15.6.09

13. വിദ്യാര്‍ത്ഥിനിയുടെ കല്ല്യാണവും അദ്ധ്യാപികയുടെ നിരാഹാരവുംആരോടും പറയാത്ത, പറയാന്‍ കഴിയാത്ത ധാരാളം സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പറയാത്തതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്; ബന്ധുക്കളോട് പറഞ്ഞാല്‍ വഴക്ക് പറയും; സഹൃത്തുക്കളോട് പറഞ്ഞാല്‍ പരിഹസിക്കും. അങ്ങനെ ആരോടും പറയാതെ മനസ്സില്‍ ഒളിപ്പിച്ച എന്റെ മാത്രം സ്വന്തം ‘അമളികള്‍’ എല്ലാവരോടും വിളിച്ചു പറയാന്‍ സമയമായി എന്നു ഞാന്‍ അറിയുന്നു.


കല്ല്യാണപ്രായം …
അത് പെണ്ണിന് പതിനെട്ട്, ആണിന് ഇരുപത്തി ഒന്ന് …
മുപ്പതും മുപ്പത്തിഅഞ്ചും വയസ്സ് കഴിഞ്ഞിട്ടും കല്ല്യാണം കഴിയാത്തവര്‍ നമ്മുടെ നാട്ടില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഈ നിയമം ഇല്ലാത്ത കാലത്ത് മിക്കവാറും പെണ്ണിന്റെ പ്രായം പതിനെട്ടില്‍ താഴെ ആയിരിക്കും. സ്ക്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ വിവാഹം ഒരു സാധാരണ സംഭവമാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അതെ സ്ക്കൂളിലെ അദ്ധ്യാപകന്‍ കല്ല്യാണം കഴിച്ച സംഭവം പോലും ഉണ്ടായിരുന്നു. അങ്ങനെയുള്ള ഞാന്‍ പങ്കെടുക്കാനാഗ്രഹിച്ചെങ്കിലും എനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ഒരു കല്ല്യാണ വിശേഷങ്ങളാണ് ഈ പോസ്റ്റ്.പഠിപ്പിക്കാനുള്ള യോഗ്യത ലഭിച്ചതിനു ശേഷം, പി എസ് സി കനിഞ്ഞ്, സര്‍ക്കാര്‍ ഹൈ സ്ക്കൂളില്‍ സേവിക്കാന്‍ ഭാ‍ഗ്യം ലഭിച്ചു. ജോലി കിട്ടിയത് വീട്ടില്‍ നിന്നും ‘വളരെ അകലെ’ എന്ന് പറയാം. കണ്ണൂര്‍ ജില്ലയില്‍ തന്നെയാ; പയ്യന്നൂരിന് സമീപം. എന്നാല്‍ വീട്ടുകാരും നാട്ടുകാരും ദൂരെയാണെന്ന് പറയുന്നു.. രാവിലെ 9 മണിക്ക് പുറപ്പെട്ടാല്‍ 12 മണിക്ക് സ്ക്കൂളില്‍ എത്തുന്നു. വൈകുന്നേരം 5 മണിക്ക് പുറപ്പെട്ടാല്‍ 7.30 ന് വീട്ടിലെത്തുന്നു. കാര്യം മനസ്സിലായോ?
... 2 ഷിഫ്റ്റ് ആയി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു. 12.30 മുതല്‍ 5pm വരെയാണ് എന്റെ ഷിഫ്റ്റ്. പിന്നെ 12 മണി നട്ടുച്ചയ്ക്ക് സ്ക്കൂളിലെത്തുന്നത്; സ്ക്കൂളിനു സമീപമുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനാണ്. അത് പിന്നെ ‘ബസ് യാത്ര’, ‘ഹോട്ടല്‍ ഭക്ഷണം' എന്നിവ മറ്റുള്ളവര്‍ ഒഴിവാക്കുന്നതാണെങ്കിലും എന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇവ രണ്ടുമാണ്. ഓ.. ഒരു കാര്യം പറയാന്‍ വിട്ടു.. വീടിനും സ്ക്കൂളിനും ഇടയില്‍ ഒരു മണിക്കൂര്‍ കാല്‍നടയാണ്; 9മണിക്ക് പുറപ്പെട്ടാല്‍ ഒരു മണിക്കൂര്‍ നടന്ന് വേണം കണ്ണൂരിലേക്കുള്ള ബസ്സില്‍ കയറാന്‍. അതായത് ‘നിത്യേന രണ്ട് മണിക്കൂര്‍ നടത്തം’. ‘പെട്ടെന്ന് ട്രാന്‍സ്ഫര്‍ കിട്ടും, ഭരിക്കുന്നത് നമ്മുടെ സര്‍ക്കാരാണ്’ എന്നൊക്കെ പറഞ്ഞാണ് ജോലിയില്‍ പ്രവേശിച്ചതെങ്കിലും ഏഴ് വര്‍ഷം കഴിഞ്ഞാണ് അവിടെ നിന്ന് പടി ഇറങ്ങിയത്.