21.6.09

14. അയാള്‍ കണക്ക് എഴുതുകയാണ്




നളിനി ഒന്നു ഞെട്ടി. കല്ല്യാണത്തിനു ശേഷം നളിനി ആദ്യമായി ഞെട്ടിയത് ആദ്യരാത്രി തന്നെയാണ്. വര്‍ഷങ്ങള്‍ അനേകം കഴിഞ്ഞിട്ടും ആ ഞെട്ടലിന്റെ ക്ഷീണം ഇപ്പോഴും നളിനിയെ പിന്തുടരുകയാണ്. ആദ്യരാത്രി മണിയറയിലേക്ക് മന്ദം മന്ദം കാലെടുത്തു വെച്ച നളിനി കാണുന്നത്; തന്നെ ശ്രദ്ധിക്കാതെ കണക്ക് എഴുതുന്ന ഭര്‍ത്താവിനെയാണ്.
മുറിയില്‍ കടന്ന് പരുങ്ങി നില്‍ക്കുന്ന അവളോട് കണക്ക് ബുക്കില്‍ നിന്ന് തല ഉയര്‍ത്താതെ അയാള്‍ പറഞ്ഞു,“നീയാ വാതിലടച്ച് ഇവിടെ വന്നിരിക്ക്, ഇന്നത്തെ കണക്കൊന്നെഴുതട്ടെ, അതിനു ശേഷം ഡയറി കൂടി എഴുതിയിട്ട് വേണം ഉറങ്ങാന്‍”.


അല്പ സമയം കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് വാതിലില്‍ മുട്ടി; അമ്മായിഅമ്മ ഒരു ഗ്ലാസ്സ് പാലുമായി നില്‍ക്കുന്നു. ഈ മുറിയിലേക്ക് കടത്തി വിടുമ്പോള്‍ പാലിന്റെ കാര്യം പറയാത്ത അമ്മ ഇപ്പോള്‍ പാല്‍-പുഞ്ചിരിയുമായി മുന്നില്‍ നില്‍ക്കുന്നു.
എഴുന്നേറ്റ് മുന്നില്‍ വന്ന മരുമകളെ കാണാത്ത ഭാവത്തില്‍ മകനു നേരെ ഗ്ലാസ്സ് നീട്ടി അവര്‍ പറഞ്ഞു,“മോനേ നീയെപ്പോഴും പാല് കുടിക്കുന്നതല്ലെ, കുടിച്ചിട്ട് ഗ്ലാസ്സ് താ..”
“ഓ അമ്മ പാലവിടെ വെക്ക്, ഞാനത് പിന്നെ കുടിച്ചോളാം“ മകന്‍ പറഞ്ഞു.
“അത് പറ്റില്ല; പാലിന്റെ ഗ്ലാസ്സ് കഴുകിയിട്ടു വേണം എനിക്ക് ഉറങ്ങാന്‍” അമ്മ വിടുന്ന മട്ടില്ല.
അവരുടെ പത്ത് മക്കളില്‍ മൂത്തവന്റെ -പാല് കുടിച്ച ഗ്ലാസ്സ്- കഴുകാതെ ജീവിതത്തില്‍ ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് മരുമകള്‍ മനസ്സിലാക്കണം. മകനെ പാല് കുടിപ്പിച്ച ശേഷം ഗ്ലാസ്സുമായി അമ്മായിഅമ്മ പുറത്ത് കടക്കുമ്പോള്‍ നളിനി ഒരു ഉഗ്രശപഥം ചെയ്തു,
… ‘തനിക്കു അവകാശമായി കിട്ടേണ്ട പകുതി പാലിനു പകരം അമ്മായിഅമ്മയെ വെള്ളം മാത്രമല്ല, കണ്ണീര്‍ കൂടി കുടിപ്പിക്കും’.


