ഇളയവളെ ചോദിച്ച്ത് ശരിയാണോ?” അമ്മ മകനെ ഒന്നു നോക്കി, പിന്നെ പറഞ്ഞു;
.
“ഇതുതന്നെയാണ് കാര്യം. കല്ല്യാണം കഴിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ എന്റെ മകന്‍ അമ്മയോട് ശരിയും തെറ്റും ചോദിക്കുന്നു.... അപ്പോള്‍ പിന്നെ, എടാ ആ മൂത്ത പെണ്‍പിള്ളേര്‍ക്ക് വിദ്യാഭ്യാസം കൂടുതലാണ്, കോളേജില്‍ പടിച്ചവരാ. അത് കൊണ്ട് വിവരം കൂടും, പിന്നെ ഞാന്‍ കണ്ട ഇളയ പെണ്ണ് പത്തില്‍ തോറ്റതാ; എന്നെയും നിന്നെയും അനുസരിക്കുന്ന പെണ്ണിനെയാ നമുക്ക് വേണ്ടത്. അവര്‍ പാവപ്പെട്ട കുടുംബമാണ്. ആവശ്യം നമ്മുടെതാണ് , അത് കൊണ്ട് നമ്മുടെ ഇഷ്ടമാണ് നടക്കേണ്ടത്”.
തിരിച്ച് വീട്ടിലെത്തുന്നത് വരെ മകന്‍ അമ്മയുടെ തന്ത്രങ്ങള്‍ ആലോചിച്ച് ആശ്ചര്യപ്പെട്ടു.

അങ്ങനെ ആകാശവാണിയുടെ രണ്ട് ആണ്മക്കളുടെയും വിവാഹം ഒരേ ദിവസം നടന്നു. ഭാര്യമാര്‍ക്ക് സ്വപ്നങ്ങളും അമ്മയ്ക്ക് രണ്ട് സഹായികളെയും നല്‍കി ഒരാഴ്ചക്കു ശേഷം രണ്ട് ആണ്‍മക്കളും ഗള്‍ഫിലേക്ക് പറന്നു. ഇങ്ങനെ ആകാശവാണീചരിതം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു..

7 comments:

 1. മിനി ടീച്ചറെ, പോസ്റ്റുകള്‍ എല്ലാം കൊള്ളാം. പക്ഷെ തലേക്കെട്ട് ചിത്രവും ഫോന്ടിന്റെ നിറവും ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ബ്ലോഗിന്റെ ഭംഗി ഒന്ന് കൂടെ നന്നാവുമെന്ന് തോന്നുന്നു, അഭിപ്രായം മാത്രമാണേ?

  ReplyDelete
 2. ആകാശവാണി കൊള്ളാലോ..

  ReplyDelete
 3. ടീച്ചറെ, first time seeing ur post, read some of ur old posts too. nice writing

  ot: could you change the back ground color, pink ? or the font colors ? It is difficult to see some of the texts (eg: url of "Post comment" is almost invisible.

  ReplyDelete
 4. മിനി ചേച്ചി ആകാശവാണി പുരാണം നന്നായിരിക്കുന്നു

  ReplyDelete
 5. കൊള്ളാം നന്നായിട്ടുണ്ട്...
  ആശംസകള്‍...*
  :)

  ReplyDelete
 6. ആകാശവാണി ഒരു സംഭവം തന്നെ...:)

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!