‘പുത്തനച്ചി പുരപ്പുറം തൂക്കും‘ എന്ന് പറഞ്ഞത് പോലെ മറ്റുള്ളവരുടെ പിരീഡുകൂടി കടം വാങ്ങി പഠിപ്പിക്കുന്ന കാലം. ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസം കഴിഞ്ഞു. ഓണപ്പരീക്ഷ അടുത്ത സമയം. ഒരു ദിവസം സ്ക്കൂളിന് സമീപമുള്ള ഒരു വീട്ടില്‍ നിന്ന് എല്ലാ അദ്ധ്യാപകരെയും കല്ല്യാണത്തിന് ക്ഷണിക്കാന്‍ രണ്ട് പേര്‍ വന്നു. കല്ല്യാണപ്പെണ്ണ് ഞങ്ങളുടെ സ്ക്കൂളിലെ പത്താം ക്ലാസ്സുകാരിയാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് അത്ഭുതമായി. എന്റെ ക്ലാസ്സില്‍ ഏറ്റവും നന്നായി ബയോളജി പഠിക്കുന്ന പെണ്‍കുട്ടി. ക്ലാസ്സില്‍ ഞാന്‍ ‘പ്രത്യുത്പാദനം പഠിപ്പിക്കുന്നതിനു മുന്‍പ് തന്നെ’ അവള്‍ കല്ല്യാണം കഴിച്ച്, പോവുകയാണ്. എന്നാല്‍ വിവാഹത്തിനു ശേഷവും അവള്‍ സ്ക്കൂളില്‍ വരുമെന്ന് ക്ഷണിക്കാന്‍ വന്ന അവളുടെ അച്ഛനും സഹോദരനും ഉറപ്പ് പറഞ്ഞു. കാരണം പയ്യന്‍ അമ്മാവന്റെ മകനാണ്,(ഓ, മച്ചുനന്റെ അവകാശമാണല്ലൊ, എന്നാലിത് SSLC കഴിഞ്ഞിട്ട് പോരെ എന്നു ചോദിക്കാന്‍ തോന്നി) പിന്നെ ഒരു കാര്യം കൂടി പറയാം, ‘ഈ പത്താം ക്ലാസ്സില്‍ തന്നെ മുന്‍പേ വിവാഹിതകളായ രണ്ട് പെണ്‍കുട്ടികള്‍ കൂടി ഉണ്ട്‘. ഇതെല്ലാം വായിക്കുന്നവര്‍ക്ക് ‘ഒരു വലിയ സംശയം’കാണും. പഠിക്കുന്ന കാലത്ത് ചില മുസ്ലിം പെണ്‍ കുട്ടികള്‍ക്ക് കല്ല്യാണം നടക്കാറുണ്ടെങ്കിലും; ഇവിടെ കഴിഞ്ഞതെല്ലാം പയ്യന്നൂരിലെ അസ്സല്‍ നായര്‍ തറവാട്ടിലെ പെണ്‍കുട്ടികളാണ്.ശിഷ്യയുടെ കല്ല്യാണത്തിനു പോകാന്‍ എനിക്കു തീരെ താല്പര്യം തോന്നിയില്ല. എന്നാല്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ ഞാന്‍ മാത്രം എന്തിന് ഒഴിഞ്ഞു മാറണം; പോരെങ്കില്‍ പരീക്ഷാദിവസമാണ്, രാവിലെ പരീക്ഷ 12 മണിക്ക് അവസാനിക്കുമ്പോള്‍ ഉച്ച്യ്ക്ക് 2 മണിക്കാണ് ആരംഭിക്കുന്നത്. എല്ലാവരും 12 മണിക്ക് സ്ക്കൂളിലെത്തി ഒന്നിച്ച് കല്ല്യാണത്തിന് പോവാന്‍ തീരുമാനിച്ചു. അന്ന് ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കി സദ്യ ഉണ്ണാമല്ലൊ.
.
കല്ല്യാണ ദിവസം പതിവിലും അല്പം നേരത്തെ കൂട്ടത്തില്‍ നല്ല സാരിയും ധരിച്ച് വീട്ടില്‍ നിന്നും പുറപ്പെട്ടു. നാട്ടില്‍ നിന്നും ബസ്സ് കയറി കണ്ണൂരിലെത്തിയിട്ട് വേണം പയ്യന്നൂര്‍ ബസ്സില്‍ കയറാന്‍. ഞാന്‍ കയറിയ ബസ് മേലേചൊവ്വ എത്തി; അപ്പോള്‍ വരുന്നു, ഒരു ചുവപ്പന്‍ ജാഥ…. ഓ.. ഇവിടെ ഒന്നല്ല; രണ്ട് ചൊവ്വ ഉണ്ട്, ഒന്ന്: താഴെ ചൊവ്വ, രണ്ട്: മേലേ ചൊവ്വ.(രണ്ടും ഭൂമിയില്‍ തന്നെയാ) ജാഥ ചുവപ്പു കടലായി; തിരയടങ്ങാനുള്ള ഭാവമില്ല. അങ്ങനെ ഇരുന്നു,,,ഒരു മണിക്കൂര്‍.