ആ ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനാണ് നളിനിയുടെ ഭര്‍ത്താവ്. പത്തു മക്കളില്‍ മൂത്തവന്‍. ഇപ്പോള്‍ നളിനി ഗ്രാമത്തിലെ ഒരേയൊരു ടീച്ചര്‍. ‘രണ്ടു പേരും ശമ്പളം വാങ്ങിയാല്‍ അത് സൂക്ഷിക്കാന്‍ അവര്‍ക്ക് എത്ര വലിയ പെട്ടി വേണ്ടി വരും’ എന്ന് ചിന്തിച്ച് ഉറങ്ങാതിരുന്ന നാട്ടുകാര്‍ അനവധിയുണ്ട്. ടീ.ടീ.സീ. കഴിഞ്ഞ് ജോലി കിട്ടിയ മുതല്‍ അദ്ദേഹം ഡയറി എഴുത്തും കണക്കെഴുത്തും ആരംഭിച്ചു. ഇക്കാര്യത്തില്‍ ആദര്‍ശപുരുഷന്‍ നമ്മുടെ മഹാത്മാഗാന്ധിയാണ്. ഈ കണക്കെഴുത്ത് ഒരു സ്ഥിരം ശീലമാക്കാന്‍ ഒരു കാരണം കൂടി ഉണ്ട്.

.
- നാട്ടിലുള്ള സ്ക്കൂളില്‍ ജോലി കിട്ടി ശമ്പളം വാങ്ങുന്ന കാലം. ചില ദിവസം വീട്ടില്‍ നിന്ന് പേഴ്സിലെ പണം കുറയുന്നതായി കണ്ടെത്തി. കുറയുന്നതാവട്ടെ ചെറിയ തുക മാത്രം; ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെ ആവാം. അന്ന് അഞ്ഞൂറ് രൂപ ശമ്പളം വാങ്ങുന്ന അദ്ധ്യാപകന് ഒരു രൂപക്ക് വലിയ വിലയാണ്. ഒരു ദിവസം കള്ളനെ കൈയ്യോടെ പിടികൂടി. സ്വന്തം പെങ്ങള്‍ തന്നെ; ഏട്ടന്‍ രാവിലെ കുളിക്കാന്‍ പോകുന്ന തക്കം നോക്കി അനിയത്തി പോക്കറ്റടിക്കുന്നു. അന്നു തൊട്ട് തുടങ്ങിയതാണ് വരവു ചിലവുകള്‍ അടങ്ങിയ ഈ കണക്കെഴുത്ത്.


പിന്നെ ‘ഡയറി’ - പഠിക്കുന്ന കാലത്ത് തന്നെ ഏതോ ഒരു അദ്ധ്യാപകന്‍ പറഞ്ഞത് കൃത്യമായി അനുസരിച്ചതാണ്. ഡയറി കൊണ്ട് ആ നാട്ടുകാര്‍ക്ക് ഒരു പാട് നേട്ടം ഉണ്ടായിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ആ നാട്ടിലുള്ള ജനനം, മരണം, കല്ല്യാണം എന്നിവയുടെ തീയ്യതികള്‍ കൃത്യമായി അറിയാന്‍ അദ്ദേഹത്തിന്റെ ഡയറി സഹായിച്ചിട്ടുണ്ട്.


നളിനി ജനവരി ഒന്നാം തീയ്യതി ഭര്‍ത്താവ് കൊടുത്ത പുതിയ ഡയറിയില്‍ പേരും അഡ്രസ്സും ശമ്പള സ്കെയിലും എഴുതി ചേര്‍ക്കും. പിന്നെ ഡിസമ്പര്‍ മുപ്പത്തി ഒന്ന് വരെ ആ ഡയറി സ്വന്തം ബാഗില്‍ വിശ്രമിക്കും. അതിനിടയില്‍ ചിലപ്പോള്‍ കുട്ടികളുടെ പേരും മാര്‍ക്കും എഴുതി ചേര്‍ക്കും. പണത്തിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലാത്ത നളിനിയുടെ ശമ്പളത്തിന്റെ കണക്ക് കൂടി ഭര്‍ത്താവ് എഴുതും. അതായത് ഒപ്പിട്ടു വാങ്ങിയ പണം നളിനി കൃത്യമായി ഭര്‍ത്താവിനെ ഏല്പിക്കും. അയാള്‍ അത് എണ്ണി നോക്കി കണക്ക് ബുക്കില്‍ ചേര്‍ക്കും. നളിനിക്ക് പണം ആവശ്യമായി വന്നാല്‍ ഭര്‍ത്താവ് കൊടുക്കും. സ്വന്തമായി വീടുവെച്ച് താമസിക്കുകയും മക്കള്‍ വലുതാവുകയും ചെയ്തപ്പോള്‍ ഭര്‍ത്താവിന് ചെറിയ മാറ്റം വന്നു. നളിനിക്ക് ഇഷ്ടം പോലെ പണം പേഴ്സില്‍ നിന്നോ മേശയില്‍ നിന്നോ എടുക്കാം. –‘ATM അക്കൌണ്ട് മോഡല്‍’-എന്നാല്‍ രാത്രി കണക്ക് എഴുതുമ്പോള്‍ ചെലവുകള്‍ കൃത്യമായി പറഞ്ഞ് ബാക്കി പണം തിരിച്ചു കൊടുക്കണം. ഇങ്ങനെ വരവു ചെലവുകള്‍ കൃത്യമായി എഴുതുന്നത് കൊണ്ട് അനേകം നേട്ടങ്ങള്‍ അവര്‍ക്ക് ഉണ്ടായിട്ടുണ്ട്. കണക്കിലൂടെ മുന്നോട്ടു പോകുന്ന മാതൃകാ കുടുംബം.


