9.6.09

12. ഒരു ഫോണ്‍ ഇന്‍ ദുരന്തം



നമ്മുടെ നാട്ടിലെ പ്രധാന വനിതാരത്നങ്ങളായ ‘നളിനിയും ലീലയും’ ബന്ധുക്കള്‍ മാത്രമല്ല, മിത്രങ്ങളും കൂടിയാണ്. പൊതുവെ ബന്ധുക്കള്‍ ശത്രുക്കളാവുന്ന കാലത്ത്, ഗ്രാമത്തിലെ എല്ലാ സ്ത്രീ-പുരുഷന്മാര്‍ക്കും അസൂയ വളര്‍ത്തുന്ന തരം സ്നേഹമായിരുന്നു, ഈ ബന്ധുക്കള്‍ തമ്മില്‍. ഇനി ബന്ധം പറയാം.
നളിനിയുടെ ഇളയ സഹോദരന്റെ ഭാര്യയാണ് ലീല. രണ്ട് പേരും സ്വന്തമായി വീട് വെച്ച് കുടുംബസമേതം താമസിക്കുന്നു. നളിനിയും ഭര്‍ത്താവും അദ്ധ്യാപകരാണ്, അവര്‍ക്ക് രണ്ട് ആണ്‍മക്കള്‍. ലീലയും ഭര്‍ത്താവും സര്‍ക്കാര്‍ സര്‍വീസിലെ ക്ലാര്‍ക്കുമാരാണ്, അവര്‍ക്ക് രണ്ട് പെണ്‍മക്കള്‍. നളിനിക്ക് മറ്റ് സഹോദരങ്ങള്‍ ഉണ്ടെങ്കിലും ലീല മാത്രമാണ് എല്ലാ ബന്ധുക്കളുമായി ബന്ധം നിലനിര്‍ത്തിയത്. നളിനിയുടെ അമ്മ ലീലയോട് അമ്മായിഅമ്മപ്പോര് കാണിക്കുന്നതില്‍ മിടുക്കിയാണ്. എന്നാല്‍ അത് ചോദ്യം ചെയ്യുന്നത് അവരുടെ മകള്‍ നളിനി തന്നെ ആയിരിക്കും. ബന്ധുക്കളുടെ എല്ലാ പൊതു ആഘോഷങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന നളിനി-ലീലമാര്‍ അത് ഒരു കുടുംബസംഗമം ആക്കി മാറ്റാറുണ്ട്. മറ്റു ബന്ധുക്കളോട് തമാശ പറയാനും സ്വതന്ത്രമായി സംസാരിക്കാനും ലീലയുടെ കഴിവ് അപാരമാണ്. അങ്ങനെ അളിയന്മാരും പെങ്ങന്മാരും ചേര്‍ന്ന അടിപൊളി ലോകം.
അങ്ങനെയിരിക്കെ ഒരു മഹാസംഭവം നടന്നു.നളിനിയുടെ ഭര്‍ത്താവ് മുപ്പത്തിമൂന്ന് കൊല്ലത്തെ മഹത്തായ അദ്ധ്യാപന ജീവിതത്തിന് ശേഷം പെന്‍ഷന്‍ പറ്റി. പെന്‍ഷനായാല്‍ പുരുഷന്മാര്‍ നാട്ടിലും സ്ത്രീകള്‍ വീട്ടിനുള്ളിലും നിറഞ്ഞു കവിഞ്ഞു നില്‍ക്കണമെന്നാണ് അലിഖിത നിയമം. ഇവിടെയും നിയമം അതേപടി പാലിക്കപ്പെട്ടു. ഏപ്രില്‍ ഫൂള്‍ ദിവസം മുതല്‍ നളിനിയുടെ ഭര്‍ത്താവ് ഇതുവരെ കടന്നു ചെല്ലാത്ത പാര്‍ട്ടിയാപ്പിസിലും പൊതുസ്ഥലത്തും പഞ്ചായത്ത് യോഗ സ്ഥലത്തും കലാ സാംസ്ക്കാരിക ക്ലബ്ബുകളിലും വയോജന കേന്ദ്രങ്ങളിലും നിത്യ സന്ദര്‍ശ്ശകനായി മാറി. ഒടുവില്‍ തനിക്ക് പറ്റിയത് കലാ സാംസ്ക്കാരികമാണെന്ന് തിരിച്ചറിഞ്ഞ് അവിടെ സ്ഥിരവാസിയായി മാറി.