എല്ലാ തിരയും അടങ്ങി, ഒടുവില്‍ സ്ക്കൂളിലെത്തിയപ്പോള്‍ സമയം ഒരു മണി. എന്നെ കണ്ട ഉടനെ പ്യൂണ്‍ ചോദിച്ചു, “ടീച്ചര്‍ കല്ല്യാണത്തിന് പോവുന്നില്ലെ?“
“ഇല്ല”
“എല്ലാവരും പന്ത്രണ്ടര വരെ ടീച്ചറെ കാത്തിരുന്നു. എല്ലാ ദിവസവും പന്ത്രണ്ട് മണിക്ക് വരുന്ന ടീച്ചര്‍ കല്ല്യാണത്തിന് പോവാന്‍ താല്പര്യമില്ലാത്തതു കൊണ്ടായിരിക്കാം ലെയിറ്റാവുന്നതെന്ന് മറ്റുള്ളവര്‍ പറഞ്ഞു”.
.
അതിന്‍ ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പതുക്കെ നടന്ന് ഒറ്റയ്ക്ക് സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് വിശപ്പ് തുടങ്ങിയത്. സാധാരണ ഭക്ഷണം കഴിക്കാറുള്ള ഹോട്ടല്‍ കല്ല്യാണവീടിനു സമീപമാണ്. കല്ല്യാണം പ്രമാണിച്ച് മിക്കവാറും അടച്ചിരിക്കാനാണ് സാധ്യത. മുന്‍പരിചയമില്ലാത്ത കല്ല്യാണവീട്ടില്‍ ഭക്ഷണത്തിനു മാത്രം പോവുക; അത് എനിക്ക് ശരിയായി തോന്നിയില്ല. അങ്ങനെ ഭക്ഷണത്തെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് ഭക്ഷണം കഴിക്കാതിരുന്നു.

… അങ്ങനെ രാത്രി ഏഴ് മണി വരെ.

… വീട്ടില്‍ എത്തിയപ്പോള്‍ അമ്മ കല്ല്യാണത്തെപ്പറ്റി ചോദിച്ചു.

ഞാന്‍ പറഞ്ഞു, “ഉഗ്രന്‍ കല്ല്യാണം; സദ്യ കേമം, സാമ്പാറും തൈരും പരിപ്പും നെയ്യും പപ്പടവും എല്ലാം കൂട്ടി തിന്നപ്പോള്‍ വയറ് നിറഞ്ഞു”.
.
അങ്ങനെ ജീവിതത്തില്‍ ഇതുവരെ ഭക്ഷണം ഉപേക്ഷിക്കാത്ത ഞാന്‍ ആദ്യമായി ഉച്ചപ്പട്ടിണിയുടെ രുചി അറിഞ്ഞു.

11 comments:

 1. "ഇതെല്ലാം വായിക്കുന്നവര്‍ക്ക് ‘ഒരു വലിയ സംശയം‘ കാണും. അത് ശരിയല്ല; അതായത് അവര്‍ മുസ്ലീമല്ല, കല്ല്യാണം കഴിഞ്ഞതെല്ലാം പയ്യന്നൂരിലെ അസ്സല്‍ നായര്‍ തറവാട്ടിലെ പെണ്‍കുട്ടികളാണ്."

  ഒരു സംശയം, മുസ്ലീം പെണ്‍കുട്ടികളെല്ലാം 18ന് മുമ്പ് കല്യാണം കഴിച്ചു പോകുന്നവരാണോ ?

  പോസ്റ്റ് ഇഷ്ടപ്പെട്ടു.

  ReplyDelete
 2. ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ മുഴുവന്‍ സംശയങ്ങള്‍ മാത്രം.
  രാവിലെ 9 മണിക്ക് പുറപ്പെട്ടാല്‍ 12 മണിക്ക് സ്ക്കൂളില്‍ എത്തുന്നു. വൈകുന്നേരം 5 മണിക്ക് പുറപ്പെട്ടാല്‍ 7.30 ന് വീട്ടിലെത്തുന്നു".

  "ഒരു കാര്യം പറയാന്‍ വിട്ടു.. വീടിനും സ്ക്കൂളിനും ഇടയില്‍ ഒരു മണിക്കൂര്‍ കാല്‍നടയാണ്."