മാസശമ്പളം അഞ്ഞൂറില്‍ നിന്ന് അനേകം തവണ ഇരട്ടിച്ചു. എന്നിട്ടും മാഷിന്റെ കണക്കെഴുത്തിന് മാറ്റമൊന്നും വന്നില്ല. ആ കണക്കുകളില്‍ ആയിരങ്ങളും ലക്ഷങ്ങളും കടന്നുകൂടി. സിനിമയിലെ ബാലചന്ദ്രമേനോനെ പോലെ ഒരു രൂപയുടെ കണക്ക് കിട്ടാതെ ഉറങ്ങാതിരിക്കുമ്പോള്‍ നളിനി പറയും, ‘അത് ഞാന്‍ എടുത്തതാ, എന്റെ കണക്കില്‍ എഴുതിക്കോ’.


അതെ അയാള്‍ ഇന്നും പതിവു പോലെ കണക്ക് എഴുതാന്‍ തുടങ്ങി, ചെലവുകള്‍ ഓര്‍ക്കുകയാണ്, ‘ഇന്ന് ഒന്നാം തീയ്യതി രാവിലെ വീട്ടില്‍ വന്ന പ്രസീതക്ക് മാസക്കുറിയുടെ നൂറ് രൂപ നല്‍കി. പിന്നെ സ്ക്കൂളില്‍ പോയി വന്നു, ബസ് ചാര്‍ജ്ജ് എട്ട് രൂപ; പിന്നീട് മാര്‍ക്കറ്റില്‍ പോയി സുബൈറിന്റെ പലചരക്ക് കടയില്‍ നിന്ന് പച്ചക്കറി വാങ്ങി, എഴുപത്തിഅഞ്ച് രൂപ; കരീമിന്റെ പഴക്കടയില്‍ നിന്ന് നാരങ്ങയും പൂവന്‍ പഴവും വാങ്ങി, അറുപത്തി മൂന്ന് രൂപ; ഇന്ത്യന്‍ ബേക്കറിയില്‍ നിന്ന് കേയ്ക്ക് വാങ്ങി, നാല്പത്തി രണ്ട് രൂപ; പിന്നെ സഹീറിന്റെ മൊബൈല്‍ ഷോപ്പില്‍ നിന്ന് നളിനിയുടെ മൊബൈല്‍ റിചാര്‍ജ്ജ് ചെയ്തു,മുന്നൂറ്റിമുപ്പത്തിമൂന്ന് രൂപ; തിരിച്ചു വരുമ്പോള്‍ കുട്ടിരാമന്റെ ചായക്കടയില്‍ നിന്ന് ചായയും കടലയും കഴിച്ചത്, പതിനൊന്ന് രൂപ .