പെന്‍ഷനായി മറ്റുജോലിയൊന്നും ചെയ്യാനില്ലാത്ത ആള്‍ പ്രവര്‍ത്തനം ഏറ്റെടുത്തതോടെ അത് വരെ ഉറങ്ങിക്കിടന്ന ഗ്രാമത്തിലെ കലാസാംസ്ക്കാരിക ക്ലബ്ബ് വികസിക്കാന്‍ തുടങ്ങി. നാട്ടിലുള്ള സീനിയര്‍ സിറ്റിസണ്‍സ് മുതല്‍ കുട്ടികള്‍ വരെ ക്ലബ്ബില്‍ ചേര്‍ന്ന് വാര്‍ഷികവും പഠനക്കളരിയും വാരാന്ത്യ യോഗങ്ങളും കലാമേളകളും കായികമേളകളും തുടങ്ങി. ചില പ്രാദേശിക ചാനലുകാരെ സോപ്പിട്ടപ്പോള്‍ ക്ലബ്ബിന്റെ പരിപാടികള്‍ ചാനലില്‍ വരാന്‍ തുടങ്ങി. നളിനിയുടെ ഭര്‍ത്താവാണെങ്കില്‍ ‘ഫ്ലാഷ് കണ്ടാല്‍ ഓടി വന്ന് മുഖം കാണിക്കുന്ന’ സ്വഭാവമാണ്. വല്ലപ്പോഴും പത്രത്തില്‍ ഫോട്ടൊ വന്നാല്‍ അത് നാലാളെ കാണിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്യുന്ന കക്ഷിയാണ്. ക്ലബ്ബ് പരിപാടികള്‍ കൂടുതല്‍ ചാനലുകളില്‍ വരാനും അതോടൊപ്പം സ്വയം പ്രത്യക്ഷപ്പെടാനും അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കവേയാണ് സംഭവം നടന്നത്.
ക്ലബ്ബിന്റെ വാര്‍ഷികം നടന്ന ദിവസം മുതല്‍ നളിനിയുടെ ഭര്‍ത്താവ് വളരെ സന്തോഷത്തിലാണ്. കാരണം പത്രങ്ങളില്‍ വാര്‍ത്തയും ഫോട്ടോയും വന്നിട്ടുണ്ട്. ഫോട്ടോയുടെ മൂലയില്‍ അദ്ദേഹത്തിന്റെ മുഖവും പതിഞ്ഞിട്ടുണ്ട്. പ്രാദേശിക ചാനലില്‍ വാര്‍ത്തയും ലൈവ് ആയി സ്റ്റേജ് പരിപാടിയും കാണിക്കുന്നുണ്ട്. പത്രവാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കെ ഒരു ദിവസം വൈകുന്നേരം അഞ്ച് മണി ആയപ്പോള്‍ നളിനിയുടെ വീട്ടിലെ ലാന്റ്ഫോണ്‍ മണിയടിച്ചു. ഫോണ്‍ എടുത്തത് ഭര്‍ത്താവ് തന്നെ. അപ്പോള്‍ ഒരു കിളിനാദം;
“ഹലോ നിങ്ങള്‍ ക്ലബ്ബിന്റെ സെക്രട്ടറി റിട്ടയേര്‍ഡ് അദ്ധ്യാപകനല്ലേ?” തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരും ക്ലബ്ബിന്റെ പേരും കിളി പറഞ്ഞു.
“നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ ഞാന്‍ തന്നെയാണ്. എന്താണ് വിളിച്ചത്?”
“ഞങ്ങള്‍ വിളിക്കുന്നത് ഏഷ്യാനറ്റ് ടീവിയുടെ ഫോണ്‍ ഇന്‍ പ്രോഗ്രാമിലേക്കാണ്. നിങ്ങളുടെ ക്ലബ്ബ് പരിപാടികള്‍ അടിപൊളിയാണെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നെ വീട്ടിലാരൊക്കെയുണ്ട്?”. കിളിനാദം ചെവിയില്‍ ചോദ്യം തൊടുത്തു.
“അത് പിന്നെ നമ്മുടെ നാട്ടില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കലാ സാംസ്ക്കാരിക പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കെടുക്കുന്നത്…”. അദ്ദേഹം സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടി.
“ശരി, ഏതു പാട്ടണ് വേണ്ടത്?” കിളിയുടെ ചോദ്യം.
“എനിക്കിഷ്ടം കായലരികത്ത് വലയെറിഞ്ഞപ്പോള്‍” ഇഷ്ടപ്പെട്ട പാട്ട് ഉടനെ മാസ്റ്റര്‍ പറഞ്ഞു.
“എന്താ ആരെയെങ്കിലും വലയെറിയാന്‍ തോന്നുന്നുണ്ടോ? ശരി പാട്ടു വെക്കാം. നാളെ ഇത് ടീവിയില്‍ കാണാം” ഇതും പറഞ്ഞു കിളിനാദം ഒരു പൊട്ടിച്ചിരിയോടെ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