  അതു കഴിഞ്ഞ് വായിച്ചു വരുമ്പോള്‍ കാണുന്നു
  "നാട്ടില്‍ നിന്നും ബസ്സ് കയറി കണ്ണൂരിലെത്തിയിട്ട് വേണം പയ്യന്നൂര്‍ ബസ്സില്‍ കയറാന്‍"

  ഇതെല്ലാം കൂടി വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായതിങ്ങനെ

  "രാവിലെ 9 മണിക്ക് വീട്ടില്‍ നിന്നിറങ്ങി, ഒരു മണിക്കൂര്‍ നടന്ന് ബസ്‌റ്റോപ്പില്‍ എത്തി ബസില്‍ കയറി കണ്ണൂരെത്തി, അവിടെ നിന്ന് പയ്യന്നൂര്‍ ബസില്‍ കയറി വേണം സ്കൂളിലെത്താന്‍." എന്താ ശരിയല്ലേ?

  ReplyDelete
 3. രാവിലെ 9 മണിക്ക് പുറപ്പെട്ടാല്‍ 12 മണിക്ക് സ്ക്കൂളില്‍ എത്തുന്നു. വൈകുന്നേരം 5 മണിക്ക് പുറപ്പെട്ടാല്‍ 7.30 ന് വീട്ടിലെത്തുന്നു

  തിരിച്ച് വരുമ്പോള്‍ ദൂരം കുറവാണോ?
  :)
  പോസ്റ്റ് ഇഷ്ടായി

  ReplyDelete
 4. ചാത്തനേറ്: ഇമ്മാതിരി പറ്റൊക്കെ എല്ലാര്‍ക്കും പറ്റുന്നതു തന്നെ.

  ReplyDelete
 5. ബ്ലോഗ്..100 ശതമാനം സത്യം ആവണമെന്നില്ല.ആദ്യം പറഞ്ഞത് പോലെ ഇത്തിരി സത്യത്തിന്, ഒത്തിരി മസാല ചേര്‍ത്ത് നിര്‍മ്മിച്ചതാണ്.പിന്നെ ദൂരവും സമയവും അല്പം സത്യം പറഞ്ഞതാണ് പ്രശ്നമായത്. ഇത് 1983 ലെ സംഭവമാണ്. അന്ന് എന്റെ നാട്ടില്‍ ബസ്സ് റൂട്ട് ഉണ്ടായിരുന്നില്ല. രാവിലെ നേരത്തെ പുറപ്പെട്ട് പതുക്കെ പോവും.(കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ എത്തി സീറ്റില്‍ ഇരുന്ന്)തിരിച്ചു വരുമ്പോള്‍ രാത്രിയാവുന്നത് കൊണ്ട് കണ്ണൂരിലെത്തിയാല്‍ പകുതി വഴിക്ക് ഇറങ്ങി ആദ്യം വന്ന നാട്ടിലേക്കുള്ള ബസ്സിന് നിന്ന് യാത്ര ചെയ്യും. പിന്നെ രാത്രി നടക്കുമ്പോള്‍ ഒറ്റക്കല്ല; കൂടെ അച്ഛനോ സഹോദരനോ ഭര്‍ത്താവോ ഉണ്ടാവും, കേട്ടോ. എല്ലാം പരിശോധിച്ച് സംശയങ്ങള്‍ ചോദിച്ചവര്‍ക്കെല്ലാം നന്ദി.

  ReplyDelete
 6. ഞാൻ കോളെജിൽ പഠിക്കുന്ന കാലത്ത് ഒന്നുരണ്ട് തവണ
  ഇങ്ങനെ ഉണ്ടിട്ടുണ്ട്

  ReplyDelete
 7. തലക്കെട്ട് കണ്ടപ്പോള്‍ എന്താ സംഭവം എന്ന് ഒരു തോന്നല്‍സ് എന്തായാലും ഒറ്റയിരുപ്പിനു മുഷിച്ചില്‍ ഇല്ലാതെ വായിക്കാന്‍ പറ്റിയ പോസ്റ്റ് കല്യാണത്തിനു പോകന്‍ നല്ലസാരിയും ചുറ്റി വന്നിട്ട് ശ്ശോ പട്ടിണിക്കിരുന്നല്ലേ? ശരിക്കും പാവം തോന്നുന്നു ..

  ഹും ഒരു കല്യാണ സദ്യ ഉണ്ടകാലം മറന്നു...

  ReplyDelete
 8. ഒരു ദിവസമല്ലേ പട്ടിണി കിടന്നുള്ളൂ, സാരല്യാട്ടോ. രസായിട്ട് വായിച്ചു.

  ReplyDelete
 9. വായിച്ചു കേട്ടോ... :)

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!