അങ്ങനെ എല്ലാം എഴുതി കണക്കു കൂട്ടി വരവില്‍ നിന്ന് ചലവുകള്‍ കുറച്ചപ്പൊള്‍ ബാക്കി പേഴ്സില്‍ മുന്നൂറ്റി എഴുപത്തി ആറ് രൂപ വേണം. പേഴ്സ് തുറന്ന് എണ്ണി നോക്കിയപ്പോള്‍ കൃത്യം ‘മുന്നൂറ്റി എഴുപത്തി ആറ്‘. അപ്പോള്‍ കണക്കുകള്‍ ഓക്കെ. ഇനി ഡയറി തുറക്കാം.


അങ്ങനെ അയാള്‍ കണക്ക് എഴുതുന്നതും പിന്നീട് ഡയറി തുറക്കുന്നതും നോക്കി നളിനി ഉറങ്ങാതെ കിടക്കുകയാണ്.

8 comments:

  1. കഥ(ജീവിതം)) നന്നായിരുന്നു.ഇനിയും ബാക്കിയുണ്ടെന്നു കരുതുന്നു.

    ReplyDelete
  2. എഴുതിയ കണക്ക് കറക്ടാണല്ലോ അല്ലേ.........:)

    ReplyDelete
  3. ..നളിനി ഒരു ഉഗ്രശപഥം ചെയ്തു,
    … ‘തനിക്കു അവകാശമായി കിട്ടേണ്ട പകുതി പാലിനു പകരം അമ്മായിഅമ്മയെ വെള്ളം മാത്രമല്ല, കണ്ണീര്‍ കൂടി കുടിപ്പിക്കും’...

    നളിനിക്ക് പോയി കിടന്നുറങ്ങിക്കൂടെ?
    അല്ലേൽ മെഗാ സീരിയൽ കാ‍ണാലോ..

    ReplyDelete
  4. കണക്കെഴുതുന്നതും ഡയറിയെഴുതുന്നതും കഴിഞ്ഞല്ലേ നളിനിക്കുറങ്ങാന്‍ പറ്റൂ, ശീലമായിപ്പോയില്ലേ?

    ReplyDelete
  5. "ഈ ഡയറി എഴുത്തെങ്കിലും സ്കൂളിലിരുന്ന് ചെയ്‌ത്‌ കൂടെ? ഞാനും ഒരു ടീച്ചർ തന്നെയാ..... വന്ന് കിടന്നുറങ്ങ്‌ മനുഷ്യാ, "

    എന്ന് നളിനി രണ്ട്‌ ദിവസം പറയേണ്ടത്‌ പോലെ പറഞ്ഞാൽ കുറെക്കൂടി നേരത്തെ ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നു.

    :)

    ആശംസകൾ

    ReplyDelete
  6. അര ഗ്ലാസ്സ് പാലിനു വേണ്ടി ഇത്രയും ഉഗ്ര ശപഥമോ..!
    ഹമ്മമ്മോ...ഈ കനക്കെഴുത്ത് അത്ര നല്ലതല്ലെന്നാണോ പറയുന്നേ ടീച്ചറേ,....ഹ ഹ
    എന്തായാലും കൊള്ളാം ട്ടോ..!
    ഭാവുകങ്ങള്‍.

    ReplyDelete
  7. കണക്കെഴുത്ത് നല്ലതോ ചീത്തയോ....എനിക്കിപ്പോഴും മനസ്സിലായിട്ടില്ലാ..

    ReplyDelete
  8. മുസാഫിര്‍:-
    ഈ പോസ്റ്റിന് ആദ്യമായി കമന്റ് എഴുതിയതിനു നന്ദി.

    മാറുന്ന മലയാളി:-
    വളരെ നന്ദി.

    കുമാരന്‍:-
    എനിക്കു തോന്നുന്നു അക്കാലത്ത് മെഗാസീരിയല്‍ ആരം‌ഭിച്ചിട്ടില്ല എന്ന്. നന്ദി.

    Typist! എഴുത്തുകാരി:-
    അഭിപ്രായം എഴുതിയതിനു നന്ദി.

    വശംവദന്‍:-
    വളരെ നല്ല അഭിപ്രായം.

    വിബി:-
    അഭിപ്രായത്തിനു വളരെ നന്ദി.

    കണ്ണനുണ്ണി:-
    കണക്കെഴുത്ത് വളരെ നല്ല കാര്യമായിട്ടാണ് എനിക്കും തോന്നിയത്.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!