ആ പൊട്ടിച്ചിരിയില്‍ എന്തോ പന്തികേട് തോന്നിയെങ്കിലും ഫോണ്‍ ഇന്‍ പരിപാടിയെപറ്റി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞു.
പിറ്റേദിവസം ഒരു ഞായറാഴ്ചയാണ്. അന്ന് വൈകുന്നേരം സഹോദരനും (ലീലയുടെ ഭര്‍ത്താവ്) ഇളയ മകളും നളിനിയുടെ വീട്ടില്‍ വന്നു. ചായ കുടിക്കുന്നതിനിടയില്‍ അളിയന്‍ പറഞ്ഞു
“ ഇപ്പോഴും ഈ ഏട്ടന് ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതാണെന്നറിയുമോ?”
“അത് കായലരികത്ത് തന്നെ” ഉടനെ മകള്‍ ഉത്തരം നല്‍കി.
“ഇന്നലെ ഏഷ്യാനറ്റ് ടീവി ഫോണ്‍ ഇന്‍ പ്രോഗ്രാം നടത്തിയത് ഇവളുടെ അമ്മ ലീലയാണ്, എന്നാലും ശബ്ദം കേട്ട് അളിയന്‍ തിരിച്ചറിഞ്ഞില്ലല്ലൊ, ഞങ്ങള്‍ ഇന്നലെ മുഴുവന്‍ ചിരിയായിരുന്നു”.
...
അപ്പോള്‍ അതാണ് കാര്യം. സ്വന്തം ഭര്‍ത്താവിനു പറ്റിയ അമളി കേട്ട് നളിനി പൊട്ടിച്ചിരിച്ചു. എന്നാല്‍ നളിനിയുടെ ഭര്‍ത്താവിന് പെട്ടെന്ന് ദേഷ്യമാണ് വന്നത്. ‘തന്നെക്കാള്‍ പ്രായം കുറഞ്ഞ അളിയന്റെ ഭാര്യ തന്നെ പറ്റിക്കുക, അതും അനേകം കുട്ടികളെ പഠിപ്പിച്ച ഒരു റിട്ടയേര്‍ഡ് അദ്ധ്യാപകനെ കളിപ്പിക്കുക’ അദ്ദേഹത്തിന് സഹിക്കാനായില്ല.
“നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ പറ്റിക്കുകയാണ്; അതും ഇത്രയും പ്രായമുള്ള എന്നെ” പെട്ടന്നുള്ള ഭാവമാറ്റം കണ്ട് എല്ലാവരും ഞെട്ടി.
“അത് പിന്നെ ഏട്ടാ അവള്‍ ഒരു തമാശക്ക്; സാധാരണ നിങ്ങളും ലീലയും ധാരാളം തമാശ പറയാറില്ലെ” അളിയന്‍ രംഗം ശാന്തമാക്കാന്‍ പറഞ്ഞു.
“തമാശ പറഞ്ഞു ചിരിക്കാന്‍ ഞാനെന്താ കൊച്ചു കുട്ടിയാണോ? പിന്നിട് അത് പറഞ്ഞ് എന്നെ പരിഹസിച്ച് ചിരിക്കുക. ഇനി മുതല്‍ നീയുമായി ഒരു ബന്ധവും വേണ്ട; ഇവിടെ നിന്ന് ഇനി ആരും നിന്റെ വീട്ടില്‍ വരില്ല”.
അങ്ങനെ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കോമഡി, നിരോധനാജ്ഞ എന്ന ട്രാജഡിയില്‍ അവസാനിച്ചു.
ദിവസങ്ങള്‍ കൊഴിഞ്ഞു വീണു. ആ നിരോധനാജ്ഞ പിന്‍വലിക്കാനായി നളിനി ഭര്‍ത്താവിനെ സോപ്പിട്ടു; രക്ഷയില്ല. പിന്നെ വാഷിങ്ങ് പൌഡറിട്ടു; രക്ഷയില്ല. കടയില്‍ കിട്ടാവുന്ന വില കൂടിയ ക്രീമുകളും പലതരം എണ്ണകളും ഉപയോഗിച്ചു; എല്ലാം കഷണ്ടിത്തലയില്‍ മരുന്ന് തേച്ചതു പോലെ ഫലമില്ലാ‍തായി. ആ ഫോണ്‍ ഇന്‍ ദുരന്തം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം sms,e-mail,chatting ആദിയായവ ഇന്നും പച്ചപിടിച്ചുകൊണ്ടേയിരിക്കുന്നു..

..
പിന്‍ കുറിപ്പ്:

  1. അദ്ധ്യാപകരോട് ‘പ്രത്യേകിച്ച് റിട്ടയര്‍ ചെയ്തവരോട്’ കോമഡി പറയാന്‍ പാടില്ല.
  2. കോമഡി കാരണം ഒരു വ്യക്തിക്ക് അമളി പറ്റിയാല്‍ ആ വ്യക്തിയോട് മാത്രം അക്കാര്യം മിണ്ടാന്‍ പാടില്ല.(ആ വ്യക്തി ഒഴികെ മറ്റ് എല്ലാവരോടും പറഞ്ഞ് ചിരിക്കാം).
  3. കോമടി പറയുന്നവര്‍ ശ്രദ്ധിക്കുക; അത് ട്രാജടിയാവാതെ നോക്കണം.

10 comments:

  1. ..എന്നാലും അയാള്‍ അത്രേം കടും പിടുത്തം വേണായിരുന്നോ..? :)

    ReplyDelete
  2. എന്തായാലും ഈ സംഭവം നാട്ടുകാര്‍ക്കൊക്കെ പറഞ്ഞ് ചിരിക്കാന്‍ ഒരു കോമഡിയായല്ലോ
    :)

    ReplyDelete
  3. തമാശ കഴിവതും തനിക്കു താന്‍ പോരുന്നവരോടാണു നല്ലത്; അല്ലെങ്കില്‍ അത്ര അടുപ്പം വേണം

    ReplyDelete
  4. ho bharya thanne ee phone in program nadathanjatuh bhagyam.. allenkil eppo divorce aayene..

    ReplyDelete
  5. അദ്ധ്യാപകരോട് ‘പ്രത്യേകിച്ച് റിട്ടയര്‍ ചെയ്തവരോട്’ കോമഡി പറയാന്‍ പാടില്ല.
    കോമഡി കാരണം ഒരു വ്യക്തിക്ക് അമളി പറ്റിയാല്‍ ആ വ്യക്തിയോട് മാത്രം അക്കാര്യം മിണ്ടാന്‍ പാടില്ല.(ആ വ്യക്തി ഒഴികെ മറ്റ് എല്ലാവരോടും പറഞ്ഞ് ചിരിക്കാം).
    കോമടി പറയുന്നവര്‍ ശ്രദ്ധിക്കുക; അത് ട്രാജടിയാവാതെ നോക്കണം
    കൊള്ളാം ഏറെ ഇഷ്ടപെട്ടത് അവസാനത്തെ ഉപദേശം തന്നെ

    ReplyDelete
  6. ഗുണപാഠമാണതിന്റെ മികച്ച ഭാഗം. പിന്‍കുറിപ്പുകള്‍ മുഖവിലയ്ക്ക് വാങ്ങിയിരിക്കുന്നു.

    :)

    ReplyDelete
  7. ഉപദേശം നന്ന്...

    ReplyDelete
  8. അചാര്യൻ പറഞ്ഞതാ ശരി.
    ചിലറ് മറ്റുള്ളവരെ കളിയാക്കും. തിരിച്ചങ്ങോട്ട് ചെയ്താൽ അത് ട്രാജടിയിൽ അവസാനിക്കും..

    ReplyDelete
  9. ലെളിതം സുന്ദരം ..
    നല്ലൊരു പാഠം വീണ്ടും സ്കൂളില്‍ പോയ്‌ പടിച്ചതുപോലെ തോന്നി ...
    ടീചെര്‍ക്ക് അഭിനന്ദനങ്ങള്‍ ...

    ReplyDelete
  10. മിനിയുടെ അനുഭവം പേരുമാറ്റി എഴുതിയതല്ലന്നു കരുതുന്നു ...
    ഏതായാലും പോസ്റ്റ്‌ കലക്കി ട്ടോ .....

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!